Translate

Tuesday, January 12, 2016

കാനാ മുതൽ ഒല്ലൂർ വരെ

ഇപ്പോൾ ധ്യാനങ്ങൾ എത്രതരം എന്നു ചോദിച്ചാൽ ഇതു നടത്തുന്നവർക്കു പോലും അറിയില്ല. വിവാഹ ഒരുക്ക ധ്യാനം, മാസാദ്യ ധ്യാനം, വർഷാന്ത്യധ്യാനം, കുടുംബ നവോത്ഥാന ധ്യാനം, ഉണർവ്വു ധ്യാനം, മാസക്കുളി ധ്യാനം, ആന്തരിക സൗഖ്യം, വിസാ-പാസ്സ്പോർട്ട്/സർട്ടിഫിക്കേറ്റ് ആശിർവ്വാദ ധ്യാനം, വണ്ടി വെഞ്ചരിപ്പു ധ്യാനം, ജോലിധ്യാനം, ബിസിനസ്സ് ധ്യാനം, രോഗശാന്തി ധ്യാനം, തപസ്സ് ധ്യാനം, തൈലാഭിഷേക ധ്യാനം, അതു കൂടാതെ നിരാവധി തരം ഒരുക്ക ധ്യാനങ്ങളും. ഒരിക്കലും അവസാനിക്കാൻ ഇടയില്ലാത്തത്ര പേരുകൾ! എല്ലാം ഒന്നാണെന്നു ഞാൻ പറഞ്ഞല്ലൊ! സീറോ മലബാറല്ലാതെ രക്ഷയില്ല, അഭിഷിക്തനെ കുറ്റം പറഞ്ഞാൽ ദൈവം കൊല്ലും, സമ്പാദിച്ചതു മുഴുവൻ പള്ളിക്ക് കൊടുത്താലേ സമ്പത്തുണ്ടാവൂ എന്നി പ്രഖ്യാപനങ്ങൾ എല്ലാത്തിനും ഉണ്ട്.  ചിലതിനു കഞ്ഞി കിട്ടും, ചിലതിനു പയറും കൂടി കാണും. സർവ്വതിനും സ്തോസ്ത്രക്കാഴ്ച നിർബന്ധമാണ് താനും. നേർച്ചകളുടെ ഇനങ്ങൾ കണ്ടാൽ അതിലും രസം! ഊട്ടു നേർച്ച, അമ്പു നേർച്ച, ഉന്തു നേർച്ച എന്നിങ്ങനെ തുടങ്ങിയാൽ വെടി നേർച്ചയിലെ ചെന്നവസാനിക്കൂ. ഇയ്യിടെ ഒരമ്പു നേർച്ച സംഭാവനാ മൽസര കൂപ്പണ്‍ കണ്ടു, എല്ലാ സമ്മാനങ്ങളും വിവിധ തൂക്കം ആട്, പന്നി, കോഴി ഇറച്ചി പൊതികളായിട്ടാണ്. നാളത്തെ ധ്യാനങ്ങൾ എങ്ങിനെയിരിക്കുമെന്നു ചോദിച്ചാൽ ആർക്കും അറിഞ്ഞുകൂടാ - മാർപ്പാപ്പാ റ്റ്വിറ്ററിലുണ്ട്, ഐ എം സ്സുകാർ ഫെയിസ് ബുക്കിലുമുണ്ട്. ശരിയോ തെറ്റോന്നറിയില്ല, വട്ടായി അച്ചൻ ഇനി മേലാൽ കാഞ്ഞിരപ്പള്ളിയിൽ ധ്യാനത്തിനു വരാൻ സാധ്യതയില്ലെന്നു കേൾക്കുന്നു. അവിടെ വട്ടായി നടത്തിയ ധ്യാനത്തിന്റെ വരവുമായി മെത്രാൻ(രൂപത) പോയെന്നാണു പൊതുജനസംസാരം. നാട്ടുകാരെന്തെല്ലാം പറഞ്ഞുണ്ടാക്കുന്നു? അനുരജ്ഞനപ്പെടാൻ നാട്ടുകാരോടു വിളിച്ചു കൂവുന്നതു പോലാണോ ശരിക്കുള്ള അനുരജ്ഞനപ്പെടൽ. വകുപ്പു വെച്ചു നോക്കിയാൽ പാറേപ്പള്ളീലെ കരുണയുടെ വാതിലിൽകൂടി മെത്രാനും പോകില്ല വട്ടായിയും പോകില്ല (ഒരാഴ്ചക്കുള്ളിൽ അനുരജ്ഞനമെന്നത് ചങ്ങനാശ്ശേരീലെ കരുണയുടെ വാതിലിലൂടെ കടക്കാനുള്ള അഞ്ചു വ്യവസ്ഥകളിൽ ഒന്നാമത്തേതാണ്). നോക്കണേ പുകിൽ! 

