Translate

Wednesday, June 12, 2013

കേരള ക്രൈസ്തവസമൂഹത്തിന് ആമേന്‍ നല്കുന്ന പാഠങ്ങള്‍‏

 കേരള ജനതയിൽ വളരെയേറെ വിമർശനാത്മകമായ 'ആമേൻ' എന്ന ചലച്ചിത്രം കണ്ടു. ചിത്രംകാണുന്നതിനുമുമ്പ്  അനേകരുടെ  അഭിപ്രായങ്ങളും കേട്ടിരുന്നു. ഒരു സെർബിയൻ ചിത്രത്തിന്റെ അനുകരണമോ കോപ്പിയടിയോ  എന്നും ചിലർ  ആരോപണം ഉയർത്തി. നാം അത് ഗൗനിക്കണമോ? കോപ്പിയടിയെങ്കിൽ കോപ്പിയടി; ഇന്നത്തെ മതസാമൂഹിക സാംസ്ക്കാരിക കാഴ്ചപ്പാടിൽ ഇത്തരം പടങ്ങൾ പുറത്തിറങ്ങേണ്ടത് മതാന്ധത നിറഞ്ഞ ഒരു ലോകത്തിന്റെയാവശ്യമാണ്. ഭാവിയിലും ഇങ്ങനെയുള്ള  നല്ല ചിത്രങ്ങൾ വലിയ സ്ക്രീനുകളിൽ  പ്രദർശിപ്പിക്കട്ടെയെന്നും  ആഗ്രഹിച്ചുപോവുന്നു.

കത്തോലിക്കാ വൈദികരെ പരാമർശിച്ചുകൊണ്ടുള്ള ഇതിവൃത്തമായി രണ്ട് നല്ല ചിത്രങ്ങൾ  ഈ വർഷം തീയേറ്ററിൽ എത്തിയിരുന്നു. കോടികൾ മുടക്കിയാണ് സാധാരണ ചലച്ചിത്രങ്ങൾ നിർമ്മാതാക്കൾ നിർമ്മിക്കാറുള്ളത്. പ്രവാസികളെപ്പറ്റി പല അബദ്ധവിശ്വാസങ്ങളും നാട്ടിലുള്ളവരുടെയിടയിൽ പ്രചരിച്ചിട്ടുണ്ട്. “വിവരമില്ലാത്ത പ്രവാസികള്‍ തങ്ങളുടെ അധ്വാനത്തിന്റെ ഫലം മുഴുവന്‍ സിനിമ എന്ന മായാജാലം നല്‍കുന്ന ഗ്ലാമറിനും, പേരെടുത്ത നടികള്ക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയും കളഞ്ഞുകുളിക്കുംഎന്നൊക്കെയാണ് ധരിച്ചുവെച്ചിരിക്കുന്നത്. ശരിയോ തെറ്റോ ആയിരിക്കാം. പ്രസക്തമല്ലാത്ത ഇത്തരം വിടുവാക്കുകൾക്ക് ചെവി കൊടുക്കണമോ? നാട്ടിലുള്ള ഒരു നിർമ്മാതാവ് പടം പിടിക്കുന്നെങ്കിൽ തീർച്ചയായും ലാഭം മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം.  റിലീസ്സായി വെറും രണ്ടു മാസങ്ങൾകൊണ്ട് 'അമേൻ' എന്ന ചിത്രം മൂന്നുകൊടിയിലധികം രൂപാ  ലാഭം കൊയ്തെന്നറിയുന്നതു തികച്ചും വിസ്മയംതന്നെ.  ജനങ്ങൾ ഹർഷാരവത്തോടെ  ചിത്രം അംഗികരിച്ചതിനുള്ള തെളിവാണിത്.

