Translate

Friday, June 14, 2013

നാളെയെന്ത്?

സോള്‍ ആന്‍ഡ്‌  വിഷന്‍റെ, ജൂണ്‍ ലക്കത്തില്‍ ഫാ. കാര്യാടത്തിന്‍റെതായി  ഒരു ലേഖനം കണ്ടു. കത്തോലിക്കാ സഭയിലെ ആരാധനാക്രമം വെറും ഉപചാരം മാത്രമാണെന്നും, വൈദികര്‍ മുഖം മൂടി വെച്ച കള്ളന്മാരാണെന്നുമൊക്കെ ആരോപിച്ച് സഭയില്‍ നിന്നകന്നു നില്‍ക്കുന്ന കുറെപ്പേരുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നിരത്തിയിരിക്കുന്നു. സത്യമെന്ന് അവര്‍ കരുതുന്ന ഏതെങ്കിലും കൂട്ടായ്മയില്‍ ചെന്ന് അതും കൂടെ മലിനപ്പെടുത്തരുതെന്ന് അവരോട് ഒരുപമയിലൂടെ ഉപദേശിക്കുന്ന അദ്ദേഹം തുടര്‍ന്ന് നിരത്തിയ വാദഗതികളാണ് എന്നെ  കൂടുതല്‍ ചിന്തിപ്പിച്ചത്‌. നിങ്ങളാണ് സഭയുടെ കേന്ദ്രമെന്നും  നിങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് അതിനെ നയിക്കുന്നതെന്നും നമ്മോട് പറയുന്ന അദ്ദേഹം, സഭ അപൂര്‍ണ്ണതയില്‍ നിന്നാണ് രൂപം കൊണ്ടതെന്നതുകൊണ്ട് അത് അപൂര്‍ണ്ണമായിരിക്കുന്നതില്‍ അത്ഭുതമില്ലെന്നും പറയുന്നു. സഭ വിടുന്നവരെപ്പറ്റി ആരും ആശങ്കപ്പെടേണ്ടെന്നുള്ള അദ്ദേഹത്തിന്‍റെ ഉപദേശത്തോടും, ഒരുപാട് കൊടുങ്കാറ്റുകളെ സഭ ഇതിനു മുമ്പും നേരിട്ടിട്ടുള്ളതുകൊണ്ട് ആരെന്തു വിമര്‍ശിച്ചാലും, സഭ നിലനില്‍ക്കുക തന്നെ ചെയ്യും എന്നുമുള്ള അദ്ദേഹത്തിന്‍റെ സമീപനത്തോടും എനിക്ക്  യോജിക്കാനാവുന്നില്ല.

ഫാ. കാര്യാടത്തെപ്പോലെ പാണ്ഡിത്യവും, പ്രവൃത്തിപരിചയവും വേണ്ടത്രയുള്ള ഒരു വൈദികനോട് പൊരുതാന്‍ മാത്രം  അറിവുള്ളതുകൊണ്ടല്ല, ഈ വിയോജനക്കുറിപ്പ് ഞാനെഴുതുന്നത്. തര്‍ക്കിക്കുന്നെങ്കില്‍ അത് ഒരു കത്തോലിക്കാ പുരോഹിതനോടായിരിക്കരുതെന്ന ലോബ്സാംഗ് റാമ്പായെന്ന ബുദ്ധിസ്റ്റ് പണ്ഡിതന്‍റെ നര്‍മ്മം കലര്‍ന്ന ഉപദേശം ഓര്‍ക്കാതെയുമല്ല. ഫാ. കാര്യാടം പറയുന്നത് അനേക കാലങ്ങളായി അഭിഷിക്തര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ദുര്‍ബ്ബല വാദഗതിയാണ്. സഭാധികാരികളെ വിമര്‍ശിച്ചാല്‍ ഉടന്‍ ദൈവകോപം, 'എന്‍റെ അഭിഷിക്തരെ തൊടരുത്' എന്നെഴുതപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു പേടിപ്പിക്കുവാന്‍ അദ്ദേഹം തയ്യാറായില്ലെന്നത് സന്തോഷകരം (മറിച്ചായിരുന്നെങ്കില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സംരക്ഷിക്കാന്‍ ഞാന്‍ വേറൊരു വചനം കണ്ടുപിടിക്കേണ്ടി വന്നേനെ).  ഒരിക്കല്‍ ഒരു  വിരുതന്‍ പറയുകയുണ്ടായി,  ഞാന്‍ അമ്പതു പൈസാ നേര്‍ച്ചയിട്ടു പ്രാര്‍ഥിച്ചതിന്‍റെ ഫലമായി അമ്പതു പൈസാ വിലയുള്ള ഒരു ഭാര്യയെ കിട്ടിയെന്ന്. വിശ്വാസിക്കര്‍ഹിക്കുന്നതാണ്  ഇപ്പോളവനു കിട്ടിയിരിക്കുന്നതെന്നൊരു സന്ദേശം അദ്ദേഹത്തിന്‍റെ ലേഖനത്തിലുണ്ട്. ഏതായാലും, അതിനോട്  വിയോജിക്കാന്‍ ഞാനില്ല; അതില്‍ അല്‍പ്പം സത്യമുണ്ട്.

വിമതന്മാര്‍ എവിടെയും എക്കാലവും ഉണ്ടാവും, അത് പല സമൂഹങ്ങളും അവഗണിക്കുകയാണ് ചെയ്യുന്നതും. പക്ഷേ, ഇന്ന് കത്തോലിക്കാ സഭ അഭിമുഖീകരിക്കുന്ന വിമതഭീഷണി സര്‍വ്വ അതിര്‍വരമ്പുകളും ഭേദിക്കുന്നുവെന്നതാണ് സത്യം. അത് ഒന്നിനൊന്നിനു കൂടിക്കൊണ്ടേയിരിക്കുന്നു. അവരോട് മറുപടിയായി ഒരക്ഷരമെങ്കിലും പറയാനുള്ള ശേഷിയും സഭക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. സഭക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ കുടുംബങ്ങളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള രണ്ടിടയലേഖനങ്ങളെങ്കിലും കഴിഞ്ഞ ഒരു വര്ഷം കേരളത്തിലെ ദേവാലയങ്ങളില്‍ വായിക്കപ്പെടുകയുണ്ടായി. വീടുകളില്‍ നേരിട്ട് ചെന്ന് സ്ഥിതി വിവരം  ശേഖരിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന 'ഫാമിലി മിഷന്‍' മിക്ക രൂപതകളിലും സജീവമാണ്. കടുത്ത സമ്മര്‍ദ്ദം ഇല്ലായെങ്കില്, വിവാഹ ഒരുക്ക ധ്യാനങ്ങളും, വേദപാഠം +2 ക്ലാസുകളുമൊക്കെ വിജയിക്കുകയില്ലെന്ന് ആര്‍ക്കാണറിയാത്തത്? ആണ്ടു കുമ്പസ്സാരത്തിന്‍റെ ഗതി കാണാവുന്നതല്ലെയുള്ളൂ. ഉള്ളില്‍ അസ്വസ്ഥതയും അനിഷ്ടവും വര്‍ദ്ധിക്കുന്നൂവെന്നല്ലേ അത് കാണിക്കുന്നത്? ഫലം മോശമെങ്കില്‍ കുറ്റം ഇലകളുടേതല്ല, വൃക്ഷത്തിന്‍റെത് തന്നെയാണ്. സഭയുടെ ദുര്ന്നടത്തത്തെ തുറന്നു കാട്ടുന്ന നിരവധി ആവിഷ്കാരങ്ങളാണ് ഒന്നിന് പിറകെ ഒന്നായി പുറത്തിറങ്ങുന്നത്. റോമന്‍സ്, ആമ്മേന്‍ തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്കും, ഏതാനും കന്യാസ്ത്രികള്‍ എഴുതിയ ആത്മകഥകള്‍ക്കും ഇവിടെ കിട്ടിയ സ്വീകരണം ആവേശകരമായിരുന്നു.   നിരവധി ഇന്‍റെര്‍നെറ്റ്‌  പ്രസിദ്ധീകരണങ്ങളാണ് ഇപ്പോള്‍ സജീവമായി സഭക്കെതിരെ ചുവടുറപ്പിച്ചിരിക്കുന്നത്. ഫെയിസ്ബുക്ക്  തുറന്നാല്‍ സഭയിലെ ചെറുതും വലുതുമായ അനാശാസ്യ കഥകളുടെ വിശദാശംങ്ങളുമായി നിരവധി പേരാണ് എന്നും പോസ്റ്റുകള്‍ അവതരിപ്പിക്കുന്നത്‌.

