Translate

Sunday, June 24, 2018

കാലത്തിന്റെ ചുവരെഴുത്തുകള്‍


സി.ടി. ജോര്‍ജ് ചിറയത്ത്

ആദരാഞ്ജലികളോടെ

ഏതാനും മാസംമുമ്പുമാത്രം സത്യജ്വാല വരിക്കാരനായിത്തീര്‍ന്ന ശ്രീ. സി.റ്റി.ജോര്‍ജുമായി വളരെപ്പെട്ടെന്നാണ് വലിയൊരു സൗഹൃദം ഉണ്ടായി വന്നത്. സത്യജ്വാല സമയത്തു കിട്ടാത്തത്തിലുള്ള രോഷപ്രകടനത്തില്‍ തുടങ്ങിയ ബന്ധം ഉഷ്മളമായി വളരുകയായിരുന്നു. തുടര്‍ന്ന് ഒരു ലേഖനം അദ്ദേഹം അയച്ചുതന്നു. ഇനിയും ധാരാളം എഴുതാനുണ്ട്, അയച്ചുതരാം എന്നു പറയുകയും ചെയ്തു. പക്ഷേ, അതുണ്ടായില്ല. 
ലേഖനത്തോടൊപ്പം ചേര്‍ക്കാന്‍ ഒരു ഫോട്ടോ ആവശ്യപ്പെടാനാണ് ഇതെഴുതുന്ന ജൂണ്‍ 12-ന്  ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. ഫോണ്‍ എടുത്തത് അദ്ദേഹത്തിന്റെ മകള്‍ ലിന്‍ഡാ ആയിരുന്നു. ഫോണ്‍ ജോര്‍ജ്ജ്‌സാറിനു കൊടുക്കാമോ എന്നു ചോദിച്ചപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായ ആ വാര്‍ത്ത അവര്‍ പറഞ്ഞത്: 'മെയ് 29-ന് അപ്പച്ചന്‍ മരിച്ചു; കാര്‍ഡിയാക് അറസ്റ്റായിരുന്നു'. മര്‍ച്ചന്റ് നേവിയില്‍  ഓഫീസറായി സേവനം അനുഷ്ഠിച്ച, പെരുമ്പാവൂര്‍കാരനായ അദ്ദേഹത്തിന് 76 വയസ്സേ ഉണ്ടായിരുന്നുള്ളു.
കിട്ടേണ്ട സമയമായിട്ടും മെയ് ലക്കം കിട്ടാത്തതിനാല്‍ മെയ് 20-ന് അദ്ദേഹം എന്നെ വിളിച്ചു. പിറ്റേന്നുതന്നെ മാസിക അയയ്ക്കാന്‍ ഞാന്‍ തയ്യാറാക്കിവച്ചു. പോസ്റ്റോഫീസില്‍ ചെന്നപ്പോള്‍ പോസ്റ്റല്‍ സമരം. സമരകാര്യം അറിയാതിരുന്ന അദ്ദേഹം 4-5 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ച് മാസിക കിട്ടിയില്ല എന്ന് പരാതിപ്പെട്ടു. പോസ്റ്റല്‍ സമരം തീരുന്ന നിമിഷത്തില്‍ത്തന്നെ അതയച്ചുകൊള്ളാമെന്ന് അറിയിച്ചു.
അതും, അതിനുമുമ്പ് അയച്ചിരുന്ന കോപ്പിയും അദ്ദേഹം നിര്യാതനായതിന് അടുത്തദിവസംതന്നെ എത്തിയെന്ന് മകള്‍ ലിന്‍ഡാ പറഞ്ഞു. ഫോട്ടോ അയച്ചതിന്റെ കൂടെ അവര്‍ ഇങ്ങനെയും എഴുതി:It was his great wish to see his article published...'.
പ്രിയ സര്‍, സത്യജ്വാലയില്‍ പബ്ലിഷ് ചെയ്യാന്‍ അങ്ങയുടെ എത്രയോ പ്രൗഢലേഖനങ്ങള്‍ ഞാനും പ്രതീക്ഷിച്ചിരുന്നു! അതിനുമുമ്പേ, അങ്ങയുടെ സങ്കല്പത്തിലുള്ള ആ അനന്തവിശാലതയിലേക്ക് അങ്ങ് അലിഞ്ഞു ചേര്‍ന്നുവല്ലോ.
