Translate

Thursday, February 14, 2013

ഈ തീരുമാനം ഒരു മാതൃകയാകട്ടെ.!


ജോര്‍ജു കുറ്റിക്കാട്ട്,


ഗുരുതരമായ പ്രശ്നങ്ങള്‍ വത്തിക്കാനിലും പോപ്പിനും ഉണ്ട്.
കത്തോലിക്കാ സഭയ്ക്ക് ആകെമാനം പ്രശ്നങ്ങള്‍ ആഗോളമായി നിലനില്‍ക്കുന്നു. ഒരു പോപ്പ്   സ്ഥാനം ഒഴിഞ്ഞത് കൊണ്ട് അവ തീരുന്നില്ല. മാര്‍ ബെനെഡിക്ട് പതിനാറാമന്‍ ലോകം കണ്ടതില്‍ ഏറ്റവും കൂടുതലായി സഭയ്ക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പിന്‍റെ  ശക്തിയെ  നേരിട്ടയാളും സമാധാനപ്രിയനും യേശുവിന്‍റെ
സഭയെ നേരായ വഴിക്കു കൊണ്ടുവരാനും പണിപ്പെട്ട  വ്യക്തിത്വമാണ്. സഭയ്ക്ക് ഒരു നിര്‍വചനം നല്‍കി.  സഭ, അഭിഷിക്തരും അല്‍മായരും ചേര്‍ന്ന ദൈവിക സമൂഹമാണ് എന്ന് അദ്ദേഹം ലോകത്തോടും സഭയോടും വ്യക്തമാക്കി.

അഭിഷിക്തരുടെ ദൗത്യവും അല്‍മായരുടെ ദൗത്യവും സഭയില്‍ എന്തായിരിക്കണം എന്ന് വെളിപ്പെടുത്തുവാന്‍ കര്‍ശന നിലപാടുകള്‍ എടുത്തു. സഭയില്‍ നിലവില്‍ ഉണ്ടായിക്കൊണ്ടിരുന്ന കുറ്റകരമായ നടപടികള്‍ക്കെതിരെ നടപടികള്‍ എടുത്തു. അതില്‍പെട്ടവയായിരുന്നു, വൈദികരുടെ ഇടയിലെ കുറ്റകൃത്യങ്ങള്‍. ! വളരെ ശക്തമായി യൂറോപ്പിലും ഇന്ത്യയിലും അമേരിക്കയിലും മാത്രമല്ല, സഭയില്‍
ആകെമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ  നേരിട്ട് നടപടികള്‍ എടുത്തുകൊണ്ട് അദ്ദേഹം  നിരവധി വൈദികരെയും മെത്രാന്മാരെയും വൈദികവൃത്തിയില്‍ നിന്നു പുറത്താക്കി.  അവരെ പിരിച്ചു വിട്ടത്, അവരെ
ശാസിച്ചത്, ലോകത്തോട്‌  മുഴുവന്‍ അദ്ദേഹം പൊതുമാപ്പ് കുറ്റക്കാര്‍ക്ക്വേണ്ടി ചോദിച്ചുകൊണ്ടായിരുന്നു.  ഇങ്ങനെ യേശുവിനെ പിന്‍ഗമിച്ച യഥാര്‍ത്ഥ ശിഷ്യന്‍ അദ്ദേഹമായി.