പ്രിന്‍റ് മീഡിയാകളും വിമതസ്വരവുമായി അതിവേഗമാണ് ചുവടുറപ്പിക്കുന്നത്. അതില്‍ എഴുതുന്നതാവട്ടെ, വൈദികരും പണ്ഡിതരും, പ്രഗല്‍ഭരും. സാക്ഷാല്‍ മാര്‍പ്പാപ്പാ തന്നെ സഭയിലെ ദുഷ് വ്രവണതകള്‍ക്കെതിരെ രംഗത്തുണ്ട്. അദ്ദേഹത്തിന്‍റെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൃത്യമായി ചേരുന്നത് സീറോ മലബാര്‍ സഭക്ക് തന്നെ.  കേരളത്തില്‍  മെത്രാന്മാര്‍ സംഘം ചേരുന്നിടത്തൊക്കെ സഭയില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ വ്യതിചലിക്കുന്നതിനെപ്പറ്റി വ്യാപകമായ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ വ്യത്യസ്ഥമായ സാഹചര്യത്തെ  നേരിടാന്‍, എല്ലാം പരി. ആത്മാവ് നോക്കിക്കൊള്ളും എന്ന വാദഗതിക്കു കഴിയുമോയെന്ന് എനിക്കു ബലമായ സംശയമുണ്ട്‌. സഭയുടെ ചരിത്രം സൂഷ്മമായി പരിശോധിച്ചാല്‍ പരി. ആത്മാവ് എപ്പോഴും കൂടെയുണ്ടായിരുന്നില്ലായെന്നു മനസ്സിലാകും. ഒരേ സമയം മൂന്നു മാര്‍പ്പാപ്പമാര്‍ ഇവിടെ വാണിട്ടുണ്ട്,  വത്തിക്കാന്‍ കൊട്ടാരത്തെ വേശ്യാലയം എന്ന് വിളിക്കപ്പെട്ട കാലഘട്ടവും ഉണ്ടായിട്ടുണ്ട്, നിരപരാധികളായ അനേകരെ നിഷ്കരുണം കൊന്നൊടുക്കിയ ചരിത്രവും സഭക്കുണ്ട്. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവനെ സഭ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്നും ലോകത്തിനറിയാം. ഞാന്‍  ചോദിക്കുന്നത്, ഇത്തരത്തിലുള്ള ആഭാസങ്ങളും പരി. ആത്മാവിന്‍റെ  പ്രചോദനത്താലായിരുന്നെന്ന് എങ്ങിനെ ഇവര്‍ക്ക് ആവര്‍ത്തിക്കാന്‍ കഴിയുന്നൂവെന്നാണ്. സഭയെ മാത്രമല്ല, സാത്താനെയും, ഈ ലോകത്തുള്ള സര്‍വ്വ അസ്വസ്ഥതകളെയും പരി. ആത്മാവ് സംരക്ഷിക്കുന്നു, രണ്ടായിരം കൊല്ലങ്ങളായി ഒന്നിനും ക്ഷയം സംഭവിച്ചിട്ടില്ല.

അദ്ദേഹം സൂചിപ്പിച്ചതുപോലെ, സഭ വിടുന്നവരെ അവഗണിക്കല്‍ ഒരു കാലത്ത് എളുപ്പമായിരുന്നു. അതേസമയം, അവരെ പരിഗണിക്കാനാണ് ഇന്ന് സഭ തീരുമാനിക്കുന്നതെങ്കില്‍ അഭിഷിക്തര്‍ക്ക് അതിനേ സമയം കാണുകയുള്ളൂവെന്നത് വേറൊരു സത്യം. സഭയില്‍ അഴിമതിയോ തോന്ന്യാസങ്ങളോ നടക്കുന്നില്ലായെന്ന് അദ്ദേഹം പറഞ്ഞില്ല, കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം സഭയില്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വീരവാദം മുഴക്കിയില്ല, സഭയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ ക്രിയാത്മകമായ എന്തെങ്കിലും ആരെങ്കിലും ചെയ്യുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. ഭാഗ്യം! ഒരു കാലത്ത് മറ്റേതെങ്കിലും സഭാ വിഭാഗങ്ങളിലേക്ക് ചേക്കേറി ജീവിതം തുടരുകയാണ് വിമതര്‍ ചെയ്തിരുന്നതെങ്കില്‍ ഉള്ളില്‍ നിന്ന് പോരാടാനാണ് ഇന്നത്തെ തലമുറയുടെ തിരുമാനമെന്നതാണ് സഭയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്നത്. ഒരു വലിയ കപ്പല്‍ മുക്കാന്‍ ഒരു കൊച്ചു ദ്വാരം ധാരാളം. പിന്തുണക്കാന്‍ എവിടെയും ആളുകളുണ്ടെന്നതാണ് വിമതരെ ബലപ്പെടുത്തുന്നതെന്നു പറയാതെ വയ്യ.  

