Translate

Friday, June 28, 2013

കാപട്യമില്ലാത്ത ജീവനകല

Indian Thoughts ല്‍ എന്‍റെ സുഹൃത്ത്, ശ്രീ ജോസഫ് മറ്റപ്പള്ളി കഴിഞ്ഞയാഴ്ച എഴുതി പ്രസിദ്ധീകരിച്ച, The Art of Being Natural എന്ന ലേഖനമാണ് അനുദിന ജീവിതത്തില്‍ നാം വികസിപ്പിച്ചെടുക്കുന്ന അസാധാരണത്വത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. മോടിയുള്ള വസ്ത്രധാരണം, പരിഷ്ക്കാരം ചുവയ്ക്കുന്ന സംസാരരീതി തുടങ്ങിയ സൂത്രങ്ങൾ വഴി സ്വന്തം പാപ്പരത്തത്തെ മൂടിവച്ച് അന്യരെ തെറ്റിദ്ധരിപ്പിക്കുന്ന ചെറുപ്പക്കാർക്കിടയിൽ അതിനപവാദമായി പെരുമാറിയ ഒരു യുവാവിന്‍റെ കഥയാണ്‌ അദ്ദേഹം പറഞ്ഞത്.

ഏതു ജീവിതതുറയിലും സ്ഥാനമാനവ്യത്യാസമില്ലാതെ ഏവര്ക്കും സത്യത്തോടുണ്ടായിരിക്കേണ്ട പ്രതിപത്തിയെപ്പറ്റിയാണല്ലോ അല്മായശബ്ദത്തിൽ നമ്മൾ നിരന്തരം ചൂണ്ടിക്കാണിക്കുന്നത്. അസത്യത്തെ സത്യമാക്കി വ്യാഖ്യാനിക്കരുത്, ഇല്ലാത്ത അധികാരം ഉണ്ടെന്നു വരുത്തിവയ്ക്കരുത്, തെറ്റില്ലാത്തിടത്ത് തെറ്റും പാപമില്ലാത്തിടത്ത് പാപവും ആരോപിക്കരുത്, ചെയ്യാത്ത സേവനത്തിന് പ്രതിഫലം ചോദിക്കരുത്, ആളുകളിലോ വസ്തുക്കളിലോ ഇല്ലാത്ത വിശുദ്ധി ചെലുത്തി വിശ്വാസികളെ വഞ്ചിക്കരുത് എന്നെല്ലാം നമ്മോടുതന്നെയും സഭയിലെ മേലാളന്മാരോടും നമ്മിലോരോരുത്തരും പറയുന്നതിന്റെ സാരാംശം ഒന്നുതന്നെ - കാപട്യമരുത്, മറിച്ച്, എല്ലാക്കാര്യത്തിലും സത്യത്തെ അംഗീകരിക്കണം, ബഹുമാനിക്കണം. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് പറയാന്‍ എല്ലാവര്ക്കും കഴിയണം.

ഓരോരുത്തരും മുകളിൽ പറഞ്ഞതിനനുസരിച്ച്‌ സ്വജീവിതം ക്രമീകരിക്കുമ്പോൾ അത് ആദരണീയമായ ഒരു ജീവനകലയായിത്തീരുന്നു. എന്നാൽ ഒട്ടും എളുപ്പമുള്ള കാര്യമല്ലത്. കാരണം, ചുറ്റുപാടുകളെ മനസ്സിലാക്കാനുള്ള കഴിവ് വികസിക്കുന്ന കുട്ടിക്കാലത്തുതന്നെ നമ്മൾ പരിശീലിക്കപ്പെടുന്നത് അഭിനയത്തിലൂടെ അന്യരുടെ കൈയടി വാങ്ങാനും അവരെ പ്രീതിപ്പെടുത്തുന്നതിലൂടെ വേണ്ടതൊക്കെ നേടാനുമാണ്. കാപട്യത്തിന്‍റെ കുട്ടിക്കളി തുടങ്ങുന്നത് സ്വന്തം മാതാപിതാക്കളുടെ മുമ്പിലാണെങ്കിൽ, പിന്നീട് ബാല്യകാല സുഹൃത്തുക്കളെയും നാട്ടുകാരെയും പുറം നാട്ടുകാരെയുംവരെ നമ്മുടെ വഞ്ചനവലകളിൽ നാം വീഴിക്കുന്നു. എന്നാൽ ഏറ്റവും ശോചനീയമായ കഥയതല്ല; അന്യരെ വഞ്ചിക്കുന്നതിലൂടെ നമ്മെത്തന്നെയും വഞ്ചിക്കാൻ നമ്മൾ ശീലിക്കുന്നു. നാമെന്തായിരിക്കുന്നുവോ അതംഗീകരിക്കാൻ നമുക്കാകാതെ വരുന്ന ഒരു സ്ഥിതിവിശേഷത്തിൽ നമുക്കില്ലാത്ത ഗുണങ്ങൾ ഉള്ളതായും ഉള്ള ന്യൂനതകൾ ഇല്ലാത്തവയായും സ്ഥിരീകരിക്കുന്ന ഒരു കപടമനസ്സിന്‍റെ ഉടമകളായി നമ്മൾ രൂപാന്തരപ്പെട്ടുപോകുന്നു. അഭിമാനക്ഷതത്തിന്‍റെ പേരിലുള്ള ആത്മഹത്യവരെ ഈ പോക്ക് പോകാം. ഒരു വിഷയത്തിന് തോറ്റതുകൊണ്ടും കൂട്ടുകാർക്കുള്ളപ്പോൾ തനിക്ക് സെൽഫോണ്‍ നിരസിക്കപ്പെട്ടതുകൊണ്ടും പോലും ജീവനൊടുക്കുന്ന കുട്ടികളുടെ കഥകള്‍ നാം കേൾക്കാറില്ലേ? അവനവനെപ്പറ്റിയുള്ള വിലയിരുത്തലിൽ വരുന്ന പോരായ്മകളാണ് ഇവയ്ക്കു പിന്നിലെന്ന് നമുക്കറിയാം.

