Translate

Tuesday, June 18, 2013

നസ്രാണിക്കത്തോലിക്കാസഭ - നവീകരണചരിത്രം II

ചാക്കോ കളരിക്കൽ
''സഭാനവീകരണത്തിലേക്ക് ഒരു വഴി''യില്‍ ഉള്ള ''നസ്രാണിക്കത്തോലിക്കാസഭ - നവീകരണചരിത്രം'' എന്ന അധ്യായത്തിന്റെ രണ്ടാം ഭാഗം  
സഭാനവീകരണം സംഘടനയിലൂടെ:
'നസ്രാണി ഗുണദായിനീസഭ' മുതല്‍
'അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്' വരെ

പള്ളിയോഗങ്ങള്‍ക്കു പുറമെയുള്ള സാമൂഹികസംഘടനകള്‍ ഈ സമുദായത്തില്‍ അനിവാര്യമാക്കിയത്, കൂനന്‍കുരിശുസത്യത്തിനുശേഷം നസ്രാണിസമുദായത്തിനു ജാതിക്കു കര്‍ത്തവ്യന്റെ നേതൃത്വം ഇല്ലാതാവുകയും അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യമെത്രാന്‍ ഭരണസമ്പ്രദായത്തിന്‍ കീഴില്‍ നസ്രാണികളുടെ പള്ളിയോഗങ്ങളും പള്ളിപ്രതിപുരുഷയോഗങ്ങളും ബലഹീനങ്ങളാവുകയും ചെയ്ത ഒരു സാഹചര്യമായിരുന്നു. അതുവരെ പള്ളിയോഗങ്ങള്‍ ഈ സഭയുടെ സാമൂഹികവും ആധ്യാത്മികവുമായ എല്ലാക്കാര്യങ്ങളിലും ആലോചിച്ചു തീരുമാനമെടുക്കാനുള്ള വ്യവസ്ഥാപിത സമിതികളായിരുന്നു. പാശ്ചാത്യമെത്രാന്‍ സംവിധാനത്തോട് ഇടഞ്ഞുകൊണ്ടായിരുന്നെങ്കിലും, 1632-ലെ ഇടപ്പള്ളിയോഗത്തെയും, 1773-ലെ അങ്കമാലിയോഗത്തെയും 1854-ലെ കുറവിലങ്ങാട്ടു യോഗത്തെയും 1892-ലെ പാലാ യോഗത്തെയും ഈ പരമ്പരാഗത പള്ളിയോഗവ്യവസ്ഥിതി നിലനിര്‍ത്താന്‍ നസ്രാണികള്‍ നടത്തിയ പരിശ്രമങ്ങളുടെ ഉജ്ജ്വല ഉദാഹരണങ്ങളായി നമുക്കു കാണാനാകും. ഇതില്‍ 1892-ലെ പാലാ യോഗമായിരുന്നു മെത്രാന്റെ പത്രമേനി സ്വരൂപണത്തിനുള്ള ഇടവകവിഹിതം ഏകപക്ഷീയമായി നിര്‍ണയിച്ചു ലവീഞ്ഞുമെത്രാനിറക്കിയ കല്പനയെ തിരസ്‌കരിച്ചുകൊണ്ടു തീരുമാനമെടുത്തത്. 
പള്ളിയോഗത്തിനു പുറമേയുള്ള ആദ്യസാമുദായികസംഘടനയായി കണക്കാക്കപ്പെടുന്നത് നസ്രാണി ഗുണദായിനീസഭയാണ്. അതിനു രൂപംകൊടുത്തതും ഇതേ പാലാ യോഗമായിരുന്നു. ഇതിനു പിന്നില്‍, മാറിയ സഭാസാഹചര്യത്തില്‍ നസ്രാണികത്തോലിക്കാസമുദായത്തിന്റെ അവകാശസംരക്ഷണത്തിന് പള്ളിയോഗങ്ങള്‍ മതിയാവുകയില്ല എന്ന തീക്ഷ്ണമായ അവബോധമായിരുന്നു.

