Translate

Monday, June 25, 2018

യേശുവിന്റെ സഭ ഭൗതികസ്ഥാപനമോ ആദ്ധ്യാത്മികപ്രസ്ഥാനമോ?


ജോര്‍ജ് മൂലേച്ചാലില്‍ 9497088904
സത്യജ്വാല 2018 ജൂണ്‍ (എഡിറ്റോറിയല്‍)

സ്ഥാപന(Institution)വും പ്രസ്ഥാന(Movement)വും വിഭിന്നങ്ങളാണ്. സ്ഥാപനം ജഡതയെയും യാന്ത്രികതയെയും ഭൗതികതയെയും, പ്രസ്ഥാനം ചലനാത്മകതയെയും സര്‍ഗ്ഗാത്മകതയെയും ആത്മീയതയെയും സൂചിപ്പിക്കുന്നു. മനുഷ്യനിര്‍മ്മിത നിയമങ്ങളാലും ചട്ടങ്ങളാലും നിയന്ത്രിക്കപ്പെടുന്നവയാണ് സ്ഥാപനങ്ങളെങ്കില്‍, മനുഷ്യന്റെ മൂല്യബോധത്തില്‍നിന്ന് അപ്പപ്പോളുയരുന്ന ഉള്‍ത്തള്ളലാണ് പ്രസ്ഥാനങ്ങളെ സൃഷ്ടിക്കുന്നതും നയിക്കുന്നതും. ഇതില്‍നിന്ന് ഏതു സ്ഥാപനത്തിലും നിയമം മുകളിലും മനുഷ്യന്‍ അതിനു കീഴിലുമായിരിക്കും എന്നു മനസ്സിലാക്കാനാവും. പ്രസ്ഥാനത്തില്‍ മനുഷ്യനെപ്പോഴും മുകളിലായിരിക്കും. ഒരു സ്ഥാപനമായി അധഃപതിച്ച യഹൂദമതത്തില്‍ മനുഷ്യന്‍ ശാബത്ത് നിയമത്തി നും മറ്റു പുരോഹിതനിയമങ്ങള്‍ക്കും കീഴിലായിരുന്നുവല്ലോ.
ദൈവപുത്രരായ മനുഷ്യരെ മനുഷ്യനിര്‍മ്മിതമായ നൈയാമികവ്യവസ്ഥയ്ക്കു കീഴിലാക്കുന്നതിനെതിരായിരുന്നു യേശു. ''ശാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ ശാബത്തിനുവേണ്ടിയല്ല''(മാര്‍ക്കോ. 2: 27-28) എന്ന യേശുവിന്റെ പ്രഖ്യാപനത്തില്‍നിന്ന് ഇതു വ്യക്തമാണ്. തന്നില്‍ത്തന്നെ എഴുതപ്പെട്ടിരിക്കുന്ന ആത്മീയനിയമത്തിന്റെ വെളിച്ചത്തില്‍ നയിക്കപ്പെടേണ്ടവനാണ് മനുഷ്യന്‍. പിതാവായ ദൈവത്തെയും നേര്‍സഹോദരരായ മനുഷ്യരെയും സ്‌നേഹിക്കുകയെന്നതാണ്, ഈ ആത്മീയനിയമം. സ്‌നേഹത്തിന്റെ ഈ നിയമത്തിലേക്ക്, ആത്മബോധത്തിലേക്കും സ്‌നേഹഭാവത്തിലേക്കും, മാനസാന്തരപ്പെടാനുള്ള ആഹ്വാനത്തോടെയാണ് യേശു തന്റെ പരസ്യജീവിതം ആരംഭിച്ചതുതന്നെ. അവിടുത്തെ അവസാനത്തെ ആഹ്വാനവും മറ്റൊന്നായിരുന്നില്ല. ഈ ആത്മജ്ഞാനത്തിന്റെ, ജ്ഞാനംകൊണ്ടുള്ള സ്‌നാനത്തിന്റെ, അതു ലോകത്തില്‍ കൊണ്ടുവരുന്ന ദൈവരാജ്യത്തിന്റെ സുവിശേഷം ലോകമെമ്പാടും അറിയിക്കുക എന്നതായിരുന്നു അത്.
സെന്‍ഹെദ്രീന്‍ പുരോഹിതസംഘത്തിന്റെ ഭരണത്തിന്‍കീഴില്‍ യഹൂദമതവും, ശ്രേണീബദ്ധമായ അധികാരഭരണത്തിന്‍കീഴില്‍ റോമാസാമ്രാജ്യവും അതിശക്തമായ ഭൗതികസ്ഥാപനങ്ങളായി മനുഷ്യനുമുകളില്‍ കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിലാണ്, മനുഷ്യനു പ്രാഥമികത്വം നല്‍കുന്ന, ആത്മജ്ഞാനത്തിന്റെയും പരസ്പരസ്‌നേഹത്തിന്റെയുമായ ഒരു സമൂഹജീവിതശൈലിക്ക് യേശു വഴിതുറന്നുതന്നത്. അധികാരസ്ഥാപനത്തിന്റേതായ റോമന്‍ശൈലി ചൂണ്ടിക്കാട്ടി ആ ശൈലിയെ വിലക്കിയും പൗരോഹിത്യമെന്ന മതാധികാരസ്ഥാപനത്തിനെതിരെ ചാട്ടവാറുയര്‍ത്തിയുമാണ് യേശു തന്റെ വിശ്വസ്‌നേഹപ്രസ്ഥാനത്തിനു തുടക്കംകുറിച്ചത്.
