Translate

Wednesday, February 27, 2013

JCC രൂപതാമാര്‍ച്ച് തടയലിലൂടെ മെത്രാന്മാര്‍ തെളിയിക്കുന്നത്


ജോര്‍ജ് മൂലേച്ചാലില്‍
(ഫെബ്രുവരി ലക്കം സത്യജ്വാലയിലെ എഡിറ്റോറിയല്‍)


യഹൂദപൗരോഹിത്യത്തിനും അതു ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ, യേശുവിന്റെ നേതൃത്വത്തില്‍ കഷ്ടിച്ചു പന്ത്രണ്ടുപേരുടെ ഒരു സംഘം രൂപംകൊണ്ടപ്പോള്‍, അന്നത്തെ പുരോഹിതസംവിധാനം കിടിലംകൊണ്ടു. ദൈവാലയത്തെ കച്ചവടശാലയാക്കിയവര്‍ക്കെതിരെ അവിടുന്ന് ചാട്ടവാറുയര്‍ത്തിയതോടെ, 'കൊല്ലരുത്' എന്ന ദൈവകല്പന മാറ്റിവച്ച്, 'ഒരുവന്‍ കൊല്ലപ്പെടുന്നതു നല്ലത്' എന്ന ജനങ്ങള്‍ക്കുവേണ്ടിയെന്നപോലെ, പ്രഖ്യാപിക്കുകയായിരുന്നു പൗരോഹിത്യം. രാഷ്ട്രീയശക്തിയും പുരോഹിതശക്തിയും കൈകോര്‍ത്തുനിന്ന് ആളുകളെ ഇറക്കി 'അവ നെ ക്രൂശിക്കുക' എന്നാര്‍ത്തു വിളിക്കുകയും സത്യത്തെ ക്രൂശിക്കുകയും ചെയ്തു, അവര്‍. ഇന്നും പൗരോഹിത്യം ആവര്‍ത്തിക്കുന്നത് ഇതുതന്നെ.

കത്തോലിക്കാപൗരോഹിത്യത്തിനും അതു വിശ്വാസിസമൂഹത്തിനുമേല്‍ അടിച്ചേല്‍പിച്ച നിയമങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അഴിമതികള്‍ക്കുമെതിരെ, യേശുവില്‍ ധീരതയാര്‍ജ്ജിച്ച് ഏതാനും ചെറിയ സംഘടനകള്‍ കേരളത്തിലുദയംകൊണ്ടത്  ഇന്നു കേരളത്തില്‍ അതിശക്തമായി നിലകൊള്ളുന്ന കത്തോലിക്കാ പൗരോഹിത്യത്തിന്റെ ഉറക്കംകെടുത്തിയിരിക്കുന്നു. അവ തമ്മില്‍ കൈകോര്‍ത്ത് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' എന്ന എളിയതെങ്കിലും എല്ലുറപ്പുള്ള ഒരു അഖിലകേരളപ്രസ്ഥാനം ഉണ്ടായതുമുതല്‍ അധികാരപൗരോഹിത്യത്തിന്റെ കോട്ടക്കൊത്തളങ്ങളില്‍, ഈ പ്രസ്ഥാനത്തെ എങ്ങനെ വധിക്കാം എന്ന ഗൂഢാലോചന നടക്കുന്നു. ദൈവാലയത്തെ കച്ചവടശാലയാക്കിയവര്‍ക്കെതിരെ ജറുസലേംപ്രവേശനം നടത്തിയ യേശുവില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട്, കേരളകത്തോലിക്കാ സഭയെയാകെ അഴിമതിയും അനീതിയും ചൂഷണവും നിറഞ്ഞ കച്ചവടശാലയാക്കുന്നതിനെതിരെ, 'ജോയിന്റ് ക്രിസ് ത്യന്‍ കൗണ്‍ സില്‍' ധാര്‍മ്മികതയുടെ ചാട്ടവാറുമായി സഭാ ആസ്ഥാ നങ്ങളിലേക്കു മാര്‍ ച്ചു നയിക്കാന്‍ തീ രുമാനിച്ചതോടെ, രാഷ്ട്രീയവും മത വും വീണ്ടും കൈകോര്‍ത്തിരിക്കുന്നു. വമ്പിച്ച പോലീസ് പടയെ നിയോഗിച്ചും, ഭക്തസംഘടനകളിലുള്ളവരെ ദേവാലയഭടന്മാരാക്കി ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലിറക്കിയും ഈ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാനുള്ള തത്രപ്പാടിലാണ് ഇന്ന് കേരളത്തിലെ കത്തോലിക്കാ സഭാധികാരം. കാഞ്ഞിരപ്പള്ളി രൂപതാ മാര്‍ച്ചിലും ചങ്ങനാശ്ശേരി അതിരൂപതാമാര്‍ച്ചിലും കണ്ടത് അതാണ്.