വ്യക്തിപരമായും സത്യജ്വാലയുടെപേരിലും അങ്ങേക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
-എഡിറ്റര്‍, സത്യജ്വാല

പൗരോഹിത്യദുഷ്പ്രഭുത്വത്തിനും അന്ധകാരാധിപത്യത്തിനുമെതിരെ നീതിക്കുവേണ്ടിയുള്ള പ്രവാചകശബ്ദങ്ങള്‍ കാഹളനാദമായി ഉയരാന്‍ കാലമായിരിക്കുന്നു. പ്രവാചകര്‍ ശബ്ദമുയര്‍ത്തിയത് എന്നും പൗരോഹിത്യത്തിനെതിരെയായിരുന്നു.
കാലത്തിന്റെ ചുവരെഴുത്തുകള്‍ കണ്ടിട്ടും പൂച്ച കണ്ണടച്ച് പാല്‍ കുടിക്കുന്നതുപോലെ, ഈ പുരോഹിതവര്‍ഗം കാപട്യത്തിന്റെ കസര്‍ത്ത് കാട്ടി, അജ്ഞരും ഭക്തരുമായ പാവം ജനത്തിന്റെ ചുമലില്‍ അന്ധകാരത്തിന്റെ അടിമനുകം വയ്ക്കുന്നു. അനുതപിക്കാന്‍ നിങ്ങള്‍ക്കവസരം കിട്ടാഞ്ഞിട്ടാണോ, സൃഷ്ടിയുടെ മകുടമായ മനുഷ്യരോട് നിങ്ങളീ ക്രൂരതകാട്ടുന്നത്; കര്‍ത്താവിനെ വിറ്റു കാശാക്കുന്നത്?
വിശ്വാസങ്ങളും അനുഭവങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍, മനസ്സിനെ പരിശീലിപ്പിക്കാന്‍ അറിവും ജ്ഞാനവുമുള്ള ഗുരുക്കന്മാര്‍ ഇല്ലാതെപോയതാണ് ഈ പുരോഹിതമതത്തിന്റെ മൂല്യച്യുതിക്കു കാരണം. ആത്മീയതയെന്നത് മനസ്സിന്റെ മനനത്തിലേക്കുള്ള സ്വാതന്ത്ര്യമാണ്. അനന്തവിശാലതയിലേക്കുള്ള മനസ്സിന്റെ അലിഞ്ഞുചേരലാണത്. 'ഞാനും പിതാവും ഒന്നാകുന്നു'(യോഹ. 10:30) എന്ന വലിയ സത്യം ഓരോ മനവും തിരിച്ചറിയണം. ആ അറിവാണ് ആനന്ദം. ആ ആനന്ദമാണ് സ്വര്‍ഗം. ഈ സ്വര്‍ഗീയാനുഭവമോ അതിന്റെ സാധ്യതയെക്കുറിച്ചുള്ള ഭാവനപോലുമോ ഇല്ലാത്ത, ദൈവികജ്ഞാനമില്ലാത്ത, വൈദികവൃത്തി കൈത്തൊഴിലാക്കിയ പുരോഹിതര്‍ അധികാരത്തിലിരിക്കുന്നു എന്നതാണ് കത്തോലിക്കാസഭയുടെ മൂല്യച്യുതിയുടെ മൂലഹേതു.
