Translate

Sunday, December 29, 2013

കത്തോലിക്കാസഭയും ഹോമിയോപതിയും

ഏതസുഖം വന്നാലും ഹോമിയോപതി വൈദ്യന്മാരെ സമീപിക്കുന്ന ധാരാളമാളുകൾ നമ്മുടെയിടയിലുണ്ട്. എന്നാൽ എന്താണ് ഈ ചികിത്സാരീതിയുടെ പിന്നിലുള്ള തത്ത്വമെന്ന് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ? അതെന്താണെന്നറിയാവുന്നവർപോലും അതിലെ പോഴത്തം തിരിച്ച്ചറിയുന്നില്ല എന്നത് വിചിത്രം തന്നെ. അതായത് ഒരൗഷധസത്തെടുത്ത്, അതിനെ കഴിയുന്നത്ര - ആയിരമോ, പതിനായിരമോ, ഒരു ലക്ഷമോ തവണ - നേർപ്പിക്കുക. എത്രയധികം നേർപ്പിക്കുന്നോ ആത്രയുമധികമായിരിക്കും ഹോമിയോപതി മരുന്നിന്റെ രോഗനിവാരണശക്തി (potency ) എന്നാണ് തത്ത്വം. ഇതിലെ അബദ്ധം മനസ്സിലാക്കിത്തരാൻ ഒരു ചിന്തകൻ പറഞ്ഞ ഒരു തമാശയിങ്ങനെ. വൈദ്യൻ നിശ്ചയിച്ച അളവിനേക്കാൾ വളരെക്കൂടുതൽ ഹോമിയോ മരുന്ന് അകത്തുചെന്നതിനാൽ (over dose) അദ്ദേഹത്തിന്റെ സുഹൃത്ത് മരണമടഞ്ഞു. എന്നുവച്ചാൽ, അയാൾ മരുന്നെടുക്കാനേ മറന്നുപോയി എന്ന്. ഇതിലെ നർമ്മം പിടികിട്ടാൻ പലർക്കും അല്പം ചിന്തിക്കേണ്ടി വരും. അതായത്, ഔഷധഗുണം എത്ര നേർപ്പിക്കുന്നോ അത്രയും ശക്തി കൂടുമെന്നാണെങ്കിൽ, ഓഷധാംശം ഒട്ടും ഇല്ലാതാകുന്നതു വരെ നേർപ്പിക്കുന്നതോ, ഒട്ടും കഴിക്കാതിരിക്കുന്നതോ ആയിരിക്കണമല്ലോ ഏറ്റവും കൂടുതൽ പ്രവർത്തനം കാഴ്ചവയ്ക്കുന്നത്! അധികമായാൽ അമൃതും വിഷം എന്നാണല്ലോ.

28.12.2013 രണ്ടു മണിക്കാണ് പാലാ മെത്രാസനത്തിൽനിന്ന് യേശുവിന്റെ പ്രതിപുരുഷന്മാർ' അടിവാരമെന്ന പ്രകൃതിരമണീയമായ പശ്ചിമഘട്ടത്താഴ്വരയിൽ അഞ്ചുകോടിയിലേറെ ചെലവാക്കി ഒരു പുതിയ പള്ളി പടുതുയർത്തിയ ഇരുന്നൂറ്റി ഇരുപതോളം കുടുംബങ്ങൾക്കും അവരുടെ ചെറുപ്പക്കാരൻ വികാരി സ്കറിയാ വേകത്താനത്തിനുമുള്ള മുഖസ്തുതികളുടെ രത്നഫലകങ്ങളുമായി എത്തിയത്. യേശു യെരൂസലേം ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെ ഓടിച്ചെങ്കിൽ, ഇന്ന് അവിടുത്തെ 'പ്രതിനിധികൾ' ചെയ്യുന്നത് കോടികൾ മുടക്കിയുണ്ടാക്കുന്ന പള്ളികളിലൂടെ അവരുടെ ഭക്തിക്കച്ചവടം വ്യാപിപ്പിക്കുകയാണ്.

ഹോമിയോപതിയുടെ കാര്യം പറഞ്ഞുവന്നത്, കത്തോലിക്കാസഭയിൽ ഇന്ന് സംഭവിച്ചിരിക്കുന്ന മൂല്യച്ചുതിയെ അതിനോട് ഉപമിക്കാൻ വേണ്ടിയാണ്. മനുഷ്യനെ കൂടുതൽ മനുഷ്യത്വമുള്ള മെച്ചപ്പെട്ട ഒരു നിലയിലേയ്ക്ക്, അതുവഴി ദൈവിക തലത്തിലേയ്ക്കുതന്നെ, ഉയര്ത്താൻ കഴിയുന്ന സത്യങ്ങൾ പഠിപ്പിച്ചുതന്നിട്ടാണ് യേശു പോയത്. ആ സത്യങ്ങൾ അവയുടെ വീര്യം നഷ്ടപ്പെടുത്താതെ ആദിമസഭയിൽ നിലനിന്നിരുന്നു. എന്നാൽ സാവധാനം അവയിൽ മായം ചേർത്ത് നേർപ്പിക്കാൻ നോക്കിയവർ ധാരളമുണ്ടായി. വന്നുവന്ന് സത്യത്തിന്റെ അംശം ഇപ്പോൾ ആദ്യത്തേതിന്റെ ഒരു കോടിയിലൊന്നുപോലും ഇല്ലെന്ന അവസ്ഥയായിട്ടുണ്ട്. അതിനുള്ള ഒരു നല്ല ഉദാഹരണമാണ് പാലാരൂപതയുടെ മെത്രാൻ ജോസഫ് കല്ലറങ്ങാട്ട് അടിവാരത്തെ ദേവാലയകൂദാശയുടെ സന്ദർഭത്തിൽ നടത്തിയ പ്രഭാഷണം. സംസാരം മുഴുവൻ ബൈബിളിനെ ആധാരമാകിയാണെന്ന പ്രതീതി തരികയും അതേസമയം ബൈബിളുമായി യാതൊരുവിധ ബന്ധവും ഒട്ടില്ലാതെയും. എല്ലാ പള്ളിപ്രസംഗങ്ങളും ഏതാണ്ടിത്തരമാണ്. സത്യത്തിന്റെ ഒരംശം പോലും ഒരിടത്തുമില്ല. എല്ലാം ആയിരമോ പതിനായിരമോ തവണ നേര്പ്പിച്ചെടുത്ത പരുവത്തിലായിരിക്കും വിശ്വാസികളിലെത്തുക. യേശുവിന്റെ സന്ദേശത്തിന്റെ പൊടിപോലും വൈദികരുടെ വാക്കുകളിൽ കണ്ടെത്താനാവില്ല എന്നതാണ് സത്യം.

അടിവാരം പള്ളി വെഞ്ചെരിപ്പിന് പണ്ഡിറ്റ്‌ കല്ലറങ്ങാട്ട് ചെയ്ത പ്രസംഗത്തിന്റെ കോരിത്തരിപ്പിക്കുന്ന ഭാഗങ്ങൾ ചുരുക്കിയെഴുതാം. കന്യകാമറിയമാണ് പള്ളിയുടെ മദ്ധ്യസ്ഥ. അതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന്റെ പ്രസംഗത്തിൽ മാതാവായിരുന്നു താരം. താരസ്തുതികൾ ഇങ്ങനെ പോകുന്നു. യേശുവിനെ സൂക്ഷിച്ചിരുന്ന ഗർഭപാത്രവും സക്രാരിയും മേരിയായിരുന്നതുപോലെ, സഭയാണ് ഇന്ന് യേശുവിനെ സൂക്ഷിക്കുന്ന ഗർഭപാത്രവും സക്രാരിയും. (യേശുവിനെ സഭയിൽ അല്ലെങ്കിൽ അതിനു വെളിയിൽ ഒരിടത്തും കാണാനില്ലാത്തത് അതുകൊണ്ടാകാം!) മേരി ഒരു കാലിത്തൊഴുത്ത് യേശുവിന്റെ വീടാക്കിത്തീർത്തതുപോലെ, അടിവാരം വികാരി ഇവിടുത്തെ പിള്ളക്കച്ചകളായ ഓരോ ഇടവകാംഗത്തെയും ചേർത്ത് 'പിരിച്ച്' ദൈവത്തിന് ഒരു വീടുണ്ടാക്കിയിരിക്കുന്നു. അദ്ദേഹം ഓടിനടന്നു ചെല്ലാത്ത സ്ഥലങ്ങളില്ല. വിദേശംവരെ പോയ കാര്യവും മെത്രാൻ എടുത്തുപറഞ്ഞു. അവിടെയും ദൈവമാതാവിന്റെ ഉപമയിൽ നിന്നദ്ദേഹം വിട്ടുപോയില്ല. മേരി 'തിടുക്കത്തിൽ' എലിസബത്തിനെ കാണാൻ പോയതുപോലെയാണ്, ഈ കറിയാച്ചനും കാശിനായി ഓടിനടന്നത്. തീർന്നില്ല, മേരിയെപ്പോലെ ഹൃദയത്തിൽ വേദനയുടെ ഒരു വാളും പേറിയായിരുന്നു ഈ ഓട്ടമെല്ലാം. തന്റെ ഓരോ വാക്കിലൂടെയും ബൈബിൾ കഥകളെ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ് പാലാ മെത്രാൻ! കാനായിലെ കല്യാണത്തിന് മേരി മുൻകൈയെടുത്ത് അവിടെയുള്ള ഓരോ വീട്ടുകാർക്കും വെള്ളത്തിൽ നിന്നുണ്ടാക്കിയ വൈൻ വേണ്ടുവോളം കൊടുത്തതുപോലെ ഈ വികാരിയും സഹകരണത്തിന്റെയും അദ്ധ്വാനത്തിന്റെയും കൈപ്പുള്ള പാഠങ്ങളിലൂടെ ഈ ഇടവകയിലെ ഓരോരുത്തർക്കും സന്തോഷത്തിന്റെ മധുരമുള്ള വൈൻ കൊടുത്ത് ഉന്മത്തരാക്കിയിരിക്കുന്നു. തനിക്കുവേണ്ടിയല്ല, ഈ നാടിനും നമ്മുടെ രൂപതക്കും വേണ്ടി, എന്നാണു രൂപതാമെത്രാൻ ഉരുവിട്ടത്. (അടിവാരം പള്ളിയെ ഒരു തീർഥാടനകേന്ദ്രമാക്കി പ്രഖ്യാപിച്ചാൽ, അരമനക്കുണ്ടാകുന്ന നേട്ടങ്ങൾ, ഇത് പറയുമ്പോൾ, അദ്ദേഹത്തിന്റെ മനസ്സിലൂടെ തിളങ്ങിപ്പോയിരിക്കണം.)

ജോണ്‍ 19,26 ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുടർന്നുപറഞ്ഞത് ശരിക്കും പുരോഹിത ദൈവശാസ്ത്രം തന്നെയായിരുന്നു. കുരിശിന്റെ ചുവട്ടിൽ നിന്നിരുന്ന മേരിയേയും യോഹന്നാനെയും അന്യോന്യം അമ്മയും മകനുമായി ഏല്പ്പിച്ചുകൊടുത്തിട്ട് യേശു പറഞ്ഞത് ഇതോടെ എല്ലാം പൂർത്തിയായി എന്നാണ്. സ്വന്തം അമ്മയെ നമ്മുടെ അമ്മയാക്കിയതാണ് അവിടുന്ന് ചെയ്ത ഏറ്റവും പ്രധാന കാര്യം. ഇനിയെനിക്കൊന്നും പറയാനില്ല, ഇതോടെ എല്ലാം - എനിക്ക് ചെയ്യാനുള്ളതെല്ലാം - തീർന്നിരിക്കുന്നു, എന്നാണ് യേശു ഉദ്ദേശിച്ചത് എന്ന് ഒരു മെത്രാൻ തട്ടിവിടുന്നത് കേട്ട് ഞാൻ അടുത്ത ദൈവശാസ്ത്രസത്യത്തിനായി കാതോർത്തെങ്കിലും പിന്നെയെല്ലാം തന്റെ ശിഷ്യനുംകൂടിയായ വികാരിയച്ചനെക്കുറിച്ചുള്ള പ്രകീർത്തനങ്ങളായിരുന്നു.

കൊച്ചച്ചന്മാർ നല്ല പണസംഭരണകരാണെന്നു തെളിയിച്ചുകഴിഞ്ഞാൽ അവര്ക്ക് നല്ല ഭാവിയുണ്ട്. പടിപടിയായി അവർ മെത്രാൻസ്ഥാനത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കും. തനിക്കും ഈ വഴി തുറക്കപ്പെട്ടിരിക്കുന്നു എന്ന് ഏതാണ്ട് കൃതാർത്ഥതയോടെ ഫാ. സ്കറിയ വേകത്താനത്തിനും വിശ്വസിക്കാം.

13 comments:

 1. ഇപ്പോള്‍ കിട്ടിയ ഒരു ഇ-മെയിലില്‍നിന്ന് :'' .....മറ്റ് യാതൊരു സ്വഭാവദൂഷ്യവുമില്ലാഞ്ഞിട്ടും ഫ്രാന്‍സ് പീറ്ററെന്ന മെത്രാനെ പുറത്താക്കാന്‍ ഫ്രാന്‍സീസ് പാപ്പാക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതിലൂടെ പാപ്പാ കൊടുക്കുന്ന സന്ദേശം എന്താണ്? മെത്രാന്മാര്‍ ലളിതജീവിതം നയിക്കണം. അതായത് അവരുടെ വാസഗൃഹവും, വസ്ത്രവും, വാഹനവും ലളിതമായിരിക്കണം. എന്തിന് അവരുടെ ആരാധനാലയം പോലും ലളിതമായിരിക്കണം. സഭ ദരിദ്രര്‍ക്കുവേണ്ടിയാകണമെന്നു മാത്രമല്ല സഭ തന്നെ ദരിദ്രയാകണമെന്നാണല്ലോ പാപ്പായുടെ ആഹ്വാനം!

