Translate

Sunday, September 6, 2015

ഞാറയ്ക്കല്‍പ്രശ്‌നം - ഒരുചരിത്രാന്വേഷണം

കെ.ജോര്‍ജ് ജോസഫ്

സത്യജ്വാല ആഗസ്റ്റ് ലക്കത്തില്‍ നിന്ന്

 (ജൂലൈ ലക്കത്തില്‍നിന്നു തുടര്‍ച്ച)


മനുഷ്യാവകാശനിഷേധികളേ, നിങ്ങളുടെ പേരോ പൗരോഹിത്യം!
 

മദര്‍ ജനറാളുമായുള്ള ചര്‍ച്ചയ്ക്ക് 3 ദിവസത്തിനുശേഷം, 2009 ജൂണ്‍ 3-ന്, എറണാകുളം റാണിമാതാ കോണ്‍വെന്റിലെ അംഗമായ സി. ടീന കൂനമ്മാവ് മഠത്തില്‍ പോയി തിരികെ എറണാകുളത്തേക്ക് കെഎസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ബസ് കൂനമ്മാവില്‍നിന്നും 2 കി.മീ. പിന്നിട്ടപ്പോള്‍ സി. ടീന ബസില്‍നിന്നു തെറിച്ച് റോഡില്‍ വീണു. മഠത്തിലും മെത്രാസനത്തിലും വിവരം അറിയിച്ചു. മറുപടി ക്രൂരമായിരുന്നു: 'അവരുടെ കാര്യത്തില്‍ ഇടപെടേണ്ട!!' ആരൊക്കെയോ ചേര്‍ന്ന് സി. ടീനയെ ലിസ്സി ആശുപത്രിയില്‍ എത്തിച്ചു. വലതുകാലില്‍ രണ്ടൊടിവ്, തോളെല്ലു തകര്‍ന്നു, ഇടതുവശത്തെ വാരിയെല്ലുകള്‍ പൊട്ടി. തലയില്‍ പതിനെട്ടു കുത്തിക്കെട്ട്! എട്ടു ദിവസം അബോധാവസ്ഥയില്‍! ബോധം തെളിഞ്ഞപ്പോഴോ, ശരീരം മുഴുവന്‍ പ്ലാസ്റ്ററിട്ട് പരസഹായമില്ലാതെ അനങ്ങാന്‍കൂടി കഴിയാത്ത അവസ്ഥ...
ഈ അവസ്ഥയില്‍ കഴിയുന്ന ആളോടു ചെയ്യേണ്ടതുതന്നെ സഭാധികാരികള്‍ ചെയ്തു. ഒരു 'ഫത്വാ' പുറപ്പെടുവിച്ചു: 'കോണ്‍വെന്റിലുള്ള ആരും ടീനയെ കാണുകയോ ടീനയോടു മിണ്ടുകയോ അവരുടെ കാര്യത്തില്‍ ഇടപെടുകയോ ചെയ്യാന്‍ പാടില്ല!' ടീനയെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യിക്കുന്നതിന്റെ തലേദിവസം, ജൂണ്‍ 26. അന്നത്തെ ദീപികപ്പത്രത്തില്‍ എറണാകുളം ബിഷപ്പ് തോമസ് ചക്യത്തിന്റെ കുബുദ്ധിയില്‍ വിരിഞ്ഞ ആ അപൂര്‍വമായ പരസ്യം സി.ടീനയുടെ ചിത്രംസഹിതം വന്നു: 'സി. ടീനയെ സഭാവിരുദ്ധപ്രവര്‍ത്തനങ്ങളുടെപേരില്‍ സി.എം.സി. സന്ന്യാസസമൂഹത്തില്‍നിന്നു പുറത്താക്കിയിരിക്കുന്നു...' പുറത്താക്കപ്പെട്ടയാളിന്റെ അറിവിലേക്കായി ദീപികയുടെ ഒരു പ്രതി ടീന കിടന്നിരുന്ന മുറിയുടെ കതകിനടിയിലൂടെ തള്ളിവെച്ചിരുന്നു! അങ്ങനെ, പത്രപ്പരസ്യം നല്‍കി ഒരു സന്ന്യാസിനിയെ സഭയില്‍നിന്നു പുറത്താക്കിക്കുകയെന്ന, ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത, ഒരു പുതുചരിതം സഭാധികാരികള്‍ സഭയില്‍ എഴുതിച്ചേര്‍ത്തു. കാരണം, ടീനയ്ക്കു  ബോധം തെളിഞ്ഞതോടുകൂടി അധികാരികള്‍ക്കും ബോധം തെളിഞ്ഞു; പണി പാളിയെന്നും സി. ടീനയെ പുറത്താക്കാതെ പ്രശ്‌നം ഒഴിവാകില്ലെന്നുമുള്ള ബോധം! അപകടത്തില്‍ അധികാരികളുടെ പങ്കു വെളിച്ചത്തു വരുമെന്നു ഭയന്നിട്ടാകണം, ഇന്നും ആ വാഹനാപകട നഷ്ടപരിഹാര കേസ് (അ.