Translate

Wednesday, October 21, 2015

കത്തീദ്രൽ പള്ളി വിൽപ്പനക്ക് !

കാശൂള്ള വീട്ടിലെ പിള്ളേരെ മാത്രമേ അച്ചനാകാൻ എടുക്കുന്നുള്ളൂ, ഹരിജനങ്ങളെ രൂപത നോക്കുന്നേയില്ലായെന്നൊക്കെ പരാതി പറഞ്ഞവർ ഇപ്പോഴും ഇവിടുണ്ടെങ്കിൽ കേട്ടോളൂ. അങ്ങാടിയത്തു പിതാവിനു പറ്റിയപോലെ ചതിവുപറ്റിയാൽ കാശില്ലാത്ത വീട്ടീന്നാണു വരുന്നതെങ്കിൽ, നഷ്ടപരിഹാരം ആരു കൊടുക്കും? ഫ്ലോറിഡായിലെ കേസ് ഇത്തിരി കട്ടിയായിപ്പോയി. ഇരയെ കണ്ടുവെയ്ക്കുക, പതിയെ അടുപ്പിച്ചടുപ്പിച്ചു കൊണ്ടുവരിക........മെല്ലെ, ഗുരുവിന്റെ കാലിൽ തൊടാൻ പഠിപ്പിക്കുക. ഇരക്കു വയസ്സു കൃത്യം 18 തികഞ്ഞുവെന്നു കണ്ടാൽ, സിംഹം ചാടുന്നതുപോലെ ചാടി ഇരയെ പിടികൂടുക! അല്ല, മെത്രാച്ചോ, ഇനിയെങ്ങനെയാ കുമ്പസ്സാരിക്കാൻ അച്ചന്മാരുടെ അടുത്തോട്ട് പോകണം എന്നു പിള്ളേരോടു പറഞ്ഞുകൊടുക്കുന്നത്? ഇരയെ കുമ്പസ്സാരക്കൂട്ടീന്നു പിടിക്കുന്ന സമ്പ്രദായം വ്യാപകമാകുന്നു. സത്യത്തിൽ സക്കറിയാസ് അച്ചൻ കാരണം എനിക്കും മുഖം കുനിക്കേണ്ടി വന്നുവെന്നു പറഞ്ഞാൽ മതിയല്ലൊ! അമേരിക്കയിലുള്ള എന്റെ ഒരു ക്നാനായാ സുഹൃത്ത്, കടുത്തുരുത്തിക്കാരൻ കുര്യാച്ചന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കുമെന്നു തോന്നുന്നു. ഈ ക്നാനായക്കാരുടെ പാരമ്പര്യ തമാശകൾ പറഞ്ഞു ഞാനവനെ ഒത്തിരി കളിയാക്കിയിട്ടുമുണ്ട്. ഇന്നലെ അതെല്ലാം പലിശ സഹിതം തിരിച്ചു കിട്ടി. 

