Translate

Sunday, June 2, 2013

ആസ്‌ട്രേലിയയിലെ പുരോഹിതരും ലൈംഗികപീഡനങ്ങളും (രണ്ടാം ഭാഗം)

ഭാഗം-1,  Link:

 (രണ്ടാം ഭാഗം)
1993 ല്‍ ബാലപീഡന കുറ്റവാളിയായ ഒരു പുരോഹിതനൊപ്പം ജോര്‍ജ് പെല് കോടതികളില്‍ പോയിരുന്നതും ഇന്ന് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കുറ്റവാളികളെ സഹായിക്കുന്നവരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും ഒരുപോലെ കുറ്റവാളികളെന്നും കുപിതരായ ജനം അഭിപ്രായപ്പെടുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ സംഘടനയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

'അന്ന് കുറ്റകൃത്യങ്ങള്‍ക്ക് നിയമങ്ങളെ അഭിമുഖികരിച്ചിരുന്ന  പുരോഹിതനുമൊത്ത് കോടതികളില്‍ വന്നിരുന്നത് പീഡനത്തിന്  വിധേയരായവര്‍ക്ക്  എതിരായിട്ടല്ല, മാനസികമായി സമനില തെറ്റിയ ഒരാളെ  ആശ്വസിപ്പിക്കുക മാത്രമെ താന്‍ അന്ന് ചെയ്തിരുന്നുള്ളൂ' വെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. 'നിയമത്തിന്റെ കുരുക്കില്‍ അകപ്പെട്ടിരിക്കുന്നവരെയും ജയില്‍ശിക്ഷ അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കുകയെന്നത് ക്രിസ്തീയധര്‍മ്മമായി കരുതിയെന്നും' കോടതി ചോദ്യോത്തരവേളയില്‍ കര്‍ദ്ദിനാള്‍ തന്റെ നിസഹായവസ്ഥ വെളിപ്പെടുത്തി.

കര്‍ദ്ദിനാള്‍ 1961 മുതല്‍ 1987 കാലങ്ങളില്‍ സഹമെത്രാനായിരുന്ന സമയത്ത്  ഫാദര്‍ ജെറാള്‍ഡ് റീഡ്‌സി(Jerald Reeds)ന്റെ നാല്‍പ്പത് കുട്ടികളെ പീഡിപ്പിച്ചതില്‍ 19 വര്‍ഷക്കാലം കോടതി ശിക്ഷിച്ചിരുന്നു. 'കോടതിശിക്ഷ കിട്ടുന്നതിന് മുമ്പും അയാള്‍  കുറ്റവാളിയായിരുന്നുവെന്ന്  തനിക്കറിയാമായിരുന്നുവെന്നും അയാള്‍മൂലം പീഡിതരായവരില്‍  താനെന്നും ദുഖിതനായിരുന്നുവെന്നും എക്കാലവും അവരുടെ ദുഖങ്ങളില്‍  പങ്ക് ചേര്‍ന്നിരുന്നുവെന്നും' പാനലിന്റെ മുമ്പാകെ കര്‍ദ്ദിനാള്‍ മൊഴിനല്കി.  ഫാദര്‍ ജെറാരാള്‍ഡ് സംഗീതത്തിലും സംഗീതരചനയിലും അതീവ കലാമൂല്യമുള്ള വൈദികനായിരുന്നതുകൊണ്ട് കുറ്റകൃത്യങ്ങളെ മൂടിവെക്കുവാന്‍ എന്നും സഭ താല്പര്യം കാണിച്ചിരുന്നു.

