Translate

Wednesday, December 11, 2013

ഫാ. നെറ്റിസണ്‍ നിര്യാതനായി

എന്‍റെ കത്തോലിക്കാ ജീവിതാനുഭവങ്ങളില്‍ അല്‍പ്പം ചിന്തിക്കാനുണ്ടെന്നു തോന്നിയ ഇതളുകള്‍ മാത്രമേ ഞാന്‍ പങ്കു വെയ്ക്കാറുള്ളൂ. എന്നാല്‍ ഈ കഥയില്‍ ചിന്തിക്കാനൊന്നുമില്ല, പക്ഷേ ചിരിക്കാനുണ്ട് താനും. ഇത് ഞാന്‍ ബി. ടെക് പാസ്സായ വര്‍ഷം നടന്ന ഒരു സംഭവം. കമ്പ്യൂട്ടറിനേപ്പറ്റി കുറെക്കാര്യങ്ങള്‍ പഠിക്കുകയും അതിന്‍റെ ത്രില്ലില്‍ അയിലോക്കംകാര്‍ക്കും പരിചയക്കാര്‍ക്കുമൊക്കെ ചില ചില്ലറ സഹായങ്ങള്‍ സന്തോഷത്തോടെ, സൌജന്യമായി ചെയ്തു കൊടുക്കുകയും ചെയ്തു പോന്ന ഒരു കാലം. ഒരു ഞായറാഴ്ച അച്ചന്‍റെ മടയബോധനം കേട്ട് ഞാന്‍ തരിച്ചിരുന്നുപോയി. അന്ന് അയ്യായിരം ഗ്രേഡിലുള്ള ഒരു പള്ളിയായിരുന്നു ഞങ്ങളുടെത് (ഞായറാഴ്ച വരുമാനം നോക്കിയാണ് ഇവിടെ ഗ്രേഡ് പറഞ്ഞിരിക്കുന്നത്). പ്രസംഗത്തില്‍ നിന്ന് ഓര്‍മ്മയില്‍ നില്‍ക്കുന്ന ചില കാര്യങ്ങള്‍ പറയാം. ഒരു കമ്പ്യൂട്ടര്‍ പോലെയാണ് ജീവിതം; അത് പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി വേണം, പരിശീലനം വേണം. കര്‍ത്താവാണ് കറണ്ട്, സഭയാണ് പരിശീലക. നല്ലത് ചീത്ത ഈ രണ്ട് അവസ്ഥകള്‍ ഇടകലര്‍ത്തി വരുന്നതാണ് ഈ ജീവിതം. തെറ്റായ ഫയലുകള്‍ നാം ഡിലീറ്റ് ചെയ്യണം. എപ്പോ നോക്കിയാലും നമ്മുടെ ഫോള്‍ഡറില്‍ നല്ല ഫയലുകള്‍ മാത്രമേ ഉണ്ടായിരിക്കാവൂ. എന്തും ഡൌണ്‍ ലോഡ് ചെയ്യാനുള്ള വ്യഗ്രത നാം മാറ്റണം. ചിലപ്പോള്‍ നാം ഡൌണ്‍ ലോഡ് ചെയ്യുന്നത് ഒരിക്കലും ഡിലീറ്റ് ചെയ്യാന്‍ നമുക്ക് കഴിയണമെന്നില്ല, അത് ഹോം സ്ക്രീനില്‍ തന്നെ കണ്ടേക്കാം; ഇത് സംഭവിക്കാതെ ആന്‍റി വൈറസ് പ്രോഗ്രാം നാം ഇന്സ്ടാള്‍ ചെയ്യേണ്ടതുണ്ട്. ഈ ആന്‍റി വൈറസ് പ്രോഗ്രാമാണ് കൂദാശകള്‍ എന്ന് പറയുന്നത്. ഇത് ഇടയ്ക്കിടെ അപ്ഡെറ്റ് ചെയ്തില്ലെങ്കില്‍ അവസാനം ഹാര്ഡ് ഡിസ്ക് തന്നെ മാറ്റേണ്ടി വരും.
