Translate

Wednesday, October 7, 2015

രക്തശുദ്ധിസംരക്ഷണത്തിന്റെ ബന്ധനത്തില്‍നിന്നുള്ള മോചനത്തിനായി


ഒരു കുടുംബപ്രാര്‍ഥന

കര്‍ത്താവായ ഈശോയേ, ഞങ്ങള്‍ കത്തോലിക്കാസഭയ്ക്കുള്ളില്‍ നിലവിലുള്ള വംശശുദ്ധിസംരക്ഷണത്തിന്റെ ഇരകളും ബന്ധുക്കളും സനേഹിതരുമാണ്. ഞങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങളില്‍നിന്നുള്ള മോചനത്തിനായി അങ്ങ് ഇടപെടണമേ എന്നാണ് ഞങ്ങള്‍ക്ക് അങ്ങയോട് അപേക്ഷിക്കാനുള്ളത്. ഞങ്ങള്‍ ഞങ്ങളുടെ ഇടവകകളില്‍നിന്നുള്ള അപമാനവും വിവേചനവും ബഹിഷ്‌കരണവും മൂലം അനേകം വര്‍ഷമായി കഷ്ടപ്പെടുകയാണ്. ഈ ദുഃഖവും ദുരിതവും അവസാനിപ്പിക്കാനായി പ്രതിഷേധറാലികളും പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കലും കോടതിക്കേസുകളുമായി ഞങ്ങള്‍ അലയാന്‍തുടങ്ങിയിട്ട് എത്ര കാലമായി എന്ന് അങ്ങേക്ക് അറിയാമല്ലോ.

കര്‍ത്താവായ ഈശോയേ, 
ഞങ്ങളുടെ പരാതികള്‍ പരിഗണിക്കാത്ത, സങ്കടങ്ങളോടു യാതൊരു വിധത്തിലും പ്രതികരിക്കാത്ത, കേരളത്തിലെ ഞങ്ങളുടെ ഇടയന്മാരുടെ നിശ്ശബ്ദതയാല്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു. കോട്ടയം രൂപതയിലെ വംശശുദ്ധിസംരക്ഷണം അവസാനിപ്പിച്ച് ഞങ്ങളുടെ സങ്കടങ്ങള്‍ക്ക് അറുതിവരുത്താന്‍ ഒരു മെത്രാനും കര്‍ദ്ദിനാളും ഇതുവരെ തയ്യാറായിട്ടില്ല. ഞങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറില്ലാത്ത ഈ മെത്രാന്മാരിലും കര്‍ദ്ദിനാളിലും ഞങ്ങള്‍ എങ്ങനെ വിശ്വസമര്‍പ്പിക്കും?

കര്‍ത്താവായ ഈശോയേ, 2015 ഒക്ടോബറില്‍ നടക്കുന്ന വത്തിക്കാന്‍ കുടുംബ സിനഡില്‍ വച്ചെങ്കിലും ഞങ്ങളെ ഈ രക്തശുദ്ധിബന്ധനത്തില്‍നിന്ന് മോചിപ്പിക്കാന്‍ അങ്ങ് ഒരു രക്ഷകനെ അയയ്‌ക്കേണമേ. 


റോമിലുള്ള അങ്ങയുടെ ദാസന്മാര്‍ കത്തോലിക്കാസഭയ്ക്കുള്ളില്‍നിന്ന് ഈ രക്തശുദ്ധി സംരക്ഷണസംവിധാനം ഇല്ലാതാക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കില്‍! 


ഈ സിനിഡ് ലോകമെങ്ങുമുളള കത്തോലിക്കരുടെ പ്രാര്‍ഥനയാല്‍ അനുഗൃഹീതമല്ലേ? അവിടെ ഞങ്ങളുടെ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാന്‍ അങ്ങ് ഒരു രക്ഷകനെ അയയ്ക്കണേ. സിനഡിനായി തയ്യാറാക്കിയ ചോദ്യാവലിക്ക് ന്യൂദില്ലിയിലെ അപ്പോസ്തലിക്ക് പ്രോ നൂണ്‍ഷ്യോ ആയ കര്‍ദ്ദിനാള്‍ ബാള്‍ഡിസേറി വഴി ഞങ്ങള്‍ നല്കിയിട്ടുള്ള മറുപടികള്‍ അവിടെ വായിക്കാനും ചര്‍ച്ചചെയ്യാനും നീതിപൂര്‍വകമായ തീരുമാനമെടുക്കാനും അവസരം നല്കണമെന്ന് ഞങ്ങള്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു.