എന്തായാലും, ഒരു ക്രിസ്ത്യാനി അറിഞ്ഞിരിക്കേണ്ട രണ്ടു പ്രധാന സംഭവങ്ങളാണെന്നു പറയാം കാനായിലെ കല്യാണവും, ഒല്ലൂരെ കല്യാണവും. കാനായിലാണ് കർത്താവ് ആദ്യം അൽഭുതം കാണിച്ചത്. അതു കഴിഞ്ഞ് ഒരു കേറ്റമല്ലായിരുന്നോ? രണ്ടായിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ, ലോകം മുഴുവൻ ക്രിസ്ത്യാനികൾ! ഒല്ലൂരെ കല്യാണത്തിനാണ് കർത്താവിന്റെ പ്രതിപുരുഷൻ ആദ്യമായി നാലു കുർബാനക്കും പരസ്യമായി ക്ഷമ പറഞ്ഞതും, അവിടം മുതലാണു സഭയുടെ തകർച്ച ശരിക്കും തുടങ്ങിയതും. ഇതുകൊണ്ടൊന്നും അച്ചന്മാരോ മെത്രാന്മാരോ പാഠം പഠിക്കും എന്ന വിചാരം വേണ്ട. ഇതാ, തൃശ്ശൂർ തന്നെ വണ്ടൂർ പള്ളിയിൽ ഇപ്പോൾ കേസും പിടീം വലീം ഒക്കെ നടക്കുന്നു - ഒരു കുരിശുപള്ളിയിൽ അമ്പു പ്രദക്ഷിണം കയറാത്തതാണു പ്രശ്നം. റയിൽവേ ചിലപ്പോൾ സ്റ്റേഷനുകൾ നിർത്തലാക്കുകയോ നിർവ്വീര്യമാക്കുകയോ ഒക്കെ ചെയ്യില്ലേ (ഉദാഹരണം - പോട്ട)? അതുപോലെയാണ് 2013ൽ തുടങ്ങിയ ഒരു കുരിശുപള്ളി വികാരിയച്ചൻ ഈ വർഷം നിർത്തലാക്കിയതെന്നു തോന്നുന്നു.  കാരുണ്യം ജീവിതമുദ്രയാക്കുകയെന്നു വീണ്ടും വീണ്ടും ആലഞ്ചേരി പിതാവ് പറയുന്നതാരോടാണെന്നു മനസ്സിലായോ (ഈ ആഴ്ചത്തെ സിനഡിൽ നിന്ന്)? മെത്രാന്മാരേക്കൊണ്ട് ഇവിടെ എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ കുമ്മനത്തിനേക്കൊണ്ട് പറയിക്കേണ്ട അവസ്ഥയായെന്നു തോന്നുന്നു കേരളത്തിൽ. തൃശ്ശൂരെ ആടുകൾ ആ വഴി ഒന്ന് പരീക്ഷിക്കാം.

