Translate

Thursday, December 10, 2015

നിന്റെ സ്വരൂപം

നീ മറ്റെല്ലാവരിലുംനിന്ന് വ്യത്യസ്തനാണെന്ന് സ്വയം കരുതുന്നത് അഹത്തിന്റെ ഒരു രക്ഷാകവചം മാത്രമാണ്. നിന്റെ ദേഹീദേഹങ്ങൾ ആണ് നീ എന്ന ചിന്തയും അങ്ങനെത്തന്നെ. തന്നെപ്പറ്റി പറഞ്ഞും എഴുതിയും അന്യരെ ബോദ്ധ്യപ്പെടുത്താൻ ചിലതൊക്കെ ഉണ്ടെന്നു കരുതുന്നവൻ ആത്മീയപരിവേഷത്തെ പൂച്ചാക്കുകയാണ്. എകാന്തതയേയും സ്വകാര്യതയേയും നഷ്ടപ്പെടുത്തുന്ന പ്രശസ്തി അപടകത്തെ വിളിച്ചുവരുത്തുന്നു.


"എന്റെ ചിന്തയെ ക്രമീകരിക്കാനായാൽ മാത്രമേ എനിക്ക് വിലയുള്ളൂ. പ്രപഞ്ചത്തിന്റെ വിസ്തൃതി എന്നെ ഉൾക്കൊണ്ട്, അതിലെ ഒരു തരിമാത്രമായി ഞാൻ മാറുമ്പോഴും എന്റെ ചിന്തയിൽ അതിനെ ഉൾക്കൊള്ളാൻ എനിക്കാകുന്നു എന്നതാണ് എൻറെ  മഹിമ" (Blaise Pascal (Pensées).

ഒരു വ്യക്തി പ്രപഞ്ചത്തിലെ ഒരു വെറും ബിന്ദുവല്ല. മറിച്ച്, പ്രപഞ്ചം മുഴുവൻ അതിലുണ്ട്: അതിന്റെ അഗാധതയിൽ ജീവശാസ്ത്രപരവും വർഗ്ഗപരവുമായ വാസനകളെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. അവയെ കണ്ടെത്തുകയും അതേ സമയം അവയെ മറികടക്കുകയും എന്നതാണ് ഈ ജീവിതത്തിന്റെ പരമമായ സന്തുഷ്ടി. ചിന്തയെ ക്രമീകരിക്കുക എന്നാൽ മനസ്സിനെ സ്വതന്ത്രമാക്കുക എന്നാണ്. സ്വന്തം തന്ത്രങ്ങളാൽ (സ്വന്തം തീരുമാനങ്ങളനുസരിച്ച്) നയിക്കപ്പെടുന്ന മനസ്സിന് പരിധികളില്ല. പണം, അധികാരം, ജനപ്രീതി എന്നിവകൊണ്ട് സംതൃപ്തമാകുന്ന മനസ്സ് വളർച്ചയില്ലാത്തതാണ്. കാരണം, അകത്തുള്ള ധന്യതയൊഴിച്ച് മറ്റെല്ലാം ഏതു സമയത്തും നഷ്ടപ്പെടാം. ആദ്ധ്യാത്മികതയുടെ ഏകാഗ്രതയിൽ മാത്രമാണ് ഈ തിരിച്ചറിവുണ്ടാവുക. അവിടെ മാത്രമേ 'ഞാൻ' ഇല്ലാതാകാനുള്ള സാദ്ധ്യതയുള്ളൂ. എകാഗ്രതയെന്ന ഏകാന്തതയിൽ മാത്രമേ ഒരാൾക്ക്‌ ഓർമകളുടെ ധാരാളിത്തത്തിൽനിന്ന് രക്ഷപ്പെടാനാവൂ.  ഇവിടെ ഓർമകളെന്നു വിവക്ഷിക്കുന്നത് പാരമ്പര്യമായ ഇന്നലെകൾക്ക് നമ്മിലുള്ള സ്വാധീനത്തെയാണ്. കാലാകാലങ്ങളായി നമ്മുടെ DNA ആർജ്ജിച്ച എല്ലാ അറിവുകളും അവനവൻറെ ജീവനഘട്ടത്തിലെ താത്ക്കാലികമായ വിദ്യാഭ്യാസവും അതില്പ്പെടും. ഇവയെല്ലാം ഒരാളുടെ അസ്തിത്വത്തിൽ ഉടനീളം വളരെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ഈ ശബ്ദങ്ങൾ നിലയ്ക്കണമെങ്കിൽ സ്ഥലകാലങ്ങൾ നിലയ്ക്കണം, താത്ക്കാലികമായിട്ടെങ്കിലും. കാലത്തിനു വെളിയിൽ ഇവയെല്ലാം രാവും പകലും പോലെ അപ്രത്യക്ഷമാകും. ഊർജ്ജം ഘനീഭവിക്കുന്നിടത്താണ് കാലവും സ്ഥലവും ഉണ്ടാകുന്നത്. അതായത്, ദ്രവ്യമാണ്‌ കാലത്തെ സൃഷ്ടിക്കുന്നത്. ഊർജ്ജവും ദ്രവ്യവും സ്ഥലകാലങ്ങളും ഉണ്മയുടെ പ്രത്യക്ഷഭാവങ്ങളാണ്. പ്രത്യക്ഷമെന്നാൽ നമ്മുടെ ബുദ്ധിക്ക് പ്രവർത്തിക്കാൻ വേണ്ടുന്ന ഭൌമമൗലികത. അതായത്, ആർക്കോ പ്രത്യക്ഷീഭവിക്കാവുന്ന ദ്രവ്യത്തിന്റെ ഒരവസ്ഥയാണത്. ഈ 'ആര്' ഇല്ലാതായാൽ പിന്നെയുള്ളത് ശുദ്ധമായ ഉണ്മയാണ്. അതിനെയാണ് വേദാന്തികൾ ആത്മീയമായ ശൂന്യതയെന്നു വിളിക്കുന്നത്. (ആത്മീയം = അവനവനെ ബാധിക്കുന്നത്). അങ്ങനെയൊരവസ്ഥ ഉണ്ടെന്നറിയാനും അവിടെയെത്താനും ഒരാൾ മറ്റെന്തിനെക്കാളുപരി തന്നെപ്പറ്റി അങ്ങേയറ്റം നിർഭയനായിരിക്കണം. അതിനുള്ള സാദ്ധ്യതയാണ് യഥാർഥത്തിൽ സ്നേഹമെന്ന് പറയുന്നത്. ഈ അർഥത്തിൽ അത് ഒരാളോടോ വസ്തുവിനോടോ തോന്നുന്ന ആകർഷണവും അതിന്റെ സഫലീകരണവുമല്ല. മറ്റു വാക്കുകളിൽ, ഈ സ്നേഹം എല്ലാറ്റിൽനിന്നുമുള്ള വിടുതലാണ്. അത് അങ്ങേയറ്റത്തെ സ്വാതന്ത്ര്യമാണ്. അത് എല്ലാ സ്ഥല-കാല പരിധികൾക്കും അപ്പുറത്താണ്. അത് കാലാതീതമാണ്. വ്യക്ത്യാതീതവുമാണ്. അതിന് ഓർമകളില്ല, അതുകൊണ്ട് മറവിയും. ഓർമയില്ലാത്തിടത്ത് നാശവുമില്ലല്ലോ.