നൂറ്റാണ്ടുകളായി നമ്മുടെ പൂര്‍വികരെ അടിമകളാക്കി ആത്മീയാന്ധകാരത്തിലേക്കു നയിച്ച ഈ അന്ധരായ വഴികാട്ടികളെ നമ്മള്‍ ഭയക്കണം. ഈ കൂദാശത്തൊഴിലാളികളെ ഭയന്നു നാം വഴിമാറി നടക്കണം. യേശുവിന്റെ ജനനത്തെക്കുറിച്ച് അന്വേഷിക്കുവാനെത്തിയ ജ്ഞാനികള്‍ ഹേറോ
ദേസിന്റെ അടുക്കലേക്കു മടങ്ങിപ്പോകാതെ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു മടങ്ങി(മത്താ. 2: 12)യതുപോലെ, ആത്മീയമേഖലയാകെ കൈയടക്കി വിഷപ്പുക നിറയ്ക്കുന്ന ഈ ദുഷ്ടപൗരോഹിത്യത്തില്‍
നിന്നു നാം വഴിമാറി സഞ്ചരിക്കണം. നമ്മള്‍ അധ്വാനിച്ചു വിയര്‍പ്പൊഴുക്കി നേടിയ ചില്ലിക്കാശുകള്‍ ഈ കപടവേഷധാരികളുടെ കീശയില്‍ ചെല്ലാന്‍ നാം അനുവദിക്കരുത്. തന്റെ സൃഷ്ടികളെ പരിപാലിക്കുന്നവനാണ് ദൈവം; അല്ലാതെ സൃഷ്ടികളുടെ ഔദാര്യംപറ്റി കാലക്ഷേപം കഴിക്കേണ്ട ഗതികേടുള്ളവനല്ല.
കര്‍ത്താവ് ഇപ്പോള്‍ പള്ളിയിലില്ലെന്ന കാര്യം പാവം ജനം അറിയുന്നില്ല. പണ്ടു കര്‍ത്താവ് ഈ പാതിരിമാരെയും പരീശന്മാരെയും കള്ളക്കച്ചവടക്കാരെയും ദേവാലയത്തില്‍നിന്ന് അടിച്ചു പുറത്താക്കി(യോഹ. 2: 11-17). അന്നുതൊട്ടിവര്‍ യേശുവിനെതിരായി ഭരണാധികാരികളോടും രാഷ്ട്രീയപ്രമാണിമാരോടുംചേര്‍ന്ന് ഗൂഢാലോചന നടത്തി അവനില്‍ കുറ്റമാരോപിക്കുകയാണ് (മത്താ. 26: 34): (1) ഇവന്‍ ജനങ്ങളെ വഴിതെറ്റിക്കുന്നു, (2) സീസറിനു നികുതി കൊടുക്കരുതെന്നു ജനത്തെ പഠിപ്പിക്കുന്നു, (3) രാജാവാണെന്ന് അവന്‍ സ്വയം അവകാശപ്പെടുന്നു (ലൂക്കാ 23: 24). ഇതില്‍കൂടുതലെന്തുവേണം, റോമന്‍ ഭരണാധികാരിക്കു യേശുവിനെ വധിക്കുവാന്‍? യേശുവിനെ ക്രൂശിച്ചപ്പോള്‍ സന്തോഷിച്ച പുരോഹിതവര്‍ഗം അവന്‍ ഉയിര്‍ത്തെഴുന്നേറ്റെന്നറിഞ്ഞപ്പോള്‍മുതല്‍ അസ്വസ്ഥരാണ്. അന്നുമുതല്‍ ഇവര്‍ തന്ത്രപൂര്‍വം കുരിശിന്റെ മഹത്വം പറഞ്ഞു നാടുനീളെ കുരിശുകള്‍ നാട്ടി, കുരിശിന്റെ സംരക്ഷകരായി, ജനത്തെ കുരിശു ചുമപ്പിച്ച്, പ്രകടനങ്ങളും പ്രഭാഷങ്ങളും നടത്തി, ഭക്തരെ അപഥസഞ്ചാരത്തിലേക്കു നയിക്കുകയാണ്.
ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിന് വീഴ്ചപറ്റി എന്ന സത്യം മറച്ചുവയ്ക്കാനാവില്ല. എന്നാല്‍ അതിന്റെ മറവില്‍ അധികാരം കൈയടക്കാന്‍ ചരടുവലിക്കുന്നവരെ ന്യായീകരിക്കാനുമാവില്ല. വല്ലം ഫൊറോനായില്‍ ഒന്നും ഒന്നും കൂട്ടിയപ്പോള്‍ ഇമ്മണി വലിയ ഒന്ന്! കണക്കില്ല, രസീതുകുറ്റികളില്ല, ചോദിച്ചാല്‍ മറുപടിയില്ല. കൊരട്ടിമുത്തിയുടെ മാലയും വളയും കാലപ്പഴക്കത്തില്‍ മുക്കുപണ്ടമായി മാറി! ആറരക്കിലോ സ്വര്‍ണം വിറ്റിട്ടു ദശാംശം പള്ളിക്ക്! കൂടുതല്‍ എന്തിനാ മാതാവിന്? വാദം ന്യായമല്ലേ? കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ദൈനംദിനം വരുന്ന ഈവിധത്തിലുള്ള വാര്‍ത്തകള്‍ യഥാര്‍ഥ വിശ്വാസികളെ ലജ്ജിതരാക്കുന്നു.
ലോകം വച്ചുനീട്ടുന്ന ആകര്‍ഷണങ്ങളെല്ലാം വെറുത്തുപേക്ഷിച്ചു കര്‍ത്താവിനുവേണ്ടി മാത്രം വേലചെയ്യാമെന്ന് പ്രതിജ്ഞ എടുത്തവരല്ലേ നിങ്ങള്‍? എന്നിട്ടെന്തേ ലോകത്തിന്റെ പ്രലോഭനങ്ങളില്‍ അനുദിനം നിങ്ങള്‍ വീണുപോകുന്നു? എന്തുകൊണ്ട് വീണിടത്തുതന്നെ കിടന്നുരുളുന്നു? കര്‍ത്താവ് കരം നീട്ടാതിരുന്നിട്ടാണോ? അതോ നിങ്ങള്‍ കര്‍ത്താവിന്റെ കരം ഗ്രഹിക്കാത്തതുകൊണ്ടോ? ഒരുനിമിഷം ചിന്തിക്കൂ. രക്ഷിക്കാന്‍ ആകാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാകാത്തവിധം അവിടത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടുമില്ല. നിങ്ങളുടെ അകൃത്യങ്ങള്‍ നിങ്ങളെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു (ഏശ. 59:12).
ലോകത്തിന്റെ ദൃഷ്ടിയില്‍ നിങ്ങള്‍ മിടുക്കന്മാര്‍; കര്‍ത്താവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് യൂദാസിന്റെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മിടുക്കന്മാര്‍! കര്‍ത്താവു പറയുന്നു: ''എന്റെകൂടെ കൂടണോ - കുരിശെടുത്തോളൂ, സഹിച്ചോളൂ, മരിച്ചോളൂ.'' യൂദാസ് പറയുന്നു: ''എന്റെ കൂട്ടത്തില്‍ കൂടിക്കോ - ഉമ്മവച്ചും വഞ്ചിക്കാം, സുഖിക്കാം, കിട്ടുന്ന കാശ് പോക്കറ്റിലാക്കാം.''
ഏതാനും കൊല്ലംമുമ്പ് ഒരു കത്തനാര്‍ കള്ളുഷാപ്പു വെഞ്ചരിക്കാന്‍ പോയി. ഇതറിഞ്ഞ ഒരു വിശ്വാസി ചോദിച്ചു: ''കള്ളുഷാപ്പും വെഞ്ചരിക്കണോ?'' ''കള്ളുഷാപ്പിലും കര്‍ത്താവിന്റെ രൂപം വച്ചിട്ടുണ്ട്''എന്നു കത്തനാര്‍! നിങ്ങള്‍ സകല പുണ്യാളന്മാരുടെയും പ്രതിമകളും രൂപങ്ങളും കൂട്ടിലാക്കി ഈ പാവം കഴുതകളെക്കൊണ്ട് ചുമപ്പിക്കുന്നു. നാടുനീളെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി പ്രദക്ഷിണങ്ങളും ശക്തിപ്രകടനങ്ങളും നടത്തി ഭൂമിയില്‍ സ്വര്‍ഗരാജ്യം സ്ഥാപിക്കാം എന്നാണോ നിങ്ങള്‍ കരുതുന്നത്? അതോ ഇതാണ് സഭയുടെ വളര്‍ച്ചയെന്നോ?
