Translate

Thursday, January 14, 2016

എൻറെ ജന്മദിനാശംസകൾ
Chacko Kalarikkal, MI, United States
എൻറെ ജന്മദിനാശംസകളുടെ കൂട്ടത്തിൽ മാന്യദേഹം ജോൺ ജോർജ് Facebook-ൽ എന്നോടെഴുതിചോദിച്ചു: "ഈ ശരി ആയ (revolutionary) വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച കാരണം അറിയാൻ ആഗ്രഹമുണ്ട്. വിശദമായ പോസ്റ്റ് ഉണ്ടാകുമോ?" revolutionary എന്ന പദം എന്നെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ ആരും എടുത്തിട്ടില്ലന്നു ഞാൻ കരുതുന്നു.
ഞാൻ ഇതിനോടകം കത്തോലിക്കാ സഭാസംബന്ധിയായ വിഷയങ്ങളെ ആധാരമാക്കി നാലു പുസ്തകങ്ങളും അനേകം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭയിൽ വരുത്തേണ്ട അഥവ നവീകരണത്തിൻറെ അനിവാര്യതയെ സമർത്ഥിച്ചുകൊണ്ട് വളരെ തുറന്നെഴുതിയവകളാണ് അവയെല്ലാംതന്നെ. 'ആത്മാവ് നഷ്ടപ്പെടും, സഭാധികാരികൾ കുപിതരാകും' തുടങ്ങിയ ചിന്തകളുടെ അടിസ്ഥാനത്തിലുണ്ടാകുന്ന അതിഭയങ്കര ഭയംമൂലമാണ് സത്യത്തെ തുറന്നു സമ്മതിക്കാനും പറയാനും വിശ്വാസികൾ മടിച്ചുനിൽക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്. അത്തരം അർത്ഥശൂന്യമായ ഭയം ഒരിക്കലും എന്നെ അലട്ടിയിട്ടില്ല. അതുകൊണ്ട് സത്യമെന്നു തോന്നുന്നതും യേശുവിന്റെ അനുയായികൾ അനുവർത്തിക്കേണ്ടതെങ്ങനെയെന്നും സഭാധികാരികളുടെ യാഥാസ്ഥിതിക ചിന്തയിൽ മാറ്റം വരുത്തണമെന്നും ഞാൻ തുറന്നെഴുതുന്നു എന്നു മാത്രം.സഭക്ക് ‘കല്ലില്മേൽ കല്ലു’ ശേഷിക്കാതിരിക്കൻ ഇടവരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നതാണ് അതിനു കാരണം. അത് ഒരു revolution അല്ലല്ലോ. എങ്കിലുമത് ചിന്തയിലെ ഒരു പാരഡൈം ഷിഫ്റ്റാണ് (paradigm shift).
എന്തുകൊണ്ട് എൻറെ ചിന്തയിൽ ഈ മാറ്റം സംഭവിച്ചു എന്നറിയാനാണ് ജോണിനാഗ്രഹം.
തത്ത്വശാസ്ത്രം, സയൻസ്, എൻജിനിയറിൻഗ് മറ്റുമായിരുന്നു എൻറെ ഔദ്യോഗിക വിദ്യാഭ്യാസ വിഷയങ്ങൾ. ആ പഠനങ്ങളെല്ലാം എൻറെ ജോലിക്ക് സഹായകമായി. എന്നാൽ റോമൻ കത്തോലിക്കാ സഭയുടെ ചരിത്രപഠനം എനിക്കെന്നും ഒരു ഹോബിയായിരുന്നു. ഞാൻ നസ്രാണികളുടെ നാടായ മീനച്ചിൽ/കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ അതിർത്തിപ്രദേശമായ ഉരുളികുന്നത്തുള്ള പുരാതന കളരിക്കൽ കുടുംബത്തിലാണ് ജനിച്ചുവളർന്നത്. [ചെറുപ്പകാലത്തെ എൻറെ സഹപാഠിയും അയൽവാസിയുമായ പ്രശസ്ത എഴുത്തുകാരൻ സക്കറിയ (ഉരുളികുന്നംകാരുടെ കറിയാച്ചൻ) 'ഉരുളികുന്നത്തിൻറെ ലുത്തിനിയ' എന്ന ശീർഷകത്തിലെഴുതിയ ലേഖനം വായിക്കാൻ നിങ്ങൾ മറന്നുപോകരുത്]. പുരാതന നസ്രാണികൾക്കുണ്ടായിരുന്ന സഭാസ്നേഹംപോലെ എനിക്കും എൻറെ സ്വന്തം സഭയോട് വളരെ മമത തോന്നി. അതിനാലായിരിക്കാം സഭാചരിത്രം പഠിക്കാൻ ഞാൻ ഉത്സുകനായത്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസിത ക്രിസ്ത്യൻ പ്രദേശങ്ങളിലെ പ്രഗല്ഭർ സഭയെസംബന്ധിച്ചെഴുതിയ ആയിരക്കണക്കിനു പുസ്തകങ്ങൾ ഞാൻ വായിച്ചു. കൂടാതെ നസ്രാണികളുടെ ചരിത്രവും കഴിയുന്നത്ര വായിക്കുകയും പഠിക്കുകയും ചെയ്തു.
നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻറ്റൈൻ ചക്രവർത്തി റോമാസാമ്രാജ്യത്തിൻറെ ഔദ്യോഗിക മതമായി ക്രിസ്തുമതത്തെ രാജശാസനംവഴി പ്രഖ്യാപിക്കുന്നതുവരെ യേശുവിൻറെ പഠനങ്ങളെ ആധാരശിലയാക്കി ക്രിസ്തീയ കൂട്ടായ്മകൾ വളർന്നുവന്നതാണ്. നാലാം നൂറ്റാണ്ടുമുതൽ ഇന്നുവരെ യേശുവിൻറെ നാമം പറഞ്ഞ് സഭ ചയ്ത തെറ്റുകൾക്ക് കണക്കില്ല. അതെസംബന്ധിച്ച് ഗ്രന്ഥങ്ങൾ എഴുതിയാൽ, യോഹന്നാൻറെ സുവിശേഷത്തിലെ അവസാന വാക്യത്തിലെ അവസാനഭാഗം ഇവിടെ സമുചിതം: "ആ ഗ്രന്ഥങ്ങൾ ഉൾകൊള്ളാൻ ഈ ലോകം തന്നെ മതിയാകയില്ല എന്നു ഞാൻ കരുതുന്നു." ഇരുപതാം നൂറ്റാണ്ടിൽമാത്രം ക്രിസ്റ്റ്യൻ രാജ്യങ്ങൾ കൊന്നൊടുക്കിയത് 100 മില്യനിൽ കൂടുതൽ ജനങ്ങളെയാണ്. ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം ഇങ്ങനെ പോകുന്നു യുദ്ധങ്ങൾ. ജർമനിയിലെ ഹിറ്റ്ലറും റഷ്യയിലെ സ്റ്റലിനും കത്തോലിക്കരായിരുന്നെന്നോർക്കണം! കൂടാതെ കത്തോലിക്കാ സഭതന്നെ മതവിചാരണ കോടതി നടപടികൾ വഴിയും (inquisition) ആഭിചാരകർമ്മം (witchcraft) ആരോപിച്ചും ലക്ഷങ്ങളെ കൊന്നൊടുക്കി. ഗോവൻ ഇൻക്വിശിഷൻവഴി എത്ര ഹിന്ദുക്കളേയും ഇസ്ലാം മതാനുയായികളേയുമാണ് പറുങ്കികൾ തടങ്കലിൽ പാർപ്പിക്കുകയും കൊല്ലുകയും ചെയ്തത്. ലോകം കണ്ടതിൽ ഏറ്റവും ബുദ്ധിമാതിയായിരുന്ന വെസ്പെഷ്യയെ  കോലിൽ കെട്ടിനിർത്തി തൊലിയുരിഞ്ഞ് കത്തിച്ച് കൊന്നതുപോലെ (അത് ചെയ്യിച്ച സിറിൽ ഇന്ന് സഭക്ക് വിശുദ്ധനാണ്!) ഇന്ന് സഭ ആരെയും ചുട്ടുകരിക്കുന്നില്ലങ്കിലും സഭാധികാരികളിൽനിന്നും വിശ്വാസികൾ ഇന്നും സാമ്പത്തികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്.
ഇസ്ലാം മതത്തിലെ തീവ്രവാദികളെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കാൻ ലോകരാഷ്ട്രങ്ങൾ രാവും പകലും ഇന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു മില്യൻ ജനതയെ മാത്രമെ ഇസ്ലാം മതക്കാർ കൊന്നൊള്ളു എന്നതും ചരിത്ര യാഥാർത്ഥ്യമാണ്. ക്രിസ്തുമതാനുയായികൾ(?) കൊന്നതിൻറെ നൂറിലൊന്ന്! ആ കാര്യവും നാം മറക്കരുത്.
ഈ പുതിയ സഹസ്രാബ്ദിയിലെങ്കിലും കത്തോലിക്കാസഭ കഴിഞ്ഞ ഇരുളിൻറെ നൂറ്റാണ്ടുകളിൽനിന്നും മോചനം പ്രാപിച്ച് പ്രകാശത്തിൻറെ പാതയിലേയ്ക്ക് പ്രവേശിക്കണ്ടതാണ്.