ഒന്ന് ശ്രദ്ധിച്ചാൽ, എല്ലാ സമൂഹങ്ങളിലും മനുഷ്യർ പൊതുവെ അടിപ്പെട്ടുപോകുന്ന ഒരു ബലഹീനതയാണിതെന്നു കാണാന്‍ കഴിയും. നാം അറിഞ്ഞുകൊണ്ടല്ല ഈ പരിശീലനം നമ്മില്‍ തുടങ്ങുന്നതെന്നതാണ് ഏറെ കൗതുകകരം. നഗ്നതയിൽ നിഷ്ക്കളങ്കമായി ആഹ്ലാദിക്കുന്ന ശൈശവത്തെ നാണമെന്തെന്ന് രക്ഷിതാക്കൾ പഠിപ്പിച്ചുതുടങ്ങുന്നു. ശരീരത്തിൽ ഓരോരോ വസ്തുക്കൾ ചുറ്റുന്നതും കെട്ടിത്തൂക്കുന്നതും വെറും ശരീരം കാണുന്നതിലും മെച്ചമാണെന്നു വരുത്തുന്ന ആഭരണങ്ങൾ ഒന്നാം പിറന്നാളിന് മുമ്പുതന്നെ പെണ്‍ ശരീരത്തിൽ തുളച്ചിടുന്നു; ആണ്‍ ശരീരത്തിൽ ചുറ്റിയിടുന്നു. സന്തോഷാതിരേകത്തിലും ഉറക്കെ ചിരിക്കാതിരിക്കാനും തീവ്രദുഃഖം പോലും എങ്ങലുകളിലൊതുക്കാനും നമ്മുടെ കുഞ്ഞുങ്ങൾ നിർബന്ധിക്കപ്പെടുന്നു. ഫലമോ, സ്വാഭാവികമായതെല്ലാം ഒളിച്ചുവച്ച്, ആരെയും ആലോസരപ്പെടുത്താത്ത പെരുമാറ്റരീതികൾ തഴക്കമാക്കാന്‍ നമ്മുടെ കുഞ്ഞുങ്ങൾ വളരെ ചുരുങ്ങിയ നേരംകൊണ്ട് പഠിച്ചെടുക്കുന്നു. അങ്ങനെ സാവധാനം എല്ലാ ജീവിതസാഹചര്യത്തിലും കബളിപ്പിക്കൽ ഒരനിവാര്യ കലയായി വികസിക്കുന്നു. പിന്നെയങ്ങോട്ട്, അസത്യത്തിൽ നിന്നുണ്ടാകുന്ന പൊള്ളയായ ആത്മസാക്ഷാത്ക്കാരം മാത്രമാണതെന്നു തിരിച്ചറിയാതെ, തനിയെയിരിക്കുമ്പോഴും നമ്മൾ സ്വയം കബളിപ്പിച്ച് നിർവൃതിയടയുന്നു.