അപ്രകാരം രൂപംകൊണ്ട ആദിമസഭ തീര്‍ച്ചയായും ഒരു സ്ഥാപനമായിരുന്നില്ല; ആദ്ധ്യാത്മികപ്രസ്ഥാനമായിരുന്നു- യേശുവിന്റെ സ്‌നേഹദര്‍ശനം നിരന്തരമായി പ്രഘോഷിച്ച് മനുഷ്യരെ ആദ്ധ്യാത്മികരൂപാന്തരത്തിലേക്കു നയിക്കുന്ന ആദ്ധ്യാത്മിക ശുശ്രൂഷാപ്രസ്ഥാനം ഒരു വശത്തും യേശുശിഷ്യന്മാരായി മാറുന്നവരുടെ പ്രവര്‍ത്തനനിരതമായ സ്‌നേഹമെന്ന വിശ്വാസപ്രകാശനപ്രസ്ഥാനം മറുവശത്തുമായി കൈകൊര്‍ത്തു മുന്നേറിയ ഒരു മഹാപ്രസ്ഥാനം. അങ്ങനെയാണ്, വിശ്വാസികളുടെ ആ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിക്കാനും, തങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടേതുമാത്രമാണെന്ന് ആരും അവകാശപ്പെടാതെ ഉള്ളതെല്ലാം പൊതുസ്വത്തായി കരുതാനും, ദരിദ്രരായി ആരും ഇല്ലാതിരിക്കാനും തക്കവിധത്തിലുള്ള ഒരു മാതൃകാസമൂഹം - ദൈവരാജ്യംതന്നെ- ആകുവാന്‍ ആദിമസഭയ്ക്കു കഴിഞ്ഞത്.
യേശുവിനെ നേരിട്ടു ശ്രവിച്ച അപ്പോസ്തലരുടെ പ്രവര്‍ത്തനഫലമായി രൂപംകൊണ്ട ആദിമസഭാപ്രസ്ഥാനമാണ് എല്ലാക്കാലത്തെയും ക്രൈസ്തവരുടെ മാതൃക. എല്ലാ ക്രൈസ്തവസഭകളുടെയും  പൊതുപൈതൃകവും പാരമ്പര്യവുമായി എടുക്കേണ്ടതും ഏതു സഭയുടെയും വിലയിരുത്തലിനും തിരുത്തലിനും മാനദണ്ഡമായി സ്വീകരിക്കേണ്ടതും ആദിമസഭയെത്തന്നെയാണ്.
എന്നാല്‍, ഇത്തരം വിലയിരുത്തലുകള്‍ക്കും തിരുത്തലുകള്‍ക്കും തയ്യാറാകാതെ സ്ഥാപനമുഖമാര്‍ജിച്ച സഭ, യാതൊരു വീണ്ടുവിചാരവും കൂടാതെ, സ്ഥാപനവത്കരണത്തിന്റെ വീതിയേറിയ വഴിയിലൂടെ അതിവേഗം മുന്നേറുകയാണ്. സഭയെ സ്ഥാപനമാക്കി വളര്‍ത്തുകയും ശക്തിപ്രയോഗിച്ച് വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ മിടുക്കു കാട്ടുന്നവന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. അങ്ങനെ, രാജ്യവും ശക്തിയും മഹത്വവും സ്വന്തമാക്കി ഭൗതികമായി മുടിചൂടി നില്ക്കുന്ന ഒരു വന്‍സ്ഥാപനമായിരിക്കുന്നു, സഭ.
റോമന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലേക്കു നോക്കിയാല്‍, സഭയുടെ ഇത്തരത്തിലുള്ള വളര്‍ച്ചയുടെയും വ്യാപനത്തിന്റെയും ചിത്രമാണ് നമുക്കു തെളിഞ്ഞുകാണാന്‍ സാധിക്കുന്നത്. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് ജനങ്ങളെ ക്രൈസ്തവരാക്കുന്നതും മിഷനറി പ്രവര്‍ത്തനത്തിലൂടെ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതും സുവിശേഷവത്ക്കരണമായി അറിയപ്പെട്ടു. ശക്തിയുടെയും മഹത്വത്തിന്റെയും പ്രതീകങ്ങളായി ജറുശലേം ദേവാലയത്തെ വെല്ലുന്ന പള്ളികളും രാജകൊട്ടാരങ്ങളെ തോല്പിക്കുന്ന മെത്രാസനങ്ങളും പണിതുയര്‍ത്തപ്പെട്ടു; രാഷ്ട്രഭരണാധികാരികളെ സഭയുടെ ശക്തി-മഹത്വങ്ങള്‍ക്കുമുന്നില്‍ തലകുനിപ്പിച്ചു നിര്‍ത്തി അനുസരിപ്പിച്ചു; ക്രിസ്തുവിനുവേണ്ടി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ആജ്ഞാപിച്ച്, യൂറോപ്പിന്റെ ലോകാധിപത്യത്തിനു തുടക്കമിട്ടു; ഈ മതകൊളോണിയലിസത്തിലൂടെ, സൂര്യനസ്തമിക്കാത്ത ഒരു രാഷ്ട്രീയസാമ്രാജ്യം സംസ്ഥാപിതമായി... സേവനാധിഷ്ഠിതമായ ദൈവരാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ച യേശുവിന്റെ സഭ, അധികാരത്തിലധിഷ്ഠിതമായ ഒരു ഭൗതികസാമ്രാജ്യമാണ് ഈ ലോകത്തു സംസ്ഥാപിച്ചതെന്നാണ് ഇതു വ്യക്തമാക്കുന്നത്. സാഹോദര്യവും പാരസ്പര്യജീവിതവും പുലരുന്ന ഒരു നവലോകം പണിതുയര്‍ത്താന്‍ യേശുവിന്റെ
പേരില്‍ പുറപ്പെട്ടവര്‍ ആധിപത്യവും അടിമത്തവും പുലരുന്നതും മാമോന്‍ ഭരിക്കുന്നതുമായ ഒരു ലോകവ്യവസ്ഥിതിക്കാണ് ജന്മംനല്‍കിയിരിക്കുന്നത്- റോമന്‍മോഡല്‍ ക്രിസ്തുമതത്തിനു വഴിതെറ്റി എന്നു ചുരുക്കം.
