Translate

Thursday, February 28, 2013

ബൈബിള്‍ കഥാപാത്രങ്ങളുടെ കുറ്റവും ശിക്ഷയും -- തുറന്ന ചിന്തകള്‍


ജയിംസ് ഐസക്ക്, കുടമാളൂര്‍
(വിശദമായ ചര്‍ച്ച അര്‍ഹിക്കുന്ന ഈ ലേഖനം അല്പം ദീര്‍ഘമായതിനാല്‍ 
നാലു ഭാഗമായി ഇന്നുമുതല്‍ പ്രസിദ്ധീകരിക്കുകയാണ്)
I
പരിണാമസിദ്ധാന്തവും ബൈബിളും
ചാള്‍സ് ഡാര്‍വിന്‍ പരിണാമസിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ മതമേലധികാരികള്‍ നെറ്റിചുളിച്ചു. വാനഗോളങ്ങള്‍ നിരിക്ഷിച്ചു സൂര്യനെയും ചന്ദ്രനെയും കൂടുതല്‍ സുഗ്രാഹ്യമാക്കിയ ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ഗലീലിയോ അത്തെ സഭാ മേലധികാരികളില്‍ നിന്നു നേരിട്ട പീഡനങ്ങള്‍ ഡാര്‍വിനു നേരിടേണ്ടി വന്നില്ല. എന്നുതെന്നയല്ല ഈ രണ്ടു ശാസ്ത്രജ്ഞന്മാരുടെയും പഠന നിരീക്ഷണങ്ങള്‍ ഇന്നു ശാസ്ത്രലോകം അങ്ങേയറ്റം വിലമതിക്കുന്നുമുണ്ട്. പ്രപഞ്ചം ഉത്ഭവിച്ചതു മഹാസ്‌ഫോടനം മൂലമണെങ്കില്‍ത്തന്നെയും ആ സ്‌ഫോടനത്തിനു കാരണം അനാദിയായി നിലനില്‍ക്കുന്ന ദൈവംതെന്നയെന്നും മനുഷ്യന്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ ജീവജാലങ്ങള്‍ ഉണ്ടായി എന്നും അവയ്ക്കു പരിണാമം സംഭവിച്ചുകൊണ്ടിരുന്നു എന്നും ഈശ്വരവിശ്വാസികള്‍ക്കും വിശ്വസിക്കാം. യഹുദരും ക്രൈസ്തവരും തങ്ങളുടെ ബോധ്യങ്ങള്‍ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥംതന്നെ പരിണാമസിദ്ധാന്തത്തിന് അനുകുലമായ സൂചനകള്‍ നല്‍കുന്നുണ്ട്. 

സോളമന്‍ എഴുതിയെന്നു വിശ്വസിക്കുപ്പെടുന്ന ജ്ഞാനം എന്ന ഗ്രസ്ഥം 19-ാം അദ്ധ്യായം അവസാന വാക്യങ്ങള്‍ നോക്കുക: 'വീണയില്‍ സ്വരസ്ഥാനഭേദമനുസരിച്ച് താളം മാറുന്നെങ്കിലും രാഗം മാറാത്തതുപോലെ മൂലവസ്തുക്കള്‍ പരസ്പരം മാറി സംഭവിച്ചതുകാണുമ്പോള്‍ ഇതു വ്യക്തമാകും. കരയിലെ ജീവികള്‍ ജലജീവികളായി ജലത്തില്‍ നീന്തിനടന്നവ കരയില്‍ വിഹരിച്ചു. അഗ്നി ജലത്തില്‍ പോലും തന്റെ ശക്തി പ്രകടിപ്പിച്ചു. ജലം അഗ്നിയെ കെടുത്തുന്ന സ്വഭാവം വിസ്മരിച്ചു. മറിച്ച് അഗ്നിജ്വാല അതില്‍ പതിയ്ക്കുന്ന ജീവികളുടെ നശ്വരശരീരം ദഹിപ്പിച്ചില്ല. നിഷ്പ്രയാസം ഉരുകുന്ന സ്ഫടികസദൃശമായ സ്വര്‍ഗ്ഗീയ ഭോജനത്തെ ഉരുക്കിയില്ല. കര്‍ത്താവേ, സ്വജനത്തെ അങ്ങ് എല്ലാറ്റിലും ഉയര്‍ത്തുകയും മഹത്വപ്പെടുത്തകയും ചെയ്തു. എന്നും എവിടെയും അവരെ തുണയ്ക്കാന്‍ അങ്ങു മടിച്ചില്ല ജ്ഞാനം 19, 18-22

