Translate

Monday, February 4, 2013

വേണ്ട വക്കീലെ വേണ്ടാ.....

കത്തോലിക്കാ സഭയുടെ അല്മായാ കമ്മീഷന്‍റെ ഔദ്യോഗിക പ്രസിദ്ധികരണത്തില്‍ സഭാ പിതാക്കന്മാരെയും സഭയെയും കളങ്കപ്പെടുത്താനുള്ള ചില തത്പര കക്ഷികളുടെ ശ്രമം പരാജയപ്പെടുമെന്നും ആ ഭീഷണി സഭയോട് വേണ്ടെന്നും പറഞ്ഞിരിക്കുന്നു. ആഹ്വാനം പിതാക്കന്മാരുടെ പേരിലാണെങ്കിലും, വളരെ തന്മയത്തോടെ എഴുതിയിരിക്കുന്ന പ്രസ്തുത ലേഖനം നിയമം പഠിച്ച ആരോ എഴുതിയതാണെന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാവുന്നതേയുള്ളൂ. ലേഖനം അല്മായാ ശബ്ദത്തിനിട്ടാണെന്നും വ്യക്തം.

കേരള ക്രിസ്ത്യാനികള്‍ ആറ്റു നോറ്റു വളര്‍ത്തിയ ദീപികയുടെ കോടിക്കണക്കിനു രൂപയുടെ മുതല്‍ നഷ്ടപ്പെടുത്തിയ നേതാവിനെ വിമര്‍ശിക്കാന്‍ പാടില്ല, സ്വന്തം ബന്ധുവിന്‍റെ കോടിക്കണക്കിനു രൂപയുടെ മുതല്‍ തട്ടിയെടുത്തെന്നു കോടതിയില്‍ കേസുള്ള മെത്രാനെ വിമര്‍ശിക്കാന്‍ പാടില്ല. വിദേശത്തുകൂടെ ഒളിച്ചും പാത്തും നടക്കുന്ന മെത്രാനെ അന്വേഷിക്കാന്‍ പാടില്ല. സ്വന്തം രൂപതയില്‍ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന തമ്പുരാനെ ചോദ്യം ചെയ്യാന്‍ പാടില്ല. എല്ലാം പരിശുദ്ധാത്മാവിനെതിരായുള്ള പാപം...... ലജ്ജയില്ലേ ഇത്രയൊക്കെ നിവര്‍ന്നു നിന്ന് പറയാന്‍?

സഭയില്‍നിന്നു അനേകര്‍ ദിനം പ്രതിദിനം ചോരുന്നു, ആര്‍ക്കു ചേതം? പിതാക്കന്മാര്‍ക്കു പാര്‍ക്കാന്‍ കോടികളുടെ അരമനകളുണ്ടല്ലോ, സഞ്ചരിക്കാന്‍ പുതു പുത്തന്‍ കാറുകളുണ്ടല്ലോ, കഴുത്തിലണിയാന്‍ സ്വര്‍ണ്ണ രുദ്രാക്ഷ മാലയും, വിലകൂടിയ ‘വെളുത്ത’ സ്വര്‍ണ്ണമാലകളും  ഉണ്ടല്ലോ, വരുമാനത്തിന് ഷോപ്പിംഗ്‌ കൊമ്പ്ലക്സുകളും, കറവ വറ്റാത്ത ആടുകളും ഉണ്ടല്ലോ. പക്ഷെ പിതാക്കന്മാരെ, നിങ്ങളെ നികൃഷ്ട ജീവികളെന്നും, അവനെന്നും ഇവനെന്നുമൊക്കെ പരസ്യമായി വിളിച്ചുപറഞ്ഞവര്‍ക്ക് ഇവിടെ വോട്ടു കൂടിയിട്ടേ ഉള്ളൂ. ഒരു സാംസ്ക്കാരിക പൊതു പരിപാടിക്കും നിങ്ങളില്‍ ഒരുത്തരെയെങ്കിലും ആരെങ്കിലും ഇന്ന് വിളിക്കുന്നുണ്ടോ? അത്രയ്ക്കുണ്ട് വില. ഉള്ളതും കൂടി കളയരുത് പിതാക്കന്മാരെ. ‘ഇന്നത്തെ നമ്മുടെ സഭയുടെ പോക്കില്‍ നിങ്ങള്‍ സംതൃപ്തരാണോ?’ ഒറ്റ ചോദ്യം. ആണെന്ന് ഭൂരിപക്ഷവും പറയുന്ന ഒരൊറ്റ ഇടവക കാണിച്ചു തരാമോ? വെല്ലുവിളിച്ചു ചോദിക്കുന്നു.

സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ പലതും തോന്നും.ദ്രവിച്ചുകൊണ്ടിരിക്കുന്നതും മറ്റുള്ളവര്‍ അവഹേളിച്ചുകൊണ്ടിരിക്കുന്നതുമായ ഈ സഭക്കു എന്ത് സംഭവിക്കുമെന്ന് നിശ്ചയമില്ലെങ്കിലും, തീര്ച്ചയുള്ള ഒരു കാര്യമുണ്ട്.... ഇവിടെ സുഖിച്ചവര്‍ അവിടെ നരകിക്കും. യേശുവിന്‍റെ പേരില്‍ മറ്റുള്ളവര്‍ക്ക് ഉതപ്പു കൊടുക്കുകയും, അനേകരെ വഴിതെറ്റിക്കുകയും ചെയ്യുന്ന ഈ അധികാര വര്‍ഗ്ഗത്തിന് ദൈവം മാപ്പ് കൊടുക്കില്ല. യേശുവിന്‍റെ പേരില്‍ തുടങ്ങിയ  സഭ ഇപ്പോള്‍ മാതാവും കുറെ പുണ്യവാന്മാരും, കുറെ അല്ലേലൂജാക്കാരും കൂടി  ഹൈജായ്ക്ക് ചെയ്ത അവസ്ഥ....

ഏതായാലും വിരട്ട് അല്മായാ ശബ്ദത്തിനിട്ടു വേണ്ട.... ഇന്ത്യന്‍ കോടതികള്‍ പള്ളിവകയല്ലെന്നു കൂടി ഓര്‍ക്കുക. എക്കാലവും ജനം എല്ലാം സഹിച്ചു കൊള്ളുമെന്നും കരുതരുത്. പെരുന്നാളിന് അഞ്ചു രൂപയുടെ സാധനം ഇരുപതു രൂപയ്ക്ക് വിറ്റു കാശുണ്ടാക്കാന്‍ സോഡാലിറ്റിക്കാരെയും മിഷന്‍ ലിഗുകാരെയും പഠിപ്പിക്കുന്നു.... വളര്‍ന്നു വരുന്ന തലമുറ നിങ്ങളെ വില്‍ക്കാന്‍ ശ്രമിക്കുന്നു; അതിനു മലര്‍ന്നു കിടന്നു കാറിയിട്ട് എന്ത് ഫലം?           

2 comments:

  1. പ്രിയ റോഷന്‍ " ഭൂമിയില്‍ നിങ്ങള്‍ ആരെയും പിതാവേ എന്ന് വിളിക്കരുതേ ,ഒരുവനത്രേ നിങ്ങളുടെ പിതാവ് ,സ്വര്‍ഗസ്ഥന്‍ തന്നെ. ("st മാത്യു 23/9 ) ആദ്യം പിതാവേ വിളി നിര്‍ത്തൂ ; "വന്ദ്യനായ ബിഷോപെ "" വന്ദ്യനായ കത്തനാരെ"എന്നാവട്ടെ നാവില്‍ .പഴയ ശീലം മാറ്റ് .മാറ്റുവിന്‍ ചട്ടങ്ങളെ .മാറ്റുവീന്‍ ശീലങ്ങളെ..

    ReplyDelete
  2. സാമുവേല്‍ സാര്‍ പറഞ്ഞതിനോട് യോജിക്കാതെ വയ്യ. നേരത്തേ നമ്മള്‍ ഒരാഴ്ചയോളം ഈ പിതാവേ വിളിയെപ്പറ്റി ഡിസ്കസ് ചെയ്തതാണ്, അതിലെ അര്‍ത്ഥശൂന്യതയെപ്പറ്റി സ്വയം ബോദ്ധ്യപ്പെടുത്തിയതാണ്. എന്നിട്ടും, പലര്‍ക്കും ആ ശീലം വായില്‍ത്തന്നെ കിടക്കുകയാണ്. നേരിട്ടുള്ള സംബോധനയില്‍ മാത്രമല്ല, മൂന്നാം പാര്‍ട്ടിയായി (even in the thrid person) ഇവരെപ്പറ്റി സംസാരിക്കുകയോ എഴുതുകയോ ചെയ്യുമ്പോഴും ഇവര്‍ ഭൂമിയില്‍ ആരുടെടെയും പിതാക്കളല്ല എന്ന കാര്യം മറക്കരുത്. 'ശ്രീമാന്‍ മെത്രാന്‍' എന്നത് തഴക്കമാകണം.സംസാരത്തില്‍ പലരും ഇക്കാര്യം മറക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സ്വന്തം അപ്പനെപ്പോലും (ജോസഫിനെ) ഈ പേരിന് യേശു യോഗ്യനാക്കിയില്ല എന്നത് കാര്യത്തിന്റെ ഗൌരവത്തെയല്ലേ സൂചിപ്പിക്കുന്നത്? No compromise on this point, please!

    ReplyDelete