Translate

Sunday, December 1, 2013

മടയബോധനം

പേത്രത്തായുടെ കാര്യം പറയുമ്പോഴൊക്കെ ഞാന്‍ എന്‍റെ കമ്പനിയിലുണ്ടായിരുന്ന ഒരു സ്നേഹിതനെ ഓര്‍മ്മിക്കും, ലാസ്സര്‍ എന്ന കാസര്ഗോടുകാരനെ. അയാളെ പരിചയപ്പെടുന്നവരാരും അയാളെ മറക്കാനും ഇടയില്ല. പാലായ്ക്കടുത്ത് പ്രവിത്താനത്തുനിന്നു  കുടിയേറിയ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ജനനം. ലാസ്സര്‍ എന്നുള്ളതല്ല അയാളുടെ ശരി പേര്. മാമ്മൊദീസാ പേര് മത്തായിയെന്നും, ഔദ്യോഗിക നാമം മാത്യു ലുക്കോസ് എന്നുമാണ്. ലാസ്സര്‍ ഞങ്ങളുടെ കമ്പനിയില്‍ ഒരു ലാസ്റ്റ് ബട്ട്‌ വണ്‍ ഗ്രെയിഡ് ജീവനക്കാരനായിരുന്നു. പക്ഷേ കഥ പറയാനും രസിപ്പിക്കാനും ആള് അതി സമര്‍ത്ഥന്. പള്ളിക്കൂടത്തില്‍ നിന്നേ അങ്ങേര്‍ക്കു സ്വന്തമായി കിട്ടിയതാണ് ലാസ്സര്‍ എന്ന പേര്. ഒരാളെ ആദ്യം കാണുകയാണെങ്കില്‍ ഇക്കഥ പറഞ്ഞുകൊണ്ടേ അയാള്‍ പരിചയപ്പെടൂ. എല്ലാവരും ലാസ്സര്‍ എന്ന് വിളിക്കുമെങ്കിലും എന്‍റെ പേര് മാത്യു എന്നാണെന്ന് അയാള്‍ പറയും. പേര് ലാസ്സറാവാന്‍ കാരണം ഒരു വികാരിയച്ചനാണെന്നും അയാള്‍ പറയും. അച്ചന്‍ പള്ളിയില്‍ പറയുന്നതൊക്കെ അതുപോലെ വിഴുങ്ങുമായിരുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥി മാത്യു ലൂക്കോസിന്, ഒരിക്കല്‍ അച്ചന്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞത് ചങ്കില്‍ കൊണ്ടു. അച്ചന്‍ പറഞ്ഞു, ദരിദ്രനായ ലാസ്സറിനെപ്പോലെ ആയിരുന്നാലെ സ്വര്‍ഗ്ഗരാജ്യം കിട്ടൂവെന്ന്. അതിനു ശേഷം അയാള്‍ ‘ഞാനൊക്കെ, എന്താ വെറും ലാസ്സര്‍’ ഇങ്ങിനെ പറയുമായിരുന്നു. അച്ചന്‍ ഉദ്ദേശിച്ചതെന്താണെങ്കിലും ലാസ്സറിനു മനസ്സിലായത്‌ അങ്ങിനെയാണ്. അങ്ങിനെ പറഞ്ഞു പറഞ്ഞു ബുദ്ധിമുട്ടി സമ്പാദിച്ചതാണത്രേ  ഈ ഓമനപ്പേര്.