ശാസ്ത്രജ്ഞന്മാര്‍ ആവിഷ്‌കരിച്ചതിലും വിശുദ്ധഗ്രന്ഥം രേഖപ്പെടുത്തിയതിലും സത്യമുണ്ട്. മനുഷ്യന്‍ ഇനിയും സത്യാന്വേഷണം തുടരുകതന്നെ വേണം.
ആത്മാവോടുകൂടിയ മനുഷ്യനെ ദൈവം സൃഷ്ടിച്ചു എദന്‍ തോട്ടത്തിലാക്കി എന്ന ബൈബിള്‍ പഠനത്തില്‍ തുടങ്ങട്ടെ. തന്റെ സ്‌നേഹം മുഴുവന്‍ ആദത്തിനു ദൈവം നല്‍കി. എങ്കിലും ആദം കല്‍പന ലംഘിച്ചു. ദൈവം ആദത്തിനോടു കരുണ കാണിച്ചു. ഏദന്‍ എന്ന മനോഹര ഉദ്യാനത്തില്‍ നിന്നും പുറത്താക്കി എങ്കിലും അധ്വാനിച്ചു ജീവിക്കുവാനുള്ള സാഹചര്യം ദൈവം നല്‍കി. പിന്നീടുള്ള മനുഷ്യന്റെ ചരിത്രം തെളിയിക്കുന്ന യാഥാര്‍ത്ഥ്യം ഇതാണ്. ദൈവത്തോടു മത്സരിച്ചു സ്വയം നശിക്കുന്നതിനും പശ്ചാത്തപിച്ചു ദൈവത്തിന്റെ കരുണയില്‍ വീണ്ടും ജീവിക്കുന്നതിനും മനുഷ്യനു സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം എപ്രകാരം വിനിയോഗിക്കുന്നു എന്നതിലാണു മനുഷ്യന്റെ വിജയവും പരാജയവും അടങ്ങിയിരിക്കുന്നത്.
(തുടരും)

James Isaac, Lanchanthara, Kudamaloor 
Kottayam-686017, Ph:9847126316 

1 comment:

  1. യേശു പറഞ്ഞിരിക്കുന്നത് എന്റെ ലോകം ഇഹമല്ല. എന്റെ ഭവനം പിതാവിങ്കല്‍ ആണ്. ഭൗതികമായ യാതൊന്നും യേശു പറഞ്ഞിട്ടില്ല.എന്നാല്‍ ബൈബിളില്‍ അഗാധമായി വിശ്വസിക്കുന്നവര്‍ ശാസ്ത്രീയനേട്ടങ്ങള്‍ ബൈബിളിന്റെ നിഴലില്‍ ഉത്ഭവിച്ചതെന്നും അവകാശപ്പെടും. പഴയനിയമത്തിലെ മനസിലാകാത്ത എന്തെങ്കിലും വചനവും ചിന്താകുഴപ്പം ഉണ്ടാക്കത്തക്ക രീതിയില്‍ ചൂണ്ടികാണിക്കും. ശാസ്ത്രനേട്ടങ്ങള്‍ ഖുറാനില്‍നിന്ന് അവീര്‍ഭവിച്ചെന്ന് മുസ്ലിംങ്ങളും പറയും.അറബി ഭാഷയില്‍ വേദം ചൊല്ലികേട്ടാല്‍ ആര്‍ക്കും മനസിലാവുകയില്ല. ചോദ്യം ചെയ്യാന്‍ മെനക്കെടുകയുമില്ല. അപ്പുറത്ത് വേദാന്തസ്വാമി കമ്പ്യൂട്ടറുകളും ന്യൂക്ലീയര്‍ബോംബിന്റെ രഹസ്യംവരെ സംസ്കൃതത്തിലും ചൊല്ലികേള്‍പ്പിക്കും. രാമന്റെയും സീതയുടെയും പുഷ്പവിമാനം ഭാരതത്തിന്റെ പൈതൃകമാണെന്നും അവകാശവാദം മുഴക്കും.കാരണം ബൈബിളോ ഖുറാനോ വേദങ്ങളോ ‍ ഒരിക്കലും മുഴുവനായി വായിച്ചിട്ടില്ല. ക്ഷമയുമില്ല. ‍
    നിശബ്ദതയോടെ അര്‍ഥമില്ലാത്ത ഈ തത്വങ്ങള്‍ ഞാനും ശ്രവിക്കാറുണ്ട്. എങ്കിലും മതഗ്രന്ഥങ്ങള്‍ ഭൌതികശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വാദം എനിക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ല.

