Translate

Saturday, October 17, 2015

'കത്തോലിക്കാ സഭാനേതൃത്ത്വത്തിന്റേത് ക്രൂരമായ പകവീട്ടല്‍'

 റെജി ഞള്ളാനി

(ഒക്ടോബര്‍ ലക്കം സത്യജ്വാലയില്‍നിന്ന് )

മണ്‍മറഞ്ഞ എന്റെ അഭിവന്ദ്യപിതാവിനെയും മാതാവിനെയുംവച്ച് വിലപേശുന്നു! 

കല്ലറ കുത്തിപ്പൊളിക്കുവാനൊരുങ്ങുന്നു!

പട്ടിണികൊണ്ടു പൊറുതിമുട്ടിയിരുന്ന വലിയൊരു പ്രദേശത്തെ ജനതയെ കാര്‍ഷിക വിപ്ലവത്തിലൂടെ സമ്പന്നമാക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഓരോ വര്‍ഷവും 2000 കോടിയിലധികം രൂപയുടെ അധികവരുമാനം കര്‍ഷകര്‍ക്കു കിട്ടുന്നതായും, ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതായും സര്‍ക്കാര്‍തന്നെ കണക്കാക്കുന്നു. അത്യുല്പാദനശേഷിയുള്ള ഞള്ളാനി ഏലവും കുരുമുളകും പുതിയ കൃഷിരീതികളും വികസിപ്പിച്ചെടുത്തതിന് എന്റെ പിതാവിനും എനിക്കും ദേശീയ അവാര്‍ഡും മറ്റു നിരവധി അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. കത്തോലിക്കാസഭയുടെ ഇടുക്കി ജില്ലയിലെ വരുമാനത്തിന്റെ 80%-വും ഞള്ളാനി ഏലക്കര്‍ഷകരില്‍ നിന്നു ലഭിക്കുന്നതാണ്.
കത്തോലിക്കാപുരോഹിതരില്‍നിന്നും ലഭിച്ച തിക്താനുഭങ്ങളെത്തുടര്‍ന്ന് 40 വര്‍ഷ ത്തോളം പള്ളിയില്‍ പോകാതിരുന്ന എന്റെ പിതാവ് ഒരു തികഞ്ഞ ദൈവവിശ്വാസി ആയിരുന്നു. എങ്കിലും, ഞാനും കുടുംബവും പള്ളിയിലെ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നവരാണ്.
കഴിഞ്ഞ കുറെ കാലങ്ങളായി പുരോഹിതരുടെ പക്കല്‍നിന്നു ഞങ്ങള്‍ക്കും സാമ്പത്തി കമായും മാനസികമായും വളരെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. വടക്കേമുറിയച്ചന്‍ മൂന്നു ലക്ഷത്തി പതിനാറായിരം രൂപ തട്ടിയെടുത്തു. ഒരു ലക്ഷം രൂപ പാരീഷ്ഹാളിന് നല്‍കാത്തതിന് മകളെ പള്ളിയില്‍ നിന്നും ഇറക്കിവിട്ടു. ഇതുസംബന്ധിച്ച് ഞാന്‍ പോലീസില്‍ പരാതിപ്പെട്ടതിന് കനത്ത പ്രതികാരനടപടികള്‍ ഞങ്ങള്‍ സഹിക്കേണ്ടിവന്നു.
'കേരളകത്തോലിക്കാ സഭാനവീകരണ പ്രസ്ഥാന'ത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലയില്‍, സഭയില്‍ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുള്ള വിശ്വാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സമരങ്ങള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. തൊടുപുഴയില്‍ കൈവെട്ടിമാറ്റപ്പെട്ട പ്രൊഫ. ടി. ജെ. ജോസഫിന്റെ വിഷയം, മണ്ണയ്ക്കനാട് പള്ളിപ്രശ്‌നം, കൊല്ലം കുരീപ്പുഴ പള്ളിപ്രശ്‌നം, സിസ്റ്റര്‍ അനിതയ്ക്കു സഭ 12 ലക്ഷം രൂപാ നല്‍കേണ്ടിവന്ന പ്രശ്‌നം, കൂടാതെ ഫാ. എഡ്‌വിന്‍ ഫിഗേറി , ഫാ. രാജു കൊക്കന്‍ ,ഫാ. കണിയാരശ്ശേരി, ഫാ. ആന്റണി, ഫാ.ജെയിന്‍ എന്നിവരുള്‍പ്പെട്ട പ്രശ്‌നങ്ങള്‍ - ഇവയിലൊക്കെ ഞാന്‍ KCRM-ന്റെ ഭാഗമായി നിന്ന് പ്രതികരിക്കുകയോ, സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയോ ചെയ്തിട്ടുണ്ട്. സഭയുടെ തിന്മകള്‍ക്കെതിരെ പ്രതികരിക്കുകയോ പുറത്തുവരുകയോ ചെയ്തിട്ടുളള പുരോഹിതരെയും കന്യാസ്ത്രീമാരെയും ദേശീയതലത്തില്‍ സംഘടിപ്പിക്കുകയും അവരുടെ ഉന്നമനത്തിനായി 'കെ. സി. ആര്‍. എം. പ്രീസ്റ്റ്‌സ് & എക്‌സ് പ്രീസ്റ്റ്‌സ് - നണ്‍സ് അസ്സോസിയേഷന്‍' രൂപീകരിച്ച് സംഘടനയുടെ ദേശീയ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു. കത്തോലിക്കാസഭയിലെ ക്‌നാനായസമൂഹത്തിലെ രക്തശുദ്ധിവാദത്തിനെതിരെ നിലകൊള്ളുന്ന 'KCRM-