വേറൊരച്ചന്‍ ലാസ്സറിനെ വീണ്ടും പറ്റിച്ചത് പക്ഷേ ലാസ്സര്‍ അറിഞ്ഞില്ല, അത് അയാളുടെ ഭാവി തകര്‍ക്കുകയും ചെയ്തു. ഈ ലാസ്സര്‍ പ്ലസ് ടൂ വിനു പഠിക്കുമ്പോള്‍, പള്ളിക്കലെ വികാരി അച്ചന്‍ വിടുവെഞ്ചരിക്കാന്‍ വന്നപ്പോള്‍ ലാസ്സറിന് SSLC ക്ക് എത്ര മാര്‍ക്ക് കിട്ടിയെന്നു ചോദിച്ചു. ലാസ്സറിന്‍റെ അപ്പനാണ് അതിനു മറുപടി പറഞ്ഞത്. “അവനു സയന്‍സിനൊക്കെ നല്ല മാര്‍ക്കാ, കൈയ്യക്ഷരം നന്നായിരുന്നെങ്കില്‍ അവനു ഡിസ്ടിങ്ക്ഷന്‍ കിട്ടിയേനെ. അച്ചന്‍ ലാസ്സറിന്‍റെ കൈയ്യക്ഷരം പരിശോധിച്ചിട്ട് ഒരൊറ്റ ചോദ്യം, “ഏതച്ചനാ എഴുത്തിനിരുത്തിയത്?” അപ്പന്‍ പറഞ്ഞു പള്ളില്‍ എഴുത്തിനോന്നും ഇരുത്തിയിട്ടില്ലെന്ന്. “എന്നാ പിന്നെ നോക്കണ്ടാ; ഇനി നോക്കീട്ടു കാര്യമില്ല, വെട്ടാന്‍ റബ്ബറും, കമുങ്ങും കൊടിയുമൊക്കെ ഉണ്ടല്ലോ അല്ലെ?” ഇത്രയും പറഞ്ഞിട്ട്, രോഗി മരിച്ചെന്ന് ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് പുറത്തു വന്നിട്ട് ഡോക്ടര്‍ കാണിക്കുന്നതുപോലെ ഒരു കൈക്രിയ കാണിച്ചിട്ട് അച്ചന്‍ പോവുകയും ചെയ്തു. ഇത് ലാസ്സറിനിട്ടേറ്റു.

ആ വര്ഷം ലാസ്സര്‍ പ്ലസ് റ്റൂ പാസ്സായത്‌ കഷ്ടിച്ച്. നേരത്തെ കുഴപ്പമില്ലാതിരുന്ന വിഷയങ്ങളിലും സര്‍വ്വത്ര കുഴപ്പം. റബ്ബര്‍ ക്കത്തിയെടുക്കാന്‍ ലാസ്സറും, ഡിഗ്രിക്കു വിടാന്‍ അപ്പനും തയ്യാറില്ല. അങ്ങിനെ അസന്നിഗ്ദാവസ്ഥയില്‍ ഇരിക്കുമ്പോഴാണ് അമ്മ ഒരൊത്തുതിര്‍പ്പ് വ്യവസ്ഥ മുന്നോട്ടു വെച്ചത്. “അവന്‍ അച്ചനാകാന്‍ പോട്ടെ.” അങ്ങിനെ കുര്‍ബ്ബാനയുടെ രഹസ്യം അറിയാന്‍ പോയ ലാസ്സര്‍ രണ്ടു വര്ഷം കഴിഞ്ഞ് ഉറി പോലെ തിരിച്ചു വന്നു. തിരിച്ചു വന്നത് ഭാഷാശാസ്ത്രത്തില്‍ അഗ്രഗണ്യനായിട്ടായിരുന്നുവെന്നത് ചരിത്രം. ആ പ്രാവീണ്യമാണ് അവര്‍ ലാസ്സറിനെ പറഞ്ഞു വിടാനും  കാരണം. വികാരി എന്ന് പറഞ്ഞാല്‍ വികാരമുള്ളവന്‍ എന്ന് ലാസ്സര്‍ പ്രഖ്യാപിച്ചു. പള്ളിലച്ചനും വിട്ടിലച്ഛനും തമ്മിലുള്ള വ്യത്യാസം ലാസ്സറിന്‍റെ ഭാഷയില്‍ ച യുടെ അടിയിലുള്ള ഫിറ്റിംഗ്. ഭാഷ അധികം വികസിക്കാന്‍ റെക്ടറച്ചന് സമ്മതിച്ചില്ല.

