Translate

Monday, December 23, 2013

സമ്പൂര്ണ്ണ ബൈബിള്‍ (Revised Edition)

ചിരിക്കണോ കരയണോന്നൊന്നും എനിക്കറിയില്ല. ഇവിടെ ഗള്‍ഫില്‍ ഒരു വാര്ത്ത കാതോടു കാതു പകരുന്നുണ്ട്. എന്താണെന്നല്ലേ? അപ്പസ്തോലന്മാരുടെ നടപടിക്രമങ്ങള്ക്കൊപ്പം  സീറോ മലബാറിന്‍റെ നടപടിക്രമങ്ങളും കൂടിചേര്ത്ത്  സുവിശേഷം പുതുക്കാന്‍ മെത്രാന്‍  സിനഡ് ആലോചിക്കുന്നെന്നും, അതിനാണ് പാലായില്‍ മെത്രാന്‍ സിനഡ് കൂടുന്നതെന്നും കേള്ക്കുന്നു. ഇതിന്‍റെ നിജാവസ്ഥ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്ന് പറഞ്ഞാല്‍ തരക്കേടില്ല. അത്ര നിര്ബന്ധമാണ് എങ്കില്‍ എന്‍റെ കുറെ നിര്ദ്ദേശങ്ങളും കൂടി പരിഗണിക്കണമെന്ന് അപേക്ഷ. ഇത് വായിക്കുന്ന ഏതെങ്കിലും അച്ചന്മാര്‍ കാര്യം സിനഡില്‍ ഒന്നെത്തിച്ചാല്‍ വളരെ ഉപകാരം.

മാര്‍ ആലഞ്ചേരി ജര്‍മ്മനിയിലുള്ള സുഹൃത്തിന് റോമില്‍ പ്രോക്കൂറാ ഹൌസ് വാങ്ങിക്കുന്നത് സംബന്ധിച്ചെഴുതിയ കത്ത് ഒരു കാരണവശാലും ഒഴിവാക്കരുത്‌. മാര്‍ റെജിമാവോസ് പിണറായി വിജയനോട് പറഞ്ഞ കാര്യങ്ങളും, ജാലിയന്‍ വാലാ ബാഗിലേക്ക് നോക്കി അദ്ദേഹം ചെയ്ത പ്രസംഗങ്ങളും ഇതില്‍ വേണം. അഭയാക്കേസ് സംബന്ധിച്ചു സഭക്കുണ്ടായ പീഡനം വിവരിക്കുന്ന ഒരു ലേഖനം നന്നായിരിക്കും. മാര്‍ പൌവ്വത്തിലിന്‍റെ രണ്ടു ലേഖനങ്ങളെങ്കിലും ഇതില്‍ വേണം. പൌലോസിന്‍റെ ലേഖനങ്ങളോട്  കിടപിടിക്കുന്നതായി അതൊക്കെയല്ലേ ഉള്ളൂ. വെളിപാടിന്‍റെ പുസ്തകങ്ങള്‍ വേണ്ടെന്നു വെച്ചിട്ട്, കാഞ്ഞിരപ്പള്ളിയില്‍നിന്നുള്ള ഉള്‍വിളിയുടെ പുസ്തകം  ചേര്‍ക്കണം; അതില്‍ മോണിക്കയുടെ ആഭിമുഖ്യത്തില്‍ ശിക്ഷ്യന്മാര്‍ മെത്രാനെതിരായി കളിക്കുന്ന കേസിന്‍റെ വിശദാംശങ്ങളും, അറക്കല്‍ തിരുമനസ്സ് ദീപികയുടെ ആധാരവുമായി തെക്ക് വടക്ക് നടന്ന സംഭവവും ചേര്‍ക്കണം. ചക്യാത്ത് റോമിന് രെജിസ്റ്റര്‍ ചെയ്തയച്ച  കത്തും ചേര്‍ക്കുന്നത് നല്ലത്. അതില്‍ ഞാറക്കല്‍ സ്കൂള് പിടിച്ചെടുത്ത സംഭവവും അവിടെ ഒരു കന്യാസ്ത്രിയെ ആരോ ബസ്സില്‍ നിന്ന്  തള്ളിയിട്ട സംഭവവും  കനാസ്ത്രികളുമായി രൂപത നടത്തിയ സംവാദവും (അശ്ലീലമായിട്ടുള്ളതുണ്ടെങ്കില്‍ വേണ്ട, പള്ളിയില്‍ വായിക്കനുള്ളതല്ലേ?) ഒക്കെ ഉണ്ടെങ്കില്‍ ഭാവിയില്‍ ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് ഈ സുവിശേഷമായിരിക്കും.