'അയ്യേ! അതെന്തായാലും വളരെ മോശമായിപ്പോയി' എന്ന് കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ ആരും പറഞ്ഞുപോകുന്ന 'ആവേ മരിയ' ഭൂമിതട്ടിപ്പുപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കാഞ്ഞിരപ്പള്ളി മെത്രാനും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തായ്ക്കും മേജര്‍ ആര്‍ച്ചുബിഷപ്പിനും ജെ.സി.സി മുമ്പേതന്നെ അയച്ചിട്ടുള്ളതാണ്. പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിഷേധിച്ചോ, എന്തെങ്കിലും മറുവാദങ്ങള്‍ നിരത്തിയോ, അനുരഞ്ജനസംഭാഷണത്തിനു ക്ഷണിച്ചോ ഉള്ള യാതൊരറിയിപ്പും ഇന്നേവരെ ജെ.സി.സി-ക്കോ, ഭൂമിനഷ്ടപ്പെട്ട മോണിക്കാ തോമസിനോ കിട്ടിയിട്ടില്ല. ജനാധിപത്യബോധവും സംസ്‌കാരവുമുള്ള ഒരു ജനത ഇതിനെ എങ്ങനെ മനസ്സിലാക്കണം? 'നിങ്ങളോടൊന്നും മറുപടി പറയാന്‍ ഞങ്ങള്‍ക്കു ബാധ്യതയില്ല' എന്ന മെത്രാന്മാരുടെ ഹുങ്കല്ലേ ഇവിടെ പ്രകടമാകുന്നത്? 

സ്‌നേഹത്തെക്കുറിച്ചും, പശ്ചാത്തപിക്കേണ്ടതിന്റെയും അനുരഞ്ജനപ്പെടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ഉപദേശിക്കുന്നവരും ഇടയലേഖനങ്ങളെഴുതുന്നവരുമാണിവര്‍ എന്നോര്‍ക്കണം. ഇവരെല്ലാവരും എല്ലാദിവസവും ദിവ്യബലി അര്‍പ്പിക്കുന്നവരുമാണ്. 'ആര്‍ക്കെങ്കിലും തന്നോട് എന്തെങ്കിലും വിരോധമുണ്ടെന്നറിയാമെങ്കില്‍, അങ്ങോട്ടുചെന്ന് അയാളുമായി അനുരഞ്ജനപ്പെട്ടിട്ടുമാത്രമേ ബലിയര്‍പ്പിക്കാവൂ' എന്ന യേശുവിന്റെ കല്പന അറിയാത്തവരുമല്ലിവര്‍. തന്നെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തതിന്റെ പേരില്‍ ആവേ മരിയ വൈദികരോടും, അതു തിരിച്ചേല്‍പിക്കാന്‍ നടപടി സ്വീകരിക്കാത്ത കാഞ്ഞിരപ്പള്ളി മെത്രാനോടും, അവരെ ഉപദേശിച്ചു തിരുത്താന്‍ കൂട്ടാക്കാത്ത മറ്റു സഭാമേലധികാരികളോടും മോണിക്കാ തോമസിന് ന്യായമായും അമര്‍ഷമുണ്ടാകും. അവരുടെ ദുഃഖത്തില്‍ പങ്കുകൊള്ളുകയും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' പ്രവര്‍ത്തകര്‍ക്കും അവരോടെല്ലാം ധാര്‍മ്മികരോഷമുണ്ട്. അതിന്റെ പ്രകടനമായിരുന്നു , ഇക്കഴിഞ്ഞ രൂപതാമാര്‍ച്ചുകള്‍. പക്ഷേ, ഒരനുരഞ്ജനത്തിനും ഒരു മെത്രാനും തയ്യാറാകുന്നില്ല. പകരം, യാതൊരു മനക്കടിയും കൂടാതെ, ഇവരെല്ലാം ഇന്നും നിര്‍ബാധം കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്! ഇതെന്തൊരു യേശുനിന്ദയാണെന്നോര്‍ത്തുനോക്കുക.