പണിയാനുള്ള പള്ളികളെല്ലാം പണിതു കഴിഞ്ഞു. അതുകൊണ്ടാരുടെയും ആർത്തി തീർന്നുവെന്നു കരുതരുത്. എറണാകുളത്തെ ഒരു പള്ളി, കല്ലറക്കിട്ടിരിക്കുന്ന വില പത്തു ലക്ഷം. ഒരു ജൂഡ് ആന്റണി ജോസിന്റെ ഒരു പോസ്റ്റർ ഇന്നലെ ഫെയിസ് ബുക്കിൽ കണ്ടു, അതിൽ ഇങ്ങിനെ ഒരു ക്വട്ടേഷൻ: "ഇടപ്പള്ളി പള്ളി ഉണ്ടാക്കാൻ ചിലവാക്കിയ കാശിന്റെ പകുതി മതി ആ പ്രദേശത്തുള്ള സകല പാവപ്പെട്ട കുട്ടികളുടേയും വിദ്യാഭാസ ചിലവിന്. കർത്താവ് മിക്കവാറും നേരിട്ടു വന്നു രണ്ടെണ്ണം തന്നാലെ ഇവനൊക്കെ പഠിക്കൂ." സംഗതി അങ്ങിനെ തന്നെയാണെന്നാ എനിക്കും തോന്നുന്നത്. ചിലടത്തു പള്ളിപ്പറമ്പു മുഴുവൻ ഫ്ലോർ ടൈൽസ് ഇട്ടു തുടങ്ങി. ഇപ്പോൾ പരി. ആത്മാവു പൂർണ്ണമായും പിൻവലിഞ്ഞ ലക്ഷണമാണെന്നു തന്നെ പറയാം. ചിക്കാഗോയിൽ പള്ളി പണി തീർന്നു കഴിഞ്ഞപ്പോഴാ, ബേസ്മെന്റിൽ വെള്ളം കേറുന്ന പ്രദേശമാണതെന്നു കണ്ടത്. ആസ്ട്രേലിയായിൽ പള്ളിക്കു സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോഴാ അവിടെ പള്ളി പണിയാൻ അനുവാദം കിട്ടില്ലെന്നറിഞ്ഞത്. കാനഡായിൽ അഞ്ചു മില്യൻ ഡോളർ മുടക്കി ഒരു പഴയ കെട്ടിടം വാങ്ങിക്കഴിഞ്ഞപ്പോഴാ അതു രണ്ടര മില്ല്യനു വിൽക്കാനിരുന്നതാണെന്നാണിപ്പോൾ നാട്ട്ടുകാരു പറയുന്നത്. പള്ളിവക, 'അതേ പിതാവേ' കമ്മറ്റിയുടെ ശിപാർശ പ്രകാരം അതിന്റെ റിപ്പയറിങ് തുടങ്ങിയപ്പോഴാ, കെട്ടിടം പുതുക്കണമെങ്കിൽ സിറ്റിയുടെ അനുവാദം വേണമെന്നു മനസ്സിലായത്. പിഴയായി ഇത്തിരി കാശൂ പോയി. ആർക്കാ പോയത്? അര മെത്രാനു വല്ലതും പോയോ? നാട്ടുകാർക്കു പോയി. രണ്ടു മെത്രാന്മാർ കൂടിയാൽ അവിടെ പരി. ആത്മാവു പറന്നു നിൽക്കുമെന്നാ ഇവരുടെ വിചാരം. അതു പണ്ട്. ഇന്നു പരി. ആത്മാവു അത്മായന്റെ കൂടെയാണെന്നു പറയുന്നതാ ശരി, അല്ലെങ്കിൽ പൊൻകുന്നം പള്ളിയുടെ പുത്തൻ കൊടിമരം 'ട്ടോ' ന്നു താഴെ വീഴില്ലായിരുന്നല്ലൊ. 