തുടർച്ചയെ - ബന്ധങ്ങളുടെ, പാരമ്പര്യത്തിന്റെ, അനുകരണത്തിന്റെ, കലയുടെ, അറിവിന്റെ, അറിയപ്പെടുന്നതിന്റെ, അക്ഷരങ്ങളുടെ ... - ആഗ്രഹിക്കുന്നതാണ് ദുഃഖത്തിനാധാരം. ഈ പറഞ്ഞവയെല്ലാം മനുഷ്യമനസ്സിൽ മുദ്രണം ചെയ്യുന്നത്   പൊള്ളയായ തുടർക്കഥകളാണ്. മരണം ഈ തുടർക്കഥകളിലെ കാപട്യത്തിന്റെ അന്ത്യമാകുന്നതുകൊണ്ട് അത് മനോഹരമാണ്. മനോഹരമെന്നാൽ മനസ്സിന് ഹരം കൊണ്ടുവരുന്നത് എന്നതിനോടൊപ്പം മനസ്സിനെ ഹരിക്കുന്നത് - ഇല്ലാതാക്കുന്നത് - എന്നും ആണ്.


കാലപ്രവാഹം എന്നൊന്നില്ല. കാരണം, കാലം ചലനത്തെ കല്പിച്ചെടുക്കുന്ന മനസ്സിന്റെ സൃഷ്ടിയാണ്. അപ്പോൾ പ്രപഞ്ചം നമ്മിലൂടെ ഉരുത്തിരിയുന്നുവോ, അതോ നാം പ്രപഞ്ചത്തിലൂടെയോ എന്ന ചോദ്യം സയുക്തമാണ്. ഒരാളുടെ താഴെക്കൊടുത്തിരിക്കുന്ന അനുഭവം ശ്രദ്ധിച്ചു വായിക്കൂ. "എന്റെ ജീവിതത്തിലെ ഏറ്റവും അസ്സാധാരണമായ ഒരനുഭവം ഇങ്ങനെ: ഒരു മനുഷ്യൻ റോഡുപണി ചെയ്യുന്നതായി ഞാൻ കാണുന്നു. എന്നാൽ സൂക്ഷ്മവീക്ഷണത്തിൽ അത് ഞാൻതന്നെയായിരുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായി. അയാൾ ഉപയോഗിച്ചിരുന്ന കൂന്താലിയും ഞാനായിരുന്നു. അയാൾ ഉടച്ചിരുന്ന കല്ലും ഞാനായിരുന്നു. അവിടെ മൃദുവായി വീശിയിരുന്ന കാറ്റും ഞാൻ തന്നെ. അവിടെയൊരു പുൽത്തുമ്പിൽ കയറിയിറങ്ങുന്ന എറുമ്പും ചുറ്റും ചിലച്ചുകൊണ്ടിരുന്ന പക്ഷികളും ഞാനായിരുന്നു. ആ പക്ഷികളുടെ ശബ്ദംപോലും ഞാനല്ലാതെ മറ്റൊന്നുമായിരുന്നില്ല! അപ്പോൾ അവിടേയ്ക്കുവന്ന കാറും അതിന്റെ ഡ്രൈവറും മോട്ടോറും ചക്രങ്ങളും ഞാൻ തന്നെയായിരുന്നു. അവിടെനിന്നുകൊണ്ട് കാണാമായിരുന്ന പർവ്വതം എനിക്കുള്ളിലായിരുന്നു. ജീവനുള്ളതും ഇല്ലാത്തതുമെല്ലാം എനിക്കുള്ളിൽ!" 1922ൽ തനിക്കനുഭവപ്പെട്ട ആത്മീയോണർവിനെ ജെ. കൃഷ്ണമൂർത്തി വിവരിച്ചത് ഇങ്ങനെയായിരുന്നു. ഇങ്ങനെയൊരനുഭവം ഒഷോയ്ക്കും സദ്‌ഗുരു Jaggi Vasudevനും ഉണ്ടായിട്ടുള്ളതായി അവർതന്നെ പറയുന്നുണ്ട്.

"കറുനീലപ്പുടവയിൽ
സുഗമനാം മയിലും നീ
ഇളം പച്ചത്തൂവലാട്ടും
ചെങ്കണ്ണൻ തത്തയും നീ
പിഞ്ചു കുഞ്ഞിന്നോമനത്തം
നിന്നുള്ളിൽ തുടിക്കുന്നു
കാലാന്തരങ്ങളും മഹാ
സമുദ്രങ്ങളും നീ ..."
('അന്ധന്റെ ആവൃതികൾ' - സ്വന്തം കവിതാസമാഹാരം, മൾബറി, 2000)

അറിവും അഹങ്കാരവും പരസ്പരവിരുദ്ധമാണ്. ചിന്തയും അറിവും ആവശ്യമേയില്ലാത്ത അവസ്ഥയാണ് ആത്മസാക്ഷാത്ക്കാരം. അവിടെയെത്തുമ്പോൾ, തനിക്കു മുമ്പിൽ കാണുന്നതെന്തോ അത് സത്യമായി ഒരാൾ തിരിച്ചറിയുന്നു. 'നീതന്നെയാണ് നിന്റെ സഞ്ചാലകശക്തി. നിന്റെ ഇച്ഛയെന്തോ, അതാണ്‌ നീ. നിന്റെ ഇച്ഛപോലെ നിന്റെ കർമം; നിറെ കർമംപോലെ നിന്റെ വിധിയും' എന്ന് കഠാേപനിഷത്ത്. "എല്ലാ തേടലുകളുടെയും ഒടുവിൽ നാം തുടങ്ങിയിടത്ത് വന്നുചേരുന്നു; അപ്പോൾ ആദ്യമായി നാം ആ സ്ഥലത്തെ അറിയുന്നു!" (റ്റി. എസ്. എലിയറ്റ്)

മരണമെന്ന അന്ത്യാനുഭവത്തെ ഇപ്പോഴത്തെ നിമിഷത്തിലേക്ക് കൊണ്ടുവരുന്ന ഒരു കഴിവ് നിശിതാർത്ഥത്തിൽ ധ്യാനത്തിലൂടെ ആർജ്ജിക്കാവുന്നതാണ്. മരണം തലച്ചോറിന്റെ നാശമാണല്ലോ. ബോധത്തിന്റെ സ്ഥാനമായ തലച്ചോറാണ് മനുഷ്യന്റെ ഏറ്റവും വലിയ ഉപകരണം. എന്നാൽ അതേ സമയം, യഥാർഥ സ്വാതന്ത്ര്യത്തെ ഇച്ഛിക്കുന്നവർക്ക് അതൊരു ബന്ധനവുമാണ്. സഹസ്രാബ്ദങ്ങളുടെ തുടർച്ചയായ ഈ ബന്ധനത്തിൽനിന്നുള്ള വിടുതലാണ് മരണം. കാരണം, നമ്മൾ സ്വന്തമെന്നും വലുതെന്നും കരുതി സൂക്ഷിച്ചിരുന്നവയേയും (പേര്, പാരമ്പര്യം, സ്ഥാനം, സമ്പാദ്യം, പ്രശസ്തി), അഭിമുഖീകരിക്കേണ്ടി വരരുത് എന്ന് ഭയപ്പെട്ടിരുന്നവയേയും (നഷ്ടം, വിരഹം, ദുഃഖം, വേദന) ആണ് മരണം പാടേ മായിച്ചുകളയുന്നത്. അതേ ഫലമുണ്ടാകും ബോധത്തിന്റെ നിരന്തര ധാരയെ നിലയ്ക്കാനനുവദിക്കുമെങ്കിൽ. കാരണം, 'ഞാൻ' എന്ന ഭാവവും അതോടനുബന്ധിച്ചുള്ള ഇച്ഛാശക്തി, അധികാരക്കൊതി, അഭിമാനക്ഷതം, വെറുപ്പ്,  ദുരാഗ്രഹം, അസൂയ എന്നിവയും ബോധത്തിലാണ് ഉടലെടുക്കുന്നതും നിലകൊള്ളുന്നതും. ഈ ബോധത്തെ പിടിച്ചുനിറുത്തി ശുദ്ധീകരിക്കലാണ് ധ്യാനം എന്നയവസ്ഥ. ധ്യാനത്തിലൂടെ എല്ലാ വിധത്തിലും മുക്തനാകുന്നവന് പ്രകൃതിയുടെ ഭാഷ വശമാകും. അതാണ്‌ മുകളിൽ കുറിച്ച കൃഷ്ണമൂർത്തിയുടെ അനുഭവം പഠിപ്പിക്കുന്നത്. ആ അവസ്ഥയിൽ കിട്ടുന്ന തിരിച്ചറിവിൽ ഭാര്യ ഭര്ത്താവിനും മറിച്ചും, ജോലി ഉദ്യോഗസ്ഥനും എന്നപോലെതന്നെ ഭക്തന്/ഭക്തക്ക് സംപ്രീതനാക്കേണ്ട ദൈവവും അസ്വാതന്ത്ര്യമാണ് നല്കിയിരുന്നത് എന്ന് മനസ്സിലാകും. പ്രകൃതിയുടെ ഭാഷയറിയുമ്പോൾ, ആ ഭാഷയിൽ അനുവാദം ചോദിച്ചിട്ടല്ലാതെ, ഒരിലയെ അതിന്റെ ഔഷധാംശം ഉപയോഗിക്കാനായിപ്പോലും നാം മുറിച്ചെടുക്കില്ല. ഒരു ജീവനുമേലും നാം അധികാരം ചെലുത്തുകയില്ല. എന്നാൽ വളരെ ആശ്ചര്യകരമായി തോന്നുന്നതെന്തെന്നാൽ, മനുഷ്യൻറെ ധർമശാസ്ത്രങ്ങളെല്ലാംതന്നെ മിണ്ടാപ്രാണികളോടുള്ള ക്രൂരതയെപ്പറ്റി മൗനം പാലിക്കുന്നു!


ഇന്നാകട്ടെ സ്വന്തം സുരക്ഷക്കായി എന്ന വ്യാജേന മറ്റു മനുഷ്യരെയും ഒരു സമൂഹത്തെത്തന്നെയും അകറ്റി നിറുത്തുകയും വേണ്ടിവന്നാൽ ഇല്ലാതാക്കുകയും ചെയ്യാനുള്ള പ്രവണത ഏറിവരികയാണെന്ന് നമുക്കറിയാം. മനുഷ്യന്റെ ഈ ധാർഷ്ട്യമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ലജ്ജാകരമായ ജീർണത. ദളിതർ, സവർണർ, സ്വദേശികൾ, പരദേശികൾ, അന്യസംസ്ഥാനക്കാർ, അഭയാർഥികൾ, സ്വന്തക്കാർ, അപരിചിതർ എന്നുതുടങ്ങി നൂറുനൂറു വേര്തിരിവുകളുടെ ഉപയോഗം ഒഴിവാക്കാനാവാത്ത ഒരവസ്ഥയാണ് ഇന്നുള്ളത്. വ്യത്യസ്തമായി ജനിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും തങ്ങളുടെ ജീവിതസാഹചര്യങ്ങൾ ഇടയാക്കുന്നവരെ അസ്പൃശ്യരാക്കുന്ന രീതി അധമമാണ്. ഈ ഗ്രഹത്തിന് വെളിയിൽനിന്ന് മനുഷ്യരാശിയെ നിരീക്ഷിക്കുന്ന ഒരു ബുദ്ധിജീവിക്ക് മേല്പ്പറഞ്ഞ വ്യത്യസ്തതകൾ കണ്ണിൽപെടുകപോലുമില്ല. ബുദ്ധി വികസിച്ച ജീവികൾ ഈ പ്രപഞ്ചത്തിന്റെ പലേടങ്ങളിലും പരിണമിച്ച് ഉണ്ടായിട്ടുണ്ടാവാം. എന്നാൽ പരിണാമപ്രക്രിയ വച്ച് നോക്കിയാൽ നമ്മുടേതുപോലുള്ള മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ മാത്രമേ ഉണ്ടാവാൻ സാദ്ധ്യത തെളിയുന്നുള്ളൂ. അങ്ങനെയെങ്കിൽ അന്യംനിന്നുപോകാൻ വളരെ സാദ്ധ്യതയുള്ള ഒരു കൂട്ടമാണ്‌ നമ്മുടേതും. അതുകൊണ്ട്, എത്ര വ്യത്യസ്തനെന്നു തോന്നിയാലും, ഓരോ മനുഷ്യവ്യക്തിയും അനന്യനും അനർഘനുമാണ്. സഹസ്രകോടി സൗരയൂഥങ്ങളിൽ ഒന്നിൽപോലും നമ്മിൽ ആരുടെയെങ്കിലും മറ്റൊരു കോപ്പി ഉണ്ടാവില്ല. അപ്പോൾ ആരെന്നുമെന്തെന്നും കരുതാതെ, ഓരോ വ്യക്തിയും അങ്ങേയറ്റത്തെ ബഹുമാനത്തിന് അർഹനാണ്. എന്നാൽ സ്വന്തം ധിഷണയിൽ മതിമറന്ന്, അന്യചരാചരങ്ങളെ ഉപഭോഗദൃഷ്ടിയോടെ കാണുന്ന മനുഷ്യന് വഴിതെറ്റുന്നു. പ്രകൃതിയിലെല്ലാം താളാത്മകവും സ്വതസിദ്ധവുമായ ചൈതന്യപ്രവാഹത്തിന്റെ ഭാഗമാണ്. സ്വയം താളബദ്ധമായിത്തീർന്ന് അവയെ കണ്ടെത്തി അവയിൽ പങ്കുചേരാനനുവദിക്കുന്ന അന്തർമാപിനികൾ നമ്മിൽ പ്രവർത്തിക്കുക എന്നതാണ് ഐശ്വരസ്പർശം.  


ഈശ്വരൻ എന്ന് പറയുമ്പോൾ എന്താണ് പ്രത്യക്ഷമാക്കപ്പെടുന്നതെന്ന് നോക്കാം. സങ്കുചിതമായ അർഥത്തിൽ, "മനുഷ്യന് ഇപ്പോഴുള്ള ദൈവസങ്കല്പത്തിലേക്ക് നയിച്ച വഴികളിലേക്ക് കണ്ണോടിച്ചാൽ കാണുന്നതിതാണ്: നമ്മുടെ ദൃശ്യാനുഭവത്തിനപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന കാരണങ്ങളുടെയെല്ലാം പിന്നിലെ ആദികാരണം എന്ന പൊതുനിഗമനമാണ് നമുക്ക് ദൈവം. അതിനൊരു ബഹുമാന്യസ്ഥാനം നല്കുമ്പോഴും, മനുഷ്യനത് ഒരാന്തരിക മാർഗദർശിയായി പരിണമിക്കുന്നില്ല. അതുവഴി സ്വന്തം അജ്ഞതക്കും ആത്മാന്ധകാരത്തിനും പേരിടുക മാത്രമാണ് നാം ചെയ്യുന്നത്. " (Paul Heinrich Dietrich). അതുകൊണ്ടാണ്   "അദൃശ്യനായ ഒരു ദൈവത്തിന് ഉപാസന ചെയ്യുന്നതോടൊപ്പം മനുഷ്യൻ ദൃശ്യമായ പ്രകൃതിയെ ഉപദ്രവിച്ചുകൊണ്ടുമിരിക്കുന്നത്. അവൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിതന്നെയാണ് അവനാരാധിക്കുന്ന ദൈവം എന്ന് തിരിച്ചറിയാത്ത ഈ ജീവവർഗ്ഗമാണ് ഏറ്റവും കൂടിയ ബുദ്ധിഭ്രമത്തിന് വശംവദമായി പെരുമാറുന്നത്." (Herbert Reeves)
വിപുലമായ അർഥത്തിലാകട്ടെ, ആകാശം, സമുദ്രം, മണലാരണ്യം, വന്മരങ്ങൾ, സുന്ദരീസുന്ദരന്മാരായ നാനാജാതി ജീവജാലങ്ങൾ, മനുഷ്യർ ... ഇവയുടെയെല്ലാം ആകെത്തുകയാണ് ഈശ്വരൻ എന്ന് പറയാം. ഈശ്വരനെ അന്വേഷിക്കുകയും വിശ്വപ്രപഞ്ചത്തിലെ മധുരോദാരഭാവങ്ങളെ കാണാതിരിക്കയും ചെയ്യുക കാപട്യമാണ് എന്ന് കൃഷ്ണമൂർത്തി പറഞ്ഞിട്ടുണ്ട്. ശരീരത്തിലെ ഓരോ ഭാഗത്തിനും അതിന്റെ കർത്തവ്യം അറിയാവുന്നതുപോലെ, പ്രപഞ്ചത്തിലെ ഓരോ കണികയ്ക്കും അതിന്റെ സ്ഥാനവും ചലനവുമറിയാം. അതാണ് പ്രപഞ്ചമനസ്സ്. പ്രപഞ്ചമനസ്സിന്റെ സ്വാവബോധമാണ് ദൈവം. അത് മറക്കുമ്പോൾ നമ്മൾ അരക്ഷിതരാകുന്നു. എന്തുകൊണ്ടാണ് ഗ്രഹങ്ങൾ അവയുടെ ഭ്രമണപഥത്തിൽനിന്ന് തെറിച്ചുപോകാത്തതും സൂര്യനിൽ ചെന്നിടിച്ച് ചാമ്പലാകാത്തതും? അവയുടെ ഭ്രമണം ഉളവാക്കുന്ന കേന്ദ്രപരാങ്മുഖശക്തി (centrifugal force) കാരണം. നമ്മിൽ പ്രവർത്തിക്കുന്ന centrifugal force ആണ് നമുക്ക് ഈശ്വരൻ. 


നമ്മൾ തിരിച്ചറിയേണ്ടതും എന്നാൽ പൊതുവേ തിരിച്ചറിയാതെ പോകുന്നതുമായ മറ്റൊരു സത്യമുണ്ട്. അതിതാണ്: ജീവജാലങ്ങളുടെ സമത്വത്തെ അംഗീകരിക്കാത്ത ഏത് സ്വാതന്ത്ര്യവും ഈ ഈശ്വരസങ്കല്പത്തിന് നിരക്കുന്നതല്ല. പ്രപഞ്ചത്തിന്റെയും സമൂഹത്തിന്റെയും വ്യക്തിയുടെയും നിലനില്പിന് അനിവാര്യമായ പരക്ലേശവിവേകം സ്വായത്തമാകണമെങ്കിൽ വ്യക്തിമനസ്സെന്നപോലെ സമഷ്ടിമനസ്സും സംശുദ്ധമായിത്തീരണം.

ശ്രീമതി സുഗതകുമാരിയുടെ കാവ്യസ്വത്വത്തെ ഹൃദ്യമായി അപഗ്രഥിക്കുന്ന ഒരു ലേഖനം 2016 ജനുവരി അവസാനത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. അതിൽനിന്നൊരു ഭാഗം സംക്ഷിപ്തമായി താഴെ കൊടുക്കുന്നു: സകല ചരാചരങ്ങളുടെയും നിലനില്പിനെയും സമാധാനപരമായ സഹവർത്തിത്വത്തെയും സുസാധ്യമാക്കുന്ന ലോകാനുരാഗമാണ് ധർമം. ഈ ലോകാനുരാഗമാണ് പ്രപഞ്ചഘടനകളെ രജ്ഞിപ്പിക്കുന്ന മനുഷ്യനിലെ ശക്തിവിശേഷം. അത് സർവഭൂതസമഭാവനയാണ്. അതാണ്‌ മാനവസംസ്കാരത്തിന്റെ അന്തഃസത്ത. പരിപാലനയാണ് അതിന്റെ ധർമം. മനുഷ്യകർമം ധർമവിരുദ്ധമായാൽ സർവനാശമാകും ഫലം.
ഉപസംഹാരം: ആറ്റിങ്കരയിലിരുന്ന് കാലുകൾ വെള്ളത്തിലാഴ്ത്തി, ഒഴുക്കിനോടൊത്ത് അൽപനേരം മൂളിക്കൊണ്ടിരിക്കൂ. അതുണ്ടാക്കുന്ന രസാനുഭൂതിയും ദിനപ്പത്രത്തിന്റെ അല്ലെങ്കിൽ റ്റിവിയുടെ മുമ്പിലിരുന്ന് അതിൽ പടച്ചുവിടുന്ന കോമാളിത്തരങ്ങൾ കാണുന്നതും കേൾക്കുന്നതുമായി ഒന്ന് തട്ടിച്ചു നോക്കുക. കിംവദന്തികളിൽ പെട്ടുപോകുന്ന പ്രേക്ഷകൻ ആത്മശൂന്യതയിൽ ആണ്ടുപോകുകയാണ് ചെയ്യുന്നത്. മനസ്സ് അശുദ്ധമാക്കപ്പെടുന്നു. മഹത്തായ മനസ്സെന്നു പറയുന്നത് ഏറ്റവും മൃദുലമായതാണ്. പ്രപഞ്ചത്തിന്റെ സ്വായത്തമായ പരിണാമം കാഠിന്യത്തിൽ നിന്ന് ലോലതയിലേക്കും സങ്കീർണതയിൽ നിന്ന് സരളതയിലേക്കുമാണ്. എന്നാൽ ആധുനിക മനുഷ്യന്റെ കാര്യം നേരേ തിരിച്ചാണ്. സത്തയിൽ നാം മറ്റെല്ലാറ്റിനോടും ബന്ധപ്പെട്ടിരിക്കുന്നെന്നറിയുമ്പോഴും അതിനനുസരണമുള്ള  ജീവിതോന്നമനത്തിന് ആ  അറിവ് ഉത്തേജനമാകുന്നില്ല. അശുദ്ധമായ മനസ്സ് നിരന്തരം സർവസത്തസമഭാവനയെ നിഷേധിച്ചുകൊണ്ടിരിക്കും. ശുദ്ധമായ മനസ്സെന്നത് അധിക വായനയും യുക്തിവിചാരവും നടത്തുന്നവരുടേതല്ല. അത്തരക്കാരുടെ അതിബുദ്ധി കൂർമ്മതയുള്ളതായിരിക്കാം. പക്ഷേ, മൂർച്ചയുള്ളത് മൃദുലമായ സത്തയെ മുറിപ്പെടുത്തും, നശിപ്പിക്കും. ആൾക്കൂട്ടത്തിന്റെ ഉപരിപ്ലവതയിൽ ആണ്ടുപോകുകയാണിവർ. പക്വമായ അവബോധത്തിലെത്താൻ വ്യക്തിക്കേ കഴിയൂ. കാരണം, ഓഷോ ഓർമിപ്പിക്കുന്നതുപോലെ, ജനക്കൂട്ടം പരത്തുന്നത് ഇരുട്ടും സംഭ്രാന്തിയുമാണ്.
   

തലപുകഞ്ഞ് ഒന്നും പഠിക്കേണ്ടതില്ല; മനഃശുദ്ധിയുണ്ടായാൽ മതി. അപ്പോൾ അവിടെ നിറയേണ്ടത്‌ നിറയും എന്നാണ് ശ്രീബുദ്ധൻ കണ്ടെത്തിയത്.

     

2 comments:

  1. മനോഹരമായ ഒരു രചന......എല്ലാം അവസാനിക്കുന്നത് 'ഒന്നും പഠിക്കേണ്ട; മനഃശുദ്ധിയുണ്ടായാൽ മതി, അപ്പോൾ അവിടെ നിറയേണ്ടത്‌ നിറയും' എന്ന തത്ത്വത്തിലും.
    തനിക്കെന്തോ കുറവുണ്ടെന്നു കരുതാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും - നാം സഹജീവികളെ അങ്ങിനെ ചിന്തിച്ചുകൊണ്ടിരിക്കാൻ പഠിപ്പിച്ചിരിക്കുന്നു. നമുക്ക് മാർഗ്ഗരേഖകളായി എത്ര എത്ര പണ്ഡിതർ, എത്ര എത്ര ഗ്രന്ഥങ്ങൾ ..... ഒന്നും പോരാഞ്ഞിട്ട് മാസം തോറും മസ്തിഷ്ക പ്രശ്ചാളനങ്ങൾ ...... എന്റെ ശരീരത്തിനു വേണ്ട ഉടുപ്പ് ഞാൻ അളവെടുത്തു തയ്കേണ്ടതാണെന്ന ചിന്തയുള്ളവർ ഇല്ലായെന്ന് തന്നെ പറയാം. നമുക്കു നമ്മുടെയുള്ളിലെ മാലിന്യകൂമ്പാരങ്ങൾ സ്വസ്വരൂപസംസ്കരണത്തിലൂടെ ഒഴിവാക്കാം.
    ശൂന്യത ...അതിന്റെ ശക്തി അപ്പോളറിയാം. നമുക്ക് വേണ്ടതെന്തെന്ന് അറിയുകയും അത് നല്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പിതാവിനു വരാനുള്ള പാതയും വന്നാലിരിക്കാനുള്ള സിംഹാസനവും ആ നിശ്ശബ്ദതയിൽ ഒരുക്കി വെയ്ക്കാം. വേറെന്താ ഒരാൾക്ക്‌ ചെയ്യാനുള്ളത്?
    നന്ദി സാക്ക്.....

    ReplyDelete
  2. "ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ ,അവർ ദൈവത്തെ കാണും! " (വി മത്തായി 5/6)എന്നതിനെ സാധൂകരിക്കാൻ (ഒന്നും പഠിക്കേണ്ട; മനഃശുദ്ധിയുണ്ടായാൽ മതി. അപ്പോൾ അവിടെ നിറയേണ്ടത്‌ നിറയും എന്നാണ് ശ്രീബുദ്ധൻ കണ്ടെത്തിയത്) എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഈ രചന ഒരുവട്ടം വായിച്ചാല്‍ ഭഗവത് ഗീതയിലെ 700 ഗീതികള്‍ വായിച്ച സുഖം കിട്ടും!
    "അജനും അനന്യനും നീ, അറിവും അമരനും നീ;
    അടിയനില്‍ അമൃതമാം ഈ ചലനം നീയേ!
    സ്തുതി പാദമായ് ഉണരും വചനം നീ ,
    സ്വര-രാഗ-ലയം ,ആത്മാ പ്രഭയും നീ !" എന്ന (സാമസംഗീതത്തിലെ) സാമഗാനത്തിന്റെ അനുപല്ലവിക്കു സമാനമായ്‌,
    "കറുനീലപ്പുടവയിൽ
    സുഗമനാം മയിലും നീ
    ഇളം പച്ചത്തൂവലാട്ടും
    ചെങ്കണ്ണൻ തത്തയും നീ
    പിഞ്ചു കുഞ്ഞിന്നോമനത്തം
    നിന്നുള്ളിൽ തുടിക്കുന്നു
    കാലാന്തരങ്ങളും മഹാ
    സമുദ്രങ്ങളും നീ ..."
    ('അന്ധന്റെ ആവൃതികൾ', സ. നെടുങ്കനാൽ)എഴുതിയവനും അമരനായി !

    (പണം, അധികാരം, ജനപ്രീതി എന്നിവകൊണ്ട് സംതൃപ്തമാകുന്ന മനസ്സ് വളർച്ചയില്ലാത്തതാണ്. കാരണം, അകത്തുള്ള ധന്യതയൊഴികച്ച് മറ്റെല്ലാം ഏതു സമയത്തും നഷ്ടപ്പെടാം. ആദ്ധ്യാത്മികതയുടെ ഏകാഗ്രതയിൽ മാത്രമാണ് ഈ തിരിച്ചറിവുണ്ടാവുക. അവിടെ മാത്രമേ 'ഞാൻ' ഇല്ലാതാകാനുള്ള സാദ്ധ്യതയുള്ളൂ. എകാഗ്രതയെന്ന ഏകാന്തതയിൽ മാത്രമേ ഒരാൾക്ക്‌ ഓർമകളുടെ ധാരാളിത്തത്തിൽനിന്ന് രക്ഷപ്പെടാനാവൂ.
    "എന്റെ ജീവിതത്തിലെ ഏറ്റവും അസാധാരണമായ അനുഭവം: ഒരു മനുഷ്യൻ റോഡുപണി ചെയ്യുകയായിരുന്നു. അത് ഞാനായിരുന്നു. അയാൾ ഉപയോഗിച്ചിരുന്ന പിക്കാക്സും ഞാനായിരുന്നു. അയാൾ ഉടച്ചിരുന്ന കല്ലും ഞാനായിരുന്നു. അവിടെ മൃദുവായി വീശിയിരുന്ന കാറ്റും ഞാൻ തന്നെ. ചിലച്ചുകൊണ്ടിരുന്ന പക്ഷികളും പുൽത്തുമ്പിൽ കയറിയിറങ്ങുന്ന എറുമ്പും ഞാനായിരുന്നു. ആ പക്ഷികളുടെ ശബ്ദംപോലും ഞാനല്ലാതെ മറ്റൊന്നുമായിരുന്നില്ല! അപ്പോൾ അവിടേയ്ക്കുവന്ന കാറും അതിന്റെ ഡ്രൈവറും മോട്ടോറും ചക്രങ്ങളും ഞാൻ തന്നെയായിരുന്നു. അവിടെ കാണാമായിരുന്ന പർവ്വതം എനിക്കുള്ളിലായിരുന്നു. ജീവനുള്ളതും ഇല്ലാത്തതുമെല്ലാം എനിക്കുള്ളിൽ!" 1922ൽ തനിക്കനുഭവപ്പെട്ട ആത്മീയ ഉണർവിനെ ജെ. കൃഷ്ണമൂർത്തി വിവരിച്ചത് ഇങ്ങനെയായിരുന്നു. ഇങ്ങനെയൊരനുഭവം ഒഷോയ്ക്കും സദ്‌ഗുരു Jaggi Vasudevനും ഉണ്ടായിട്ടുള്ളതായി അവർതന്നെ പറയുന്നുണ്ട്.) ഭഗവത് ഗീതയിലെ സാരാംശമടങ്ങുന്ന ഈ രചന പലകുറി വായിക്കൂ സഹോദരാ...."സ്വയം അറിഞ്ഞാല്‍ അറിവായ്‌,അറിവുതാന്‍ ആത്മ മോദം"

    ReplyDelete