രണ്ടാം വത്തിക്കാൻ കൌൺസിൽ ക്രിയാത്മകമായ അനവധി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നെങ്കിലും യാഥാസ്ഥിതികാരായ സഭാഭാരണക്കാർ അതൊന്നും നടപ്പിൽ വരുത്തിയില്ല. നമ്മുടെ സീറോ മലബാർ സഭതന്നെയെടുക്കാം. 1992-ൽ നമുക്ക് സ്വയംഭാരണാധികാരം (sui juris) റോമിൽനിന്നു ലഭിച്ചു. നമ്മുടെ സഭയുടെ തനിമയേയും പൈതൃകത്തേയും പുന:സ്ഥാപിച്ച് കാത്തുസൂക്ഷിക്കണമെന്ന് കൌൺസിൽ നിർദ്ദേശിച്ചു. അതിന് കടക വിരുദ്ധമായി കഴിഞ്ഞ മുപ്പത് വർഷത്തിനിടെ മെത്രാന്മാർ കാട്ടിക്കൂട്ടിയ ഏതാനും കാര്യങ്ങൾ കാണുക:
1. ഇടവകപള്ളിയും പള്ളിസ്വത്തുക്കളും ഇടവകക്കാരുടെതായിരുന്നു. അത് മെത്രാൻറെ സ്വത്താക്കി മാറ്റി.
2. ഇടവകയെ കേന്ദ്രീകരിച്ചുള്ള പള്ളിഭരണത്തെ തകിടം മറിച്ച് രൂപതാകേന്ദ്രീകൃത പള്ളിഭരണം നടപ്പിലാക്കി.
3. പള്ളിയോഗത്തെ ദുർബലപ്പെടുത്തി. ഇന്നത് തീരുമാനമെടുക്കുന്ന സമതിയല്ല. പള്ളിവികാരിയെ ഉപദേശിക്കാൻ മാത്രം അവകാശമുള്ള യോഗമാണ്. അങ്ങനെ പള്ളിഭരണത്തിലെ ആഭ്യന്തര ജനാധിപത്യത്തെ തകർത്തു.
4. ഇടവകപട്ടക്കാർ വിശ്വാസികളുടെ ആദ്ധ്യാത്മിക ശുശ്രൂഷകരായിരുന്നു. അവരെ മെത്രാന് സേവനം ചെയ്യുന്ന തൊഴിലാളികളാക്കി.
5. പട്ടക്കാരെയും സഭാപൌരരെയും ഫലപ്രദമായ രീതിയിൽ വേർതിരിച്ചു.
6. ശിക്ഷാനടപടികൾ പള്ളിക്കാരിൽനിന്നുമാറ്റി വികാരിയുടെയും മെത്രാൻറെയും വരുതിയിലാക്കി.
7. നസ്രാണിസഭയിലെ മെത്രാന്മാർ ആദ്ധ്യാത്മിക ഗുരുക്കളായിരുന്നു. ഇന്നവർ രൂപതയുടെ CEO-മാരാണ്.
8. നസ്രാണികളുടെ എല്ലാമായ 'മാർതോമായുടെ മാർഗവും വഴിപാടും' പുന:രുദ്ധരിക്കുന്നതിനു പകരം റോം സമ്മാനിച്ച പൌരസ്ത്യ കാനോൻ നിയമങ്ങൾ അവരുടെമേൽ കെട്ടിയേൽപിച്ചു.
9. വിശ്വാസികളോടോ വൈദികരോടോ ആലോചിക്കാതെ ചുരുക്കം ചില മെത്രാന്മാരുടെ സ്വാധീനത്താൽ സഭയെ കൽദായീകരിച്ച് ആ സഭയുടെ പുത്രീസഭയാക്കി.
10. 'മാർതോമാകുരിശ്' എന്ന ഓമനപ്പേരുനല്കി 'മനിക്കേയൻകുരിശ്' പള്ളികളിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചു.