    ലോകത്തൊരിടത്തും ഏതെങ്കിലും പബ്ലിക്ക്സ്കൂളിലെയോ പ്രൈവറ്റ്സ്കൂളിലെയോ ടെക്സ്റ്റ്ബുക്കില്‍ ബൈബിള്‍ ശാസ്ത്രമായി അംഗീകരിച്ചെന്നോ,അല്ലെങ്കില്‍ ശാസ്ത്രത്തിന്റെ മുന്നേറ്റം ബൈബിളിനെ അടിസ്ഥാനമാക്കിയെന്നോ ഉള്ളതായി അറിവില്ല. ബൈബിള്‍ സയന്‍സ്പുസ്തകമായി ശാസ്ത്രജ്ഞരും അംഗീകരിച്ചിട്ടില്ല. മാറ്റര്‍, ഇലക്ട്രോണീക്സ്, ന്യൂട്രോണ്‍, പ്രോട്ടോണ്‍ ഒന്നും ബൈബിള്‍ഗ്രന്ഥത്തില്‍ ഇല്ല. ആപേക്ഷിക സിദ്ധാന്തത്തെപ്പറ്റി വചനങ്ങള്‍ വളച്ചൊടിച്ചു മനസിലാക്കുവാന്‍ ഉപദേശിയുടെ സഹായവും വേണ്ടിവരും. രാസവസ്തുക്കളുടെ ഒരു ചാര്‍ട്ടില്ല. സൂര്യഗോളങ്ങള്‌ക്കപ്പുറത്തേക്ക് അറിവില്ലാത്ത അലഞ്ഞു നടന്ന പഴയനിയമത്തിലെ പ്രവാചകരാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനമെന്ന് സങ്കല്‍പ്പിച്ചാല്‍ ശാസ്ത്രം മാറിനിന്നു ചിരിക്കും.

    കളിമണ്ണുകൊണ്ട് മനുഷ്യനെ ഉണ്ടാക്കി, ആറു ദിവസംകൊണ്ട് ലോകം സൃഷ്ടിച്ചു, സൂര്യചന്ദ്രന്മാര്‍ ഇല്ലാതെ ദിവസങ്ങളും കണക്കുകൂട്ടി, വാരിയെല്ലുകൊണ്ട് സ്ത്രീയെ സൃഷ്ടിച്ചു എന്നൊക്കെയുള്ള അമ്മൂമ്മകഥകള്‍ക്ക് ശാസ്ത്രീയചുവ കൊടുക്കുന്നതിനു പകരം മനസിലാകുന്ന ഭാഷയില്‍ അന്ന് ഒരു വചനം ഉണ്ടാകാതെയിരുന്നത് എന്ത്? ഇത്രയേറെ തത്വചിന്തകള്‍ ഉള്‍കൊണ്ട ബൈബിളിനെ സംഭവിക്കുവാന്‍ പോകുന്ന ഭാവി ഭൌതികശാസ്ത്രമെന്നും അഭിമാനിക്കാമായിരുന്നു.