നാട്ടില്‍ തിരിച്ചുവന്ന വര്ഷം പേത്രത്താക്ക് പ്രസംഗിച്ച അച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞു. സ്നാപകയോഹന്നാന്‍റെ അപ്പനെപ്പറ്റി ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു. ആ പദ്ധതി അയാള്‍ മനസ്സിലാക്കിയില്ല. അതുകൊണ്ടാണ് അയാള്‍ മൂകനായത്. ദൈവത്തിന്‍റെ പദ്ധതികള്‍ അനുസരിച്ചില്ലെങ്കില്‍ ദൈവം ശിക്ഷിക്കും എന്നൊക്കെ. അതും ലാസ്സറിനിട്ടേറ്റു. അച്ചനാകാന്‍ പോയ താന്‍ തിരിച്ചു പോന്നത് ശരിയായില്ലായെന്ന വിശ്വാസവും കൊണ്ട് ലാസ്സര്‍ പൊളി ടെക്നിക്കിനു ചേര്‍ന്നു. ഇന്സ്ട്രമേന്റെഷന്‍ പാസ്സായ ലാസ്സര്‍ അങ്ങിനെ ഗല്‍ഫിനു പറന്നു. എവിടെപ്പോയാലും ദൈവകോപത്തില്‍ നിന്ന് രക്ഷപെടുകയില്ലായെന്നു തന്നെ വിശ്വസിച്ചുറപ്പിച്ചത് പോലെയായിരുന്നു ഞാന്‍ പരിചയപ്പെട്ടപ്പോള്‍  അദ്ദേഹത്തിന്‍റെ പെരുമാറ്റം. 

ആദ്യം ലാസ്സറിന്‍റെ കഥ കേട്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. അച്ചന്മാരുടെ മണ്ടന്‍ പ്രസംഗങ്ങള്‍ കേട്ട് ജീവിതം നശിപ്പിച്ചവരെ പറ്റി അന്നാണ് ഞാന്‍ ആദ്യമായി ചിന്തിച്ചത്. ലാസ്സറിനു സഹായം ആവശ്യമുണ്ടെന്നു തോന്നി. ലാസ്സറുമായി ഇടവേളകളില്‍ ഞാന്‍ ഓരോ കാര്യം പറഞ്ഞിരിക്കും. ഒരിക്കല്‍ സൂത്രത്തില്‍ ഞാന്‍ പറഞ്ഞു, സുവിശേഷം എഴുതിയവരാരെയും  അച്ചന്മാര്‍ എഴുത്തിനിരുത്തിയിട്ടില്ലെന്ന്; ഷെക്സ്പിയറെയും, ഡോസ്റ്റോവിസ്കിയെയുമോന്നും ആരും എഴുത്തിനിരുത്തിയിട്ടില്ലെന്ന്. നിരവധി ഉദാഹരണങ്ങള്‍ പറഞ്ഞപ്പോള്‍ ലാസറിനു സന്തോഷമായി. വേറൊരിക്കല്‍ പറഞ്ഞു, ലാസ്സറിന്‍റെയും ധനവാന്‍റെയും കഥ യഥാര്‍ത്ഥമല്ലെന്ന്. എന്ത് പാപം ചെയ്തിട്ടാ ധനവാന്‍ നരകത്തില്‍ പോയതെന്നും, എന്ത് പുണ്യം ചെയ്തിട്ടാ ലാസ്സര്‍ സ്വര്‍ഗ്ഗത്തില്‍ പോയതെന്നും കഥയില്‍ പറയുന്നില്ലെന്നു കേട്ടപ്പോള്‍ ലാസ്സറിന് ആശ്വാസമായി. അബ്രാഹവും ധനികനായിരുന്നെന്നു ഞാന്‍ പറഞ്ഞു. വേറെ ധര്മ്മക്കാരാരും സ്വര്‍ഗ്ഗത്തില്‍ പോയതായിട്ട് തിരുസഭ പറഞ്ഞിട്ടില്ലെന്നും ഞാന്‍ പറഞ്ഞു. ദൈവത്തിന് എല്ലാവരെയുംപറ്റി ഒരു പദ്ധതിയുണ്ടെന്നും ആ പദ്ധതിയിലാണ് ഓരോരുത്തരും എപ്പോഴും ആയിരിക്കുന്നതെന്നും അത് തിരിച്ചറിയുകയാണ് മനുഷ്യന്‍ ചെയ്യേണ്ടതെന്നും ഞാന്‍ ലാസ്സറിനു പറഞ്ഞു കൊടുത്തു. അനന്ത സ്നേഹമായ ദൈവം ആരെയും ശിക്ഷിക്കുകയില്ലെന്നും പറഞ്ഞു. 