"ജീവിതത്തിൽ മനുഷ്യൻ എത്തിപ്പിടിക്കാൻ നോക്കുന്നതിനൊന്നും അവന്‍റെ മനസ്സിലല്ലാതെ അസ്തിത്വമില്ല. മാനം, മഹത്വം, ഭാഗ്യം, പ്രശംസ, ആദരവ് - സ്വന്തം വ്യക്തിത്വത്തിന്‍റെ ഭാഗമായി ഓരോരുത്തരും കരുതുന്നതെല്ലാം - ഈ ലോകജീവിതമാകുന്ന എട്ടുകാലിയുടെ സൃഷ്ടികൾ മാത്രമാണ്. ഈ വലയിൽ നിന്ന് സ്വയം വിടുവിച്ച് ഉന്നതങ്ങളിലേയ്ക്ക് ഉയരാൻ ആഗ്രഹിക്കുന്നവൻ സത്യത്തിന്‍റെ ചിറകുവിരിച്ച് രക്ഷപ്പെടുന്നു. ഉയരാൻ ഊർജ്ജമില്ലാത്തവരും അഹത്തിന്‍റെ ഭാരം കൂടിയവരും ഈച്ചകളെപ്പോലെ പേര്, പ്രതാപം, സ്തുതി, സ്വാർഥസന്തോഷം എന്നിവകളിൽ ഒട്ടിപ്പിടിച്ച് ആ വലയിൽ കുരുങ്ങിപ്പോകുന്നു. കാത്തിരിക്കുന്ന എട്ടുകാലിക്ക് അവർ ഇരയാകുന്നു." (നീസ്സായിലെ ഗ്രെഗരി)

ഞാൻ മുകളിൽ കുറിച്ചതിന്‍റെ സംഗ്രഹമാണ് നാലാം നൂറ്റാണ്ടിലെ ഈ ചിന്തകൻ പറഞ്ഞിരിക്കുന്നത്. അദ്ദേഹം പറയുന്നതുപോലെ എട്ടുകാലിവലയിൽ ഒട്ടിപ്പോകാതെ, അതായത് ഒരു കാപട്യവുമില്ലാതെ, ജീവിക്കാൻ ശ്രമിക്കുന്നവരെ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. അതൊരു സന്യാസിയോ പക്വമതിയായ വൃദ്ധനോ മറ്റു വഴികളില്ലാത്തതിനാൽ കഷ്ടിച്ച് ജീവിച്ചുപോകുന്ന ഒരു സാധാരണക്കാരനോ അല്ല. മറിച്ച്, ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു രാജ്യത്ത്, ഒന്നാന്തരം ജോലിയുള്ള, ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനാണത്. വാക്കിലോ പ്രവൃത്തിയിലോ മനുഷ്യരോടുള്ള ഇടപാടുകളിലോ സത്യമായതല്ലാതെ യാതൊന്നിനും വഴങ്ങാത്ത ഒരു ധീരൻ. അന്യരെ സുഖിപ്പിക്കാൻ വേണ്ടിമാത്രം അവൻ സംസാരിക്കാറില്ലെന്നു മാത്രമല്ല, ഒന്നുംതന്നെ ചെയ്യാറുമില്ല . ത
ന്‍റെ കടമകളെന്നു തോന്നുന്നവ അങ്ങേയറ്റം കൃത്യനിഷ്ഠയോടെ ചെയ്ത് ആർഭാടങ്ങളൊന്നുമില്ലാതെ കഴിവതും ലളിതമായ ജീവിതചര്യ പാലിക്കുന്ന ഒരാൾ. പൊതു ഗതാഗതസൌകര്യങ്ങൾ മാത്രം അവനു മതിയാവുന്നു. തന്നെപ്പറ്റി അന്യർക്ക് മെച്ചമായി തോന്നാനോ തന്നോട് അവർ മെച്ചമായി പെരുമാറാനോ വേണ്ടി ഒന്നും ചെയ്യാറില്ല, അതോർത്ത് ആകുലപ്പെടാറുമില്ല. സമ്പന്നതയിൽ അധിഷ്ഠിതമായ ഉപഭോഗത്തിന്‍റെയും സുഖലോലുപതയുടെയും കേളീരംഗമായ ഒരു സംസ്കാരത്തിന്‍റെ നടുവിൽ ഈ ചെറുപ്പക്കാരന് അങ്ങനെയൊരു ജീവിതശൈലി സാദ്ധ്യമാണെങ്കിൽ, നമ്മിലോരോരുത്തർക്കും കാപട്യമില്ലാത്ത ഒരു ജീവിതം സാദ്ധ്യമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

