Translate

Tuesday, July 24, 2012

പ്രാര്‍ത്ഥിക്കുന്നവര്‍

ശ്രീ ജോസഫ്‌ മറ്റപ്പള്ളിയുടെ ലേഖനത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങള്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവ്യാപ്തിയിലേയ്ക്ക് ചെന്നെത്തി. അക്കൂടെ പ്രാര്‍ത്ഥനയെപ്പറ്റി എന്റേതായി ഏതാനും വരികള്‍ ചേര്‍ക്കാന്‍ തുനിഞ്ഞപ്പോള്‍ അതാ അതേ വിഷയത്തെക്കുറിച്ച് അമിതഭക്തി എന്ന ശീര്‍ഷകത്തില്‍ കെ. കുര്യാക്കോസ് ഏലിയാസിന്റെ ഒരു നര്‍മ്മഭാഷണം. അല്പം നീണ്ടതായതിനാല്‍,  ഈ കുറിപ്പ് പുതിയ പോസ്റ്റായി ഇടാനേ തരമുള്ളൂ.

ആസ്പിരിന്‍ ചിലപ്പോഴെല്ലാം തലവേദനക്ക് ശമനം വരുത്തുമെങ്കിലും അത്താഴം തന്നെ ആസ്പിരിന്‍ ആക്കിയേക്കാം എന്ന് വച്ചാലോ? ശ്രീ കുര്യാകോസ് ഈ ഉപമയിലൂടെ അമിതഭക്തിയുടെ സകല വശങ്ങളെയും സ്പര്‍ശിച്ചു. അദ്ദേഹം ഈ പറഞ്ഞിടത്തെല്ലാം പ്രാര്‍ത്ഥനയെന്ന പ്രവൃത്തി, ഒരു വിശ്വാസി, അവന്‍ ആരാധിക്കുന്ന ദൈവവുമായി, അല്ലെങ്കില്‍, ഒരു മദ്ധ്യസ്ഥനോടോ മദ്ധ്യസ്ഥയോടോ പുലര്‍ത്തുന്ന ഒരനുഗ്രഹംതേടലാണ്. സമ്മതിച്ചു, ഇത്തരം പ്രാര്‍ത്ഥന പലരുടെ ജീവിതത്തിലും ഒരു മാനസ്സിക ഔഷധമായി പ്രവര്‍ത്തിക്കാം. അത് യഹൂദ- ഇസ്ലാമികമതങ്ങളുടെ കണ്ടുപിടുത്തമാണ്. ക്രിസ്തുമതവും ഈ രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നേയുള്ളൂ. അവര്‍ക്കത് കാശുവച്ചുള്ള കളിയായിത്തീര്‍ന്നതോടെ, ആഴ്ചയില്‍ ഏഴു ദിവസവും സാബത്താക്കിയാലും വിരോധമില്ലെന്ന അവസ്ഥയും വന്നുചേര്‍ന്നു. പക്ഷേ, തത്ത്വത്തില്‍ തലവേദനക്ക് ആസ്പിരിന്‍ എന്നതില്‍ കവിഞ്ഞ മറ്റൊരര്‍ത്ഥവുമില്ലാത്ത വ്യായാമമാണ് ഇത്തരം ഭ്രാന്തുകള്‍ . കാരണം, ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കുക എന്നത് ഒരു മനുഷ്യഭാവന മാത്രമാണ്.