    ബൈബിളില്‍ ശാസ്ത്രത്തിന്റെ ഒരു വൊക്കാബുലറിയും ഇല്ലെന്നു വചനങ്ങളും ശാസ്ത്രവുമായി ബന്ധപ്പെടുത്തുന്നവര്‍ ചിന്തിക്കണം. ദൈവം മനുഷ്യന്റെ ആത്മരക്ഷക്കായി വചനങ്ങള്‍ നല്‍കിയെന്നാണ് വിശ്വാസം. ഭൌതികസൃഷ്ടികളെ നൂറാളുകള്‍ നൂറുതരത്തില്‍ വ്യാഖ്യാനിച്ചാല്‍ ബോധമുള്ള മനുഷ്യര്‍ക്ക്‌ പച്ചകള്ളങ്ങളെന്നു തോന്നിപ്പോവും. ഉപദേശീകളെ എന്നും മാറിമാറി സ്വീകരിക്കേണ്ടി വരും. ഇക്കാണുന്ന പ്രപഞ്ചത്തിലെ വിവരങ്ങളും ശാസ്ത്രീയനേട്ടങ്ങളും പഴയനിയമങ്ങളില്‍ ഉണ്ടെന്നുള്ള വാദം തികച്ചും യുക്തിയില്‍ ദഹിക്കുകയില്ല. ബൈബിള്‍ എന്നു പറയുന്നത് പണ്ടുള്ള നൊമാഡിക്ക് ജനത്തിനു ദൈവം സ്വപ്നത്തിലോ, ഉണര്‍ന്നിരുപ്പോഴോ നല്‍കിയെന്നാണ് വിശ്വാസം. ഞാനും ചെറുപ്പകാലങ്ങളില്‍ അങ്ങനെ വിശ്വസിച്ചു. അന്ന് ഹിസ്റ്റീരിയായെന്ന വാക്ക് കേട്ടിട്ടില്ലായിരുന്നു.


    സയന്‍സ് എന്നു പറഞ്ഞാല്‍ പലവിധ ലാബ്രട്ടറി പരീക്ഷണങ്ങള്‍ക്ക്ശേഷം തീര്‍പ്പുകല്പ്പിക്കുന്നതാണ്. അനേക മാറ്റങ്ങള്‍ക്കുശേഷം കണ്ടുപിടിച്ചതിനെ നവീകരിച്ചു വീണ്ടും കണ്ടുപിടിക്കും. ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ ബൈബിളില്‍ എവിടെ? ബൈബിളിലെ വചനങ്ങള്‍ നിത്യവും മാറ്റമില്ലാത്തതുമാണ്. ആത്മീയത തേടി സഞ്ചരിക്കുന്നു. ശാസ്ത്രം മാറ്റത്തോടുകൂടി ഭൌതികതതേടി മറ്റൊരു വഴിയേ സഞ്ചരിക്കുന്നു. വചനവും ശാസ്ത്രവും തമ്മില്‍ ഒരിക്കലും പരസ്പരം കൂട്ടിമുട്ടുകയില്ല. ആത്മീയതയുടെയും ഭൌതികതയുടെയും വക്താക്കള്‍ തമ്മില്‍ അര്‍ഥമില്ലാത്ത വാദങ്ങളുമായി കൂട്ടിമുട്ടിയേക്കാം.

    മോസസ് അറിവുള്ളവനെന്നു പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം ഈജിപ്റ്റിലെ സയന്‍സിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. ദാനിയലും ബാബിലോണിയന്‍ സയന്‍സിനെപ്പറ്റി നിശബ്ദനാണ്. എന്തുകൊണ്ട്? ഗലീലിയോയ്‌ക്കു വിലക്ക് കല്‌പ്പിച്ചതുപോലെ ഈ പ്രവാചകര്‍ക്കും മതം അറസ്റ്റ് ചെയ്യുവാനുള്ള വാറണ്ട് പുറപ്പെടുവിച്ചായിരുന്നുവോ? ഒരു കാര്യം തീര്‍ച്ച. ശാസ്ത്രം ഇന്നുവരെ ദൈവത്തെ കീഴടക്കിയിട്ടില്ല. കീഴടക്കിയത് മതവും പൗരാഹിത്യവുമാണ്.


    ReplyDelete