തൃശ്ശൂര്‍ മെത്രാന്‍റെ ലേഖനം ഇടണമെന്നില്ല (വിശ്വാസികള്‍ അരമന ഗെയിറ്റുങ്കല്‍ വന്നു നിന്ന് കൂവിയെന്നും, വികാരി ജെനറാളിനെ പൊലീസ് കുമ്പസ്സാരിപ്പിച്ചുവെന്നും, തലോറില്‍, പള്ളിയില്ലാതെ ലോകത്ത് ആദ്യമായി ഒരിടവക നിലവില്‍ വന്നെന്നുമൊക്കെ എന്തിനാ എല്ലാരും അറിയുന്നത്?) ആനിക്കുഴിക്കാട്ടില്‍ ആണെങ്കിലും പര്സ്ഥിതി ലോലമാണെന്നു കരുതി അങ്ങേരെ ഉപേക്ഷിക്കരുത്. കുഞ്ചിത്തണ്ണിയെന്ന കൊച്ചു ഗ്രാമത്തില്‍ നാട്ടുകാര്‍ പിരിവെടുത്തു തുടങ്ങിയ ഇംഗ്ലിഷ് മീഡിയം സ്കൂളിന്‍റെ തൊട്ടു  മുറ്റത്ത് അരമന വക ഒരെണ്ണം കൂടി സ്ഥാപിച്ചു ശത്രുക്കളോടു പൊറുക്കുന്നതെങ്ങിനെയെന്നു തെളിയിച്ച വിശുദ്ധനാണ് അദ്ദേഹം. നിലവിലെ എം.പി ആയ പി.റ്റി തോമസിനെ വട്ടം കറക്കുകയും മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തയാളുമാണ് അദ്ദേഹം. ഇടുക്കിയെന്നു കേള്‍ക്കുമ്പോഴേ വിശ്വാസികളുടെ സിരകളില്‍ കൂടി കരണ്ട് ഒഴുകാന്‍ തുടങ്ങിയത്‌ അദ്ദേഹത്തിന്‍റെ വരവോടെയാണ്.

ചങ്ങനാശ്ശേരിക്കാരെ ഒരു കാരണവശാലും ഉപേക്ഷിക്കരുത്. ആവശ്യമില്ലാത്ത അവയവങ്ങള്‍  മുഴുവന്‍ സംഭാവന ചെയ്യാന്‍ രൂപതാതല പൊതുയോഗം കൂടി തീരുമാനിച്ചത്‌ ചങ്ങനാശ്ശേരിയില്‍ മാത്രമാണെന്നോര്‍ക്കണം (ഇതിന്‍റെ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നറിയുന്നു – ലിസ്റ്റില്‍ കൊടുക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന അവയവങ്ങളുടെ ഫോട്ടോയും വിശദാംശങ്ങളും കാണുമായിരിക്കണം). ശതോത്തര ജൂബിലി യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം രൂപതയടച്ചു പൂര്‍ണ്ണ ദണ്ഡവിമോചനം കൊടുത്തതും ചങ്ങനാശ്ശേരിയില്‍ തന്നെ. എല്ലാ കുടുംബത്തിലും തന്നെ ഏതെങ്കിലും കേസില്‍പ്പെട്ട ഒരാളെങ്കിലും കാണുമെന്നുള്ള ജനസംസാരം ഒരു പോരായ്കയായി പരിഗണിക്കരുതെന്ന് അപേക്ഷിക്കുന്നു.

പറ്റുമെങ്കില്‍ ഒരല്മായന്‍റെ ലേഖനം കൂടി ചേര്‍ക്കുന്നതു നല്ലത്. ഓശാനയിലോ അത്മായാ ശബ്ദത്തിലോ വന്നതാണെങ്കില്‍ അതിന്‍റെ വായനക്കാരും മാനസാന്തരപ്പെടാന്‍ ഇടയുണ്ട്; പ്രത്യേകം എഡിറ്റിംഗും വേണ്ടിവരില്ല.
   
