Translate

Saturday, July 28, 2012

ദൈവം ആത്മാവാണ് ! അറിവാണ് ! ആനന്ദമാണ് !


സാമുവല്‍ കൂടല്‍, കലഞ്ഞൂര്‍

ദൈവത്തെ അറിഞ്ഞോന് പള്ളിയും പാസ്റ്ററും വേണ്ടാ; കര്‍ത്താവിന്റെ കരളറിഞ്ഞവന് കത്തനാരെയും വേണ്ടാ! ഒരു പള്ളിയും പുരോഹിതനും കുര്‍ബാനയുമില്ലാതെ അബ്രഹാം ദൈവത്തോട് കൂടിയായിരുന്നു എന്ന് വിശ്വസിക്കുന്നവരോട്, നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കരുത്, പകരം അവനെ മനസിനെ ഉണര്‍ത്തുന്ന ചൈതന്യമായി സ്വയമുള്ളില്‍ അനുഭവിച്ചാസ്വാദിച്ഛാനന്ദിക്കണം. എനിക്കൊരു ഭാര്യയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നതിന് പകരം എല്ലാ ദിവസവും അവളുടെ സ്‌നേഹം ഞാന്‍ ആസ്വദിക്കുന്നു. എനിക്ക് കണ്ണുണ്ട്, കാതുണ്ട് എന്ന വിശ്വാസത്തിലുപരി അവയുടെ അനുഭവാസ്വാദനാന്ദമാണ് സത്യം. ഈശാവാസമിതം സര്‍വ്വം, എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്ന എല്ലാമാകുന്ന ശക്തിയാണ് ദൈവം! അല്ലാതെ പാതിരി പറയുന്ന വ്യക്തിയല്ല ദൈവം. ദൈവം ഉണ്ട് എന്നാകരുത്, ദൈവമേയുള്ളു എന്നാകണം ചിന്തയില്‍ സദാ. 
ഞാനും പിതാവും ഒന്നാകുന്നു, ഞാന്‍ അബ്രഹാമിനു മുമ്പേ ഉണ്ടായിരുന്നു, എന്ന ക്രിസ്തുവിന്റെ സത്യവാങിന്റെ ഉള്‍പ്പൊരുള്‍ യഹൂദപുരോഹിതന്മാര്‍ മനസിലാക്കിയില്ല. ഭാരതത്തിന്റെ അഹം ബ്രഹ്മാസ്മി എന്ന മനസിന്റെ കണ്ടെത്തല്‍ പറഞ്ഞ യേശുവിനെ അവര്‍ ദൈവനിഷേധി എന്നാക്ഷേപിച്ചു. ദൈവത്തെ സ്വയം ഉള്ളിലറിഞ്ഞു എന്നതാണ് നസറായന്‍ ചെയ്ത ആദ്യ കുറ്റം. രണ്ടാമതായി പുരോഹിതന്റെ ചൂഷണത്തില്‍പ്പെട്ട ജനതയോട് കരുണ തോന്നി അവരെ രക്ഷിക്കാന്‍ അവന്‍ ഓരോ മനസുകളോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ പള്ളികളിലും തെരുകോണുകിലും നിന്നു പ്രാര്‍ത്ഥിക്കാന്‍ ഇഷ്ടപ്പെടരുത്. നീയോ, അറയില്‍ കയറി വാതിലടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. വി. മത്തായി 6 ന്റെ 5 മുതല്‍ പ്രാര്‍ത്ഥനയെക്കുറിച്ച് ഒരു സ്റ്റഡി ക്ലാസ് ക്രിസ്തു എടുത്തു തന്നെങ്കിലും നാമിന്നുവരെ അത് പഠിച്ചില്ല, അവനെ അനുസരിച്ചുമില്ല. പകരം പാതിരിയും പാസ്റ്ററും പറഞ്ഞു തന്ന കപടതകളില്‍ വിശ്വസിച്ച് കുരുടന്മാരായ വഴികാട്ടികളെ പിന്‍പറ്റി കുഴിയില്‍ വീഴുന്ന തലമുറകളാണ് കാലാന്തരത്തോളം. 