കുട്ടികളുടെ പേരിലുള്ള ലൈംഗികാരോപണങ്ങള്‍ അനേക വര്‍ഷങ്ങളായി  ആസ്‌ത്രേലിയായില്‍ നിത്യേമെന്നോണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുക ആയിരുന്നു. 1996നും 2001നുമിടയില്‍ ജോര്‍ജു പെല്‍ മെല്‍ബോണിലെ ആര്‍ച്ച്ബിഷപ്പായിരുന്നു. കര്‍ദ്ദിനാള്‍ ആയിരിക്കുന്ന അദ്ദേഹം അന്ന് ആര്‍ച്ച് ബിഷപ്പെന്ന നിലയില്‍ പീഡിതരായവരുടെ പരാതികളുടെമേല്‍ കോടതികളില്‍ സമാധാനം പറയേണ്ടതായുണ്ട്. തെളിവുകള്‍ നല്‍കിയപ്പോള്‍ അനേകര്‍ കോടതികളില്‍ പൊട്ടിക്കരഞ്ഞു. 'കഴിഞ്ഞ കാലങ്ങളില്‍ തന്റെ സഭയുടെ സഹകാരികള്‍ ശരിയായ വിവരങ്ങള്‍ നല്കാതെ കുറ്റകൃത്യങ്ങള്‍ സകലതും ഒളിച്ചുവെച്ചിരുന്നതിനാല്‍ താന്‍ എന്നും നിസ്സഹായനായിരുന്നുവെന്നും പെല്‍ കോടതിയില്‍ പറഞ്ഞു. ഇരയായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതിനോടൊപ്പം രാജ്യത്തിലെ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം സഭ നല്കുവാന്‍ തയ്യാറാണെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. കാട്ടുതീപോലെ പടര്‍ന്നിരുന്ന അണയാത്ത ഈ തീയെ ശമിപ്പിക്കുവാന്‍ കഴിഞ്ഞകാലസഭാനേതൃത്വം പരാജയപ്പെട്ടുവെന്നതും ഒരു ദുഃഖസത്യമാണ്. സഭയിലെ നേതൃത്വത്തിലെ അധികമാളുകളും ഈ കുറ്റകൃത്യങ്ങളെ ഗൌരവമായി കണ്ടിരിന്നുല്ലെന്നും സഭയുടെമേല്‍ കുറ്റം ആരോപിക്കുന്നു. 'ഞങ്ങളുടെ ഇരിപ്പിടങ്ങളില്‍ സംഭവിച്ച ഭയാനകമായ ഈ കുറ്റകൃത്യങ്ങളെപ്പറ്റി പലരും അജ്ഞരായിരുന്നുവെന്നും' കര്‍ദ്ദിനാള്‍ കോടതി മുമ്പാകെ രേഖപ്പെടുത്തി.

നീതിന്യായ കോടതിമുമ്പാകെ ചോദ്യങ്ങള്‍ക്കെല്ലാം അടിപതറാതെ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ തന്റെ ദൌര്‍ല്ലഭ്യങ്ങളെ ബോധിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം തുടര്‍ന്നു, '1990 മുതല്‍ സഭ എക്കാലവും ഗൌരവമേറിയ ഈ വിഷയത്തെപ്പറ്റി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്നു. പുരോഹിതനാകുവാന്‍ ഒരു കുട്ടി സെമിനാരിയില്‍ ചേരുന്നസമയം അയാളുടെ പൂര്‍വ്വകാലചരിത്രങ്ങളും കുടുംബ പാരമ്പര്യങ്ങളും അന്വേഷിക്കുന്ന സംവിധാനങ്ങള്‍ ഇന്ന് സഭക്കുണ്ട്. താന്‍ പീലാത്തോസിനെപ്പോലെ കൈകഴുകിയെന്ന് ചില നിയമവക്താക്കള്‍ തന്റെമേല്‍ കുറ്റാരോപണം ഉന്നയിക്കുന്നത് സത്യമല്ല. ഞങ്ങളാല്‍ കഴിയുംവണ്ണം പീഡനമില്ലാതാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരവും നല്കിയിട്ടുണ്ട്. ഇന്നും അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിയമം അനുശാസിക്കുന്നത് എന്തുവിലകൊടുത്തും സഭ നിറവേറ്റും. പീഡിതരായവര്‍ക്കൊപ്പം  നിലകൊള്ളും. അര്‍ഹിക്കുന്ന സാമ്പത്തികമായ നഷ്ടപരിഹാരവും നല്കും.'