പാശ്ചാത്യമെത്രാന്‍ സമ്പ്രദായത്തിനെതിരെ, നസ്രാണിസമൂഹത്തിന്റെ പരമ്പരാഗത അവകാശാധികാരങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള സമരത്തിനു ധീരനേതൃത്വം നല്‍കിയ നിധീരിക്കല്‍ മാണിക്കത്തനാരുടെ മാനസസന്താനമായി രൂപംകൊണ്ട സമുദായസംഘടനയാണ് അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസ് (എ. കെ. സി. സി.) എന്ന കാര്യം പലര്‍ക്കും അവിശ്വസനീയമായി തോന്നാം. കാരണം, അതിന്നു കാണപ്പെടുന്നത് ഒരു മെത്രാന്‍സംരക്ഷണപ്രസ്ഥാനമായിട്ടാണല്ലോ. അതിന്റെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശ്രീ. ജോണ്‍ കച്ചിറമറ്റം ഈ സംഘടനയുടെ ഉത്ഭവപശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നു: ''മാന്നാനത്തെ 40 മണി ആരാധനയുടെ സമാപനദിവസം (1904-ല്‍) നിധീരിക്കല്‍ മാണിക്കത്തനാര്‍ അടുത്ത വര്‍ഷത്തെ നാല്പതുമണിയാരാധനയുടെ സമാപനത്തില്‍ സംഘടന കെട്ടിപ്പടുക്കുവാനായി ഒരു സമ്മേളനം ചേരണമെന്ന് പ്രസ്താവിച്ചു. 1905-ലെ നാല്പതുമണിയാരാധനയ്ക്കുമുമ്പ് ആ മഹാപുരുഷന്‍ ദിവംഗതനായി. സഭയിലും സമൂഹത്തിലും അംഗീകാരവും ആദരവും പിടിച്ചുപറ്റിയ ഷെവ. പാറായില്‍ വര്‍ക്കി അവിരാത്തരകന്റെ പിന്തുണയോടെ 1905-ല്‍ ഈ കാര്യത്തെപ്പറ്റി ആലോചന നടത്തി. തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും ആലോചനകളുടെയും ഫലമായി 'കത്തോലിക്കാ ക്രിസ്തീയ മഹാജനസഭ'യ്ക്കു രൂപംകൊടുത്തു''(എ. കെ. സി. സി. ബുള്ളറ്റിന്‍, പ്രസാധകക്കുറിപ്പ്, സെപ്തംബര്‍ 1994).
ഈ സംഘടനയാണ് 1931 മുതല്‍ അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസ് എന്നറിയപ്പെടുന്നത്.

കേരളസഭയുടെ എന്നത്തേയും ധീരപുരുഷന്മാരില്‍ അഗ്രഗണ്യനായ നിധീരിക്കല്‍ മാണിക്കത്തനാരുടെ നിര്‍ദേശപ്രകാരം, അദ്ദേഹത്തെ മാനിച്ചിരുന്ന പ്രശസ്ത സമുദായനേതാക്കള്‍ രൂപംകൊടുത്ത ഒരു സംഘടനയാണിന്നത്തെ കത്തോലിക്കാകോണ്‍ഗ്രസ് എന്നതില്‍നിന്നുതന്നെ അതിന്റെ സ്ഥാപനലക്ഷ്യങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പാശ്ചാത്യസഭാസമ്പ്രദായപ്രകാരം നസ്രാണിസഭാസമൂഹത്തിന്റെ അവകാശങ്ങള്‍ മെത്രാന്മാര്‍ കയ്യേറിക്കൊണ്ടിരുന്നപ്പോള്‍ അതിനെതിരെ ത്യാഗപൂര്‍വം പോരാടിയ അതിന്റെ സ്ഥാപകനേതാക്കള്‍ അതിനെ ഒരിക്കലും ഒരു 'മെത്രാന്‍ സംരക്ഷണപ്രസ്ഥാന'മായി വിഭാവനം ചെയ്തിരിക്കാനിടയില്ല.

ചുരുക്കത്തില്‍, കേരളനസ്രാണികളുടെ നഷ്ടപ്പെട്ട അവകാശാധികാരങ്ങളും സ്വാതന്ത്ര്യവും വീണ്ടെടുക്കാന്‍വേണ്ടി ഈ സമുദായം അനുഭവിച്ച തീവ്രമായ പേറ്റുനോവില്‍നിന്നു ജന്മമെടുത്തതായിരുന്നു നസ്രാണിഗുണദായിനീസഭ മുതല്‍ അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസ് വരെയുള്ള സമുദായസംഘടനകള്‍. ഈ സ്വാതന്ത്ര്യനഷ്ടവും അധികാരനഷ്ടവും മുഖ്യമായും പാശ്ചാത്യമെത്രാന്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍, പരോക്ഷമായെങ്കിലും അവയെല്ലാം മെത്രാന്മാരുടെ അധികാരതാത്പര്യങ്ങള്‍ക്കെതിരുമായിരുന്നു.