എന്നിരുന്നാലും വൈദികരെ പച്ചയായി തുറന്നു കാട്ടുന്ന കഥ ഒരു സിനമായാക്കാൻ ധൈര്യം കാണിച്ച ഇതിന്റെ  നിർമ്മാതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ക്രൈസ്തവ സഭകളുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ സർക്കാരിലുള്ള അമിതമായ സ്വാധീനം പലരെയും ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നു.  നിസാരകാര്യങ്ങൾക്കുപോലും

വിശ്വാസികളെ തെരുവിൽ ഇറക്കാൻ പുരോഹിതർ വിരുതരാണ്. കലയെ കലയായി കാണുവാൻ ഇവർ മടികാണിക്കുന്നു.  സർക്കാരിനും സമൂഹത്തിനും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കാനും പുരോഹിതർ മുമ്പിൽതന്നെ.  
 പാശചാത്യ രാജ്യങ്ങളിൽ Last Temptation of Christ-ന്റെ പേരിൽ  വിവാദങ്ങൾ അധികമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ക്രിസ്തുവിനെ സംബന്ധിച്ച "ആറാം തിരിമുറിവ്" എന്ന ഒരു നാടകത്തിന്റെ പേരില് എന്തെല്ലാം ബഹളങ്ങളും കോലാഹലങ്ങളും പുരോഹിതർ ഈ നാട്ടിൽ സൃഷ്ടിച്ചെന്നും  ഓർക്കണം. പുരോഹിത റാലികളും സമരങ്ങളും കാരണം ജനജീവിതം അസ്വസ്തമാക്കിയിരുന്നു. അവസാനം പുരോഹിതരുടെ മത മൌലികതയ്ക്കുമുമ്പിൽ സർക്കാർ കീഴടങ്ങേണ്ടി വന്നു.  .

നിയമം സ്വയം  കയ്യടക്കിവെച്ചിരിക്കുന്ന പുരോഹിതപടയുള്ള ഒരു നാട്ടിൽ 'ആമേനും റോമൻസും' ചിത്രശാലകളിൽ പ്രദർശനത്തിനു വന്നത് എങ്ങനെയെന്നും എന്നിൽ വിസ്മയം ഉളവാകുന്നു. അദ്ധ്യാപക നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിലും  കൊഴകൾകൊണ്ട് കുപ്രസിദ്ധരായ പുരോഹിതർക്ക് എന്തും ചെയ്യാമെന്ന സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്. 

കേരള കത്തോലിക്കർക്ക് ഇരുപതാം നൂറ്റാണ്ട് ആരംഭത്തോടെയാണ് ആധുനിക രീതിയിലുള്ള വിദ്യാഭാസം നേടുവാനുള്ള അവസരങ്ങൾ ഉണ്ടായത്. അതുവരെ വിദ്യ അഭ്യസിക്കുകയെന്നത് പുരോഹിതരുടെ മാത്രം  കുത്തകയായിരുന്നു. ബ്രാഹ്മണൻ ശൂദ്രന് വിദ്യ നിഷേധിച്ചിരുന്ന അതേ മനോഭാവം തന്നെയായിരുന്നു കേരളകത്തോലിക്കാ പുരോഹിതർക്കും  അല്മേനികളുടെമേൽ  ഉണ്ടായിരുന്നത് . പുരോഹിതരുടെ ഇത്തരം വിവേചനമനോഭാവങ്ങൾക്ക്  മാറ്റങ്ങൾ വന്നതിൽ  ബ്രിട്ടീഷ്കാരോട് നാം കടപ്പെട്ടവരാണ്. അല്മേനിയെ എന്നും അജ്ഞനായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന കത്തോലിക്കാസഭ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിൽ താല്പര്യം കാണിച്ചിരുന്നില്ല. അക്കാലങ്ങളിലുണ്ടായിരുന്ന സഭയുടെ താല്പര്യം വൈദിക വിദ്യാർഥികൾക്കായി സെമിനാരികൾ സ്ഥാപിക്കുന്നതിലായിരുന്നു.

