-ഫാ. ഡേവീസ് കാച്ചപ്പിള്ളി,
സീറോമലബാര്‍ സഭയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനമനുസരിച്ചുള്ള അധുനാതന നവീകരണത്തിന് അടിസ്ഥാനമായ കാര്യമാണ് സഭയുടെ പൊതുസിനഡ്. 'സഭ വിശ്വാസികളുടെ കൂട്ടായ്മയാണ്' എന്നതാണ് അതിന്റെ അടിസ്ഥാനം. സഭയില്‍ എല്ലാ ഘടകങ്ങളുടേയും അഭിപ്രായങ്ങളും ആവശ്യങ്ങളും പ്രശ്‌നങ്ങളും നീതിയായി കൈകാര്യം ചെയ്യാന്‍ സാധിക്കണമെങ്കില്‍ എല്ലാവരുടേയും പങ്കാളിത്തം ഉള്ള സിനഡ് ഉണ്ടാകണം. പങ്കാളിത്തമില്ലാതെ സഭയെ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കാനാകില്ല. കൂട്ടായ്മയുടെ നന്മ ഏകപക്ഷീയ നേതൃത്വത്തിലൂടെ പ്രതീക്ഷിക്കാനുമാകില്ല. മാത്രമല്ല ഏകാധിപത്യനേതൃത്വവും ഏകപക്ഷീയ നിയമങ്ങളും കൂട്ടായ്മയെ നിര്‍വീര്യമാക്കുകയേ ഉള്ളു. സഭയുടെ ഒട്ടേറെ നടപടികളില്‍ എതിര്‍പ്പുകളും നിസ്സഹകരണങ്ങളും തല്‍ഫലമായ പ്രശ്‌നങ്ങളും ഉരുതിരിയുന്നത് നടപടികള്‍ കൂട്ടായ്മയിലൂടെ രൂപപ്പെടുത്താത്തതുകൊണ്ടാണ്. അതുകൊണ്ട് സഭാസിനഡില്‍ മെത്രാന്മാരും, വൈദികരും, സന്യസ്തരും അല്‍മായരും പ്രാതിനിധ്യ സ്വഭാവത്തോടെയും അധികാരാവകാശങ്ങളോടെയും ഉണ്ടാകേണ്ടത് ആധുനിക സഭയുടെ കെട്ടുറപ്പിനും ഐക്യത്തോടെയുമുള്ള വളര്‍ച്ചയ്ക്കും വളരെ അത്യാവശ്യമാണ്. സഭയുടെ അടിസ്ഥാനം ശക്തമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. അടിസ്ഥാനം ശക്തമായിരുന്നാല്‍ സഭയുടെ പുരോഗതിയും ശക്തമാകുമല്ലോ. ശക്തമായ അടിസ്ഥാനത്തില്‍ ഭവനം പണിയണമെന്ന സുവിശേഷ ദര്‍ശനമാണ് ഇക്കാര്യത്തിലും സഭയ്ക്ക് പ്രചോദനമാകേണ്ടത്. കൂട്ടായ്മയായിരുന്നു സഭയുടെ ശക്തിയെന്നായിരുന്നല്ലോ ആദിമസഭ ലോകത്തിനും സഭയ്ക്കും നല്‍കുന്ന പാഠവും മാതൃകയും ഈ മാതൃകയില്‍ സഭയെ നവീകരിക്കണം എന്നാണ് കൗണ്‍സിലിന്റെ പ്രബോധനം. ഇതിനുള്ള പരിശുദ്ധാത്മാവിന്റെ ശക്തി സഭയ്ക്കു മുഴുവനും ലഭിക്കാനായി മാനസിക ഐക്യത്തോടെ പ്രാര്‍ത്ഥിക്കയും, പ്രവര്‍ത്തിക്കയും ചെയ്യാം. ഇത് സഭയിലെ എല്ലാവരുടേയും കടമയാണെന്നത് മറക്കാതിരിക്കാം.
ഫോണ്‍ : 9497179433
No comments:
Post a Comment