ചിക്കാഗോയിലെ അങാടിയത്ത് മെത്രാൻ കുടുങ്ങി എന്നു തന്നെയാണ് കുര്യാച്ചൻ പറയുന്നത്. സമാനമായ കേസിൽ 700 കോടി രൂപാ ലത്തീങ്കാരുടെ കൈയ്യിൽ നിന്നും വാങ്ങിക്കൊടുത്ത വക്കീൽ തന്നെ വാദിക്കുന്ന കേസാണിതെന്നും ഓർക്കാതെ വയ്യ. ഇവിടെനിന്നും ദേഹത്തു പുള്ളിക്കുത്തുള്ള ഇടയന്മാരെ അമേരിക്കക്കും ഇംഗ്ലണ്ടിനും കേറ്റി അയച്ചു കൊണ്ടിരുന്ന കാക്കനാട് ലോബിക്കാണ് അടിയേറ്റത്. കുര്യാച്ചൻ പറയുന്നതിലും കാര്യമുണ്ട്. ഈ അടുത്ത കാലത്ത്, ഈ കേസിൽ നിന്നു മെത്രാൻ എന്നെ കുറ്റവിമുക്തനാക്കിയെന്നു പറഞ്ഞ്, കുർബാന ചൊല്ലാൻ തയ്യാറായി ഈ സക്കറിയാച്ചൻ മുമ്പിരുന്ന ചിക്കാഗോ പള്ളിയിലും പോയിരുന്നത്രെ. ഇതു മണത്തറിഞ്ഞ ചില അത്മായർ എതിർത്തതുകൊണ്ട് അതു നടന്നില്ല. എന്നെ സ്പർശിച്ച വേറൊരു കാര്യം കുര്യാച്ചൻ പറഞ്ഞു. കുട്ടികളൂടെ ആദ്യകുർബ്ബാന, വിവാഹം, വീടുവെഞ്ചരിപ്പ് തുടങ്ങിയ പ്രധാനപ്പെട്ട ചില പള്ളിക്കർമ്മങളുടെ ഫോട്ടോ ആൽബങളോ, വീഡിയോകളോ ഓക്കെ അമേരിക്കയിലെ പല വീടുകളിലും നിന്നും അപ്രത്യക്ഷമായെന്നാണ് കുര്യാച്ചൻ പറഞ്ഞത്. ഇപ്പോൾ പ്രതിയായ സക്കറിയാസച്ചൻ ആശിർവ്വദിച്ച വിവാഹത്തിന്റെ ഫോട്ടോ ഒരു വീടിന്റെ ഭിത്തിയിൽ നിന്നപ്രത്യക്ഷമായതിനു  കുര്യച്ചൻ തന്നെ സാക്ഷിയാണത്രെ. പല കേസുകളിലായി മുങിയ അച്ചന്മാരുടെ എണ്ണം പത്തോളം ഉണ്ടെങ്കിൽ ഉറപ്പായിട്ടും ഒരഞ്ഞൂറു പേരെങ്കിലും ഫോട്ടോകൾ മുക്കിയിട്ടുമുണ്ട്. അമേരിക്കാക്കാരന്റെ ഗതികേടേ! ഇവിടുള്ളവരും ഇനിമേൽ പള്ളിചടങുകളുടെ പേരിൽ സ്റ്റുഡിയോക്കാർക്ക് പണം കൊടുക്കുന്ന പരിപാടി നിർത്തുക, അല്ലെങ്കിൽ വൈദികരെ പരമാവധി ഒഴിവാക്കിയുള്ള ക്ലോസപ്പുകൾ മാത്രം എടുക്കുക.