ദൈവനിന്ദ മാത്രമല്ല, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' ജനങ്ങളുടെ മുമ്പില്‍ തുറന്നു കാണിക്കാനാഗ്രഹിക്കുന്ന കേരളത്തിലെ സഭാധികാരത്തിന്റെ മറ്റെല്ലാ അക്രൈസ്തവികതകളും സ്വന്തം നിലയില്‍ത്തന്നെ മറനീക്കി തുറന്നുകാണിക്കുകയാണ്, ഇന്ന് ഓരോ മെത്രാനും. കാഞ്ഞിരപ്പള്ളിയില്‍ ജനങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങിക്കൊണ്ട് നടത്തിയ രൂപതാമാര്‍ച്ച് ഗുണ്ടകളുടെ നേതൃത്വത്തിലുള്ള യുവദീപ്തി പിള്ളേര്‍ക്ക് മദ്യവും തീറ്റയും പണവുംകൊടുത്ത് തടഞ്ഞ്, മാര്‍ അറയ്ക്കല്‍ നടത്തിയ പ്രകടനം ലോകത്തിനുമുമ്പില്‍ തെളിയിച്ചതെന്താണ്? വെറും അമ്പതോ അറുപതോ പേരുടെ ഒരു പ്രകടനത്തെ ഒരടിപോലും മുന്നോട്ടുനീങ്ങാന്‍ സമ്മതിക്കാത്തവിധത്തില്‍, പോലീസ് സേനയെയും രാഷ്ട്രീയക്കാരെയും ഭക്തസംഘടനാപ്രവര്‍ത്തകരെയും ഒന്നുപോലെ ദേവാലയഭടന്മാരാക്കിക്കൊണ്ട് പ്രകടനം തുടങ്ങാനിരുന്നിടത്തുതന്നെ ഇറക്കി, തങ്ങളുടെ മത-രാഷ്ട്രീയശക്തി പ്രകടിപ്പിച്ച ചങ്ങനാശ്ശേരി അതിരൂപതാനേതൃത്വം ലോകത്തിനുമുമ്പില്‍ തെളിയിക്കുന്നതെന്താണ്? കുമാരി ഇന്ദുലേഖയുടെ കൈയിലുണ്ടായിരുന്ന ക്രൂശിതരൂപം രാഷ്ട്രീയഗുണ്ടകളെക്കൊണ്ട് ബലപ്രയോഗം നടത്തി പിടിച്ചുവാങ്ങിപ്പിച്ച അതിരൂപതാ നേതൃത്വത്തെ ക്രൈസ്തവരും പൊതുസമൂഹവും എങ്ങനെയാവും വിലയിരുത്തിയിട്ടുണ്ടാകുക?