ലാസ്സറില്‍ വന്ന മാറ്റം ഞാന്‍ ശ്രദ്ധിച്ചു. ഒരു കൊച്ചു സൈക്കോളജിസ്റ്റ് ആണല്ലോ ഞാനെന്ന് ഞാനും ഓര്‍ത്തു; അല്‍പ്പം തലക്കനം ഉണ്ടാവുകയും ചെയ്തു. പക്ഷേ, അതും മാറാന്‍ അധിക സമയമെടുത്തില്ല. അച്ചന്മാരുടെ കാര്യം പറഞ്ഞാല്‍ ലാസ്സര്‍ പുളിച്ച തെറി പറയാന്‍ തുടങ്ങി. അത് തുടര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും ലാസ്സറിനെ സമീപിച്ചു പറഞ്ഞു, “ഞാന്‍ ചുമ്മാ പറഞ്ഞതാ ലാസ്സറെ, അച്ചന്മാര് പറഞ്ഞതൊക്കെയാ ശരി. ലാസ്സറിങ്ങനെ പള്ളിയും പട്ടക്കാരനും ഇല്ലാതെ നടന്നാ മതിയോ? പെട്ടി കൊണ്ടെ വെയ്ക്കാന്‍ ഒരു കല്ലറ വേണ്ടയോ?” ഏഴു നേരവും പുളിച്ച തെറി കേള്‍ക്കുന്നതിനേക്കാള്‍ മെച്ചം ഇതാണെന്ന് എനിക്ക് തോന്നി. ലാസ്സറിനെ ഞാന്‍ രക്ഷിക്കുകയായിരുന്നോ ശിക്ഷിക്കുകയായിരുന്നോ എന്ന് ഓരോ പേത്രത്താ വരുമ്പോഴും ഞാന്‍ ധ്യാനിക്കും. ലാസ്സര്‍ ഇപ്പൊ വേറൊരു കമ്പനിയിലാണ്. അയാളുടെ തെറി നിന്നിട്ടില്ലെന്നും കുറെനാള്‍ മുമ്പ്  ഞാന്‍ കേട്ടിരുന്നു. അയാളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് നിശ്ചയമില്ല; പോട്ടക്കു പോവാന്‍ ദൈവം അയാളെ തോന്നിക്കല്ലേയെന്നാണ് എന്‍റെ വിനീതമായ പ്രാര്‍ത്ഥന.  മെത്രാന്മാരുടെ ഇടയലേഖനത്തെ മടയലേഖനം എന്ന് വിളിക്കുന്നതുപോലെ പള്ളി പ്രസംഗങ്ങളെ മയബോധനം എന്നും വിളിക്കണം എന്നാണെന്‍റെ അഭിപ്രായം.      

10 comments:

 1. ഇന്ന് ഏതാനും മണിക്കൂറുകൾ മുന്നേയാണ്, പൊൻകുന്നത്തിനടുത്തുവച്ച് ഞാനൊരു സുഹൃത്തുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു, "ഞങ്ങളുടെ വികാരി എല്ലാക്കാര്യത്തിനും നല്ല മിടുക്കനാണ്, ഞായറാഴ്ചത്തെ പ്രസംഗമൊഴിച്ച്‌. നമ്മുടെ അര മണിക്കൂർ വെറുതേ പോയല്ലോ എന്നാണ് എല്ലാരുംതന്നെ ഉള്ളിലും പുറത്തും പറയാറ്. എന്നാൽ കഴിഞ്ഞ ഈസ്റ്ററിന് അങ്ങേരൊരു ഉഗ്രൻ പ്രഭാഷണം നടത്തി. ഞാൻ അന്ന് അച്ചനെ ചെന്ന് കണ്ട് ഇങ്ങനെ പറഞ്ഞു: ഇന്നച്ചൻ ഒരുങ്ങിയാണല്ലേ പ്രസംഗിച്ചത്, നന്നായിരുന്നു."