  എന്താണ് ഇത്തരമൊരു വാദത്തിന് അടിസ്ഥാനം? സഭയുടെ സ്ഥാപകനും സഭയുടെ മണവാളനുമായ യേശുക്രിസ്തു ജനിച്ചത് കന്നുകാലിത്തൊഴുത്തിലാണ്. മരിച്ചതോ മരക്കുരിശിലും. അതിന്റിടക്കുള്ള അവന്റെ ജീവിതമോ? മനുഷ്യപുത്രന് തല ചായ്ക്കുവാന്‍ ഇടമില്ലെന്നാണ് അവന്‍ തന്നെ അതിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെ ജനനത്തിലും ജീവിതത്തിലും മരണത്തിലും ദരിദ്രനായിരുന്നവന്റെ മണവാട്ടിയായ സഭ അവന് അനുയോജ്യയായിരിക്കണമല്ലോ. മണവാളനേക്കാള്‍ സമ്പന്നയാകാന്‍ മണവാട്ടിക്ക് അര്‍ഹതയില്ലല്ലോ!

  ഫ്രാന്‍സ് പീറ്റര്‍ അങ്ങ് അകലെ ജര്‍മനിയിലാണെന്നു കരുതി നമ്മള്‍ ആശ്വസിക്കരുത്. ഫ്രാന്‍സ് പീറ്റര്‍ ഇവിടെ ഇന്ത്യയിലുണ്ട്, നമ്മുടെ കേരളത്തിലുണ്ട്, നമ്മുടെ രൂപതയിലും ഇടവകയിലും നമ്മുടെ കുടുംബങ്ങളിലുമുണ്ട്. എന്തിന് നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ത്തന്നെയുണ്ട്. ആര്‍ഭാടത്തോടും ആഡംബര ജീവിതത്തോടു മുള്ള താല്‍പര്യം- അതാണ് ഫ്രാന്‍സ് പീറ്റര്‍.

  ഒരു ഭക്ത നേതാവ്. ആത്മീയ പ്രസ്ഥാനങ്ങള്‍ പലതിന്റെയും തലപ്പത്തിരിക്കുന്നയാള്‍. ട്രെയിനില്‍വച്ചാണ് അറിഞ്ഞത് അദ്ദേഹം അടുത്ത കമ്പാര്‍ട്ടുമെന്റിലുണ്ടെന്ന്. ആദരവോടെ ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാന്‍ കമ്പാര്‍ട്ടുമെന്റുകള്‍ കടന്ന് അങ്ങോട്ടുപോയി. തിരിച്ചു വന്നപ്പോള്‍ അന്വേഷിച്ചു- എങ്ങോട്ടാണ് അദ്ദേഹത്തിന്റെ യാത്ര? ആഴ്ചയിലെ കൃത്യമായ ദിവസം കേരളത്തിന്റെ വടക്കുനിന്നും തെക്കോട്ട് ഏ.സി കമ്പാര്‍ട്ടുമെന്റില്‍ യാത്ര തിരിക്കും. എന്തിനെന്നോ? മധ്യകേരളത്തിലുള്ള നിത്യാരാധനാചാപ്പലില്‍ പ്രാര്‍ത്ഥിക്കാന്‍. വൈകുന്നേരം ഏ.സി യില്‍ തന്നെ തിരിച്ചുപോകും. എങ്ങനുണ്ട്? അദ്ദേഹത്തിന്റെ സ്വന്തം പട്ടണത്തിലെങ്ങും പള്ളിയും, പരിശുദ്ധ കുര്‍ബാനയുമില്ലേ ആരാധിക്കാന്‍? നമ്മുടെ പ്രാര്‍ത്ഥനകളെയും ആരാധനാലയങ്ങളെയും നമ്മള്‍ ആഡംബര പൂര്‍ണ്ണമാക്കിയിരിക്കുന്നു! ദൈവത്തെയും പണത്തെയും ഒരുമിച്ച് ശുശ്രൂഷിക്കാനാവില്ലെന്ന് പഠിപ്പിച്ചവന്‍ അന്തിച്ചു നില്‍ക്കും- സ്വര്‍ണ്ണമയമായ നമ്മുടെ തിരുസ്വരൂപങ്ങള്‍ക്കു മുമ്പില്‍ !

  ഫ്രാന്‍സ് പീറ്റര്‍ അകലെയല്ല; നമ്മുടെ അടുത്തു തന്നെയാണ്. അല്ല നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്- എന്റെയും നിങ്ങളുടെയും ഉള്ളില്‍ .

  ReplyDelete
 2. I am copying from a letter to pope from Mr. KC Joseph Kattappuram Kottayam-686603, Kerala, S. Inida, Ph : 04829242132, 9847959395
  ''.....നമുക്കറിയാം കന്യകമറിയം ''കര്‍ത്താവ് നിന്നോടുകൂടെ'' ദൈവവചനത്തില്‍ വിശ്വസിച്ച് പത്തുമാസം ജീവിച്ചപ്പോള്‍ പരിശുദ്ധാത്മാവാണ് ഈ ദൈവവചനത്തെ മാംസമാക്കി മകനായി യേശുവിനെ ജനിപ്പിച്ച് ഇവളെ അമ്മയാക്കിയതെന്ന്. അവളെപ്പോലെ നാമെല്ലാം ഈ ദൈവവചനം ശ്രവിച്ച് പത്തുമാസം ഇത് പ്രാവര്‍ത്തീകമാക്കിയാല്‍ പരിശുദ്ധാത്മാവ് യേശുവിനെ ആത്മാവില്‍ സഹോദരനാക്കി വീണ്ടും ജനിപ്പിക്കുകയും (യോഹ. 3: 5-7) അങ്ങനെ നാം യേശുവിന് സഹോദരരും സഹോദരിമാരും ആകുകയുമാണ്. അതുകൊണ്ട് ഈ വീണ്ടും ജനിക്കു സഹോദരരും സഹോദരിമാരുമാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നവര്‍ (യോഹ.14:23). അതുപോലെ, യേശു നമ്മെ ദൈവരാജ്യം വരാന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ദൈവഹിതവും നാമെല്ലാം യേശുവിന് സഹോദരരും സഹോദരിമാരും അമ്മയും ആകുന്നതാണെന്നും മത്തായി 12:50 വാക്യത്തില്‍ വ്യക്തവുമാക്കുന്നു.!! അതുകൊണ്ട് ഈ ദൈവവചനം പ്രാവര്‍ത്തികമാക്കുത് ദൈവ ഇഷ്ടമാണെന്നും അപ്പോള്‍മാത്രമാണ് നാം ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതെന്ന സത്യവും വെളിപ്പെടുത്തുന്നു. ഇങ്ങനെ കന്യകമറിയത്തിന് മകനായി ജനിച്ച യേശുവിന് നാമെല്ലാം സഹോദരരും സഹോദരിമാരും ആകുന്നത് അവള്‍ക്ക് നാമെല്ലാം മക്കളും അവള്‍ നമുക്ക് അമ്മയും ആകുന്നതിന് സമവുമാണ്!! അതുകൊണ്ട് യേശു കുരിശില്‍ ത ഈ അമ്മ-മകന്‍ സന്ദേശം ഈ കന്യകമറിയത്തെ അനുകരിച്ച് അവളെപോലെ ഈ ദൈവവചനം പ്രാവര്‍ത്തികമാക്കാന്‍ തന്ന മാര്‍ഗ്ഗരേഖ മാത്രമായിരുന്നു!! അത് ദൈവകല്പനകള്‍ ലംഘിച്ച് ഈ തന്റെ അമ്മയോട് പ്രാര്‍ത്ഥിച്ച് പാപം ചെയ്ത് ദെവത്തിന്റെ മനുഷ്യരക്ഷയെ ശിഥിലമാക്കാനായിരുന്നില്ല. .....
  .......ദൈവത്തിന്റെ മനുഷ്യരക്ഷയെ നിഷേധിച്ച് ശിഥിലമാക്കുകയാണ് കൊന്തനമസ്‌ക്കാരം. കാരണം 1. ''പാപികളായ ഞങ്ങള്‍ക്കുവേണ്ടി''യുള്ള ഈ അമ്മയോടുള്ള പ്രാര്‍ത്ഥന പശ്ചാത്തപിച്ച് ദൈവകല്പനകള്‍ക്ക് വിധേയരായി ''കര്‍ത്താവു (യേശു) നിന്നോടുകൂടെ'' ദൈവവചനം ശ്രവിക്കാനുള്ള അവസരം വിശ്വാസികള്‍ക്ക് ഇത് നിഷേധിക്കുകയാണ്. 2. നാം പാപികളാകുത് ദുഃഷ്ടാരൂപി നമ്മില്‍ ആവസിച്ച് പാപം ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോഴാണ്. പശ്ചാത്തപിക്കാത്ത പാപിയോടുകൂടെ സഹോദരനായി ഈ ദുഃഷ്ടാരൂപി കൂടെ വസിക്കുകയുമാണ്. അതുകൊണ്ട് ഈ ജപമാല നമ്മെ ദുഷ്ടാരൂപികളാല്‍ അഭിഷിക്തരാക്കി ദൈവത്തിന്റെ ഇമ്മാനുവേല്‍ സംവിധാനത്തെ പ്രതിരോധിക്കുകയുമാണ്. ഈ ജപമാല നമ്മെ സാത്താന്റെ എതിര്‍ക്രിസ്തു രാജ്യത്തിലാക്കുന്ന സാത്താന്‍ പൂജയും ഒപ്പം ഇത് ദൈവരാജ്യത്തിനെതിരായ പ്രതിഷേധപ്രകടനവും ആണ്!! ഇതു നിര്‍ത്താതെ ദൈവരാജ്യം ഇവിടെ വരില്ല. ദൈവത്തോടല്ലാതെയുള്ള എല്ലാ പ്രാര്‍ത്ഥനകളും ഉടന്‍ നിരോധിക്കുക. നന്ദി !!