അതുപോലെതന്നെ, നീതിക്കുവേണ്ടി ത്യാഗസന്നദ്ധരായി മുന്നിട്ടിറങ്ങുകയും, ഏതക്രമത്തിന്റെ മുമ്പിലും പതറാതെയും പ്രകോപിതരാകാതെയും സംയമനത്തോടെ നിലകൊളളുകയും ചെയ്ത ജെ.സി.സി. പ്രവര്‍ത്തകരെ, ഇതെല്ലാം കണ്ടുനിന്നവരും ലോകസമൂഹവും എങ്ങനെയാകും വിലയിരുത്തിയിട്ടുണ്ടാകുക? വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു പത്രവും, സംപ്രേഷണം ചെയ്ത ഒരു ടിവി ചാനലും ഒരിടത്തും ജെസിസി-യെ കുറ്റപ്പെടുത്തുകയുണ്ടായില്ല എന്നോര്‍ക്കുക. മറിച്ച്, ഗുണ്ടകളെയും 'വിശ്വാസി'കളെയും ഇറക്കി സംഘര്‍ഷമുണ്ടാക്കിയത് രൂപതാധികാരികളാണെന്ന് ഇവയെല്ലാം കുറ്റപ്പെടുത്തുകയുണ്ടായി. ബ്ലോഗുകളിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലൂടെയും, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഇന്റര്‍ നെറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും, 'യു ട്യൂബി'ലൂടെയുമെല്ലാമായി രണ്ടു മാര്‍ച്ചുകളുടെയും വാര്‍ത്തകളും വീഡിയോ ക്ലിപ്പിംഗുകളും അപ്പപ്പോള്‍ പ്രചരിക്കുകയും, ലോകമെമ്പാടുമുള്ള മലയാളികള്‍ അതെല്ലാം വന്‍തോതില്‍ ചര്‍ച്ചയ്ക്കുവിധേയമാക്കുകയും ചെയ്തു. എല്ലായിടത്തും സഭാധികാരികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്; ജെസിസി പ്രവര്‍ത്തകര്‍ക്ക് ഹൃദ്യമായ അഭിവാദനങ്ങളും. ചുരുക്കത്തില്‍ സാമാന്യബുദ്ധിയും സാമാന്യ മര്യാദയുമുള്ള സകലര്‍ക്കുംമുമ്പില്‍, തങ്ങള്‍ നഗ്നര്‍ തന്നെയെന്ന് പ്രഖ്യാപിച്ച് സ്വയം അവഹേളിതരാകുകയാണ് മെത്രാന്മാര്‍ ചെയ്തത്.

നീതിക്കുവേണ്ടി പാടുപെടുക എന്ന യേശുവിന്റെ കല്പനയെ ഹൃദയത്തിലേറ്റിയ ഏതാനും പേരുടെ വായടപ്പിക്കാന്‍, ഇത്ര വലിയ യുദ്ധസന്നാഹമൊരുക്കുന്ന സഭാധികാരത്തിന്റെ അക്രൈസ്തവികതയെക്കുറിച്ച്, ജനസാമാന്യത്തെ ബോധവല്‍ക്കരിക്കാന്‍, ഇനി ജെ.സി.സി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നില്ല. കാരണം, മെത്രാന്മാര്‍തന്നെ, അതെല്ലാം സ്വയം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. പ്രകടനത്തിനെതിരെ നടത്തിയ ഗുണ്ടായിസത്തിലൂടെ അവര്‍ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നത്, 'ഞങ്ങള്‍ ഭൂമിതട്ടിപ്പുകള്‍ നടത്തും, സ്വാശ്രയകൊള്ള നടത്തും, ന്യൂനപക്ഷരാഷ്ട്രീയം കളിക്കും, ക്രൂശിതരൂപം വിലക്കും, കേരളക്രൈസ്തവരെ കല്‍ദായക്രൈസ്തവരാക്കും, കൂദാശകള്‍ നിഷേധിക്കും, കാനോന്‍ നിയമം അടിച്ചേല്പിക്കും, സഭാസ്വത്തുക്കള്‍ ഇഷ്ടപ്പടി കൈകാര്യംചെയ്യും.......... ആരുണ്ടിവിടെ അതിനെയൊക്കെ ചോദ്യംചെയ്യാന്‍?' എന്നാണ്! കേരള കത്തോലിക്കാമെത്രാന്മാര്‍ ഇപ്രകാരമൊക്കെ ആയിക്കഴിഞ്ഞെന്ന് ജനങ്ങളോട് പറയാന്‍ ജെ.സി.സി വായ തുറക്കാനൊരുങ്ങുമ്പോള്‍ത്തന്നെ, അവരത് കൂടുതല്‍ റിയലായി, ജനങ്ങള്‍ക്ക് കണ്ടു വിശ്വസിക്കാന്‍ പാകത്തില്‍, ശരീരമിളക്കിയുള്ള ബോഡി ലാംഗ്വേജ് ഉപയോഗിച്ചുതന്നെ, കാതടിപ്പിക്കുന്ന ശബ്ദത്തില്‍ പ്രഖ്യാപിക്കുകയാണ്! ജെ.സി.സി. യുടെയും മോണിക്കാ തോമസിന്റെയും പ്രതിഷേധപ്രകടനങ്ങള്‍ക്ക് ഇതില്‍പ്പരമെന്തു വിജയമാണുണ്ടാകേണ്ടത്? ഒരു തടസ്സവുമില്ലാത്ത ഒരു മുഴുനീള പ്രകടനമാണ് രണ്ടിടത്തും നടന്നിരുന്നതെങ്കില്‍, കേരളത്തില്‍ നടക്കുന്ന എത്രയോ പ്രകടനങ്ങളിലൊന്നു മാത്രമായേനെ, അത്.