എന്തുകൊണ്ടാണ് ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കക അസാധ്യമാകുന്നത്? ദൈവം ഒരു വ്യക്തിയല്ലായെന്നതാണ് അതിന്റെ ലളിതമായ കാരണം. എല്ലാ അസ്ഥിത്വത്തിന്റെയും ജീവന്റെയും അടിസ്ഥാനമായ ശക്തിയെന്നാണ് ദൈവശബ്ദംകൊണ്ടു മനസ്സിലാക്കേണ്ടത്. പ്രപഞ്ചത്തില്‍ വ്യക്തിത്വത്തിലേക്ക് വികസിച്ചത് നാമറിയുവോളം മനുഷ്യന്‍ മാത്രമാണ്. അതുതന്നെയാണ് അവനു വിനയായി ഭവിച്ചതും. കാരണം, എല്ലാ സ്വാര്‍ത്ഥതയുടെയും പിന്നില്‍ ഈ വ്യക്തിത്വബോധമാണുള്ളത്. വ്യക്തിത്വം വ്യതിരിക്തതയുടെ (വേര്‍പെട്ടുനില്‍ക്കലിന്റെ) പാരമ്യമായതിനാല്‍ ദൈവതത്തില്‍ വ്യക്തിത്വം ആരോപിക്കുക ബാലിശമാണ്. അതില്‍നിന്നു തന്നെയാണ് പ്രാര്‍ത്ഥനയുടെ കാര്യത്തിലുണ്ടാകുന്ന തെറ്റായ ധാരണയും വന്നുചേരുന്നത്. മറിച്ച്, ദൈവം മനുഷ്യരെ വ്യക്തികളായി കരുതുന്നുണ്ടെന്നുള്ളതിനുതകുന്ന എന്തെങ്കിലും തെളിവുകള്‍ അനുദിനജീവിതത്തില്‍ ഒരിടത്തും കാണാനാവില്ല. സംഭവിക്കുന്നവയെല്ലാം പ്രകൃതിയുടെ നിയമങ്ങളനുസ്സരിച്ചുണ്ടാകുന്നവയാണ്. അവയില്‍ നന്മതിന്മകളെ വേര്‍തിരിച്ചു കാണുന്നതും അവയെ അനുഗ്രഹങ്ങളും ശിക്ഷകളുമായി തരംതിരിക്കുന്നതും മനുഷ്യന്‍ മാത്രമാണ്. അവനു ചേരാത്തത് അവന്‍ തിന്മയായി കരുതുന്നു, അത്രതന്നെ. തന്നില്‍ത്തന്നെ സര്‍വ്വോന്നത നന്മയായതിനാല്‍ ദൈവത്തിനും, നന്മതിന്മയുടെ വേര്‍തിരിവറിയില്ലാത്തതിനാല്‍ പ്രകൃതിയിലുള്ള മറ്റൊന്നിനും തിന്മയെന്നൊന്നില്ല, ഉണ്ടായിരിക്കാനവില്ല. ദൈവകല്പ്പനയെ മറികടന്ന്, നന്മതിന്മകളുടെ വേര്‍തിരിവ് സ്വന്തം അവകാശപരിധിക്കുള്ളില്‍ കൊണ്ടുവന്നശേഷമാണ് "തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ" എന്ന് മനുഷ്യന് യാചിക്കേണ്ടിവന്നത്.