കര്‍ത്താവായ ഈശോയേ, ഞങ്ങളുടെ വാദഗതി ഗ്രഹിക്കാനും സഭയില്‍ ഉന്നയിക്കാനും തയ്യാരായിട്ടുള്ള ഫരീദാബാദിലെ മാര്‍ ഭരണികുളങ്ങര മെത്രാപ്പോലീത്തായെപ്പോലെയുള്ള അങ്ങുടെ യഥാര്‍ഥ സേവകര്‍ക്ക് വേണ്ടത്ര ശക്തി അങ്ങ് നല്കണമേ. താമസിയാതെ നടത്തുന്ന മെത്രാന്മാരുടെ സിനഡില്‍ അദ്ദേഹത്തെ ഞങ്ങളുടെ രക്ഷകനായി അങ്ങ് അഭിഷേകം ചെയ്ത് അനുഗ്രഹിക്കില്ലേ? 


കല്ലേറേറ്റ് കൊല്ലപ്പെടുംമുമ്പ് സധൈര്യം വചനപ്രഘോഷണം നടത്താന്‍ വിശുദ്ധ സ്‌തെഫാനോസിന് അങ്ങു നല്കിയ ചൈതന്യം അദ്ദേഹത്തിനും അങ്ങു നല്കണമേ. അങ്ങയുടെ അമൂല്യരക്തത്തിന്റെ മൂല്യമുപയോഗിച്ച് കോട്ടയം രൂപതയിലെ മതഭ്രാന്തന്മാരുടെ ആക്രമണങ്ങളില്‍നിന്ന് അങ്ങ് അദ്ദേഹത്തെ രക്ഷിക്കണമേ.


കര്‍ത്താവായ ഈശോയേ, റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സാധാരണ സിനഡിന്റെ സംഘാടകരെയെല്ലാം അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കേണമേ. സിനഡിന്റെ സെക്രട്ടറിയായ കര്‍ദ്ദിനാള്‍ ബാള്‍ഡിസേറിക്ക് ഞങ്ങളുടെ കുടുംബപ്രശ്‌നങ്ങള്‍ ലോകത്തിലെങ്ങുമുള്ള ജനങ്ങളുടെ കുടുംബപ്രശ്‌നങ്ങളോടൊപ്പം ഒന്നു
പോലും വിസ്മരിക്കാതെ അവതരിപ്പിക്കാന്‍ വേണ്ടതായ ശക്തിയും ചൈതന്യവും അങ്ങ് നല്കണമേ. സോളമന്‍ രാജാവിനെപ്പോലെ ഈ പ്രശ്‌നങ്ങളെല്ലാം ശ്രദ്ധിച്ചു കേള്‍ക്കാനും വിവേകപൂര്‍വം തീരുമാനങ്ങളെടുക്കാനും പരിശുദ്ധപിതാവിനെയും അങ്ങ് അനുഗ്രഹിക്കണമേ.

കര്‍ത്താവായ ഈശോയേ, അങ്ങ് ഉത്ഥാനം ചെയ്‌തെന്നും ഇന്നും വിശ്വാസികളുടെ പ്രാര്‍ഥനകള്‍ ശ്രവിച്ചുകൊണ്ടും മറുപടി നല്കിക്കൊണ്ടും ജീവിക്കുന്നുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ദുഃഖദുരിതങ്ങളും പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ടാണ് അങ്ങ് ജീവിക്കുന്നതെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങ് പരിശുദ്ധപിതാവിന് ഞങ്ങളുടെ ദുഃഖങ്ങളെക്കുറിച്ച് ഗ്രഹിക്കാന്‍ ഉള്‍ക്കാതും ഉള്‍ക്കണ്ണും തുറന്നുകൊടുക്കണമേ. മെത്രാന്മാരുടെ സിനഡില്‍ വിവേകപൂര്‍ണമായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് ജ്ഞാനവും ശക്തിയും പകരണമേ. 