കേരളസഭ സഞ്ചരിക്കുന്നതും ഇതേ റോമന്‍ ശൈലിയിലാണെന്ന് ആര്‍ക്കും കാണാനാവും. ഇന്‍ഡോറില്‍ 'യുണൈറ്റഡ് സോളിഡാരിറ്റി മൂവ്‌മെന്റി'നു നേതൃത്വംനല്‍കുന്ന ഫാ. വര്‍ഗീസ് ആലേങ്ങാടന്‍ ഇങ്ങ
നെ നിരീക്ഷിക്കുന്നു: ''സ്ഥാപനവത്കൃതസഭയെ വളര്‍ത്തുന്നതും വ്യാപിപ്പിക്കുന്നതും സുവിശേഷവത്കരണമല്ല. അതു സഭാവ്യാപനത്തിന്റെ റോമന്‍ശൈലിയാണ്; കൊളോണിയല്‍ ശൈലി. സഭയില്ലാത്തിടത്തെല്ലാം ചെന്ന് ക്രിസ്തുവിനെ അറിയിക്കുന്നു എന്നാണ് വാദം. ക്രിസ്തുവിനെ അറിയിക്കലല്ല, സ്ഥാപനങ്ങള്‍ തുടങ്ങലാണു ചെയ്യുന്നത്. ജര്‍മ്മനിയില്‍ ആയിരത്തിലധികം മലയാളികളായ വൈദികരും കന്യാസ്ത്രീകളും ഉണ്ട്. അവരെന്താണ് ചെയ്യുന്നത്? കള്‍ട്ടിക് പൗരോഹിത്യത്തിന്റെ നിര്‍വ്വഹണംമാത്രമാണ് നടക്കുന്നത്. അപ്രകാരം സഭയ്ക്കുവേണ്ടി പണവുമുണ്ടാക്കുന്നു. പക്ഷേ, എന്തു സുവിശേഷമാണിവിടെ പറയുന്നത്?
നാമിതുവരെ പണിത സ്ഥാപനങ്ങളില്‍നിന്ന് പാവങ്ങള്‍ക്കെന്തുകിട്ടി എന്നൊരു കണക്കെടുപ്പുവേണം. ആര്‍ക്കുവേണ്ടിയാണ് നാം ഇതെല്ലാം പണിതത്? കര്‍ത്താവിന്റെ രാജ്യമാണോ ഇതുവഴി വികസിതമായത്? ക്രിസ്തുകേന്ദ്രീകൃതമായ, സുവിശേഷാത്മകമായ ജീവിതത്തിലേക്കു വിട്ടുവീഴ്ചയില്ലാതെ തിരിയുക എന്നതാണ് കേരളസഭ ചെയ്യേണ്ടത്..'' (കാണുക, മെയ്‌ലക്കം സത്യജാല, പേജ്:32)
അല്പം നിരീക്ഷിച്ചാല്‍ ഫാ. ആലേങ്ങാടന്റെ വിമര്‍ശന-നിര്‍ദ്ദേശങ്ങള്‍ വളരെ ശരിയാണെന്ന് ആര്‍ക്കും കാണാന്‍ കഴിയും. കേരളസഭയുടെ രോഗാതുരത എടുത്തുകാട്ടുവാനും രോഗകാരണം നിര്‍ണ്ണയിക്കുവാനും പരിഹാരത്തിലേക്കു കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാനും പ്രാപ്തിയുള്ള ഇത്തരം വൈദികര്‍ക്ക് കേരളസഭ ജന്മംകൊടുത്തിട്ടുണ്ടെന്നുള്ളത് ആശ്വാസകരംതന്നെ. കേരളസഭയുടെ നടുനായകത്വത്തിലേക്ക് ഫാ. ആലേങ്ങാടനെപ്പോലെയുള്ളവര്‍ വന്നിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. കാഴ്ചപ്പാടുള്ളവരും യേശുവിനെ അനുകരിച്ചു ജീവിക്കുന്നവരും അതിനാഗ്രഹിക്കുന്നവരുമായ വേറെയും എത്രയോപേര്‍ കേരളസഭയിലുണ്ടാകാം. എന്നാല്‍, സ്ഥാപനവത്കൃതസഭയില്‍ അങ്ങനെയുള്ളവര്‍ പുറന്തള്ളപ്പെടുന്നു.