ക്‌നാനായ ഫ്രീഡം മൂവ്‌മെന്റി'ന്റെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. കത്തോലിക്കാസഭ വിട്ടു പുറത്തുപോയിട്ടുള്ളവരെ സഭയില്‍ തിരികെയെത്തിക്കുന്നതിനുളള പ്രവര്‍ത്തനം തുടങ്ങിവച്ചിരിക്കുന്നു... കൂടാതെ, 'ഇന്‍ഫാം' ദേശീയചെയര്‍മാനായിരുന്ന ഫാദര്‍ മാത്യൂ വടക്കേമുറിയുള്‍പ്പെടെ സഭാനേതൃത്വത്തിലെ പലരും നടത്തിയിട്ടുള്ള കോടികളുടെ സാമ്പത്തികക്രമക്കേടുകളും ആഡംബരശൈലികളും ലൈംഗികപീഡനങ്ങളും പുറത്തുകൊണ്ടുവരുകയും, ചാനലുകളിലും പത്രങ്ങളിലും വാര്‍ത്തകളാക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സഭാനേതൃത്വത്തിന് എന്നോട് വിരോധം തോന്നാനിടയാക്കിയിട്ടുണ്ടാകാം. ഇതിന്റെ ഫലമാണെന്നു കരുതുന്നു, ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
അഞ്ചു വര്‍ഷംമുന്‍പ് മരിച്ചുപോയ എന്റെ പിതാവിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു കാണിച്ച് കട്ടപ്പന ഫോറോന പള്ളിയിലെ അച്ചന്‍മാരായ മാത്യൂ ശൗര്യാംകുഴിയുടെയും ജസ്റ്റിന്‍ പഴേപറമ്പിലിന്റെയും ആശീര്‍വാദത്തോടെ അഞ്ചാറു പേര്‍ ആക്ഷന്‍കൗണ്‍സില്‍ എന്ന പേരില്‍ നാട്ടുകാര്‍ ആരുമറിയാതെ പോലിസില്‍ പരാതി കൊടുത്തു. ഫാദര്‍ വടക്കേമുറിയുടെ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ചില കൂട്ടാളികളും രംഗത്തുവന്നു. സഭയുടെ ഉന്നതസ്വാധീനത്തെത്തുടര്‍ന്ന് പോലീസ് കേസ്സെടുക്കുവാന്‍ തയ്യാറായി.
പള്ളിത്തണലില്‍ രൂപംകൊണ്ട ആക്ഷന്‍ കൗണ്‍സിലും, പാവപ്പെട്ടവന്റെ വേദന മനസ്സിലാവാത്ത ബിഷപ്പുമാരോടുമാത്രം വിധേയത്വമുള്ള ചില പത്രക്കാരും എന്നെ ലക്ഷ്യംവച്ച് മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ തിരക്കഥ വാര്‍ത്താരൂപത്തില്‍ പുറത്തുവിട്ടപ്പോള്‍ ജനമനസ്സുകളില്‍ ഞാന്‍ പ്രതിയായിക്കഴിഞ്ഞു. പോലീസ് എഫ്. ഐ. ആര്‍ പോലും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നോര്‍ക്കണം. ഞാനും എന്റെ അഭിവന്ദ്യപിതാവും വിരോധത്തിലായിരുന്നുവെന്നും എഴുതിക്കണ്ടു. മരിക്കുന്നതിനു തലേന്ന് പുറ്റടിയില്‍ സ്‌പൈസസ്സ് ബോര്‍ഡിന്റെ എട്ടു ലക്ഷത്തിന്റെ അവാര്‍ഡ് വാങ്ങുവാന്‍ ഞാനും പിതാവുംകൂടി പോയതും തിരികെ വീട്ടിലെത്തിച്ചതും ഞങ്ങളുടെ സ്‌നേഹബന്ധത്തെയല്ലേ കാണിക്കുന്നത്? അവാര്‍ഡു തുക പിതാവിന്റെ കൈയില്‍നിന്നും പിടിച്ചുവാങ്ങുന്നതിന് കട്ടപ്പന ഹോട്ടലില്‍വച്ച് വലിയ അടിപിടി നടന്നുവെന്ന് എഴുതിപ്പിടിപ്പിച്ചവര്‍ക്കറിയില്ല, ആ എട്ടു ലക്ഷം രൂപയും സ്‌പൈസസ് ബോര്‍ഡുതന്നെ എന്റെ മാതാവിന്റെയും പിതാവിന്റെയും പേരില്‍ 5വര്‍ഷത്തെ സ്ഥിരനിക്ഷേപം നടത്തിയിട്ട് അതിന്റെ രസീതുമാത്രമാണു നല്‍കിയതെന്ന്. അവാര്‍ഡ്തുകമുഴുവനും ഇപ്പോഴും സ്ഥിരനിക്ഷേപമായി യൂണിയന്‍ ബാങ്കിലുണ്ട്. പിതാവിന്റെ മരണശേഷം പിതാവിന്റെയോ മാതാവിന്റെയോ ഒരു രൂപപോലും എനിക്കു ലഭിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ പെങ്ങളുടെ മകന്‍ ഷിബിനും അനുജനുമാണ് വന്നുചേര്‍ന്നത്.