  ReplyDelete
  Replies
  1. കാനായിലെ കല്യാണനാളിൽ വീഞ്ഞ് തീർന്നുപോയ സംഭവത്തിൽ നടത്തിയ ഇടപെടലാണ് മാദ്ധ്യസ്ഥങ്ങളുടെ Head of the Department ആയി അമ്മ മേരിയെ അവരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമായി കണക്കാക്കുന്നത്. ആ സംഭവത്തിൽ അമ്മ ഗുണപരമായി ഇടപെട്ടു, ശരിയാണ്, അവർക്കു വീഞ്ഞില്ലയെന്ന് യേശുവിനോട് അവർ പറയുന്നുണ്ട്. പിന്നീട്, അമ്മയും മകനും തമ്മിലുള്ള ധാരണയിൽ നിന്ന്, ആവശ്യക്കാർക്കും അമ്മമേരിക്കും ഇടയിൽ രേഖപ്പെടുത്തപ്പെട്ട ഏക സംഭാഷണം ഇതാണ് : “അവൻ പറയുന്നതുപോലെ ചെയ്യുവിൻ“ ! അവർ ആറ് കൽഭരണികളിൽ വക്കോളം വെള്ളം നിറച്ചു, ആ വെള്ളം വീഞ്ഞായി മാറി! ഇപ്പോഴും എപ്പോഴും മരണസമയത്തും അമ്മമേരിക്ക് ഇത്രയേ പറയാനുള്ളൂ : "അവൻ പറയുന്നതുപോലെ ചെയ്യുവിൻ”! മാദ്ധ്യസ്ഥം എന്ന ലേബലിൽ, ഈ പറയുന്നതു പോലെ അമ്മ മേരി എന്താണിവിടെ ചെയ്തത്? ആ വാക്കിന് മറ്റൊരു അടരുകൂടിയുണ്ടെന്നൊരു പാഠമാണത്; ‘ചെയ്യേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തുക’ എന്ന പാഠം. “വക്കോളം നിറച്ചു” എന്നത് ഏതാണ്ട് അതിന്റെയൊക്കെ ഒരു സൂചനയായിരിക്കണം.

   എന്നാൽ, ചെയ്യേണ്ട കാര്യങ്ങൾ തിരിച്ചു മാതാവിനെ ഓർമപ്പെടുത്തുന്ന മട്ടിലാണ്‌ ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ്! ‘പാപികളായ’ ഞങ്ങൾക്ക് വേണ്ടി എപ്പോഴും അപേക്ഷിച്ചു കൊണ്ടിരിക്കാൻ മാതാവിനെ ഓർമപ്പെടുത്തിയില്ലെങ്കിൽ എല്ലാമുടനെ അവതാളത്തിലായേക്കും. ഒരു നിമിഷാർദ്ധത്തിലെങ്കിലും സർവശക്തനായവന്റെ പരിപാലനയുടെ മഹത്വവും ദൃടതയും വിവേചിക്കാനോ അനുഭവിച്ചറിയാനോ കഴിയാത്തവരാണ് സ്വയമൊരു യാചകവേഷം കെട്ടി, താൻപോലും ശ്രദ്ധിക്കാൻ ഇടയില്ലാത്ത കുറെ പ്രാർത്ഥനകളും “ചൊല്ലി എത്തിച്ച്", സംരക്ഷണത്തിനും സുസ്ഥിതിക്കുമായി അഹോരാത്രം അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭിക്ഷാടനത്തിന് പിന്നിൽ വലിയൊരു ദൈവശാസ്ത്രവുമുണ്ട് എന്നതാണ് ഏറെ വിചിത്രമായ വസ്തുത! കുരിശിൻ ചുവട്ടിൽവച്ച് വിധവയും നിരാലംബയുമായ തന്റെ അമ്മയെ പ്രിയശിഷ്യന് ഏൽപ്പിച്ചു കൊടുത്തത്, ‘അമ്മമേരിയെ മാനവരാശിയുടെ മുഴുവൻ അമ്മയായി അവരോധിച്ചതിന്റെ പ്രതീകാത്മകമായ സംഭവമാണ്' എന്നതാണ് ആ മഹത്തായ ദൈവശാസ്ത്രം. അങ്ങനെയാണ് പത്രോസാകുന്ന പാറയ്ക്ക്, സഭയ്ക്, മാതാവാകുന്ന സ്വർഗ്ഗീയ ഏജൻസി അനുവദിച്ചു കിട്ടുന്നത്!