സ്വതന്ത്രമായ അല്മായസംഘടനകളെ മെത്രാന്മാര്‍ ആദ്യംമുതലേ എതിര്‍ത്തുപോന്നിരുന്നു. സമുദായത്തിന് തങ്ങളല്ലാതെ മറ്റു നേതാക്കന്മാര്‍ ഉണ്ടാകരുത് എന്നതാണ് അവരുടെ എന്നത്തെയും നിലപാട്. ഇതേപ്പറ്റി മുന്‍ സൂചിപ്പിച്ച പ്രസാധകക്കുറിപ്പില്‍ ശ്രീ. ജോണ്‍ കച്ചിറമറ്റം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''അല്മായരുടെ നേതൃത്വത്തില്‍ ഒരു സംഘടന ഉണ്ടാകുന്നതിനോട് വൈദികമേലധ്യക്ഷന്മാര്‍ക്ക് ഒട്ടുംതന്നെ താത്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് മാര്‍ ളൂയീസ് പഴേപറമ്പിലായിരുന്നു'(എ. കെ. സി. സി. ബുള്ളറ്റിന്‍, പ്രസാധകക്കുറിപ്പ്, സെപ്തംബര്‍ 1994).
വളരെയേറെ ബുദ്ധിമുട്ടിയും ഒട്ടേറെ വിട്ടുവീഴ്ചകള്‍ നടത്തിയുമാണ് ഇത്തരമൊരു സമുദായസംഘടനയ്ക്ക് സഭാധികാരികളുടെ അംഗീകാരം നേടാനായതെന്ന് ശ്രീ. ജോണ്‍ കച്ചിറമറ്റം തുടര്‍ന്നു വിശദീകരിക്കുന്നുണ്ട്. സംഘടനായോഗങ്ങളെ നിരോധിക്കുകവരെ ചെയ്തിരുന്നു!
                                                                                     (തുടരും)
N.B
 ''സഭാനവീകരണത്തിലേക്ക് ഒരു വഴി'' സത്യജ്വാലയില്‍നിന്ന് ഹാര്‍ഡ് കോപ്പി വാങ്ങിയോ നമ്മുടെ ഇലക്ട്രോണിക് ലൈബ്രറിയില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്തോ വായിക്കാവുന്നതാണ്. 

3 comments:

 1. വിദേശമേൽക്കോയ്മക്കും യൂറോപ്യൻ, പോർട്ടുഗീസ് മിഷിനറിമാർക്കും എതിരെ കേരള ക്രൈസ്തവലോകം പൊരുതിയെന്ന് ചരിത്രം ഉണ്ട്. ഈ സമരങ്ങൾ കേരള ക്രിസ്ത്യാനികളുടെ ദേശസ്നേഹമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിമാർവരെ പലകാലങ്ങളിൽ സ്തുതിക്കുന്നതും കേട്ടിട്ടുണ്ട്.


  കൂനൻ കുരിശുസത്യത്തിൽക്കൂടി ഒരു വശത്ത് പൊർട്ടുഗീസുകാർക്കും റോമിനും യൂറോപ്പ്യൻ വിദേശമിഷ്യനറിമാർക്കെതിരെ പ്രതിജ്ഞ. വിദേശീയ വിശ്വാസത്തിനെതെരെയുള്ള ഈ പ്രതിജ്ഞയെ ദേശസ്നേഹമെന്ന് പേരിട്ടു. മറുവശത്ത് അഹത്തുള്ളപോലുള്ള കാൽഡിയൻ, നെസ്തോറിയൻ ബിഷപ്പുമാർക്കും പേർഷ്യൻ ബിഷപ്പുമാർക്കും പിന്തുണ. ഈ വിദേശസ്നേഹം ദേശസ്നേഹമായി ചരിത്രം എഴുതി. ഒരേ സമയം ഇഷ്ടമുള്ള വിദേശികളെ അനുകൂലിക്കുന്നതും അല്ലാത്തവരെ പ്രതികൂലിക്കുന്നതും ദേശസ്നേഹമെന്നാണ് കൽദായമെത്രാന്മാരുടെ പ്രാമാണം.

