Translate

Friday, April 1, 2016

ഏപ്രിൽ റൂൾസ്

മാർപ്പാപ്പയെ അനുസരിക്കാതിരുന്നാൽ ആർക്കും ഒന്നും സംഭവിക്കില്ലെന്നു പല അനുഭവങ്ങളിൽ നിന്നും നാം കണ്ടു കഴിഞ്ഞല്ലോ. സഭയെ ചോദ്യം ചെയ്യുന്ന വിശ്വാസിക്കു നിത്യനാശമായിരുന്നു ഫലമെങ്കിൽ ഇവിടുത്തെ ജനസംഖ്യ പണ്ടേ പകുതിയിലും കുറവായേനെയെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, മേജറിനെ അനുസരിക്കാതെ പെണ്ണുങ്ങടെ കാലു കഴുകിയ ഒരച്ചനും, മാർപ്പാപ്പായുടെ 'അതും നാം നിരാകരിക്കരുതായിരുന്നെന്നു' പരസ്യമായി പറഞ്ഞ ഒരച്ചനും ഇവിടെ എന്തു സംഭവിക്കുമെന്നറിയാൻ സീറോ മലബാർ വിശ്വാസികൾ ആകാംഷയോടെ കാത്തിരിക്കുന്നുവത്രെ. മണ്ടന്മാർ! ഇതറിയാനാണെങ്കിൽ യു കെ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് നോക്കിയാൽ മതിയായിരുന്നല്ലോ. അവിടെ 'രണ്ടാം ശനിയാഴ്ച്ച ധ്യാനം' എന്നൊരു പരിപാടി അടിച്ചു മിന്നുന്നുണ്ട്. അതിന്റെ നട്ടെല്ലായ സജിയച്ചനെപ്പറ്റി ഇംഗ്ഗ്ലണ്ടിൽ പലരും മുറുമുറുക്കുന്നുമുണ്ട്. ഒരു പ്രധാന ആരോപണം, അദ്ദേഹം സീറോ മലബാറിനെ കൈവിട്ടുവെന്നും ലത്തീനിൽ ചേർന്നുവെന്നതുമാണ്. പല പ്രധാനികളും പറഞ്ഞിട്ടും അദ്ദേഹം കേരളത്തിലേക്കു മടങ്ങുന്നുമില്ലത്രെ. എന്താണു ശരിക്കും സംഭവിച്ചതെന്നും, നാട്ടുകാർ പറയുന്നത്‌ ശരിയാണോയെന്നും, ഉടക്കുണ്ടോയെന്നും, ഉണ്ടെങ്കിൽ ഉടക്കിനു കാരണമെന്താണെന്നും ശരിക്കും മനസ്സിലാകേണ്ടതുണ്ട്. ഏതായാലും, അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നു. കൂടുകാണേ ആ 'രണ്ടാം ശനിയാഴ്ച' ധ്യാനം തന്നെ കൂടണം! അതിനു തണലായി കടുത്ത പാരമ്പര്യവാദിയായ മാർ തട്ടിലുമുണ്ട്. ഇത്രേയുള്ളൂ ഓരോരുത്തരുടേം ലത്തീൻ വിരോധം! വത്തിക്കാന്റെ കീഴിൽ ലത്തീൻ ഡ്യുട്ടിയിലൂണ്ടായിരുന്ന ഒരച്ചനെ സുറിയാനി മെത്രാനാക്കിയതിന്റെ പിറ്റേന്നു മുതൽ ലത്തീൻ വിരോധം അദ്ദേഹത്തിന്റെ സർവ്വ സിരകളിലും വ്യാപിച്ചതു നാം കണ്ടു. എല്ലാം ഒരഡ്ജസ്റ്റ്മെന്റ്, അല്ലാതെന്താ? ധനവും അധികാരവുമാണ് സർവ്വ നാശത്തിന്റെയും കാരണമെന്നു പറയാത്ത ധ്യാനഗുരുക്കന്മാരില്ല; പക്ഷേ, ആ സാധനം ഇങ്ങോട്ടു പോരട്ടേന്നു പള്ളി പറയുന്നതിന്റെ പൊരുളാ ജനത്തിനു മനസ്സിലാകാത്തത്.  