ചിന്തിക്കുന്നത് പറയുകയും പറയുന്നത് ചെയ്യുകയും ജീവിതക്രമമാക്കുക നമ്മുടെ സമൂഹത്തിൽ എത്രമാത്രം പ്രാവർത്തികമാണ് എന്ന് ചോദിച്ചാൽ നാമെവിടെയെത്തും? നമ്മുടെ കുടുംബത്തിൽ പോലും നമ്മൾ ഒറ്റപ്പെട്ടുപോകില്ലേ? സത്യം മാത്രം ഉരുവിട്ടുകൊണ്ട് ഏതെങ്കിലും ഒരു ഗവ. ഓഫീസിൽനിന്ന് ഒരു ചെറിയ കാര്യമെങ്കിലും സാധിച്ചെടുക്കാൻ നമുക്കാകുമോ? ഉള്ള നുണയെല്ലാം പറഞ്ഞിട്ടും, ഇല്ലാത്ത കടലാസുകളൊക്കെ നിരത്തിയിട്ടും, അര മണിക്കൂറിനുള്ളിൽ ചെയ്തു കിട്ടേണ്ട അർഹതപ്പെട്ട ഒരു സേവനം ആറു വര്ഷംകൊണ്ടുപോലും കിട്ടാത്ത അനുഭവം നമുക്കില്ലേ? വില്ലേജാഫീസിലെ പ്യൂണിന് ചെയ്തു തരാവുന്ന ഒരു സേവനം കൈപ്പറ്റാൻ എമ്മെല്ലെയെവരെ ചെന്നുകണ്ട് കാലുമുത്തി തൊഴേണ്ട ഗതികേടിലല്ലേ നമ്മൾ ഇന്ന് ജീവിക്കുന്നത്?

അല്പമെങ്കിലും മെച്ചമാണോ നമ്മുടെ വിശുദ്ധ സഭകളിലെ കാര്യം? സഭയിലെ ജീർണ്ണതകൾ വിളിച്ചുപറയാൻ ധൈര്യം കാണിച്ചാൽ പള്ളിയിൽ മാത്രമല്ല, ശവക്കോട്ടയിൽപോലും നമുക്ക് പ്രവേശനം തടയപ്പെടില്ലേ? ജീവിച്ചു മരിക്കുന്നതിനിടെ ദശാംശത്തിനു പുറമേ ഏതെല്ലാം കൈനീട്ടങ്ങൾ ചെന്നാലാണ് കുഞ്ഞുങ്ങൾക്കും മറ്റ്  കുടുംബാംഗങ്ങൾക്കും കൂദാശകളും വിദ്യാഭ്യാസവും ലഭ്യമാക്കി സാമാന്യ രീതിയിലെങ്കിലും സഭയുമായി ഒന്നൊത്തുപോകാനാവുക? 


ആദിമസഭയിൽ എല്ലാ വിശ്വാസികളും വിശുദ്ധരായിരുന്നു. ഇന്നൊരാൾ ആ പദവിയിലെത്തുന്നത് ജീവിച്ചിരിക്കുമ്പോഴല്ല, മരിച്ചുകഴിഞ്ഞാണ്. ആയിരം കൂട്ടം പഠനറിപ്പോർട്ടുകളും അസ്സാദ്ധ്യകാര്യങ്ങൾ നടന്നതിനുള്ള അനവധി തെളിവുകളും, അതിലെല്ലാമുപരി, കോടിക്കണക്കിനു പണവുമുണ്ടെങ്കില്‍ മാത്രം ലഭ്യമായ പരിശുദ്ധ സിംഹാസനത്തിന്‍റെ കാരുണ്യവും ഉണ്ടായാലേ ഇന്നൊരാൾ പുണ്യാത്മാവാകുകയുള്ളൂ. എന്തിനുവേണ്ടിയാണ് ഇതയും അദ്ധ്വാനവും പണവും ആവശ്യപ്പെടുന്ന ഈ സാഹസത്തിനു മുതിരുന്നത് എന്നത് ഇന്നാർക്കും ഒരു രഹസ്യമല്ല. ഒരാളെ "വിശുദ്ധ" പദവിയിലെത്തിച്ചാൽ അതിനായി വാരിയെറിയുന്ന പണത്തിന്‍റെ നൂരിരട്ടിയല്ല, കോടിയിരട്ടി തിരികെ കിട്ടുമെന്നതിന് പാലാ രൂപതയിലെ ഭരണങ്ങാനത്തേയ്ക്കൊന്നു നോക്കിയാൽ മാത്രം മതി.