പള്ളിയില്‍ പോകരുതെന്നു പറഞ്ഞ ക്രിസ്തു, പള്ളിയില്‍ ചമ്മട്ടിയെടുത്ത ക്രിസ്തു പള്ളികള്‍ സ്ഥാപിച്ചിട്ടില്ല, ഉണ്ടാക്കുവാന്‍ പറഞ്ഞിട്ടുമില്ല. കുര്‍ബാന സ്ഥാപിച്ചിട്ടില്ല, ചൊല്ലാന്‍ പറഞ്ഞുമില്ല. പക്ഷെ കുര്‍ബാന (ത്യാഗം) ചെയ്യാന്‍ പറഞ്ഞു, നല്ല ശമരായനെപ്പോലെ! നാമതു ചെയ്യുന്നുമില്ല. ത്രികാലജ്ഞാനിയായ യേശു താന്‍ കുരിശില്‍ മരിക്കും മുമ്പെ പെസഹപെരുന്നാളില്‍ നാളത്തെ ദുര്‍ദിനത്തെയോര്‍ത്ത് ഒരു കാവ്യബലി തലേന്ന് നടത്തിയതാണ് സെഹ്യയോന്റെ വന്‍ മാളികയില്‍! ലെബനാനി കുബൂസെടുത്ത് ഇത് എന്റെ ശരീരമെന്നും മുന്തിരി ചാറിന്റെ പാത്രമെടുത്ത് ഇത് എന്റെ രക്തമെന്നും നിങ്ങള്‍ ഇതു വാങ്ങി ഭക്ഷിപ്പീന്‍, എന്റെ ഓര്‍മ്മക്കായി നിങ്ങളും ഇപ്രകാരം ചെയ്യുവീന്‍ എന്ന് തന്റെ വിലാപകാവ്യം സ്‌നേഹത്തിന്റെ രാഗത്തില്‍ ത്യാഗം സ്ഥാപിക്കുവാനായി ആ രാത്രി നസറായന്‍ പാടി! ഈ ത്യാഗകവിതയുടെ ആത്മാവ് കണ്ടെത്താതെ കുബുദ്ധികളായ പാതിരിമാര്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഷിഫ്റ്റ് കുര്‍ബാനകള്‍ ചൊല്ലുന്നത് കണ്ട്, കുര്‍ബാന ചൊല്ലാനല്ല, ചെയ്യുവീന്‍ നിങ്ങളെന്റെ ഓര്‍മ്മക്കായ് കാലത്തോളം എന്നേശു വിതുമ്പുന്നു എന്നു ഞാനും പാടി.
നിത്യജീവനെ പ്രാപിക്കാന്‍ ഞാനെന്തു ചെയ്യേണം? എന്ന ചോദ്യവുമായി തന്നെ പരീക്ഷിക്കാന്‍ വന്ന നീതിശാസ്ത്രിയോട് നല്ല ശമര്യന്റെ കഥ പറഞ്ഞ ശേഷം അവനോട് നീയും നിത്യജീവനെ പ്രാപിക്കാന്‍ ഇപ്രകാരം ത്യാഗം ചെയ്യൂ എന്നു പറഞ്ഞ് ത്യാഗത്തെ (കുര്‍ബാനയെ) സ്ഥാപിച്ച തിരുവചനം കാലം മറന്നു പോയി? ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പീന്‍ ഇതാണെന്റെ കല്‍പ്പന! ഈ തിരുവചനം കാറ്റില്‍പറത്തിയ പുരോഹിതരും വൃന്ദവും സഭാവഴക്കും വിശ്വാസ വഴക്കും പള്ളിക്കേസുമായി ക്രിസ്തീയത ഇല്ലാതെയാക്കുകയല്ലേ ചെയ്യുന്നത്? കത്തോലിക്കാസഭ തന്നെ വിശ്വാസത്തിന്റെ പേരില്‍ എത്ര ലക്ഷം അബ്രഹാമ്യ സന്തതികളുടെ ശ്വാസം നിലപ്പിച്ചു? ഈ ഒറ്റ കാരണത്താല്‍ കത്തോലിക്കാസഭയും തമ്മിലടിക്കുന്ന ഒരു സഭയും ക്രിസ്തുവിന്റെ മണവാട്ടിസഭകളല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവന്റെ സ്‌നേഹത്യാഗ സന്ദേശങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങാത്ത പ്രവര്‍ത്തിയിലൂടെ സ്വയം കുര്‍ബാന ചെയ്യുന്നവരല്ലാത്ത ഒരുവനും ക്രിസ്ത്യാനിയല്ല! മണ്ണിനെ നാറ്റാന്‍ വിണ്ണിനെ നാറ്റാന്‍ ഉണ്ടായ കോലാഹലക്കമ്മറ്റികളാണ് ഇന്നു കാണുന്ന സഭകളെല്ലാം. ക്രിസ്തുവിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുന്ന സഭ, നല്ലശമരായനാകാന്‍ വെമ്പുന്ന സഭ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അന്നെനിക്ക് ആ സഭയുടെ അംഗമാകാന്‍ ക്രിസ്തുവിനെ കര്‍മ്മങ്ങളിലൂടെ മഹത്വപ്പെടുത്താന്‍ അന്നു പുനര്‍ജനിക്കാന്‍ ആത്മദാഹമാണെനിക്ക്. 
പുരോഹിതരുടെ ലൈംഗികാരാജകത്വം മനസും മാനവും കലുക്ഷിതമാക്കി! മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന യഹോവയുടെ ആദമിനെക്കുറിച്ചുള്ള ആദ്യത്തെ കരുതല്‍ മനസിലാക്കി, സഭ ഓരോ പുരോഹിതനും വിവാഹിതരാകട്ടെ എന്ന് കാനോന്‍ നിയമം തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു സഭയിലും അഭയകള്‍ ഇനി ഉണ്ടാകാതിരിക്കട്ടെ. 
വി. മത്തായിയുടെ 10 ന്റെ 5 മുതല്‍ യേശു സുവിശേഷ വേലക്കായി തന്റെ ശിഷ്യഗണത്തെ ലോകത്തിന്റെ നാനാ ഭാഗത്തേക്കും വെറും കയ്യോടെ പറഞ്ഞയക്കുമ്പോള്‍ അവരോട് അവധൂതരെപ്പോലെയാകാന്‍ ഓര്‍ഡര്‍ ചെയ്തത് സഭകളും ആടുകളും മറന്നു പോയി, പാടേ മറന്നു പോയി! വൈദീകമെന്നത് കൈയ്‌ത്തൊഴിലാക്കിയ ദൈവീകമില്ലാത്തോരേറി, ളോഹതന്‍ കീശയില്‍ കാണാ മനസാക്ഷി! ത്രോണോസില്‍ വച്ചേച്ചു പോരും എന്നും ഞാനറിയാതെ പാടിപോയി. രക്ഷാമാര്‍ഗം ഇനിയൊന്നേയുള്ളു. ക്രിസ്തുവിനെ അനുസരിക്കുക, കത്തനാരെ ഒഴിവാക്കുക! സ്വര്‍ഗസ്ഥനായ പിതാവും മക്കളും തമ്മിലുള്ള ജീവനസംഗമത്തില്‍ എന്തിനൊരു ചൂഷകനായ പാതിരിയും പാസ്റ്ററും നടുവില്‍? ഓരോ മനസിനെയും ഉണര്‍ത്തുന്ന ചൈതന്യമാണീശനെന്ന് സ്വയം ഉള്ളിലറിഞ്ഞ്, ആ അറിവില്‍ ഉള്ളില്‍ ആനന്ദിച്ച് പ്രജ്ഞാനം ബ്രഹ്മം എന്ന ബോധത്തില്‍ മനസുകള്‍ സ്ഥിരമാക്കി, പരമാനന്ദം അനുഭവിക്കാന്‍ നമുക്കു മനസുകളില്‍ മനനമേറ്റാം, മഹത്വപ്പെടാം മനുജരേ. . . 