  അച്ചന്മാർ സാധാരണ രീതിയിൽ പ്രസംഗം ഒരുങ്ങിയും ചിന്തിച്ചും ചെയ്യാറില്ല - ഒരേ തരത്തിൽ ഒരു വേദവാക്യം ഉദ്ധരിച്ച് അതെപ്പിടിച്ച്‌ വല്ലതുമങ്ങു കാച്ചും. അതാകട്ടെ മനുഷ്യർ കേട്ട് മടുത്തതുതന്നെയായിരിക്കും. പുതിയ അറിവ് നേടാൻ ഒരു വൈദികനും നേരമില്ല. ഒന്നുകിൽ മരാമത്ത്, അല്ലെങ്കിൽ വിശ്വാസികളെയുംകൊണ്ട് റ്റൂർ പോക്കാണ് അവർക്കിഷ്ടം.

  എന്റെ ചെറുപ്പത്തിൽ പോലും വികാരിയച്ചന്റെ പ്രസംഗസമയത്ത് ഞാനിറങ്ങിപ്പോകുമായിരുന്നു. എന്റെ അപ്പൻ വീട്ടിൽവരുമ്പോൾ എന്നെ ഗുണദോഷിക്കും, നീ പള്ളിയിൽ പോയില്ലേലും വേണ്ടില്ല, ഇടക്കിറങ്ങിപ്പോന്ന് അച്ഛനെ ഇങ്ങനെ കളിയാക്കരുത് എന്ന്. ഞാൻ പറയുന്നത്, ഇന്നും 'വെവരക്കേട്‌' കേട്ടാൽ ധൈര്യമുള്ളവർ അപ്പോൾ ഇറങ്ങിപ്പോകണം. വിവരമുണ്ടെങ്കിൽ അച്ചൻ കാര്യം മനസ്സിലാക്കും, അല്ലാത്തവർ ഏതായാലും നന്നാവില്ലതാനും. പുതുതായൊന്നും പറയാനില്ലാത്തവർ പ്രസംഗിക്കരുത്, എഴുതുകയുമരുത്.

  ReplyDelete
 2. റോഷന്‍ പറഞ്ഞ ലാസ്സര്‍ ഒരു ആഗോള പ്രതീകമാണ്. ഒരുവിധത്തില്‍ അല്ലെങ്കില്‍ വേറൊരു വിധത്തില്‍ നമ്മിലെല്ലാം ഓരോ ലാസ്സറന്മാര്‍ ഉണ്ട് താനും. എഴുതാനറിയാത്തതോ, വായിക്കാത്തതോ ഒന്നുമല്ല പ്രശ്നം പകരം പഠിച്ചു വെച്ചിരിക്കുന്നതാണ്. ഒരുദാഹരണം പറയാം, കാഞ്ഞിരപ്പള്ളിയില്‍ ഇറങ്ങിയ ഒരിടയ ലേഖനം ഞാന്‍ കേള്‍ക്കാന്‍ ഇടയായി. അതില്‍ വരാനിരിക്കുന്നത് വലിയ ദാരിദ്ര്യത്തിന്റെ നാളുകളാണെന്നും നാം വളരെ ജാഗരൂകരായിരിക്കാനം, പാവങ്ങളെ സഹായിക്കണം എന്നൊക്കെ പറഞ്ഞിരുന്നു. ശുഭ ചിന്തകള്‍ക്ക് പകരം ഇവര്‍ വിളമ്പുന്നത് അശുഭ ചിന്തകളാണെന്നും അതു ദാരിദ്ര്യത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണെന്നും ഇന്ന് കൊച്ചു കുട്ടികളെ പ്പോലും പഠിപ്പിക്കുന്നു.