നമ്മുടെ ഭാഷ തന്നെ കള്ളം പറയാന്‍ വേണ്ടി പരുവപ്പെടുത്തിയതല്ലേ? സത്യം പറഞ്ഞുകൊണ്ട് എത്രനേരം നമുക്ക് നേരേചൊവ്വേ നടക്കാനാവും, സ്വന്തം ഭാര്യയുടെ / ഭർത്താവിന്‍റെ മുമ്പിൽകൂടെപ്പോലും? നൂറു ശതമാനവും വിശ്വസ്തതയോടെ പരസ്പരം തുറന്നു സംസാരിക്കാനാവുന്ന എത്ര ദമ്പതികളുണ്ടാവും നമ്മുടെയിടയിൽ? സത്യം പറഞ്ഞാല്‍ എന്തോ കുഴപ്പമുണ്ടെന്നല്ലേ നമ്മെയെല്ലാം പഠിപ്പിച്ചിരിക്കുന്നത്. നാമെന്തു ചെയ്താലും, അതിന്‍റെ മുകളില്‍ അസത്യംകൊണ്ടുള്ള ഒരലങ്കാരമുണ്ടാവും. സത്യം മാത്രം പറയാനും, ഉള്ളതുമാത്രം കാണിക്കാനും, ഭയാശങ്കകളില്ലാതെ പ്രത്യാശയോടെ ജീവിക്കാനും ആർക്കാണിന്ന് സാധിക്കുക? 


സര്‍ക്കാരില്‍ ഒരപേക്ഷ കൊടുക്കാൻ, ഒരന്യായം ബോധിപ്പിക്കാൻ, സര്‍ക്കാരിന്‍റെയും കോടതിയുടെയും ഭാഷയറിഞ്ഞിരിക്കണം. ന്യായവിധി തേടി കോടതിയെ സമീപിക്കുന്നവർക്കറിയാം സത്യം എത്ര ദയനീയമായി അവിടെ ചവുട്ടി മെതിക്കപ്പെടുന്നു എന്നത്. ഏതു വക്കീലിന്‍റെയും ഭാഷ (അന്യായ-ഭാഷ) വെളുത്തതും കറുത്തതുമായ നുണകളുടെ സമാഹാരമാണെന്ന് ആർക്കാണറിയില്ലാത്തത്? നുണകൾ നിയമപരമായി അംഗീകരിക്കുന്ന ഇടമാണ് നീതിന്യായക്കോടതികൾ എന്നതല്ലേ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ നാണക്കേട്‌! ശരിക്കുള്ള പ്രതിയെ/ പ്രതികളെ തുണക്കാൻ ഒരു നുണ പോരാതെവന്നാൽ അതിലും വലിയ ഒരെണ്ണം തിരുകിവയ്ക്കാൻ നമ്മുടെ നിയമവ്യവസ്ഥയിൽ ആവോളം പഴുതുകളുണ്ട്. അന്യായക്കാരന് നീതി ലഭിക്കുന്ന വിധിപറയൽ ഇത്രക്കങ്ങ് വിരളമായ ഒരു നാട് വേറേ കാണില്ല. നാം എവിടെ ചെന്ന് നില്ക്കുന്നു എന്നൊന്ന് ചിന്തിച്ചു നോക്കൂ.

മെത്രാനോടോ അയാളോടടുത്തവരോടോ എഴുത്തുകുത്തിനും വെറുതെയൊന്നു സംസാരിക്കാൻ പോലും വേണ്ടിവരുന്നത് കഴുത്തു വലിച്ചുനീട്ടി, തല നിലത്തുമുട്ടും വരെ വളയ്ക്കുന്ന വേറൊരുതരം ഭാഷയാണ്. അവിടെ ഒരു വാക്ക് തെറ്റിയാൽ വായിക്കുന്നവർക്ക്/ കേൾക്കുന്നവർക്ക്  ഒന്നും തിരിഞ്ഞെന്നു വരില്ല! കുമ്പസ്സാരിക്കാൻ അതിന്‍റെതായ വേറൊരു ഭാഷ. എന്തുകൊണ്ട് നാമിങ്ങനെ? ആരെയാണ് ഇവിടങ്ങളിലൊക്കെ നമ്മൾ കബളിപ്പിക്കുന്നത്? നമ്മെത്തന്നെയല്ലേ? ദൈവമോ മനസ്സാക്ഷിയോ ഇവിടെയെവിടെയെങ്കിലും കടന്നുവരുന്നുണ്ടോ? ദൈവവിശ്വാസത്തി
ന്‍റെ അഭാവമല്ലാതെ പിന്നെന്താണിത്? എവിടെത്തിരിഞ്ഞാലും ജീവിതം കാപട്യമാണെങ്കിൽ എല്ലാ മതങ്ങളും ഏഴു നേരവും പ്രഘോഷിക്കുന്ന രക്ഷ എവിടെയാണ് നമ്മെ കാത്തിരിക്കുന്നത്?