മതവിശ്വാസം, അല്ലേലും വല്യ പാരയാ! നെതർലാൻഡ്സിലാണെങ്കിൽ കുറ്റവാളികളില്ലാതെ ജയിലുകൾ അടച്ചു പൂട്ടുകയാണെന്നാണ്  റിപ്പോർട്ട്; അവിടെ മതവിശ്വാസികൾ വെറും 14% മാണെന്ന് കാണുക. ഈയിടെ ഓസ്‌ട്രേലിയൻ സർക്കാരും ആ സത്യം കണ്ടു പിടിച്ചു, കുറ്റവാളികൾ കൂടാനുള്ള കാരണം - ആ രാജ്യത്ത് 18 വയസ്സ് വരെ മതവിദ്യാഭ്യാസം പാടില്ലെന്നു നിയമവും വന്നു. അവിടുത്തെ വെള്ളം മുഴുവൻ ക്രിസ്ത്യൻ വെള്ളവും, വായു മുഴുവൻ ക്രിസ്ത്യൻ വായുവുമാക്കാമെന്നുള്ള പ്രതീക്ഷകളുമായാണോ ആവോ ബോസ്കോ പുത്തൂർ അങ്ങോട്ടേക്കു വണ്ടി കയറിയത്?എന്തു ചെയ്യാം? സത്യം മനസ്സിലാക്കിയവരോട് എന്താ പറയേണ്ടതെന്നു കർത്താവ് പറഞ്ഞു തന്നിട്ടുമില്ല. ഏറ്റവും സന്തുഷ്ടരുടെ രാജ്യമായ ഡെന്മാർക്കിൽ കല്യാണം എന്നതു പള്ളിയിലോ കച്ചേരിയിലോ പോയി ആചരിക്കേണ്ട ഒന്നായി അവിടുത്തെ ആളുകൾ കാണുന്നില്ല. ഏറ്റവും സന്തുഷ്ടനായ മനുഷ്യനായി കരുതപ്പെടുന്ന മാത്തിയൂ റികാർഡ് എന്ന ബുദ്ധസന്യാസി പറയുന്നത്, സന്തോഷം കിട്ടണമെങ്കിൽ അതിന്റെ ശരിയായ സ്ഥലത്ത് അന്വേഷിക്കണമെന്നാണ്. ധ്യാനവുമായി മുന്നേറുന്ന ഗുരുക്കന്മാർ അറിയണം, ധ്യാനത്തിനു വരുന്നവർ സന്തോഷം തേടി വരുന്നവരാണെന്നും അതവിടെ കിട്ടിയിരുന്നെങ്കിൽ വീണ്ടും വരില്ലായിരുന്നെന്നും. വയറു നിറഞ്ഞു കഴിഞ്ഞവർ സ്ഥലം വിടുകയല്ലേ ചെയ്യുക?
   