എന്നാല്‍ പലരും കരുതുന്നതുപോലെ സഭയുടെ ജീവചൈതന്യത്തിനും യഥാര്‍ഥ വളര്‍ച്ചയ്ക്കും നിദാനമായിരിക്കുന്നത് സംഘടിതശക്തിയല്ല. മറിച്ച്, അത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ കാരുണ്യം നിറഞ്ഞ മനസ്സാണ്. ഈ മനസ്സുള്ളവര്‍ യേശു ചരിച്ച പാതയിലൂടെ സഞ്ചരിക്കുന്നു. അങ്ങനെ യേശുവില്‍ ജനിച്ച്, അവനോടൊപ്പം പരസ്യജീവിതം നയിച്ച്, അവിടുന്നുതന്നെയായിരിക്കുന്ന ഓരോ എളിയ മനുഷ്യന്റെയും സുഖദുഃഖങ്ങളില്‍ പങ്കുകൊണ്ട്, നീതിക്കുവേണ്ടി പാടുപീഡകള്‍ സഹിച്ച്, ക്രൂശിക്കപ്പെട്ട് ആത്മാവില്‍ വളരുന്നവരിലൂടെയാണ് തിരുസ്സഭ വളരുന്നത്. ക്രിസ്ത്യാനികള്‍ തീര്‍ച്ചയായും, സ്ഥാപനശക്തിയും സംഘടനാശക്തിയും തെളിയിച്ച് അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ ആസ്വദിക്കാന്‍ വിളിക്കപ്പെട്ടവരല്ല. യേശു നേരിട്ട മരുഭൂമിയിലെ പരീക്ഷണങ്ങള്‍ (മത്താ. 4) അതാണു വിളിച്ചോതുന്നത് : (1) കല്ലുകളെ അപ്പമാക്കി ഭക്ഷിക്കുക - ശരീരത്തിന്റെയും ഭൗതികസുഖങ്ങളുടെയും പിന്നാലെ പോകുവാനുള്ള പ്രലോഭനം. (2) ജെറുശലേം ദേവാലയത്തിന്റെ മുകളില്‍നിന്നു ചാടി തന്റെ മഹത്വവും ശക്തിയും പ്രകടിപ്പിക്കുവാനുള്ള വെല്ലുവിളി- ആഡംബരത്തിന്റെയും പ്രൗഢിയുടെയും മാര്‍ഗം സ്വീകരിച്ചു ജനങ്ങളെ ആകര്‍ഷിക്കുവാനുള്ള പ്രേരണ. (3) ഭൂമിയിലെ സര്‍വ്വസമ്പത്തും കാണിച്ച്, തന്നെ കുമ്പിട്ടാരാധിച്ചാല്‍ അവയെല്ലാം സ്വന്തമായി നല്കാം എന്ന സാത്താന്റെ വാഗ്ദാനം - അഥവാ തിന്മയുടെ ശക്തികള്‍ക്കടിമയായി ലോകസുഖങ്ങള്‍ ആവോളം ആസ്വദിക്കുവാനുള്ള ആഹ്വാനം. ഇതെല്ലാം സാത്താന്റെ പ്രലോഭനങ്ങളാണെന്ന് തിരിച്ചറിഞ്ഞ യേശു ''സാത്താനേ നീ എന്നില്‍നിന്ന് ദൂരെ പോകുക'' (മത്താ 4: 10) എന്നു ശകാരിച്ചു പറഞ്ഞ് ആ ഭൗതികപ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചു. എന്നാല്‍, സാത്താന്‍ ഒത്തിരി ദൂരെ പോയിട്ടുണ്ടാവുകയില്ല എന്നുവേണം കരുതാന്‍. അവന്‍ അടുത്തുള്ള പള്ളിയില്‍ കയറി അവിടുത്തെ കത്തനാരന്മാരോട് ഇതൊക്കെ പറഞ്ഞിട്ടുണ്ടാകാം. അവര്‍ അതെല്ലാം വിശ്വസിച്ച് സാത്താനെ പിന്‍പറ്റി ലോകസുഖങ്ങള്‍ ആസ്വദിക്കുവാന്‍ വെമ്പല്‍കൊണ്ട് ഇറങ്ങിത്തിരിച്ചിരിക്കാം. ഇന്നിന്റെ അനുഭവങ്ങള്‍ നമ്മെ മറ്റെന്താണ് പഠിപ്പിക്കുന്നത്?