പത്തമ്പത്തഞ്ച് വയസ്സുള്ള അച്ചന്‍ എങ്ങിനെ ഇത്രയുമൊക്കെ പഠിച്ചുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പള്ളിയില്‍ നിന്ന് പുറത്തിറങ്ങി ഞങ്ങള്‍ കമ്പ്യുട്ടര്‍ കൂട്ടുകാരെല്ലാം ഇതിനെപ്പറ്റിയായിരുന്നു അന്ന് ചര്‍ച്ച. രസം അതല്ല ഇവരോരോരുത്തരോടും തലേ ആഴ്ച അച്ചന്‍ കമ്പ്യുട്ടറിനെപ്പറ്റിയും വൈറസ്സിനെപ്പറ്റിയും ഒക്കെ വിശദമായി ചോദിച്ചു മനസ്സിലാക്കിയിരുന്നു. പള്ളിമുറിയില്‍ അച്ചന്‍ വാങ്ങിയ കമ്പ്യുട്ടര്‍ ഉപയോഗിക്കാന്‍ ഉപകാരപ്പെടും എന്നോര്‍ത്താണ് പലതും പറഞ്ഞതെന്നും ഇത് പള്ളിയില്‍ വിളമ്പാനായിരുന്നുവെന്നു അറിഞ്ഞില്ലെന്നു പറഞ്ഞു പിരിയുകയും ചെയ്തു. പള്ളിമുറിയില്‍ ഒരു കമ്പ്യുട്ടര്‍ ഉള്ള കാര്യം ഞാനും കേട്ടിരുന്നു.
അന്ന് ഞാന്‍ കമ്പ്യൂട്ടര്‍ സാമഗ്രികളൊക്കെ വാങ്ങിക്കുന്ന ഒരു കടയുണ്ടായിരുന്നു, പട്ടണത്തില്‍. വല്യ പരിചയമൊന്നും അവരോട് ഉണ്ടായിരുന്നില്ലെങ്കിലും രണ്ടു മൂന്നു വര്‍ഷങ്ങളായപ്പോള്‍ നല്ല സുഹൃത്തുക്കളായി അവര്‍. അച്ചന്‍ പ്രസംഗിച്ചുവെന്നു പറഞ്ഞ ഞായറാഴ്ച കഴിഞ്ഞുവന്ന ആഴ്ച, ഒരു ദിവസം സമരം കാരണം കോളേജു നേരത്തെ വിട്ടു. ഞാന്‍ ഒരു സി.ഡി  വാങ്ങാന്‍ ഈ കടയില്‍ കയറി. അന്ന് വല്യ തിരക്കൊന്നുമുണ്ടായിരുന്നില്ല. ഞാനവിടെ ചെന്നപ്പോള്‍ എല്ലാവരും കുലുങ്ങി കുലുങ്ങി ചിരിക്കുന്നു, അതിനും മേലെ ചിലര്‍ നിലത്തു ചവുട്ടി ചിരിക്കുന്നു. ഞാന്‍ അന്തം വിട്ടു നിന്നതേയുള്ളൂ. അവസാനം എന്നോടും അവര്‍ കാര്യം പറഞ്ഞു. സംഗതി കേട്ടപ്പോള്‍ എനിക്കും ചിരി അടക്കാന്‍ ആയില്ല. സംഗതി ഇത്രേയുള്ളൂ; ഞങ്ങളുടെ വികാരിയച്ചന്‍ ഈ കടയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ വാങ്ങിയത്. അച്ചന്‍ ഇന്‍റര്‍നെറ്റ് ഒക്കെ കണക്റ്റ് ചെയ്ത് ഇമെയിലും ഫോര്‍വേര്‍ഡിoഗും ആയി കഴിയുന്ന കാലം. വിനോദം പതിയെ CD കളിലേക്ക് തിരിഞ്ഞു. അവിടെനിന്ന് ബ്രൌസിംഗ് ആയി. ബ്രൌസ് ചെയ്തു ചെയ്തു പലനിറങ്ങളിലുള്ള ക്ലിപ്പുകള്‍ ഡൌണ്‍ ലോഡ് ചെയ്തു കണ്ടാസ്വദിച്ചു തുടങ്ങി. അവസാനം ഒരു പറ്റ് പറ്റി. അതില്‍ ഒരു പടം എത്ര ശ്രമിച്ചിട്ടും ഡിലേറ്റ് ആവുന്നില്ല. അത് ഒരു നൂല്‍ മറ പോലുമില്ലാതെ ഹോം സ്ക്രീനില്‍ തന്നെ.