  കൂനൻകുരിശ് സത്യത്തിലെ ഭൂരിഭാഗം ജനങ്ങളും പിന്നീട് റോമയുടെ കീഴിൽ വന്നപ്പോൾ മറ്റൊരു ദേശസ്നേഹം. ഒരാളെ മിസ്റ്റർ ക്ലീൻ ആക്കുന്നത് ഓരോ കാലത്തെ ചരിത്രത്തെ വികൃതമാക്കി പൊതുജനത്തെ കഴുതക്കളാക്കുന്നവരെന്നത് മറ്റൊരു സത്യവുമാണ്.

  ഭരിക്കുന്നവരുടെ ആഗ്രഹമനുസരിച്ച് ആശയവൈകല്യങ്ങൾ സൃഷ്ടിക്കുകയെന്നത് ചരിത്രം എഴുതുന്നവരുടെ ചുമതലയാണ്. ചരിത്രത്തിലെ ക്രൂരനായ ടിപ്പു സുൽത്താനെവരെ പുതിയ തലമുറകളുടെ പാഠപുസ്തകങ്ങളിൽ ദേശസ്നേഹി ആക്കി.

  ReplyDelete
 2. സ്വയംപര്യാപ്തതയിലുള്ള അഭിമാനം എന്ന സവിശേഷ സ്വഭാവഗുണം ഇല്ലാത്തതുകൊണ്ടാണ് നമ്മൾ രാഷ്ട്രീയമായും മതപരമായും ബൗദ്ധികമായും എപ്പോഴും അന്യരെ ആശ്രയിക്കുകയും സാവധാനം അവരുടെ അടിയാളരായി അവസാനിക്കുകയും ചെയ്യുന്നത്. ഗണിതശാശ്ത്രത്തിലും വാനശാസ്ത്രത്തിലും എന്നതുപോലെ ചികിത്സാരംഗത്തും കൃഷിസംപ്രദായങ്ങളിലും നിർമ്മാണ പദ്ധതികളിലും തനതും മഹത്തരവുമായ പ്രാവീണ്യം ഒരുകാലത്ത് നേടിയിരുന്ന ഭാരതത്തിലെ ജനം ഇന്നത്തെ ശോചനീയമായ പരാശ്രയാവസ്ഥയിലെയ്ക്ക് അധപ്പതിച്ചു പോയത് ദീഘവീക്ഷണമില്ലായ്മയുടെയും അടിമുടി വ്യാപിച്ചിരിക്കുന്ന അലസതയുടെയും ഫലമായാണ്.

  ഇന്ന് നമ്മൾ വിദേശ ബാങ്കുകളിൽ നിന്ന് ലോഭമില്ലാതെ വായ്പകളെടുത്ത് വിദേശീയർ ഉപേക്ഷിച്ചു കളഞ്ഞ സാങ്കേതികവിദ്യകളും ഉപകരണങ്ങളും വാങ്ങിക്കൂട്ടി പരിഷ്ക്രുതരാകാൻ വെമ്പുകയാണ്. റോഡുകളും പാലങ്ങളും ആണവനിലയങ്ങളുമൊക്കെ ഇക്കൂട്ടത്തിൽ പെടുന്നു. ഇവയെല്ലാം ഇവിടെത്തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിജ്ഞാനംകൊണ്ടും മനുഷ്യയത്നം കൊണ്ടും ചെയ്യാവുന്നവയായിട്ടും നമുക്ക് താത്പര്യം വായ്പയിലാണ്. നാം തനിയെ ചെയ്യുന്ന ചെറിയ വിദ്യകൾ പോലും ഒരിടത്തും ഒരുത്തര്ക്കും ഒട്ടു ഉപകരിക്കുന്നുമില്ല. നമ്മുടെ വൈദ്യുതീകരണം ഒന്നാന്തരം ഉദാഹരണം. മന്ത്രിമാർക്കും അവരുടെ സിൽബന്ധികൾക്കുമൊഴിച്ച് ഇടമുറിയാതെ ഒരു ദിവസമെങ്കിലും ജനത്തിന്‌ എവിടെയെങ്കിലും കറന്റ് കിട്ടുന്നുണ്ടോ? ഉണ്ടാക്കുന്നതോ തുശ്ചം. അതിന്റെ മുക്കാലും വഴിക്ക് ചോര്ന്നു പോകുന്നു. വൈദ്യുതിയുപയോഗിച്ച് എന്തെങ്കിലും പദ്ധതിയിൽ വ്യാവൃതരായിരിക്കുന്ന ഒരാളും രക്ഷപ്പെടാൻ ഒരു നിർവാഹവുമില്ല.

