Translate
Friday, February 22, 2013
വേടദൈവങ്ങളോടു പ്രാര്‍ഥിച്ചവനു നിത്യരക്ഷയില്ല.
സാക്ക് നെടുങ്കനാലിന്റെ പീഡാനുഭവ ലേഖനത്തില്‍ അദ്ദേഹം ചോദിക്കുന്നത് ശ്രദ്ധിക്കൂ, " സ്വന്തം മകനെ തനിക്കു ബലിയായി കൊന്നുകിട്ടാന്‍തക്ക സ്നേഹം ദൈവത്തിനു മനുഷ്യരോടു തോന്നി എന്നൊക്കെ വീമ്പിളക്കുന്നത് ദൈവാരാധനയോ ദൈവദൂഷണമോ?"
നിങ്ങള്‍ വചനം വായിച്ചു ജീവിക്കുന്ന ഉത്തമ ക്രിസ്ത്യാനിയെങ്കില്‍ ഈ ചോദ്യങ്ങള്‍ ഞാനും ചോദിക്കുന്നതില്‍ ക്ഷമിക്കുക. അപ്പന്‍ മകളെ വേശ്യാലയത്തില്‍ വിറ്റ കഥകളും നാം വായിച്ചു. അപ്പന്റെ ഈ സ്നേഹം മകനെ ബലികൊടുത്ത ദൈവ സ്നേഹവുമായി വിത്യാസമെന്ത്? ഒരു പക്ഷെ എന്റെ മനസിലെ ഓളങ്ങള്‍ താങ്കളെ നീരസപ്പെടുത്തിയേക്കാം. സ്വന്തം മകനെ സ്നേഹിക്കുവാന്‍ കഴിവില്ലാത്ത ദൈവം മകനെതന്നെ കുരുതികൊടുത്തിട്ടു വേണോ ലോകത്തിന്റെ മുഴുവന്‍ സ്നേഹം നേടുവാന്‍? ആ കുരുതിയെ എത്രമാത്രം ഉള്‌കൊള്ളുന്നുവോ അത്രമാത്രം ദൈവസ്നേഹവും ജ്വലിക്കുന്നു. ഗര്‍ഭപാത്രത്തില്‍ ചുമന്ന അമ്മയുടെ സ്നേഹവും അപ്പന്റെ സ്നേഹവും രണ്ടു തരത്തിലാണ്. അമ്മക്ക് കുഞ്ഞിനെ പാല്ലൂട്ടണം, താരാട്ടു പാടണം. അവിടെയാണ് അമ്മ അപ്പനെക്കാള് കുഞ്ഞുമായി ഒരു ആത്മബന്ധം ഉണ്ടാക്കുന്നത്. ദൈവം ഒരിക്കലും ഗര്‍ഭിണിയായില്ല. അല്ലെങ്കില്‍ കുഞ്ഞായിരുന്ന യേശുവിനെ വളരുന്നതുവരെ താലോലോച്ചില്ല. യേശുവിന്റെ മരണത്തോടെ പുത്രനെ വീണ്ടെടുത്ത സൗഭാഗ്യത്തില്‍ സ്വര്‍ഗത്തിലും ഒരു കുടുംബം സര്‍വ്വശക്തനായ ദൈവം പടുത്തുയര്‍ത്തിയിരിക്കുകയാണ്. അവന്‍ സൃഷ്ടിച്ച കോട്യാനുകോടി പിഞ്ചു കുഞ്ഞുങ്ങള്‍ പഞ്ഞം പട വസന്ത മാരക ദുരിതങ്ങളാല്‍ ചത്തൊടുങ്ങിയിട്ടുണ്ട്. അമ്മമാര്‍ മുലപ്പാലു കൊടുത്ത മക്കള്‍ എത്രയെത്ര.... കാലം തികയുന്നതിനുമുമ്പ് യുദ്ധഭൂമിയില്‍ മരിച്ചുവീണു. വീര മൃത്യുവും പരമചക്രവും നേടി. സ്വര്‍ഗത്തിലെ താവളങ്ങളില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടുമുട്ടുമെന്ന് ഒരു നിയമത്തിലും കാണുന്നില്ല. തന്റെ മകനെ ഭൂമിയിലേക്കയച്ച് ബലിയര്‍പ്പിച്ചു വീണ്ടും കുടുംബജീവിതം നയിക്കുന്ന ദൈവത്തിനെന്തേ കുടുംബമെന്തെന്നറിയാതെ തെരുവുകളില്‍ മാംസം വിറ്റു കത്തിയെരിയുന്ന മനുഷ്യജീവികള്‍ക്കും സ്വര്‍ഗത്തിലെങ്കിലും കുടുംബങ്ങള്‍ സൃഷ്ടിച്ചുകൂടാ?