   “ഇതെന്റെ ശരീരമാകുന്നു വാങ്ങി ഭക്ഷിക്കുവിൻ, ഇതെന്റെ രക്തമാകുന്നു വാങ്ങി കുടിക്കുവിൻ”, എന്നു ക്രിസ്തു തന്റെ അന്ത്യത്താഴമേശയിൽ അരുളിച്ചെയ്തത് ഒരു പ്രതീകാത്മക സംഭവമേയല്ല, മറിച്ച്, മനുഷ്യരെല്ലാം നരഭോജികളാകാനുള്ള ക്ഷണമായിരുന്നു. എന്തോ, ഒരു ദൈവശാസ്ത്രത്തിനുള്ള സ്കോപ് സഭയവിടെ കണ്ടില്ലായിരിക്കാം. ക്രിസ്തുവിനെ ഭക്ഷിക്കുകയെന്നാൽ, ക്രിസ്തുവിനെ, അവന്റെ അവബോധങ്ങളെ ജീവിക്കുക എന്നതാണെന്നൊരു ആത്മശാസ്ത്രം രൂപപ്പെടുത്താൻമാത്രം പ്രകാശമില്ലാതെ പോയി സഭയ്ക്ക്. “ഞാൻ നിങ്ങളോട് പറഞ്ഞ വചനങ്ങൾ ആത്മാവും ജീവനുമാണ്, എന്നിൽ നിന്ന് കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല”. സഭ ഇന്നു ചെയ്യുന്നതുപോലെ, ‘വിശുദ്ധബലി’ എന്നൊക്കെ വിളിക്കുന്ന ചില അന്ധമായ ആവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണോ ഈ വാക്കുകൾ ? സത്യത്തിൽ, മൃതമായ ദൈവസങ്കൽപ്പങ്ങളിൽ നിന്നും അതിന്റെ ദല്ലാളുകളിൽ നിന്നുമുള്ള മോചനം എന്നയർത്ഥത്തിലാണ് വിമോചനവും, രക്ഷയും, ദൈവരാജ്യവുമൊക്കെ പ്രസക്തമാകുന്നത്.

   Delete
 3. എല്ലാ വാണിജ്യതന്ത്രങ്ങളുടെയും മനശാസ്ത്രം വ്യക്തിക്ക് അനുയോജ്യവും ഉത്തമവുമായ ഒരു “പരിവേഷം” സൃഷ്ടിക്കലാണ്. ഇവിടെ, കോടികൾ മുടക്കി മനുഷ്യൻ തന്നെ നിർമ്മിച്ചു വെക്കുന്ന മണിമാളികകളാണ് ദൈവികസാന്നിധ്യം അവകാശപ്പെടുന്നതും അവ ആരാധനാലയങ്ങളായും പിന്നീട് തീർഥാടന കേന്ദ്രങ്ങളുമൊക്കെയായി മാറുന്നതും അല്ലെങ്കിൽ മാറ്റുന്നതും! മനുഷ്യസൃഷ്ടമായ എന്തിലും പരിവേഷം ആരോപിക്കപ്പെടുന്നെങ്കിൽ അതിന് വേറെ അർത്ഥങ്ങളൊന്നുമില്ല; ‘വരുമാനം' എന്നു മാത്രമാണ്! “വിശ്വസിക്കാൻ “ മനുഷ്യന് സഹജമായൊരു പ്രേരണയുള്ളതുകൊണ്ട് ഒരു ‘Make belief’ ആണ്, ഉത്തമമായതോ ദിവ്യമായതോ ആയ ഒരു പരിവേഷ നിർമ്മാണമാണ് ഇവിടെയൊക്കെ സംഭവിക്കുന്നത്‌ എന്നു പ്രാഥമിക നിരീക്ഷണത്തിൽ വെളിപ്പെടുന്നതാണ്. സൂക്ഷ്മ നിരീക്ഷണത്തിൽ, വിപണിയും മതാനുഷ്ടനങ്ങളും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നു കാണാം . അതായത്, കംബോളത്തിന്റെയും മതാനുഷ്ടാനങ്ങളുടെയും അടിസ്ഥാന ചാലകശക്തിയും സൈക്കോളജിയും ഒന്നാണ് എന്നു ചുരുക്കം!

  ReplyDelete
  Replies
  1. കത്തോലിക്കാ സഭ എന്നും നിന്നത് വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ തന്നെയാണ്. ഒരു പ്രധാന കാരണം ഇങ്ങിനെയൊരു കൂട്ടയ്മയല്ലാ യേശു ഉദ്ദേശിച്ചത് എന്നത് തന്നെ. ഓരോന്നും പറയുമ്പോള്‍ വി.ഫ്രാന്‍സിസ് അസ്സീസ്സിയുടെ ജീവിതത്തില്‍ നിന്നുള്ള ഇതളുകള്‍ ഉദ്ദരിക്കുവാന്‍ ഞാന്‍ താത്പര്യപ്പെടുന്നത്, അദ്ദേഹം രണ്ടാം ക്രിസ്തുവെന്നു സഭയില്‍ അറിയപ്പെടുന്നുവേന്നതോ ബഹുമാനിക്കപ്പെടുന്നുവെന്നതോ മാത്രമല്ല, സഭയുടെ മാതൃകയായി അദ്ദേഹം അവരൊധിക്കപ്പെട്ടിരിക്കുന്നുവെന്നതു കൂടിയാണ്. വി. ഫ്രാന്സിസിനെ അനേകര്‍ അനുഗമിക്കുകയും അദ്ദേഹം അവര്‍ക്ക് വേണ്ടി ഒരു സമൂഹം തന്നെ ആഗ്രഹിക്കുമുണ്ടായിയെന്നതും ചരിത്രം. അക്കൂട്ടത്തില്‍ ഒരു അധികാര ദാഹിയുമുണ്ടായിരുന്നു, ഏലിയാസ്. അയാള്‍ അക്ഷരാര്‍ഥത്തില്‍ ആ സമൂഹത്തെ ഭ്രമിപ്പിച്ചുവെന്നും നാം കാണുന്നു. വി. ഫ്രാന്‍സിസ് പലപ്രാവശ്യം അത് സൂചിപ്പിച്ചിട്ടും അദ്ദേഹം അതില്‍ നിന്ന് പിന്മാറിയില്ല ആ സമൂഹത്തെ രണ്ടായി പിളര്ക്കുകയാണ് അദ്ദേഹം ചെയ്തത്. വി. ഫ്രാന്‍സിസിന്‍റെ അവസാന നാളുകളില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്ന ഏലിയാസിനോട് വി. ഫ്രാന്‍സിസ് പറയുന്നു.
   "നമ്മുടെ സഹോദര കൂട്ടായ്മയെ തെറ്റായാണ് നീ നയിച്ചതെന്ന് ഞാന്‍ പറയുന്നതിന് ദൈവം എന്നോട് ക്ഷമിക്കട്ടെ. ദാരിദ്ര്യത്തെ നീ നിഷ്കാസനം ചെയ്തു. നമ്മുടെ കൂട്ടായ്മയുടെ ശരിയായ വളര്‍ച്ചക്ക്മ വിഘാതമായ പല ദുര്‍വാസനകള്‍ക്കും നീ അമിത സ്വാത്രന്ത്ര്യം നല്‍കി. ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ശരിയാണെങ്കില്‍ ഒരു വലിയ ആശ്രമം സ്ഥാപിക്കാന്‍ വേണ്ടി നീഫണ്ട് ശേഖരിക്കുകയാണ്. നീ നിന്‍റെ അനുഗാമികളുടെ കാലുകള്‍ പാദുകങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ...ചെന്നായ് നമ്മുടെ ഇടയില്‍ പ്രവേശിച്ചു കഴിഞ്ഞു. നീ ഞങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത് ഏലിയാസ് സഹോദരാ?"
   അതിനു ഏലിയാസ് പറഞ്ഞ മറുപടി കേള്‍ക്കുക.
   "സംഭവിക്കുന്നതെല്ലാം ദൈവേശ്ചയാണെന്ന് എനിക്കറിയാവുന്നതുപോലെ നിനക്കും അറിയാം. കാലം മാറിയിരിക്കുന്നു, അതിനനുശരിച്ചു മനുഷ്യ ഹൃദയവും വ്യത്യാസം വന്നിരിക്കുന്നു; അതിനനുശരിച്ച് ഗുണദോഷങ്ങളുടെ രീതിയും മാറിയിരിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുക, എന്നെയും വിശ്വസിക്കുക, ഞാന്‍ നമ്മുടെ സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്നു."
   യേശു പഠിപ്പിച്ചതും ഇന്ന് ക്രൈസ്തവര്‍ അനുവര്‍ത്തിക്കുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരിക്കാന്‍ ഇടയില്ലെന്ന് അറിയാത്തവര്‍ ഇല്ല. ശ്രി. സാക് ചൂണ്ടിക്കാണിച്ചതുപോലെ ഏതു വചനം എടുത്താലും അത് സാഹചര്യത്തിന് ഇണങ്ങുന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ നാം പഠിച്ചു കഴിഞ്ഞു. പിതാവേ എന്ന് ഭൂമിയില്‍ ആരും വിളിക്കപ്പെടരുതെന്നും, പട്ട് വസ്ത്രങ്ങളുടെ തൊങ്ങലുകളുടെ തിളക്കം കൂട്ടാനും, തല സ്ഥാനത്തു ഇരുത്തി ബഹുമാനിക്കപ്പെടാനും മാത്രം അറിയാവുന്ന നേതാക്കന്മാര്‍ നിങ്ങള്‍ക്കുണ്ടാവുമെന്നും, അവര്‍ നിങ്ങളുടെ തലയില്‍ ഭാരം കയറ്റി വെയ്ക്കുമെന്നുമോക്കെയുള്ള ബൈബില്‍ വാചകങ്ങള്‍ വായിക്കപ്പെടാതിരിക്കാനും ഇവര്‍ ശ്രദ്ധിക്കും. ഒന്നുകില്‍ യേശുവിന്റെയും അനുയായികളുടെയും മദ്ധ്യത്തില്‍ നില്‍ക്കാനുള്ള യോഗ്യത ആര്ജ്ജിക്കുക, അല്ലെങ്കില്‍ ഇടയില്‍ നിന്ന് മാറി നില്‍ക്കുക, അതാണ്‌ വിശ്വാസീസമൂഹം കേരളത്തിലെ അഭിഷിക്തരോട് വ്യാപകമായി ആവശ്യപ്പെടുന്നത്.

