Translate

Sunday, February 17, 2013

നമ്മുടെ ആത്മീയതയുടെ ആഴമെത്ര?

Naked feminists ‘celebrate’ pope’s resignation in Notre Dame എന്നും അടുത്ത മാര്‍പ്പാപ്പാ ആരായാലും അവസാനത്തെ മാര്‍പ്പാപ്പായാണെന്നും അദ്ദേഹത്തിനുശേഷം അന്ത്യവിധിയാണെന്നും മറ്റുമുള്ള വാര്‍ത്തകളും ഇവയ്ക്ക് അനുബന്ധമായി വീഡിയോകളും അല്‍മായശബ്ദത്തില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത് കാണുന്നു. നമ്മുടെ തന്നെ വലിയ ഇരട്ടത്താപ്പ് ഇത്തരം പോസ്റ്റിങ്ങ്‌കളിലൂടെ കുമ്പസാരിക്കപ്പെടുകയാണ് എന്നത് നാം മറക്കേണ്ട. ഒന്നാമത്, ഇത്തരം sensational news വിതരണം ചെയ്യാനും അവ വായിക്കാനും സമയം കളയുക എന്നത് ഒരു മാനസ്സിക ബലഹീനതയുടെ ലക്ഷണമാണ്. ഒരര്‍ത്ഥവുമില്ലാത്ത ഇത്തരം വാര്‍ത്തകളുടെ പതിരുചാക്കില്‍ കൈയിട്ട്, അതില്‍ വല്ല ധാന്യമണിയും ഉണ്ടോയെന്നു പരതിനോക്കുക തന്നെ വിഡ്ഢിത്തമാണ്. രണ്ടാമത്, നഗ്നസ്ത്രീകള്‍ പരീസിലെ നോത്ര് ദാം പള്ളിയില്‍ കയറി പ്രകടനം നടത്തിയതിന്റെ വീഡിയോയെപ്പറ്റിയാണ് എനിക്ക് വിയോജിപ്പുള്ളത്. അത് സദാചാരികളായ ഇവിടുത്തെ മാന്യ വാനക്കാര്‍ക്ക് കാണാന്‍ കൊള്ളാവുന്നതല്ല എന്നതിനാലായിരിക്കുമല്ലോ എലെക്ട്രോണിക് എറേയ്സിങ്ങ് വഴി അതിലെ നഗ്നതയെ നഗ്നതയല്ലാതാക്കിക്കളഞ്ഞത്. ഇതൊക്കെ വളരെ ബാലിശമായ ഒരുതരം വേഷംകെട്ടലാണ്. വിശുദ്ധിയുടെയും മനഃസംയമനത്തിന്റെയും മുഖംമൂടി ധരിച്ചുള്ള വേഷംകെട്ടല്‍. സ്ത്രീകളുടെ നഗ്നമുലകള്‍ (പടത്തില്‍ പോലും) കണ്ടാല്‍ ഉടനെ പൊലിഞ്ഞോ പൊളിഞ്ഞോ പോകുന്ന ആത്മീയതയാണ് അല്‍മായശബ്ദത്തിന്റെ വായനക്കാര്‍ക്കുള്ളതെങ്കില്‍ അത് വളരെ പരിതാപകരമാണ്. അത്തരം മനുഷ്യരുടെ സമൂഹത്തില്‍ അനുദിനം സ്ത്രീപീഡനം നടക്കുന്നതില്‍ ഒരതിശയവും തോന്നിയിട്ട് കാര്യമില്ല. നഗ്നതെ തേടിപ്പോകുന്നതല്ല ഇവിടെ വിഷയം. നഗ്നതയെ നഗ്നതയായി കണ്ടിട്ട് അതിനെ അവഗണിക്കാനുള്ള സ്വാഭാവികതയും ധാര്‍മ്മിക ചങ്കൂറ്റവും ഇല്ലാതെ പോകുന്നതാണ് ദയനീയം. അതില്ലാത്ത മനുഷ്യര്‍ക്കായിട്ടാണ് മുലഞെട്ടില്ലാത്ത മുലകള്‍ ആവശ്യമായി വരുന്നത്.