നല്ല ക്രിസ്ത്യനിയായ ഒരുവന്‍ ഞായറാഴ്ച്ചകളിലും കടമുള്ള തിരുന്നാളുകളിലും പള്ളിയില്‍ പോവണം. കൈനീട്ടി വരുന്ന പുരോഹിതന് പണം എറിഞ്ഞു കൊടുക്കണം. പോരാഞ്ഞു ധ്യാനഗുരുക്കന്മാരുടെ വധവും സഹിക്കണം. കുഞ്ഞായിരിക്കുമ്പോള്‍തന്നെ പാസ്റ്റര്‍മാരും വേദപാഠധ്യാപകരും ഒത്തു ചേര്‍ന്ന് പത്തു കല്‍പ്പനകളും പുരൊഹിതനിഷ്ടമുള്ള വചനങ്ങളും തലയിലടിച്ചു കയറ്റും. പള്ളിക്കകത്തു ഭ്രുഷ്ടം തിരിഞ്ഞു നില്‍ക്കുന്ന പുരോഹിതന്റെ കീഴ്ശ്വാസങ്ങള്‌ക്കു താഴെ ഭക്തെരെന്നും കുമ്പിട്ടും നില്‍ക്കണം. സ്വര്‍ഗം കിട്ടുവാനുള്ള വിഷം തലയില്‍ അടിച്ചു കയറ്റിയിട്ടുണ്ട്. വിശുദ്ധപുസ്തകം ദൈവത്തിന്റെ വാക്കുകളെന്നും ദൈവം എനിക്കുവേണ്ടി മരിക്കാന്‍ തന്റെ മകനെ അയച്ചുവെന്നും അവനെ വിശ്വസിച്ചാല്‍ എനിക്ക് നിത്യസൗഭാഗ്യം കിട്ടുമെന്നും കീഴ്ശ്വാസവും മേല്‍ശ്വാസവും ശ്വസിച്ച് ഞാന്‍ വിശ്വസിച്ചേ മതിയാവൂ.
വെള്ളക്കാരന്‍ അമേരിക്കയില്‍ വരുന്നതുവരെ അമേരിക്കന്‍ റെഡ്ഇന്ത്യന്‍സ് വര്‍ഗം അവിടെ ആയിരകണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞുകൂടി. അവര്‍ ക്രിസ്ത്യാനികള്‍ ആയിരുന്നില്ല. സ്നേഹമുള്ള ഈ ദൈവത്തിനു, പ്രകൃതിയും ദൈവങ്ങളുമായി കഴിഞ്ഞ ഒരു വര്‍ഗത്തിനെ കാണുവാന്‍ സാധിക്കാഞ്ഞത് എങ്ങനെ? വിശ്വസിച്ചു കൊള്ളണം, ഇല്ലെങ്കില്‍ നിത്യനരകം. ഇത്തരം പറ്റിപ്പ് നടത്താതെ മറ്റെന്തിങ്കിലും പണിചെയ്യൂ പുരോഹിതാ? തന്നോട് ഈ ചോദ്യം ചോദിച്ചാല്‍ താന്‍ കുപിതനായി ദൈവത്തിന്റെ മനസിനെ ചോദ്യം ചെയ്യുവാന്‍ നീ ആരെന്നു തിരിച്ചു ചോദിക്കും? എടോ, പിന്നെയും സംശയം. ഈ ദൈവത്തിനെയും പഞ്ചഭൂതങ്ങള്‍കൊണ്ടോ സൃഷ്ടിച്ചത്? ഇക്കാണുന്ന ജനത്തെ മനസിലാക്കുവാന്‍ ആ ദൈവത്തിനു എത്ര തലകളുണ്ടെന്നും വ്യക്തമാക്കൂ? ഉത്തരം കിട്ടാത്ത ചോദ്യം ചോദിച്ചാല്‍ ഇയാള്‍ നമ്മെ ശിക്ഷിക്കും. ഉത്തരം തരാന്‍ സാധിക്കാത്ത റെവ. ഡോക്റ്റര്‍ തീയൊളജി ബിരുദവും പേറി നടക്കാനും യാതൊരു ലജ്ജയും ഇല്ല.