അ.ഇ.ഠ.) കൊടുക്കാനോ നഷ്ടപരിഹാരം നേടാനോ ശ്രമിക്കാത്തതും, അതിനു വേണ്ടിയുള്ള ടീനയുടെ നിരന്തരമായ അഭ്യര്‍ഥന ചെവിക്കൊള്ളാത്തതും, ആശുപത്രി ബില്ലുകള്‍പോലും കാണിക്കാതെ പൂഴ്ത്തിവച്ചിരിക്കുന്നതും!
പുറത്താക്കിയ വിവരം വീട്ടില്‍ അറിയിച്ചെങ്കിലും വീട്ടുകാര്‍ ടീനയെ ഏറ്റെടുക്കില്ലെന്നു വ്യക്തമാക്കി. മഠാധികാരികളുടെ നടപടിയെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ എതിര്‍ത്തു. നുണ്‍ഷ്യോക്ക് പരാതി അയച്ചു. റോമിലെ മുഖ്യകാര്യാലയത്തില്‍നിന്നു മറുപടി ലഭിക്കുംവരെ നടപടി എടുക്കരുതെന്നു കാണിച്ചുള്ള നുന്‍ഷ്യോയുടെ മറുപടി കിട്ടി. അതോടെ, കിട്ടാനിരിക്കുന്ന മറുപടി വരാതിരിക്കാനും നടപടി ത്വരിതപ്പെടുത്താനുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് വര്‍ക്കി വിതയത്തില്‍ വിമാനത്തില്‍ പോയി മഠാധികാരികള്‍ക്ക് അനുകൂലമായ കത്ത് കൈയില്‍ വാങ്ങി പറന്നെത്തി! നോക്കണേ കാര്യക്ഷമത!!
ജെ.സി.സി നേതാക്കളായ ടീനയുടെ സഹോദരന്‍ ജെറിയും ഫെലിക്‌സ് പുല്ലൂടനും ജോസഫ് വെളിവിലുമൊക്കെ ചേര്‍ന്ന് അഡ്വ. വര്‍ഗീസ് പറമ്പില്‍വഴി കോടതിയെ സമീപിച്ച് മഠാധികൃതരുടെ നടപടി സ്റ്റേ ചെയ്തു... കോടതി വിധിയൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്നു പറഞ്ഞ സി.എം.സി. നേതൃത്വം, ടീനയെ ആശുപത്രിയില്‍നിന്നു ജൂണ്‍ 27-നു ബലമായി ഡിസ്ചാര്‍ജ് ചെയ്യിച്ച് ആശുപത്രിയില്‍നിന്നു പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും, ആശുപത്രി അധികൃതര്‍ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് അവിടെത്തന്നെ ഉപേക്ഷിച്ചു. ഇതറിഞ്ഞ സാമൂഹികപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അതോടെ ഫാ. പോള്‍ തേലക്കാട്ടും ലിസ്സി ആശുപത്രി ഡയറക്ടര്‍ ഫാ. മാത്യു മുട്ടംതോട്ടിലുമൊക്കെ ഇടപെട്ട് മഠാധികാരികളുമായി ചര്‍ച്ച നടത്തി. അതേത്തുടര്‍ന്ന്, ആ അനിശ്ചിതാവസ്ഥയ്ക്ക്, ജൂലൈ 13-നു നായരമ്പലത്തെ സി.എം.