ചുരുക്കിപറഞ്ഞാൽ നസ്രാനിസഭയുടെ പൈതൃകത്തെ മുച്ചൂടും നശിപ്പിച്ച് പാശ്ചാത്യസഭയുമായി അനുരൂപപ്പെടുത്തി. അതേസമയംതന്നെ പോർട്ടുഗീസുകാർ മലങ്കരയിൽ വന്ന് നസ്രാണി ക്രിസ്ത്യാനികളെ ലത്തീനീകരിച്ചെന്ന് പറഞ്ഞ് മെത്രാന്മാർ വിലപിക്കുകയും ചെയ്യുന്നു! ഇന്നവർ പണസംമ്പാദനത്തിനായി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കുട്ടിരാജാക്കന്മാരെപ്പോലെ അരമനകളിൽ അവർ പള്ളികൊള്ളുന്നു. വിലപിടിച്ച വാഹനങ്ങളിൽ എഴുന്നള്ളുന്നു. രാഷ്ട്രീയക്കാരുമായി ചേർന്ന് പാവം ജനങ്ങളെ നല്ലപാഠം പഠിപ്പിക്കുന്നു. സമ്പത്തിൻറെ ധാർഷ്ട്യം പ്രകടമാക്കുന്നു. യേശു പഠിപ്പിച്ച സ്നേഹവും കൂട്ടായ്മയും ഇവരെ ഒരിടത്തും തൊട്ടുതേച്ചിട്ടില്ല. ഇതെല്ലാം നോക്കിക്കണ്ട് ഒന്നും മിണ്ടാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. ഞാൻ ജനിച്ചുവളർന്ന സഭയെ ഞാൻ സ്നേഹിക്കുന്നു. കത്തോലിക്കാസഭാ വിമോചനസമരം കൂടിയേതീരൂ എന്നു ഞാൻ ചിന്തിക്കുന്നു. അതല്ലായെങ്കിൽ വരും തലമുറ നമ്മോട് ക്ഷമിക്കുകയില്ല. സഭാധികാരികളിൽനിന്ന് എനിക്ക് യാതൊരുവക പീഡനവും ഉണ്ടായിട്ടില്ല. സഭയുടെ പോക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ശരിയല്ല എന്ന ബോധംകൊണ്ടാണ് ഞാൻ ഈ വിധത്തിൽ ചിന്തിച്ചുപോകുന്നത്. ആ ചിന്ത എന്നെ ഒരു revolutionary ആക്കിയെങ്കിൽ അതിലെനിക്ക് അഭിമാനമെയുള്ളു. ഇപ്പോൾ ജോണിന് കാര്യം മനസ്സിലായിക്കാണുമെന്ന് കരുതട്ടെ.
എന്നെപ്പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ ഇന്ന് സഭയിലുണ്ട്. സഭയിൽ നടക്കുന്ന വിവാദ വിഷയങ്ങളിൽ സഭാധികാരം തികഞ്ഞ യാഥാസ്ഥിതിക നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്. അതിൽ മനംമടുത്ത് സഭവിട്ടുപോയവരും ലക്ഷകണക്കിനുണ്ട്. സഭയെ ഉപേക്ഷിച്ചുപോകുന്നത് ശരിയല്ല. സഭയിൽ നിന്നുകൊണ്ട് പുരോഗമന ചിന്തകർ തിരുത്തൽ ശക്തിയായി മാറുകയാണ് ചെയ്യേണ്ടത്. മാറ്റങ്ങൾ സാവധാനമേ സംഭവിക്കു. എങ്കിലും അതിനു ശ്രമിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. കാരണം വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ. മറിച്ച് എടുത്താൽ പൊങ്ങാത്ത തൊപ്പി വച്ചവരുടെ സ്വകാര്യസ്വത്തല്ല അത്. ഈ യാഥാർത്ഥ്യം നാം തിരിച്ചറിയണം.


ഒരു മെത്രാൻ എന്നെപ്പറ്റി പറഞ്ഞതിപ്രകാരമാണ്: "കളരിക്കലിനെ നന്നാക്കാൻ സാധിക്കയില്ല. സഭയുടെ പൊതുവേദികളിൽ പ്രസംഗിക്കാനുള്ള അവസരം നല്കരുത്." എനിക്ക് 74 വയസ്സായി. ഇനി എന്തു നന്നാകാൻ? മെത്രാന്മാർ ചെയ്യുന്ന കൊള്ളരുതായ്മകളെ വെളിച്ചത്തു വിളിച്ചുപറയുന്നവരെ മുച്ചൂടും നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. എങ്കിലെ അവർക്ക് നിലനിൽപ്പൊള്ളു. പിന്നെ മെത്രാന്മാർക്ക് നന്നാകാനൊന്നുമില്ലാല്ലൊ. നന്നായവരുടെ തലയിലല്ലോ പരിശുദ്ധറൂഹാ കയറൂ. ഇന്ന് പ്രസംഗിക്കണ്ട ആവശ്യമില്ല. അതിനൊരു വേദിയും വേണ്ട. സോഷ്യൽ മീഡിയ ആകുന്ന ഓട്ടോബാൻ (higway) നീണ്ടുനിവർന്നു കിടക്കുന്നുണ്ടല്ലോ. അത് ധാരാളം മതി. 

No comments:

Post a Comment