  ലാസ്സര്‍ ഒരു ശുദ്ധ ഹൃദയന്‍, അതിലും ശുദ്ധ ഹൃദയരായ നിരവധിപ്പേര്‍ ഇതിലും വലിയ കുഴപ്പത്തില്‍ ചാടിയിട്ടുണ്ട്‌. പാലായില്‍ കുട്ടപ്പന് അരമന പണിതു കൊടുത്ത കുടിലില്‍ താമസിക്കാന്‍ അവര്‍ ഭയപ്പെട്ടു എന്നത് സത്യം. അച്ചന്മാരുടെ പ്രാക്ക് അത്രയ്ക്കുണ്ട് എന്നാണവരുടെ ചിന്ത. കുറെ നാള്‍ മുമ്പ് ഇപ്പന്‍ എഴുതിയിരുന്നു, ഫാ. ബെനടിക്ടിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച കുഞ്ഞിരാമന്‍ വൈദ്യരെ അറഞ്ഞു പ്രാകിയ വൈദികരെപ്പറ്റി. അതുകൊണ്ടെന്താ, അദ്ദേഹത്തിന്റെ കുടുംബം അപ്പാടെ ക്ഷയിച്ചു, മക്കള്‍ വിദേശത്തും സ്വദേശത്തുമായി നല്ല നിലയില്‍, ഒരു മകന്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി. കുഞ്ഞിരാമന്‍ വൈദ്യര്‍ അവസാന കാലം വരെ നല്ല ആരോഗ്യവാനുമായിരുന്നു വന്നു. ഇത്രേയുള്ളൂ ഈ പ്രാക്കിന്റെ ബലം.
  അനേകം സ്ത്രീകളെ തെറ്റായ പ്രബോധനങ്ങള്‍ വഴിയും, കൌന്സല്ലിംഗ് വഴിയും വഴിതെറ്റിക്കാന്‍ വിവരമില്ലാത്ത വൈദികര്‍ കൂട്ടു നിന്നിട്ടുണ്ട്. ഇത് കേരളത്തില്‍ ആണ് വ്യാപകമായും സംഭവിച്ചിട്ടുള്ളത്. ധ്യാന പ്രസംഗം അമേരിക്കയില്‍ നടക്കുന്നതും ഇവിടെ നടക്കുന്നതും രണ്ടാണെന്ന് ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. റോഷന്റെ സുഹൃത്ത് ലാസ്സറിനോട് അന്ന് അച്ചന്‍ ഒരു നല്ല വാക് പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ അദ്ദേഹം വല്ല ഡോക്ടറോ എന്ജിനീയരൊ ആകുമായിരുന്നിരിക്കാം. എങ്കിലും പൊതുവേ നമുക്ക് പറയാം, അറിയില്ലാത്ത കാര്യങ്ങള്‍ ആരും പ്രസംഗിക്കാതിരിക്കുക...

  ReplyDelete
  Replies
  1. മരുന്ന് കഴിക്കുന്ന സമയത്ത് കുരങ്ങനെക്കുറിച്ച് ഓർത്താൽ ഫലം കിട്ടുകയില്ല എന്ന് പറഞ്ഞ വൈദ്യനെപ്പോലെ യാണ് മിക്ക വൈദികരും .അറിഞ്ഞോ അറിയാതെയോ നെഗറ്റിവ് പ്രോഗ്രാമിങ്ങ് ആണ് കൂടുതൽ നടക്കുന്നത് .
   യോഗ്യതയോടെ കുർബ്ബാന സ്വീകരിക്കുന്നു എന്ന് ഉറപ്പു വരുത്താനായി പ്രിന്റ്‌ ചെയ്തു നല്കപ്പെട്ട പാപങ്ങളുടെ ലിസ്റ്റുമായി കുമ്പസാരിക്കാൻ പോകുന്നവരുടെ എണ്ണം ഒന്നും രണ്ടും അല്ല .