ഈ പ്രശ്നം അവിടെയും തീരുന്നില്ല. ഞങളുടെ വീടുകൾ ചിതറിക്കരുതെയെന്നു കരഞ്ഞപേക്ഷിച്ച സുബുദ്ധിയുള്ള കുറെ ക്നാനായാക്കാർ അങാടിയത്തു മെത്രാന്റെ കാലു പിടിച്ചപേക്ഷിച്ചതാ, കേട്ടില്ല. പുറത്തുനിന്നു കല്യാണം കഴിക്കുന്നവൻ പുറത്തു തന്നെ എന്നു വിശദീകരിച്ചു വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ലേ ഈ മെത്രാൻ. മെത്രാൻ എഴുതിയതെഴുതിയതല്ലെ? അവസാനം അവർ വത്തിക്കാനു പരാതി അയച്ചു, ഇപ്പോൾ അവിടെനിന്നുള്ള അന്വേഷണവും നടക്കുന്നു. അതിന്റെ കൂടെ ലൈംഗിക അതിക്രമ കേസിലെ പ്രതിയെ സംരക്ഷിക്കാൻ ഈ മെത്രാൻ ശ്രമിച്ചുവെന്നുകൂടി അറിഞ്ഞാൽ വത്തിക്കാൻ വെറുതെയിരിക്കുമൊ? മാത്രമല്ല, ചിക്കാഗൊ രൂപത കാക്കനാടിന്റെ കീഴിലുള്ളതല്ല താനും (ആലപ്പാട്ടു മെത്രാന്റെ ഹൃദയം നോക്കണേ!). ഫ്ലോറിഡായിൽ ഉണ്ടായ ഈ നാറ്റക്കേസ് സത്യത്തിലൊത്തുതീർത്തതാ. പതിവു പോലെ സഭ പറഞ്ഞ വാക്കുപാലിച്ചില്ല. ഞങളെ ആരെന്നാ ചെയ്യാനാ എന്ന ഭാവത്തിലാണ് മെത്രാന്മാരുടെ നടപ്പു തന്നെ. അനുഭവിച്ചോ, പിതാക്കന്മാരേ! ഇതു തന്നെയാ രണ്ടു മൂന്നാഴ്ച മുമ്പു ഞാൻ പറഞ്ഞത് - സീറോ മലബാർ രൂപതയുടെ പ്രതാപകാലം തീർന്നുവെന്ന്. അമേരിക്കയിൽ സഭ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നാൽ, അവിടെ വേറൊരു പ്രശ്നം തുടങും. എവിടെനിന്നെടുത്തു കൊടുക്കും ഈ പണം? അത്മായനാണേൽ അടിക്കാൻ അവസരം കാത്തിരിക്കുന്നു, എല്ലായിടത്തും. പാലായിൽ ഒരു വികാരി ആത്മസ്ഥിതി ഫാറം പൂരിപ്പിച്ചു തന്നില്ലെന്നു പറഞ്ഞ്, ഒരു ദളിതനെ സിമിത്തേരിയിൽ അടക്കാൻ വിസമ്മതിച്ചു, അവസാനം പെട്ടിയും മടക്കി പോകേണ്ടി വന്നു ഈ വികാരിക്ക്. മണ്ണക്കനാട് സ്വന്ത ഇഷ്ടപ്രകാരം പള്ളിമുറ്റത്തെ ഗ്രോട്ടോ നശിപ്പിച്ച വികാരിക്കു അതു സ്വന്തം ചിലവിൽ പണിതു കൊടുക്കേണ്ടിവന്നു, മേലുകാവിലും വ്യത്യസ്ഥനായൊരു വികാരി വന്നു അവിടുത്തെ കിണർ മൂടാൻ, പക്ഷെ പത്തി മടക്കി. സഭക്കെതിരെ ജനം എത്ര അരിശപ്പെട്ടാണിരിക്കുന്നതെന്നു മഠംകാർക്കറിയാം. അതുകൊണ്ട് തന്നെയാ നാട്ടുകാരെക്കൊണ്ട് പറയിക്കാൻ ചത്താലും അവസരം കൊടുക്കില്ലെന്നവർ പറയുന്നത്. 

കുര്യാച്ചൻ ഇന്നലെയും വിളിച്ചു. ചിക്കാഗോ പള്ളിയിൽ പാരിഷ് കൗൺസിൽ യോഗം കൂടിയെന്നും ആകെ ബഹളമായിരുന്നെന്നും പറഞ്ഞു. ദാഹിച്ചു മോഹിച്ചു പണിത പള്ളി ലേലത്തിനു വെയ്ക്കേണ്ടിവരും എന്ന ദു:ഖസത്യം അവരറിയുന്നു. സ്വന്തം വികാരിയച്ചൻ ചെയർമാനായിരുന്ന കമ്മീഷനായിരുന്നു ഈ കേസ് അന്വേഷിച്ചതും വൈദികനെ നിരപരാധിയായി പ്രഖ്യാപിച്ചതും. കേസിൽ പള്ളി കക്ഷിയാകാൻ കാരണമായത് ഈ ഒതുക്കൽ. ഈ ഒതുക്കലിനു കൂട്ടുനിന്ന അങാടിയത്തിനോ കുമ്പസ്സാര ഗുരുവിനൊ എന്തു പോകാൻ... അവർക്കു പാർക്കാൻ എന്നും സ്വർഗ്ഗങളുണ്ടല്ലോ. നാടുനീളെ പരി.ആത്മാവിനെയും കൊണ്ടു നടക്കുന്ന ആരെങ്കിലും രക്ഷിക്കാൻ വന്നിരുന്നെങ്കിൽ!