   Delete
  2. സ്നേഹം ഒരു വികാരമല്ല, സ്വഭാവമാണ്. മരിച്ചു കിടക്കുന്നവന്റെ വിലാപ്പുറത്തു നിന്നുപോലും രക്തവും ജലവും ഒഴുക്കുന്നതാണെന്ന ക്രിസ്തുഭാഷ്യമാണത്. ‘ഔദ്യോഗികം' എന്ന വാക്കിനു നയതന്ത്രജ്ഞത എന്നൊരു അർത്ഥഭേദം കല്പ്പിക്കാനാകുമെങ്കിൽ, കണ്ണുകെട്ടി തുലാസ് പിടിച്ചു നിൽക്കുന്ന ഒരു നീതിന്യായവ്യവസ്ഥയെയും സങ്കൽപ്പിക്കാനാകും. സഭയിന്ന് ഔദ്യോഗിക സഭയാണ്. അതിൽ, എവിടെയാണ് സ്നേഹം? സ്വയം സ്നേഹമാകാതെ സ്നേഹത്തെ ഉറപ്പിക്കാൻ നമുക്കൊന്നും ചെയ്യാനാവില്ലല്ലോ. അതായത്, സ്നേഹമാണ് ക്രിസ്തുവിന്റെ കൽപ്പനയെങ്കിൽ, ആ മൂലധനമില്ലതെ സഭയെ നമുക്ക് ബോധപൂർവം പണിയാനാകില്ല. അത്തരമൊരു പാഴ്വേലയാണ് രാഷ്ട്രീയ- സാമ്പത്തിക കേന്ദ്രങ്ങളുടെ ഒരുപസംവിധാനം എന്നൊക്കെ വിളിക്കാവുന്ന ഇന്നത്തെ ഈ അധികാര-പണകേന്ദ്രിതമായ ഔദ്യോഗിക സഭ! അങ്ങനെയുള്ള ഒരു സ്ഥാപനത്തിൽ ദാരിദ്ര്യം എന്നൊക്കെ കേൾക്കുന്നത് ഒരു വലിയ ഫലിതമാണ്. മെത്രാന്മാരൊക്കെ ചിരിച്ചു ചിരിച്ചു മടുത്തു എന്നാണ് കേൾക്കുന്നത് !

   “എന്റെ ചെറിയ അജഗണമേ" എന്നാണ് ക്രിസ്തു തന്റെ സഭയെ അഭിസംബോധന ചെയ്തത് . ബോധപൂർവം ഇത്തരം ചില വിലകൾ നല്കാൻ എത്രപേർക്ക് കഴിയുമെന്ന് ക്രിസ്തുവിനറിയാം. ഉള്ളിൽ പാകിയ ഒരു സാദ്ധ്യതയുടെ പേരാണ് ദൈവരാജ്യമെങ്കിൽ, ഭൌതികമായി ഉള്ളത് പങ്കുവെക്കുക എന്നതിലപ്പുറം ക്രിസ്തുവിന്റെ സഭക്ക്, ചിട്ട വട്ടങ്ങളുള്ള, ഐഹികമായൊരു ബദൽ പോലും അനിവാര്യമല്ല. അതിനു വേണ്ടിയുള്ള ശ്രമങ്ങളൊക്കെയും വീണ്ടുമൊരു കറുത്ത ഫലിതമായി ചരിത്രത്തിൽ ശേഷിക്കും. കൂടാതെ, സംഭവിക്കുന്നതെല്ലാം ദൈവേശ്ചയാണെന്ന് സ്ഥാപിച്ച് തങ്ങളുടെ എക്കാലത്തെയും ആർഭാടജീവിതത്തെ സഭാധികാരികൾ ന്യായീകരിക്കുകയും ചെയ്യുന്നുണ്ടാവും.

   Delete
  3. "അങ്ങനെയുള്ള ഒരു സ്ഥാപനത്തിൽ ദാരിദ്ര്യം എന്നൊക്കെ കേൾക്കുന്നത് ഒരു വലിയ ഫലിതമാണ്."