നവീകരണ സഭകളിലെ മിഷനറിമാരുടെ വിദ്യാഭ്യാസ ശ്രമങ്ങളെ അവര്‍ പുച്ഛത്തോടെ കണ്ടിരുന്നു. അത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനുപോലും  സഭാപരമായ വിലക്കുണ്ടായിരുന്നു. സമ്പന്നകുടുംബങ്ങളില്‍ നിന്ന് ചിലര്‍ ദൂരെസ്ഥലങ്ങളിലുള്ള ഈശോസഭക്കാരുടെ കലാലയങ്ങളില്‍ നിന്ന് അറിവിന്റെ വെളിച്ചം നേടി കേരളത്തില്‍ വന്നു. അവര്‍ക്ക് തൊഴില്‍ ലഭിച്ചത് കത്തോലിക്കാ കലാലയങ്ങളിലാണ്. അന്നുമുതല്‍ തുടങ്ങിയതാണ്, അക്ഷരാഭ്യാസമുള്ള, ചിന്താശേഷിയുള്ള അല്മായനോടുള്ള വൈദികന്റെ അടക്കാനാവാത്ത വൈരാഗ്യം. ആ അസഹിഷ്ണുതയും വൈരാഗ്യവുമാണ് പ്രൊഫ. എം.പി. പോള്‍ എന്ന മഹാനെ തെമ്മാടിക്കുഴിയില്‍ കൊണ്ടെത്തിച്ചത്. 

ഇങ്ങനെയെല്ലാം മതാന്ധത നിറഞ്ഞ കേരളത്തിൽ 'ആമേൻ' എന്ന സിനിമാ സെൻസർ ബോര്ഡിന്റെ നിയന്ത്രണമോ സഭയുടെ ഇടപെടലോ ഇല്ലാതെ, പ്രശ്നങ്ങൾ ഇല്ലാതെ റിലീസ് ചെയ്തതും സാമൂഹ്യ കലകളുടെ വിജയമാണ്. ജനം പടം കണ്ടാസ്വദിച്ച് ചർച്ചകളും ചെയ്തു. തീയേറ്ററുകളിൽ സിനിമാ കാണുവാനും വൻ തിരക്കായിരുന്നു. വമ്പിച്ച ജനാവലിയുടെ ഹിറ്റോടെ പടം സാമ്പത്തികമായി വിജയിച്ചു.

പാണ്ടന്‍ നായുടെ പല്ലിന്റെ ശൗര്യം പണ്ടേപ്പോലെ ഇപ്പോള്‍ ഫലിക്കുന്നില്ല എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? ഫാ. ഒറ്റപ്ലാക്കന്‍ നമ്മള്‍ക്കെല്ലാവര്‍ക്കും പരിചയമുള്ള വൈദികനാണ്. പ്രണയത്തിന്റെ ലോലഭാവങ്ങളോടും കലയോടും പുരോഹിതര്‍ കാണിക്കുന്ന വിദ്വേക്ഷമല്ലേ സോളമന്റെ ക്ലാര്നെറ്റ്‌ അടിചോടിക്കുമ്പോള്‍ നമ്മള്‍ കാണുന്നത്? പള്ളി പുതിക്കിപണിയാനായി അദ്ദേഹം കളിക്കുന്ന കളികള്‍ നമ്മുടെ നിത്യകാഴ്ചകളല്ലേ?  വിശ്വാസികള്‍ ആനയെ മാത്രമല്ല ആന പിണ്ഡത്തെയും പേടിക്കണമെന്ന സന്ദേശമല്ലേ പള്ളിയില്‍നിന്ന് പുറത്താക്കിയാല്‍ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് കപ്യാര്‍ സോളമൻ നല്‍കുന്ന പ്രഭാഷണത്തില്നിന്നും മനസിലാക്കേണ്ടത്? നമ്മള്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തത് ഫാ. വട്ടോളിയാണ്. വട്ടോളി യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ലാത്ത ഒരു പ്രതീക്ഷ മാത്രമാണെന്നല്ലേ സിനിമയുടെ അവസാനം കാണികൾക്ക്  ലഭിക്കുന്ന സന്ദേശം?
നിയമ-സാമൂഹ്യ പ്രശ്നങ്ങളോ പ്രക്ഷോഭങ്ങളോ ഇല്ലാതെ ആമേന്‍ വിജയം വരിച്ചതില്‍ നിന്നും ഒരു കാര്യം സ്പഷ്ടമാണ് കത്തോലിക്കാ സഭയുടെ നല്ലകാലം കേരളത്തില്‍ അവസാനിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്, വിദ്യാഭ്യാസമുള്ള അല്മായന്‍ വിരളവും വിദ്യ നേടിയിട്ടും, വിവരവും വിനയവും ഉണ്ടാകാത്ത വൈദികര്‍ ഭൂരിപക്ഷവും ആയിരുന്നു. ഇന്ന് വിവരക്കേടിനും അഹങ്കാരത്തിനും കുറവൊന്നും വന്നിട്ടില്ലെങ്കിലും എണ്ണത്തില്‍ വിദ്യാഭ്യാസമുള്ള അല്മായന്‍ വൈദികരുടെ ആയിരം മടങ്ങായിട്ടുണ്ട്. കൊടുത്തതെല്ലാം തിരിച്ചു കിട്ടുമെന്ന ഭയം വൈദികര്‍ക്ക് വേണ്ട; കാരണം അവര്‍ കാണിച്ച അത്രയും ക്രൂരത അത്മായനെക്കൊണ്ടു ചെയ്യാനാവില്ല. ഒരു പുരോഹിതനും, അയാള്‍ എത്ര നീചനായാലും, തെമ്മാടിക്കുഴിയില്‍ കിടക്കേണ്ടി വരില്ല.