 പോര്‍ട്ടുഗീസുകാര്‍ കൊണ്ടുവന്ന റോമന്‍ സ്ഥാപനാകാരസഭാശൈലിക്ക് ഇരയായ ഒരു സഭയാണ് നമ്മുടേത്. എന്നിട്ടുപോലും, നമ്മെ അടിമപ്പെടുത്തിയ തെറ്റായ ആ ശൈലിതന്നെ കടമെടുത്തു മുന്നോ ട്ടുപോകുകയാണ് കേരളസഭ, വിശി ഷ്യാ, സീറോ-മലബാര്‍ സഭ. റോമന്‍ ശൈലി ഉപേക്ഷിച്ച്, തങ്ങ ളുടെ പൂര്‍വ്വികസഭാശൈലി വീണ്ടെടുത്ത് മുന്നോട്ടുപോകാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനംചെയ്തിട്ടും, റോമന്‍ശൈലി തങ്ങള്‍ക്കു നല്കുന്ന രാജകീയാധികാരത്തിലും പ്രൗഢിയിലും പ്രലോഭിതരായി, തനതു മാര്‍ത്തോമ്മാശൈലിയെ തള്ളി റോമന്‍ശൈലിയെ പുല്‍കുകയായിരുന്നു, ഈ സഭയിലെ മെത്രാന്മാര്‍!
അടിച്ചേല്പിക്കപ്പെട്ട റോമന്‍ശൈലി തുടരുന്നതിനായി ജനകീയമായിരുന്ന മാര്‍ത്തോമ്മാശൈലിയെ തള്ളിപ്പറഞ്ഞെങ്കിലും, റോമന്‍സാമ്രാജ്യശൈലിയിലുള്ള സഭാവ്യാപനം സാധ്യമാക്കാന്‍ മാര്‍ത്തോമ്മാ പാരമ്പര്യമെന്ന മിത്തിനെ മുറുകെപ്പിടിച്ചാണ് സീറോ-മലബാര്‍ സഭയുടെ ഇന്നത്തെ ഇരട്ടത്താപ്പുമുന്നേറ്റം എന്നും കാണേണ്ടതുണ്ട്. അങ്ങനെ ഒരേ സമയം മാര്‍ത്തോമ്മയുടെ അപ്പോസ്തലിക സഭാപൈതൃകം പറഞ്ഞ് ഊറ്റംകൊള്ളുന്നവരും, റോമന്‍ സ്ഥാപനാകാരസഭാശൈലിയില്‍ മുന്നോട്ടു പോകുന്നവരുമായിരിക്കുന്നു, കേരളത്തിലെ പരമ്പരാഗതക്രൈസ്തവരും അവരെ നയിക്കുന്ന പൗരോഹിത്യവും. ലോകത്തെങ്ങുമില്ലാത്തവിധം തലയുയര്‍ത്തി നില്‍ക്കുന്ന നൂറുകണക്കിന് ജറൂശലേം ദേവാലയങ്ങളും അവിടെനിന്നുയരുന്ന ആഘോഷപൂര്‍വ്വമായ ആരാധനാരവങ്ങളും ആ ഊറ്റംകൊള്ളലിനു നിദര്‍ശനങ്ങളായി നിലകൊള്ളുന്നു. ദേവാലയങ്ങളുടെ എടുപ്പും പ്രൗഢിയും കല്ലിന്മേല്‍ കല്ലുശേഷിക്കാത്ത തകര്‍ച്ചയുടെ സൂചകങ്ങളാണെന്ന് ജറൂശലേം ദേവാലയത്തിന്റെ തകര്‍ച്ചയിലേക്കു കൈചൂണ്ടി യേശു നമ്മെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ ആരും പഠിക്കുന്നില്ല.
എടുപ്പും പ്രൗഢിയുമെല്ലാം,  ഇല്ലാത്തത് ഉണ്ടെന്നു ഭാവിക്കുന്ന മനുഷ്യന്റെ അജ്ഞതുടെയും അഹന്തയുടെയും പ്രതിഫലനങ്ങള്‍മാത്രമാണെന്നും അത് ആദ്ധ്യാത്മികതയ്‌ക്കെതിരാണെന്നും പഠിപ്പിക്കേണ്ട സഭാനേതൃത്വംതന്നെ ഈ കറകളഞ്ഞ ഭൗതികതയില്‍ ആറാടുകയാണ്. ആ എടുപ്പും പ്രൗഢിയുമെല്ലാം സ്വന്തം ശരീരത്തില്‍ത്തന്നെ, മേലങ്കിയായും കിരീടമായും അംശവടിയായും എടുത്തണിഞ്ഞ് അധികാരഭാവത്തില്‍ നടക്കുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തങ്ങളുടെ അല്പത്തം നിറഞ്ഞ അഹന്തയും അതില്‍നിന്നുയിര്‍കൊള്ളുന്ന അധികാരമോഹവുമാണെന്ന് തിരിച്ചറിഞ്ഞാല്‍മാത്രമേ, ഇതെല്ലാം ഭൗതികതയുടെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തവിലാസങ്ങളാണെന്നു കാണാനാവൂ.