രക്തശുദ്ധിപരിപാലനത്തിനായി നടത്തന്ന എല്ലാ പ്രവര്‍ത്തനങ്ങളും അക്രൈസ്തവവും തിന്മനിറഞ്ഞതുമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകമെങ്ങുമുള്ള എല്ലാ സഭാവിഭാഗങ്ങളിലും നിരോധിക്കാന്‍ പരിശുദ്ധപിതാവിന് വേണ്ടത്ര ശക്തിയും ധൈര്യവും അങ്ങ് പകര്‍ന്നു നല്കണമേ. 

കര്‍ത്താവായ ഈശോയേ, കോട്ടയം രൂപതക്കാരും വംശശുദ്ധിസംരക്ഷണത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരും കൂദാശകള്‍ സ്വീകരിക്കുന്നതില്‍നിന്ന് മുടക്കു കല്പിക്കപ്പെട്ടവരുമായവരോടൊപ്പം വംശശുദ്ധിപരിപാലനത്തിന്റെ ഇരകളുടെ ബന്ധുക്കളും സനേഹിതരും ചേര്‍ന്ന് ഈ പ്രാര്‍ഥന അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു                      ആമേന് .

ക്നാനായ കത്തോലിക്കാ നവീകരണ സമിതി ജനറല്  സെക്രട്ടറി ലൂക്കോസ് മാത്യു കെ. പ്രസിദ്ധീകരിച്ചത് 

4 comments:

 1. മനുഷ്യൻ അവനു ചെയ്യാവുന്നത് ചെയ്യുക എന്നതാണ്, അത് മാത്രമാണ് പ്രാർഥന. അതിന്റെ സ്ഥാനത്ത് അങ്ങനെ ചെയ്യണേ, ഇന്നവന്റെ തലയിൽ വിവേകം നിറക്കണേ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാൽ ഒന്നും സംഭവിക്കുകയില്ല. കാര്യക്ഷമമായ പ്രക്രിയകളിൽ എർപ്പെടുക എന്നതാണ് ആവശ്യം. ഈ വിധത്തിലുള്ള പ്രാർഥന ശ്രദ്ധിക്കാൻ ഒരു ദൈവമോ മദ്ധ്യസ്ഥരോ മുകളിലെവിടെയോ ഉണ്ടെന്ന ധാരണ തന്നെ ബാലിശമാണ്.

  ReplyDelete
 2. സഭ അടിമകൾക്ക് കാലാകാലം പിതാക്കന്മാർ നല്കുന്ന എല്ലിങ്കഷ്ന്നം ആണ് ഈ കുടുംബ പ്രാർത്ഥനകൾ.ഇത് കണ്ണിനു പകരം കണ്ണ് ...ചെവിക്കു പകരം ചെവി എന്ന് പറഞ്ഞത് പോലെ ആയി.വേണ്ടായിരുന്നു..