എന്റെ മനസിന്റെ ഈ കണ്ടെത്തലുകള്‍ സത്യമാണോ എന്നറിയാന്‍ ഒരു മാര്‍ഗമേയുള്ളു. ആത്മശാസ്ത്രം അറിയുവാന്‍ ഭഗവദ്ഗീതയും കര്‍ത്താവിന്റെ വചനങ്ങളിലെ ഉള്‍പൊരുളറിയാന്‍ ഉപനിഷിത്തുകളും ഓരോ ക്രിസ്ത്യാനിയും പഠിക്കണം. മഹാഭാഗവതം ഒരു ജീവനശാസ്ത്ര ഗ്രന്ഥമാണെന്ന സത്യവും മറക്കരുത്. ക്രിസ്തു പന്ത്രണ്ട് വയസു മുതല്‍ മുപ്പതാം വയസുവരെ എവിടെയായിരുന്നു എന്ന് ബൈബിളില്‍ ഒരക്ഷരം പോലുമില്ല. എന്നാല്‍ തന്റെ മുപ്പത്തിമൂന്ന് വയസിന്റെ ഏറിയ പങ്കായ പതിനെട്ട് വര്‍ഷം അദ്ദേഹം ലോകത്തിന്റെ അന്നത്തെ യൂണിവേഴ്‌സിറ്റികളായിരുന്ന നളന്ദ, തക്ഷശിലകളില്‍ ഭാരതജ്ഞാനം പഠിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നത് സത്യം തന്നെയെന്ന് നമ്മള്‍ താനേ സമ്മതിച്ചു പോകും!. കിണറ്റിലെ തവളകളാകാതെ നമുക്കും അവനെപ്പോലെ അറിവിന്റെ കായലും കടലും തേടാം ഭാരതത്തില്‍. യൂറോപ്പമേരിക്ക തുടങ്ങിയ ക്രിസ്ത്യാനികള്‍ കൂടുതലുള്ള രാജ്യങ്ങളിലെ ലൈംഗികാരാജകത്വം, കുത്തഴിഞ്ഞ കുടുംബജീവിതം, കുറ്റകൃത്യങ്ങള്‍ എന്തേ ഭാരതത്തില്‍ കുറഞ്ഞു പോയി? ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. സത്യജ്ഞാനവും ഉന്നത സംസ്‌കാരവും മാനവര്‍ക്ക് ചുരത്തിയ പുണ്യമാതാവാണ് ഭാരതം!
അല്‍മായശബ്ദം ഇലക്ട്രിക് ലൈബ്രറിയില്‍ സാമുവല്‍ കൂടലിന്റെ സാമസംഗീതം മുന്നൂറ് കവിതകളുടെ ഒരു സമാഹാരം ബുക്കായി ചേര്‍ത്തിട്ടുണ്ട്. അറിയുവാനാശിക്കുന്ന മനസുകള്‍ അതിലൂടെ കടന്നു പോകു ആനന്ദിക്കാം. ഈ ചിന്തകളെ സാധുകരിക്കാന്‍ മുപ്പതിലേറെ കവിതകള്‍ www.samuelkoodal.com വെബ്‌സൈറ്റിലും samuelkoodal@gmail.com എന്ന Face book ലെ ഫോട്ടോ ആല്‍ബങ്ങളിലും നോക്കിയാലേറെ നന്ന്. 140 വിഷ്വല്‍ മ്യുസിക്കല്‍ ആല്‍ബംസും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദയവായി ഇത് കാണുക. കര്‍ത്താവിലാനന്ദിക്കുക. നന്ദി, ശുഭം
28-07-2012

1 comment:

  1. "
    എന്നാല്‍ തന്റെ മുപ്പത്തിമൂന്ന് വയസിന്റെ ഏറിയ പങ്കായ പതിനെട്ട് വര്‍ഷം അദ്ദേഹം ലോകത്തിന്റെ അന്നത്തെ യൂണിവേഴ്‌സിറ്റികളായിരുന്ന നളന്ദ, തക്ഷശിലകളില്‍ ഭാരതജ്ഞാനം പഠിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നത് സത്യം തന്നെയെന്ന് നമ്മള്‍ താനേ സമ്മതിച്ചു പോകും!"

    ആ കൂട്ടത്തില്‍ അജന്തയിലും എല്ലോറയിലും കൊടുങ്ങല്ലൂരും പോയ്ക്കാണും എന്ന് പഴമക്കാര്‍ പറയാത്തത് ഭാഗ്യം.

    ReplyDelete