ചങനാശ്ശേരികാരൻ ഒരു തീവ്രവാദിയുണ്ടിവിടെ. ആഴ്ചയിൽ രണ്ടു തവണ എന്നെ പ്രാകാതിരുന്നാൽ അദ്ദേഹത്തിനുറക്കം വരില്ല. പേരോ വിശദാംശങളോ ഇവിടെങാനും പറഞ്ഞാൽ പിന്നെ തീർന്നു. ഇന്നത്തെ സഭ ഇത്രയും നശിക്കാൻ കാരണം ഒരൊറ്റ പവ്വമാണെന്നു ഞാൻ പറഞ്ഞതിന് അദ്ദേഹം എന്നെ തല്ലിയില്ലന്നേയുള്ളൂ. അദ്ദേഹം ഇത്ര മഹാനായിരുന്നെങ്കിൽ എന്തിനാ കുട്ടനാട്ടുകാർ കാറിന്റെ കാറ്റു കുത്തിവിട്ടതെന്നു മുതൽ കുറേക്കാര്യങൾ എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു. മാർത്തോമ്മായാണോ കർത്താവാണോ വലുതെന്നു ചോദിക്കാനുള്ള അവസരം പോലും അദ്ദേഹം എനിക്കു തന്നില്ല. പകരം, ചങനാശ്ശെരിയോളം മികച്ച ഏതു രൂപതയുണ്ടിവിടെ എന്നൊരു ചോദ്യവും ചോദിച്ചിട്ട് അദ്ദേഹം കടന്നുകളഞ്ഞു. അദ്ദേഹം എത്ര ദുഷ്ടനാണേലും അപ്പറഞ്ഞതിൽ അൽപ്പം കാര്യമുണ്ട്. കേരളത്തിലെ മറ്റു രൂപതകളിൽ നിന്നും കേൾക്കുന്ന വില കുറഞ്ഞ ചന്ത കേസുകൾ അവിടെ കുറവാ. അച്ചന്മാർ കുട്ടിയും കോലും കളിച്ചു രസിച്ച സംഭവങൾ ഇല്ലാത്തൊരു രൂപതയാണിതെന്നല്ല ഞാൻ പറഞ്ഞത്. അവിടെ ഭയങ്കര അച്ചടക്കമാണ്; വിശ്വാസികൾ, ദൈവത്തിനും, പുണ്യവാന്മാർക്കും മെത്രാന്മാർക്കും കീഴ്വഴങി കഴിയുന്നു. അല്ലെങ്കിൽ, പ്രശ്നമാകുമെന്നവർ അറിയുന്നു.... ആ പ്രദേശത്തെ ദൈവവും മാലാഖാമാരും ഭയങ്കര അരിശക്കാരും കണിശക്കാരുമാ. വഴക്കം എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ചങനാശ്ശേരിയിൽ നിന്നും ഒരു വലിയ രാജകുമാരന്റെ സ്വരം എല്ലാവരും കേട്ടേനെ.

2 comments:

  1. 'കത്തീട്രല്‍പള്ളികള്‍ വില്‍പ്പനയ്ക്ക് 'എന്ന റോഷന്റെ തലക്കെട്ട്‌ എന്റെ 'നചൊചല്ലിനെ' സാധൂകരിക്കുന്നതാണ് ! പാതിരിമാരുടെ "സെക്സ് പ്രോബ്ലം " സഭയെ പണ്ടൊക്കെ മണവാട്ടിമാർ നികത്തിയിരുന്നു; എന്നാല്‍ പുരോഹിതര്‍ അവരെ വെടിഞ്ഞു, (അവരുടെ എണ്ണം കുറഞ്ഞതിനാല്‍ 'അവൈലബിലിറ്റി'ഇല്ലാതായതിനാല്‍) ,പകരം അള്‍ത്താര ബോയ്സിലേക്ക് കത്തനാരുടെ കത്തുന്നകാമം ചെക്കേറിയതിനാല്‍ , സഭാവിശ്വാസികളെ പിഴിഞ്ഞ് ഈ കേസുകള്‍ നടത്താന്‍ കാശുണ്ടാക്കാന്‍, പാവം പുണ്യാളന്മാര്‍ ഒരുപാട് കാലം രൂപകൂട്ടിലും കുരിശടികളിലും നടായനാടാകെ റോഡരികില്‍ തപസിരിക്കെണ്ടിവരും ! അതും പോരാഞ്ഞാല്‍ കത്തീദ്രലുകള്‍, കത്താവിന്റെ റബ്ബര്‍തോട്ടങ്ങള്‍ ഒക്കേ വില്‍ക്കെണ്ടിയും വരും കാലക്രമേണ എന്നതില്‍ സംശയമില്ല!
    അങ്ങ് അമേരിക്കയിലെപോലെ ആല്‍ബങ്ങള്‍ ഒളിപ്പിക്കുമാറു 'ഇനിമേൽ പള്ളിചടങ്ങുകളുടെ പേരിൽ സ്റ്റുഡിയോക്കാർക്ക് പണം കൊടുക്കുന്ന പരിപാടി നിർത്തുക, അല്ലെങ്കിൽ വൈദികരെ പരമാവധി ഒഴിവാക്കിയുള്ള ക്ലോസപ്പുകൾ മാത്രം എടുക്കുക.' ഓരോ മനുഷ്യനും ഈ ശപിക്കപ്പെട്ട കത്തനാരാണല്ലോ എന്നെ മാമോദീസാ മുക്കിയത്/ആദ്യകുര്‍ബാന ഈ നാറിയുടെ കൈകളാലാണല്ലോ സ്വീകരിച്ചത് /വിവാഹകൂടാശ ഈ എമ്പോക്കിയാണല്ലോ ചൊല്ലിയതു എന്നു വിലപിക്കാതിരിക്കാന്‍ ഈ മ്ലേച്ഛന്മാരുടെകൂടെനിന്നു ഫോട്ടോ എടുപ്പ് ഒഴിവാക്കുക ! ശവമടക്കള്‍ അയല്‍വാസിയായ ഹിന്ദുവിനെ കണ്ടു പിന്‍പറ്റലാണഭികാമ്യം!.കൂടലില്‍ എന്റെ അനന്തിരവന്‍റെ മകളുടെ വിവാഹനാള്‍ മണവാട്ടിയെ രാവിലെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ,പ്രാര്‍ഥിക്കാന്‍ അടുത്തപള്ളിയില്‍നിന്നും ഒരുകത്തനാരെ കടമെടുത്തു ! മണവാട്ടിയൊരുങ്ങി! പ്രാര്‍ഥിക്കാന്‍ വന്ന കത്തനാര്‍ അതുകഴിഞ്ഞ് അവളുടെകൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ സ്വയം പോസുചെയ്തു നില്‍പ്പായി !ഒന്നല്ല നാലല്ല,കത്തനാര്‍ക്ക് മതിവരുന്നില്ല ! എനിക്കരിസം വന്നു !ഞാന്‍ പറഞ്ഞു "മതിയച്ചാ ബാക്കി വീട്ടില്‍ ചെന്നിട്ടാകാം" എന്നു ! പല്ലിളിച്ച് കത്തനാര്‍ വിടവാങ്ങി ! പിന്നെ കാരണം തിരക്കിയപ്പോള്‍ ഇതിയാന്‍ ഒരു നരമ്പു രോഗിയാണെന്ന് അറിയാവുന്നവര്‍ പറഞ്ഞു ! ജനമേ,കഴിവതും ഇവറ്റകളെ ചടങ്ങുകളില്‍നിന്നും സന്നര്ഭങ്ങളില്‍നിന്നും ഒഴിവാക്കുക ..അതാണ്‌ കൂടുതല്‍ സുഖം !

    ReplyDelete