Translate

Saturday, June 22, 2013

പ്രവാസി പുരോഹിതരും ഉമ്മ വരുത്തുന്ന വിനകളും


വൈദികരുടെ കുറ്റകൃത്യങ്ങൾ  മൂടിവെച്ച്  അവരെ സഭ രക്ഷിച്ച  കഥകൾ അല്മായ ശബ്ദത്തിൽ അനേക തവണകൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നിയമത്തിന്റെ കുടുക്കിൽ അകപ്പെടുന്നതിനുമുമ്പ് ഇരയായവരെ സ്വാധീനിച്ചോ, പള്ളിയിൽനിന്ന്‌  സ്ഥലം മാറ്റം കൊടുത്തോ, രാജ്യം കടത്തിയോ  സാധാരണ രക്ഷപ്പെടുത്തുകയാണ് കീഴ്വഴക്കം. എന്നാൽ മിനിസോട്ടായിലെ വൈദികന്റെ ലൈംഗിക കുറ്റാരോപണ കേസ്സിൽ അത് സംഭവിച്ചില്ല. അവിടെ  ബ്ലൂ ഏർത്തിലെ  ഒരു പള്ളിയിലെ സഹവൈദികനായിരുന്ന  ആന്ധ്രാസ്വദേശി ഫാദർ ലിയോ കോപ്പേലാ (47) ഇപ്പോൾ കുറ്റാരോപണ വിധേയനായി ജയിലിൽ കഴിയുകയാണ്.  സംഭവദിവസം അദ്ദേഹത്തെ പ്രായമായ ഒരു സ്ത്രീ രാത്രിയിൽ അത്താഴത്തിനായി  വിരുന്നിന് വിളിച്ചിരുന്നു. വിധവയായ ആ സ്ത്രീ പുരോഹിതനെ രാത്രിയിൽ സല്ക്കരിച്ചതിലും   ദുരൂഹതകൾ കാണുന്നു.

 അന്ന് ആ സ്ത്രീ  മറ്റാരോടോ ടെലിഫോണ്‍ ചെയ്ത സമയം താഴത്തെ നിലയിൽ ടീ.വി. കണ്ടുകൊണ്ടിരുന്ന പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെ ബലമായി കവിളത്ത് ഉമ്മ വെക്കുകയും  മാറിടങ്ങളിൽ  കൈ തടവി   പിടിക്കുകയും ചെയ്തുവെന്നാണ് കേസ്.

കവിളത്ത് ഉമ്മ വെച്ചെങ്കിലും മാറത്ത് പിടിച്ചുവെന്ന ആരോപണം പുരോഹിതൻ നിഷേധിച്ചിരിക്കുകയാണ്. അമേരിക്കൻ സംസ്ക്കാരം അനുസരിച്ച് കവിളത്ത് പരിചയമുള്ള പെണ്‍കുട്ടികള്ക്ക് ഉമ്മ നൽകുന്നതിൽ തെറ്റില്ല. പലപ്പോഴും പരിചയമുള്ള പെണ്‍കുട്ടികൾ അതിനായി  ഓടി വരാറുണ്ട്. അത്തരം  ഉമ്മകൾ   ലൈംഗികതയുമായി  ബന്ധപ്പെടുത്താറില്ല. 

ഫാദർ ലിയോ കോപ്പെലിന്റെ കേസ്സിൽ സഭ പരിപൂർണ്ണമായും അദ്ദേഹത്തെ  തഴഞ്ഞിരിക്കുകയാണ്.  രൂപതയോ, കുഞ്ഞാടുകളോ, ഇടവക ജനമോ   സഹായിക്കുവാൻ ഇതുവരെയും   എത്തിയില്ല. രൂപതാ അധികാരികൾ വൈദികവൃത്തിയിൽനിന്നും  പിരിച്ചുവിട്ടു.  ജാമ്യത്തിന്  70000  ഡോളർ കെട്ടിവെക്കുവാനും സഭ തയാറല്ല. സഹായിക്കാൻ ആരുമില്ലാത്ത അദ്ദേഹത്തിന്  അത്രയും വലിയ തുക ജാമ്യ തുകക്കായി കൊടുക്കാൻ  എങ്ങനെ സാധിക്കും? പുരോഹിതനെ   അറിയില്ലെന്ന്  പറഞ്ഞ് രൂപതയും  കൈ ഒഴിഞ്ഞിരിക്കുകയാണ്. "വെള്ളമുള്ള കയത്തിൽ വീണ ഒരാളെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കണമൊ അതോ കണ്ടില്ലെന്ന് നടിക്കണമോ?" ചോദിക്കുന്നത് കുറ്റം ചുമത്തപ്പെട്ട ഈ പുരോഹിതനാണ്. അദ്ദേഹത്തിന്റെ ഭാഗങ്ങൾ വാദിക്കാൻ ഒരു വക്കീലിനെപ്പോലും രൂപത കൊടുക്കുവാൻ തയ്യാറായില്ല.