ആരെയും ഒരു സഹായത്തിനു വിളിക്കാനും വയ്യ, ആരോടും ഇതൊട്ടു പറയാനും വയ്യ. ഇതാണ് കമ്പ്യുട്ടറിനെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ അച്ഛനെ നിര്‍ബന്ധിച്ചത്. അവസാനം അച്ഛന് ഒരു കാര്യം മനസ്സിലായി, ഹാര്ഡ് ഡിസ്ക് മൊത്തം മാറുകയെ നിവൃത്തിയുള്ളൂ. ആരും അറിയാതെ കാര്യം നടത്താന്‍ അതെയുണ്ടായിരുന്നുള്ളൂ മാര്‍ഗ്ഗം. മുടിഞ്ഞു പോട്ടെന്നു ബ്ലൂ വര്‍ഗ്ഗത്തെ മുഴുവന്‍ പ്രാകിക്കൊണ്ട്‌ പത്തയ്യായിരം രൂപയും സി.പി യൂ വുമായി അച്ചന്‍ ഈ കടയില്‍ വന്നു. അച്ചന്‍റെ ആവശ്യം ആ ഹാര്‍ഡ് ഡിസ്ക് മാറ്റി വേറൊരെണ്ണം വെക്കണം എന്നതായിരുന്നു. നാലായിരം രൂപയുടെ ഹാര്ഡ് ഡിസ്ക് വാങ്ങി അച്ചന്‍ പിടിപ്പിക്കുകയും ചെയ്തു. അച്ചന് ഒരു നിര്‍ബന്ധം പഴയ ഹാര്ഡ് ഡിസ്ക് തിരിച്ചു കൊടുക്കണം. സര്വ്വീസി൦ഗ് റൂമിലിരുന്ന മെക്കാനിക് ഈ ഹാര്ഡ് ഡിസ്കിനെന്താ കുഴപ്പം എന്ന് നോക്കിയപ്പോഴാണ് ഹോം സ്ക്രീനിലെ മനോഹര ദൃശ്യം തെളിഞ്ഞു വന്നത്. അങ്ങേരു മൈ ഡോക്കുമെന്റ്സ് നോക്കിയപ്പോള്‍ കിടക്കുന്നു അതുപോലെ എട്ടുപത്തു പടങ്ങള്‍ക്കൂടി. കുഴപ്പം കമ്പ്യുട്ടറിന്‍റെ ഹാര്‍ഡ് ഡിസ്കിലായിരുന്നില്ല, അച്ചന്‍റെ സോഫ്റ്റ്‌ ഡിസ്കിലായിരുന്നു. 

1 comment:

  1. അച്ചന്‍റെ സോഫ്റ്റ്‌ഡിസ്ക്
    നെറ്റിസണ്‍ അച്ഛന്റെ സോഫ്റ്റ്‌ഡിസ്ക് മാത്രമല്ല ഭൂരിഭാഗം ഇന്ത്യാക്കാരുടെയും സോഫ്റ്റ്‌ഡിസ്ക് കൃമി ബാധിച്ചതാണ് എന്നാണ് അനുദിന സംഭവങ്ങൾ തെളിയിക്കുന്നത്. മുകളിലത്തെ കുറിപ്പിൽ ലൈംഗികതയാണ് വിഷയം എന്നത് ഒരു വശം മാത്രമാണ്. സ്വാഭാവികമായ മാനസികവളർച്ചയെ തടയുന്ന സാഹചര്യമാണ് സ്വാഭാവരൂപീകരണത്തിൽ താളപ്പിഴകളെ സൃഷ്ടിക്കുന്നത്. ആണ്‍-പെണ്‍ വേർതിരിവ് പരിധി വിട്ടതായതിനാൽ അങ്ങോട്ടുമിങ്ങോട്ടും സ്വാഭാവികമായ അടുപ്പവും അറിവും ബഹുമാനവും ഇല്ലാതെ ശൈശവ-കൗമാര ദശകളിലൂടെ കടന്നു പോകുന്ന സ്ത്രീപുരുഷന്മാർ ഒളിഞ്ഞും പാത്തും അവരുടെ ജിജ്ഞാസകളെ തീര്ക്കാനുള്ള വഴികൾ തേടുന്നു എന്നതിനുള്ള ഒരുദാഹരണം മാത്രമാണ് നെറ്റിസണ്‍ അച്ഛൻ. പൌരോഹിത്യത്തെ നാണംകെടുത്തുന്ന സംഭവങ്ങൾക്കെല്ലാം പിന്നിൽ ഈ അപക്വമായ ജീവിതരീതിയാണ്. ജീവിതത്തിന്റെ ഏതു തുറയിലും സ്വാഭാവികമായ മനുഷ്യബന്ധങ്ങൾ തടയപ്പെടുമ്പോൾ ഇത്തരം വൈകല്യങ്ങൾ അനിവാര്യമാണ്. സാമുദായിക പെരുമാറ്റച്ചട്ടങ്ങൽ മാത്രമല്ല, ജാതിയും മതവും വേർതിരിച്ചുള്ള വിദ്യാഭ്യാസവും നമ്മുടെ നാടിന്റെ ശാപമാകുന്നത് അങ്ങനെയാണ്. ഓരോ മതക്കാരും അവരവരുടെ സ്കൂളുകൾ ഉണ്ടാക്കി അവിടെ അവരുടേതായ സിലബസും അദ്ധ്യയനരീതികളും പോരാഞ്ഞ്, കർക്കശമായ, സങ്കുചിതമതബോധനവും ഭയപ്പെടുത്തുന്ന, അമാനുഷികമായ ലൈംഗികവേർതിരിവുകളും അകലങ്ങളും നടത്തുന്നതുമൂലം മറ്റുള്ളവരിൽ നിന്ന് അകൽച്ചയെ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത് എന്ന് വിദ്യാഭ്യാസവിചക്ഷണരായ പണ്ഡിതർ പോലും തിരിച്ചറിയുന്നില്ല എന്നത് പരിതാപകരമാണ്. എല്ലാ ജീവിതതുറകളിലും അന്യോന്യം ഇടപഴകി അടുത്തറിയുക എന്നത് ശൈശവത്തിൽ തന്നെ ആരംഭിക്കേണ്ട ഒരു പ്രക്രിയയാണ്. അതുണ്ടാകാതെ, മതങ്ങൾ പ്രസംഗിക്കുന്ന മാനുഷികസമത്വം ഒരുനാളും സംഭാവ്യമല്ല. മാനുഷികമായ ലൈംഗികസമത്വവും അടുപ്പവും വിരാജിക്കാത്തിടത്തു ഒരു വിധത്തിലുമുള്ള പക്വതയും ഉണ്ടാവില്ല. പല സാമ്പത്തിക തലങ്ങളിലുള്ളവരുടെ മക്കൾക്കായി പല തട്ടുകളിലുള്ള സ്കൂളുകൾ നടത്തുന്നതും അസമത്വത്തെ സൃഷ്ടിക്കാനുള്ള എളുപ്പ വഴിയാണ്. താന്താങ്ങൾ ഭരിച്ചാലേ സമുദായക്ഷേമ കരങ്ങളായ കാര്യങ്ങൾ ചെയ്യാൻ കഴിയൂ എന്ന വിശ്വാസത്തെ ഓരോ ഗ്രൂപ്പിലും അരക്കിട്ടുറപ്പിക്കുന്നത് ഇത്തരം വിദ്യാസ്ഥാപനങ്ങളാണ്. ഒളിപ്പിച്ചു വയ്ക്കുന്നത് പൊക്കി നോക്കുക എന്നത് മാനുഷികമാണ്‌. ആധികം ഒളിപ്പിക്കുന്നത് അധികം നെറ്റിസന്മാരെ ഉണ്ടാക്കും.

    ReplyDelete