മാർപ്പാപ്പയായി വിരമിച്ച മാർ ബെനഡിക്റ്റും സീറോ മലബാർ സഭക്ക് പാരയാവുമോയെന്ന് എനിക്ക് സംശയമുണ്ട്. ആളു നിസ്സാരക്കാരനല്ല, ബെതലേഹം കഥകളിൽ നല്ല പങ്കും വെറും ഊഹകഥകളാണെന്നു തന്നെ സ്വന്തം പുസ്തകത്തിൽ അദ്ദേഹം എഴുതിയിരുന്നു. വീണ്ടുമിതാ പത്ര സമ്മേളനം വരെ നടത്തി പലതും പറയുന്നുണ്ട്. മാമ്മോദീസാക്കാർക്ക്  മാത്രമല്ല രക്ഷയെന്നു വരെ അദ്ദേഹം പറഞ്ഞു വെച്ചിരുന്നല്ലോ, നേരത്തെ തന്നെ. അന്നേരപ്പം നമ്മുടെ ദൈവശാസ്ത്രജ്ഞനു പണിയാവുമോ? തോമസ് അക്വീനോസ് മരിക്കാൻ നേരത്തു ചപ്പെന്നു പറഞ്ഞ അദ്ദേഹത്തിന്റെ ദൈവശാസ്ത്രം ഒരു ദൈവശാസ്ത്രജ്ഞൻ  മാത്രം ഉദ്ദേശിച്ചാൽ തിരുത്താൻ പറ്റുമോ? പറ്റുവായിരിക്കും! (ചാര) ബുധനാഴ്ച തിങ്കളാഴ്ച്ച ആക്കാമെങ്കിൽ കർക്കിടക മാസം വേണ്ടെന്നു വെയ്കാനാണോ പാട്? അക്കൂടേ നിലവിലെ മാർപ്പാപ്പയും കൂടി ചേർന്നാൽ നമ്മളെങ്ങിനെ പിടിച്ചു നിൽക്കും? "നിങ്ങൾ എത്ര നേരം ഉപവാസമിരുന്നാലും, എത്ര നേരം തറയിൽ കിടന്നാലും, എന്തു മാത്രം ചാരം തിന്നാലും, എത്ര കാലം നെടുവീർപ്പിട്ടു കൊണ്ടിരുന്നാലും നിങ്ങൾ മറ്റുള്ളവർക്കു നല്ലതു ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ മഹത്തായ യാതൊന്നും ചെയ്യുന്നില്ല" എന്നാണ് മാർപ്പാപ്പാ ഇയ്യിടെ പറഞ്ഞത്. എന്റെ സ്വഭാവത്തിനായിരുന്നെങ്കിൽ എത്ര പള്ളികൾ പണിതാലും, എത്ര മെത്രാന്മാരെ വാഴിച്ചാലും, എത്ര പേയ്മെന്റ് സീറ്റുകൾ കൈയ്യിൽ ഉണ്ടായിരുന്നാലും, എത്ര വിശ്വാസികളെ പിരിച്ചാലും, എത്ര ധ്യാനം നടത്തിയാലും, എത്ര പെരുന്നാളുകൾ നടത്തിയാലും... എന്നൊക്കെക്കൂടിയും ചേർത്തേനെ. ഇവയും മാർപ്പാപ്പാ പലകാലത്തായി പറഞ്ഞിട്ടുള്ളതാണല്ലോ.