   ദാരിദ്ര്യമെന്നതു അതിൽത്തന്നെ അഭിലഷണീയമല്ലെന്നു നമ്മൾ എടുത്തുപറയേണ്ടതില്ല. അത്യാർത്തിയും അമിതമായ ധൂർത്തും വികലമായ ആഡംഭരങ്ങളും ഒരു വശത്ത്‌ മനുഷ്യത്വത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ അതിനു ബദലായി, ഒരു പ്രതിരോധമായി, ചില സുമനസ്സുകൾ ദാരിദ്ര്യത്തെ വരിക്കുന്നു. ഏവര്ക്കും സുഭിക്ഷമായും സംതൃപ്തമായും കഴിയാൻ വേണ്ടതെല്ലാം പ്രകൃതി തരുന്നുണ്ടെങ്കിലും, കയ്യൂക്കും കാപട്യവും വഴി കുറേപ്പേർ സമ്പത്തെല്ലാം തങ്ങൾക്കായി കവർച്ചചെയ്തു കൂട്ടിവയ്ക്കുകയോ ആവശ്യത്തിലധികമായി വ്യയം ചെയ്യുകയോ ചെയ്യുകവഴി ബാക്കിയുള്ളവർ ഒന്നുമില്ലാത്തവരാകുന്നതിനെയാണ് മനസ്സാക്ഷിയുള്ളവർ എതിർക്കുന്നത്. അതുകൊണ്ടുതന്നെയാണ് സഭയിലും ആര്ഭാടം പാടില്ല, ലാളിത്യം ശീലമാക്കണം എന്നൊക്കെ പോപ്പ് ഫ്രാൻസിസും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്നവരും ആഗ്രഹിക്കുന്നത്.

   അതുകൊണ്ട് തന്നെയാണ് ലളിതമായ ഒരു മലയോരഗ്രാമത്തിന് ഇണങ്ങാത്ത ധൂർത്തോടെ ഒരു പള്ളി ഉയര്ന്നു വരുമ്പോൾ പലരുമതിനെതിരെ സ്വരമുയർത്തുന്നത്. രണ്ടും മൂന്നും കുഞ്ഞുങ്ങളും അക്കൂടെ കൌമാരക്കാരുമുള്ള കുടുംബങ്ങളിൽ പലതിനും ഒരു നല്ല മുറി പോലുമില്ലാത്ത അവസ്ഥയിലാണ് അടിവാരമെന്ന ഗ്രാമത്തിൽ ജനജീവിതം. കുട്ടികള്ക്ക് യൂണിഫോം, പുസ്തകങ്ങൾ, കുട, പുസ്തകസഞ്ചി തുടങ്ങിയവ വാങ്ങാൻ വിഷമിക്കുന്ന ധാരാളം മാതാപിതാക്കളിവിടെയുണ്ട്. ഈ പള്ളി അത്യാവശ്യ സൗകര്യങ്ങളോടെ പുതുക്കിയിട്ട്, ബാക്കി പണവും മനുഷ്യാദ്ധ്വാനവും ഇത്തരം കുടുംബങ്ങൾക്കായി ഉപയോഗിക്കാനുള്ള സുബുദ്ധിയുദിച്ചിരുന്നെങ്കിൽ അത്യാധുനികമായ ഒരു പള്ളി നല്കുന്നതിലും എത്രയോ അധികം സന്തോഷം ഇവിടുത്തെ ഓരോ വീടിനും ഉണ്ടാകുമായിരുന്നു എന്നു ചിന്തിക്കാൻ മാത്രം മനുഷ്യസ്നേഹം ഒരു വികാരിക്കും മെത്രാന്മാർക്കും മനസ്സിലുദിക്കാത്തത് കാതലായ ഒരുൾക്കാഴ്ച്ചയുടെ അഭാവമല്ലേ? എന്തുകൊണ്ടിത്‌ സംഭവിക്കുന്നു എന്നേ ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ കുറിപ്പുകൾ വഴി ഞാൻ ചോദിക്കുന്നുള്ളൂ. വായിക്കേണ്ടവർ ഇതൊന്നും വായിക്കുന്നില്ലെങ്കിൽ അവർക്കെങ്ങനെ വീണ്ടുവിചാരമുണ്ടാകും? ശ്രീ ജെയിംസ്‌ കോട്ടൂരിനെപ്പോലുള്ളവർ മെത്രാന്മാർക്ക് അല്മായർ എഴുതുന്ന പലതും അയക്കുന്നുണ്ട്. അവ കിട്ടിയതായിപ്പോലും തിരിച്ചവർ മിണ്ടുന്നില്ല. ഇത്തരക്കാർക്ക് ചാട്ടവാർ മാത്രമേ ഉപകരിക്കൂ എന്നല്ലേ അല്മായർ മനസ്സിലാക്കേണ്ടതും അതനുസരിച്ച് പ്രവർത്തിക്കേണ്ടതും? ഒരു സംശയവും വേണ്ടാ, യേശു ഇന്നിവിടെയുണ്ടായിരുന്നെങ്കിൽ ചാട്ടവാറുകൾ കെട്ടുകണക്കിന് ഉപയോഗിക്കപ്പെടുമായിരുന്നു.

   Delete
  4. "ഒരു സംശയവും വേണ്ടാ, യേശു ഇന്നിവിടെയുണ്ടായിരുന്നെങ്കിൽ ചാട്ടവാറുകൾ കെട്ടുകണക്കിന് ഉപയോഗിക്കപ്പെടുമായിരുന്നു." ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, തന്റെ രാജ്യം ഈ ലോകത്തിന്റെയല്ല എന്നാണു യേശു പറഞ്ഞിരുന്നത്. ഇന്നത്തെ കത്തോലിക്കാ സഭ നൂറു ശതമാനവും ഇഹത്തിന്റെതാണ്. അവിടെ യേശുവിനു യാതൊരു കാര്യവുമില്ല. തന്റെ കാലത്തുണ്ടായിരുന്ന റോമൻ ഭരണം ഇഹത്തിന്റേതായിരുന്നു. യേശു അതിനോട് കലഹിക്കാനേ പോയില്ല. സ്വന്തമെന്നു കരുതുന്നതിനെ മെച്ചപ്പെടുത്തുക, തിരുത്തുക എന്നതൊക്കെയാണ് ബുദ്ധിയുള്ളവർ ചെയ്യുക. യേശു ചാട്ടവാർ ഉപയോഗിച്ച ഒരവസരം നമുക്കറിയാവുന്നത്‌ യഹൂദരുടെ മനസ്സിൽ ദേവാലയമായി കരുതപ്പെട്ടിരുന്ന യെരൂസലേം ദേവാലയത്തിൽ ദൈവാരാധനയുമായി യോജിക്കാത്തവ കണ്ടെത്തിയപ്പോൾ മാത്രമാണ്. യേശുവുമായി ഒരു ബന്ധവുമില്ലാത്ത ഇന്നത്തെ സഭയിൽ തനിക്കെന്തു കാര്യം എന്നേ യേശു ചിന്തിക്കുമായിരുന്നുള്ളൂ.