മതം കല്‍പ്പിക്കാത്ത ഒരു ദൈവത്തെ വിശ്വസിക്കാത്ത നെഹ്രുവിന്റെയും തോമസ് ജെഫേഴ്സന്റെയും തോമസ് ഫയിന്റിന്റെയും വിധിയെന്താണ്? ഇവരെല്ലാം പ്രാര്‍ഥനക്കായി പാഴാക്കുവാന്‍ സമയമില്ലെന്നു പറഞ്ഞവരാണ്. മഹത്തായ രണ്ടു രാജ്യങ്ങളെ ഭരിച്ച ഈ മഹാന്മാര്‍ ദൈവശാസ്ത്രജ്ഞരുടെ ദൃഷ്ടിയില്‍ വിവരം കെട്ടവരാണ്. നരകത്തിലെ കഴുകന്‍ കൊത്തി വലിക്കുന്ന ദുരാത്മാക്കളും. അവരുടെ തത്വങ്ങളും ആചാരങ്ങളും എഴുത്ത് കൃതികളും ക്രൈസ്തവ പുരോഹിതര്‍ക്ക് എന്നും വെല്ലുവിളികളാണ്. തെറ്റാവരമുള്ള മതങ്ങളുടെ വചനങ്ങള്‍ അവര്‍ ശ്രവിച്ചില്ല.
ശാസ്ത്രം പുരോഗമിച്ചതോടെ പുരോഹിതന്റെ ഉല്‍പ്പത്തിപുസ്തകം ചിതലുപിടിക്കാനും തുടങ്ങി. ചോദ്യങ്ങളും അനശ്ചിതത്വവും സംശയങ്ങളും നരകമെന്ന ഭയവും ഉള്ളിലൊതുക്കി സഭയ്ക്ക് ഊഴിയം ചെയ്തു നിത്യമായി രക്ഷപ്പെടണമെങ്കിലും കടമ്പകളേറെ കടക്കണം. ഇതെല്ലാം ഒരു നോവലായിരുന്നുവെന്ന് ചിന്തിക്കുന്നവന്‍ മനസിലാക്കും. ഇതെഴുതിയ എനിക്കും ഓമനപ്പേരുകള്‍ ഉണ്ട്, കേട്ടോളൂ, നാസ്തിക വിശ്വാസവഞ്ചകന്‍, അവിശ്വാസി, അജ്ഞേയതാവാദി, ഈശ്വരനിന്ദകന്‍ എന്നിങ്ങനെ പോകുന്നു. എടൊ പുരോഹിതാ തന്റെ കുഞ്ഞാടെന്നുള്ള ലജ്ജാവാക്കിനെക്കാളും താന്‍ എന്റെ പേരില്‍ പ്രയോഗിക്കുന്ന ഈ നിന്ദാപദങ്ങളില്‍ ഞാന്‍ അഭിമാനിച്ചു കൊള്ളാം.
നിന്റെ മതത്തില്‍ വിശ്വസിച്ചില്ലെങ്കില്‍, നിന്റെ പ്രവാചകനെ വിശ്വസിച്ചില്ലെങ്കില്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചില്ലെങ്കില്‍ എനിക്ക് നിത്യനരകം വിധിക്കുന്ന നീ ആര്, എന്റെ വിധിയാളനോ? എന്നെ നരകത്തില്‍ കത്തിയെരിയിപ്പിക്കുമോ? ഞാന്‍ നല്ലവനെങ്കിലും നീ വിശ്വസിക്കുന്ന മതത്തില്‍ ഞാന്‍ വിശ്വസിക്കണം പോലും. മലമുകളിലെ ഒരു കുടിലില്‍ മലവേടനായി ജനിച്ചു വേടദൈവങ്ങളോടു മാത്രം പ്രാര്‍ഥിച്ച അവനും രക്ഷകനെ കാണാഞ്ഞതുകൊണ്ട് നിത്യരക്ഷയില്ല.