ഒരിക്കല്‍ ബുദ്ധിമാനായ ഒരു  പിച്ചക്കാരന്‍  വഴിയരുകില്‍ ഒരു തുണി വിരിച്ചിട്ട്  മുമ്പില്‍ കുറെ പാത്രങ്ങളും നിരത്തി അവിടെയിരുന്നു. പ്ലാക്കര്‍ഡില്‍ എഴുതിയിരുന്നത്, ഏതു മതമാണ്‌ പാവങ്ങളെ സഹായിക്കണമെന്ന് കൂടുതല്‍ ശക്തിയായി അനുശാസിക്കുന്നതെന്നായിരുന്നു. മുമ്പില്‍ ഉണ്ടായിരുന്ന ഓരോ പാത്രങ്ങളിലും ഓരോ മതത്തിന്‍റെ സ്ലിപ്പും  അയാള്‍ വെച്ചിരുന്നു.  പിച്ചക്കാര്‍ പോലും മാറി ചിന്തിക്കുന്ന ഇക്കാലത്ത് അനുസരിക്കുകയും സംഭാവന ചെയ്യുകയും മാത്രം ചെയ്യുന്ന ഒരു അത്മായവര്‍ഗ്ഗമായി  വിശ്വാസികള്‍ നാളെയും കാണണമെന്നില്ല. ലിമോസിനിലും ഓഡിയിലും സഞ്ചരിച്ചു മെത്രാന്മാര്‍ വചനം എങ്ങിനെ നിരത്തുന്നുവെന്നും അത്മായര്‍ സസൂഷ്മം നിരീക്ഷിക്കുന്നു. അവര്‍ക്കറിയാം ഉള്ള പരി. ആത്മാവ്‌ പോലും ജീവനും കൊണ്ടോടാനെ ഇപ്പോഴത്തെ പരിഷ്കാരങ്ങള്‍ സഹായിക്കുന്നുള്ളൂവെന്ന്. അമേരിക്കയിലേക്ക് കുടിയേറുന്ന കേരള കത്തോലിക്കാരെല്ലാം അവിടുത്തെ പള്ളിയില്‍ ചേരുന്നില്ലായെന്നത് അവിടെ ജോലി ചെയ്യുന്ന ഫാ. കാര്യാടത്തിന് അജ്ഞാതമായിരിക്കാന്‍ ഇടയില്ല.


നേരിട്ട് സഭയോട് യുദ്ധം ചെയ്യുന്നവരുടെ കാര്യം മാത്രം പറഞ്ഞതുകൊണ്ട് മതിയാവില്ല. മനംമടുത്ത് സ്വന്തം ആശ്രമങ്ങളിലേയ്ക്കും നിശ്ശബ്ദസേവന മാര്ഗ്ഗങ്ങളിലേയ്ക്കും പരാതിയില്ലാതെ ഇറങ്ങിത്തിരിച്ചവരുടെ സംഖ്യയും എന്നത്തേതിലും വളരെ കൂടുതലാണിന്ന്. ഇത് വെറുതെ ഒരു മാവേലേറല്ല, കേരളത്തില്‍ ഇത്തരക്കാരുടെ ഒരു ഐക്യവേദിയുമുണ്ട് വാര്‍ഷിക സമ്മേളനങ്ങളുമുണ്ട്; ഒരിക്കല്‍ ഒരെണ്ണത്തില്‍  ഞാന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുമുണ്ട്. അത്മായര്‍ ഒരു സമാന്തരസഭ തന്നെ സാവധാനം പരുവപ്പെടുത്തുന്നുവെന്നതാണ് ശരി. സഭയുടെ ചിട്ടവട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍  ആഗ്രഹിക്കുന്ന സന്യസ്ഥരെ  സ്വീകരിക്കാന്‍  സന്മനസ്സുള്ള, അവരെ ആയുഷ്ക്കാലം മുഴുവന്‍ സംരക്ഷിക്കാന്‍ ശേഷിയുമുള്ള പത്തു പ്രസ്ഥാനങ്ങളെയെങ്കിലും എനിക്ക് നേരിട്ടറിയാം. സ്നേഹാധിഷ്ടിതമായ ഒരു പുണ്യ ജീവിതം നയിക്കാന്‍ ശിഷ്ടകാലം ഉപയോഗിക്കാന്‍ താത്പര്യമുള്ള പണം മുടക്കാന്‍ തയ്യാറുള്ളവര്‍ക്കായി ഒരു പദ്ധതി ധര്മ്മഭാരതി മിഷ്യനും രൂപം കൊടുത്തുകഴിഞ്ഞു. ഒന്നുമില്ലായെങ്കിലും, മതാധിഷ്ടിതമല്ലാത്ത ഒരു സാത്വിക ജീവിതം  നയിക്കാന്‍ ആഗ്രഹിക്കുന്ന അത്മായര്‍ക്കായി അടുത്ത കാലത്തും കോട്ടയത്ത് ഒരു കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങി. (ഇക്കാര്യത്തില്‍ എന്‍റെ സഹായം ആവശ്യമുള്ളവര്‍ jmattappally@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക). സ്വന്തം കനക സിംഹാസനത്തിനു കോട്ടം വരാതെ പ്രതിവിധികള്‍ ഇല്ലായെന്നത് കൊണ്ടാണ് നശിക്കുന്നെങ്കില്‍ നശിക്കട്ടെ, ഉള്ളിടത്തോളം പോകാം എന്ന് ചിന്തിച്ചു കൊണ്ട് മിക്ക മെത്രാനും തേരോട്ടം തുടരുന്നത്. നാളെ നേരം വെളുക്കുന്നതിനു മുമ്പ് ഇവിടെ എന്തെങ്കിലും സംഭവിക്കുമെന്നല്ല  ഞാന്‍ പറയുന്നത്; പക്ഷേ, വിതച്ചത് കൊയ്യാതിരിക്കാന്‍ ആവില്ലായെന്ന് എല്ലാവരെയും ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ.

8 comments:

 1. ശ്രീ മറ്റപ്പള്ളിയുടെ ഈ കൊച്ചു ലേഖനം വായിച്ചപ്പോൾ വലിയ ഒരു പുസ്തകം വായിച്ചതുപോലെ അനുഭവമുണ്ടായി. മധുരമായ ഭാഷയിൽ അനേക കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്. സന്തോഷം. വിവിധ സാമൂഹിക, സാംസ്ക്കാരിക, ആത്മീയ പദ്ധതികളുമായി മുമ്പോട്ടു പോവുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും ആശംസകൾ.

  ശ്രീ മറ്റപ്പള്ളി ചിന്തിക്കുന്നതുപോലെയാണ് ഞാനും ചിന്തിക്കാറുള്ളത്. ജനിച്ച സഭ എന്റെ ജന്മാവകാശമാണ്. ഞാൻ സഭയ്ക്കുള്ളിൽനിന്ന് പോരുതുകയല്ലാതെ മറ്റു സഭകളിലേക്ക് ചെക്കേറുകയില്ല. കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രം എന്തുമാകട്ടെ. സന്മാർഗികത പഠിപ്പിക്കേണ്ട അഭിഷിക്തർ ഉള്പ്പടെയുള്ള ദുർമാർഗികൾ ഈ സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നാശം കാണുവാൻ ഒരു കത്തോലിക്കനും ആഗ്രഹിക്കുകയില്ല.