പുരോഹിതരുടെ പ്രവൃത്തികള്‍ കണ്ടാല്‍ ഇവര്‍ ജനത്തെ ഭരിക്കാനും പിഴിഞ്ഞു പിരിക്കാനുംവേണ്ടി നിയോഗിക്കപ്പെട്ടവരാണെന്ന് തോന്നിപ്പോകും. എത്ര കൂടുതല്‍ ഭരിക്കുന്നുവോ അവന്‍ അത്രയും കേമന്‍. നമ്മള്‍ പണിയെടുത്തുണ്ടാക്കിയ പണംകൊണ്ട് പരസഹായം ചെയ്യാന്‍ നമുക്കറിയില്ലല്ലോ. അവശരുടെ പേരുപറഞ്ഞു വരുന്നവര്‍ക്കു നല്കുന്നവനാണോ ആ അവശരുടെതന്നെ കൈകളില്‍ എന്തെങ്കിലും വച്ചുകൊടുക്കുന്നവനാണോ ദൈവതിരുമുമ്പില്‍ ആദരണീയന്‍? ചിന്തിക്കൂ ജനമേ! നാട്ടിലെ സാധാരണക്കാരില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും അവശരെ സഹായിക്കുവാന്‍ എന്ന പേരില്‍ സ്വരൂപിക്കുന്ന പണംകൊണ്ട് എസ്റ്റേറ്റുകളും വിദ്യാഭ്യാസ കച്ചവടസ്ഥാപനങ്ങളും മണിമന്ദിരങ്ങളുമൊക്കെ പടുത്തുയര്‍ത്തി അവയുടെ തലപ്പത്ത് ഈ കപടവേഷധാരികള്‍ യഥേഷ്ടം വിഹരിക്കുന്നു. നാട്ടിലെ പുരാതനദേവാലയങ്ങളെല്ലാംതന്നെ ഇവര്‍ ഇടിച്ചുപൊളിച്ച് തല്‍സ്ഥാനത്തു വന്‍കിട വാര്‍ക്കക്കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തി. എന്തിനെന്നോ? പുല്‍ക്കൂട്ടില്‍പ്പിറന്ന്, അന്യന്റെ കല്ലറയില്‍ അടക്കപ്പെട്ട യേശുവിന് ആവാസസ്ഥലമൊരുക്കി അവിടുത്തെ പ്രീതിപ്പെടുത്താന്‍!
പാപസാഹചര്യങ്ങളില്‍ ആയിരിക്കുന്ന മനുഷ്യനെ പാപപ്രവൃത്തികളില്‍നിന്നു പിന്തിരിപ്പിച്ച് സന്മാര്‍ഗത്തിന്റെ പാതയിലൂടെ നയിച്ചു മുക്തിയിലെത്തിക്കുവാന്‍ നിയോഗിക്കപ്പെട്ട പുരോഹിതവര്‍ഗം, ലോകം വച്ചുനീട്ടുന്ന ലൗകികസുഖങ്ങളില്‍ മുഴുകി അന്ധകാരത്തിന്റെ അടിമകളായി ലോകമാസകലം മേവുകയാണ്. മനുഷ്യരെ ഭൗതികാര്‍ത്തികളുടെ അന്ധകാരഗര്‍ത്തങ്ങളിലേക്ക് നയിക്കുകയാണ്. മനുഷ്യന്റെ എല്ലാ തിന്മകള്‍ക്കും അധഃപതനങ്ങള്‍ക്കും കാരണം അവന്റെ ദ്രവ്യാഗ്രഹവും ദുര്‍മോഹങ്ങളുമാണ്. ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണവളര്‍ച്ചയിലെത്തുമ്പോള്‍ ആത്മീയമരണം സംഭവിക്കുന്നു (യാക്കോ 1:15). ലോകമെമ്പാടും ഈ മരണമാണ് മനുഷ്യനില്‍ സംഭവിച്ചിരിക്കുന്നത്. ആധ്യാത്മികതയിലേക്കുള്ള ഒരു മടങ്ങിവരവ്, മാനസാന്തരം, മാത്രമേ ഈ പ്രതിസന്ധിക്കു പരിഹാരമായുള്ളൂ.