വ്യക്തിയാണ് തിന്മയുടെ സൃഷ്ടാവെന്ന് അല്പമാലോചിച്ചാല്‍ വ്യക്തമായി മനസ്സിലാകും. എന്തുകൊണ്ടാണ് ചില ചെടികളെ നാം കളകളെന്നു കരുതി നശിപ്പിക്കുന്നത്? നമുക്കുപകാരമുള്ള സസ്യങ്ങളെ പ്രത്യേക ശ്രദ്ധകൊടുത്തു പരിരക്ഷിക്കാന്‍ വേണ്ടി. ഇതേ കഴ്ച്ചപ്പാടുതന്നെയാണ് മറ്റു നന്മതിന്മകളുടെയും പ്രഭവസ്ഥാനം. ബോധോദയം സംഭവിക്കുക എന്നാല്‍ വ്യക്തിപരമായ തലത്തില്‍നിന്നുയര്‍ന്ന്, ചിന്തയിലും പ്രവൃത്തിയിലും അസ്തിത്വത്തിന്റെ ഭാഗമാകുക എന്ന് മാത്രമാണ്. അതുതന്നെയാണ് ദൈവവുമായുള്ള ഐക്യവും. അതുതന്നെയാണ് ശുദ്ധമായ പ്രാര്‍ത്ഥന. അല്ലാതെ, ഓരോ നിമിഷവും ഏതെങ്കിലും തരത്തിലുള്ള അപ്പത്തിനായി യാചിച്ചുകൊണ്ടിരിക്കുകയല്ല. മുട്ടുവിന്‍ തുറക്കപ്പെടും, നിരന്തരം പ്രാര്‍ഥിക്കുവിന്‍ എന്നൊക്കെ സുവിശേഷങ്ങളില്‍ വായിക്കുന്നത് അവനവന്റെ ഇഷ്ടത്തിനു വ്യാഖ്യാനിച്ചാല്‍ യേശുവിന്റെ ആത്മാവബോധത്തില്‍ എത്തുക അത്ര എളുപ്പമല്ല. തന്നെയല്ല, യുക്തിഭദ്രമായ ജീവിതമെപ്പോഴും സാധ്യമല്ല താനും. കാരണം, മിക്കപ്പോഴും മനസ്സിന്റെ നിയത്രണപരിധിയിലല്ല സുന്ദരമായ പലതും – സൌന്ദര്യാവബോധം, ധ്യാനചൈതന്യം, അകൈതവപ്രേമം തുടങ്ങിയവ. എന്നാലിവയൊക്കെയില്ലാതെ എന്ത് ജീവിതസാഫല്യം? പ്രാര്‍ത്ഥനയുടെ നിരന്തരഭാവമുള്ളവര്‍ക്ക് പള്ളികളും അമ്പലങ്ങളും അധികപ്പറ്റായി തോന്നും; അതില്ലാത്തവര്‍ക്കോ, ഉപയോഗശൂന്യവും. നമുക്കുചുറ്റുമുള്ള അനന്തമായ പ്രപഞ്ചവിസ്മയങ്ങള്‍ നമ്മെ നിരന്തരം ദൈവസാന്നിദ്ധ്യം  പഠിപ്പിക്കുന്നില്ലെങ്കില്‍ ദൈവത്തെ പിന്നെ എവിടെ തേടാനാണ്? ദൈവത്തോടുള്ള അടുപ്പമെന്നതുകൊണ്ട് പിന്നെയെന്താണ് ഒരാള്‍ ഉദ്ദേശിക്കുന്നത്? ഈ ചോദ്യം വേണ്ടിവരുന്നതുതന്നെ വ്യാജമായ വ്യക്തിപൂജയെ (അത് അസ്സല്‍ ദൈവമോ ആള്‍ദൈവങ്ങളോ ആകട്ടെ) പ്രോത്സാഹിപ്പിക്കുന്ന മതപ്രവണതകളുടെ അതിപ്രസരംകൊണ്ടാണ്. പുണ്ണ്യവാളന്മാര്‍ , പൂജാരിപുരോഹിതര്‍ , ഖാന്‍ വട്ടായിമാര്‍ തുടങ്ങിയവര്‍ക്ക് ജനത്തിന്റെമേല്‍ ഇന്നുള്ള വെറുപ്പിക്കുന്ന സ്വാധീനവും അന്ധമായ വ്യക്തിസ്വാധീനത്തിന്റെ പാര്‍ശ്വഫലം മാത്രമാണ്. പ്രാര്‍ത്ഥനയെന്നാല്‍ ഇവരെയൊക്കെ ചുറ്റിപ്പറ്റി കഴിയുകയാണെന്നുള്ള അന്ധവിശ്വാസം സാധാരണക്കാരില്‍ ഇന്ന് കൂടുതലായി അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. അങ്ങനെ, സാമാന്യവിവക്ഷയില്‍ പ്രാര്‍ത്ഥന എന്നാല്‍ യാചന അല്ലെങ്കില്‍ സ്തുതിയായി തരംതാഴ്ത്തപ്പെടുന്നു. താനും ഈശ്വരനും ഒന്ന് തന്നെ എന്ന് തിരിച്ചരിഞ്ഞവന് ഇതിന്റെ രണ്ടിന്റെയും ആവശ്യം വരുന്നില്ല.