എന്താണിതിനര്‍ഥം ? ഭൂമിയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്കുമാത്രം വിഭാവനചെയ്യുന്ന സ്വര്‍ഗത്തില്‍ അവര്‍ക്കായി തേനും പാലും ഒഴുകുന്നുണ്ട്. മതമെന്ന് പറയുന്നത് ഒരു പന്തുകളിപോലെയാണ്. ഓരോരുത്തരും അവന്റെ കോര്‍ട്ടിലെ പന്തിനെ മാത്രം മതി. അവന്റെ ദൈവത്തെ തേടി അവന്‍ സ്വന്തം അറയില്‍ സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥം തേടുന്നു. അവനറിയുന്നില്ല, ഭൂമിയിലെ ന്യായപീഠത്തിലിരിക്കുന്നവന്‍ വചനത്തിലെ നിയമങ്ങള്‍ തള്ളി കളയുമെന്നും. കാരണം വചനങ്ങളിലുള്ള ആ പഴംപുരാണം മുഴുവന്‍ കേട്ടുകേള്‌വികളാണ്. കോടതികള്‍ തള്ളി കളയുന്ന മതനിയമങ്ങള്‍, പഴംകഥകള്‍ ഞാന്‍ ഉള്‍പ്പെട്ട ലോകത്തിന്റെ തത്വങ്ങളില്‍ മൗലിക ജീവിതത്തിന്റെ അടിസ്ഥാനം ആകുന്നതെങ്ങനെ?
പ്രകൃതിയും ചുറ്റുമുള്ള ലോകത്തിലും ആയിര കണക്കിന് ദൈവങ്ങളുള്ളപ്പോള്‍ സ്വയം ദൈവത്തെ പരിപാലിച്ചു സ്വയം തേടി അദ്വൈതധാരയില്‍ ദൈവത്തെ കണ്ടെത്തുവാന്‍ യുക്തിയുടെ ചിന്തകരും ചിന്തിക്കുന്നു. അജ്ഞതയുടെ കൊടുംകാറ്റില്‍ കെട്ടുകഥകളും കേട്ട്, ധ്യാന ഗുരുക്കന്മാരുടെ പ്രസംഗങ്ങളില്‍ അടിമപ്പെട്ടു നടന്നാല്‍ സത്യത്തെ എങ്ങനെ കണ്ടുപിടിക്കും? സത്യം വാഴുന്നത് ഹൃദയത്തിലെ സ്വയം പരിശുദ്ധിയില്‍നിന്നാണ്. യേശു പറ ഞ്ഞു, അന്വേഷിപ്പിന്‍ കണ്ടെത്തും. എങ്കില്‍ സത്യം നിന്റെ ഹൃദയത്തിന്റെ വാതില്‍ക്കല്‍ വന്നു മുട്ടും. നീ വെളിച്ചമായി തുറന്ന മനസ്സോടെ അവനെ കാത്തിരിക്കൂ.?
Subscribe to:
Post Comments (Atom)
നമ്മുടെ സകരിയാസ് നെടുംകനാലിന്റെ ലേഖനങ്ങള്‍ st .paul ഇന്റെ രചനയോളം പരി.ആത്മാവ് നിറഞ്ഞതല്ലേ എന്ന് തോന്നിപോകും ചിന്തിക്കുന്ന കത്തനാരന്മാര്‍ക്കുപോലും ...ക്രിസ്തയനിക്ക് നാക്കേല്‍ വയ്ക്കാന്‍ കൊള്ളാത്ത ദാവീദിന്റെ ഈരടികള്‍ സ്ഥിരമായി മാപ്പിളെതീറ്റിക്കുന്ന പാതിരിക്കും നാണം തോന്നും സക്കരിയാചായനെ പരിചയപ്പെട്ടാല്‍.................... ഞങ്ങള്‍ സമാന മാനസരാണു താനും..
ReplyDelete