"സ്ത്രീകളെ തല്ലുന്നതിനു ഞാന്‍ എതിരാണ്. എന്നാല്‍ തെരുവിലെ നഗ്നമാറിടക്കാരികളെ തല്ലുകതന്നെവേണം. സൗദി അറേബിയായിലേയ്ക്ക് കയറ്റി അയച്ച് അര്‍ഹമായ ശിക്ഷതന്നെ കൊടുക്കണം" എന്ന് എന്റെ സുഹൃത്ത് ജോസഫ് മാത്യു എഴുതിയത് എനിക്കൊട്ടും ദഹിക്കുന്നില്ല. സ്വന്തം നഗ്നതയുപയോഗിച്ച് അപ്രിയം പ്രകടിപ്പിക്കാന്‍മാത്രമുള്ള അനീതികളും വിവരക്കേടും വഴി നൂറ്റാണ്ടുകളായി അവരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെതിരെ മറ്റൊരു തരാം പ്രതിരോധവും  വിലപ്പോവില്ലെങ്കില്‍ എന്ത് ചെയ്യും? അതില്‍ ഉതപ്പുതോന്നുന്നവര്‍ക്ക് കണ്ണടക്കുകയോ സ്ഥലംവിടുകയോ ചെയ്യാമാല്ലോ. പകരം, അവരെ തല്ലാനല്ല ഒരുമ്പെടേണ്ടത്. ബലപ്രയോഗം പോലെ തന്നെ എല്ലാത്തരം ഇരട്ടത്താപ്പും ആത്മീയതക്കെതിരാണ്. മേല്‍പ്പറഞ്ഞ വിധത്തിലുള്ള വാര്‍ത്തകളോടുള്ള സമീപനത്തിലും അവയെ വ്യാഖ്യാനിക്കുന്ന രീതികളിലും ഇരട്ടത്താപ്പ് കടന്നുകൂടരുത് എന്ന് നാം നിര്‍ബന്ധം പിടിക്കണം."നഗ്നസ്ത്രീകളുടെ പ്രകടനം കണ്ട്  ആനന്ദിക്കാനും പരിഷ്കൃതരാജ്യമായ ഫ്രാന്‌സില്‍ ജനമുണ്ട്" എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത് മ്ലേശ്ചതയുടെ ആസ്വാദനമാകാനിടയില്ല. ഇനി അങ്ങനെയുണ്ടെങ്കില്‍ തന്നെ, അവിടെ കാഴ്ചക്കാരുടെയിടയില്‍ ഭക്തിയില്‍ പൊതിഞ്ഞ കുറെ ഇന്ത്യാക്കാരും ഉണ്ടായിരുന്നു എന്നനുമാനിച്ചാല്‍ മതി! അതുപോലെ, തീര്‍ച്ചയായും യൂറോപ്പിലെങ്ങും ഈ വീഡിയോയുടെ ഒറിജിനല്‍ വേര്‍ഷന്‍ കണ്ടിട്ട് അടുത്ത നിമിഷത്തില്‍ മനുഷ്യര്‍ അത് മറന്നു കളയുമ്പോള്‍, ഇവിടത്തുകാരാകട്ടെ, ഞെട്ടില്ലാത്ത മുലകളെങ്കിലും കുറെ കാണാനായതില്‍ സന്തോഷിക്കുന്നുണ്ടാവണം! അതാണ്‌ പുരാതനവും നവീനവുമായ നമ്മുടെ ആര്‍ഷ- ക്രൈസ്തവസംസ്കാരം.

4 comments:

  1. സക്കറിസ് സാറിന്‍റെ അരിശം അല്മായാ ശബ്ദം ബ്ലോഗ്ഗിന്‍റെ മൂല്യം കളഞ്ഞു കുളിക്കുന്നവരെല്ലാവരോടുമാണ്. ഒരു സാധാരണ ബ്ലോഗ്ഗില്‍ കൂടുതലൊന്നും പോകാന്‍ സാധ്യതയില്ലാതിരുന്ന ഒരു ബ്ലോഗ്ഗിനെയാണ് ഏറെപ്പേര്‍ പരിശ്രമിച്ചു ശ്രദ്ധേയമായ ഒരു ചര്‍ച്ചാ വേദിയാക്കി മാറ്റിയത്. പോസ്ടിങ്ങുകളും ലിങ്കുകളും എല്ലാം കൃത്യമായി ലക്ഷ്യത്തിലേക്ക് നയിക്കുന്നതല്ലെങ്കില്‍ തിര്‍ച്ചയായും നാം നടത്തുന്ന മുനീട്ടത്തെയും പ്രതികൂലമായി ബാധിക്കും. ഇത് ഒഴിവാക്കാനും ഒരു ചര്‍ച്ചക്ക് സാദ്ധ്യതയുള്ള ഗൌരവമുള്ള കാര്യങ്ങള്‍ മാത്രം അവതരിപ്പിക്കാനും എല്ലാവരും ശ്രദ്ധിക്കുക. ഇക്കിളി വാര്‍ത്തകള്‍ക്ക് ധാരാളം പ്രസിദ്ധികരണങ്ങള്‍ വേറെയുണ്ടല്ലോ.