സഭാനവീകരണം ആഗ്രഹിക്കുന്നവരും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാനുള്ള മാന്യതകാണിക്കാതെ , അതിനുപകരം അവരെ ശത്രൂക്കളായികണ്ട് ഇല്ലായ്മ ചെയ്യുകയോ തേജോവധം നടത്തുകയോ ചെയ്യുകയെന്നത് സഭയുടെ ചരിത്രമാണ്. അടുത്തകാലത്ത്, കെ. സി. ആര്‍. എം. വൈസ് ചെയര്‍മാന്‍ പ്രൊഫ. ഇപ്പന്റെ 10 സെന്റ് സ്ഥലവും കെട്ടിടവും രാഷ്ട്രീയബന്ധമുപയോഗിച്ചു നശിപ്പിച്ചത് ഇതിനൊരുദാഹരണംമാത്രം. അതു സംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്. ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ സന്ദേശം ഉള്‍ക്കൊണ്ട ഊര്‍ജ്ജമാണ് എന്റേത്.
കൃത്രിമരേഖകളുടെയും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെയും അടിസ്ഥാനത്തിലല്ലാതെ, 5 വര്‍ഷം മുന്‍പുണ്ടായ ഒരു കാര്യത്തില്‍ പെട്ടന്ന് ഇങ്ങനെയൊരു കഥയുണ്ടാവില്ല. എന്റെ കുടുംബത്തില്‍ത്തന്നെ വേറെ അഞ്ചു മക്കളും ചെറുമക്കളും ഉണ്ടായിട്ടും, തൊട്ടടുത്ത അയല്‍വാസികളും ബന്ധുക്കളും ഉണ്ടായിട്ടും, കേസ്സന്വേഷണം തുടങ്ങിയിട്ടുപോലുമില്ലാത്ത സാഹചര്യത്തില്‍, കുറ്റവാളിയായി ചിത്രീകരിച്ച് എന്റെ പേരുമാത്രം തുടര്‍ച്ചയായി ചില മുഖ്യധാരാപത്രങ്ങളില്‍ വരുന്നതിനു പിന്നില്‍ സഭാധികാരതാത്പര്യമല്ലാതെ മറ്റെന്താകാന്‍? ഇത് എന്നെ അപകടപ്പെടുത്തുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ഞാന്‍ സംശയിക്കുന്നു. എനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച കളവുകളാണ്.
ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ പുരോഹിതരെയും പരാതിക്കാരെയും ഞാനുള്‍പ്പടെയുള്ള കുടുംബാംഗങ്ങളെയും, പ്രത്യേകിച്ച് അനുജന്‍ റോയിയെയും ഷിബിനേയും നുണപരിശോധനയ്ക്കു വിധേയരാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും ഗൂഢാലോചന പുറത്തുവരുന്നതിനും ഇതുകൂടി ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനായി, എല്ലാ പത്ര-ദൃശ്യമാധ്യമങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും സാമുഹിക-രാഷ്ടീയ-മതസംഘടനകളുടെയും സഹായം ഞാനഭ്യര്‍ത്ഥിക്കുന്നു.
ഫോണ്‍: 9447105070
- പെട്ടെന്നുണ്ടായിരിക്കുന്ന ഈ സംഭവവികാസത്തിനുപിന്നില്‍ ഉന്നത മത-രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കണം. അതുകൊണ്ടുതന്നെ, മതമേലധ്യക്ഷന്മാരുടെ സ്വാധീനം വളരെയുള്ള കേരള ഗവണ്മെന്റിന്റെ കീഴില്‍ നടത്തുന്ന പോലീസന്വേഷണത്തില്‍ 'സത്വജ്വാല'യ് ക്ക് (കെ.സി.ആര്‍.എം-നും) ഒട്ടും വിശ്വാസംവരുന്നില്ല എന്നു പറയട്ടെ. മത-രാഷ്ട്രീയശക്തികള്‍ കൈകോര്‍ത്ത് തെളിവുകള്‍ ഇല്ലാതാക്കുകയും കൃത്രിമത്തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന കാഴ്ച, പ്രത്യേകിച്ച് സഭാവിഷയങ്ങളില്‍, കേരളീയര്‍ എത്ര കണ്ടിരിക്കുന്നു!

No comments:

Post a Comment