വന്നു വന്നു സിനഡ് കൂടണമെങ്കിൽ  അദ്ധ്യക്ഷം വഹിക്കാൻ ബി ജെ പി യിൽ നിന്നൊരാൾ വേണമെന്നായിട്ടുണ്ട്. 2015 ലെ സി ബി സി ഐ യുടെ ക്രിസ്മസ് സിനഡിന് മുഖ്യാതിഥി സാക്ഷാൽ രാജ് നാഥ് സിങ്. അന്നു തന്നെ ഇതിനു മുമ്പ്, ആർ എസ് എസ്സിന്റെ ഒരു ക്രിസ്മസ്സ് പരിപാടിക്കു മാർ ഭരണിക്കുളങ്ങര പോയിരുന്നു. ഇടക്കിടക്കു ചില വള്ളിച്ചർച്ചകളൊക്കെ ബിഷപ്പുമാർ ബി ജെ പ്പിക്കാരുമായി നടത്തുകയും ചെയ്തിരുന്നുവെന്ന് ഞാനും കേട്ടിരുന്നു. ക്രിസ്മസ്സിന്റെ പിറ്റേന്ന് നേരം വെളുത്തപ്പോൾ ഒരു ലേഖനം, ആർ എസ്സു എസ്സു കാർ ക്രിസ്ത്യാനികൾക്കു വേണ്ടി ഒരു വിഭാഗമുണ്ടാക്കാൻ ആലോചിക്കുന്നുവെന്ന്. ഈ വാർത്ത കേട്ടു ഞെട്ടി, വിറച്ചു എന്നൊക്കെ പിതാക്കന്മാർ പറഞ്ഞെങ്കിലും, അണിയറയിൽ ചില ആലോചനകൾ നടന്നിരുന്നുവെന്നു തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം. അല്ലായിരുന്നെങ്കിൽ തെറ്റായ വാർത്ത ഇട്ടതിനു മെത്രാന്മാർ കേസുകൊടുക്കില്ലായിരുന്നോ? 

പണ്ടു പാലായിൽ നടന്ന സമ്പൂർണ്ണ സിനഡിൽ എത്ര രാഷ്ട്രീയ സാമൂഹ്യ സമുദായിക നേതാക്കന്മാർ പങ്കെടുത്തു? വന്നു വന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിലേ പാരീഷ് കൗൺസിൽ കൂടൂവെന്ന സ്ഥിതി ആകുമോ എന്തൊ? കാക്കനാട് നടന്ന സിനഡിൽ ആരൊക്കെയാണൊ ആവോ പങ്കെടുത്തത്?ഒന്നും വിട്ടു പറയുന്നില്ലാരും. ആകെ ഞാൻ കേട്ടതു റബ്ബർവില തകർന്നതിനു കേരളാ ഗവ്ണ്മേന്റിനെ കുറ്റപ്പെടുത്തി ഒരു പ്രസ്താവനയുടെ കാര്യമാ. റബ്ബർ കർഷകർക്കു നഷ്ടപരിഹാരം കൊടുക്കാമെന്നല്ലാതെ റബ്ബർവില തകർത്തത് ഉമ്മൻ ചാണ്ടിയാണോ, മോഡി ഗവ. ആണോ? എല്ലാരോടും ഇൻഫാമിൽ ചേർന്നോളാൻ ആഹ്വാനം. നേരത്തെ ചേർന്നവർക്കു കൊടുക്കാനുള്ള കാശൂ മുഴുവൻ കൊടുത്തിട്ട് ഇതു പറഞ്ഞിരുന്നെങ്കിൽ! ജനം എന്താ വെറും പൊട്ടന്മാരോ? ഇടുക്കി മെത്രാൻ കേരളാ കോൺഗ്ഗ്രസ്സിനോടു കയർത്തെന്നും കേട്ടു.

കുറച്ചു വർഷങ്ങൾകൂടി ഇങ്ങിനെ മുന്നോട്ടു പോയാൽ നല്ല രസമായിരിക്കും, പുണ്യവാന്മാരെ തട്ടി നടക്കാൻ മേലാത്ത ഒരു ദിവസം വന്നെന്നിരിക്കും. എന്തു വിഷമിച്ചും കാശുമുടക്കിയുമാ പാലായിൽ ഒരു പുണ്യവതിയെ സ്രുഷ്ടിച്ചതെന്നു പാലാക്കാർക്കു മാത്രമേ അറിയൂ. പിന്നാലെ രണ്ടുപേരും കൂടി വന്നു. അതു സഹിക്കാമെന്നു വെച്ചോ. ഇപ്പോഴിതാ കണ്ഡമാലിൽ നൂറു പുണ്യവാന്മാർ ഉണ്ടാകാൻ പോകുന്നു. അവസാനം സനൽ ഇടമറുകിനോട് നിരുപാധികം ക്ഷമിച്ച കർദ്ദിനാൾ ഗ്രേഷ്യസും പുണ്യവാനാകും ഉറപ്പ്. ദൈവമേ! തൃശ്ശൂരും, കോതമംഗലത്തും, ഇടുക്കിയിലും, താമരശ്ശേരിയിലും, കാഞ്ഞിരപ്പള്ളിയിലുമൊക്കെ ഒരോ പുണ്യവാന്മാർ ഉണ്ടാകുന്നതിനു മുമ്പു എന്നെ അങ്ങെടുത്തോണേ കർത്താവേ! 