   Delete
 4. അലോപ്പതിയോടാണ് സഭയ്ക്ക് കൂടുതൽ സാമ്യം .ഒരു രോഗത്തിനെ അടിച്ചമർത്തി കുറേനാളുകൾക്ക് ശേഷം കൂടുതൽ ഗുരുതരമായ രോഗമാക്കി മാറ്റുക എന്നതാണല്ലോ അവരുടെ രീതി .മരുന്ന് എന്ന് കരുതി കഴിക്കുന്നതോ ഏറെ പാർശ്വഫലങ്ങൾ ഉള്ള വിഷങ്ങളും .മറ്റു ചിക്ത്സാപദ്ധതികളെ എല്ലാറ്റിനെയും ,പരിഹസികുകയും,അവയുടെ നിലനില്പ്പിനെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിലും അലോപ്പതിഉത്സാഹിയ്ക്കുന്നു , മറ്റു മതങ്ങലോടുള്ള സഭയുടെ സമീപനവും ഇത് തന്നെ.

  ബ്രിട്ടീഷ്‌ രാജകുടുംബത്തിനു സ്വന്തം ഹോമിയോചികിത്സകനുണ്ട് , ഹീലർ ഉണ്ട് .

  ReplyDelete
  Replies
  1. ശ്രി. സാക് ഉപയോഗിച്ച ഹോമിയോപ്പതിയെപ്പറ്റിയുള്ള പരാമര്‍ശം ശരിയാണെന്ന് എനിക്കും തോന്നുന്നില്ല. ഹോമിയോപതിയെ ഒരു ഹോളിസ്ടിക് ചികിത്സയായി തന്നെയാണ് കരുതുന്നത്. അത് ആകമാന സൌഖ്യം ആണ് ഉദ്ദേശിക്കുന്നതും, പാര്ശ്വ ഫലങ്ങള്‍ ഇല്ലാത്തതുമാണ്. അതിലെ മരുന്നുകള്‍ നേര്പ്പിക്കുന്നതിനനുശരിച്ചു വീര്യം കൂടും എന്നതുകൊണ്ട്‌, നെര്‍പ്പിക്കുന്നതിനു ഒരു ഒപ്ടിമം പോയിന്റ്‌ ഇല്ലായെന്ന് വരുന്നില്ല. അതേ സമയം അലൊപതി എന്ന പേര് തന്നെ നെഗറ്റിവ് തെറാപ്പി എന്ന അര്‍ത്ഥമാണ് നല്‍കുന്നത്. അതില്‍ ഉപയോഗിക്കുന്നത് ആന്‍റി ബയോടിക്സ് ആണെന്ന് ശ്രദ്ധിക്കുക. ആന്‍റി ബയോടിക് എന്ന് പറഞ്ഞാല്‍ ബയോടിക് സിസ്റ്റത്തിന് എതിരായിട്ടുള്ളത് എന്നര്‍ത്ഥം.
   സാക് പക്ഷേ, ഹോമിയോപതി ദോഷകരമാണെന്ന് പറഞ്ഞിട്ടില്ല, ആ ലേഖനം വായിച്ചു ആരും ആ സമ്പ്രദായത്തോട് പിണങ്ങേണ്ട കാര്യവുമില്ല. സഭ നേര്പ്പിക്കലിന്റെ ഒപ്ടിമം പൊയിന്റും കടക്കുന്നുവെന്നാണ് സാക് ഉദ്ദേശിച്ചതെന്ന് എനിക്ക് തോന്നുന്നു. അനൂപ്‌ ചൂണ്ടിക്കാണിച്ചതുപോലെ ഉപമയില്‍ അലോപ്പതിയായിരുന്നെങ്കില്‍ കുറേക്കൂടി ചേരുമായിരുന്നുവെന്നുള്ള അഭിപ്രായം എനിക്കുമുണ്ട്.

   Delete
  2. ഈ കമെന്റ് ആരിൽനിന്നാണ് വരുന്നതെന്ന് നോക്കിയിരിക്കുകയായിരുന്നു. ജോസഫ്ജി പറഞ്ഞതുപോലെ, നേര്പ്പിച്ചു നേർപ്പിച് നിർവീര്യമാക്കുക എന്ന ആശയം മാത്രമേ ഞാനുദ്ദേശിച്ചുള്ളൂ. എനിക്ക് ആലോപ്പതിയിലോ ഹോമിയോപ്പതിയിലോ വിശ്വാസമില്ല. ഒരു സമയമാകുമ്പോൾ ഏതസുഖത്തിനും കുറവ് വരും. മരുന്നെടുത്താൽ ഒരാഴ്ചകൊണ്ട് ജലദോഷം മാറും, എടുത്തില്ലെങ്കിൽ ഏഴു ദിവസം കൊണ്ട് മാറും എന്നാണ് അവയെപ്പറ്റി എന്റെ മതം. അതുകൊണ്ട് ഏഴു ദിവസം കാത്തിരിക്കുകയാണ് ഞാൻ ചെയ്യാറുള്ളത്. എന്നാൽ കത്തോലിക്കാമതം അങ്ങനെയല്ല, അതിൽ നിന്ന് യേശുവിനെ എടുത്തു മാറ്റിയതിനാൽ, അതെത്ര സേവിച്ചാലും ഫലമുണ്ടാകുന്നില്ല എന്നത് അല്പം വളച്ചുചുറ്റി പറഞ്ഞെന്നേയുള്ളൂ. മറ്റേതെങ്കിലും വഴിക്ക് ഒരാൾ യേശുവിനെ കണ്ടെത്തുമ്പോൾ അയാളുടെ ആദ്ധ്യാത്മികസുഖം തുടങ്ങും.

   Delete
 5. അത്ര അപ്രധാനമല്ലാത്ത ഒരു കാര്യം വിട്ടുപോയി. ക്ഷണക്കത്തിൽ, ദേവാലയപ്രവേശനം എന്നൊരു ഐറ്റം പെരിയമെത്രാൻ പള്ളിക്കാപ്പറമ്പനുവേണ്ടി നീക്കി വച്ചിട്ടുണ്ടായിരുന്നെങ്കിലും അങ്ങേര്, ഏതോ സുബുദ്ധി തോന്നി വരവ് വേണ്ടെന്നു വച്ചു. പണ്ട് അടിവാരം ഇടവക കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വികാരിയായിരുന്ന ബഹുമാന്യനും ബുദ്ധിമാനും ജനസ്നേഹിയും, അതിലെല്ലാമുപരി യുവജനങ്ങളുടെ ആരാധ്യനായ സുഹൃത്തുമായിരുന്ന കിഴക്കെക്കുറ്റച്ചനെ അവിടെനിന്ന് പുകച്ചു ചാടിച്ച് വൈദികവൃത്തിയും നിഷേധിച്ചപ്പോൾ ഇടവകക്കാർ പള്ളിക്കാപ്പറമ്പനെ വെറുക്കാൻ തുടങ്ങിയതാണ്‌. പിന്നെ അങ്ങേര് ഔദ്യോഗിക പള്ളി സന്ദർശനത്തിനു വന്നത് പോലീസ് അകമ്പടിയോടെയാണ്. മനുഷ്യർ അതൊന്നും മറന്നിട്ടുണ്ടാവില്ല; വയസാംകാലത്ത് എന്തിനു വെറുതേ കല്ലേറു കൊള്ളണം എന്നദ്ദേഹം ചിന്തിഞ്ചുകാണും. എല്ലാംകൊണ്ടും നന്നായി.

  ReplyDelete