  കഴിഞ്ഞ ദിവസവും പതിനൊന്നു വയസുള്ള ഒരു കുഞ്ഞിന്റെ മാറിടത്തമർത്തി അമേരിക്കയിലെ ഒരു ഇന്ത്യൻ പുരോഹിതൻ കുഞ്ഞിനെ ബലാൽസംഗം ചെയ്ത കഥയും വാർത്തകളിൽ വന്നു. ആ പുരോഹിതൻ ജയിലിൽ കിടക്കുന്നു. ഈ രാജ്യത്ത് അത്തരം നീചമൃഗങ്ങളെ വാഴിക്കാൻ ജനം അനുവദിക്കുകയില്ല. തമിഴ്നാട്ടിലും കേരളത്തിലും ഇവറ്റകൾ ദളിതപെണ്ണുങ്ങളുടെ ചാരിത്രം കവർന്ന കഥകൾ ധാരാളം ഉണ്ട്. ആരുണ്ട്‌ ചോദിക്കാൻ. കേരളത്തിലെങ്കിൽ മാണിയേയും ഉമ്മനെയും ഇവരുടെ പോക്കറ്റിൽ ഇട്ടിരിക്കുകയാണ്. ഇടതുകൈ അറിയാതെ അഭിഷികതരുടെ വലത്തേ കൈകൾ അവരുടെ പോക്കറ്റിലും. അത്തരം അധമൻമാരും അഭിഷിക്ത നിഷാധകരും നാടിനെയും സമുദായത്തെയും ഒന്നുപോലെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

  ചരിത്രത്തിന്റെ താളുകളിലേക്ക് നിഷ്കളങ്കനായ ഒരു മാർപാപ്പയെ ലഭിച്ചു. ഭൂമിയോളം താണ സന്മാർകതയെ വീണ്ടെക്കാൻ എങ്ങനെ സാധിക്കുമെന്നാണ് നാളെ സഭയെന്തെന്നുള്ള ചോദ്യവും. നാളത്തെ കാര്യം എന്തെന്ന് ആർക്കും പറയാൻ സാധിക്കുകയില്ല.

  ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു, "എന്റെ സ്വപ്നത്തിൽപ്പോലും ഞാൻ മാർപാപ്പായാകുമെന്ന ചിന്ത ഉണ്ടായിരുന്നില്ല. മിതമായ വസ്ത്രങ്ങളും ഒരു ചെറിയ പെട്ടിയുമായി ഞാൻ എന്റെ രാജ്യത്തുനിന്നും റോമിൽ വന്ന് വത്തിക്കാനിലെ തടവുകാരനായി. അന്ന് രാത്രിയിലും എന്റെ വസ്ത്രങ്ങൾ ഞാൻ സ്വയം കഴുകി. എല്ലാം സംഭവിച്ചത് പെട്ടന്നായിരുന്നു. എനിക്ക് മറ്റൊരു പോംവഴിയില്ലായിരുന്നു. എന്നിൽനിന്നല്ല ഇതല്ലാം സംഭവിച്ചത്. ദൈവത്തിന്റെ ഇന്നത്തെ പദ്ധതികൾ, നാളെക്കെന്തെന്നും എനിക്കറിയത്തില്ല." സംഭാവമീ യുഗേ യുഗേ ...

  കുഞ്ഞുങ്ങളെ ലൈംഗികപീഡനം നടത്തുന്ന വൈദികരെ വേരോടെ പിഴുതെറിയുവാൻ മാർപാപ്പാ ആവശ്യപ്പെട്ടു. പണ്ടൊക്കെ അഭിഷിക്തർ പരിശുദ്ധരെന്നായിരുന്നു ജനം കരുതിയിരുന്നത്. ഇന്ന് ലൈംഗിക വാർത്തകൾ അഭിഷിക്ത ലോകത്തുനിന്നും കുറവല്ല.

  പുരോഹിത ലൈംഗികതയെ മല്ലിട്ട് സഭയുടെ മഹനീയത വീണ്ടെടുക്കണമെന്ന് മാർപാപ്പാ ആഹ്വാനം ചെയ്യുമ്പോൾ നാളെ സീറോമലബാർ പുരോഹിതർ അൾത്താര ബാലന്മാരെ വടികൊണ്ട് അടിക്കുവാൻ ഓടിക്കുന്നതും കാണാം. സദാചാരത്തിന്റെ പേരിൽ പുരോഹിതർ നാളെ നയിക്കുന്ന സമരം സ്ത്രീകളുടെ ചാരിത്രം കവർന്ന് കുട്ടികളെ പീഡിപ്പിക്കാനുള്ള അവകാശങ്ങൾക്കായിരിക്കാം. "കുഞ്ഞുങ്ങളെ കാക്കണം, ഇരയായവർക്ക് നഷ്ടപരിഹാരം കൊടുക്കണം,തെറ്റുകാരെ കണ്ടുപിടിച്ചു ശിക്ഷിക്കണ"മെന്നൊക്കെ മാർപാപ്പാ ആഹ്വാനം ചെയ്തു.

  വത്തിക്കാനിലെ സ്വവർഗരതികളെപ്പറ്റി വർഷങ്ങളല്ല,നൂറ്റാണ്ടുകളായ ഈ കഥകൾ നാളിതുവരെ വത്തിക്കാൻ രഹസ്യമായി വെച്ചിരുന്നു. രഹസ്യങ്ങൾ ഇനിമേൽ മൂടിവെക്കാതെ പരസ്യമായി ലോകത്തോട്‌ വിളിച്ചു പറയുവാനും മാർപപ്പാക്കു മടിയുണ്ടായിരുന്നില്ല. ഇത്തരം വാർത്തകൾ കഴിഞ്ഞ കുറെനാളുകളായി പ്രസിദ്ധീകരിച്ച അല്മായശബ്ദത്തെ മാർപാപ്പാ അറിഞ്ഞാൽ അനുമോദിക്കാതെയിരിക്കുകയില്ല.

  അധികാരത്തിന്റെ തണലിൽ വാഴുന്ന കർദ്ദിനാൾമാർ അടക്കം ഒരു ഗേ (gay)ലോബിതന്നെ സഭയിൽ പ്രവർത്തിക്കുന്നുവെന്ന് മാർപാപ്പാ തുറന്നടിച്ചതും ചരിത്രമാണ്. സഹികെട്ടാൽ ഇത്തരക്കാരെ എല്ലാ മൂല്യങ്ങളും മറന്ന് ജനത്തിനുതന്നെ നാളെ, ഭാവിയിൽ കൈകാര്യം ചെയ്യേണ്ടി വരും. അഴിമതികളെ പരിശോധിക്കുവാൻ വത്തിക്കാന്റെ ഉന്നത ബാങ്കർമാരുടെ സമ്മേളനം വിളിച്ചുകൂട്ടിയതും വാർത്തയായിരുന്നു. അഴിമതികളും സന്മാർഗ ലംഘനവും സഹികെട്ടായിരുന്നു ബെനഡിക്റ്റ് മാർപാപ്പാ രാജി വെച്ചതെന്നും ഊഹൊപാഹങ്ങൾ ഉണ്ടായിരുന്നു.