പ്രാ – അര്‍ത്ഥന എന്നാല്‍ അര്‍ത്ഥനക്ക് മുമ്പുള്ളത് എന്നാണ്‌. അതുകഴിഞ്ഞുള്ളതുമാണ്. യാചനയാകുന്ന പ്രാര്‍ത്ഥന വെറും അര്‍ത്ഥനയാണ്. അത് ജീവനില്ല്ലായ്മയുടെയും ശുഷ്ക്കതയുടെയും ലക്ഷണമാണ്. ആത്മജീവനുള്ളിടത്ത്, അര്‍ത്ഥനയല്ല, ആഘോഷമാണുണ്ടാവുക. മതിയാകാത്തിടത്താണ് യാചന വേണ്ടിവരുന്നത്. നേര്‍ച്ചകാഴ്ച്ചകളുടെയും അര്‍ച്ചനകളുടെയും ആവര്‍ത്തനപ്പാട്ടുകളുടെയുമൊക്കെ ബഹളങ്ങള്‍ അതൃപ്തിയുടെ സൂചനകളാണ്. എന്നാല്‍ സംതൃപ്തന്‍ (വേണ്ടതെല്ലാം തനിക്കുണ്ടെന്നുള്ള ബോദ്ധ്യത്തില്‍ കഴിയുന്നവന്‍) ഉള്ളതുകൊണ്ടാഘോഷിക്കും. ആള്‍ക്കൂട്ടവും കൂട്ടപ്രാര്‍ഥനയും അവനു വിരസതയേകുകയേയുള്ളൂ. ഇരന്നു വാങ്ങാനും വാരിക്കൂട്ടാനുമുനുള്ള ത്വര - അത് രോഗശാന്തിയോ മറ്റനുഗ്രഹങ്ങളോ ആകട്ടെ - ആത്മീയതയല്ല. അതിന്റെയഭാവമാണ്. എല്ലാം കിട്ടിയിട്ടുണ്ടെന്ന സംതൃപ്തിയില്‍ മാത്രമേ ആത്മീയത പുഷ്ടിപ്രാപിക്കൂ.

സത്യത്തില്‍ എന്താണ് പ്രാര്‍ത്ഥന എന്നത് എല്ലാ മതങ്ങളിലും വിവാദവിഷയമാണ്. അസ്തിത്വത്തിന്റെ ഏകാത്മതയെപ്പറ്റി അല്ലെങ്കില്‍ അഭേദതയെപ്പറ്റി ആഴമായ അവബോധത്തിലെത്തിയവര്‍ക്ക് ആ അവബോധം തന്നെയാണ് പ്രാര്‍ത്ഥന. "ആവേ മരിയാ, നന്മ നിറഞ്ഞവളേ, സ്വസ്തി, ദൈവം നിന്നോട് കൂടെ. നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നീ പ്രസവിച്ച യേശു അനുഗ്രഹീതനാകുന്നു." യേശുവിന് ജന്മം നല്‍കിയ മറിയത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്നില്ലെങ്കില്‍ ഇത് യഥാര്‍ത്ഥ പ്രാര്‍ത്ഥനയായി കണക്കാക്കാം. അപ്പോള്‍ അത് ഏത്‌ സ്ത്രീയെ കാണുമ്പോഴും, അല്ല, പ്രകൃതിയിലുള്ള എന്ത് കണ്ടാലും, നമുക്കുള്ളില്‍ അലയടിക്കുന്ന ഒരു സംഗീതമായിത്തീരും. എല്ലാറ്റിലും കുടികൊള്ളുന്ന അനന്തമായ വശ്യത, അനന്തമായ സൌന്ദര്യം, ദൈവമെന്നു നാം വിളിക്കുന്ന പരാശക്തിയുടെ നിരന്തര സാന്നിദ്ധ്യം, അതുണ്ടാക്കുന്ന കുളിര്‍മ്മയും അഭയവും സംതൃപ്തിയും നമ്മുടെതായിത്തീരുമ്പോള്‍ , ജീവിതം മൊത്തത്തില്‍ , എല്ലായ്പ്പോഴും  സുന്ദരമായ ഒരു പ്രാര്‍ത്ഥനയായി പരിണമിക്കുന്നു.