എങ്കിലും പ്രവര്‍ത്തനശൈലി കാലത്തിനു യോജിക്കുന്ന വിധത്തിലാക്കിയാല്‍ പ്രിയ വൈദികസുഹൃത്തുക്കളെ, നിങ്ങള്ക്ക് നല്ലത്. നിങ്ങൾ സൃഷ്ടിച്ച കയ്യഫാസ്സിന്റെ വാൾ സ്വയം  നിങ്ങളുടെ തന്നെ തലക്കുമീതെ ആവാതിരിക്കട്ടെ.
 
 

ആമേന്‍!
 
അലക്സ്‌ കണിയാംപറമ്പില്‍ 

3 comments:

 1. പള്ളികളിൽ പോയി "ആമേൻ" കരയുന്ന സകല ആടുകളും ആവശ്യം കണ്ടിരിക്കേണ്ട സിനിമായാണീ "ആമേൻ"എന്ന്,ഞാനും വിനയത്തോടഭ്യർഥിക്കുന്നു >പുരോഹിതന്റെ കോലം കത്തിക്കുന്ന കാലം അകലെയല്ല എന്ന സത്യവും ഈ സിനിമയുടെ മറുപുറം വായനയിൽ ഏവർക്കും കാണാം..നാണമില്ലാത്ത കപടതയുടെ കുപ്പായമണിഞ്ഞ പാതിരി/പാസ്ടർ സമൂഹം ഇതുകണ്ട് മനംവിയര്ക്കട്ടെ ..

  ReplyDelete
 2. ശ്രീ അലക്സ് കണിയാംപറമ്പിൽ 'അമേൻ' എന്ന ഫിലിമിനെ സംബന്ധിച്ച് എഴുതിയ ലേഖനം വായിച്ചു. ഫിലിം കണ്ടില്ല. പുരോഹിതരുടെ കണ്ണ് തുറപ്പിക്കുവാൻ എത്രത്തോളം ആ പടം അവരിൽ ആഘാതം സ്രുഷ്ടിച്ചുവെന്നും അറിയില്ല. പലപ്പൊഴൂം ശരിയായ വശങ്ങളെ പഠിക്കാതെ ഇവർ തെരുവിൽ ഇറങ്ങുകയാണ് പതിവ്. എന്തുകൊണ്ടോ ഇത്തവണ അത് സംഭവിച്ചില്ല.