ഇന്നലെ ഒരു പത്രം മഴക്കാല എഡിറ്റോറിയൽ എഴുതിയത് അകത്തും പുറത്തും മാലിന്യം നിറഞ്ഞ കേരളം എന്ന വിഷയത്തെക്കുറിച്ചാണ്. വഴികളിലും നിയമസഭയിലും നിറഞ്ഞിരിക്കുന്ന മാലിന്യകൂമ്പരമായിരുന്നു പരാമർശിക്കപ്പെട്ടത്. മലയാളികൾ വീടും പരിസരവും വൃത്തികേടാക്കി ഇട്ടാലും ശരീരം കഴുകി സൂക്ഷിക്കുമെന്നത് നിത്യം കേൾക്കുന്ന ഒരു പെരുത്ത നുണയാ
ണ്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നവർ സ്വാഭാവികമായിത്തന്നെ പരിസരവും വൃത്തിയോടെയിരിക്കാൻ വേണ്ടത് ചെയ്യും. ആദ്യത്തേത് ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ രാജ്യം മൊത്തത്തിൽ ചീഞ്ഞു നാറുന്നത്. അതിനു മഴയെ പഴിച്ചിട്ട് കാര്യമില്ല. അല്മായശബ്ദത്തിലെ ഒരു കമന്റിൽ പരിസരഭംഗിയെപ്പറ്റി വേറൊരു നാട്ടിലെ ഒരു സ്ത്രീപ്രദർശിപ്പിച്ച അവബോധത്തിന് ഒരുദാഹരണം ഞാൻ കുറിച്ചിരുന്നു. നമ്മൾ അവിടെവരെ എത്തണമെങ്കിൽ ഇനിയും ഒരായിരം കൊല്ലമെങ്കിലും ശുചിത്വം പരിശീലിച്ചു പഠിക്കണം. കുറെയേറെ അദ്ധ്യാപകരുടെ വീടുകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഏറ്റവും വൃത്തികെട്ട മുറ്റവും തൊണ്ടിയും അവരുടെ വീടുകൾക്ക് ചുറ്റും കാണാമെന്നുള്ളത് എന്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്? അവരല്ലേ യുവതലമുറയെയും ഇത്തരം കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ടത്? സ്വയം ചെയ്യാത്തത് എങ്ങനെ കുട്ടികളോട് പറയാനാവും?

രാഷ്ട്രിയത്തിലേയ്ക്ക് കടക്കാതിരിക്കുകയാണ് മെച്ചം. ആ മേഖലതന്നെ ഒരിക്കലും സത്യം പറയാന്‍ പഠിച്ചിട്ടില്ലാത്തവരുടെ വാസസ്ഥലമാണല്ലോ. കള്ളംകൊണ്ട് മാത്രം എങ്ങനെ സമ്പാദിക്കാമെന്നല്ലേ അവിടെ പരിശീലിപ്പിക്കുന്നത്? നാടിന്‍റെ വരുമാനം മുഴുവൻ വാരിതിന്നിട്ട് അന്യോന്യം പുരൂഷം വാരിയെറിഞ്ഞു രസിക്കുന്ന ഏമ്പോക്കികളുടെ സംഗമസ്ഥലമായി നിയമസഭയെ മാറ്റിയെടുക്കുന്ന കാഴ്ചകണ്ടുവളരുന്ന ഒരു തലമുറ എങ്ങനെ നന്നാവും? നിയമസഭാസമാജികരായ അർദ്ധവൃദ്ധന്മാരുടെ ലൈംഗിക പരാക്രമങ്ങൾ കണ്ടും കേട്ടും, പതിന്നാലു വയസുകാർവരെ ഈ നാട്ടിലും കൂട്ടബലാത്സംഗം പരിശീലിച്ചുതുടങ്ങിയിട്ടില്ലേ?