പാലാ മെത്രാന്റെ ഈസ്റ്റർ സന്ദേശത്തോളം ഈടുള്ളയൊരു സന്ദേശം ഈ വർഷം ആരും പറഞ്ഞിട്ടു കാണില്ല. മനുഷ്യൻ ഖജനാവിൽ കൈയ്യിടുന്നതെന്തു കൊണ്ടാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഇത്രയും വേണമായിരുന്നോ പിതാവേ? ഞങ്ങടെ അറക്കൽ മെത്രാൻ എത്ര സൂക്ഷിച്ചാ പ്രസംഗിക്കുന്നതെന്നു നോക്കിക്കേ. ഹൃദയ വിശുദ്ധിയാണു ദേവാലയത്തിന്റെ അടിത്തറയെന്നാണ് പത്തനംതിട്ട ഫൊറോനാ പള്ളി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞത്. പള്ളിയുടെ അടിത്തറയിലോട്ട് ആരും പോകുന്നില്ലല്ലോ! രാഷ്ട്രീയത്തിന്റെ അടിത്തറയിലേക്ക് അദ്ദേഹം പോയതുമില്ല. സഭക്കു രാഷ്ട്രീയമില്ലെന്നു കർദ്ദിനാൾ. പൂഞ്ഞാർ, മെത്രാന്റെ പെയ്മെന്റ് സീറ്റാണെന്നു ജോർജ്ജ്; കൊടിയേരി ബാലകൃഷ്ണൻ തൃശ്ശൂർ മെത്രാനും, തൃശ്ശൂർ മെത്രാൻ കൊടിയേരിക്കും കത്തുകൾ കൈമാറിയെന്നും, മെത്രാനോട് സംസാരിച്ചു പാർട്ടിയുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നു കൊടിയേരി പറഞ്ഞതായും ഇംഗ്ലീഷ് പത്രത്തിൽ ഞാൻ വായിച്ചു. അരമനകളിൽ നിന്നും പുറത്തേക്കും പുറത്തു നിന്നരമനകളിലേക്കും നടന്ന കോളുകളുടെ ലിസ്റ് എടുത്താൽ നാമൊക്കെ ഞെട്ടിയേക്കാം. അങ്കമാലി സീറ്റ് മെത്രാന്റെ ആവശ്യപ്രകാരമാണ് ജോണി നെല്ലൂരിനു കൊടുക്കാത്തതെന്നും കേട്ടു. അനുസരണയുള്ള കുറേ മെത്രാന്മാർ നമുക്കുണ്ടെങ്കിൽ, എന്തിനാ ഒരു റബ്ബർ സ്റാമ്പ് മുകളിൽ? ഫെയിസ് ബുക്കിൽ അടുത്തിടെ ഒരു പോസ്റ് കണ്ടു, 'ഏതു പട്ടിക്ക് വോട്ടു ചെയ്താലും മെത്രാന്റെ പട്ടിക്ക് വോട്ടു ചെയ്യില്ലെ' ന്നാണ് അതിൽ പറഞ്ഞത്. പട്ടി വളർത്തലാണു മെത്രാന്റെ തൊഴിലെന്നോ മെത്രാനു പട്ടികളുണ്ടെന്നോ ഒക്കെയുള്ള അർഥത്തിൽ സോഷ്യൽ മീഡിയായിൽ എഴുതുന്നത്‌ ശരിയല്ല - അതാരാണേലും. ഇയ്യാളെയാരാ മെത്രാനാക്കിയതെന്നു ചോദിച്ച പി സി ക്കു പറ്റിയതറിയാമല്ലോ? അയാളെ തോൽപ്പിച്ചേ അടങ്ങൂവെന്നു പറഞ്ഞ മെത്രാനു പറ്റാൻ പോകുന്നതും സമയമുള്ളവർ ഊഹിച്ചു കൊള്ളുക. 

നമ്മുടെ സഭ നടത്തുന്ന കാരുണ്യപ്രചാരണ പരിപാടികളിൽ സമൂഹനന്മക്ക് വേണ്ടി (സഭാനന്മക്കു വേണ്ടി?) പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങുകളുമുണ്ട്; ലിസ്ടിൽ ദയാഭായിയുടെ പേരു കണ്ടില്ല. കോളേജ് അദ്ധ്യാപകനോടും, അബലയോടും, വിശ്വാസികളോടും, സന്യാസം വിട്ടുപോയവരോടും, മിശ്രവിവാഹം കഴിച്ചവരോടും, പിരിവു കൊടുക്കാത്തവരോടും, കല്ലറക്കു കണക്കു പറഞ്ഞവരോടുമൊക്കെ കരുണ കാണിച്ചിട്ടുള്ള നമ്മുടെ സഹോദരന്മാരെക്കൂടി എണ്ണിയെണ്ണി ആദരിക്കാൻ ആരെങ്കിലും മുന്നോട്ടു വന്നിരുന്നെങ്കിൽ! തെരുവു പട്ടികളുടെ പിന്നാലെ നടക്കുന്ന ചിറ്റിലപ്പള്ളി ശ്രീ കൊച്ചൗസേപ്പിനെ ആരു വിളിച്ചാദരിക്കും? അങ്ങേരും ക്രിസ്ത്യാനിയാണല്ലോ! പട്ടികളെ കൊല്ലണമെന്നല്ലേ, അവയോടു കരുണ കാണിക്കണമെന്നല്ലല്ലൊ കൊച്ചൗസേപ്പ് പറയുന്നത്; പിന്നെങ്ങിനാ അല്ലേ? കരുണ വർഷം മാറി പഴയതു പോലെ കരുണയില്ലാത്തതോ ക്രൂരമായതോ ആയ വർഷം വരുമ്പോഴും ഒഴിവു പറയാതിരുന്നാൽ മതിയായിരുന്നു. 59 വർഷങ്ങൾക്കു മുമ്പ്‌ ഇതു പോലൊരു ഏപ്രിൽ ഫൂൾ ദിവസമാണ്‌ കേരളാ നിയമസഭ നിലവിൽ വന്നതെന്നു ശ്രി കൊച്ചൌസേപ്പ് നമ്മളെ ഓർമ്മിപ്പിക്കുന്നു. ഇതുപോലൊരു ദിവസമായിരിക്കണം ആദ്യത്തെ ളോഹ തയ്പിക്കപ്പെട്ടതെന്നു പറഞ്ഞും ആരെങ്കിലും വന്നു കൂടായ്കയില്ല.