  ഇത് തന്നെ മതകാര്യങ്ങളിലും സ്ഥിതി. എല്ലാത്തിനും റോമായെ ആശ്രയിക്കുന്നതിനും അവിടെനിന്നുള്ള കല്പനകളെ കാത്തിരിക്കുന്നതിനും ഒരുത്തനും ഒരു നാണവുമില്ല. സ്വതന്ത്രരായി ജീവിച്ചിരുന്ന നമ്മൾ സ്വയം അന്യ രാജ്യങ്ങളുടെ ആശയങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമനുസരിച്ച് ബാലിശമായി അടിമത്തത്തിൽ സുഖിച്ചു കഴിയുന്ന മാനസ്സികാവസ്ഥയിലേയ്ക്ക് താഴ്ന്നുപോകാൻ ആരാണ് കാരണക്കാർ എന്ന് എടുത്തു പറയേണ്ട കാര്യമില്ല. ഏതായാലും യേശുവിന്റെ കാഴ്ചപ്പാടിൽ ഇത്തരം അനുസരണ ഉൾപ്പെടുത്തിയിരുന്നില്ല. തെണ്ടലും ഉൾപ്പെടുത്തിയിരുന്നില്ല. നമ്മുടെ മെത്രാന്മാർ അമേരിക്കയിലും യൂറോപ്പിലും തെണ്ടികളായി അലയുന്നു. അടുത്തയാഴ്ച പലാമെത്രാൻ കല്ലറങ്ങാട്ട് സ്വിറ്റ്സർലന്റിൽ എത്തും, നീണ്ട ഒരു തെണ്ടൽ പരിപാടിയുമായി. അങ്ങേരെ ആര് എവിടെ വച്ച് എങ്ങനെ സ്വീകരിക്കണം എന്നൊക്കെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇങ്ങനെ പോയാൽ നമ്മൾ എന്നെങ്കിലും ഗതിപിടിക്കുമോ? ഇത്ര അഭിമാനക്ഷതം വരുത്തിവച്ചിട്ടും പ്രവാസിമാലയാളികൾക്കും നാട്ടുകാർക്കും അങ്ങേരോട് ഒന്നുമില്ലേ പറയാൻ ?

  ReplyDelete
 3. ചങ്ങനാശേരി-കോട്ടയം വികാരിയത്തിലെ ആദ്യത്തെ ബിഷപ്പായിരുന്ന ഫ്രഞ്ചുകാരൻ ചാൾസ് ലവീഞ്ഞിനെ സംബന്ധിച്ച് എഴുതണമെന്ന് ആഗ്രഹിച്ച് സൈബർലോകം മുഴുവൻ തെരഞ്ഞിട്ടും കാര്യമായി ആരും ഒന്നും അദ്ദേഹത്തെപ്പറ്റി എഴുതിയിട്ടില്ല. ഒരുപക്ഷെ അദ്ദേഹം യൂറോപ്പ്യനായ ബിഷപ്പായതുകൊണ്ടായിരിക്കാം. കുട്ടനാട്ടിലെ എന്റെ അമ്മവീട്ടിലെ പഴയ തലമുറകളിൽനിന്ന് അദ്ദേഹത്തെപ്പറ്റി കേട്ടറിവുകളുണ്ട്.

  വ്യക്തിപരമായി ഇദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു. ആ യോഗ്യത പിന്നീട് ചങ്ങനാശേരിരൂപതയിൽ വന്നവരിൽ കാവുകാടൻ ഒഴിച്ച് ആർക്കും അവകാശപ്പെടുവാൻ സാധിക്കുകയില്ല. കുട്ടനാട്ടിൽ ചേന്നങ്കരിയിൽ സ്പെഷ്യൽ കെട്ടുവള്ളത്തിൽ ബിഷപ്പ് ലവീഞ്ഞ് (Bishop laveenju) വന്നിരുന്ന കാലങ്ങളെപ്പറ്റി എന്റെ മുത്തശൻമാരിൽനിന്ന് കഥകൾ കേട്ടിട്ടുണ്ട്. കഥകൾ ചരിത്രങ്ങളായി എഴുതുവാൻ സാധിക്കുകയില്ലല്ലോ.