"ദുരിതങ്ങളും ദുഖങ്ങളും ആപത്തും വരുമ്പോൾ  ഒരാളെ രക്ഷിക്കുകയെന്നത് ക്രിസ്തീയ ധർമ്മമാണെന്നും സഭ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി തന്നെ കൈവിട്ടുവെന്നും"  ജയിലിൽ കിടക്കുന്ന പുരോഹിതൻ  പറഞ്ഞു.  ഭാരതത്തിൽ നിന്ന് അയക്കുന്ന പുരോഹിതരുടെ അറിവില്ലായ്മയിൽ പ്രശ്നങ്ങളിൽ അകപ്പെട്ടാൽ നിസഹായരായ അവരെ തള്ളി കളയുന്നത് മനുഷ്യത്വമോ, ക്രിസ്തീയതയോ അല്ല. മറുനാടൻ  രാജ്യങ്ങലേക്ക്  ഭാരതരൂപതകൾ നല്ല  തുക കൈപ്പറ്റിയശേഷമാണ് പുരോഹിതരെ  അവിടുത്തെ പള്ളികളിലെ സേവനത്തിനായി  അയക്കാറുള്ളത്. നിസാര തുകയ്ക്ക് ഇവരെ ഈ നാട്ടിൽ പണി എടുപ്പിച്ച്    പ്രതിഫലത്തിൽ ഭൂരിപങ്കും ഇന്ത്യൻ രൂപതകൾ തട്ടിയെടുക്കും.  മുടിയനായ പുത്രനെവരെ സ്വീകരിച്ച പിതാവിന്റെ ഉപമ ഉൾകൊണ്ട തന്റെ സഭ തന്നെ  തഴഞ്ഞതിൽ കുറ്റം ചുമത്തപ്പെട്ട  പുരോഹിതൻ നിരാശനാണ്.

സ്വദേശീയനായ പുരോഹിതനായിരുന്നുവെങ്കിൽ എല്ലാ നിയമ രക്ഷാകവചങ്ങളും സഭ  നല്കുമായിരുന്നു.  പുരോഹിതൻ  ഭാരത രൂപതയുടെ കീഴിലുള്ളതെന്നും  പറ ഞ്ഞ് അമേരിക്കൻ രൂപത കൈകഴുകുന്നു.

പ്രവാസികളായി  വരുന്ന പുരോഹിതർക്ക്  പ്രത്യേക  പരിശീലന സംവിധാനങ്ങൾ സഭ   തുടങ്ങേണ്ടിയിരിക്കുന്നു.  ഈ പരിശീലന കേന്ദ്രങ്ങളിൽ പുതിയതായി വരുന്ന കൊച്ചച്ചന്മാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുവാൻ പ്രവാസികളായവരെ ചുമതലപ്പെടുത്തിയാൽ  നന്നായിരിക്കും.

 പ്രവാസികളായ കൊച്ചച്ചൻമാർ അറിഞ്ഞിരിക്കേണ്ട 'പത്ത് പ്രമാണങ്ങൾ' താഴെ  കുറിക്കുന്നു. :

(1) 'ഉമ്മ' എന്നുള്ളത് അമേരിക്കയിൽ സ്നേഹത്തിന്റെ അടയാളമാണ്. പക്ഷെ അത് അപരിചിതർക്ക് കൊടുക്കണമെന്ന് ചിന്തിക്കുമ്പോൾ ലൈംഗികതയാവും. അത്തരം വികാരങ്ങൾ മാനുഷിക വൈകല്ല്യങ്ങളെങ്കിലും ഉള്ളിൽ ഒതുക്കി വെക്കുക.