  ReplyDelete
 2. ജൊസഫ് മാത്യു സാറിന്‍റെ കമണ്ടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം വായിക്കാറുണ്ട്. ആധികാരികമായി യുക്തിസഹമായി സരളമായ ഭാഷയില്‍ എത്തുന്ന ഇവയില്‍ പലതും യഥാര്‍ത്ഥത്തില്‍ പോസ്റ്റുകളായി വരേണ്ടതുമാണ്. അത്മായാ ശബ്ദം എല്ലായിടത്തും മുഴങ്ങണമെങ്കില്‍ പോസ്റ്റുകളും കമെന്റുകളും നിലവാരം പുലര്‍ത്തുക അത്യാവശ്യമാണ്. കേരള സഭയെ സംബന്ധിച്ചിടത്തോളം നാളെയെന്ത് എന്നത് എനിക്കും അവ്യക്തമാണ്.

  പാവങ്ങളുടെ മെത്രാന്‍ എന്ന് അറിയപ്പെട്ടിരുന്ന മാര്‍ ആലഞ്ചേരി മേജര്‍ പദവിയിലെത്തിയപ്പോള്‍ രുദ്രാക്ഷ മാലയ്ക്കു പകരം സ്വര്‍ണ്ണ രുദ്രാക്ഷ മാലയിട്ട ഫോട്ടോകള്‍ കാണാന്‍ ഇടയായി; അമേരിക്കയില്‍ അദ്ദേഹം ചെന്നിറങ്ങുന്നതേ ലിമോസിനിലെക്കാണെന്നു കേട്ടപ്പോള്‍ സത്യത്തില്‍ വേദന തോന്നി. അദ്ദേഹം ഒരാള്‍ 'എനിക്കീ ആര്‍ഭാടങ്ങള്‍ വേണ്ടെന്നു' പ്രഖ്യാപിച്ചാല്‍ തീരുന്നതെയുള്ളൂ ഇതൊക്കെ. അതാണല്ലോ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ കാണിച്ചു കൊടുത്തത്. അത്മായര്‍ അയയ്ക്കുന്ന പരാതികള്‍ക്ക് നിര്‍ബന്ധമായും, 'താങ്കളുടെ കത്തു കിട്ടി, നന്ദി' എന്നെങ്കിലും പറയാനുള്ള നിഷ്കര്‍ഷ അദ്ദേഹം വെച്ചിരുന്നെങ്കില്‍ നമുക്ക് ആഹ്ലാദിക്കാന്‍ വകയുണ്ടായിരുന്നു. ഏതോ മാസ്മരിക വലയത്തിലെക്കാണ് ഇവരെല്ലാം എത്തിപ്പെടുന്നതെന്ന് ചിന്തിക്കാതെ വയ്യാ. ആ വലയം എങ്ങിനെ പരി. ആത്മാവിന്‍റെതാകും?

  ഈ സമുദായത്തില്‍ ജനിച്ചു പോയി എന്നതുകൊണ്ടല്ല ഞാന്‍ ഇവിടെ തുടരുന്നത്, പകരം പേരിലെങ്കിലും യേശു ഇതില്‍ ഉള്ളതുകൊണ്ടാണ്. യേശുവിനെ ഞാന്‍ ഇഷ്ടപ്പെടുന്നു; അതിന്റെ അര്‍ത്ഥം മറ്റൊരു ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെയും ഞാന്‍ വെറുക്കുന്നുവെന്നല്ല. സര്‍വ്വ പുരാണങ്ങളുടെയും സര്‍വ്വ മതങ്ങളുടെയും കാതല്‍ സ്നേഹം ആണ്; ആ സ്നേഹം എന്തായിരിക്കണമെന്ന് കൃത്യമായി കാണിച്ചു തന്ന യേശുവിനെ എന്നും ഞാന്‍ ആരാധനയോടെ തന്നെ കാണും. ആ സ്നേഹത്തിന്‍റെ ആരെയും കൊളുത്തി വലിക്കുന്ന സന്ദേശം എല്ലാവരിലും എത്തിക്കുവാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യും; പക്ഷേ, ഒരൊറ്റ ആളെയും ക്രിസ്ത്യാനിയാക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കുകയുമില്ല.

  ReplyDelete
 3. "നാളെയെന്ത് ?"എന്ന ശ്രീ ജോസഫ്‌ മറ്റപ്പള്ളിയുടെ ലേഖനം ഈയുള്ളവന്റെ മനസിലിരിപ്പുതന്നെയായിരുന്നു. "അപ്രിയ യാഗങ്ങളിലെ" 33 കവിതകളിലൂടെ എനിക്കീ ചിന്തകൾ ലോകത്തിനു കൊടുക്കാനുമിടയാക്കിയ പരി.ശക്തിയെ വണങ്ങുന്നു ! നാളെ എന്ത് ?എന്ന എന്റെ സ്നേഹിതന്റെ ചോദ്യത്തിനുത്തരം >1. പോപ്പുതന്നെ ലോകത്തോട്‌ സമ്മതിച്ച (gay )സ്വവര്ഗരതിക്കാരായ നീചരായ കത്തോലോക്കപുരോഹിതർ വയറ്റിപ്പാടിനുവേണ്ടി പുസ്തകംവായിച്ചു നടത്തുന്ന ഈ "കുർബാനപ്പണി" നിർത്തലാക്കുക 2. ഈ അധമന്മാരുടെ മുൻപിൽ മുട്ടുകുത്തിയുള്ള "കുമ്പസാരം" ഉടനടി നിർത്തലാക്കുക .3 .കാണിക്കപെട്ടികൾ എടുത്തുമറ്റുക. 4. ധ്യാനം ജനങ്ങളിൽ ശീലമാക്കുക .5. പുതിയ പള്ളികൾ പണിതുപണിതു പണം ദുർവ്യയം ചെയ്യാതിരിക്കുക .6. ലോഹ യൂണി ഫോം ഒരുത്തനും വേണ്ടാ എന്നുടനടി സഭകൾ കാനോണ്‍ തിരുത്തുക .7 .മോശയുടെ 10 കല്പനകളല്ലാതെ ഒരു കല്പനയും ആരും ഒരിക്കലും പറയാതിരിക്കുക.;അപ്പ പിതാവേ ഫാദർ പരി.പിതാവേ ഈ മാതിരി സംബോധനകൾ അരുതെന്നുടൻ അരുളുക . 8. സെക്സ് ആവശ്യമുള്ള പാതിരി വിവാഹിതരാകട്ടെ , കന്യാസ്ത്രീകളെ ദെവദാസികളാക്കാതിരിക്കുക .9.അയല്ക്കാരനെ സ്നേഹിക്കുക,പകരം അവനെയും ഈ സഭയാകുന്ന ചതിക്കുഴിയിൽ വീഴ്ത്താതിരിക്കുക 10."കുർബാന" സ്വയം അർപ്പിക്കുവാൻ ഓരോ നസ്രാണിയും നല്ലശമരായനായി (കുർബാന) ചെയ്യുക ! പോപ്പുപോലും പുരോഹിതർ സോടോമ്യരായെന്നു തുറന്നു ലോകത്തോട്‌ പറഞ്ഞിട്ടും "എനിക്കിനിയുംഒന്നും മനസിലായില്ലേ,ഞാൻ എന്നും കത്തനാരുടെ പാവം കുഞ്ഞാടുതന്നെ "എന്നുള്ളിൽ പറഞ്ഞു കർത്താവിനെ നാറ്റിക്കാൻ പളളിയിൽ പോകുന്നവനെ കണ്ടാൽകുളിക്കുക ...