    ReplyDelete
  2. അമ്മിഞ്ഞിപാല് നുകര്ന്നവരാരും ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമല്ല ..പാരിസ് ലിടോ ഷോ കണ്ടപ്പോള്‍ 50 ഇല്‍ ഏറെ പെണ്‌പിള്ളെരു നഗ്നരായിരുന്നെഗ്കിലും താള ലയതിലുള്ള ടാന്സിങ്ങില്‍, എസ്ടജുകള്‍ കണ്മുന്നില്‍ അമ്മാനമ്മാടുന്നതിനിടയില്‌, അവരുടെ നഗ്നത ആരും കണ്ടാമയം കൊത്തെണ്ട്കാണില്ല "ഒരതിസയം" അതാണപ്പൊളത്തെ വികാരം ...ഇവിടെ ആ പെണ്‍കുട്ടികള്‍ സ്വയം മറന്നവരുടെ മനോഭാവം ലോകത്തെ അറിയിച്ചു ..അതവരുടെ രീതി എന്നോര്താല്‍മതി , ..

    ReplyDelete
  3. സാക്ക് പറഞ്ഞത് വളരെയധികം ശരിയാണ്. പെണ്ണിനെ മൂടിവെച്ചുള്ള സംസ്ക്കാരം ദോഷം ചെയ്യും. പണ്ടൊക്കെ പെണ്ണുമായി സംസാരിച്ചാല്‍ നാട്ടുകാരുടെ പ്രഹരം കിട്ടുമായിരുന്നു. സ്കൂളില്‍നിന്നും കോളേജില്‍നിന്നും ഒരു എഴുത്ത് കൊടുത്താല്‍ പുറത്താക്കുന്ന കാലവും ഉണ്ടായിരുന്നു. ബസിലും പള്ളിയിലും പൊതുവേദികളിലും സ്ത്രീകള്‍ക്ക് വെവ്വേറെ സീറ്റുകള്‍. ഈ മാമൂലുകളെല്ലാം ഒരുതരം വ്യക്തിഹത്യയാണ്.

    അമേരിക്കന്‍നാടുകളില്‍ വേനല്‍ക്കാലത്ത് സ്ത്രീകള്‍ വളരെ കുറച്ചു വസ്ത്രമേ ധരിക്കുകയുള്ളൂ. ഒരു പുരുഷനും സ്ത്രീയെ ചുരുങ്ങിയ വസ്ത്രധാരണത്തിന്റെ പേരില്‍ ശല്ല്യപ്പെടുത്താറി ല്ല. വഴിയേ നടക്കുന്ന സ്ത്രീയെ അവള്‍ ഏതു വേഷമാണെങ്കിലും ആരും ഗൗനിക്കാറുമില്ല. കേരളത്തില്‍ ഒരു സ്ത്രീയുടെ കാലുകണ്ടാല്‍മതി പുരുഷന്റെ ഒരാഴ്ചത്തെ ഉറക്കം കെടുത്തുവാന്‍. ബസില്‍ കയറിയാല്‍ സ്ത്രീകള്‍ മൊട്ടുസൂചിയുമായി കയറുന്നത് കാണാം. ഇത്തരക്കാരെ മറുനാടുകളില്‍ കാണാറില്ല. അടച്ചുകെട്ടിയ സംസ്ക്കാരമാണ് മന്ത്രിമാര്‍ക്കുവരെ വിമാനത്തിലാണെങ്കിലും സ്ത്രീകളെ തോണ്ടാന്‍ തോന്നുന്നത്. പുരോഹിതരും നീണ്ട കുപ്പായത്തില്‍ അടച്ചുപൂട്ടി നടക്കുന്നതുകൊണ്ട് ചില സ്ത്രീകള്‍ക്ക് പുരോഹിതരെകണ്ടാല്‍ അടക്കമൊതുക്കവും ഇല്ല. റോഷന്‍ പറഞ്ഞതുപൊലെയും മഞ്ഞപത്ര വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കാതെയിരിക്കുക. നമുക്ക് നല്ല എഴുത്തുകാരുണ്ട്‌. ഒരു പ്രസ്ഥാനവും വ്യക്തിയും നമ്മുടെ ശത്രുക്കളല്ല. അനീതിയും സാമൂഹ്യ അനാചാരങ്ങളും മതചൂഷണവും, സഭയുടെ ക്രിസ്തുവില്‍ നിന്നുള്ള അകല്‍ച്ചയും, പുരോഹിതരുടെ ലൈംഗിക ആരാജകത്വവും നമ്മള്‍ വിമര്‍ശിക്കുന്നത്‌ ശത്രുതയില്‌നിന്നല്ല. നാം ഉള്‍പ്പെട്ട സമൂഹത്തിനോടുള്ള സ്നേഹംകൊണ്ടാണ്.