   Delete
 3. മടയബോധനത്തിന് ഒരു നല്ല ഉദാഹരണം - ഇടുക്കി മെത്രാന്റെ പരിസ്ഥിതിവിരുദ്ധ ഇടയലേഖനം ഈ ലിങ്കിൽ വായിക്കാം. പരിസ്ഥിതി ലോലപ്രദേശത്തിന്റെ സംരക്ഷണത്തിനായി നിർദ്ദേശിച്ചിരിക്കുന്ന മുന്കരുതലുകളെ നിരത്തിയിട്ട്, പശ്ചിമഘട്ടത്തെ മൊത്തം അവ ബാധിക്കുമെന്നുള്ള തെറ്റിധാരണ ലേഖനത്തിൽ ഒളിച്ചുവച്ചിട്ടുണ്ട്.

  ഏറ്റവും അവസാനം ദൈവനാമത്തിൽ (പിതാവിന്റെയും പുത്രന്റെയും പരി. അരൂപിയുടെയും (അതായത് പോപ്‌ ഫ്രാൻസിസ് തള്ളിക്കളഞ്ഞ കത്തോലിക്കാദൈവത്തിന്റെ) നാമത്തിൽ അങ്ങേർ വിശ്വാസികളെ ആശീർവദിക്കുന്ന ഒരു വരി പ്രത്യേകം ശ്രദ്ധിക്കുക. എന്തൊരു തന്റേടം! അല്പനായ ഒരു മനുഷ്യൻ ദൈവനാമത്തിൽ ഓരോന്ന് പറയുക, ചെയ്യുക എന്നതൊക്കെ വിവരക്കേടിന്റെ പാരമ്യമല്ലാതെന്താണ്?

  http://nelsonmcbs.files.wordpress.com/2012/12/circular-on-gadgil-committe-report-by-bishop-mar-mathew-anikkuzhickattil.pdf

  ReplyDelete
 4. "പുതുതായൊന്നും പറയാനില്ലാത്തവർ പ്രസംഗിക്കരുത്, എഴുതുകയുമരുത്" എന്ന സക്കരിയാച്ചായന്റെ കമന്റു കൊള്ളാം . പക്ഷെ എഴുതാൻ വേണ്ടി എഴുതുന്നു എന്നും മറ്റുള്ളവർക്കു തോന്നുംവിധം ചുമ്മാതെ പേന ചലിപ്പിക്കുന്നതും നന്നല്ല . st john.captr 2 , ഒന്നുമുതൽ 11 വരെ വായിച്ചാലാര്ക്കും മനസിലാകുന്ന കാനാവിലെ കല്യാണം ,യേശുവിന്റെ അരങ്ങേറ്റം, ഇവ എഴുതാൻ വേണ്ടി നാം എഴുതി നശിപ്പിച്ചു രസിക്കുന്നത് ഒരു കുറ്റക്രിത്യമല്ലേ എന്ന് നാം ആലോചിക്കുന്നത് നന്ന്! "മടയന്മാരെഴുതുന്നു" എന്ന് , കാലം "ഭോഷ്ക്കു" എന്ന്പറയാതിരിക്കാൻ ഇങ്ങിനെ "പുതുമ" തേടുന്നതും ശരിയൊ എന്നു നാം ഓരോരുത്തരും വിചിന്തനം ചെയ്യാനുമപേക്ഷിക്കുന്നു...sorry..

  ReplyDelete
 5. ക്ഷമിക്കണം സാമുവേല്‍ അച്ചായാ. ഇനി ഇങ്ങിനെ വരാതെ നോക്കാം.

  ReplyDelete
 6. കാനായില്‍ യേശു വെള്ളം വീഞ്ഞാക്കിയതിന്റെ നല്ലൊരു വ്യാഖ്യാനം ഓഷോ ബൈബിളിനെഴുതിയ I Say Unto You എന്ന പുസ്തകത്തിലുണ്ട്. ബൈബിള്‍ വായിക്കേണ്ടതെങ്ങനെ എന്നതിന് ഒരു നല്ല ഉദാഹരണമാണ് ആ പുസ്തകം.

  ReplyDelete
 7. നന്ദി പ്രിയ ജോസ്ആന്റണി
  ഓഷോ ബൈബിളിനെഴുതിയ വ്യാഖ്യാനം -"I Say Unto You " ലിങ്ക് http://www.oshorajneesh.com/download/osho-books/western_mystics/I_Say_Unto_You_Volume1.pdf

  ReplyDelete