  ReplyDelete
 4. "സ്നേഹം എന്തായിരിക്കണമെന്ന് കൃത്യമായി കാണിച്ചു തന്ന യേശുവിനെ എന്നും ഞാന്‍ ആരാധനയോടെ തന്നെ കാണും. ആ സ്നേഹത്തിന്‍റെ, ആരെയും കൊളുത്തി വലിക്കുന്ന, സന്ദേശം എല്ലാവരിലും എത്തിക്കുവാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യും; പക്ഷേ, ഒരൊറ്റ ആളെയും ക്രിസ്ത്യാനിയാക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കുകയുമില്ല." (മറ്റപ്പള്ളി)

  കത്തോലിക്കനായിരിക്കെ, ക.സഭയിലെ അശുദ്ധികളെപ്പറ്റി വേദനിക്കുന്ന പലരും - ശ്രീ പുലിക്കുന്നേൽ ഉൾപ്പെടെ - സ്വീകരിച്ചിരിക്കുന്ന ഒരു നിലപാടാണിത്. മുകളിൽ പറഞ്ഞിരിക്കുന്നതിന്റെ ആദ്യത്തെ ഭാഗം നന്മ നിറഞ്ഞ ഏതു മനസ്സിനും എത്തിച്ചേരാവുന്ന ഒരു കാഴ്ചപ്പാടാണ്. അതിനു ഒരു മതത്തിന്റെയും അംഗമായിരിക്കേണ്ടതില്ല എന്നത് യുക്തിസഹവും അക്രൈസ്തവരായിരുന്ന പല മഹാത്മാക്കളുടെയും ജീവിതത്തിൽ നമ്മൾ കണ്ടിട്ടുള്ളതുമായ ഒരു വസ്തുതയാണ്. അപ്പോൾ പിന്നെ, ഞാൻ ഈ സഭ വിട്ടുപോകയുമില്ല,അങ്ങോട്ട്‌ ആരെങ്കിലും വരാൻ ഒന്നും ചെയ്യുകയുമില്ല എന്ന നിർബന്ധം എങ്ങനെ ഉൽക്കൊള്ളാമെന്ന് എനിക്കറിയില്ല. ഒരൊറ്റ ആളെയും ക്രിസ്ത്യാനിയാക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കുകയുമില്ല എന്ന് പറയുമ്പോൾ, ക്രിസ്ത്യാനിയാകുക അത്ര നല്ല ഒരു കാര്യമല്ല എന്നല്ലേ വിവിക്ഷിക്കുന്നത്? ഒരു നല്ലമനുഷ്യൻ അങ്ങനെ കരുതുമ്പോൾ, അത് ആ മതത്തിന്റെ ദയനീയ സ്ഥിതിയെപ്പറ്റി മാത്രമല്ല, അതിൽ എത്തിപ്പെടുന്നവർ അപടമേഖലയിൽ ആണ്, അരുത്, എന്നുമല്ലേ അർത്ഥം?

  ഇടിഞ്ഞു പൊളിഞ്ഞുകൊണ്ടിരിക്കുന്ന ഈ സഭയിൽ നിന്ന് കഴിവതും വേഗം പുറത്തു കടക്കണമെന്നോ, അതല്ല, അകത്തു നിന്നുകൊണ്ട് തന്നെ അതിനെ രക്ഷിക്കാൻ വല്ലതും ചെയ്യണമെന്നോ ഒന്നും ഞാൻ പറയുന്നില്ല. ഈ സഭയിൽ അധികവും കപടതയാണ് എന്ന് മനസ്സിലായപ്പോൾ ഞാൻ പുറത്തു കടന്നു, വേറൊരിടത്തും ഒട്ട് ചെക്കേറിയതുമില്ല. എന്നാലും എനിക്കാകുന്ന വിധത്തിൽ സഭക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ എഴുതി, അതിനെ നന്നാക്കാൻ ശ്രമിക്കുന്നവരുടെ കൂടെ നില്ക്കുകയും ചെയ്യുന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചങ്ങാടത്തിൽ നിന്ന് രക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും കരയിലേയ്ക്ക് തിരിച്ചു നീന്തിക്കയറി, അവിടെ നിന്നുകൊണ്ട് അക്കര ലക്‌ഷ്യം വച്ച് യേശുവെന്ന കപ്പിത്താനെക്കൂടാതെ ജീവനുവേണ്ടി തുഴയുന്നവരുടെ രക്ഷാദൗത്യങ്ങളെ കയറെറിഞ്ഞുകൊടുത്ത് ആകുന്നത്ര ത്വരിതപ്പെടുത്തുക എന്നതിനോട് എന്റെ ഈ നിലപാടിനെ ഉപമിക്കാം.

  ഒരു പ്രധാന വ്യത്യാസമുള്ളത്, ചാടി ഇക്കരക്ക് നീന്തുന്നതിനു മുമ്പ് തന്നെ എനിക്ക് ബോധ്യമായി, രക്ഷക്കായി അപ്പുറത്ത് കടക്കേണ്ട കാര്യമില്ല, ഇക്കരെത്തന്നെ അതുണ്ട് എന്ന സത്യം. അതുമാത്രമല്ല, മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത സ്വാതത്ര്യവും!