കുറ്റകൃത്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കുക മാത്രം ചെയ്തു കൊണ്ട്സഭാപരിഷ്കരണം ചെയ്യുകയല്ല ചെയ്തത്.  ജര്‍മ്മനിയിലെ  ബവേറിയയില്‍ മാര്‍ക്ടല്‍ എന്ന ഗ്രാമത്തിലെ  ഒരു പോലീസ് ഉദ്യോഗസ്ഥന് ജനിച്ച  ഒരു മകന്‍ ഒരുപക്ഷെ  ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആകാനും ഇടയുണ്ടായിരുന്നു. എന്നാല്‍
യേശുവിന്‍റെ  സന്ദേശ വാഹകനായി  സഭയില്‍ മാത്രമല്ലാ, ലോകം മുഴുവന്‍ ഉള്ള ജനസമൂഹത്തിന് ഒരു മാര്‍ഗ്ഗദര്‍ശിയും  യേശുവിന്‍റെ സന്ദേശവും ദൗത്യവും എന്താണെന്ന് പറയാന്‍ പണിപ്പെട്ട മഹാത്യാഗിയായിത്തീര്‍ന്നു. അദ്ദേഹമെഴുതിയ "യേശുസ് ഫ്രം നസറത്ത്" എന്ന പുസ്തകം ഈ മഹാ ത്യാഗത്തിനു തെളിവാണ്.
സാഹോദര്യത്തോടെ ഇതര കത്തോലിക്കാ സഭാവിഭാഗങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന താക്കീത് നല്‍കിയത് കല്‍ദായവാദം സ്ഥിരീകരിക്കാന്‍,അദ്ദേഹവുമായി കഴിഞ്ഞ നാളില്‍ നടത്തിയ സീറോമലബാര്‍ അദ്ധ്യക്ഷരായ
മെത്രാന്മാരുടെയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെയും ഒരു കൂടിക്കാഴ്ചയിലാണ്. ഇക്കാര്യം ലോകത്തോട്‌ വെളിപ്പെടുത്തിയത് വത്തിക്കാന്‍ റേഡിയോ ആണ്. ലോകമതങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ സമീപനം ഏറെ അഭിനന്ദനാര്‍ഹം ആയിരുന്നു. വലിയ ആര്‍ഭാടവും കൊട്ടിഘോഷങ്ങളും അല്ലാ ,ധാര്‍മിക ജീവിത തത്വശാസ്ത്രം ഈശ്വരചിന്തയിലും ജീവിത ശൈലിയിലും എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് അദ്ദേഹം എഴുതിയ പുസ്തകങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇന്‍റെര്‍നെറ്റും  അതുപോലെ പ്രായോഗിക വാര്‍ത്തമാര്‍ഗ്ഗങ്ങളെയും   സുവിശേഷ പ്രചാരണത്തിനു സഹായകമാണെന്ന് വ്യക്തമാക്കി.

 ഒരു മാര്‍പാപ്പ, യുഗങ്ങളോളം സഭയിലെ സാരഥ്യം വഹിക്കുക യുക്തിയല്ലല്ലോ. അപ്പോള്‍ സഭയ്ക്കും അതിലെ വിശ്വാസികള്‍ക്കും മഹത്തായ മാതൃക, സഭയുടെ ജനകീയത, യേശുവാണ് ദൈവവും മനുഷ്യനും  എന്ന സത്യം   അദ്ദേഹം നമ്മെ അറിയിക്കാനും തന്‍റെ ദൌത്യത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മൂലം  ഒരിക്കലും സഭയുടെയും സഭാവിശ്വാസികളുടെയും മൂല്യത്തെ ശോഷിപ്പിക്കുന്നില്ല എന്ന ആശയം വെളിപ്പെടുത്തി ശക്തി നല്‍കുകയുമാണ് ചെയ്യുന്നത്. അദ്ദേഹം എന്നെന്നും
നമ്മോടോത്തുണ്ട്, മാര്‍ക്ടലിലെ പോലീസ് ഇന്‍സ്പെക്ടറുടെ പുത്രനും യേശുവിന്‍റെ പിന്‍ഗാമിയുമായി.

1 comment:

  1. ജോലിയൊഴിഞ്ഞ ബനടിക്റ്റ് പതിനാറാമനെപ്പറ്റി ത്യാഗവിസ്മയം എന്ന ശീര്‍ഷകത്തില്‍ ദീപിക സ്പെഷല്‍ പതിപ്പ് പ്രസിദ്ധീകരിക്കുന്നു. 1000% പൊലിപ്പിച്ച അതിശയോക്തികള്‍ അതില്‍ തീര്‍ച്ചയായും വായിക്കാം. ഇക്കാര്യത്തില്‍ ത്യാഗവും വിസ്മയവും കാണുന്നവര്‍ക്ക് ഒരാളുടെയും ജോലിയേയോ അതിനോട് പുലര്‍ത്തേണ്ട നീതിയേയോ പറ്റി ശരിയായ ഒരു ധാരണയും ഇല്ല എന്ന് വ്യക്തമാണ്. സാധിക്കുന്നതിന്റെ പരമാവധി ചെയ്ത ശേഷം, തുടരാന്‍ തെന്നെക്കൊണ്ട് ആവില്ല എന്ന് മനസ്സിലാവുമ്പോള്‍ സ്ഥാനമൊഴിയുക എന്ന മര്യാദയുടെയും മനുഷ്യത്വത്തിന്റെയും വഴി നമ്മുടെ നാട്ടില്‍ പതിവല്ലാത്തതുകൊണ്ടാണ് ഈ സ്ഥാനത്യാഗം (ജോലിവിടല്‍ എന്ന് പറയുന്നതാണ് ഉത്തമം) എന്തോ വലിയ അത്ഭുതമായി വിശേഷിച്ച് ക്രിസ്തീയ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത്. അന്യരുടെ ബഹുമാനം കിട്ടുന്ന ഒരുദ്യോഗം കിട്ടിയാല്‍ എന്ത് കാരണം ഉണ്ടായാലും സ്വന്ത മനസ്സാലെ അതുപേക്ഷിക്കാന്‍ ഒരിന്ത്യാക്കാരന് ഒരിക്കലുമാവില്ല എന്ന പരിതാപകരമായ ദയനീയാവസ്ഥയെയാണ് ഇത്തരം പൊലിപ്പിക്കലുകളും കൊട്ടിഘോഷങ്ങളും വഴി ദീപികയും മറ്റും വെളിപ്പെടുത്തുക. ഒരു ടാക്സി ഡ്രൈവര്‍ അയാളുടെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുമ്പോള്‍ അത് ഒരു പോപ്പിന്റെ ജോലിപോലെതന്നെ മഹനീയവും അന്തസുറ്റതുമാണ് എന്ന് ഈ നാട്ടിലെ ജനം പഠിക്കണം. അതായിരിക്കട്ടെ ഈ അവസരം ഉപയോഗിച്ച് ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. ഒരു ടാക്സി ഡ്രൈവര്‍ തന്റെ ജോലി വിട്ട് മറ്റൊന്ന് തിരഞ്ഞെടുക്കുമ്പോള്‍ അതൊരു സ്ഥാനത്യാഗമായി എന്തേ ഇവരാരും വിളിച്ചുകൂവാത്തത്?

    മാര്‍ക്ടലിലെ പോലീസ് ഇന്‍സ്പെക്ടറുടെ പുത്രന്‍, യേശുവിന്‍റെ പിന്‍ഗാമി എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ഈ മനുഷ്യന്റെ വ്യക്തിത്വവുമായോ ഇതുവരെ അദ്ദേഹം ചെയ്തിരുന്ന ജോലിയുമായോ ബന്ധപെടുത്തുന്നതിലെ യുക്തി ഒട്ടും വ്യക്തമല്ല. ഉടുത്തിരിക്കുന്ന തുണി നോക്കി മനുഷ്യരെ തരംതിരിക്കുന്ന ഏര്‍പ്പാട്പോലെയേ ഉള്ളൂ ഇതും. അല്ലെങ്കില്‍ പീലാത്തോസിന്റെയും മേല്പ്പട്ടക്കാരന്റെയും അങ്കികള്‍ കണ്ട് യേശുവിന്റെ കണ്ണ് മഞ്ഞളിക്കുകയും അവിടുന്ന് അവര്‍ക്ക് മുമ്പില്‍ കുമ്പിടുകയും ചെയ്യുമായിരുന്നു. അതല്ല ഉണ്ടായത്. അവരും തന്റെ എളിയ ശിഷ്യരിലൊരുവനും തമ്മില്‍ ഒരു വ്യത്യാസവും യേശു കണ്ടില്ല. ഇത് മനസ്സിലാക്കാതെ എന്ത് സുവിശേഷമാണ് നമ്മള്‍ പ്രഘോഷിക്കുന്നത്?

    ReplyDelete