തകര്‍ന്നടിഞ്ഞ റോമന്‍ സ്ഥാപനാകാര സാമ്രാജ്യത്തിന്റെ ഭൗതികപ്രൗഢികളും അധികാരഘടനയും കടമെടുത്ത് മറ്റൊരു സാമ്രാജ്യമായി തുടരുകയായിരുന്നു ഇതുവരെ പാശ്ചാത്യസഭയെങ്കില്‍, സമാനമായരീതിയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന പാശ്ചാത്യസഭയുടെ അതേ സ്ഥാപനാകാരഘടകങ്ങളെ യാതൊരു വീണ്ടുവിചാരവുമില്ലാതെ സ്വാംശീകരിച്ച് തകര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കുതിക്കുകയാണ് സീറോ-മലബാര്‍സഭ. സ്വന്തം രാജ്യത്തെപ്പോലെ മറ്റു രാജ്യങ്ങളെയും സ്‌നേഹിക്കണമെന്നും സ്വന്തം രാജ്യത്തോട് മറ്റുരാജ്യങ്ങള്‍ എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം മറ്റുരാജ്യങ്ങളോടും പെരുമാറണമെന്നുള്ള ക്രൈസ്തവമൂല്യബോധം കാറ്റില്‍പ്പറത്തി, മതപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും മറ്റു ജനതകളെയും രാജ്യങ്ങളെയും അടിമപ്പെടുത്തുകയായിരുന്നു ക്രൈസ്തവയൂറോപ്പ് ചെയ്തതെങ്കില്‍, റീത്തിന്റെ കാര്യത്തില്‍ അതേ പാതയിലൂടെയാണ് ഇന്ന് സീറോ-മലബാര്‍ സഭ നീങ്ങുന്നത്. സാംസ്‌കാരികാനുരൂപണത്തിന്റെ പേരും പറഞ്ഞ്, മറ്റു റീത്തുകളുടെയോ സ്വന്തം റീത്തിലുള്ളവരുടെപോലുമോ എതിര്‍പ്പുകള്‍ വകവയ്ക്കാതെ കേരളത്തിലും ഇന്ത്യയ്ക്കും പുറത്ത് രൂപതകള്‍ സ്ഥാപിക്കുന്നതിന്റെ ജ്വരത്തിലാണിന്ന് സീറോ-മലബാര്‍ സഭ. യേശുവിന്റെ സുവിശേഷത്തിനു പകരം പാശ്ചാത്യസഭ പ്രഘോഷിച്ചത് റോമന്‍കത്തോലിക്കാ സഭയെയാണെങ്കില്‍, നമ്മുടെ സഭാനേതൃത്വം പ്രഘോഷിക്കുന്നത് അതിലൊരു ഘടകമായ സീറോ-മലബാര്‍ റീത്തിനെയാണ് എന്നുമാത്രം. സീറോ-മലബാര്‍ പൈതൃകത്തിലുള്ളവര്‍ക്ക് സീറോ-മലബാര്‍ റീത്തുമാത്രമാണത്രേ രക്ഷ! ഫാ. ആലേങ്ങാടന്‍ പറയുന്നതുപോലെ, ഇവിടെയെങ്ങും യാതൊരു സുവിശേഷവത്ക്കരണ  പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല; പൗരോഹിത്യത്തിന്റെ കള്‍ട്ടിക് അനുഷ്ഠാനനിര്‍വ്വഹണവും പണസമ്പാദനവുംമാത്രമാണു നടക്കുന്നത്.
ക്രിസ്തുവിന്റെ പേരും പറഞ്ഞുള്ള ഈ പോക്ക് അക്രൈസ്തവമാണെന്നു തിരിച്ചറിയാന്‍, കേരളസഭ ഇനിയെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, അനിവാര്യമായ തകര്‍ച്ചയിലേക്ക് ഈ സഭയും കൂപ്പുകുത്തുകതന്നെചെയ്യും. കാരണം, മണലില്‍ പണിയപ്പെടുന്ന ഗോപുരങ്ങള്‍, അതെത്രതന്നെ പ്രൗഢവും ബലവത്തുമായിരുന്നാലും കാറ്റിലും മഴയിലും നിലംപതിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല.
