Translate

Friday, October 30, 2015

മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യങ്ങള്‍

കെ എം റോയ്

നീണ്ട 45 വര്‍ഷം മുമ്പു നടന്ന സംഭവമാണു റാന്നിക്കടുത്തു മന്ദമരുതി വനപ്രദേശത്തുവച്ചു നടന്ന മറിയക്കുട്ടി എന്ന വീട്ടമ്മയുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ ഫാ. ബെനഡിക്‌ട് എന്ന കത്തോലിക്കാ വൈദികനു കൊല്ലം സെഷന്‍സ്‌ കോടതി വധശിക്ഷ നല്‍കിയതും. 1967-ല്‍ ആ വധശിക്ഷ കേരള ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തു.

അതു കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൊലപാതകമാണ്‌. അന്നു ഞാന്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തില്‍ സഹപത്രാധിപരായി ജോലി ചെയ്യുകയായിരുന്നു. ഫാദര്‍ ബെനഡിക്‌ട് മാത്രമല്ല ആ കേസുമായി ബന്ധപ്പെട്ട മിക്കവാറും പേര്‍ മൃതിയടഞ്ഞുകഴിഞ്ഞിരിക്കുന്നു. ഈ സംഭവത്തില്‍ ഫാദര്‍ ബെനഡിക്‌ട് നിരപരാധിയാണെന്നും മറ്റാരോ ആണു കൊലപാതകം ചെയ്‌തതെന്നും കൊലപാതകിയുടെ കുടുംബാംഗങ്ങള്‍ കുറ്റം തുറന്നുസമ്മതിക്കുന്നുണ്ടെന്നും പത്തുവര്‍ഷം മുമ്പു ചില പത്രവാര്‍ത്തകള്‍ വന്നു.

അതിനുശേഷം ഈയിടെ ഫാ. ബെനഡിക്‌ടിനെ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ കത്തോലിക്കാ സഭയിലെ അതിരമ്പുഴയിലുള്ള ഒരു വിഭാഗം വൈദികര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അത്തരം ശ്രമങ്ങളെ എതിര്‍ക്കുന്ന മറ്റൊരു വിഭാഗം കത്തോലിക്കരുമുണ്ട്‌. മറിയക്കുട്ടി വധത്തെക്കുറിച്ച്‌ അക്കാലത്ത്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡിവൈ.എസ്‌.പിയായിരുന്ന കെ.വി. രാമനാഥന്‍ എന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടേണ്ടത്‌ എന്റെ ധാര്‍മികചുമതലയായി എനിക്കു തോന്നി. കേരള സര്‍ക്കാര്‍ സര്‍വീസില്‍ സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ സഹോദരനാണു രാമനാഥന്‍.

എറണാകുളം ഭാരത്‌ ടൂറിസ്‌റ്റ് ഹോമിലെ മുറിയിലിരുന്നാണ്‌ സന്ദര്‍ഭവശാല്‍ കെ.വി. രാമനാഥന്‍ ആ സംഭവം വിവരിച്ചത്‌. അദ്ദേഹത്തിനു പോലീസ്‌ മേലധികാരികള്‍ നല്‍കിയ നിര്‍ദേശം തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ആ കൊലപാതകത്തെക്കുറിച്ചു സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ്‌. രാമനാഥന്‍ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ മുറിയില്‍ ദേശബന്ധു പത്രത്തിന്റെ ഉടമ പി. നാരായണന്‍നായരും (സ്വരാജ്‌ മണി) പിന്നീടു മന്ത്രിയായി മാറിയ പി.എസ്‌.പി. നേതാവ്‌ പി.കെ. കുഞ്ഞുമുണ്ടായിരുന്നു.

ഒരു കത്തോലിക്കാ വൈദികന്‍ ഒരു കൊലക്കേസില്‍ ഉള്‍പ്പെടുന്ന സംഭവം കേരളത്തില്‍ ആദ്യത്തേതായിരുന്നു. സാധാരണ ഗതിയില്‍ കേരള പോലീസ്‌ അങ്ങനെയൊരു കേസ്‌ അന്വേഷിക്കുമായിരുന്നില്ല. പക്ഷേ, കലാനിലയം കൃഷ്‌ണന്‍നായരുടെ പത്രമായ 'തനിനിറ'ത്തില്‍ മറിയക്കുട്ടിയുടെ കൊലപാതകത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട്‌ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കപ്പെട്ടു. കത്തിക്കുത്തേറ്റ ഏതാനും മുറിവുകളോടെ അര്‍ധനഗ്നയായി കിടക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോ ആയിരുന്നു അത്‌. തുടര്‍ന്നു പല ദിവസങ്ങളായി അതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

അങ്ങനെയാണു സംഭവത്തിന്റെ അന്വേഷണച്ചുമതല ഡിവൈ.എസ്‌.പി. കെ.വി. രാമനാഥനെ സര്‍ക്കാര്‍ ഏല്‍പിച്ചത്‌. അന്വേഷണം നടത്തി വളരെ വ്യക്‌തമായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ വേണ്ടത്ര തെളിവില്ലെന്ന കാരണം പറഞ്ഞ്‌ ആ കേസ്‌ റഫര്‍ ചെയ്‌തു കളയാനായിരുന്നു പോലീസ്‌ മേലധികാരികളുടെ നിര്‍ദേശം. രാമനാഥന്‍ പറഞ്ഞതു വേണ്ടത്ര തെളിവില്ല എന്ന കാരണത്താല്‍ കേസ്‌ റഫര്‍ ചെയ്‌തു കളയാന്‍ തന്റെമേല്‍ വലിയ സമ്മര്‍ദവും പ്രലോഭനവും ഉണ്ടായിയെന്നാണ്‌. അതിനുവേണ്ടി അദ്ദേഹത്തിന്‌ എത്ര പണം കൈക്കൂലിയായി നല്‍കുന്നതിലും കത്തോലിക്കാസഭയില്‍ വലിയ സ്വാധീനമുള്ളവര്‍ മുന്നോട്ടുവന്നു. പക്ഷേ, തന്റെ മനഃസാക്ഷിയോടു സത്യസന്ധത കാണിക്കാനാണു താന്‍ തീരുമാനിച്ചതെന്നു രാമനാഥന്‍ പറഞ്ഞു.

കൊല്ലം പോലീസ്‌ ക്ലബില്‍ വച്ചാണു ഫാ. ബെനഡിക്‌ടിനെ രാമനാഥനും സംഘവും ചോദ്യം ചെയ്‌തത്‌. സത്യം പറയിപ്പിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഒരൊറ്റ അടി മാത്രമേ ഫാ. ബെനഡിക്‌ടിനു നല്‍കിയിട്ടുള്ളൂ എന്നാണു രാമനാഥന്‍ പറഞ്ഞത്‌. പോലീസ്‌ ക്ലബില്‍ ഒരു കസേരയില്‍ അച്ചന്‍ ഇരിക്കുമ്പോള്‍ പിറകില്‍ നിന്നു കഴുത്തിനു പിറകില്‍ ഒരടി കൊടുത്തു. ആ അടിയില്‍ അച്ചന്‍ പുളഞ്ഞുപോയി. സാധാരണ ഗതിയില്‍ അത്തരം മര്‍ദനമേറ്റു വേദന സഹിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. ഹാബിച്വല്‍ ക്രിമിനല്‍ എന്നു പറയാവുന്ന സ്‌ഥിരം കുറ്റവാളികളൊന്നും അങ്ങനെ മര്‍ദിച്ചാലും സത്യം പറയില്ലെന്നതു മറ്റൊരു കാര്യം.

തന്നെ രാമനാഥന്‍ മര്‍ദിക്കുകയുണ്ടായില്ലെന്നും അതേസമയം മര്‍ദിക്കാന്‍ ശ്രമിച്ച ഒരു പോലീസ്‌ കീഴുദ്യോഗസ്‌ഥനെ രാമനാഥന്‍ തടയുകയാണു ചെയ്‌തിട്ടുള്ളതെന്നുമാണു വര്‍ഷങ്ങള്‍ക്കു ശേഷം ഫാ. ബെനഡിക്‌ട് പറഞ്ഞിട്ടുള്ളത്‌. തന്റെ ഈ ഒരൊറ്റ അടിയെ തുടര്‍ന്ന്‌ എല്ലാ സംഭവങ്ങളും കിളി പറയുന്നതുപോലെ ഫാദര്‍ ബെനഡിക്‌ട് വിവരിച്ചു എന്നാണു രാമനാഥന്‍ എന്നോടു പറഞ്ഞത്‌. അങ്ങനെയാണു വ്യക്‌തമായ തെളിവുകളോടെ ഐ.ജിയടക്കമുള്ള പോലീസ്‌ മേധാവികളുടെ മുമ്പാകെ രാമനാഥന്‍ കാര്യങ്ങള്‍ വിവരിച്ചത്‌.

പക്ഷേ, പോലീസ്‌ മേധാവികളില്‍നിന്നു ലഭിച്ച നിര്‍ദേശം എത്ര വ്യക്‌തമായ തെളിവുകളുണ്ടെങ്കിലും അത്‌ അന്നത്തെ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു കാവുകാട്ടിനെ അരമനയില്‍ ചെന്നു കണ്ടു വിവരിച്ചുകൊടുക്കണമെന്നാണ്‌. അതിനുശേഷം ബെനഡിക്‌ട് അച്ചന്റെ മേല്‍ കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യേണ്ട എന്നാണ്‌ ആര്‍ച്ച്‌ ബിഷപ്‌ പറയുന്നതെങ്കില്‍ ഈ കേസ്‌ വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ റഫര്‍ ചെയ്‌തു കളഞ്ഞേക്കൂ എന്നായിരുന്നു മേലധികാരികളുടെ നിര്‍ദേശം. അങ്ങനെയാണു ആര്‍ച്ച്‌ ബിഷപ്പിനെ കാണാന്‍ അദ്ദേഹം ചങ്ങനാശേരിയിലേക്കു പോയത്‌.

പ്രാരംഭ അന്വേഷണം നടത്തുമ്പോഴൊന്നും തന്നെ ഫാ. ബെനഡിക്‌ടിനെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ തനിക്കു യാതൊരു വാശിയുമില്ലായിരുന്നു എന്നാണു കെ.വി. രാമനാഥന്‍ പറഞ്ഞത്‌. ''അതുകൊണ്ടു തന്നെയാണു ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പിനെ കാണാനും ഞാന്‍ മനസിലാക്കിയിട്ടുള്ള എല്ലാ വിവരങ്ങളും അദ്ദേഹത്തെ ധരിപ്പിക്കാനും ഞാന്‍ അരമനയില്‍ പോയത്‌.

ദീര്‍ഘകായനായ ആര്‍ച്ച്‌ ബിഷപ്‌ കാവുകാട്ട്‌ വളരെ സാത്വികനായ ഒരു മതശ്രേഷ്‌ഠനാണെന്നു കാഴ്‌ചയില്‍ എനിക്കു ബോധ്യമായി. അദ്ദേഹത്തോടൊപ്പമിരുന്ന്‌ എനിക്കു ശേഖരിക്കാന്‍ കഴിഞ്ഞ വിവരങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിനു വിവരിച്ചുകൊടുത്തു. ഫാ. ബെനഡിക്‌ടാണു മറിയക്കുട്ടിയെ കൊലപ്പെടുത്തിയതെന്നുള്ള തെളിവുകള്‍ മുഴുവന്‍ വിശദീകരിച്ചു.''

''എല്ലാം കേട്ടതിനുശേഷം ആര്‍ച്ച്‌ ബിഷപ്‌ എന്നോടു ചോദിച്ചതു ഫാ. ബെനഡിക്‌ട് തന്നെയാണ്‌ ഈ കൊലപാതകം ചെയ്‌തതെന്നു താങ്കള്‍ക്കു പൂര്‍ണമായും ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടോ എന്നാണ്‌. അതെ എന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ ആര്‍ച്ച്‌ ബിഷപ്‌ പൂര്‍ണ നിശബ്‌ദനായി.

അല്‍പനേരം ധ്യാനനിരതനായി എന്നവണ്ണം കണ്ണുകളടച്ചിരുന്നതിനു ശേഷം എന്റെ നേരേ തിരിഞ്ഞു പറഞ്ഞത്‌, എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ബെനഡിക്‌ട് അച്ചന്റെ പേരില്‍ കൊലക്കുറ്റത്തിനു കേസ്‌ ചാര്‍ജ്‌ ചെയ്യണമെന്നാണ്‌.''

അങ്ങനെയാണു ഫാ. ബെനഡിക്‌ടിന്റെ പേരില്‍ കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യുന്നതിനു സംസ്‌ഥാന പോലീസ്‌ ഐ.ജി. തനിക്ക്‌ അനുമതി നല്‍കിയതെന്നും അങ്ങനെ കൊലക്കുറ്റം ചാര്‍ജ്‌ ചെയ്‌തുവെന്നും രാമനാഥന്‍ അന്ന്‌ എന്നോടു പറഞ്ഞു.

ഈ കൊലക്കേസ്‌ വിചാരണ ചെയ്‌ത കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതി ഫാ. ബെനഡിക്‌ടിനു വധശിക്ഷ വിധിക്കുകയും ചെയ്‌തു. ആ വിധിയിന്മേലുള്ള അപ്പീലപേക്ഷയില്‍ കേരള ഹൈക്കോടതിയിലെ ജസ്‌റ്റിസുമാരായ പി.ടി. രാമന്‍നായരും വി.പി. ഗോപാലന്‍ നമ്പ്യാരും കുറ്റം അസന്ദിഗ്‌ധമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല എന്ന കാരണത്താല്‍ ഫാ. ബെനഡിക്‌ടിനെ വെറുതേ വിടുകയാണുണ്ടായത്‌. ബെനഡിക്‌ട് അച്ചനുവേണ്ടി ഇന്ത്യയില്‍ അന്നത്തെ പ്രശസ്‌ത ക്രിമിനല്‍ അഭിഭാഷകനായ എ.എസ്‌.ആര്‍. ചാരിയാണു വാദിച്ചത്‌.

അന്നു കേരളത്തില്‍ സി.പി.എം. നേതാവ്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്‌തകക്ഷി മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. ആ മുന്നണിയിലെ ഫാ. ജോസഫ്‌ വടക്കന്‍ നയിക്കുന്ന കര്‍ഷകത്തൊഴിലാളി പാര്‍ട്ടി അംഗവും അതിന്റെ എം.എല്‍.എ.യുമായ ബി. വെല്ലിംഗ്‌ടണ്‍ ആരോഗ്യവകുപ്പുമന്ത്രിയുമായിരുന്നു.

ഫാ. വടക്കന്‍ മുന്നണി നേതൃത്വത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി ഹൈക്കോടതി വിധിയിന്മേല്‍ അപ്പീല്‍ കൊടുക്കേണ്ടതില്ലെന്ന്‌ ഇ.എം.എസ്‌. മന്ത്രിസഭ തീരുമാനിക്കുകയാണുണ്ടായത്‌. സെഷന്‍സ്‌ കോടതി ശിക്ഷിച്ച ഒരു കേസിലെ പ്രതിയെ ഹൈക്കോടതി വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതിരുന്നു എന്നതു ജുഡീഷ്യറിയിലെ തന്നെ അസാധാരണ സംഭവമായിരുന്നു.

1966 ജൂണ്‍ പതിനാറിനാണു മന്ദമരുതി വനപ്രദേശത്ത്‌ മറിയക്കുട്ടി കൊലചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. 1966 നവംബര്‍ പതിനെട്ടാം തീയതി ഫാ. ബെനഡിക്‌ടിനു കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചു. 1967 മേയ്‌ ഏഴാം തീയതി കേരള ഹൈക്കോടതി വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ ഫാ. ബെനഡിക്‌ടിനെ വെറുതേവിടുകയും ചെയ്‌തു.

പത്തുവര്‍ഷം മുന്‍പ്‌ ഫാ. ബെനഡിക്‌ട് വാര്‍ധക്യവും പക്ഷാഘാതവും മൂലം മൃതിയടഞ്ഞു. കൊലപാതകം നടന്നു 34 വര്‍ഷം കഴിഞ്ഞ്‌ കാഞ്ഞിരപ്പള്ളിയിലെ ഒരു ഡോക്‌ടറുടെ ഭാര്യയും മക്കളും വന്നു ബെനഡിക്‌ട് അച്ചനെ കണ്ടുവെന്നും ഒരു എസ്‌റ്റേറ്റ്‌ ഉടമ മൂലം ഗര്‍ഭിണിയായിത്തീര്‍ന്ന മറിയക്കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാനുള്ള തന്റെ ഭര്‍ത്താവിന്റെ ശ്രമത്തിനിടയില്‍ മറിയക്കുട്ടി മരണമടഞ്ഞുവെന്നും തുടര്‍ന്ന്‌ തന്റെ ഭര്‍ത്താവും മറ്റും ചേര്‍ന്നു കുത്തി മുറിവേല്‍പ്പിച്ചു മന്ദമരുതി വനത്തില്‍ കൊണ്ടുപോയി മറിയക്കുട്ടിയുടെ ശവശരീരം ഇടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞതായാണു പിന്നീട്‌ പത്രവാര്‍ത്തകള്‍ വന്നത്‌.

വിവാദപുരുഷനായ ആ ഡോക്‌ടറുടെ കുടുംബാംഗങ്ങള്‍ തന്നെ ഒരു കെട്ടുകഥയാണെന്നു പറഞ്ഞ്‌ ആ സംഭവങ്ങള്‍ നിഷേധിക്കുകയുണ്ടായി എന്നതു മറ്റൊരു കാര്യം.

അതിന്റെ നിജസ്‌ഥിതിയിലേക്കൊന്നും ഞാന്‍ പോകുന്നില്ല. അതില്‍ എനിക്കൊട്ടു താല്‍പ്പര്യവുമില്ല. സത്യമെന്താണെന്ന്‌ അറിയാവുന്നവര്‍ മൂന്നുപേര്‍ മാത്രമാണുള്ളത്‌. മറിയക്കുട്ടിയും മറ്റൊന്നു ഫാ. ബെനഡിക്‌ടും മറ്റൊന്ന്‌ ദൈവവും. മറിയക്കുട്ടിയും ബെനഡിക്‌ട് അച്ചനും ഇന്നു ജീവിച്ചിരിപ്പില്ല എന്നതുകൊണ്ട്‌ അവരുടെ മൊഴിയെ ആശ്രയിക്കാന്‍ ഇനി ആര്‍ക്കും സാധ്യമല്ല.

ബെനഡിക്‌ട് അച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ ചില വൈദികരും ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്ന്‌ ശ്രമമാരംഭിക്കുകയും അച്ചനെ അടക്കം ചെയ്‌തിരിക്കുന്ന അതിരമ്പുഴ പള്ളിയിലുള്ള കല്ലറ ഇപ്പോള്‍ ഒരു തീര്‍ഥാടനകേന്ദ്രമാക്കി മാറ്റുകയും ചെയ്‌തിട്ടുള്ള പശ്‌ചാത്തലത്തില്‍ മറിയക്കുട്ടി കൊലക്കേസ്‌ അന്വേഷണത്തെക്കുറിച്ച്‌ 44 വര്‍ഷം മുന്‍പ്‌ ഡിവൈ.എസ്‌.പി. കെ.വി. രാമനാഥന്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടു പറഞ്ഞ കാര്യങ്ങള്‍ ഇവിടെ കുറിച്ചിടേണ്ടത്‌ സാമൂഹ്യമായ ഒരു കര്‍ത്തവ്യമായി എനിക്കു തോന്നിയതുകൊണ്ട്‌ അതിവിടെ കുറിച്ചിടുകമാത്രമാണു ഞാന്‍ ചെയ്യുന്നത്‌. ഒരു കൊലപാതക സംഭവത്തില്‍ ആരെയെങ്കിലും വിധിക്കാന്‍ ഒരു വിധത്തിലും ഞാന്‍ ആളല്ലല്ലോ?
കെ എം റോയ്

നമ്മള്‍ അറിയാതെ പോകുന്നത് ഒരു പുനര്‍വായന

9 comments:

 1. ഈ വിവരണം കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന പ്രതികരണം, ഇതത്ര ശുഭമല്ലെന്നും ഇതിൽ നിന്ന് സത്യം വേർതിരിച്ചെടുക്കുക ഒട്ടും എളുപ്പമല്ലെന്നുമാണ്. ബനടിക്റ്റ് അച്ചനിൽ കുറ്റം ചുമത്താനുള്ള തെളിവായി ഈ പോലീസിന്റെ നേരിട്ടുള്ള അനുഭവചിത്രീകരണം ഉതകുന്നില്ല എന്ന് തന്നെ പറയേണ്ടി വരുന്നു. കാരണം, വേദനിപ്പിച്ച് പുറത്തെടുക്കുന്ന കുമ്പസാരം ഒരിക്കലും സത്യമായിരിക്കണമെന്നില്ല. ഭയം മനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്നതിന് അതിരില്ല. ഈ പോലീസ് മുറ, ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സർവസാധാരണമാണെങ്കിലും അത് മാനുഷികമോ നീതി നടപ്പാക്കുന്നതിൽ എടുക്കേണ്ട ശരിയായ ഒരു വഴിയോ അല്ല. അച്ചന്റെ കുമ്പസാരം തല്കാല ശരീരരക്ഷക്കുവേണ്ടി മാത്രമുള്ളതാകാൻ സാദ്ധ്യതയെറെയാണ്. അച്ചൻ ഏറ്റുപറഞ്ഞതെല്ലാം സാഹചര്യത്തെളിവുകളുമായി ഒത്തുപോകുന്നുവെങ്കിൽത്തന്നെ അത് വെറും യാദൃക്ശ്ചികമാകാൻ പാടില്ലായ്കയില്ല.

  ReplyDelete
 2. 'പോലീസ് മുറയില്‍', ദേഹത്ത് ഏറ്റ വേദനമൂലം, ചെയ്യാത്ത കുറ്റം 'ചെയ്തു' എന്നു ആരും പറയുമെന്ന് ഞാന്‍ കരുതുന്നില്ല ! കൊലപാതകകുറ്റം ഏറ്റാല്‍ കൊലക്കയര്‍ /മാനക്കേട്‌ കിട്ടുമെന്നറിയാവുന്ന കത്തനാര്‍ 'പോലീസ് മുറകാരണം' കുറ്റം ഏറ്റതാകാം എന്ന കണ്ടെത്തല്‍ ഭയംകരംതന്നെ ! ആ കത്തനാരെ മരണാനന്തരം പുണ്യാളന്‍ ആക്കി ചിക്കിലി വാരുന്ന സഭയുടെ പോക്ക് ശാപത്തിലേക്കും നാശത്തിലേക്കും തന്നെ ! :"ദുഷ്ടനെ നീതിമാന്‍ എന്നു വിളിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍" എന്ന ക്രിസ്തുവിന്‍റെ വചനപ്രകാരം ഈ സഭ ശപിക്കപ്പെട്ടതാകുന്നു ! കേരളത്തില്‍ ക്രിമിനലുകളെ /ജയില്‍പുള്ളികളെ (നാട്ടില്‍/പാര്‍ട്ടിയില്‍ ഇതിലും കൊള്ളാവുന്നവര്‍ ഇല്ലാത്തതുകാരണം ) സ്ഥാനാര്തികളാക്കി രാജ്യഭരണത്തിനു അവരെ തിരഞ്ഞെടുക്കുന്ന ജനവും കക്ഷിയും ഇവര്‍ക്ക് തുല്യര്‍ ! പാതിരിയുടെ പിടലിക്ക് ഒരടിയെ കൊടുത്തുള്ളൂ, അപ്പോള്‍ത്തന്നെ സത്യം പുറത്തു ചാടി! അതിനു പകരം പോലീസ് ,"പരിശുദ്ധ പിതാവേ, അങ്ങയുടെ കൈകള്‍ മുത്തിയിതാ പാപിയായ പോലീസ് ചോദിക്കുന്നു; അങ്ങു ഈ കുറ്റം ചെയ്തതാണോ,?അരുളിചെയ്താലും..." എന്നു ചോദിച്ചു തുടങ്ങുന്നകാലം ഇനിയും കേരളത്തില്‍ വരുമായിരിക്കാം...കാത്തിരിക്കാം ,,

  ReplyDelete
 3. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി എന്ന് പറഞ്ഞപോലെ അല്ലാതെ പ്രത്യേകിച്ച് യാതൊരു പുതിയ അറിവും ഈ ലേഖനത്തിൽ നിന്നും കിട്ടുന്നതായിട്ടു എനിക്ക് തോന്നിയില്ല. കെ.വി. രാമനാഥന്‍ പറഞ്ഞ മുഴുവൻ കാര്യങ്ങളും ഇവിടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിക്കാനും നിവൃത്തിയില്ല. പറയുകയാണെങ്കിൽ മുഴുവൻ പറയണം അല്ലെങ്കിൽ ഒന്ന്നും പറയരുത് .. അല്മയശബ്ദം ഒരു സസ്പെൻസ് ത്രില്ലെർ ആയിട്ട് കാണാൻ താല്പര്യമില്ലാത്ത ഒരു വായനക്കാരന്റെ പ്രതികരനമായിട്ടു കരുതിയാൽ മതി.

  ReplyDelete
 4. ഒരു വിവരണത്തെ വിലയിരുത്തേണ്ടത് യാതൊരു മുൻ വിധികളുമില്ലാതെയാവണം. നല്ല കാര്യം. കോടതിയുടെ മുമ്പിൽ വന്ന തെളിവുകളും നമുക്ക് വിടാം. പക്ഷേ, ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ ആ വൈദികനെ വിലക്കിയെന്നത് സത്യമാണ്, ഉപ്പു തിന്നുന്നവാൻ വെള്ളം കുടിക്കുമെന്നു തന്നെ അദ്ദേഹം പറഞ്ഞതായും അനേകം പ്രാവശ്യം കേട്ടിട്ടുണ്ട്. മരണ സമയത്ത് അദ്ദേഹം ഒരു വിശുദ്ധനായിരുന്നിരിക്കാം. ഇവിടെ ചിരി വരുന്നത് അദ്ദേഹത്തെ വിശൂദ്ധനാക്കിയെ അടങ്ങൂവെന്നുള്ള ചിലരുടെ വാശി കാണുമ്പോഴാണ്. ഇതിനു വേണ്ടി എഴുതിയ കഥ തിരുത്തേണ്ടി വന്നുവേന്നതും സത്യമല്ലേ?

  ReplyDelete
 5. സീറോ മലബാർ കത്തോലിക്കാ സഭയിൽ എത്രയോ വൈദികർ പുണ്ണ്യജീവിതം നയിച്ച്‌ മരിച്ചിട്ടുണ്ട്. അവരൊക്കെ സഭയിലെ അംഗങ്ങൾക്ക് ആദരണീയരായ വ്യക്തികളായിരുന്നു. മരിച്ചുപോയ ഒരാളെ പുണ്യാളനോ പുണ്യവതിയോ ആയി പ്രഖ്യാപിക്കുന്നത് കത്തോലിക്കാസഭയിലെ ഗുരുതരവും തെറ്റായതുമായ പാരബര്യങ്ങളിൽ ഒന്നായി ഞാൻ അതിനെ കാണുന്നു. ചത്ത് മണ്ണടിഞ്ഞ ഇവരെ രൂപക്കൂട്ടിൽവെച്ച് പൂജിക്കുന്നത് തികഞ്ഞ അന്ധവിശ്വാസമാണ്. പുണ്ണ്യവാൻ കച്ചവടം വൻ വരുമാന മാർഗമായതിനാൽ സഭാധികാരികൾ ഈ കൊള്ളരുതായ്മയെ പ്രോത്സാഹിപ്പിക്കുന്നു! കഷ്ടമെന്നല്ലാതെ എന്തു പറയാൻ!!
  മണ്മറഞ്ഞുപോയ ഉചിതരായ വ്യക്തികൾ സഭയിലുള്ളപ്പോൾ ബനഡിക്റ്റ് ഓണകുളത്തിനെ പുണ്യാളനാക്കാൻ പരിശ്രമിക്കുന്നത് മറ്റുചില താല്പര്യങ്ങൾകൊണ്ടാണന്ന് ഒരു സാധാരണ വിശ്വാസിക്കുപോലും മനസ്സിലാകും. വിനാശകാലേ വിവരീത ബുദ്ധി.

  ReplyDelete
 6. വിശുദ്ധരെ നാമകരണം ചെയയ്തെടുക്കുന്ന പരിപാടിതന്നെ ദുരുദ്ദേശ്യപരമാണ്. അവരെവച്ച് കാശുണ്ടാക്കുക എന്നതിനപ്പുറത്ത് ഒരൊറ്റ കാരണം അതിനു പിന്നിലില്ല. ഒരാള്‍ വിശുദ്ധനോ വിശുദ്ധയോ എന്നത് അയാളുടെ ജീവിതവുമായി നിരന്തരം ബന്ധപ്പെട്ട ഒരു സത്യമാണ്. അയാള്‍ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും എന്നൊരു വ്യത്യാസം അതില്‍ വരാന്‍ പാടില്ല. ഭൂമിയിലുള്ളവര്‍ മരിച്ചയൊരാളെ ഒരു പദവി നല്‍കി ഉയര്‍ത്തിയിട്ട്, അയാളുടെ പടം വച്ചും രൂപമുണ്ടാക്കിയും കാട്ടിക്കൂട്ടുന്ന ബഹളമെല്ലാം സ്വര്‍ഗത്തില്‍ ഒരു നേരിയ ചലനം പോലുമുണ്ടാക്കാത്ത കൂത്തുകളാണ്. ഒരു തരിപോലും കൂടുതല്‍ സൌഭാഗ്യം അതുകൊണ്ട് ഒരു സ്വര്‍ഗ്ഗനിവാസിക്കോ ഭൂനിവാസിക്കോ ഉണ്ടാകുന്നില്ല. ഇവിടെനിന്നുയരുന്ന മുഖസ്തുതികളുടെ കൂടുതല്‍ കുറവനുസരിച്ച്‌ ഇവരിലാരെങ്കിലും ദൈവം തമ്പുരാനെ സമീപിച്ച്, കുറെപ്പേര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നേടിയെടുത്തുതരും എന്നൊക്കെ വളരെ ലളിതമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും, അത് കാര്യങ്ങളുടെ നടത്തിപ്പ് ഭൂമിയിലെപ്പോലെയാണ് സ്വര്‍ഗത്തിലും എന്ന മിഥ്യാബോധത്തില്‍ നിന്നുളവാകുന്ന വിഡ്ഢിത്തമാണ്. മനുഷ്യഭാവനക്ക് ഭൂമിയിലോ അതിനു വെളിയിലോ യാതൊരു പരിധിയും ഇല്ലാത്തിടത്തോളം, ഇങ്ങനത്ത ക്രയവിക്രയങ്ങള്‍ നടക്കുന്നു എന്നതിനുള്ള "തെളിവുകളും" (അത്ഭുതങ്ങള്‍) തുടര്ന്നുണ്ടായിക്കൊണ്ടിരിക്കും. അതൊക്കെ മനുഷ്യന് ഉണ്ടാക്കാവുന്ന സംഗതികളാണ്. അങ്ങനെയാണ് നടക്കുന്നതും.
  വിശുദ്ധിയെ അംഗീകരിക്കുന്നത് നല്ലതാണ്, മാന്യമാണ്, അതുതന്നെ വിശുദ്ധിയുടെ ലക്ഷണവുമാണ്. എന്നാല്‍ അത് വിശ്വാസവും സഹനവുമായി മാത്രം ബന്ധപ്പെടുത്തി ചുരുങ്ങിപ്പോകരുത്. ആരാണ് ഭാഗ്യവാന്മാര്‍ (വിശുദ്ധര്‍) എന്ന് മലയിലെ പ്രസംഗത്തില്‍ (മത്തായി 5, 1-11) യേശു അടിവരയിട്ടു പഠിപ്പിച്ചിട്ടുണ്ട്. ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍. ഇതൊക്കെയാണ് വിശുദ്ധിയുടെ അടയാളങ്ങള്‍ എങ്കില്‍, നമുക്ക് ചുറ്റും ഇത്തരം എത്രയോ പേരെ നാം കണ്ടെത്തുന്നു. അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ വിശുദ്ധരാന്. ഒരു പട്ടികയുണ്ടാക്കി എതിന്കിലുമൊരു പള്ളി അവരെ അതില്‍ പേര് ചേര്‍ത്തോ എന്നത് ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാണ്. തന്നെയല്ല, ജീവിച്ചിരിക്കുന്ന വിശുദ്ധര്‍ നമുക്ക് ചുറ്റും ആയിരക്കണക്കിന് ഉള്ളപ്പോള്‍, മരിച്ചവരില്‍ നിന്ന് ഏതാനും പേരെ തിരഞ്ഞു പിടിച്ച്, അളവില്ലാത്ത കാശ് കൊണ്ടുപോയി റോമായില്‍ കൊടുത്ത് അവര്‍ക്കായി ഒരു സര്ട്ടിഫിക്കറ്റുണ്ടാക്കിയ ശേഷം ആ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അതുണ്ടാക്കാന്‍ നഷ്ടപ്പെട്ടതിന്റെ ലക്ഷം മടങ്ങ്‌ വാരാനുള്ള പദ്ധതി കളിച്ചുവയ്ക്കുന്ന പരിപാടി ഏമ്പോക്കിത്തരമാണ്, നാണമില്ലാത്ത ലാഭക്കച്ചവടമാണ്. മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, രാമപുരം കുഞ്ഞച്ചന്‍, ചാവറയച്ചന്‍ എന്നിങ്ങനെ ഏറെപ്പേരുടെ കൂടെ ഇപ്പോഴിതാ ഒരു നീലകണ്ഠപ്പിള്ള അഥവാ ദൈവസഹായം പിള്ളയും.

  സ്വയം വിശുദ്ധിയിലേയ്ക്ക് എത്തിച്ചേരാന്‍ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, വിശുദ്ധരെന്നു ഏതാനും ചിലരെ മുദ്ര കുത്തിയിട്ട്, അവരെ വച്ച് പകല്‍ക്കൊള്ള നടത്തുന്ന അവിശുദ്ധിക്ക് കൂട്ട് നില്‍ക്കുന്ന സഭയെ അക്കാര്യത്തില്‍ എതിര്‍ക്കുന്നതും നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. അത്ഭുതപ്രകടനങ്ങളും വിശുദ്ധിയുമായി ബന്ധപ്പെടുത്തുന്നതില്‍ കച്ചവടതാത്പര്യമല്ലാതെ വേറൊന്നുമില്ല. കാരണം, താത്ത്വികമായി ഇവ രണ്ടും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താനാവില്ല. സഭയുടെ ഏറ്റവും വലിയ ബൌദ്ധിക പാപ്പരത്തമാണ് ഈ പ്രവണതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഇതിലൊരു ഭയങ്കര തമാശയുള്ളത്, ദൈവത്തിന്റെ (പ്രകൃതിയുടെ) നിയമങ്ങളെ പുശ്ചിച്ചുതള്ളി, വളഞ്ഞ വഴിയില്ക്കൂടെ ഓരോന്ന് ഒപ്പിക്കുന്നവർക്കാണ് (അതാണല്ലോ അദ്ഭുതം) വിശുദ്ധരെന്ന പദവി കൊടുക്കുന്നത്. അങ്ങനെയെങ്കിൽ ദൈവനിയമങ്ങളെ നിഷേധിക്കുന്നവർക്ക് (പാപികൾ) ഒക്കെ ഈ പദവി കൊടുക്കേണ്ടതല്ലേ? അപ്പോൾ ഇന്ത്യാക്കാര്ക്ക് ഇപ്പോഴുള്ള വിവേചനം ഉണ്ടാവ്കയുമില്ല. കാരണം നമ്മുടെ പിഎം തൊട്ട് ശക്തൻ വരെ ഇക്കൂട്ടത്തിൽ പെടുന്നവരാണ്, മാണിയും ഉമ്മനും തൊട്ട് എല്ലാ കോന്തന്മാരും വിശുദ്ധരാകും. നമ്മുടെ മെത്രാന്മാരുടെ കാര്യം ഒട്ടു പറയാനുമില്ല. It is not even important that the living should remember the dead, they are gone their way beyond the confines of time and space. Dirges doles and requiems are in fact in the interest of the living, the religious institutions have perfected this industry stoutly rooted on man’s apprehensions about themselves. ‘Remember me if it makes you glad, forget me if memories make you sad,’ Christina Rossetti wrote to this effect.

  ReplyDelete
 7. ഇന്നലെ ഈ നാട്ടിൻപുറങ്ങളിലെ ഓർത്തൊഡോക്സ് ക്രിസ്ത്യാനികളെ പരുമല പദയാത്രയ്ക്കു വിടുന്ന തിരക്കിലായിരുന്നു പാതിരിപ്പട ! "ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങള്ക്കുവേണ്ടി അപേക്ഷിക്കേണമേ" എന്ന് പതംപറഞ്ഞു നടന്നു നീങ്ങുന്ന ജനത്തെ കാണുമ്പോൾ, അന്ന് രാവിലെവരെ ഉണര്ന്ന നേരത്തു ഇവറ്റകൾ പാടിയ പാട്ടും ഇവർ മറന്നുപോയല്ലോ എന്നാര്ക്കും തോന്നിപ്പോകും !
  "ഉറക്കത്തിനു സുഖവും തന്നെൻ അരികേ നിന്ന ക്രിപയ്ക്കായ്‌ ,
  ഉറങ്ങാതെന്നെ സുഖമായ് കാത്ത തിരുമേനിക്ക് മഹത്വം "
  ഇതിലെ 'അരികേ' എന്ന പദം മാറ്റി 'അകമേ' എന്ന് കവി പാടിയിരുന്നെങ്കിൽ "അദ്വൈതം" ആയേനേം എന്നാശിച്ചുപോയി (ഞാനും പിതാവും ഒന്നാകുന്നു) ! 'ഉറങ്ങാതെന്നെ" എന്ന പദം ഒരു പ്രപഞ്ച സത്യം തന്നെയാണ് ! ആ നിത്യ സത്യ ചൈതന്യം " നിന്റെ കാവൽക്കാരൻ ഉറങ്ങുന്നുമില്ല ഉറക്കം തൂങ്ങുന്നുമില്ല" എന്ന് സംകീർത്തനക്കാരനും പാടുന്നുണ്ടല്ലോ! ഇവിടെ ,ആടുകളെ നയിക്കുന്ന 'ഇടയ'നെന്ന ഈ ശുമ്പനു ദൈവത്തെ കുറിച്ചോ, വേദപുസ്തകത്തിലെ വചങ്ങളെക്കുരിച്ചോ ഒരു ചുക്കും അറിയില്ല എന്ന് തന്നെയാണ് സത്യം ! ഈ പാതിരി മൂത്താൽ സ്വയം ഇവൻ "ഭൂമിയിലെ രാജാവും" ആകുന്നു ! കൊടിവച്ച കാറിലെ ഇവന്റെ പറക്കൽ കണ്ടാൽ, പണ്ടത്തെ "ഭൂമിയിലെ രാജാക്കന്മാർ" നാണിച്ചുപോകും ,,, ഇവരാണ് ഭാഗ്യവാന്മാർ ! ദൈവത്തെയും മനുഷ്യനെയും ഒരുമിച്ചു പറ്റിക്കുന്ന ഇവർ തന്നെയാണ് ഭാഗ്യവാന്മാർ ! അല്ലാതെ ക്രിസ്തു വായ്തുറന്നാദ്യം പറഞ്ഞ "ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍." ഭാഗ്യവാന്മാർ അല്ല /അല്ലേയല്ല !

  ReplyDelete
  Replies
  1. മറിയക്കുട്ടി കൊലകെസുമായി ബന്ധപ്പെട്ട് ശ്രീ കെ. എം റോയിയുടെ വെളിപ്പെടുത്തലുകളിൽ വളരെ പ്രാധാന്യത്തോടെ ഞാൻ കാണുന്ന കാര്യം ഇതാണ്. അന്വേഷണ ഉദ്ദേഗസ്ഥന് മേലധികാരികൾ നൽകിയ ഉത്തരവാണ്. താങ്കൾ പോയി മെത്രാനെ കണ്ട് കാര്യങ്ങൾ പറയും സംഭവം സത്യമാണെന്ന് താങ്കൾക്ക് ഉത്തമ ബോദ്ധ്യമുണ്ടെങ്കിലും മെത്രാനെ നേരിൽ കണ്ട് അദ്ദേഹം പറയുന്നതുപോലെ വേണം കേസ്സെഴുതുവാൻ എന്ന വെളിപ്പെടുത്തലാണ്. നമ്മുടെ രാജ്യത്ത് ഒരാൾ കുറ്റക്കാരനാണോ അല്ലയോയെന്നു തീരുമാനിക്കുന്നത് മെത്രാനാണെന്നും നമ്മുടെ രാജ്യത്തിന്റെ നിയമം അല്ലായെന്നതുമാണ്. ഒരു നിരപരാധിയെ കുറ്റക്കാരനാക്കുവാൻ മെത്രാൻ പറഞ്ഞാൽ ധാരാളം മതിയന്നല്ലെ ഇതിനർത്ഥം. ജന സമൂഹം ഇക്കാര്യം അതീവ പ്രാധാന്യത്തോടെ കണെണം.

   Delete
 8. സത്യം മരിക്കുന്നില്ല എന്നതിന് തെളിവാണ് ഈ ലേഖനം . കത്തോലിക്കാസഭ ഏതെല്ലാം കാര്യങ്ങളിൽ , ഏതെല്ലാം മാർഗങ്ങൾ ഉപയോഗിച്ചാണ്‌ ഇടപെടുന്നതെന്ന് മനസ്സിലാകുന്നു . സഭ ഒരു ഒട്ടകപക്ഷിയെ പോലെയാണ്. തല മണലിൽ പൂഴ്ത്തി വച്ചാൽ ആരും തന്നെ കാണുകയില്ലെന്നു വിചാരിക്കുന്നു . " അഭയകേസും " ഇതുപോലെ ആയിരുന്നില്ലേ ? കെ. എം റോയി യുടെ ഒരു ലേഖനം ഈ കാര്യത്തിലും പ്രതീക്ഷിക്കുന്നു . അറിയാവുന്ന സത്യം പറയുക വഴി സത്യത്തിന് (ദൈവത്തിന് ) സാക്ഷ്യം വഹിക്കുകയാണ് .ഇതാണ് മനുഷ്യ ധർമവും പത്ര ധർമവും . അഭിനന്ദനങൾ !

  ReplyDelete