ഫാ. ടോമിന്റെ മോചനത്തിനു വൻതുക ഭീകരർ ആവശ്യപ്പെട്ടെന്നു വാർത്താ മാധ്യമങ്ങൾ പറയുന്നു. അദ്ദേഹത്തിന്റെ വേദന അറിയണമെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനത്തു നാമായിരുന്നാലെ ഒക്കൂ. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർ ദയവായി ആ വൈദികന്റെ ബന്ധുക്കളുടെ വേദന മനസ്സിലാക്കുക. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ ഞങ്ങൾ പ്രവാസികളും പങ്കുചേരുന്നു. ബി ജെ പി ഗവ. ആ പ്രശ്നം എങ്ങിനെയെങ്കിലും പരിഹരിക്കുമെന്നു കരുതുന്നു. പണ്ട് ഇറാക്കിൽ നിന്നു കേന്ദ്ര - സംസ്ഥാന ഗവ.കൾ ചേർന്ന് നേഴ്സുമാരെ രക്ഷിച്ചെടുത്തപ്പോൾ ഒത്തിരി അവകാശവാദങ്ങൾ കേട്ടതു കൊണ്ടു പറയുകയാ, പ്രാർത്ഥിക്കുന്നതു നല്ലതാ, പക്ഷേ, ചീപ്പാകരുതാരും. പ്രവചനക്കാരെയും പ്രാർത്ഥനക്കാരെയും ഐ പി എല്ലിന്റെ കാലത്തും കാണാം. മലേഷ്യൻ വിമാനം കൃത്യമായി എവിടെയാണെന്ന് പ്രവചിക്കാനും ഒരാളെയെങ്കിലും രക്ഷിക്കുവാനും അവർക്കാർക്കെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ! സർവ്വത്ര രോഗശാന്തിക്കാരും പ്രവചനക്കാരുമാ; എന്താ, ഇവരാരും ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ പോയി അത്ഭുതങ്ങൾ കാണിക്കാത്തത്? ഇങ്ങിനെയൊരു വീഡിയോ ഭീകരർ സർക്കാരിനെത്തിച്ചെങ്കിൽ ഫാ. റ്റോം രക്ഷപ്പെടും എന്നു തന്നെ കരുതാം, ദൈവത്തിനു നമുക്കു നന്ദി പറയാം! എല്ലാ കാര്യത്തിലും ദൈവേഷ്ടം നിറവേറട്ടെയെന്നും പറയാം. നമ്മുടെ ഇഷ്ടങ്ങൾ നടന്നു കാണാൻ വേണ്ടി ജീവിതം മുഴുവൻ പ്രാർത്ഥനക്കു ചിലവഴിക്കുന്നവർ ആ സമയത്ത്, ഏതെങ്കിലും വഴിയരുകിൽ രണ്ടു തണൽ മരങ്ങൾ വെച്ചു പിടിപ്പിച്ചിരുന്നെങ്കിൽ!  

മാർപ്പാപ്പാ പണ്ടു ജയിലിൽ കാലു കഴുകാൻ പോയപ്പോൾ മുതൽ ഇവിടെ പലരും ശ്രമിക്കുന്നതാ ഏതെങ്കിലും സെൻട്രൽ ജയിലിൽ ചെന്നൊന്നു ഷൈൻ ചെയ്യാൻ. ഒന്നും അങ്ങു ക്ളിക്കാവുന്നില്ല. അതിനു വേണ്ടി എന്തെങ്കിലും സാഹസം ആരും കാണിക്കാതിരുന്നാൽ മതിയായിരുന്നു!