എനിക്കൊരു ചോദ്യമുണ്ട്, അഭയം തേടി വരുന്ന ഭക്തരെ തിരിച്ചു വീട്ടിൽ വരെ സുരക്ഷിതരായി എത്തിക്കാൻ കഴിവില്ലാത്ത വിഗ്രഹങ്ങൾ നമുക്കെന്തിനാ? സ്വന്തം നേർച്ചപ്പെട്ടിയിൽ വീഴുന്ന പണം പോലും നോക്കാൻ കഴിവില്ലാത്ത പുണ്യവാന്മാരെയും നമുക്കാവശ്യമില്ല.

2 comments:

  1. Public

    PA Mathew in FB

    “വിദ്യാഭ്യാസമുള്‍പ്പെടെ പല മേഖലകളിലും സര്‍ക്കാരിന്‍റെ നടപടികളിലും ഇടപെടലുകളിലും സഭക്ക് തൃപ്തിയില്ല”.....അതുപിന്നെ, ആരെയും ബോധിപ്പിക്കേണ്ടാത്ത സ്വന്തം വരുമാനത്തിന് കടിഞ്ഞാണിട്ടാല്‍ ആര്‍ക്കാ ഇഷ്ടപ്പെടുക?

    “സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ സഭക്ക് സംതൃപ്തിയാണ്”......അത് ആര്‍ക്കും മനസ്സിലാകും. ജനങ്ങള്‍ക്ക് മദ്യം ലഭിക്കില്ല, പക്ഷെ സഭയിലെ വിത്തുകാളകള്‍ക്ക് ഇഷ്ടംപോലെ ഉണ്ടാക്കി കുടിക്കുകയും ചെയ്യാം.....അതൃപ്തിക്ക് യാതൊരു കാരണവുമില്ല...ഒരു രാഷ്ട്രീയക്കാര്‍ക്കും അതില്‍ ഇടപെടാനുള്ള ധൈര്യം ഇല്ലെന്നും എല്ലാവര്‍ക്കുമറിയാം...

    “മക്കളുടെ കല്യാണം മുതല്‍ ബാങ്ക് ലോണ്‍ തിരിച്ചടവ് വരെയുള്ള കാര്യങ്ങളില്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണെന്ന് ആലഞ്ചേരി പറഞ്ഞു”......ഇത്തരം കാര്യങ്ങളോര്‍ത്ത് ഈ നല്ല ഇടയന്‍ എന്തുമാത്രം വേവലാതിപ്പെടുന്നുണ്ടെന്നറിയാമോ? വേവലാതിപ്പെട്ട്‌ വേവലാതിപ്പെട്ട്‌ പാവം എല്ലും തൊലിയുമായി....വര്‍ഷാരംഭത്തില്‍ ഇരിങ്ങാലക്കുടയില്‍ "ധനസമ്പാദനത്തിനല്ലാതെ" പണിത പള്ളിവക ഒരു നക്ഷത്ര കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ ഈ ചെങ്ങാതി വന്നപ്പോള്‍ കണ്ടിരുന്നു....മെലിഞ്ഞുമെലിഞ്ഞ്.......സത്യത്തില്‍ കരച്ചില്‍ വന്നുപോയി. ഒരുപക്ഷെ, വീണ്ടും വരുമെന്ന് പറഞ്ഞ ഗഡി ഇങ്ങേരെങ്ങാനുമാണാവോ.....

    ReplyDelete
  2. LOOKING AHEAD WE CAN EXPECT MANY MORE "DHYANAMS" ON IT*S WAY.VERY FIRST ONE IS "PATTACHATTAM" OR ACHEN CHATTAM AND THE NEXT ONE IS KETTU POTTICAL "DHYANAM".KUNJADUKAL BE ALERT AND PREPARE FOR MORE " d h y a n a m s".

    ReplyDelete