അതുകൊണ്ട് യേശുവിന്റെ സഭ കേരളത്തില്‍ നിലനില്‍ക്കണമെങ്കില്‍, ഫാ ആലേങ്ങാടന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ, ക്രിസ്തുകേന്ദ്രീകൃതവും സുവിശേഷാത്മകവുമായ ജീവിതത്തിലേക്ക് കേരളസഭ തിരിയേണ്ടിയിരിക്കുന്നു. കാരണം, ഇവിടുത്തെ ഓരോ രൂപതയും ഓരോ ഇടവകയും അതില്‍ത്തന്നെ ഓരോ ഭൗതികസ്ഥാപനങ്ങളാണിന്ന്. അതു ഭരിക്കുകയും കൂടുതല്‍കൂടുതല്‍ സാമ്പത്തികസ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്യുന്നതാണ് ഇടയകര്‍മ്മം എന്ന മട്ടിലാണ് കാര്യങ്ങള്‍. കൂദാശകള്‍പോലും വിലവിവരപ്പട്ടികകള്‍വച്ച് വിറ്റുകാശാക്കുകയാണ്. നേര്‍ച്ചവരവു കൂട്ടാന്‍ പുതിയപുതിയ ഭക്താഭ്യാസങ്ങള്‍ക്കും നൊവേനകള്‍ക്കും കഴുന്നെഴുന്നെള്ളിക്കല്‍പോലുള്ള അനാചാരങ്ങള്‍ക്കും 'ഭക്തിനിര്‍ഭര'മായി നേതൃത്വംകൊടുക്കുന്നു! പള്ളികള്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാക്കാനും തീര്‍ത്ഥാടന യാത്രകള്‍ സംഘടിപ്പിക്കാനുമെല്ലാം വൈദികര്‍ മുമ്പിലാണ്. രൂപതകളുടെയും സന്ന്യാസാശ്രമങ്ങളുടെയുംകീഴില്‍ എത്രയോ സ്ഥാപനങ്ങളാണ് യേശുവിന്റെപേരില്‍ പ്രവര്‍ത്തിക്കുന്നത്!
ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ യേശു എപ്പോഴാണ് പറഞ്ഞത്? പള്ളികളുണ്ടാക്കി അനുഷ്ഠാനകര്‍മ്മങ്ങള്‍ നടത്തി തന്നെ പ്രീതിപ്പെടുത്തണമെന്ന് യേശു എപ്പോഴെങ്കിലും പറഞ്ഞോ? മനുഷ്യര്‍ കാണത്തക്കവിധം പള്ളികളിലും തെരുവുമൂലകളിലുംനിന്നു പ്രാര്‍ത്ഥിക്കുന്ന കപടഭക്തരെപ്പോലെ ആകരുതെന്നല്ലേ അവിടുന്ന് പറഞ്ഞത്? യഥാര്‍ത്ഥ ആരാധകര്‍ പിതാവിനെ അരൂപിയിലും സത്യത്തിലുമാണ് ആരാധിക്കേണ്ടതെന്നല്ലേ അവിടുന്ന് പഠിപ്പിച്ചത്? അതെല്ലാം തള്ളിക്കളഞ്ഞ്, യേശുവിന്റെ സഭയെ ആരാധനാനുഷ്ഠാനങ്ങള്‍ പരികര്‍മ്മം ചെയ്യുന്നതിനായുള്ള ഒരു സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു! യേശു ചെയ്യണമെന്നു പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍വേണ്ടി, അവിടുന്ന് അരുത് എന്നു പറഞ്ഞ കാര്യങ്ങള്‍ യേശുവിനെത്തന്നെ മുന്‍നിര്‍ത്തി ചെയ്യുന്ന കപടസ്ഥാപനങ്ങളായിത്തീര്‍ന്നിരിക്കുന്നു, ക്രൈസ്തവസഭകള്‍. ക്രൈസ്തവസഭകളും ലോകംതന്നെയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
ക്രൈസ്തവസഭകള്‍ക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍, അതിലൂടെ രക്ഷപെടുന്നത് ക്രൈസ്തവസഭകള്‍ മാത്രമല്ല, ഈ ലോകംതന്നെയാണ്. കാരണം, ഏകസത്യമതവാദമെന്ന മതമൗലികവാദപരമായ സുവിശേഷപ്രഘോഷണംവഴി ലോകമതങ്ങളെ മുഴുവന്‍ മൗലികവാദത്തിന്റെ വഴിത്താരയിലേക്ക് ശത്രുതാപരമായി വലിച്ചിഴച്ചതും, മതത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഛിന്നഭിന്നമാക്കിയതും, മനുഷ്യന്റെ മതാവബോധത്തെ ഇടുങ്ങിയ സാമുദായികബോധമായി വിഷലിപ്തമാക്കിയതും, മാത്സര്യത്തിലും ചൂഷണത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക-സാമ്പത്തികക്രമത്തിലേക്കു ലോകത്തെ കൊണ്ടുചെന്നെത്തിച്ചതും മുഖ്യമായും ക്രിസ്തുമതമെന്ന ഭൗതികസ്ഥാപനമാണ്. അതുകൊണ്ട് സ്ഥാപനവത്കരണത്തിന്റെ ലോകമാതൃകയായി വിരാജിക്കുന്ന ക്രിസ്തുമതം സ്വയം അതല്ലാതായി മാറിയാല്‍മാത്രമേ ലോകവും മനുഷ്യനും ഇന്നു നേരിടുന്ന പ്രതിസന്ധിയില്‍നിന്ന് രക്ഷപെടൂ. അതിന് സുവിശേഷപ്രഘോഷണം എന്നതുകൊണ്ട് യേശു എന്താണുദ്ദേശിച്ചതെന്ന് മനസ്സിലാക്കി ആദ്യംമുതലേ പ്രവര്‍ത്തിച്ചുതുടങ്ങേണ്ടതുണ്ട്. ആദിമസഭയാണ് അതിനു മാതൃക.