    ReplyDelete
  4. താനെഴുതിയത്തിനു വിയോജനക്കുറിപ്പ്‌ കണ്ടാല്‍ കലികയറുന്നതിനു പകരം ഉത്പതിഷ്ണുത്വത്തോടെ വിഷയത്തെ വിശകലനം ചെയ്യാനാവുക എന്നതാണ് character അല്ലെങ്കില്‍ സ്വഭാവമേന്മ. എന്റെ സുഹൃത്ത് ജോസഫ് മാത്യുവിനു അതുണ്ട്. അതില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. അനേകായിരം ചിന്തകരോടൊത്ത് സമ്പര്‍ക്കം പുലര്‍ത്തി വളരെ നാള്‍ ജോലി ചെയ്തസംസ്കൃതി അദ്ദേഹത്തിന്‍റെ സ്വഭാവത്തെ പ്രകാശമുള്ളതാകിയിട്ടുണ്ട്. ഇതൊക്കെ ചിലര്‍ക്ക് മാത്രം കിട്ടുന്ന യോഗമാണ്.
    അറിവിന്റെയും അടുപ്പത്തിന്റെയും വെളിച്ചം കടന്നുവരാത്തവിധം അടച്ചുമൂടി നിരന്തരമായി ഞെരുങ്ങിക്കഴിയുന്നതിന്റെ ഭവിഷത്ഫലങ്ങളാണ് പള്ളികളിലും വണ്ടികളിലും പല വീടുകളിലും പോലും ആണ്‍-പെണ്‍ ഇടങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിവയ്ക്കാന്‍ നമ്മുടെ സമൂഹത്തെ നിര്‍ബന്ധിക്കുന്നത്‌. ചിന്താ- പെരുമാറ്റസ്വാതന്ത്ര്യം എന്തെന്നറിയാതെ മുരണ്ടുപോയ മനുഷ്യരാണ് നമ്മളില്‍ ഏറെയും. ജാതിഭേദങ്ങള്‍ സൃഷ്ടിച്ച തൊട്ടുകൂടായ്മയും തീണ്ടലുമൊക്കെ നമ്മളിലെ മനുഷ്യത്വത്തെ മുരടിപ്പിച്ചുകളഞ്ഞു. സ്വന്തം ജാതിയെക്കണ്ടാല്‍ വിളറിപിടിക്കുന്ന ജന്തുക്കള്‍ എങ്ങനെയാണ് മറ്റു ജാതികളെ അറിയുക? ഇതൊക്കെയാണ് തിരുത്തപ്പെടേണ്ട സാമൂഹിക തിന്മകള്‍. നമ്മുടെ പള്ളികളും അവകളില്‍ ജോലി ചെയ്യുന്നവരും പോലും ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ പിന്നെയെങ്ങനെ നന്നാവും?

    ഒരുദാഹരണം കുറിക്കാം. ധാരാളം ഇടമുള്ള പള്ളികള്‍ ഉയരുന്നുണ്ടല്ലോ. അവിടെ ബഞ്ചുകളും ചാരികളും (pews) പണുതിട്ട്, കുടുംബാംഗങ്ങള്‍ അടുത്തടുത്തിരുന്ന് ആരാധനയില്‍ പങ്കെടുക്കുന്ന ഒരു തഴക്കം തുടങ്ങിവയ്ക്കാം. ആരെവിടെ സ്ഥലം പിടിക്കുന്നു എന്നത് പിന്നെയൊരു വിഷയമാല്ലാതാകും. സ്ഥലകാലങ്ങളെയും ലിംഗവ്യത്യാസങ്ങളെയും മറികടന്ന് മനുഷ്യജാതിയെന്ന ദീര്‍ഘവീക്ഷണത്തിലേയ്ക്ക് നയിക്കാന്‍ ഇതിടവരുത്തും.

    ReplyDelete