  ധ്യാനഗുരുക്കൾ അല്മേനിയെ നന്നാക്കുവാൻ ധ്യാനത്തിൽ തകർപ്പൻ പ്രസംഗങ്ങൾ നടത്താറുണ്ട്‌. പുരോഹിതരുടെ അസന്മാർഗിക നിലവാരത്തോളം അല്മേനിലോകം താണുപൊയിട്ടില്ല. സമൂഹത്തിന്റെ ഇത്തികണ്ണികളായ ഇത്തരം പുരൊഹിതർക്കായി കേരളത്തിൽ ഒരു ധ്യാനകേന്ദ്രവും പ്രവർത്തിക്കുന്നില്ലന്നുള്ളതും വിരോധാഭാസമാണ്.


  മാർപാപ്പായുടെ കണ്ണിനുതാഴെ വത്തിക്കാനിൽ ലൈംഗികലോബികൾ പ്രവർത്തിക്കുന്നുവെന്നും അടുത്തദിവസം ഫ്രാൻസീസ് മാർപാപ്പാ പറയുകയുണ്ടായി. പുരോഹിതരുടെ കുത്തഴിഞ്ഞ ജീവിതം പുരോഹിതർ തന്നെ നിറുത്തൽ ചെയ്യാതെ, അധികാരികൾ കഠിനശിക്ഷകൾ കൊടുക്കാതെ ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധ്യമല്ല.


  ലൈംഗികചിത്രങ്ങൾ കാണുന്ന ഭാര്യയെയോ ഭർത്താവിനെയോ ഉപേക്ഷിച്ച് വിവാഹമോചനം നേടുവാൻ സഭയിൽ നിയമമുണ്ടെന്ന് വീമ്പടിക്കുന്ന പനക്കനും വട്ടായിയും പുരോഹിത രതിലീലകളെപ്പറ്റി ഒരക്ഷരം പറയുകയില്ല. കാനഡാ- അമേരിക്കാ അതിർത്തിയിൽവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മൂവായിരത്തിൽപ്പരം ലൈംഗിക ചിത്രങ്ങൾ ഒരു അമേരിക്കൻ ആർച്ച് ബിഷപ്പിന്റെ കമ്പ്യൂട്ടറിൽ കണ്ടെത്തിയതിൽ അതിർത്തി പോലീസ് കേസെടുത്തിരുന്നു. വിവാദപരമായ ഈ കുറ്റകൃത്യത്തിൽ ബിഷപ്പ് പൊതുജനത്തോട് മാപ്പ് പറയുകയും ചെയ്തു.


  'ചെമ്മീനും ' 'ഓടയിൽ നിന്നും' ഒരു കാലത്ത് ദരിദ്രതൊഴിലാളികളുടെ സാമൂഹികവശങ്ങളെ ചിത്രീകരിക്കുന്നതായിരുന്നു. ഇന്ന് വേണ്ടത് യേശുവിനെ ഒറ്റികൊടുക്കുന്ന ഇത്തരം പുരോഹിതരുടെ പ്രതിബിംബങ്ങൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നുള്ളതാണ്. എങ്കിലേ ജനത്തിന് ഇവരുടെ തനിനിറം മനസിലാവുകയുള്ളൂ. ഉയർന്നു വരുന്ന കലാലയങ്ങളും ദേവാലയങ്ങളും പുരോഹിതർക്ക് വ്യപിച്ചരിക്കുവാൻ മാത്രമുള്ള സങ്കേതങ്ങളായി മാറിയിരിക്കുകയാണ്. ഇതിനെല്ലാം ഒരു അവസാനം കണ്ടേതീരൂ. പുരോഹിതരെ തൊലി ഉരിച്ചു കാണിക്കുന്ന അനേക ചിത്രങ്ങൾ ഇംഗ്ലീഷിൽ ഉണ്ട്. അത്തരം ഫിലിമുകൾ ഭാരതഭാഷയിൽ ചിത്രീകരിക്കുവാൻ സാധാരണ സെൻസർ ബോര്ഡ് അനുവാദം കൊടുക്കാറില്ല.