3 comments:

  1. ക്രിസ്ത്യൻ യുവത്വം മണ്ണൂസുകൾ ആയിത്തീരുന്നതിന്റെ പിന്നിൽ അവരുടെ വേദപാഠം ഒരു വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അസത്യങ്ങൾ വിഴുങ്ങാൻ നിബന്ധിക്കപ്പെടുന്നതുമൂലം മേധയുടെ വാതിലുകൾ അടഞ്ഞുപോകുന്നു. ഒരു വിഷയത്തെപ്പറ്റിയും സ്വയം ചിന്തിച്ച് തീരുമാനങ്ങൾ എടുക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. എല്ലാം വീട്ടിലും പള്ളിയിലും പണ്ടേ നിശ്ചയിച്ചുകഴിഞ്ഞു എന്ന അനുഭവത്തിലാണ് നമ്മുടെ യുവത്വം വളരുന്നത്‌. അതുകൊണ്ടാണ് ജീവിതത്തിൽ പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്നവർ കത്തോലിക്കരിൽ വളരെ കുറഞ്ഞു വരുന്നത്.

    സ്കൂൾവർഷം കഴിഞ്ഞാലും പിള്ളേരെ വീട്ടിൽ ഇരുത്തുകയില്ല, ഉടനെ ബൈബിൾ ക്ലാസ്സുകളായി, അന്ധവിശ്വാസോത്സവമായി - രണ്ടാഴ്ച നിബന്ധ തലകഴുക്കാണ്. അതിലെ ഭോഷ്ക് മാതാപിതാക്കൾക്ക് തിരിച്ചറിയാനാവുന്നില്ല എന്നതാണ് പ്രശനം. അതിനുള്ള വിശദീകരണം ഒന്നേയുള്ളൂ; ഇങ്ങനെ കഴുകിക്കഴുകി അകത്തൊന്നും ഇല്ലാത്തവരാണല്ലോ ഇന്നത്തെ മാതാപിതാക്കൾ. മദ്രസകളിൽ നടക്കുന്നതും സണ്ടേയ്സ്കൂളിൽ നടക്കുന്നതും ദൈവം തന്ന ബുദ്ധിയെ അടിച്ചുപൊളിക്കലാണ്. പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പിന്നെ, മതതീവ്രവാദത്തിനല്ലാതെ ഒന്നിനും ആ തല കൊള്ളില്ല; ലോകത്തിലുള്ള സകല അന്ധവിശ്വാസവും അതിൽ കടത്തിയിട്ടുണ്ടാവും. അല്പമെങ്കിലും സ്നേഹമുള്ള തന്തമാർ മക്കളെ അച്ചന്മാർ പറയുന്നിടത്ത് വിടരുത് എന്ന് ഞാൻ നിരന്തരം എഴുതാറുണ്ട് - എന്താ ഫലം? സൺ‌ഡേസ്കൂൾ അദ്ധ്യാപകർ ചിലത് കാണാതെ പഠിച്ചിട്ടുള്ള മന്ദബുദ്ധികളാണ്. ഇവരിൽ പലരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. വേദപാഠപ്പുസ്തകമല്ലാതെ മറ്റൊന്നും വായിച്ചിട്ടിലാത്ത ഇവർക്ക് തന്റെ മതം എന്നതിനപ്പുറത്തു ഒന്നിനെപ്പറ്റിയും വിവരമില്ല. ഇത് വായിക്കുന്നവരെങ്കിലും തങ്ങളുടെ മക്കളെ ഞായറാഴ്ച വീട്ടില് ഇരിക്കാൻ അനുവദിക്കുക. വേനലവുധിക്ക് അവർ വീട്ടിൽ ഓരോരോ കാര്യങ്ങൾ ചെയ്ത് ജീവിതം പഠിക്കട്ടെ. നമ്മുടെ മക്കളെ അച്ചന്മാരും കന്യാസ്ത്രീകളും കൊണ്ടുപോയി അവരെപ്പോലെതന്നെ ഒന്നിനും കൊള്ളാത്ത മണുങ്ങൂസുകളാക്കുന്നത് ചെറുക്കണം.