പ്രകടനത്തിന് ആളില്ലാതെപോയാല്‍ അതു വലിയ പരാജയമാണെന്ന ധാരണ പരക്കെയുണ്ട്. ആളുണ്ടാകുന്നതു നല്ലതുതന്നെ. എന്നാല്‍ മെത്രാന്മാര്‍ പ്രകോപിതരാകാനും വിവേകം നശിച്ച് പള്ളിപ്പടയെ ഇറക്കി ബഹളംവയ്പ്പിക്കാനും അങ്ങനെ സ്വയം പരാജയപ്പെടുത്തുവാനും അധികം പേരൊന്നും ആവശ്യമില്ലെന്നു തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. അത്രയ്ക്കും ആശയഭീരുത്വത്തിലാണവര്‍. അതുകൊണ്ട്, ക്രിസ്തീയമൂല്യങ്ങളില്‍ വിശ്വാസവും സഭാവിഷയങ്ങളില്‍ ബോധ്യവും അല്പം ചങ്കുറപ്പും അഹിംസാനിഷ്ഠയുമുള്ള വിരലിലെണ്ണാന്‍മാത്രം പേരുണ്ടായാല്‍മതി, ഓരോ രൂപതയിലും സഭാപ്രശ്‌നങ്ങളുയര്‍ത്തിപ്പിടിച്ച് രൂപതാമാര്‍ച്ചുകള്‍ നടത്താവുന്നതേയുള്ളു. അങ്ങനെ സംഭവിക്കുന്നപക്ഷം, അത് കേരളസഭയെ സംബന്ധിച്ച്, സ്വാതന്ത്ര്യത്തിലേക്കുള്ള വലിയൊരു കാല്‍വയ്പ്പായിരിക്കും. എന്തു പ്രകോപനമുണ്ടായാലും അക്ഷോഭ്യരായി സമചിത്തതയോടെ, സ്വരമുയര്‍ത്തുകയോ കൈ ഉയര്‍ത്തുകയോ ചെയ്യാതെ നില്‍ക്കുമെന്നു തീരുമാനിച്ചുറപ്പിച്ച ഒരു ഗ്രൂപ്പിനുമേല്‍, അതെത്ര ചെറുതായാലും, ആക്രമണം അഴിച്ചുവിടുക എളുപ്പമല്ല. 

പോലീസധികാരകള്‍ തടയുന്നിടത്ത് മാര്‍ച്ച് അവസാനിപ്പിക്കേണ്ടി വരുന്നതും വലിയ പോരായ്മയാണെന്ന് കരുതുന്നവരുണ്ട്. അതും ശരിയല്ല. ഒരു നൂറു ചുവടുകൂടെ നടന്നിട്ട് എന്തുകാര്യം? മാത്രവുമല്ല, ഗുണ്ടാവിളയാട്ടത്തിന്റേതിനോടൊപ്പം മാര്‍ച്ചു തടയലിന്റേയും ഉത്തരവാദിത്വം മെത്രാന്മാരുടെ കൈയിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകൊള്ളും. അവര്‍ക്കുചുറ്റും ഉള്ളതായി തോന്നിയിരുന്ന ദൈവികപരിവേഷം മാഞ്ഞില്ലാതായിക്കൊള്ളും. സഭാകാര്യങ്ങള്‍ വിമര്‍ശനാത്മകമായി നോക്കിക്കാണാനുള്ള ശേഷി ക്രൈസ്തവസമൂഹത്തില്‍ വളര്‍ന്നുവരാന്‍ അതിടയാക്കും. ...ജെ.സി.സി. വ്യാപകമായി ലക്ഷ്യം വയ്ക്കുന്നതും ഇതൊക്കെത്തന്നെയാണല്ലോ. 