(2) പതിവായി അല്മായ ശബ്ദം വായിക്കുക. വിവിധ  രാജ്യങ്ങളിൽ സംഭവിച്ച പുരോഹിതരുടെ  അനേക    ലൈംഗിക കുറ്റകൃത്യങ്ങൾ    ഈ ബ്ലോഗിൽ വായിക്കാം. അല്മായ ശബ്ദത്തോട് കുപിതരായ മെത്രാൻലോകത്തെ വകവെക്കാതെ  സ്വയം മാതൃകയായി നല്ല ഒരു വൈദികനായി ലോകത്തിന്‌ തെളിയിച്ചു കൊടുക്കുവാൻ ഈ ബ്ലോഗ് സഹായിക്കും.

(3) കുമ്പസാരിപ്പിക്കുന്നതിന് മുമ്പ് സ്ത്രീകളിൽ നിന്നും ഉമ്മ സ്വീകരിക്കുന്ന ഒരു ആചാരം ഉണ്ട്. ദൈവിക ഉമ്മയെന്നാണ് പറയുന്നത്. മനസ്സാ തന്നാൽ നിങ്ങൾ മേടിച്ചുകൊള്ളുക. അത് നിങ്ങളുടെ അവകാശമാണ്. എങ്കിലും 'ഉമ്മ തരൂ' എന്ന് കുമ്പസാരിക്കാൻ വരുന്ന  സ്ത്രീകളോട് ആവ്യശ്യപ്പെടരുത്.

4.  വൈദികൻ കുർബാന അർപ്പിച്ചശേഷം  പള്ളിയുടെ പ്രധാന വാതിൽക്കൽവന്ന് കുർബാനയിൽ സംബന്ധിച്ചവരുടെ   സ്നേഹ വികാരങ്ങൾ   സ്വീകരിക്കാറുണ്ട്. പുരുഷന്മാർക്ക്  ഹസ്ത ദാനവും സ്ത്രീകള്ക്ക് ഉമ്മ കൊടുക്കുകയുമാണ് പാരമ്പര്യം. പ്രവാസികളായ പുരോഹിതർ ഈ ഉമ്മകളെ മുതലെടുക്കാതെ സൂക്ഷിക്കുക. ഉമ്മ കൊടുക്കുമ്പോൾ ലൈംഗികത പ്രകടിപ്പിക്കരുത്‌. അത് സ്ത്രീകള്ക്ക് പെട്ടെന്ന് മനസിലാകും. സ്നേഹത്തോടെ ഒരാളെ സ്പർശിച്ചാലും ലൈംഗികതയോടെ ഒരാളെ സ്പർശിച്ചാലും  തിരിച്ചറിയുവാനുള്ള  ജന്മസഹജമായ കഴിവ് സ്ത്രീ ജനങ്ങൾക്ക്‌  പ്രകൃതി കൊടുത്തിട്ടുണ്ട്.

5. ഒരു സ്ത്രീ 'ഉമ്മ' വേണമെന്ന് പറഞ്ഞു വന്നാൽ ഇഷ്ടമുണ്ടെങ്കിൽ കൊടുക്കാം. ഇന്ത്യൻ പുരുഷന്മാർ 'ഉമ്മ' ഇഷ്ടപ്പെടാറില്ലെന്ന് സൌമ്യമായി അവരെ ഉപദേശിക്കുന്നതിലും തെറ്റില്ല. ഉമ്മ കൊടുത്തില്ലെങ്കിൽ ചിലപ്പോൾ അവരെ അപമാനിക്കുന്നതിന് തുല്യമാകും.

6. കവിളത്ത് ഉമ്മ കൊടുക്കുന്നതിനു  പകരം ചുണ്ടത്ത്  കൊടുക്കുകയെന്നത്  പ്രവാസി കൊച്ചച്ചൻമാർക്ക് പറ്റുന്ന മറ്റൊരു അമളിയാണ്‌. "ഉമ്മ കൊടുക്കേണ്ടത് ചുണ്ടത്തല്ലെന്ന്" പറഞ്ഞ്   കോളേജു പ്രിൻസിപ്പാളായിരുന്ന  (പേര് വെളിപ്പെടുത്തുന്നില്ല) ഒരു കോവേന്തക്കാരൻ അച്ചനെ പള്ളിയുടെ മുമ്പിൽ വെച്ച് പരസ്യമായി ഒരു സ്ത്രീ  അപമാനിച്ചതും ഓർക്കുന്നു.