  ReplyDelete
 5. നമ്മള്‍ ആയിരിക്കുന്നിടത്ത്‌ നിന്ന് രക്ഷ തേടി ഒരിടത്തേക്കും പോകേണ്ടതില്ലായെന്നു കണ്ടെത്താന്‍, നിലവിലുള്ള ഉള്ബോധത്തിനു നമ്മെ സഹായിക്കാന്‍ കഴിയണമെന്നില്ല, അതിനു ചില അനുഭവങ്ങള്‍ കൂടി ആവശ്യമാണ്‌.. എന്നത് മറക്കാന്‍ ആവില്ല. അവിടെ എത്തിച്ചേരാന്‍ നമ്മേ സഹായിക്കുന്ന മാധ്യമങ്ങള്‍ തുടര്‍ന്ന് നാം കൊണ്ടുപോകേണ്ടതില്ല. ഒരു തെങ്ങ് തൈ ആയിരിക്കുമ്പോള്‍ അതിനാവശ്യമായ ചുറ്റുവേലി അത് വളര്‍ന്നു കഴിയുമ്പോള്‍ ആവശ്യമില്ല. സ്ലേറ്റും കല്ലുപെന്സിലുമായി ആരും കോളെജിലേക്ക് പോകുന്നില്ലല്ലോ. സഭക്ക് ഒരുവേലിയുടെയോ കല്ലുപെന്സിലിന്റെയോ ദൌത്യം ഉണ്ടാവാം. അതിനപ്പുറത്തേക്ക് കടക്കാന്‍ ആരെയും അനുവദിക്കുന്നില്ലാ എന്നതാണ് കുഴപ്പം. ലേഖനം കടക്കാത്ത ഒരു ദര്‍ശനത്തിലേക്കാണ് സക്കറിയാസ് സാര്‍ വെളിച്ചം വീശുന്നത്. നന്ദി.

  അഭിഷിക്തരെ വിമര്‍ശിച്ചാല്‍ ദൈവ കോപം എന്നാണു പറയപ്പെടുന്നത്‌.. പക്ഷേ, മാര്‍പ്പാപ്പയാണ്‌ ഇപ്പോള്‍ ഈ വിശിഷ്ട വ്യക്തികളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത്. എന്‍റെ അറിവില്‍ സഭയെ നിര്‍ഭയം എതിര്‍ക്കുന്നവര്‍ ഏറെ സമാധാനത്തില്‍ കഴിയുന്നൂവെന്നാണ് കാണുന്നത്. അത്തരക്കാരുടെ ജീവിതത്തില്‍ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അപരന് അനുകൂലമായി ചെയ്യുക എന്ന തത്ത്വമേയുള്ളൂ നോക്കാനെന്നത് അവരെ വ്യത്യസ്തരാക്കുന്നു. അത്തരക്കാര്‍ അവരുടെ ജീവിതത്തില്‍ ദൈവത്തിനുള്ള ഇടം കൊടുക്കുന്നതുകൊണ്ട്, അവരുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ കര സ്പര്‍ശം കാണാനുമാവും. സഭാ വിശ്വാസികളാവട്ടെ, അവര്‍ക്ക് വേണ്ടി ചിന്തിക്കാന്‍ കാനോന്‍ വിദഗ്ദരെ അധികാരപ്പെടുത്തുന്നു. ഏതാണ് മെച്ചമെന്ന് അവനവന്‍ തന്നെ തീരുമാനിക്കട്ടെ.

  ReplyDelete
 6. സ്കൂളിൽ എന്റെ കൂട്ടുകാരനായിരുന്ന ഒരു ബുദ്ധിമാൻ സെമിനാരിയിൽ ചേർന്നു. അവന്റെ കഴിവ് കണ്ട് റെക്റ്റർതന്നെ അവന് The Devil's Advocate (Morris West's best-selling novel, is a deft exploration of the meaning of faith. In an impoverished village in southern Italy, the life and death of Giacamo Nerone has inspired talk of saint­hood. Father Blaise Meredith, a dying English priest, is sent from the Vatican to investigate — and to try to untangle the web of facts, rumors, and outright lies that surround Nerone's life and death. With spiritual frailty as a backdrop, The Devil's Advocate reminds us how the power of goodness ultimately prevails over despair.) വായിക്കാൻ കൊടുത്തു. അവൻ അത് അവുധിക്കാലത്ത് വീട്ടില് കൊണ്ടുപോയി വായിക്ക്ക മാത്രമല്ല, തര്ജ്ജമ ചെയ്യുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ മറ്റധികാരികൾ വലിയ ബഹളം വച്ചു. അത്തരം പുസ്തകങ്ങൾ വായിക്കാൻ മാത്രം സെമിനാരി വിദ്യാര്ഥികൾ വളർന്നിട്ടില്ലെന്നതായിരുന്നു അവരുടെ കണ്ടെത്തൽ. വായനക്കാരൻ ഒരൊറ്റ മറു ചോദ്യം കൊണ്ട് അവരെ മൌനികളാക്കി: വായിക്കാതെ എങ്ങനെ വളരും? പാതിവഴിക്ക് അവൻ വൈദികപഠനം ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.

  സഭാമാക്കൾ സഭയുടെ "imprimatur" ഉള്ള കിതാബുകൾ മാത്രമേ വായിക്കാവൂ എന്നതായിരുന്നു സഭയുടെ എന്നത്തെയും നയം. അതുകൊണ്ട് അവരും അവരെപ്പോലെ നമ്മുടെ വൈദികരും ഇന്നും മരാമത്തുപണികൾ മാത്രമറിയാവുന്ന കൊച്ച് ഓക്കന്മാരായി വളര്ച്ചമുട്ടി ക്കഴിയുന്നു.

  ReplyDelete

 7. ശ്രീ മറ്റപ്പള്ളി പറഞ്ഞ വേലിയാണ് സഭ നട്ടു വളർത്തിയിരിക്കുന്ന അന്ധവിശ്വാസം. അന്ധവിശ്വാസം അഭിഷിക്ത ലോകത്തെയും രക്ഷിക്കുന്നു. വിമർശിച്ചാൽ നാശം. നാശത്തിൽനിന്ന് കൊട്ടാരങ്ങളും പടുത്തുയർത്തും. മരകുരിശ് കണ്ടാൽ പിശാച് പണ്ട് ഓടുമായിരുന്നു. ഇന്ന് പിശാചിനെ ഓടിക്കാൻ കഴുത്തിൽ ഇട്ടിരിക്കുന്ന് പവിഴ മുത്തുകളോടെയുള്ള രുദ്രാക്ഷമാലയും അംശവടിയും സ്വർണ്ണം കൊണ്ടുണ്ടാക്കിയ കുരിശും മാലയും വേണം. തിരക്ക് പിടിച്ച ലോകത്ത് പ്രവാസിയുടെ രക്ഷക്കായി, അവന്റെ കുടുംബങ്ങളെ കലക്കാൻ, മാമ്മോൻ കൊയ്യാൻ അഭിഷിക്തർ വിമാനത്തിലേ യാത്ര ചെയ്യൂ. കസ്റ്റംസ് ഓഫീസർവരെ തങ്കത്തിലെ കുരിശും മാലയും കണ്ടാൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തനിയേ ചൊല്ലിപ്പോവുന്നു. വിമാനത്തിൽനിന്ന് പുറത്തിറങ്ങിയാലോ നിരനിരയായി പുത്തൻ മോതിരത്തെ മുത്താൻ തിക്കുംതിരക്കും. ആടുകൾ വേലിക്കുട്ടിനുള്ളിൽ കിടക്കുവോളം അഭിഷിക്തരും കൂട്ടരും കറന്നുകൊടുത്താൽ പാലുകുടിച്ചുകൊള്ളും.