യേശുവിനെ കുരിശിലേറ്റിക്കൊന്ന് വിജയഭാവത്തില്‍നിന്ന യഹൂദപൗരോഹിത്യത്തിന്റെ അതേ അവസ്ഥയില്‍, ജെ.സി.സി-യെ ചവുട്ടിത്തേച്ചുകൊന്നു എന്നു ധരിച്ച് വിജയാട്ടഹാസം മുഴക്കുകയാകാം, കേരളത്തിലെ കത്തോലിക്കാ സഭാധികാരം. എന്നാല്‍ യേശുവിനെപ്പോലെ, സത്യം കൂടുതല്‍ ശക്തിയോടും മഹത്വത്തോടുംകൂടി ഉയിര്‍ത്തെണീക്കുമെന്ന യാഥാര്‍ത്ഥ്യം അവര്‍ കാണുന്നില്ല. ആത്മീയത നഷ്ടപ്പെടുത്തിയിട്ടായാലും വേണ്ടില്ല, ലോകം മുഴുവന്‍ നേടിയേ ഒക്കൂ എന്ന മട്ടില്‍ നെട്ടോട്ടത്തില്‍പ്പെട്ടിരിക്കുന്ന നമ്മുടെ മെത്രാന്മാര്‍ക്ക് കാര്യങ്ങളെ മുന്‍കൂട്ടി കാണാനുള്ള ഉള്‍ക്കാഴ്ചയും ദീര്‍ഘദര്‍ശിത്വവും എന്നേ നഷ്ടപ്പെട്ടിരിക്കുന്നു! 
                                                                                                                -എഡിറ്റര്‍

1 comment:

  1. ഭഗവത് ഗീതയിലെ നാലാം അദ്ധ്യായം 7 & 8 ശ്ലോകങ്ങള്‍ ..".യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരതാ .......തുടങ്ങി ....ധര്‍മ്മ സ്ഥാപനാര്‍ത്ഥായാ സംഭവാമി യുഗേ യുഗേ "..വിവരണം "എപ്പൊളെപ്പൊല്‌ ധര്‍മ്മം നശിക്കുന്നുവൊ ,എപ്പൊളെപ്പൊല്‌ അധര്‍മ്മം തലപോക്കുന്നുവോ അപ്പൊളെല്ലം ഞാന്‍ ജന്മം കൈക്കൊള്ളുന്നു ..ശിഷ്ടന്മാരെ രക്ഷിക്കുവാനും ദുഷ്ടന്മാരെ നശിപ്പിക്കുവാനും ഞാന്‍ യുഗങ്ങള്‍ തോറും ജനിക്കുന്നു " അധര്‍മ്മത്തോട് പൊരുതുവാന്‍ ഈശ്വരാംശം ഉള്ളിലുള്ള എല്ലാ നല്ല നരജന്മങ്ങളുടെയും ധര്‍മ്മമാണ് കടമയാണ് എന്ന ഉള്ബോധം ഓരോ മനസുകളെയും മഥിക്കണം സദാ ....മശിഹായുടെ ഈ മനസ്സാണ് ഛാട്ടവാര്‌ യരുശലെം ദേവാലയത്തില്‍ എടുപ്പിച്ചത് ...ആ പോന്നു മനസ്സ് എറ്റുവാങ്ങി "സ്വര്‍ഗസ്ഥനായ പിതാവേ "എന്ന് നാവുകൊണ്ടും മനസുകൊണ്ടും വിളിക്കുന്ന എല്ലാ ദൈവമക്കളും സാത്താന്റെ പ്രേതം കൂടിയ ഈ പുരോഹിതവര്‍ഗത്തോടു പോരാടണം ..."യവ്വനത്തിലെ നിന്റെ സൃഷ്ടാവിനെ അറിഞ്ഞുകൊള്‍ക "എന്ന ഉള്ളറിവോടെ എല്ലാ ചെറുപ്പക്കാരും നീതിക്കുവേണ്ടി പോരാടുവാന്‍ പാതിരിമാരുടെ മുന്നില്‍ അണിനിരക്കണം ..ഇതു കലികാലത്തിന്റെ അനിവാര്യതയാണ് സത്യം ..

    ReplyDelete