7. മാർപാപ്പാ പോവുന്ന വഴികളിൽ തള്ളമാരുടെ കൈകളിൽ കാണുന്ന  കുഞ്ഞുങ്ങളെ സ്പർശിച്ച് അനുഗ്രഹിക്കാറുണ്ട്. നാടുകൾ മാറി താമസിക്കുമ്പോൾ അങ്ങനെയുള്ള അബദ്ധങ്ങളിൽപ്പെടാതെ  വൃദ്ധരും ചെറുപ്പക്കാരുമായ അച്ചന്മാർ  സൂക്ഷിക്കണം. മദാമ്മയുടെ
കൊച്ചിനെ സ്പർശിക്കാൻ ചെന്നാൽ  കേൾക്കാത്ത ഭാഷാ വചനങ്ങൾ പറഞ്ഞ് അവർ അലറും.

8.  വധുവരന്മാരെ വിവാഹം കഴിപ്പിക്കുന്ന ചടങ്ങിൽ  പുരോഹിതൻ വരന് ഹസ്തദാനവും വധുവിന്  ഉമ്മയും കൊടുക്കാറുണ്ട്. അതിൽ തെറ്റില്ല. ആ ഉമ്മ ഈ രാജ്യത്തിൽ നിങ്ങളുടെ അവകാശമാണ്.  ചുണ്ടത്ത് ആവരുതെന്ന് മാത്രം. അടുത്തയിടെ നാണം കുണുങ്ങിയും എന്റെ സുഹൃത്തുമായ  മലയാളീ കൊച്ചച്ചൻ വിവാഹം കഴിപ്പിച്ച വധുവിന് 'ഉമ്മ' അർപ്പിക്കുവാൻ മടി കാണിച്ചപ്പോൾ  പള്ളിയിലെ പ്രധാന അമേരിക്കൻ പാസ്റ്റർ പരസ്യമായി  കൊച്ചച്ചനെ  ശകാരിച്ചതും തമാശയായി തോന്നി.

9. കുടുംബിനികളും   വിധവകളും  നിങ്ങളെ വീട്ടിൽ  കരിയാപ്പില ചേർത്ത  കോഴിയിറച്ചി തിന്നാൻ വിളിക്കും.  ക്ഷണം സ്വീകരിക്കുന്നതിന് മുമ്പ് അപകടം പിടിച്ച  ചുവന്ന  തെരുവകളാണവരെന്നു മനസിലാക്കണം.  ഉണ്ണാക്കന്മാരുടെ ഭാര്യമാരും നിങ്ങളെ മയക്കാൻ വരും. വീഴരുത്.

1 0. പുരോഹിതൻ  എത്ര സന്മാർഗിയാണെങ്കിലും ശ്രിങ്കരിക്കുന്ന പുരോഹിതരെപ്പറ്റി അപവാദം പറയുവാനും മലയാളി സമൂഹം വിരുതരാണെന്നും മനസിലാക്കണം. കഴിയുന്നതും 'നീ സുന്ദരിയാണ്, ഇട്ടിരിക്കുന്ന ഡ്രസ്സുകൾ നല്ലതെന്നൊക്കെ' പറഞ്ഞാൽ ലൈംഗിക ചുവകളായി മലയാളിസമൂഹം കരുതുമെങ്കിലും അമേരിക്കൻ സംസ്ക്കാരത്തിൽ അത് സാധാരണമാണ്.

പ്രവാസി യാകുവാൻ പോവുന്ന പുരോഹിതർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വിസ്താര ഭയത്താൽ വിവരിക്കുന്നില്ല.ഇന്ത്യയിൽ നിന്ന് വരുന്ന അനേകർ ഇങ്ങനെയുള്ള കുരുക്കിൽ വീഴാറുണ്ട്‌. വേണ്ടത്ര  പരിശീലനം നല്കാതെയാണ് പുരോഹിതരെ ഈ നാട്ടിൽ അയക്കാറുള്ളത്. വിദേശത്ത് വരുമ്പോൾ മുമ്പിൽ കാണുന്ന അബദ്ധങ്ങളെ  മുൻകൂട്ടി മനസിലാക്കുവാൻ ഒരോ പ്രവാസിഅച്ചനും കഴിവുണ്ടാകട്ടെയെന്നും ആശിക്കുന്നു.