പീഡിതരായവരെക്കാള്‍ കുറ്റവാളികളെ രക്ഷിക്കുവാന്‍ സഭ ശ്രമിച്ചുവെന്നുള്ളതാണ് അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വെളിവാകുന്നത്. കര്‍ദ്ദിനാള്‍ പെല്ലിന്റെ മുന്ഗാമി ആര്‍ച്ച്ബിഷപ്പ് ഫ്രാങ്ക്  ലിറ്റില്‍ കുറ്റവാളികളുടെ ഇരയായവരുടെ പരാതികളില്‍ കാര്യമായി ഒന്നും ഗൌനിച്ചിരുന്നില്ല. യാതൊരു റിക്കോര്‍ഡും ഹാജരാക്കപ്പെട്ട തെളിവുകളും സൂക്ഷിച്ചിരുന്നില്ല. ലൈംഗിക കുറ്റവാളികളായ പുരോഹിതരെ ഇടവകകള്‍തോറും സ്ഥലം മാറ്റിയിരുന്നു. അവിടെയും അവര്‍ കുഞ്ഞുങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്നു.

ബിഷപ്പ് ഫ്രാങ്ക് ലിറ്റില്‍ പുരോഹിതരുടെ എല്ലാ കുറ്റകൃത്യങ്ങളും   രഹസ്യമായി കൈകാര്യം ചെയ്തിരുന്നു. 2008ല്‍ അദ്ദേഹം മരിച്ചു. ബിഷപ്പ്  മരിക്കുന്നതിനുമുമ്പ് എല്ലാ ഡോക്കുമെന്റും നശിപ്പിച്ചിരുന്നു. ലൈംഗികപീഡനം സംബന്ധിച്ച വിവരങ്ങളും ബിഷപ്പ് ലിറ്റില്‍ മറച്ചുവെച്ചിരുന്നുവെന്ന് കര്‍ദ്ദിനാള്‍ പെല്‍ സമ്മതിച്ചിട്ടുണ്ട്. 'എന്നാല്‍ തന്റെ ഉപദേശകര്‍ക്കോ മറ്റു ബിഷപ്പുമാര്‍ക്കോ ബിഷപ്പ് ലിറ്റില്‍ന്റെ രഹസ്യവിവരങ്ങളുടെ ചുരുളുകള്‍ കണ്ടെത്തുവാന്‍ സാധിച്ചില്ലായെന്നും' കര്‍ദ്ദിനാള്‍ പറഞ്ഞു. ‘താന്‍ ചുമതലയെടുത്ത സമയം അലങ്കോലപ്പെട്ട തന്റെ ഓഫീസിലെ സംഭവപരമ്പരകളെ എങ്ങനെ നേരെയാക്കാമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും' കോടതി മുമ്പാകെ കര്‍ദ്ദിനാള്‍ പെല്‍ ബോധിപ്പിച്ചു. പുരോഹിതരുടെ ബ്രഹ്മചര്യനിയമങ്ങളെയും അദ്ദേഹം  വിമര്‍ശിച്ചു. താറുമാറായ സഭയിലെ ലൈംഗികകുറ്റകൃത്യങ്ങള്‍ ഇത്രമാത്രം പെരുകുവാന്‍ കാരണവും കര്‍ശനമായ പുരോഹിതരുടെ അവിവാഹിതജീവിതമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദ്ദിനാള്‍ പെല്‍ കോടതിയില്‍ ബോധിപ്പിച്ച പ്രതികരണങ്ങളില്‍ പീഡിതരായവര്‍ തൃപ്തരല്ല. കുറ്റവാളികളില്‍നിന്നും പീഡിതരായവരുടെ  പ്രശ്‌നങ്ങള്‍ സഭ വിലയിരുത്തിയില്ലെന്നും ആരോപണം ഉണ്ട്. ഉത്തരവാദിത്ത ബോധത്തോടെ പീഡിതരുടെ പ്രശ്‌നങ്ങള്‍ സഭ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഇത്രമാത്രം ജനം അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും ചോദ്യങ്ങള്‍ ഉണ്ട്. സഭ കുറ്റവാളികളില്‍നിന്നും ഇരയായവര്‍ക്ക് ആശ്വാസം നല്കി  ഇന്നുവരെ എത്തിയിട്ടില്ല. അവരുടെ ക്ഷേമങ്ങള്‍ക്കായി  ഒരു സഹായസംഘടനയും രൂപികരിച്ചിട്ടില്ല.   