എന്നാല്‍ ഇന്ന് മുക്കിനുമുക്കിനു നടമാടുന്ന വചനപ്രഘോഷണം എന്ന കഥാകാലക്ഷേപം അര്‍ഥശൂന്യമായ വെറും വാക്പയറ്റുകളാണ്. അവ മാനസാന്തരമല്ല കൊണ്ടുവരുന്നത്; മറിച്ച,് വ്യാജമായ ഭക്തിലഹരിയാണ്. വെറുതെ അലറി അമര്‍ന്ന് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നു എന്നല്ലാതെ ഈ 'ജിമുക്കുകള്‍' ഒന്നും ഒരു മാനസാന്തരവും ഉണ്ടാക്കുന്നില്ല. അതിലേറെ, ഇതര മതവിശ്വാസികളില്‍ നമ്മെക്കുറിച്ചു അവമതിയും വിളിച്ചുവരുത്തുന്നു. കാരണം, ദൈവം കോലാഹലങ്ങളുടെ ദൈവമല്ല. വചനം പറയുന്നതിനുള്ള മാനദണ്ഡം ളോഹയുമല്ല. അതിനുള്ള മാനദണ്ഡം ദൈവികജ്ഞാനമാണ്. 'ഞാന്‍ കണ്ട അമേരിക്ക' എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിക്കുവാന്‍ അവസരം ലഭിച്ച മഹാന്‍ പ്രസംഗിച്ചുവന്നപ്പോള്‍ 'അമേരിക്ക കണ്ട ഞാന്‍' എന്നായിത്തീര്‍ന്നതുപോലെ, 'ഞാന്‍' എന്ന ഭാവമാണ് പലപ്പോഴും പ്രസംഗവേദികളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഈവിധ ജ്വല്പനങ്ങള്‍ മനുഷ്യരില്‍ ഒരു മാനസാന്തരവും വരുത്തുന്നുമില്ല.
ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവനല്ല വിശ്വാസി. പിശാചും അങ്ങനെ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ദൈവം ഉണ്ടെന്ന് അനുഭവിച്ചറിഞ്ഞവനും ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുന്നവനുമാണ് വിശ്വാസി. ആ വിശ്വാസത്തിന്റെ ഫലങ്ങള്‍ അവനില്‍ പ്രകടമാകുകയും (2 പത്രോ 1:5-10) അതുവഴി അവന്‍ ജ്ഞാനത്തിലേക്കു കടക്കുകയും ചെയ്യുന്നു. ജ്ഞാനമാകട്ടെ, മനുഷ്യനെ ആത്മീയതയിലേക്കും വിശ്വമാനവികതയിലേക്കും ഉയര്‍ത്തുന്നു. മനുഷ്യഹൃദയങ്ങളില്‍ മാനുഷികമൂല്യങ്ങള്‍ കത്തിജ്വലിക്കുന്നു. ഈ ആത്മീയാടിത്തറ മനുഷ്യന്റെ സാംസ്‌കാരിക നവോത്ഥാനത്തിനു നിദാനമായിത്തീരുകയും ജീവിതത്തിന്റെ സമസ്തമേഖലകളും ആ നവോത്ഥാനധാരയില്‍ കുളിച്ചു ശുദ്ധമാകുകയും ഈ ഭൂമിയില്‍ ദൈവരാജ്യത്തിനു വഴിതെളിയുകയും ചെയ്യും.
സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമേ!
ഫോണ്‍:  85474 49083

No comments:

Post a Comment