ഒരു അല്മേനി പേരുദോഷം വരുത്തിയാൽ അയാളുടെ കുടുംബത്തിനെ മാത്രമേ  ബാധിക്കുകയുള്ളൂ. എന്നാൽ ഒരു പുരോഹിതനിൽനിന്നും വീഴ്ച്ചയുണ്ടായാൽ  സമൂഹം മുഴുവൻ ഉത്തരം പറയണം.   പുരോഹിതന്റെ  ഈ കഥ എല്ലാവർക്കും  മാതൃകയാകട്ടെ. പ്രവാസിയെങ്കിൽ രക്ഷിക്കാൻ  സഭയും സ്വന്തം സമൂഹവും കാണുകയില്ലെന്നുള്ള സത്യവും മനസിലാക്കുക. സേവനത്തിനായി നിങ്ങൾ അർപ്പിച്ച രക്തവും വിയർപ്പുംകൊണ്ട് സഭ കൊഴുത്തുതന്നെയിരിക്കും.

ലൈംഗികതയിൽ അമേരിക്കയിൽ എന്തുമാകാമെന്ന ഒരു തോന്നൽ പുരോഹിതർക്കും നാട്ടിലെ ഉൾനാട്ടിൽ താമസിക്കുന്നവർക്കും ഉണ്ട്.  അത് വെറും തെറ്റായ ഒരു ധാരണയാണ്. അത്തരം ചിന്തകളിൽ നിന്നുമുള്ള മുക്തി  പ്രവാസിയാകുവാൻ പോവുന്ന പുരോഹിതന് ആവശ്യമാണ്.   കാണാതായ ആടിനെ തേടി അമേരിക്കൻ സഭകൾ അലയുകയില്ലെന്നും പ്രവാസി പുരോഹിതർ മനസിലാക്കട്ടെ.


2 comments:

  1. പുരോഹിതർക്കായി ഞാൻ എഴുതിയ പത്തു പ്രമാണങ്ങൾ ആരെയും വേദനിപ്പിക്കാൻ എഴുതിയതല്ല. നിസഹായനായ ഒരു ഇന്ത്യൻ പുരോഹിതൻ ജയിലിൽ കിടക്കുന്ന അവസ്ഥയിൽ പുതിയതായി വന്നെത്തുന്ന പ്രവാസി പുരോഹിതർക്ക് ഇതൊരു മുന്നറിയിപ്പായി കരുതിയാൽ മതി. പ്രവാസിയാകുന്ന പുരോഹിതർ വിദേശരാജ്യങ്ങളിൽ കുഴപ്പത്തിൽ ചാടാതെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പ്രസ്തുത ലേഖനത്തിൽ ഉള്ളത്. നിഷ്കളങ്കരായ പുരോഹിതരും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അകപ്പെടാറുണ്ട്. ചിലപ്പോൾ സ്ത്രീകൾ സഭയുടെ പണത്തിനായും പ്രവാസിനാട്ടിൽ പുരോഹിതരെ കുടുക്കാറുണ്ട്‌. സൂക്ഷിക്കുക.

    ചില പ്രവാസിപുരോഹിതരിൽ പലവിധ വ്യക്തിവൈകല്യങ്ങളും കാണുന്നുണ്ട്. ഒരു സദസിൽ പൊതുവായി സംസാരത്തിൽ ഏർപ്പെടുമ്പോൾ ചിലർ കണ്ണോടു കണ്ണ് നോക്കാതെ കള്ളലക്ഷണങ്ങളോടെ സംസാരിക്കുന്നത് കാണാം. അത് വ്യക്തിത്വപ്രശ്നമോ മുമ്പുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള കുറ്റബോധമോ ആകാം. അത്തരം പ്രശ്നങ്ങൾ മനശാസ്ത്രജ്ഞർക്ക് പരിഹരിക്കുവാൻ സാധിക്കും. സംഭാഷണ വേളയിൽ അവരുടെ സ്വരം മാറും. കണ്ണിൽ നോക്കാതെ സ്ത്രീകളെ കണ്ടിട്ടില്ലാത്ത വിധം തുറിച്ചുനൊക്കികൊണ്ട് ഭ്രമിച്ചിരിക്കും. ഇത്തരക്കാരെ അമേരിക്കക്കാർ perverted എന്ന് വിളിക്കും. സദസിൽ ഇരിക്കുമ്പോൾ എപ്പോഴും കാലാട്ടികൊണ്ടിരിക്കുന്ന പുരോഹിതരെയും കണ്ടിട്ടുണ്ട്. ചിലർക്ക്‌ മറ്റുള്ളവരുടെ കാലേൽ പിടിച്ചാലേ സംസാരം വരുകയുള്ളൂ. ഇങ്ങനെയുള്ള മാനസിക രോഗങ്ങൾ ഗൗരവമുള്ളതല്ലെങ്കിലും ഈ രാജ്യത്തെ സംസ്ക്കാരത്തിന് യോജിക്കുന്നതല്ല.