ദുഖങ്ങളില്‍ പങ്ക് ചേര്‍ന്നിട്ടില്ല. താറുമാറായ ജീവിതത്തെ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ യാതൊരു സംവിധാനങ്ങളും ആരംഭിച്ചിട്ടില്ല. സ്വാന്തനവാക്കുകളുമായി ഒരു ബിഷപ്പോ കര്‍ദ്ദിനാളോ തങ്ങളെ സമീപിച്ചിട്ടില്ലെന്നും പീഡിതര്‍ പരാതിപ്പെടുന്നു. സാമ്പത്തിക സഹായങ്ങള്‍ക്കുപരി നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്കായി പ്രത്യേക പ്രായശ്ചിത്ത സങ്കേതങ്ങളൊ കൌണ്‌സിലിംഗ് സ്ഥാപനങ്ങളോ സഭയുടെ നേതൃത്വത്തില്‍  തുടങ്ങുവാന്‍ അവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഫെഡറല്‍ നിയമമനുസരിച്ച് സഭ നിയമത്തിനതീതമായതിനാല്‍ പീഡിതര്‍ക്ക്  സഭയ്‌ക്കെതിരെ നഷ്ടപരിഹാരത്തിനായി കോടതികളെ സമീപിക്കുവാന്‍  ആസ്‌ത്രേലിയായില്‍ നിയമം ഇല്ല. പരിഷ്‌കൃതരാജ്യമായ ആസ്‌ത്രേലിയാപോലുള്ള രാജ്യത്ത് ഇത്തരം ഒരു നിയമം സാധുകരിക്കുവാന്‍ സാധിക്കുകയില്ലെന്ന് കാണിച്ച് റോയല്‍കമ്മീഷന്‍ അംഗങ്ങള്‍ ഫെഡറല്‍, സ്‌റ്റേറ്റ് സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ സമര്‍ച്ചിട്ടുണ്ട്. നിയമം സാധുകരിച്ചില്ലെങ്കില്‍ നഷ്ടപരിഹാരത്തിനായി വര്‍ഷങ്ങളോളം ഇരയായവര്‍ കാത്തിരിക്കേണ്ടിവരും. സ്‌റ്റേറ്റ്‌സര്‍ക്കാരിന് താല്ക്കാലികമായി നിയമത്തില്‍ ഭേദഗതി വരുത്തി നഷ്ടപരിഹാരത്തിന്   അതിവേഗം തീര്‍പ്പുകല്പ്പിക്കുവാന്‍ സാധിക്കുമെന്ന് ആസ്‌ത്രേലിയന്‍ അറ്റോര്‍ണിസംഘടനയുടെ വക്താവായ ഡോ. ആണ്ട്രൂ മോറീസ് അഭിപ്രായപ്പെട്ടിരിക്കുന്നതും പ്രസക്തമാണ്.

ജോസഫ്‌ മാത്യു, ന്യൂയോര്‍ക്ക്‌

(അവസാനിച്ചു)

1 comment:

  1. നമ്മുടെ അഭയാകേസുപോലും ചിന്തനീയമല്ലീ കേരളത്തിലെ വെറും ആടുകൾക്കിതുവരെ ! പിന്നെ എങ്ങിനെ വ്യഭിചാരം ജീവനകലയാക്കിയ,(ദിനചര്യ ആക്കിയ ) australiya europe america തുടങ്ങിയ "വിശുദ്ധക്രിസ്തീയരാജ്യങ്ങളിലെ" പുരോഹിതന്റെ കാര്യം പറഞ്ഞാൽ ? നടപ്പില്ല maatthewcchaaya ...എങ്കിലും നന്ദി ! പ്രശംസനീയം ! facebook മുതലായവ വഴി നമുക്കിതും പ്രചരിപ്പിച്ചു "അണ്ണങ്കുഞ്ഞും തന്നാലായത് "എന്നോണം പണിയെടുക്കാം ..ഒരു സുഖമുള്ള പണി ..

    ReplyDelete