സി. മഠത്തോടനുബന്ധമായി ഡോ. സിസ്റ്റര്‍ ഐഡ നടത്തിക്കൊണ്ടിരുന്ന 'ഉദയഭവന്‍ ക്ലിനി'ക്കിലെ ഒരു മുറിയില്‍ ഏകാന്തത്തടവുപുള്ളിയെപ്പോലെ ടീനയെ മാറ്റിപ്പാര്‍പ്പിച്ചതോടെ താല്‍ക്കാലിക അയവു വന്നു. ശുശ്രൂഷകയായി മേരിയെന്ന ഒരു സ്ത്രീയെ ഏര്‍പ്പെടുത്താനുള്ള ഔദാര്യം സഭാധികാരികള്‍ കാണിച്ചു. ആ മേരിയുടെ സേവനത്തെ മധുരമായ ഒരോര്‍മ്മയായി ഇന്നും സി. ടീന താലോലിക്കുന്നുണ്ട്. റാണിമാതായിലേക്കെന്നല്ല, കോണ്‍വെന്റിലേക്കുതന്നെ സി. ടീനയെ ഇനി പ്രവേശിപ്പിക്കില്ലെന്നു അധികാരികള്‍ തീര്‍ത്തു പറഞ്ഞു. (ടീനയെ ശുശ്രൂഷിച്ചതോടെ, വര്‍ഷങ്ങളോളം പാവങ്ങള്‍ക്ക് സൗജന്യചികില്‍സ നല്‍കിയിരുന്ന 'ഉദയഭവന്‍' അസ്തമിച്ചു. ഡോ. സിസ്റ്റര്‍ ഐഡയെ അവിടെനിന്നു ട്രാന്‍സ്ഫര്‍ നല്‍കി ഓടിച്ചു! ക്ലിനിക് പൂട്ടിച്ചു!) മുകളില്‍ മഠവും താഴെ ക്ലിനിക്കും ആയിരുന്നെങ്കിലും ടീനയ്ക്ക് മഠത്തില്‍ പ്രവേശനമില്ലായിരുന്നു. മഠത്തില്‍ക്കയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ സി. റെയ്‌സിയെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തശേഷം റാണിമാതാ മഠത്തില്‍ നിര്‍ത്തിയായിരുന്നു ശുശ്രൂഷിച്ചിരുന്നത്. അന്ന് അവര്‍ മഠാധികൃതര്‍ക്ക് വേണ്ടപ്പെട്ടവരായിരുന്നുവല്ലോ!   ഇതുകൊണ്ടൊന്നും അധികാരികളുടെ പ്രതികാരദാഹം അടങ്ങിയിരുന്നില്ല. അവര്‍ ഒറ്റുകാരെ തിരഞ്ഞുകൊണ്ടിരുന്നു, ടീനയെ മഠത്തില്‍ നിന്നും പുറത്താക്കാന്‍. ഒടുവില്‍ അന്നത്തെ പ്രൊവിന്‍ഷ്യാള്‍ ഒരാളെക്കണ്ടെത്തി - അമല്‍. ശുശ്രൂഷകവഴി ആവശ്യം ടീനയുടെ അടുത്തെത്തി.അമലിനു സിസ്റ്റര്‍ ടീനയെ കല്യാണം കഴിക്കണം! 57 വയസുള്ള ടീനയെ കെട്ടാന്‍ 47 വയസുകാരന്‍! ടീന അതിനു വഴങ്ങണം. സര്‍വാംഗം പ്ലാസ്റ്ററിട്ടു കിടക്കുന്ന സിസ്റ്ററെക്കെട്ടാനും ആളുണ്ടായി! തന്റെ ഒടിഞ്ഞ കാലുകൊണ്ടായാലും തൊഴിച്ച് അവനെ ഓടിക്കുമെന്നു പറഞ്ഞ് ടീന അതു തള്ളിക്കളഞ്ഞു. അതോടെ ആ കാവല്‍ക്കാരിയുടെ പണി പോയി; പകരം പുതിയ ആള്‍ വന്നു.  സിസ്റ്റര്‍ ടീനയ്ക്ക് അതു മറ്റൊരു പൊല്ലാപ്പായി. ആ കഥ അടുത്തലക്കത്തില്‍                           
                            

  

1 comment:

  1. "മനുഷ്യാവകാശനിഷേധികളേ, നിങ്ങളുടെ പേരോ പൗരോഹിത്യം?!"എന്ന ചോദ്യവുമായി ഇതാ ഒരു തുടര്കഥ തുടങ്ങുന്നു ! വിശ്വാസികളെ അന്ധവിശ്വാസികളെ മറിച്ചു ചിന്തിക്കുന്നവരെ വായിക്കൂ വായിക്കൂ,,

    ReplyDelete