  ReplyDelete
 3. കപ്പിയാര്‍ മൂത്ത കത്തനാരുടെ തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്ന "ക്നാനായ കത്തോലിക്കരുടെ" ഈ പ്രാർഥനയ്ക്ക് കര്‍ത്താവിന്‍റെ മറുപടിയായി ഒരശരീരി നൊന്തുവിലപിച്ച ആ മനസുകളില്‍ മാറ്റൊലികൊണ്ടതു ,(അവര്‍ എന്നോട് പറഞ്ഞതാണ്):- ദൈവമക്കളെ , "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതെന്ന് " അന്നു ഞാന്‍ തലമുറകളോട് പറഞ്ഞത്, ആ പാവം മത്തായി മാത്രം ഓര്‍ത്തിരുന്നു ! മറ്റു മൂന്ന് എഴുത്തുകാര്‍ക്കും ഇതിന്റെ പൊരുള്‍ അന്നു മനസിലാകാഞ്ഞിട്ടായിരിക്കാം, അവര്‍ ഈ ഭാഗം എഴുതാന്‍ മറന്നുപോയി! കാലാകാലമായി മത്തായിയുടെ 'ആറാം' കുറിപ്പ് നിങ്ങളും വായിച്ചെങ്കിലും, ഞാന്‍ ഏതോ "പൊട്ടത്തരം" അറിയാതെ പറഞ്ഞുപോയതായിരിക്കാം, എന്നു കരുതി എന്റെ വചനം ശേഷം ജനങ്ങളും കാലാകാലമായി തഴഞ്ഞുകളഞ്ഞു ! കള്ളന്‍കത്തനാര്‍ പറഞ്ഞതെല്ലാം നിങ്ങള്ക്ക് അതുമൂലം വേദമായി! "പോഴന്‍ പാതിരി ഉരുവിടും ഓരോ ചൊല്ലും വേദമായ് "!! എന്നിട്ടിപ്പോള്‍ ആശാൻപള്ളിക്കൂടത്തിൽ പോയി ആശാന്റെ അരിശതല്ല് കിട്ടിയ ബാലന്മാരെപോലെ എന്നോടെന്തിന് ഇങ്ങനെ ചിണുങ്ങുന്നു ? നാണമില്ല ആദാമ്യരെ ..... സീനായ്‌മലയില്‍വച്ചു മോശയ്ക്കു യഹോവാ പത്തുകല്പന (നിങ്ങള്ക്കായി) തന്നുവെങ്കില്‍, ഞാന്‍ വെറും രണ്ടല്ലേ നല്‍കിയുള്ളൂ ? ഒന്നാമതായി, "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ കപടഭക്തരെപോലെ പള്ളികളില്‍ പോകരുത്" // രണ്ടാമതായി,"ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്‍" ! ഇവകള്‍ അനുസരിക്കാതെ നിങ്ങള്‍ കത്തനാരുടെ പുറകേപോയി; അവന്‍ നിങ്ങളുടെ വിയര്‍പ്പിനു പകരമായി നിക്രിഷ്ടമായി മടക്കിതന്ന "അടിമവാഴ്ച", ഇരുകയ്യും നീട്ടി വാങ്ങിയ കാലത്തിന്റെ വിദൂഷകരത്രേ നിങ്ങള്‍ ! എനിക്ക് നിങ്ങളോടും ഈ പാതിരിപ്പടയോടും പരിഹാസമില്ല , പകയില്ല; പകരമാ പഴയ പ്രാര്‍ത്ഥന മാത്രം "പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ.."..എന്നു മാത്രം , എന്നു സ്വന്തം കര്‍ത്താവ് !

  ReplyDelete
 4. ശരീരബോധത്തില്‍ "താനും ദൈവവും രണ്ടാണെന്നും" , ജീവന്‍റെബോധത്തില്‍ "താന്‍ ദൈവത്തില്‍ ഒരംശം മാത്രമാണെന്നും" , എന്നാല്‍ ആത്മബോധത്തില്‍ "താന്‍ ദൈവം തന്നെയാണെന്നും" ഓരോമനവും കണ്ടെത്തണം! രാമായണത്തിലെ ഹനുമാന്റെ നാവില്‍ ഈ അറിവിന്റെ 'ക്യാപ്സ്യൂൾ' ഒരുകാട്ടളനെകൊണ്ടും (വാത്മീകിയാക്കി) കാലം നിറയിച്ച നാടാണീ ഭാരതം! 'അല്മായശബ്ദ'ത്തില്‍ വന്ന ഈ 'കുടുംബ പ്രാര്‍ത്ഥന' ഒരു ഭാരതീയന്‍ വായിച്ചാല്‍ "ഈ ഞെളിഞ്ഞുനടക്കുന്ന അചായപുങ്കന്മാര്‍ക്ക് ദൈവത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ലല്ലോ, ഇത്രകാലം പള്ളിക്കു ചുറ്റും വലംവച്ചിട്ടും" എന്നു ആക്ഷേപിക്കും നിശ്ചയം ! ഭാരതത്തിന്റെ സനാതന വേദാന്തം വെടിഞ്ഞു പാതിരിപ്പുറകെ "വേദപുസ്തകവും പേറി കാലമെല്ലാം നടന്നു കാലുതേഞ്ഞ (കാലക്കേടിലായ)'സോകാള്‍ടു ക്രിസ്ത്യാനീ', ഭാരതാമ്മ നിന്നെയോര്‍ത്തു കേഴുന്നു , "എന്റെ കുഞ്ഞുങ്ങള്‍ക്കീ ഗതി വന്നല്ലോ" എന്ന് !!

  ReplyDelete