പള്ളികളില്‍ ഇപ്പോഴുള്ള മൂന്നു വായനയെന്നത് നാലോ അഞ്ചോ വായനായാലും കുഴപ്പമില്ല, എത്ര കേട്ടാലും മതി വരില്ലല്ലോ നാലും അഞ്ചും വായനകള്‍. മൊത്തം പത്തറുപത്തിനാല് പുസ്തകങ്ങള്‍ ഉണ്ടല്ലോ ബൈബിളില്‍. ആകെ എണ്ണം കൂടുന്നുവെന്ന് തോന്നിയാല്‍ മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങള്‍ വേണ്ടെന്നു വെക്കാം. പുതിയ സുവിശേഷം ഇപ്രകാരം അച്ചടിച്ചാല്‍ മാത്രം പോരാ, കുറെ ഇഫക്റ്റ് കിട്ടാന്‍ അതിന്‍റെ നാലുവശത്തും തിരി കത്തിച്ചു വെയ്ക്കണമെന്നും, വൈദികന്‍ അത് തുറക്കുമ്പോള്‍ വല്യമണി തന്നെ അടിക്കണമെന്നും ഒരു കതിനാ വേണമെന്നും തീരുമാനിക്കണം.

ഇതിന്‍റെ കുറെ കോപ്പികള്‍ ചുരുളിലെഴുതി അല്ലെലൂജാലോല പ്രദേശങ്ങളില്‍ കുഴിച്ചിടണം. ഒരു രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞു ഇതാര്‍ക്കെങ്കിലും കിട്ടിയാല്‍ രക്ഷപെട്ടില്ലേ നമ്മള്‍. ചരിത്രത്തില്‍ നമ്മുടെ ബ്രഹ്മാണ്ടന്‍ പള്ളികളെപ്പറ്റിയും കെട്ടിടങ്ങളെപ്പറ്റിയും പരാമര്‍ശമുണ്ടായേക്കാം. സിവില്‍ സപ്ലൈസിന്‍റെ വിറ്റുവരവുമായി ബന്ധപ്പെടുത്തി ചില നിഗമനങ്ങളും ഉണ്ടായേക്കാം. അത് തിരുത്താന്‍, കാഞ്ഞിരപ്പള്ളി പഴയ പള്ളി പെയിന്റടിക്കാന്‍ വെറും 750 രൂപയ്ക്കു വേണ്ടി നാം എത്രമാത്രം ആയാസപ്പെട്ടുവെന്നതും, കത്തിദ്രല്‍ പള്ളി ഒരു കോടിയിലേറെ രൂപാ മാസം തോറും പലിശയിനത്തില്‍ അടയ്ക്കുന്നുവെന്നതും കാണിച്ചു ഫെയിസ് ബുക്കില്‍ വന്ന പോസ്ടറുകള്‍ മുഖ ചിത്രമായി കൊടുക്കാം. പ്രസാധക കുറിപ്പില്‍ കാഞ്ഞിരപ്പള്ളി കോളേജില്‍ അധ്യാപക ജോലിക്ക് വെറും 25 ലക്ഷം മാത്രമേ കോഴ വാങ്ങിയുള്ളൂവെന്നു പ്രത്യേകം പറയണം. രണ്ടായിരം വര്ഷം കഴിഞ്ഞാല്‍ ലക്ഷം എന്നത് പൈസാക്ക് തുല്യമാകുമല്ലോ. 
ഇനി അങ്ങോട്ട്‌ ഇത്തിരി സ്ടണ്ടും സെക്സുമോന്നുമില്ലാതെ ഒരു പുസ്തകവും വില്‍ക്കാന്‍ പോകുന്നില്ല. അതിനു കാഞ്ഞിരപ്പള്ളി വിട്ട് ഒരിടത്തും പോകണ്ടാ. വികാരി മദര്‍ സുപ്പിരിയറിനെ ആരാധിച്ചതും, ചെന്നാക്കുന്നു പള്ളിയില്‍ നിന്ന് മുതുപാതിരാക്ക്‌ വികാരിയച്ചനും നാടക നടിയും കൂടി അരമനയിലേക്ക് വിലാപ യാത്ര നടത്തിയതുമൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞാല്‍, സംഗതി ക്ലീന്‍.   പഴയിടത്തെ കപ്യാരെ ചുരുട്ടികൂട്ടി ഒതുക്കിയതും, 8 വര്ഷം കത്തിദ്രല്‍ പള്ളിയിലെ സണ്ടേ സ്കൂള്‍ അദ്ധ്യാപികയായിരുന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ ഒത്തു കല്യാണം മുടങ്ങാന്‍ ഇടയായ സംഭവുമൊക്കെ ഉപസംഹാരത്തില്‍ കൊടുക്കാം. ഇടവകയിലെ യുവജന സംഘടന മരവിപ്പിക്കേണ്ടി വന്ന സംഭവങ്ങളും ചേര്‍ക്കാം. സമ്പൂര്‍ണ്ണ ബൈബിള്‍ എന്നാ പേര് മാറ്റി ബൈബിള്‍ കഥകള്‍ രണ്ടാം ഭാഗമെന്നു പേരിടുന്നതായിരിക്കും ഉചിതം.