ഇതൊക്കെയായാലും സത്യത്തിന് ഒരാകർഷണശക്തിയുണ്ട്. അതിനെ പ്രതിരോധിക്കുകയോ അതിനു സ്വയം വഴങ്ങിക്കൊടുക്കുകയോ ആവാം. എന്താണ് വേണ്ടത് എന്നത് ഓരോരുത്തരുടെയും കാര്യമാണ്. നല്ല മാതൃക കൊടുക്കുന്നവരും ചുരുക്കമായെങ്കിലും ഉള്ളതുകൊണ്ട് അവരിലൂടെ സമൂഹം സംശുദ്ധമാക്കപ്പെടും എന്ന് പ്രത്യാശിക്കാം. ആരേയും ആ വഴിക്ക് വലിച്ചിഴക്കാൻ നോക്കേണ്ടതില്ല. ഞാനാരാനെന്നും എന്താണെന്നും നല്ല ബോദ്ധ്യമുള്ളപ്പോൾ ജീവിതമെനിക്ക് സരളമായിത്തീരുന്ന ഒരനുഭവമുണ്ടാകും. അതോടേ, അന്യരുടെ മുമ്പിൽ ഞാൻ നിർഭയനായിത്തീരുന്നു. ഇല്ലാത്ത മേന്മയുണ്ടെന്നു വരുത്തേണ്ടതില്ലെങ്കിൽ എന്‍റെ കോലം എനിക്കിഷ്ടമുള്ളതായിരിക്കും. വിലയേറിയ മോടിവസ്ത്രത്തിൽ എനിക്കെന്‍റെ നഗ്നതയെ മറയ്ക്കേണ്ടിവരുന്നില്ല. എന്‍റെ പ്രായത്തെ കുറച്ചു കാണിക്കുന്ന അഭ്യാസങ്ങൾക്കായി സമയവും കാശും കളയേണ്ടിവരുന്നില്ല. ജീവിതനിലവാരത്തെ ഉയർത്തിക്കാട്ടുന്ന ആർഭാടവസ്തുക്കളോ ആഭരണങ്ങളോ എന്‍റെയാവശ്യങ്ങളിൽ ഉൾപ്പെടാതാവുന്നു. സന്തുഷ്ടി എന്‍റെ ജന്മാവകാശമായി എനിക്കനുഭവപ്പെടുന്നു. അത് എനിക്ക് ചുറ്റുമുള്ളവരിലേയ്ക്കും വ്യാപിക്കുമെന്ന ശുഭപ്രതീക്ഷയും നമുക്ക് പ്രചോദനമായി കൂടെയുണ്ടാവും. അത്രയൊക്കെ ധാരാളം. താനായിരിക്കുന്ന അവസ്ഥയില്‍ സ്വയം സ്നേഹിക്കാന്‍ കഴിയാത്ത ഒരുവന് വേറെന്തിനെയാണ് സ്നേഹിക്കാന്‍ കഴിയുക?

1 comment:

  1. സാക്കിന്‍റെ ലേഖനം ജീവിതത്തില്‍ നാം എത്രമാത്രം വിദഗ്ധമായി അഭിനയിക്കുന്നുവെന്ന് കാണിക്കുന്നു. ഈ പ്രാപഞ്ചിക വേദിയില്‍ എല്ലാവരും അഭിനയിക്കുന്നു. പക്ഷേ, കണ്ണുകള്‍ ആത്മാവിന്‍റെ വാതായനങ്ങളാണെന്ന് ഒരു പ്രമാണമുണ്ട്. മനസ്സിലുള്ളത് നാം എന്ത് മാത്രം മറച്ചാലും കണ്ണുകളില്‍ അത് തെളിഞ്ഞു നില്ക്കും. പറയുന്നതിനോടൊപ്പം നാം ആംഗ്യവും കൂടി കാണിക്കുന്നുവെങ്കില്‍ പറയുന്നതില്‍ പോരുത്തക്കെടുണ്ടെന്നു ഏതാണ്ട് തീര്ച്ചയാക്കാം. പക്ഷേ, എല്ലാവരും അഭിനയിക്കാതിരിക്കുന്നതാണ് ഓരോരുത്തര്ക്കും ഇഷ്ടമെന്നത് വൈരുദ്ധ്യം. സ്വന്തം ശക്തിയിലും ബുദ്ധിയിലും ആശ്രയിച്ചു മാത്രമേ ശോഭനമായ ഒരു ഭാവി സാദ്ധ്യമാവൂയെന്ന അബദ്ധ ധാരണയിലാണ് തുടക്കം. കുഞ്ഞുങ്ങളെ അണിയിച്ചോരുക്കിയാല്‍ അവരുടെ ഭാവി മാറുമെന്ന ഒരു തെറ്റായ വിശ്വാസമാണ് അടിസ്ഥാനമായിട്ടുള്ളത്.
    ഇവിടെ, ജന്മം കൊടുത്ത ഓരോന്നിനും അഭിമാനത്തോടെ നിലനില്ക്കാനുള്ള വകകൂടി ദൈവം തയ്യാറാക്കിയിട്ടുണ്ടെന്നുള്ള പരമസത്യമാണ് നാം വിസ്മരിക്കുന്നത്. ഏതൊരു കാര്യവും ആലോചിക്കുമ്പോള്‍ വളരെ ചെറിയ ഒരു ഭാവിയിലേയ്ക്കെ നമുക്ക് നോക്കാനാവൂ. പക്ഷേ, എടുക്കുന്ന തീരുമാനത്തിന്‍റെ ഫലം പ്രപഞ്ചാവസാനത്തോളം കാണാന്‍ ശേഷിയുള്ള ദൈവത്തെ വിസ്മരിച്ചു ചെയ്യുന്ന എല്ലാ തീരുമാനങ്ങളും വിഡ്ഢിത്തമായെ പരിണമിക്കാറുള്ളൂ. ഏറ്റവും വലിയ വിഡ്ഢിത്വം ഏറ്റവും ആലോചിച്ചു നാം വരുത്തിക്കൂട്ടുന്നതാണെന്ന് ഒരിക്കല്‍ ഒരു സുഹൃത്ത് തമാശക്ക് പറഞ്ഞത് ഞാനോര്ക്കുന്നു. ദൈവം ആരെയും കൈവിടുന്നില്ല. ഓരോ നിമിഷവും നാം പറയേണ്ടതും ചെയ്യേണ്ടതും എന്തെന്ന് അപ്പപ്പോള്‍ ദൈവം തോന്നിക്കും. ആ തോന്നല്‍ വിവേചിച്ചെടുക്കാന്‍ നാം പഠിച്ചാല്‍ ജീവിതം സുന്ദരമായി എന്നാണു ഞാന്‍ പറയുന്നത്. പക്ഷേ, അത് ചിലപ്പോള്‍ യുക്തിക്ക് നിരക്കുന്നതാവില്ല. അവിടെയാണ് പ്രശ്നം. മറ്റുള്ളവരെക്കൂടി ബോദ്ധ്യപ്പെടുത്തുന്നത് വഴി ഫലത്തിന്‍റെ ഉത്തരവാദിത്വം പങ്കിടുകയെന്ന ഒരു സൂത്രപ്പണിയാണ് നമുക്കിഷ്ടം.