  ദൈവദാസ്സൻ കുര്യാളശ്ശേരിയെ ചേന്നങ്കരിപള്ളിയ്ക്കകത്ത്‌ ഇടവകജനം പൂട്ടിയിട്ട കഥയുമുണ്ട്. അധികാര ദുർവിനിയൊഗത്തിൽ ജനം രോഷാകുലരായതാണ് കാരണമെന്നും അറിയുന്നു. അഴിമതി കാണിച്ചിരുന്ന അച്ചന്മാരെ ഇടവക ജനത്തിന്റെ മുമ്പിൽവെച്ച് ലവീഞ്ഞുമെത്രാൻ പരസ്യമായി ശകാരിക്കുമായിരുന്നുവെന്നും പഴങ്കാലത്തിലെ കുട്ടനാട്ടുകാരിൽനിന്നും കേട്ടറിവുണ്ട്. കയ്യിട്ടുവാരാൻ നാട്ടച്ചൻമാർ അന്നും ഇന്നത്തെപ്പോലെ കേമൻമാരായിരുന്നു.

  ഇടവകയിൽ വന്നാൽ കൊയ്ത്തുകാരുടെ കുഞ്ഞുങ്ങളെ കണ്ടാൽ ലാളിക്കുമായിരുന്നുവെന്നും ദരിദ്രകുടിലിൽനിന്നും കൊണ്ടുവന്നുകൊടുക്കുന്ന പൂട്ടും പഴവും ഈ സായിപ്പ് മേടിച്ച് കഴിക്കുമായിരുന്നുവെന്നും കേട്ടുകേൾവിയുണ്ട്. ബിഷപ്പ് ലവീഞ്ഞ് അന്നത്തെ പുരോഹിതരുടെ പേടിസ്വപ്നവും അല്മേനികളുടെ മിത്രവുമായിരുന്ന കഥ ചരിത്രത്തിൽനിന്നും മാഞ്ഞുപോയി.

  ലവീഞ്ഞ് മെത്രാൻ 1840 ജൂണ്‍ 11 ന് ഫ്രാൻസിൽ ജനിച്ചു. ഈശോസഭാ വൈദികനായിരുന്നു. 1913 ഡിസംബർ 11 ന് ശ്രീലങ്കയിൽ വെച്ച് മരിച്ചു. പോപ്പ് ലീയോപതിമൂന്നാമൻ അദ്ദേഹത്തെ കോട്ടയം ചങ്ങനാശേരിയിലെ ആദ്യത്തെ ബിഷപ്പായി നിയമിച്ചു. പിന്നീട് ബിഷപ്പ് മാക്കിൽ ചങ്ങനാശേരി മെത്രാനായി. അതിനുശേഷം കുര്യാളശേരി, കാളാശേരി ദൈവദാസന്മാരുടെ തുടർച്ച കാണാം. ഭൂമിയിലെ ഈ രാജാക്കന്മാർ ദൈവദാസയോഗ്യത നേടുന്നതും കൈക്കൂലിയുടെ ബലത്തിൽ തന്നെയാണ്. പണം നല്ലവണ്ണം ചെലവാക്കിയാലെ ഒരു പുണ്യാളനെ വാർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ. പുലപിള്ളേരെയും ദരിദ്രരെയും സ്നേഹിക്കുന്നവരെ രൂപകൂട്ടിൽ അടച്ചുപൂട്ടുന്നതും ശരിയല്ല. ഒരു പക്ഷെ ശ്രീ ചാക്കോ കളരിക്കൽ സൂചിപ്പിച്ച പള്ളിയൊഗങ്ങളുടെ നേതൃത്വം വഹിച്ചിരുന്നതും ലവീഞ്ഞ് മെത്രാനോട് വിരോധമുള്ള പുരോഹിതരായിരിക്കാം. കലക്കവെള്ളത്തിൽ മീൻ പിടിക്കാനും പുരോഹിതർ വിരുതരാണെന്നുള്ളതും ചരിത്രമാണ്.

  ReplyDelete