Translate

Wednesday, October 28, 2015

സിനഡ് സിന... സിന... ഡും....

പട്ടികൾക്കു വേണ്ടി വാദിക്കാൻ ഒരുപാടു മനുഷ്യരുണ്ട്, പക്ഷേ മനുഷ്യനു വേണ്ടി വാദിക്കാൻ ഒരു പട്ടിയുമില്ലെന്നു പറയുന്നതു കേട്ടിട്ടില്ലെ? അതുപോലെയാ കത്തോലിക്കാ സഭയിലെ കാര്യവും. മെത്രാന്മാർക്കുവേണ്ടി വാദിക്കാൻ ഒരുപാടു വിശ്വാസികളുണ്ട്, പക്ഷെ വിശ്വാസികൾക്കുവേണ്ടി വാദിക്കാൻ ഒരു മെത്രാനുമില്ലെന്ന അവസ്ഥയാണുള്ളത് (പശ്ചിമ ഘട്ടത്തിലുള്ളവർ ക്ഷമിക്കുക). നമ്മളൊരു വിചിത്ര സമൂഹമായി ലോകത്തിൽ കാണും! ഇംഗ്ലണ്ടിലുള്ള സായിപ്പന്മാർ ഓർത്തത് നമ്മളും കത്തോലിക്കരല്ലേ വരട്ടേയെന്നാണ്, അവരുടെ പള്ളികൾ  മലയാളികൾ ഉപയോഗിച്ചോട്ടെയെന്നും അവർ കരുതി. കളി തുടങ്ങിയപ്പോളല്ലേ വിവരം മനസ്സിലായത്. മറ്റുള്ളവർക്കല്ലേ നമ്മുടെ പോരായ്മ നന്നായി കാണാനാവൂ! മലയാളം കുർബ്ബാനയെ അവർ വിശേഷിപ്പിച്ചതു രണ്ടു മണിക്കൂർ നീളുന്ന ഹലാ ഹലാ തരികിട ബഹളം എന്നാണെന്നു പത്രങ്ങളിൽ വായിച്ചു. ഇംഗ്ലിഷിൽ കുർബ്ബാന ചൊല്ലുകയുമില്ല, ശാന്തമായി അൽപ്പനേരം അവിടെയിരിക്കാൻ ആരെയും സമ്മതിക്കുകയുമില്ലെന്നാണ് പഴയ ബ്രിട്ടീഷ് ക്രിസ്ത്യാനികൾ ഇപ്പോൾ പറയുന്നത്. പ്രിസ്റ്റണിൽ സംഗതി വലിയ തർക്കവുമായി! ഞങ്ങൾ പണിത പള്ളി ഇവർക്ക് കൊടുക്കാൻ മെത്രാനെന്തവകാശം എന്നാണ് പ്രിസ്റ്റൺകാർ ഇപ്പോൾ ചോദിക്കുന്നത്. കേരളീയർ കാടന്മാരാണെന്നു കാണിക്കാൻ ബ്രിട്ടീഷ് മാധ്യമങ്ങൾ നമ്മുടെ ചെണ്ടകൊട്ടിന്റെയും വാദ്യമേളങ്ങളുടേയും നേർച്ചപ്പെട്ടികളുടേയും താലപ്പൊലികളുടെയും ആചാരാനുഷ്ടാനങ്ങളുടേയും ചിത്രങ്ങൾ വല്യ മുഴുപ്പിൽ കൊടുക്കുന്നു. ഒരു കർദ്ദിനാളിനെ സ്വീകരിക്കാൻ അവിടെ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ മുഴുവൻ ഇംഗ്ലീഷുകാരും കണ്ടു. അത് മിടുക്കായി കരുതുന്നവരോട്  ഞാനെന്തു പറയാൻ? നമ്മുടെ കാർന്നോർക്ക് ആരെന്തെല്ലാം കാണിച്ചാലും ഒരു കുലുക്കവുമില്ല താനും. 