ആദിമസഭ ഒരു ആദ്ധ്യാത്മികപ്രസ്ഥാനമായിരുന്നു; സ്ഥാപനമായിരുന്നില്ല. ദൈവം പിതാവും തന്മൂലം മനുഷ്യരെല്ലാം സഹോദരന്മാരുമാണ് എന്ന യേശുവിന്റെ ആദ്ധ്യാത്മികദര്‍ശനമാണവിടെ പ്രഘോഷിക്കപ്പെട്ടത്. മനുഷ്യരെല്ലാം സഹോദരരെങ്കില്‍,  ദൈവം നാഥനായുള്ള ഒരു കുടുംബമാണ് ലോകം. ഒരേ കുടുംബത്തിലെ ഒരു സഹോദരനുമേല്‍ അധികാരംഭരിക്കാന്‍ മറ്റൊരു സഹോദരനാവില്ല; പരസ്പരം ആവശ്യങ്ങളറിഞ്ഞ് സഹായിക്കുവാനേ കഴിയൂ. ഈ വിശാലമായ കുടുംബബോധവും സാഹോദര്യവുമാണ് ആദിമസഭയെ ആധികാരമുക്തവും ശുശ്രൂഷാപരവുമായ ഒരു സമൂഹമാക്കിയത്. പരസ്പരാനന്ദകരമായ ഈ സാമൂഹികവ്യവസ്ഥ ലോകമാകെ വ്യാപിപ്പിക്കുകയെന്നതാണ് ഓരോ യേശുശിഷ്യന്റെയും ദൗത്യം.
ഒരു സ്ഥാപനത്തിനും ഈ ദൗത്യം നിര്‍വ്വഹിക്കാനാവില്ല. എന്നാല്‍ ആദ്ധ്യാത്മികാവബോധം നേടി വിശ്വസ്‌നേഹം നിറഞ്ഞ മനുഷ്യവ്യക്തികള്‍ക്കും അങ്ങനെയുള്ളവരുടെ സംഘങ്ങള്‍ക്കും അതിനു സാധിക്കും. യേശു സ്വയം ഇത്തരത്തിലുള്ള ഒരു ആദ്ധ്യാത്മികപ്രസ്ഥാനമായിരുന്നു. ഭൂമിയില്‍ ദൈവരാജ്യം സംസ്ഥാപിക്കുകയെന്ന തന്റെ ദൗത്യം ശിഷ്യരെ ഏല്പിക്കുകയായിരുന്നു യേശു. ആ ദൗത്യവാഹകസംഘം ഒരു സുവിശേഷപ്രഘോഷണപ്രസ്ഥാനമായി പ്രവര്‍ത്തിച്ചാണ് പരസ്പരസ്‌നേഹത്തിലധിഷ്ഠിതമായ ആദിമസഭയ്ക്ക് ജന്മംനല്കിയത്.
പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദര്‍ശനങ്ങളിലും അതു നല്‍കുന്ന മൂല്യബോധത്തിലുമാണ്. സ്ഥാപനങ്ങളാകട്ടെ, സിദ്ധാന്തങ്ങളിലും നിയമങ്ങളിലുമൂന്നുന്നു. ക്രൈസ്തവസഭയില്‍ സിദ്ധാന്തവത്ക്കരണം എന്നാരംഭിച്ചോ അന്നുമുതല്‍ സ്ഥാപനവത്കരണവും ആരംഭിച്ചു. കോണ്‍സ്റ്റന്റൈന്റെ ധൃതരാഷ്ട്രാലിംഗനത്തോടെ, യേശുവിന്റെ ദര്‍ശനങ്ങളെ പൂര്‍ണ്ണമായി മാറ്റിവച്ച്, യേശുവിനെ രാജാക്കന്മാരുടെ രാജാവും ലോകചക്രവര്‍ത്തിയുമാക്കിയുള്ള സാമ്രാജ്യത്വപരമായ സിദ്ധാന്തങ്ങള്‍ സൃഷ്ടിച്ച് സഭയുടെ അടിസ്ഥാനപ്രമാണങ്ങളാക്കി. സഭ സാമ്രാജ്യത്വമുഖമുള്ള ഒരു മതസ്ഥാപനമാവുകയായിരുന്നു. ക്രിസ്തുമതമെന്ന പേരോടുകൂടിയുള്ള ഒരു അധികാരസ്ഥാപനമാണ് തുടര്‍ന്നിന്നുവരെ യേശുവിന്റെപേരില്‍ അരങ്ങുവാണത്. സീറോ-മലബാര്‍ സഭയുള്‍പ്പെടെ എല്ലാ സഭകളും ഈ വിഷവൃക്ഷത്തിന്റെ ശിഖരങ്ങളാണ്.
യേശുവും യേശുവിന്റെ ആദ്ധ്യാത്മികപ്രസ്ഥാനവും ലോകത്ത് എക്കാലവും പ്രസക്തമാണ്. എന്നാല്‍, യേശുവിനെ മൂടിക്കളയുന്ന സ്ഥാപനവത്കൃതക്രിസ്തുമതത്തെ യേശുദര്‍ശനത്തിലൂന്നിയ പ്രസ്ഥാനങ്ങള്‍കൊണ്ടു മറികടക്കാതെ സഭകളിലും ലോകത്തിലും അവിടുത്തെ പുനരവതരിപ്പിക്കാനാവില്ല; അതുവരെ സഭകള്‍ക്ക് ലോകത്തിന്റെ ഉപ്പും വെളിച്ചവുമായി മാറാനുമാവില്ല.