    പുരോഹിതരുടെ ലൈംഗികപ്രശ്നങ്ങളിലെ അടിസ്ഥാനമൂല്യങ്ങളെ സംബന്ധിച്ചുള്ള ഗവേഷകരുടെ വിജ്ഞാനപ്രദമായ ഒരു പ്രബന്ധമാണ് താഴെ ലിങ്കിൽ കൊടുത്തിരിക്കുന്നത്.

    1. ഈ ഗവേഷണത്തിൽ പങ്കെടുത്ത 68 പുരോഹിതരിൽ നിന്നുമുള്ള വിവരം അനുസരിച്ച് അവർ ചെറുപ്പമായിരുന്ന കാലങ്ങളിൽ ലൈംഗിക പീഡനനങ്ങൾക്ക് ഇരയായതായി രേഖപ്പെടുത്തിയിട്ടുണ്ട്.


    2. 48 പുരോഹിതരിൽനിന്നും എടുത്ത റിപ്പോർട്ടിൽ അവരിൽ 18 ശതമാനം പീഡിതരായത് മറ്റ് പുരോഹിതരിൽനിന്നോ ഡീക്കൻമാരിൽനിന്നോ ആയിരുന്നു. ഈ പീഡനസർവ്വേയിൽ സ്വന്തം പിതാക്കന്മാരാണ് ഏറ്റവും വലിയ വില്ലൻമാർ. അമ്മമാരും വില്ലത്തികളിൽപ്പെടുന്നു.

    3. സർവ്വേയിൽ കുട്ടികളെ പുരോഹിതർ പീഡിപ്പിക്കുന്നതിൽ ലഹരിപദാർഥങ്ങളും കാരണമാണ്. എങ്കിലും 82 ശതമാനം കുറ്റക്കാരും ലഹരികൾ കഴിക്കാത്തവരായിരുന്നു. ലഹരിക്കടിമപ്പെട്ട 62 ശതമാനം പുരോഹിതർക്കും സഭ ചീകത്സാസൌകര്യങ്ങൾ നല്കിയിട്ടുണ്ട്. പലരെയും ഒന്നിൽ കൂടുതൽ പ്രാവിശ്യം ചീകത്സിക്കേണ്ടിയും വന്നിട്ടുണ്ട്.

    4. പുരോഹിതർ താല്പര്യപ്പെടുന്ന ലൈംഗിക മേഖലകളുടെയും സർവ്വേ എടുത്തിട്ടുണ്ട്. പുരുഷൻ - പുരുഷ ലൈംഗികത, സ്ത്രീ പുരുഷ ലൈംഗികത, ബലാൽസംഗ വിരുത പുരോഹിതർ, പ്രായമായ പുരുഷന്മാരുമായുള്ള വേഴ്ച എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇവരിൽ പുരുഷ-പുരുഷ ലൈംഗികതയിൽ ഏർപ്പെടുന്നവരാണ് കൂടുതലും കാണപ്പെടുന്നത്.

    ലോകത്ത് കുട്ടികളെ പുരോഹിതർ ദുരുപയോഗം ചെയ്യുകയെന്നത് അസാധാരാണ സംഭവമല്ല. മൂന്ന് പുരോഹിതരിൽ ഒരാൾക്ക്‌ ലൈംഗികാസുഖം ഉള്ളതായിട്ടാണ് കാണുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പുരോഹിതരുടെ പട്ടികയിൽ വ്യക്തിത്വപ്രശ്നങ്ങൾ കുറവായി കാണുന്നു. ഇവരിൽ അനേകവിധ കഴിവുകൾ ഉള്ളവരും ഉണ്ട്. പള്ളിഗാനങ്ങൾ രചിച്ചുകൊണ്ടിരുന്ന കേരള പ്രസിദ്ധനായിരുന്ന അന്തരിച്ച ഒരു കോവേന്തക്കാരൻ അച്ചൻ ഉദാഹരണമാണ്. അങ്ങനെ പേരുകേട്ട അനേകർ ആഗോളതലത്തിലും ഉണ്ട്.

    http://www.bishop-accountability.org/reports/2004_02_27_JohnJay_revised/3_4_cleric4.pdf

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete