Translate

Sunday, December 13, 2015

ഒന്ന് പള്ളിക്ക് ഒന്ന് സർക്കാരിന്

കത്തോലിക്കാ ആൺമക്കളുടെ കാര്യത്തിൽ ഏകദേശം ധാരണയായി, സന്തോഷം - എല്ലാ കുടുംബങ്ങളിൽ നിന്നും ഒരാളെ പള്ളിക്കും, ഒരാളെ സർക്കാരിനും കൊടുക്കുക. ക്ലീമ്മസ് തിരുമേനിയും തമാശ പറയാൻ തുടങ്ങിയോ? ആകെപ്പാടെ ഒരു വീട്ടിൽ കാണുന്നത് രണ്ടുപേർ. എങ്കിലും, ആണുങ്ങളിൽ പകുതീം അച്ചനാകാൻ പോയാൽ, അത്മായൻ കുറവും അച്ചന്മാർ കൂടുതലും ഉള്ള ഒരു പ്രത്യേക സഭ ഇവിടൂണ്ടാകുമെന്ന് ആരും കരുതരുത്. അകത്തുണ്ടായിരുന്നവർ പള്ളി വിട്ടു സർക്കാരിലേക്കു മാറുമ്പോൾ സംഗതി ആ പഴയ കണക്കേ കാണൂ. ക്ലീമസ്, കാര്യങ്ങൾ അല്പ്പം അകലെ കണ്ടുവെന്നേയ്യുള്ളൂ. ഉദാഹരണത്തിന് ഇപ്പോ തന്നെ ബാംഗ്ലൂർ നാല്, എറണാകുളത്തൊന്ന് എന്നിങ്ങനെ, അകത്തുണ്ടായി രുന്നവർ പുറത്തുള്ള സർക്കാരിന്റെ ഭക്ഷണമാണല്ലൊ കഴിക്കുന്നത്‌. പൂർണ്ണമായ ഞെട്ടിക്കുന്ന കണക്കല്ലിത്! മാത്രമല്ല, എന്നും നോയമ്പ് നോക്കുന്ന ഒരു മെത്രാനെയും ഇതിൽ പെടുത്തിയിട്ടുമില്ല.

കഴിഞ്ഞ ദിവസം എത്തിഹാദിൽ ജോലി ചെയ്യുന്ന സൈമണെ എയർ പോർട്ടിൽ വെച്ചു ഞാൻ കണ്ടു, അങ്ങേരും പറയുകയാ, കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ അത്മായാ വിപ്ലവകാരികൾക്കാണു വളർച്ചയെന്ന്. ഏതു പള്ളീ ചെന്നാലും അതുക്കൂട്ടു പത്തെണ്ണം കാണുകയും ചെയ്യുമെന്നു സൈമൺ പറഞ്ഞു. കുറച്ചു കാലമേ ആയിട്ടുള്ളൂ അവരെല്ലാം സംഘടിക്കാൻ തുടങ്ങിയിട്ട്. സൈമൺ പറഞ്ഞപ്പോഴാ, കെ സി ആർ എം ന്റെ ഇംഗ്ലിഷ് വാർത്താ സൈറ്റിന്റെ റേറ്റിംഗ് ഞാൻ നോക്കിയത്. തല മരച്ചുപോയി! ആകമാന ഭാരതകത്തോലിക്കാ സഭാ വാർത്തകൾ വായിക്കാൻ എല്ലാവരും ഇപ്പോൾ അവിടെ വരുന്നത് കൊണ്ടായിരിക്കുമല്ലോ, ഇന്ത്യയിലെ വാർത്താ പ്രസിദ്ധീകരണങ്ങളൂടെ മുന്നിരയിലേക്ക് സി സി വി വന്നത്. മെത്രാന്മാർ രൂപത തിരിച്ചു പത്രം നടത്തട്ടെ അല്ലെ? ഡോ. കോട്ടൂരിന്റെ വാലേപ്പിടിക്കൻ കൊള്ളാവുന്ന ഒരു മെത്രാൻ പോലും ഇല്ലെന്നു വന്നാലോ? കെ സി ആർ എം മലബാറിലേക്ക് വ്യാപിക്കുന്നു. ജോയിന്റ് ക്രിസ്ത്യൻ കൌൺസിൽ കോടതികളിൽ പിടി മുറുക്കുന്നു, ലൈറ്റി വോയിസ് - അല്മായാശബ്ദം ബ്ലോഗ്ഗുകൾ അരങ്ങു തകർക്കുന്നു, സത്യജ്വാല ആളികത്തുന്നു. മറുനാടൻ മലയാളി മുതൽ ഈ മലയാളി വരെയുള്ളവർ ഇന്ത്യക്ക് പുറത്തും പണിയുന്നു. പിന്നെന്തു വേണം? കുറഞ്ഞ കാലം കോണ്ട് ഇത്രയും ശത്രുക്കളെ ഉണ്ടാക്കാൻ ആരെക്കോണ്ടാ പറ്റുക?


നാടുനീളെ നടന്നു കരുണ വേണോ കരുണ വേണോയെന്ന് ചോദിക്കാതെ, കരുണ കൊടുക്കു പിതാക്കന്മാരേ. മാനുഷിക മൂല്യങ്ങളില്‍ അതിപ്രധാനമായ 'കരുണ'യെ കുറിച്ചാണ് നാം വിവരിക്കുന്നത്. അതിവിശിഷ്ടമായ സ്വഭാവഗുണമാണ് 'കരുണ'. പരിശുദ്ധ ഖുര്‍-ആന്‍ ആരംഭിക്കുന്നത് തന്നെ 'പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്നു പറഞ്ഞാണ്. നമസ്കാരം ഉള്‍പ്പടെ എല്ലാ നല്ല കാര്യങ്ങള്‍ തുടങ്ങുന്നതും ഈ പരിശുദ്ധ വാക്യം കൊണ്ടു തന്നെ. അല്ലാഹു പറയുന്നത്, 'എന്‍റെ കരുണ സര്‍വത്തിനിക്കും' 'നിങ്ങളുടെ രക്ഷിതാവ് കരുണ ചെയ്യാന്‍ നിശ്ചയം ചെയ്തിരിക്കുന്നു', എന്നൊക്കെയാണ്. കുറച്ചുനാൾ ഗൾഫിൽ വന്നു നിന്നാലും സംഗതി എന്താണെന്ന് പഠിച്ചു പോകാം.


പ്രസംഗം നിർത്തിയിട്ട്, ഈ സാധനം അനുഭവത്തിൽ ഒന്നു കാണിച്ചു തരുമോയെന്നല്ലേ ഈ മെത്രാന്മാരോട് അത്മായർ ചോദിക്കുന്നത്. ആരെങ്കിലും ഒരാവശ്യത്തിനു വന്നാൽ അവരുടെ നേരെ കാനോൻ കാണിച്ചു കണ്ണുരുട്ടുന്നിടത്തല്ല കരുണ. കരുണയുടെ മുമ്പിൽ നിയമാവലികളും ഇല്ല മെത്രാച്ചോ. കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്കത്‌ ലഭിക്കും എന്നാണ് കർത്താവ് തന്നെ പറഞ്ഞത്: അതായത്, കരുണ കൊടുക്കുന്നവനെ അതെന്താണെന്നറിയാനും ഭാഗ്യമുണ്ടാവൂ എന്നർത്ഥം. ടോൾസ്റ്റോയി പറഞ്ഞ കഥ കേട്ടിട്ടുണ്ട്. ഒരു പിച്ചക്കാരൻ വന്ന് ഒരാളോട് ദാനം ചോദിക്കുന്നു. അയാൾ കീശ പരിശോധിച്ചപ്പോൾ കൊടുക്കാൻ ഒരു നാണയം പോലുമില്ല. അയാൾ പിച്ചക്കാരനോടു പറഞ്ഞു, ഒന്നുമില്ലല്ലൊ സഹോദരാ എന്ന്. ആ പിച്ചക്കാരൻ പറഞ്ഞത്, സഹോദരാ എന്ന് വിളിച്ചതിലൂടെ എല്ലാം എനിക്ക് ലഭിച്ചു കഴിഞ്ഞുവെന്നാണ്.


ഇതാണ് ടോൾസ്റ്റോയി കണ്ട കരുണ. എത്ര അച്ചന്മാരുടെ അടുത്തു ചെന്നാലാ സഹോദരാ എന്നുള്ള ഒരു വിളി കേൾക്കുക?
ഒരുദാഹരണത്തിനു ചങ്ങനാശ്ശേരി എടുക്കുക; കരുണയുടെ വർഷം പ്രമാണിച്ചു വീടില്ലാത്തവർക്കെല്ലാം വീടു കൊടുക്കും, എല്ലാവർക്കും കൌൺസലിംഗ് നൽകും, കാരുണ്യ്യാനുഭവ ധ്യാനം നല്കും, ഇടവകസമൂഹങ്ങളെയെല്ലാം അനുരജ്ഞന സമൂഹങ്ങളാക്കും.....(കടപ്പാട് -ദീപിക). ഏതെങ്കിലും വായനക്കാരൻ സദയം പറയുക, ഇവിടെയെവിടാ കരുണ? ഇതിനൊക്കെയുള്ള പണം അരമനയിൽ നിന്ന് കിട്ടുമെന്നും ഓർക്കണ്ട. വിശ്വാസികളുടെ മേൽ കരുണയുടെ പേരിലും പള്ളി ഈച്ചയുടെ ആക്രമണം ഉണ്ടാവും എന്നർത്ഥം. മാർത്തോമ്മാവാദത്തെ അനുകൂലിക്കാതിരുന്ന വൈദികർക്ക് ധാരാളം കരുണ ലഭിച്ചിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നമ്മുടെ കണക്കിൽ അത്മായൻ പള്ളിയോട് കാണിക്കുന്നതും, പള്ളി പറയുന്നിടത്തെല്ലാം കുറെ കാശ് വലിച്ചെറിയുന്നതുമാണ് കരുണ. ഞാനെന്തു പറയാൻ?


തൃശ്ശൂർ ഒരു പള്ളിക്കു സ്ഥലം വിട്ടു കൊടുത്ത ഒരു വിശ്വാസികുടുംബത്തിൽപെട്ടവന്റെ വീട്ടിലേക്കുള്ള വഴിയുടെ നടുവിൽ പോസ്റ്റ്‌ നാട്ടി ആരോ കരുണ വിളമ്പുന്ന ഫോട്ടോ ഫെയിസ്ബുക്കിൽ നിന്നു ഞാനും കണ്ടു. സനൽ ഇടമറുക് ഫിൻലന്റിൽ ഇപ്പോഴും ഉണ്ടെന്നോർക്കുക. തലോറിൽ കാണിച്ച കരുണയും തൊടുപുഴയിൽ കൊടുത്ത കരുണയും ഇടുക്കിയിൽ കാണിക്കുന്ന വാൽസല്യവുമൊക്കെ ഈ ലിസ്റ്റിൽ കൂട്ടാമോ എന്തോ? കുഞ്ചിത്തണ്ണിയിൽ നാട്ടുകാർ ഉണ്ടാക്കിയ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ മുറ്റത്ത് പള്ളി തുടങ്ങിയ സ്കൂളും കരുണയുടെ ലിസ്റ്റിൽ പെടുത്താവുന്നതേയുള്ളോ? മോനിക്കാക്കു ലഭിച്ച കരുണ ലോകപ്രസിദ്ധം! എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പറയുകയാ....ദയവായി കരുണ കാണിച്ച് വിശ്വാസികളെ ഇനിയും ബുദ്ധിമുട്ടിക്കരുത്. ഇനി കരുണ കാട്ടിയേ സമ്മതിക്കൂ എന്നു സഭക്ക് നിർബന്ധമാണെങ്കിൽ ഞായറാഴ്ച്ച കുർബ്ബാനകൾക്കിടയിലെ അച്ചന്മാരുടെ ഗീർവാണം നിർത്തുകയെങ്കിലും ചെയ്യുക; ഓർക്കസ്ട്ര ഉണ്ടെങ്കിൽ അതിന്റെ ഔട്ട്പുട്ട് ഡെസിബൽ കൃത്യമായും നിർവചിക്കുകയും ചെയ്യുക. ഇനിയും കരുണ ബാക്കിയുണ്ടെങ്കിൽ സർവ പിരിവുകളും നിർത്തുക. പിന്നെയും കരുണ ബാക്കി ഉണ്ടെങ്കിൽ വാർഡ്‌ മീറ്റിങ്ങുകളിലെ സൽക്കാരം വേണ്ടെന്നു വെക്കുക.


ആലപ്പുഴ ഐ എം സ് കാരും അതി ദൂരം അതിശീഘ്രം മുന്നേറുന്നു. അടുത്ത ധ്യാനത്തോടനുബന്ധിച്ചു വിസാ പാസ്പോർട്ട് വെഞ്ചരിപ്പു കുർബ്ബാന ഉണ്ടത്രേ. റേഷൻ കാർഡും, ഐഡന്റിറ്റി കാർഡുമൊക്കെ വെഞ്ചരിച്ചതുകൊണ്ട് ആർക്കെന്തു പ്രയോജനം?

1 comment:

  1. ഇംഗ്ലണ്ട് പട്ടാളനിയമം ചില രാജ്യങ്ങളിലെപ്പോലെ, പ്രായപൂര്‍ത്തിയായ ആണ്‍ പ്രജകള്‍ ഇത്രകൊല്ലം മിലിട്ടറിസേവനം നിര്‍ബന്ധമായും ചെയ്തിരിക്കണം എന്നാണു! അതുപോലെ സഭകളും ഓരോ ആണ്‍ പ്രജയും ഇത്രനാള്‍ കത്തനാരാകണം /പെണ്‍കുട്ടികള്‍ കൌമാരം കഴിഞ്ഞാല്‍ ഇത്ര വര്ഷം കര്‍ത്താവിന്‍റെ (കത്തനാരുടെ) മണവാട്ടിമാരായിരിക്കമെന്നും സഭകള്‍ നിയമം കൊണ്ടുവരുവാന്‍ പോകുന്നു എന്നതിന്റെ സൂചനയാണീ ക്ക്ലീമീസിന്റെ കളി!
    "പ്രസവിക്കാത്ത ഉദരങ്ങളും, കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ, എന്നകാലം വരുന്നു" എന്ന കര്‍ത്താവിന്‍റെ മുന്നറിയിപ്പിത് ഓര്‍മിപ്പിക്കുന്നു ! ക്ലീമീസേ താങ്കള്‍ പ്രവാചകന്‍ തന്നെ !

    ReplyDelete