സഭയെ പ്രസ്ഥാനവത്കരിക്കാന്‍ കെല്പും പ്രതിഭയും ദാര്‍ശനികവ്യക്തതയുമുള്ള അനേകര്‍, പുരോഹിതരുള്‍പ്പെടെ, ഓരോ സഭയിലുമുണ്ട്. എന്നാല്‍, സഭയുടെ പുരോഹിതനേതൃത്വത്തിലുള്ള സ്ഥാപനശക്തിയില്‍ അവരുടെയെല്ലാം സ്വരം അമര്‍ന്നുപോവുകയാണ്. ഈ പുരോഹിതഘടനയുടെ ശക്തിസ്രോതസ്സ് അതിന്റെ സാമ്പത്തികാടിത്തറയാണ്. കത്തോലിക്കാസഭയെ സംബന്ധിച്ച് സഭയുടെ മുഴുവന്‍ സ്വത്തുക്കളും സ്ഥാപനങ്ങളും പൗരോഹിത്യം സ്വയം നിയമമെഴുതി അപഹരിച്ചുകഴിഞ്ഞു. അവയുടെ ഭരണാവകാശവും അവര്‍ കൈക്കലാക്കി. ആ സാഹചര്യമില്ലായിരുന്നെങ്കില്‍, സഭയിലെ അന്ധവിശ്വസങ്ങള്‍ക്കും അനീതികള്‍ക്കും സ്ഥാപനവത്കരണത്തിനുമെതിരെ ജനങ്ങളും വൈദികര്‍തന്നെയും ശബ്ദമുയര്‍ത്തുമായിരുന്നു. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, സഭാസ്വത്തുക്കളുടെമേലുള്ള പൗരോഹിത്യത്തിന്റെ ഭരണാധികാരം ഇല്ലാതാക്കിയാല്‍, സഭയുടെ സ്ഥാപനശക്തി ക്ഷയിക്കുകയും കാലുറപ്പിച്ചു നില്‍ക്കാന്‍ ശക്തി നേടുന്നതിനനുസരിച്ച് വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് പ്രവാചകശക്തിയോടെ ശബ്ദങ്ങളുയരുകയും ചെയ്യുമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍, ചര്‍ച്ച് ആക്ടിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സഭയെ ഒരു പ്രസ്ഥാനമാക്കുന്നതിനുള്ള ആദ്യപടിയാണെന്നു കാണാം.
സഭയുടെ സ്ഥാപനശക്തി ദുര്‍ബലമാകുന്നതോടെ, അല്‍മായര്‍ സഭാപൗരന്മാരാകുകയും അവരുടെ അന്വേഷണബുദ്ധിയും ധിഷണാശക്തിയും സ്വതന്ത്രമാകുകയും ചെയ്യും. അതിനു മുമ്പില്‍, യേശുവിനെ മൂടിനിന്നിരുന്ന കാര്‍മേഘപടലങ്ങള്‍ ഒഴിഞ്ഞുപോവുകയും നീലാകാശത്തില്‍ സൂര്യനെന്നപോലെ, യേശുവിന്റെ സ്‌നേഹദര്‍ശനവും ദൈവരാജ്യസങ്കല്പവും അവരുടെ പ്രതിഭയില്‍ തെളിഞ്ഞുവരികയും ചെയ്യും. അവരുടെ സര്‍ഗ്ഗശേഷി ഉണര്‍ന്ന്, പരസ്പരസ്‌നേഹത്തിലും ശുശ്രൂഷയിലും അധിഷ്ഠിതമായ ആ സമ്മോഹനസമൂഹസൃഷ്ടിക്കായി ഒറ്റയ്ക്കും കൂട്ടായും ഓരോരോ പ്രസ്ഥാനങ്ങളായി വര്‍ത്തിക്കും. പണമിട്ടു പകിടകളിക്കുന്ന ആഗോളചന്തയെന്ന ഗോദായില്‍നിന്നും കോളോണിയലിസം ഉള്ളടക്കമായിരിക്കുന്ന നവനാഗരികതയുടെ കൃത്രിമപ്പകിട്ടുകളില്‍നിന്നും മനുഷ്യന്‍ പിന്തിരിയും. ലോകം ഒരു വിശ്വമാനവിക കുടുംബമാകും.
ചരിത്രത്തിന്റെ വഴിക്ക് ഇങ്ങനെയൊരു ചാലുകീറുന്നതില്‍ നാം പരാജയപ്പെടുന്നുവെങ്കില്‍, റോമാസാമ്രാജ്യത്തിന്റെ അതേ പതനംതന്നെ അവശേഷിക്കുന്ന ക്രൈസ്തവസഭകള്‍ക്കുമുണ്ടാകും. സ്വാഭാവികമായും റോമന്‍ അധീശത്വസ്ഥാപനശൈലിയില്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന ആധുനികലോകത്തിനും അതേ പതനം സംഭവിക്കും.
മനുഷ്യന്‍ അജയ്യനാണ്. കാരണം, അവനിലുള്ളത് ദൈവികസത്തയാണ്. അതുകൊണ്ട്, അവന്‍ ചരിത്രത്തിന്റെ വിനാശഗതിയില്‍നിന്നും വഴിമാറി സഞ്ചരിക്കുകതന്നെ ചെയ്യും.
                                                           - എഡിറ്റര്‍No comments:

Post a Comment