Translate

Thursday, July 19, 2012

പള്ളിഗോദ !



സാമുവല്‍ കൂടല്‍

1 പരമാത്മ ചൈതന്യത്തില്‍ ഉറങ്ങി കിടന്ന മനം,
മായയിലേക്കുണര്‍ന്നതോ വാസന മൂലം !
മായയിലദൈ്വതം മാറി കാണ്‍മതെല്ലാം ദൈ്വതമായി,
അതുമൂലം ഭയം, ഭക്തി, ഉണര്‍ന്നകമേ !

2 ഭയന്നപ്പോളാശ്രയിക്കാന്‍ ആശ്വാസമായ് ഒരു ദൈവം,
മനസ്സിന്റെ സങ്കല്‍പ്പത്തില്‍ ഉണര്‍ന്നു താനേ !
കുശലബുദ്ധികളാകും പുരോഹിതര്‍ കുതന്ത്രത്തില്‍
അടിമകളാക്കി ജനമനസ്സുകളെ !

3 ഒത്തുകൂടാനിടം വേണ്ടേ ? നാലു പേരായാലോചന !
പാവം നാലു നാല്‍പതായി ആലയമായി !
ആലയത്തെ വിയര്‍പ്പിന്റെ ചാന്തു തേച്ചു പണിതോരെ,
പാതിരി കൂദാശ ചൊല്ലി ആടുകളാക്കി !

4 പള്ളിക്കൂദാശയ്ക്കു കൂലി അന്നു തന്നെ വാങ്ങി മെത്രാന്‍, 
മെഴ്‌സിഡീസിന്‍ നിറത്തിലായി ജനം മയങ്ങി !
പള്ളി പണിതോനു പള്ളി ഇല്ലാക്കാലം വരുമതാല്‍,
ഒഴുക്കിയ വിയര്‍പ്പന്നേ കരഞ്ഞു കഷ്ടം !

5 ആചാരാനുഷ്ടാനങ്ങളാം മാന്ത്രീകച്ചെപ്പതു കാണാന്‍,
കോടി മനം ഭക്തി മൂലം പള്ളിയിലായി !
മക്ക ഗുരുവായൂര്‍ വേറെ വേളാങ്കണ്ണി ലൂര്‍ദ്ദുമായി,
കാശുവാരി തിരുപ്പതീം ശബരീശനും !

6 കാശു കീശേലാക്കുവാനായ് ധൂര്‍ത്തടിക്കും പുരോഹിതര്‍,
ഈശ വേഷം കെട്ടിയാടി കഥകളിയായ് ! 
നാനാവിധമാരാധന, കൂദാശകള്‍, കുര്‍ബാന ചൊല്‍.
ഹല്ലേലൂയ ഗാനമേള; കുയില്‍ മൗനമായ് !

7 മഴവില്ലിന്‍ കുപ്പായത്തെ അണിഞ്ഞോന്റെ ഡ്യൂപ്ലിക്കേറ്റായ്,
ചതിവേഷം കെട്ടിയോന്‍മാര്‍ വിശുദ്ധരായി !
അവര്‍ക്കേറി മൂലധനം പള്ളികളായ് ലോകമെല്ലാം,
ആസ്തിയേറി ഭൗതീകത ദാസ്യവേലക്കായ് !

8 സിംഹാസനം, ഭദ്രാസനം, രൂപതകള്‍ രൂപായേറി,
രൂപക്കൂട്ടില്‍ വിശുദ്ധന്‍മാര്‍ കരിങ്കല്ലിലായ് !
ജല്‍പ്പനങ്ങള്‍ ശീലമാക്കി വിഡ്ഢികളാം സഭാമക്കള്‍,
കിട്ടിയ കാശെല്ലാം പള്ളീല്‍ നേര്‍ച്ചപ്പതാരം !

9 കാശെണ്ണുവാന്‍ പരീശന്‍മാര്‍, പാതിരിക്കു ശിങ്കിടിയായ്,
പള്ളിഭരണം സ്ഥിരമാം കമ്മിറ്റിക്കായി !
കണക്കില്ലാ ധൂര്‍ത്തടിയായ്, കയ്യൂക്കുള്ളോന്‍ കാര്യക്കാരന്‍,
പള്ളി പണിതൊരാ നാല്‍വര്‍ പുറത്തുമായി !

10 പള്ളികള്‍ക്കു സഭകളായ്, സഭകള്‍ക്കു രാജ്യങ്ങളായ്,
സാമ്രാജ്യ ദാഹമോടവര്‍ സുവിശേഷിച്ചു !
പഠിപ്പിച്ചു സെന്റ് പോളിനെ, ദാവീദിന്റെ ഗാനങ്ങളും;
ക്രിസ്തു ക്രൂശില്‍ ഉത്ഭോദിച്ച സ്‌നേഹം മറന്നു !

11 പള്ളികളില്‍ കലഹമായ് ശവക്കോട്ട രണാങ്കണം,
ഗുണ്ടാകള്‍ക്കു ഗോദായെന്നും പള്ളിയങ്കണം !
പുതുപ്പണക്കാരന്‍ വന്നു കേമനാകാന്‍ കാശു കാട്ടി,
പഴയ നാലു പേരയ്യോ തെമ്മാടിക്കുഴീല്‍ !

12 രാഷ്ട്രീയക്കാര്‍ നീചരായാല്‍ അടുത്ത ഭരണം സ്വാഹ:,
കത്തനാരും കര്‍ദ്ദിനാളും വാഴുമെന്നാളും !
അശുദ്ധന്‍മാര്‍ കൂദാശകള്‍ ചൊല്ലി ചീഞ്ഞതാക്കി ! ജനം,
സഭ മാറിപ്പോയി വീണ്ടും പുതുപ്പള്ളിക്കായ് !

13 കര്‍ത്താവിതു കണ്ടു മേലെ കരഞ്ഞു പോയ് “ പ്രാര്‍ത്ഥിക്കുവാന്‍,
പള്ളിയില്‍ പോകരുതെന്നു ” പറഞ്ഞതോര്‍ത്തു.
ആരു കേട്ടാ തേന്‍മൊഴികള്‍ ? കേള്‍ക്കുവാനോ ചെവിയില്ല,
ഉള്ള ചെവീല്‍ കത്തനാര്‍ കൂദാശയും കേറ്റി ! 

കലഞ്ഞൂര്‍ - 19.07.2012

No comments:

Post a Comment