ഒരൊറ്റ നന്ത്യാര്‍വട്ടപ്പൂവ്‌ ഒരു കുഞ്ഞ് ഞങ്ങളുടെ കിടപ്പറയില്‍ കൊണ്ടുവന്നു വച്ചു. അതറിയാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ , ഹായ്, മുറി മുഴുവന്‍ വ്യാപിക്കുന്ന അതിന്റെ വശ്യമായ സുഗന്ധം എന്തെന്നില്ലാത്തെ ഒരനുഭൂതിയെയാണ് സൃഷ്ടിച്ചത്. അതും തുടര്‍ച്ചയായി നാല് ദിവസം. ഉണങ്ങിയിട്ടുപോലും അതിന്റെ വാസന തീരുന്നില്ല. ആ സസ്യത്തിന്റെ രഹസ്യ അടുക്കളയില്‍ ഭൂമിയുടെ ഗന്ധത്തിന്റെ ഒരംശമെടുത്ത് സ്വരുക്കൂട്ടിയതാണല്ലോ ഈ അത്ഭുതം. ഇതേ തരത്തിലുള്ള എത്രയെത്ര അത്ഭുതവിന്യാസങ്ങള്‍ പ്രകൃതിയിലുള്ള എന്തും ഏതും നിരന്തരം ഒരുക്കിക്കൊണ്ടിരിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ, മൂക്കുള്ളവര്‍ മണത്തറിയട്ടെ. ഓരോ ഇന്ദ്രിയവും പ്രാര്‍ത്ഥനക്കുള്ള മെഴുകുതിരികളായിത്തീരട്ടെ.

2 comments:

  1. ശരിയാണ് സാക്ജി, ഒരിക്കല്‍ പോലും പ്രാര്‍ഥിക്കാനായി പള്ളിയില്‍ പോയിട്ടില്ലാത്ത യേശുവിന്റെ പേരിലാണ് ഈ പ്രാര്‍ത്ഥനാഭ്യാസങ്ങള്‍ പള്ളികളില്‍ അരങ്ങേറുന്നത്. സാക്കിന്റെ അരം പോലെ മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു മുമ്പില്‍ മുട്ട് മടക്കാതെ വയ്യാ. പ്രാര്‍ത്ഥനയെപ്പറ്റി അറിഞ്ഞാല്‍ ജിവിതം പൂര്‍ണ്ണമായി എന്നാണു എന്‍റെയും അഭിപ്രായം. സത്യജ്വാലയില്‍ ഈ പോസ്റ്റ്‌ പ്രസിദ്ധികരിക്കുമെന്നും ആശിക്കുന്നു. സാക്ജി ഒരു നിണ്ട അന്വേഷണജിവിതത്തില്‍ നേടിയതാണ് ഇവിടെ സംഗ്രഹിച്ചത്. നന്ദി... ഇങ്ങിനെ, കാലത്തെ അതിജീവിക്കുന്ന പോസ്റ്റുകള്‍ അല്മായാ ശബ്ദത്തെ വേറിട്ടതാക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  2. you people cannot spoil catholica thirusabha.... anti christ people you are

    ReplyDelete