  ചെറിയ ക്ലാസ്സിൽ വേദപാഠം പഠിക്കുന്ന കാലങ്ങളിൽ 'വൈദിക ഭക്തി' എന്ന ഒരു പ്രസംഗം ആരോ എനിക്ക്എഴുതി തന്നു. ചിന്തിക്കാതെ പ്രസംഗം മനപാഠം ആക്കി. പ്രസംഗിച്ചു. യുക്തിയോ ചിന്തയോ അന്ന് ആ ഭക്തിപ്രസംഗത്തിൽ വേണ്ടായിരുന്നു. ഇന്നും വട്ടായുടെയും പനക്കന്റെയും അഭിഷിക്ത ലോകത്തിന്റെയും അത്തരം യുക്തിയില്ലാത്ത പ്രസംഗം ശ്രവിക്കുവാൻ ജനം തടിച്ചുകൂടുന്നു. ചില ഇവാഞ്ചലിസ്റ്റുകൾ കത്തോലിക്കനെന്നറിഞ്ഞ് എന്നോട് വാദിക്കാൻ വന്നിട്ടുണ്ട്. എന്റെ വാദങ്ങളിൽ നൂറു ശതമാനവും യുക്തിയില്ലെന്ന് അറിയാം. യുക്തിയില്ലാതെ തർക്കിക്കാൻ വരുന്നവരോട് പരിണാമവാദവും ശാസ്ത്രവും മാറ്റി വെച്ച് മണ്ടനായിതന്നെ സഭയുടെ വിശ്വാസം വാദിക്കണം. പള്ളിയും പട്ടക്കാരനുമില്ലാത്ത ഒരു കത്തോലിക്കനാണ് ഞാൻ. അതുകൊണ്ട് എന്റെ മസ്തിഷ്ക്കം അധികം മലിനമായിട്ടില്ല.

  ഒരുവന് ഒരേ സമയം തത്ത്വജ്ഞാനിയും ദൈവശാസ്ത്രജ്ഞനുമാകുവാൻ സാധിക്കുകയില്ല. ഒന്നുകിൽ യുക്തിയും ബുദ്ധിയുമില്ലാത്ത ദൈവശാസ്ത്രജ്ഞൻ അല്ലെങ്കിൽ യുക്തിയും ബുദ്ധിയുമുള്ള തത്ത്വജ്ഞാനി. ഇവകൾ രണ്ടിൽ ഒന്നേ മനുഷ്യന് സാധിക്കുകയുള്ളൂ. ദൈവശാസ്ത്രം പഠിക്കുന്നവർക്ക് ശാസ്ത്രമോ, ലോകമോ, ആപേക്ഷിക സിദ്ധാന്തമോ പഠിക്കേണ്ടതില്ല.

  മതമൗലികത മൂത്ത ദൈവശാസ്ത്രജ്ഞൻ ഒരു ഭീകരജീവിയാകുവാനും സാധ്യതയുണ്ട്. കളിമണ്ണ്‍ നിറഞ്ഞ തലയിൽ ദൈവവശാസ്ത്രം നിറച്ചിരിക്കുന്നു. ധ്യാനകേന്ദ്രങ്ങളിൽ പട്ടി കുരക്കുന്നവരെപ്പോലെ കുരക്കുകയും ചെയ്യണം. പണം കാണുന്ന സ്ഥലത്ത് തീയൊളജി പഠിച്ച അഭിഷിക്തനും വാലാട്ടി കാണിക്കും. ഇത്തരക്കാരെ യുക്തിയും ബുദ്ധിയുമുള്ളവർക്ക് ബഹുമാനിക്കുവാൻ സാധിക്കുമോ?

  ബോധമുള്ള ഒരു മനുഷ്യൻ പള്ളിയിൽ പുരോഹിതൻ പറയുന്നത് കേട്ടാൽ ശരിയോ തെറ്റോയെന്ന് വിവേചിച്ചറിയാനും കഴിയണം. നല്ലതും ചീത്തയായായതുമായ തെളിവുകളെ കണ്ടെത്തുവാനും യുക്തിയുള്ളവന് കഴിവുണ്ട്. ഇഷ്ടമില്ലാത്ത വിശ്വാസപ്രമാണം വിശ്വസിക്കണമെന്ന് പറഞ്ഞ് പുരോഹിതൻ അടിച്ചേൽപ്പിച്ചാൽ സ്വീകരിക്കുന്നവൻ വിഡ്ഡിതന്നെയാണ്.

  തെളിവുകളില്ലാതെ അപ്പോസ്തോലൻ തോമസ്‌ വിശ്വസിക്കുകയില്ലായിരുന്നു. തെളിവുകൾക്കായി തോമസിന് കർത്താവിന്റെ വിലാപത്ത് കൈകൾ ഇടണമായിരുന്നു. കാണാതെ വിശ്വസിക്കുവാൻ യേശു പറഞ്ഞത് അന്ധമായി വിശ്വസിക്കാൻ അല്ല. അകകണ്ണുകൊണ്ട് നീ എന്നെ കാണുകയെന്നു പറഞ്ഞത് പുരോഹിതന്റെ വിജ്ഞാനകോശത്തിൽ അന്ധമായി വിശ്വസിക്കുകയെന്നാക്കി. ക്രിസ്തു തോമസിനോട് പറഞ്ഞത് യുക്തിയുടെ കണ്ണുകൾകൊണ്ട് കാണണമെന്നാണ്.


  പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന വാൽട്ടയർ കത്തോലിക്കാ സഭയുടെ വിമർശകനായിരുന്നു. അദ്ദേഹം പറഞ്ഞു " അന്ധവിശ്വാസധിഷ്ഠിത മതം വാഴുന്ന കാലങ്ങളിൽ കുറ്റകൃത്യങ്ങൾ പെരുകും. അനർഹ ഭക്തിയുള്ളവരെ ഭരിക്കുന്നതും കൊടുംഭീകരരായ മതഭ്രാന്തരും. അവനും അവരിലെ ഭീകരനാകും. അന്ധവിശ്വാസം കുറയുമ്പോൾ മതഭ്രാന്തു കുറയും. മത ഭ്രാന്ത് കുറയുമ്പോൾ ദുരിതങ്ങളും കുറയും" വാൾട്ടയറിന്റെ കാലം ഫ്രാൻസിൽ സ്വതന്ത്രചിന്തകരുടെ ജീവിതം ദുഖകരവും അപകടം നിറഞ്ഞതുമായിരുന്നു.

  ReplyDelete
 8. 'നാളെയെന്ത്?' എന്ന ലേഖനത്തില്‍ പ്രസക്തമെന്നു തോന്നിയ ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മാറ്റം വരുത്തിയിട്ടുണ്ട്. അതിനു കിട്ടിയ ക്രിയാത്മകമായ കമന്റുകള്‍ക്കു നന്ദി.

  ReplyDelete