    വിശ്വാസികൾ തീരെയില്ലാത്ത നെതർലാൻഡ്സിലാണെങ്കിൽ കുറ്റവാളികളില്ലാത്ത കാരണം ജയിലുകൾ അടച്ചു പൂട്ടുകയാണെന്നാണ് റിപ്പോർട്ട്. ആ ജെയിലുകളിലെക്ക് പോകാൻ പോലും ഇവിടെ അച്ചന്മാരും മെത്രാന്മാരും കാണും. അത്രക്കാണ് അവരുടെ ഫോറിൻ ഭ്രമം. പാലാ മെത്രാന്റെ ഇപ്രാവശ്യത്തെ ഈസ്റ്റർ സന്ദേശത്തോളം ഈടുള്ളയൊരു സന്ദേശം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലത്രേ. തന്റെ കാലത്തെങ്കിലും എന്തങ്കിലും നല്ലത് ഇവിടെ സംഭവിക്കണമെന്ന് ഇഷ്ടന് ഉള്ളിൽ ആഗ്രഹമുണ്ടെന്നാണ് ഇത് കാണിക്കുന്നത്. സ്വന്തം കൈയിലിരുപ്പ് എന്താണെന്ന് സന്ദേശത്തിൽ പറയേണ്ടതില്ലല്ലോ. "മാർപ്പാപ്പാ പണ്ടു ജയിലിൽ കാലു കഴുകാൻ പോയപ്പോൾ മുതൽ ഇവിടെ പലരും ശ്രമിക്കുന്നതാ ഏതെങ്കിലും സെൻട്രൽ ജയിലിൽ ചെന്നൊന്നു ഷൈൻ ചെയ്യാൻ. ഒന്നും അങ്ങു ക്ളിക്കാവുന്നില്ല. അതിനു വേണ്ടി എന്തെങ്കിലും സാഹസം ആരും കാണിക്കാതിരുന്നാൽ മതിയായിരുന്നു!" എന്ന് പറയുന്നതിലൂടെ നമ്മുടെ മെത്രാന്മാരുടെ മൊത്തം മനശ്ശാസ്ത്രം റോഷൻ കുറിച്ചുവച്ചിരിക്കുന്നു.

    ReplyDelete
  2. ഒല്ലൂരിൽ തെക്കിനിയത്ത് റാഫെലിന്റെ മകന്റെ കല്യാണം മുടക്കാൻ ശ്രമിച്ച ,അനുരഞ്ജനത്തിനു ചെന്ന റാഫേൽനോട് കേസ് പിൻവലിച്ചാൽ കല്യാണം നടത്താം ,ഇടവകക്കാർ ഒരു ആഹ്ലാദപ്രകടനം നിന്റെ വീടിനു മുന്പിലൂടെ നടത്തും ,ചിലപ്പോൾ അവർ കുറച്ചു പടക്കം നിന്റെ വീട്ടു മുറ്റത്തേയ്ക്ക് എറിഞ്ഞെന്നിരിയ്ക്കും ,നീ വാതിലും ജനലുമടച്ച് മിണ്ടാതെയിരുന്നുകൊള്ളണം എന്ന് പറഞ്ഞ റാഫെൽ തട്ടിൽ വചന പ്രഘോഷകനാകുന്നു ..ഇത് റോഷൻ ഫ്രാൻസിസ് വക ഏപ്രിൽ ഫൂൾ അല്ലേ എന്നൊരു സംശയം ..
    അതും സീറോമലബാർ റീത്ത് വിട്ടു ലത്തീൻറീത്ത് സ്വീകരിച്ച സോജിഅച്ചന്റെ കൂടെ ധ്യാനം നയിക്കുമെന്നൊ ? ശിവ ശിവ .ഈ വാർത്ത‍ ശെരിയെങ്കിൽ അപ്പൊ ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്ന ലത്തീൻ വിദ്വേഷം എവിടെപ്പോയി മിസ്റ്റർ തട്ടിൽ ? കൊക്കനെക്കൂടെ താങ്കളുടെ കൂടെ കൂട്ടണമെന്നും അപേക്ഷിക്കുന്നു .

