Translate

Tuesday, June 26, 2018

ശ്രീ. സാമുവൽ കൂടലിൻറെ വേവലാതികൾ



ചാക്കോ കളരിക്കൽ

പുരോഹിതവർഗത്തോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ച് അവരുടെ ദുഷ്‌ചെയ്തികളെ ദാക്ഷിണ്ണ്യമില്ലാതെ വിമർശിച്ച് ശിഷ്‌ടകാലം കഴിച്ചുകൂട്ടാൻ പ്രതിജ്ഞയെടുത്ത ഒരാളാണ് ശ്രീ. സാമുവൽ കൂടൽ എന്നാണ് എനിയ്ക്ക് നനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. എൻറെ ഈ നിഗമനത്തിനാധാരം അദ്ദേഹത്തിൻറെ രചനകളും പ്രസംഗങ്ങളുമാണ്. മതങ്ങളുടെ പൊള്ളത്തരങ്ങളും മണ്ടത്തരങ്ങളും കള്ളത്തരങ്ങളും കൊള്ളത്തരങ്ങളുമെല്ലാം തിരിച്ചറിഞ്ഞ്, സാധാരണക്കാരുപോലും ആത്മജ്ഞാനമാണ് യഥാർത്ഥ ജ്ഞാനമെന്ന് മനസ്സിലാക്കണമെന്ന് തീവ്രമായി അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ വേദഗ്രന്ഥം ഭഗവദ് ഗീതയാണെന്നു തോന്നുന്നു.

യേശുദർശനത്തെ ക്രൈസ്തവമതം നിയമങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും അധികാരങ്ങളുമായി പണ്ടേ മാറ്റിക്കളഞ്ഞു. കൂടാതെ, സത്യദർശനത്തെ ജനമദ്ധ്യത്തിൽ വിളമ്പിയ ഗുരുവിനെ മതം എന്നും കമ്പോളവോത്കണോപാധിയായി മാത്രം ഉപയോഗിക്കുന്നു. യേശു വെറും ഒരു പരസ്യചിഹ്നം! ഈശ്വരദർശനത്തിൽ മാത്രം ഉന്നംവെക്കേണ്ട വിശ്വാസികൾ എന്ന് വിളിക്കപ്പെടുന്ന ആട്ടിൻപറ്റം മതത്തിന് അടിമകളുമായി!! കൂദാശാജീവിതമാണ് മതജീവിതമെന്ന് ധരിച്ചാൽ അടിസ്ഥാനപരമായ ആത്മീയത ഇല്ലാതാകുന്നു. പൗരോഹിത്യമാണ് സാധാരണ മനുഷ്യന് ആ മരുന്നുകൊടുത്ത് മയക്കിക്കിടത്തുന്നത്.

കേരളത്തിലെ ക്രൈസ്തവസഭകളുടെ നാരായവേരിന് അർബുദരോഗം പിടിപെട്ടിട്ടുണ്ടന്നും ആ സഭകൾ അതിവേഗം നശിക്കുമെന്നും ശ്രീ കൂടൽ അനുമാനിക്കുന്നു. ആ അനുമാനത്തിന് തക്കതായ കാരണങ്ങളുമുണ്ട്. സഭകളിൽ സമ്പത്ത് കരകവിഞ്ഞ് ഒഴുകുന്നു. ആ സ്വത്തെല്ലാം സഭയിലെ അധികാരവർഗത്തിൻറെ മുഷ്ടിയിലൊതുക്കി. സേവനം എന്ന ലക്ഷ്യത്തെ വഴിമാറ്റിവെട്ടി അടിച്ചമർത്തലിൻറെ വേഷത്തിൽ പുതിയവഴി പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. അതോടെ സഭകളിൽ സമാധാനം നഷ്ടപ്പെടാൻ തുടങ്ങി. ഇന്നത് സഭകൾ തമ്മിലും സഭയ്ക്കുള്ളിലുമുള്ള പോരാട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

സഭയിൽ ഇന്ന് ഗുണ്ഠാ അച്ചന്മാരുടെ അതിപ്രസരമാണെന്നും വൻ തട്ടിപ്പുകളും വെട്ടിപ്പുകളും നടത്തിയിട്ടുള്ള കുറ്റവാളികൾ വിശേഷദിവസങ്ങളിൽ രാജകീയ വേഷം ധരിച്ച് പുണ്യപ്രസംഗങ്ങൾ നടത്തി സ്വയം വെള്ളപൂശുന്നെന്നും തുറന്നുപറയാൻ ശ്രീ. കൂടൽ മടിക്കുന്നില്ല. മയപ്പെട്ട ഭാഷയിൽ കാര്യം പറഞ്ഞിരുന്നെങ്കിൽ എന്നെനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ ഗണ്യമായസ്ഥാനം ക്രൈസ്തവ സഭകൾക്കുണ്ടെങ്കിലും ആ മേഖല വെറുമൊരു കച്ചവടമായി മാറിയപ്പോൾ സഭ മൂല്യബോധം നഷ്ടപ്പെട്ട ഉറയില്ലാത്ത ഉപ്പിൻറെ സ്ഥാനത്തേയ്ക്ക് അധഃപതിച്ചു. പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളും അവർ തമ്മിലുള്ള തൊഴുത്തിൽകുത്തുകളും സമ്പത്തിനായുള്ള അവരുടെ ആർത്തിയും സുഖജീവിതവും അധികാര ദുർവിനയോഗവുമെല്ലാം ഒരു സാദാവിശ്വാസിക്ക് താങ്ങാനാവുന്നതിൽ കൂടിയ ഉതപ്പാണ്‌. 