    നിങ്ങളെന്താണ്‌ പറയേണ്ടതെന്ന് അപ്പപ്പോള്‍ നിങ്ങളെ അറിയിക്കുമെന്ന് പറഞ്ഞാണ് അപ്പസ്തോലന്മാരെ യേശു യാത്രയാക്കിയത്. ആ യേശു ശിക്ഷ്യന്മാ്ര്ക്ക് കൊടുത്ത അധികാരങ്ങള്‍ മുഴുവന്‍ തങ്ങളുടെതുമാണെന്നു അവകാശപ്പെടുന്നവര്‍ ഓരോ സാഹചര്യത്തിലും അനുവര്ത്തിക്കാന്‍ നിയമങ്ങളുടെ ഒരു ശൃംഘല സൃഷ്ടിക്കുന്നതിനു പകരം എന്താണ് ദൈവേഷ്ടം എന്ന് ഉള്ളിലോട്ടു നോക്കി അന്വേഷിക്കാന്‍ കൂടി പഠിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. ഞാനൊരു ആശാരി ചെക്കനാണ് നിങ്ങളെന്തിനാണ് എന്‍റെ പിറകെ കൂടിയിരിക്കുന്നതെന്ന് യേശു ആരോടും ചോദിച്ചില്ല. ആയിരിക്കുന്ന അവസ്ഥക്ക് എന്തെങ്കിലും പോരായ്മ ഉള്ളതായി യേശുവിനു ഒരിക്കലും തോന്നിയിട്ടില്ല. നമുക്കാണ് പള്ളി മുറി ഗ്രാനൈറ്റ് ഇട്ടതല്ലെങ്കില്‍ എന്തോ നഷ്ടപ്പെട്ടെന്ന ചിന്തയുള്ളത്.

    ഈ തനിമയുടെ ശക്തി അപാരമാണ്. ലോകത്തെ മാറ്റി മറിച്ച മഹാത്മാക്കള്‍ ആരും സ്വന്തം തനിമ മറച്ചിട്ടില്ല. അവരാരും മികച്ച നയതന്ത്രജ്ഞരുമായിരുന്നില്ല. അഭിനയം കൊണ്ടുള്ള നേട്ടങ്ങള്‍ മുഴുവന്‍ താത്കാലികമാണ്. ഒരു കള്ളം മറയ്ക്കാന്‍ ആയിരം കള്ളം വേണ്ടി വരും. ജീവിതം മുഴുവന്‍ പഴയത് മറയ്ക്കാന്‍ വേണ്ടി നാം ചിലവിടേണ്ടിയും വരും. സമഗ്രമുന്നേറ്റമാണ് ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ തുറന്ന പുസ്തകം പോലെ ആയിരിക്കണം നമ്മുടെ ജീവിതം. ഓരോ അവസരത്തിലും യേശു എന്താണ് ചെയ്തതെന്ന് നോക്കിയിട്ട് പ്രവര്ത്തിക്കുന്ന ഒരഭിഷിക്തന് ഇവിടെ സ്ഥാനമില്ല. അതാണ്‌ നാം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. പക്ഷേ, ഒരത്മായന് അതിനു സ്വാതന്ത്ര്യമുണ്ട്; ഇല്ലാത്തത് ധൈര്യമാണ്. ഭാരം ചുമക്കുന്നവര്‍ ഭാഗ്യവാന്മാര്‍ !

    ReplyDelete