ഈയിടെ ഒരു മദ്രാസ് കോടതിവിധി കണ്ടു, കുട്ടികളെ പീഢിപ്പിക്കുന്നവരെ പിടിച്ച്, അവരുടെ എക്സ്ടേണൽ ഹാർഡ്‌ ഡിസ്ക് ഡീആക്റ്റിവേറ്റ് ചെയ്തു വിടണമെന്നാണു കോടതി പറഞ്ഞത്. എന്റെ അഭിപ്രായം, കന്യാസ്ത്രിമാർക്ക് നിത്യവൃതവാഗ്ദാനം ഉള്ളതു പോലെയും, മുസ്ലീമുകൾക്കു സുന്നത്തുള്ളതുപോലെയും ശെമ്മാശ്ശുപട്ടം സ്വീകരിക്കുന്നതിനു മുമ്പ് വൈദിക വിദ്യാർത്ഥികൾക്ക് ഡീആക്ടിവേഷൻ നിർബ്ബന്ധമാക്കണം എന്നാണ്. ഇഷ്ടം പോലെ തിന്നാമെന്നും, ആരെയും ഭരിക്കാമെന്നും, എന്തു വിഡ്ഢിത്തരവും എവിടെയും വിളിച്ചുകൂവാമെന്നും കരുതി ളോഹയിടാൻ പോകുന്നവർ മര്യാദക്കിരുന്നോളും. ആർഭാടവും ജാടയും ഇഷ്ടപ്പെടുന്ന സർവ്വ സിവിൽ (എഞ്ചിനീയർ) വൈദികർക്കും നാഡിയിടിപ്പു കൂടുതലായിരിക്കും; ഒരു സംശയവും വേണ്ട. എല്ലാ ഇടവകകളിലും ഇടവക്കാരുടെ വക ഒരു മോണിട്ടറിങ് കമ്മറ്റിയും വേണം. അല്ലെങ്കിൽ, സി. ജസ്മി പറഞ്ഞതുപോലെ, കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ കാണണമെന്നു ചിലർക്കു തോന്നിയെന്നിരിക്കും, സഞ്ചാരം വീഡിയോകൾ ചിലരുടെ കളക്ഷനിൽ കണ്ടെന്നുമിരിക്കും. കുറ്റക്കാരനെന്നു കണ്ടിട്ടും വൈദിക പ്രതിയെ ഇവിടെനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു കയറ്റി അയക്കുന്ന മെത്രാന്മാരെ താമരക്കുരിശും ചുമപ്പിച്ചു തെരുവിലൂടെ നടത്തണമെന്നും എനിക്കഭിപ്രായമുണ്ട്. ഫ്ലോറിഡാ കേസ് വെറും ഒരാരോപണമായിരുന്നെങ്കിൽ ആ അച്ചൻ ചിക്കാഗോയിൽ കുർബ്ബാന ചൊല്ലാൻ വന്നപ്പോൾ നാട്ടുകാർ സഹകരിച്ചേനേ. വാദിഭാഗം ആരോപിക്കുന്നതുപോലെയെല്ലാം സംഭവിച്ചുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. അമേരിക്കയിലെ അച്ചന്മാരെ അടച്ചു ന്യായീകരിക്കാനും ഞാനില്ല. ഒരു വിശ്വാസിയുടെ ഭാര്യയുമായി അവിടെനിന്നൊരു ഒരു വൈദികൻ മുങ്ങിയെന്നതു സത്യം തന്നെയാണ്. 

ഈയിടെ സിനഡിൽ ആലഞ്ചേരി പ്രസംഗിച്ചതു കേട്ടില്ലേ? ദീപിക അതു പ്രസിദ്ധീകരിച്ചിരുന്നു. കുടുംബങ്ങളുടെ തകർച്ചക്കു പറഞ്ഞ കാരണങ്ങളിൽ സർവ്വത്ര ലൈംഗികം. മഠങ്ങൾ പൂട്ടാൻ പോകുന്നതിന്റെ കാരണം ആലഞ്ചേരിപ്പിതാവിനോട് ആരും ചോദിക്കരുതെന്നു ഞാൻ അഭ്യർത്ഥിക്കുന്നു. കുടുംബങ്ങൾ നിലനിൽക്കുന്നതു കാണണമെങ്കിൽ വരൂവെന്ന വെല്ലുവിളിയോടെയാണദ്ദേഹം സിനഡിലെ പ്രസംഗം നിർത്തിയതെന്നു കേൾക്കുന്നു. മാനസികാസ്പത്രികളിൽ അഡ്മിറ്റായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളുടേ എണ്ണവും കൂടി റോമിൽ നിന്നു വരുന്നവർ ശ്രദ്ധിക്കണം. വരുന്നവർ പോലീസ് സംരക്ഷണം കൂടി സ്വന്തം നിലയിൽ ഉറപ്പു വരുത്തിക്കോണം (പാലാ സിനഡിന്റെ കാര്യം ഓർത്ത്‌ പോയതാ). കുടുംബം എന്നു പറയുന്നതു ലൈംഗികം മാത്രമാണോ കാർന്നോന്മാരേ? സഭയിൽ കുടുംബങ്ങൾക്കാണു പ്രാധാന്യം എന്നു മാർപ്പാപ്പാ! ആരു കേൾക്കാൻ? സമ്പത്തും കർത്താവുമായി ഒത്തുപോകില്ലെന്നു മാർപ്പാപ്പാ, ഇങ്ങോട്ടു വാ കാണിച്ചു തരാമെന്ന് ഇക്കാപ്പാ. രണ്ടും കൂടി ഒരൊറ്റ കട്ടിലിൽ കിടക്കുമെന്നു നമ്മുടെ മെത്രാമാർ കാണിച്ചു കൊടുക്കും. സിനഡിന്റെ അവസാനം മാർപ്പാപ്പാ പറഞ്ഞു, ഹൈരാർക്കിയുടെ മുകളിലായിരിക്കും ഇനിമേൽ വിശ്വാസികളുടെ സ്ഥാനമെന്ന്. എല്ലാം മനസ്സിലായി എന്നപോലെ തന്നെയാണ് നമ്മുടെ കേരള മെത്രാന്മാർ സിനഡിന്‌ പോയതുതന്നെ ഒന്നും മനസ്സിലാക്കാതെയാണ്.  മടങ്ങിയതും  ഒന്നും മനസ്സിലാക്കാതെ. ഇനി, അവർക്കെന്തെങ്കിലും മനസ്സിലായതുകൊണ്ടും ഇവിടെ ഒന്നും മാറാനും പോകുന്നില്ല. 