പുരോഹിതരുടെയും പുരോഹിത ശ്രേഷ്ഠന്മാരുടെയും സ്ഥാനങ്ങൾ സമൂഹത്തിൽ ബഹുമാനപൂർവ്വം നിലനില്കേണ്ടതാണ്. പക്ഷെ, അവർ സ്വയം അപഹാസ്യരായി തീരുന്ന ദയനീയ കാഴ്ചയാണ് അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്ഥാനത്തെ മറന്ന് അവർ ഇരിക്കുന്ന കൊമ്പുവെട്ടുന്ന ദാരുണാവസ്ഥ!
സഭയിൽ നടമാടുന്ന മേല്പറഞ്ഞ അതിക്രമങ്ങളോടുള്ള എതിർപ്പിൻറെ പ്രത്യക്ഷ അടയാളമാണ് ക്രിസ്ത്യൻ സഭകളുടെ പൊതുസ്വത്തുക്കൾ സുതാര്യതയോടെ ഭരിക്കപ്പെടാൻ ആവശ്യമായ നിയമനിർമാണത്തിന് സഭാസ്നേഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിലെ ക്രൈസ്തവരുടെ പൊതുസ്വത്ത് പുരോഹിത നിയമമായ കാനോൻ നിയമത്തിലൂടെയല്ല, മറിച്ച്, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നപ്രകാരമുള്ള നിയമത്തിലൂടെ ആയിരിക്കണം ഭരിക്കപ്പെടേണ്ടത്. നിയമപരിഷ്‌കരണ കമ്മീഷനധ്യക്ഷൻ ജസ്റ്റീസ് വി. ആർ. കൃഷ്‌ണയ്യർ ഇതുസംബന്ധമായ ഒരു ബിൽ "The Kerala Christian Church Properties and Institutions Trust Bill, 2009' എന്ന പേരിൽ കേരളസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കാബിനറ്റ് സബ്‌കമ്മിറ്റിയുടെ പ്രാഥമിക പഠനമല്ലാതെ ഇന്നുവരെ മേൽനടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. സഭാധ്യക്ഷന്മാരോടുള്ള സർക്കാരിൻറെ ഭയമായിരിക്കും അതിനുകാരണം.
കേരളത്തിലെ ക്രിസ്തീയ സഭകൾക്ക് ജീവിക്കുന്ന സഭാപാരമ്പര്യങ്ങളുണ്ട്. സഭാപൗരരുടെ (അല്മായരുടെ, ഇണങ്ങരുടെ) കൂട്ടായ്മയാണ് സഭയെന്ന തിരിച്ചറിവാണ് അതിൽ പ്രധാനം. 

യേശുദർശനങ്ങളെയും സഭാപാരമ്പര്യങ്ങളെയും അടിസ്ഥാനമാക്കി 'സഭാനവീകരണത്തിലേക്ക് ഒരു വഴി' എന്നൊരു പുസ്തകം ഞാൻ പ്രസിദ്ധീകരിക്കുകയുണ്ടായി. (www.ckalarickal.com എന്ന വെബ്‌സൈറ്റിൽ എൻറെ എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്). പ്രവാചകരെ സമകാലിക സമുദായം തിരിച്ചറിയില്ല; വകവെയ്ക്കുകയുമില്ല. ശ്രീശങ്കരാചാര്യ സർവകലാശാല റിട്ടയർഡ് പ്രഫസർ ഡോ. സ്‌കറിയാ സക്കറിയ ആ പുസ്തകത്തിൻറെ അവതാരികയിൽ ഇപ്രകാരം എഴുതി: "പാരമ്പര്യബലമുള്ള ഒരു നസ്രാണികത്തോലിക്കൻറെ വേവലാതിയാണ് ഈ പുസ്‌തകത്തിൽ പ്രത്യക്ഷപ്പെടുന്നത്." ശ്രീ. സാമുവൽ കൂടലിൻറെ വേവലാതികളാണ് അദ്ദേഹത്തിൻറെ പുസ്തകത്തിലും എന്നാണ് എൻറെയും അഭിപ്രായം. "സാമുവലിൻറെ സുവിശേഷം" കണ്ണുള്ളവർ വായിക്ക ട്ടെ.

No comments:

Post a Comment