  A Very Harold & Kumar 3D ഹോളിവുഡ് സിനിമാ കത്തോലിക്കസഭയെ മൊത്തം അധിക്ഷേപിച്ചുള്ളതാണ്. കത്തോലിക്ക മതത്തെയല്ല സഭക്കുള്ളില്‍ തിരുമേനിമാരും പാതിരികളും കളിക്കുന്ന ചില കുസൃതി തമാശകൾ കാണാം. പുരോഹിതരും മയക്കു മരുന്നും, ലൈംഗികതയും, പുരോഹിതരുടെ വേശ്യാലയങ്ങളിലുള്ള രതികളും ഈ ചിത്രത്തിൽ ഉണ്ട്.

  ബിഷപ്പിന്‍റെ മൂക്കിനിട്ടു ഇടിക്കുന്നതും പിന്നെ പുരോഹിതരെയും അവരുടെ അൾത്താര ബാലന്മാരെയും തല്ലുന്ന രംഗവും ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. മാറു മറയ്ക്കാത്ത സ്വവർ‍ഗരതിക്കാരായ കന്യാസ്ത്രീകൾ, ബാലപീഡക്കായി കുട്ടികളെ അച്ചന്മാർ ഓടിക്കുന്ന രംഗങ്ങൾ, വേശ്യകളുമൊത്തു പുരോഹിതർ ബാറിൽ ഇരുന്ന് അർദ്ധനഗ്നരായ കന്യാസ്ത്രീകളുമായി മദ്യം കഴിക്കുന്നതെല്ലാം ഫിലിമിന്റെ പ്രത്യേകതയാണ്.


  പുരോഹിതർ സമൂഹത്തിലെ കുഴപ്പക്കാരെന്ന് എല്ലാവർക്കും അറിയാം. ഇവരുടെ അഴിഞ്ഞാട്ട ജീവിതത്തെ അഭ്ര പാളികളാക്കിയാൽ സമൂഹത്തെ ഇവർ പീഡിപ്പിച്ച കഥകൾ ഒന്നിനൊന്നായി വെളിച്ചത്താകും. ധ്യാന കേന്ദ്രങ്ങളിലെ തിക്കും തെരക്കും കുറയും. അനുഭവ പാഠങ്ങളാണ് ഇനി ഇവരുടെ ജീവിതത്തിൽ പ്രകാശിക്കേണ്ടത്. അതിനായി സിനിമാ വ്യവസായികൾ ഉത്സാഹത്തോടെ മുമ്പോട്ട് വരുമെന്നും പ്രതീക്ഷിക്കാം.

  ReplyDelete
 3. എനിക്കൊട്ടും വഴങ്ങാത്ത ഒരു വാക്കാണ്‌ ആമ്മേൻ. എന്നാലും ഈ ആസ്വാദനക്കുറിപ്പിന് ഞാനുമൊര് ആമ്മേൻ അങ്ങ് പറഞ്ഞുപോകുകയാണ്, അലെക്സ്! ഇതിന്റെ ലിങ്ക് സ്വിസ് മലയാളികളുടെ സൈറ്റ് ആയ vartha.ch ന് കൊടുത്തിട്ടുണ്ട്. അത് വായിച്ച് പടം കാണാൻ സ്വിസ്സ്, ജർമൻ മലയാളികൾ എല്ലാവരും നാട്ടിലേയ്ക്ക് പറക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. അതിലൊരു ചെറിയ പിശക്, മാർ കല്ലറങ്ങാട്ട് സ്വിറ്റ് സർ ലന്റിൽ എത്തുന്ന ഈ മുഹൂർത്തത്തിൽ അദ്ദേഹത്തെയും പരിവാരത്തെയും സ്വീകരിക്കാൻ ആള് കുറയുന്നതിന്റെ ഉത്തരവാദിത്തം അലെക്സിനായിരിക്കുമോ എനിക്കോ എന്നത് തീരുമാനിക്കെണ്ടിവരും. പിന്നത്തെ പൂരം ഒന്നോർത്തു നോക്കിക്കേ!

  ReplyDelete