ഈ അടുത്ത കാലത്ത് എന്നെ ഞെട്ടിച്ചത് ഇതൊന്നുമല്ല. തട്ടിൽ മെത്രാന്റെ നേതൃത്വത്തിൽ പ്രാർത്ഥന തുടങ്ങിയിരിക്കുന്നു, 2033നെ വരവേൽക്കാൻ! ഞാനിതറിയാൻ എന്താ താമസിച്ചുപോയതെന്നു പിടികിട്ടുന്നില്ല. 2033 ലാണല്ലോ കർത്താവു മരിച്ചതിന്റെ രണ്ടായിരാം ശ്രാദ്ധം വരുന്നത്. ഈ തൊപ്പിക്കാർക്കു സുബുദ്ധി ഉപദേശിക്കാൻ ആരുമില്ലേ? ദൈവത്തിനു ശ്രാദ്ധം വെക്കുന്നു! കർത്താവു ജനിച്ചത് എ ഡി ഒന്നിലാണെന്ന് ഒരു ചരിത്രകാരനും പറഞ്ഞിട്ടില്ലെന്നോർക്കണം, ഈ ജൂലിയൻ/ഗ്രിഗൊറിയൻ കലണ്ടർ പ്രചാരത്തിലായത് എ ഡി 525 ലാണ്. യേശുവിന്റെ ജനനം മറ്റു ചരിത്രക്കണക്കുമായി അൽപ്പമെങ്കിലും ചേരണമെങ്കിൽ ഒരു നാലഞ്ചു വർഷമെങ്കിലും പിറകിലേക്കു നാം പോകേണ്ടി വരുമെന്നും ചരിത്രകാരന്മാർ പറയുന്നു. ഹേറോദേസ് രാജ്യം ഭരിച്ച കാലമെങ്കിലും നോക്കണ്ടേ വല്യപ്പാ? ബൈബിൾ പ്രകാരം യേശൂ ജനിച്ചപ്പോൾ ഹേറോദേസ് ഉണ്ടായിരുന്നു. ചരിത്ര രേഖകൾ പ്രകാരം ബി സി നാലിൽ ഹേറോദേസ് മരിച്ചു. യേശുവിന്റെ ജനനം ബി സി 7 ലായിരിക്കണം. ഒരു ദിവസം, തോമ്മാസ്ലീഹായുടെ കൃത്യമായ ജനന സർട്ടിഫിക്കറ്റുമായും ഇവർ വരാതിരിക്കില്ല. നിത്യവും പൌരോഹിത്യ ജൂബിളികളുടെ വാർത്തകൾ കാണാം. ഇപ്പോഴിതാ ദൈവപുത്രനും ജൂബിലി വരുന്നു! ഇവരിങ്ങനെ ഈ ജൂബിലികളും തീറ്റയും പിരിവുമായി എത്രകാലം സഭ പോകും? ആഘോഷങ്ങൾക്ക് പകരം കർത്താവു പറഞ്ഞ എന്തെങ്കിലുമൊന്നു ചെയ്യ്‌ പിതാക്കന്മാരേ. ഒരു കാര്യം തറപ്പിച്ചു പറയാം - ഈ നിലയിൽ ഒരു സീറോ മലബാർ 2033ൽ ഇവിടുണ്ടാവില്ല. ഉറപ്പ്! വെടീം പടേമായിറങ്ങിയ ടൈറ്റാനിക്ക് പോലും മുങ്ങി. രണ്ടായിരം വർഷങ്ങൾ സഭ കാത്ത ദൈവം ഇനിയും അതിനെ നോക്കും എന്നാണു മെത്രാന്മാർ പറയുന്നത്. രണ്ടായിരം വർഷങ്ങൾക്ക്മേൽ പഴക്കമുള്ള വേറെയും മതങ്ങൾ ഇവിടുണ്ട് തമ്പ്രാന്മാരേ. ചെകുത്താനും ആരോഗ്യത്തോടേ ഇവിടുണ്ട്. സഭ പുറത്താക്കിയ എറണാകുളത്തെ മെത്രാനും ഇപ്പോൾ ജീവിച്ചിരുപ്പുണ്ട്. ഒരു തോമ്മായും ഈ തലതിരിഞ്ഞ സഭയെ സഹായിക്കാൻ വരില്ല! അതു കൊക്കനച്ചനും അറിയാം, എഡ്വിനച്ചനും അറിയാം ആലഞ്ചേരി ബെയാറ്റിറ്റ്യൂഡിനും അറിയാം. പോരേ? ഇനി അഥവാ  രക്ഷിച്ചാലും റോമിലുള്ള ലത്തിൻ സഭയെ ആയിരിക്കും ദൈവം സംരക്ഷിക്കുക, അല്ലാതെ കാക്കനാട് കേന്ദ്രമായുള്ള തലതിരിഞ്ഞ ഈ റീത്തിനെയായിരിക്കില്ല.

ആലഞ്ചേരിക്ക് സർക്കസ് അറിയാമെന്നെനിക്കറിയില്ലായിരുന്നു. ഇപ്പഴാ അങ്ങേര് ശരിക്കും നേതാവായത്. ഇന്നാൾ മോചന സമരം നടത്തിയപ്പോൾ പിതാക്കന്മാരെന്താ പറഞ്ഞത്? പാലാ സിനഡ് കഴിഞ്ഞപ്പോഴും 'അത്മായൻ', 'രാഷ്ട്രീയം' എന്നൊക്കെ കേട്ടതായി ഓർമ്മയുണ്ട് . ഏതായാലും കോഴിക്കോട് ബിഷപ്സ് ഹൗസിലെത്തിയ ഉമ്മൻ ചാണ്ടി ഇത്രയും പ്രതീക്ഷിച്ചില്ല. എന്തൊരു സന്തോഷമായിരുന്നു അവിടുള്ളവർക്ക്. പണ്ടു പിണറായിയെ വിളിച്ചു ചായ കൊടുത്ത റമീജിയൂസ്സ് മെത്രാനും മാലയും വളയുമായി ഉമ്മൻ ചാണ്ടിയെ സ്വീകരിക്കാൻ കോഴിക്കോട്ട് എത്തിയെന്ന് പറഞ്ഞാലെന്താ സ്ഥിതി? സർക്കാരിനെ മുട്ടു കുത്തിക്കുമെന്നോ കൊല്ലുമെന്നോ ഒക്കെ കഴിഞ്ഞ കൊല്ലം ആരൊക്കെയോ പറഞ്ഞതുപോലെ എനിക്കു തോന്നുന്നു. അതെല്ലാം മാറി കർത്താവിന്റെ വഴിയാണ്‌ കത്തോലിക്കനെന്നു മേജർ പറയണമെങ്കിൽ എ കെ സി സി ക്കെന്തെങ്കിലും പറ്റിക്കാണണം. പറ്റിച്ചത് അത്മായർ തന്നെ! സത്യത്തിൽ ആരുടെയും ഹൃദയം തകരും, കേരളത്തിലുടനീളം കാണുന്ന പോസ്റ്ററുകൾ ശ്രദ്ധിച്ചാൽ. മണി മണി പോലത്തെ പേരുകളുള്ള ക്രിസ്ത്യാനികൾ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുന്നു; ഹല്ലേലൂജാ...!

ഒരു സഹജീവി കൊല്ലപ്പെട്ടാൽ ഏതു പൊട്ടനും പോലീസിൽ പരാതിപ്പെടും; പാലായിലെ കന്യാസ്ത്രികളാണെങ്കിൽ ആരുമറിയാതെ ഒതുക്കും. ഇപ്പോൾ കേൾക്കുന്നത്, പോലീസുപട്ടി വന്നിട്ട് തിരിച്ചോടുന്നത് പള്ളിമുറീടെ സൈഡിൽ കൂടി ആകുമോയെന്ന് ആരൊക്കെയോ ഭയപ്പെട്ടിരുന്നുവെന്നാണ്! എങ്ങിനെ കേസ് ഒതുങ്ങാതിരിക്കും?

1 comment:

  1. പുരോഹിതന്‍റെ കമാവേറി കുറയ്ക്കാന്‍ പണ്ടേ സഭകള്‍ സന്യാസിമാരായ പുരോഹിതരെ സെമിനാരിയില്‍ വച്ചേ 'കടുക്കാ കഷായം' കുടിപ്പിക്കുമായിരുന്നു എന്നു ഞാനും കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട് ! അത് പേടിച്ചാണോ ചെറുപ്പത്തിലേ ഞാന്‍ പൌരോഹിത്യം വെറുത്തതും, അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ പുരോഹിതനാകാഞ്ഞതും എന്നും ഇന്നും എനിക്ക് അറിഞ്ഞുകൂടാ! കടുക്കാവെള്ളം കുടിച്ചാല്‍ ബീജോല്പാതനം ഇല്ലാതെയാക്കും ! അത് വീണ്ടും സഭകള്‍ പുരാവര്‍ത്തിക്കണം... .ഇല്ലാഞ്ഞാല്‍ സണ്‍‌ഡേ സ്കൂളിനു പിള്ളാരെ കിട്ടാതെ വരും; കന്യമാടങ്ങള്‍/ജയിലറകള്‍ മുപ്പതുകൊല്ലത്തിനകം പൂര്‍ണമായും നിര്‍ത്തേണ്ടിയും വരും .
    റോഷന്റെ അഭിപ്രായം, കന്യാസ്ത്രിമാർക്ക് നിത്യവൃതവാഗ്ദാനം ഉള്ളതു പോലെയും, യഹൂദര്‍ക്കും മുസ്ലീമുകൾക്കു സുന്നത്തുള്ളതുപോലെയും ശെമ്മാശ്ശുപട്ടം സ്വീകരിക്കുന്നതിനു മുമ്പ് വൈദിക വിദ്യാർത്ഥികൾക്ക് 'ഡീആക്ടിവേഷൻ' നിർബ്ബന്ധമാക്കണം എന്നാണല്ലോ !ഏതായാലും വയവദാനം നടപ്പില്ല !
    ഒരുവന്‍ കുറ്റക്കാരനെന്നു കണ്ടിട്ടും ആ 'വൈദിക പ്രതിയെ' ഇവിടെനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്കു കയറ്റി അയക്കുന്ന മെത്രാന്മാരെ താമരക്കുരിശും ചുമപ്പിച്ചു തെരുവിലൂടെ നടത്തണമെന്നും റോഷന് അഭിപ്രായമുണ്ട്... NH 47 ന്‍റെ ഓരത്തു പട്ടാപ്പകല്‍ സ്വന്തം പള്ളിയിലെ കന്യകയെ കാറിൽ കൊണ്ടുവന്നു ആ കാറിൽ തന്നെ മണിയറ തീര്‍ത്ത 'പാതിരി പോക്കിറിയെ' കൊല്ലാത്തെ മെത്രാന്‍ ബോംബെ മെത്രാന് കൈമാറി ; അവിടാകുമ്പോള്‍ വല്യ കുഴപ്പം കാണില്ലല്ലോ എന്നോര്‍ത്തു ! പിഴച്ച മെത്രാന് സ്ഥലമാറ്റം കൊടുക്കുന്ന സഭയും കണ്വന്ഷ്ന്‍ കസര്‍ത്തുന്ന കലികാലമായി ! അപ്പോള്‍ , പിഴയ്ക്കുന്ന മെത്രാനെ കുരിശില്‍ തറയ്ക്കണമെന്നും നാളെ ചിലര്‍ക്ക് തോന്നിയെന്നിരിക്കാം ! ഏതായാലും മൂന്നാം നൂറ്റാണ്ടില്‍ റോമായിലെ കോണ്സ്ടാന്റിൻ ചക്രവര്‍ത്തി പള്ളിയില്‍ അന്നത്തെ കയ്യാപ്പാമാരുമായി/കത്തനാരുമായി കൂട്ടുകെട്ടുണ്ടാക്കി ലോകത്തിനൊരു ബൈബിള്‍ രചിച്ചു കൊടുത്തപ്പോള്‍ ചങ്ക് തകര്‍ന്നു ക്രിസ്തു പള്ളി ഉപേക്ഷിച്ചു; പള്ളിക്ക് പുറത്തു ചാടി എന്ന പരമസത്യം ലോക ക്രിസ്ത്യാനി എന്നു മനസിലാക്കുമോ ആവോ!

    ReplyDelete