    ശ്രീ നെടുംങ്കനാൽ -ബിഷപ്പുമാർ കൽപ്പിക്കുന്നത് ആരും അനുസരിയ്ക്കില്ല എന്നതാണ് യാദാർത്ഥ്യം പക്ഷെ രാഷ്ട്രീയ ഹിജടകൾക്ക് അത് അറിയില്ലല്ലോ

    ReplyDelete
  3. 'ഞാൻ'എന്നത് പരിണാമത്തിനു വിധേയമായ പഞ്ചഭൂത നിര്‍മ്മിതമായ ശരീരമല്ല, പിന്നെയോ അമ്രിതനായ ബോധചൈതന്യമാണ് ! ഞാനെന്ന 'ബോധചൈതന്യം' അഖിലാന്ഡ ബോധചൈതന്യത്തിന്‍റെ അംശവുമാണ് ! ഈ ആത്മീയ അവബോധം പള്ളിയില്‍പോയ ഒറ്റ ജീവിക്കും ഇന്നയോളം കിട്ടിയിട്ടില്ല, ഇനിയും കിട്ടുകയുമില്ല ! കാരണം "ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാ പള്ളീല്‍ ; പഠിപ്പുള്ളോരുണ്ടാകെണ്ടേ ഗുരുക്കളാകാന്‍ "(അപ്രിയയാഗങ്ങള്‍)
    ലോകഗുരുവായ ശ്രീകൃഷ്ണന്‍ ഗീതയിലൂടെ പാടിയ ജീവനശാസ്ത്രം പഠിച്ചിട്ടല്ലെ "ഞാനും പിതാവും ഒന്നാകുന്നു "എന്നു ക്രിസ്തുവും മൊഴിഞ്ഞതു !? പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്നരുളിയവനെ അനുസരിക്കാതെ പള്ളിയില്‍ പോയ സകല ജന്മത്തിനും ഇതുതന്നെ വരണം... ഭേഷ് !
    "ക്രിസ്ത്യൻ യുവത്വം "മണ്ണൂസുകൾ: ആയിത്തീരുന്നതിന്റെ പിന്നിൽ അവരുടെ വേദപാഠം ഒരു വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അസത്യങ്ങൾ വിഴുങ്ങാൻ നിബന്ധിക്കപ്പെടുന്നതു മൂലം മേധയുടെ വാതിലുകൾ അടഞ്ഞുപോകുന്നു" ഇവചനം സദാ മനനം ചെയൂ അച്ചായാ..
    .പത്തനംതിട്ട ജില്ലയോളം വലിപ്പമില്ലാത്ത ഒരുനാടിന്റെ /രാജാക്കന്മാരുടെ ചരിതം വര്‍ണ്ണിച്ച ഒരു ചരിത്ര പുസ്തകം 'വേദ' പുസ്തകമാക്കിയ ജനതയല്ലേ നാം ? അതിലെതന്നെ ക്രിസ്തുവിന്റെ വേദാന്തം (വി മത്തായി അഞ്ചു ആറു ഏഴു & ഇരുപത്തിമൂന്ന്) മനസ്സില്‍ ഏറ്റാത്ത കത്തോലിക്കാ പെന്തക്കൂസേ മാര്‍ത്തോമ യാക്കൊബാ നാം ഏതു ക്രിസ്തുവിന്റെ അനുയായികളാണ് ?ആലോചിക്കൂ നാം വെറും കാളക്കത്തനാരുടെ അനുയായികളാണ് ;കഷ്ടം ! ക്രിസ്ത്യാനികളല്ല ;ആണെങ്കില്‍ മിനിമം പള്ളിയില്‍ പോകാതെയെങ്കിലും ജീവിക്കും ! സ്നേഹിക്കാന്‍ വശമില്ലെങ്കിലും, ത്യാഗത്തിനു മനസാകില്ലെങ്കിലും ,പള്ളിയില്‍ പോയി ഈ നിത്യ അടിമത്ത്വത്തിന്റെ കുഴിയില്‍ വീഴാതെയിരിക്കൂ സഹോദരങ്ങളെ ...പ്ലീസ്..

    ReplyDelete