ആര്‍ക്കെങ്കിലും ഇത് സംബന്ധമായി അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ഇക്കൂടെ ചേര്‍ത്തു ഒരുമിച്ചു നമുക്കയക്കാം. 

2 comments:

  1. സത്യവേദ പുസ്തകത്തിൽ സത്യമല്ലാതെ മറ്റൊന്നും എഴുതാനാവില്ലല്ലോ! ആയതിനാൽ ,മെത്രാന്മാരുടെ കഴുത്തിലണിഞ്ഞ കുരിശുകൾ കർത്താവിന്റേതാണെന്നു ആരും തെറ്റിദ്ധരിക്കാൻ ഇടവരാതിരിക്കാൻ , അവ ഇരുഭാഗകള്ളന്മാരുടേതു തന്നെയാണെന്നും ചേർത്താൽ ഉത്തമം ! സോദോമിനെ നാണിപ്പിക്കുന്ന സ്വവര്ഗ രതിവീരന്മാരാണു പുരോഹിതവൃന്ദം എന്ന് പ.പോപ്പും സമ്മതിച്ചതിനാൽ ആനഗ്നസത്യം പുതിയ ബൈബിളിൽ ചേർക്കുന്നതും ഉചിതം ! കർത്താവ് മനസിൽപോലും കാണാത്ത കുമ്പസാരക്കൂട്ടിലിട്ടു സ്ത്രീമനസുകൾ പീഢനംചെയ്യാൻ വിരുതന്മാരാണു പുരോഹിതവര്ഗം എന്നതും ഭാവിയിൽ പ്രശംസനീയമാകും എന്നതുകൊണ്ട്‌ ആഢുചെയ്യാൻ മറക്കരുതേ..

    ReplyDelete
  2. പാലായിൽ കൂടുന്നത് വെറും മെത്രാൻ സിനഡ് അല്ല, സിബിസിഐ (കാത്തലിക് ബിഷപ്സ് കോണ്ഫെറൻസ് ഇന്ത്യയുടെ സിനഡ് ആണ്. ഇക്കാര്യം എനിക്കും അറിയില്ലായിരുന്നു. സീറോ മലബാർ സിനഡ്, ലത്തീൻ ബിഷപ്സ് സിനഡ് എന്നൊക്കെ വേറെയും ഉണ്ട്. എല്ലാം അല്മായരെ കൊല്ലാനുള്ള സൈനൈഡ്‌ നിർമ്മിക്കുന്ന കമ്പനികളാണ്.

    ബൈബിൾ കഥകൾ രണ്ടാം ഭാഗം എല്ലാവർക്കും വായിക്കാനുള്ള വക നൽകുമെന്നു തന്നെയാണ് റോഷന്റെ വിവരണം കേട്ടിട്ട് തോന്നുന്നത്. ഒരു സാഹിത്യപ്രവാഹം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഏതായാലും അഖില ഭാരത മെത്രാൻ സമ്മേളനത്തിന് കേരള അൽമായ അസ്സംബ്ലി സമർപ്പിച്ച നിവേദനങ്ങൾ എന്നൊരു നീണ്ട അദ്ധ്യായത്തിനുള്ള ഇട ഇട്ടേയ്ക്കണം എന്ന് മാത്രമേ ഇപ്പോൾ ഞാൻ നിർദേശിക്കുന്നുള്ളൂ. മെത്രാന്മാരും അവരുടെ ശിങ്കിടികളും പാവം കുഞ്ഞാടുകളോട് ചെയ്തുകൂട്ടിയ ആയിരക്കണക്കിന് ദ്രോഹങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞു മെത്രാന്മാരെ അഭിമുഖീകരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പും ചേർക്കുന്നത് പുസ്തകം വിറ്റഴിയാൻ സഹായിക്കും.

    ReplyDelete