Translate

Thursday, November 3, 2016

ഒരു തരം....രണ്ടു തരം....മൂന്നു തരം!

ഒരു കോണിലെ കൊച്ചുപൊത്തിലൂടെ നോക്കിയാൽ സീറോ മലബാറിന്റെ ചരിത്രത്തിലെ സുവർണ്ണകാലഘട്ടമാണിതെന്നു പറയാം - കൊച്ചച്ചന്മാർ പോലും വളരെ പ്രതീക്ഷയിലാണ്. ആഴ്ചയിലൊരു മെത്രാനെന്ന നിലയിലാണു കാര്യങ്ങളിപ്പോൾ നീങ്ങുന്നത്. പല ഭക്തരും വീട്ടുപേർ മാറ്റുന്നതായും കേൾക്കുന്നു - മകൻ മെത്രാനോ മറ്റോ ആയാൽ, മാർ ചാക്കപ്പൻ എലിപ്പൊത്തിലെന്നോ മാർ കുട്ടപ്പൻ ചാണകക്കുഴിയിലെന്നോ പറയേണ്ടി വരരുതല്ലൊ. മെത്രാന്മാർ മാത്രമല്ല അനുഷ്ടാനങ്ങളും പ്രാർത്ഥനകളും മാസം മിനിമം ആറെന്ന രീതിയിൽ വളരുന്നുണ്ട്. പണ്ടു മാസാമാസം വാർഡു മീറ്റിങ്ങിനു  പോയാൽ മതിയായിരുന്നു. ഇന്നിപ്പോൾ മാറിമാറി പള്ളിതൂക്കണം, ഏതു വീട്ടിൽ പന്നി ഒലത്തിയാലും വീതം കൊടുക്കണം, ഞായറാഴ്ചകളിൽ വാർഡിലുള്ള എല്ലാവരും ചേർന്നു കാഴ്ചവെപ്പായി, ഇടക്കിടക്ക് തീർത്ഥാടനമായി, കാരുണ്യപ്പിരിവായി, ജപമാല റാലിയായി .... ഇതിനും പുറമേ പുതിയതായി വന്നുകൊണ്ടിരിക്കുന്ന പുണ്യവാന്മാരെ പരിഗണിക്കണം, ഇതിനിടെ ഗർഭിണിയായ (ഡൽഹി) മാതാവിനുള്ള നൊവേന വേണം..... എന്തെല്ലാം ചെയ്താലും, മരിക്കുമ്പോൾ കാശു കൊടുത്തു വാങ്ങിയിട്ടിരിക്കുന്ന കല്ലറയിൽ അടങ്ങാമോയെന്നുറപ്പുമില്ല; വീട്ടിലാരെങ്കിലും വികാരിയച്ചനെ കണ്ണുരുട്ടിക്കാണിച്ചിട്ടുണ്ടെങ്കിൽ പെട്ടു. വല്ലോരും ചെയ്യുന്ന തെറ്റിന് വേറൊള്ളോരെ പിടിക്കുന്നതു ശരിയല്ലെന്നാണു സഭാ വക്താവ് പറയുന്നത്. അതു പത്രക്കാരു ചോദിച്ചപ്പോൾ പറഞ്ഞെന്നേ കാണൂ. കാർന്നോന്മാരു ശരിയല്ലെന്നും, പിരിവു കൊടുത്തില്ലെന്നും, പള്ളിക്കടം തീർത്തിട്ടില്ലെന്നുമൊക്കെ പറഞ്ഞ് എത്ര കൂദാശകൾ ഇവിടെ നിഷേധിക്കപ്പെട്ടിട്ടുണ്ട്. മാമ്മോദീസാക്കുള്ള പിഞ്ചു കുഞ്ഞുങ്ങളെയെങ്കിലും ഈ വർഗ്ഗം വെറുതേ വിട്ടിട്ടുണ്ടോ? അതു സർവ്വ വക്താക്കൾക്കും കാർന്നോമ്മാർക്കുമൊക്കെ അറിവുള്ളതുമാണ്. 

നമ്മുടെ മേജറിന്റെ നീതിനിഷ്ട കാണുക. ചേർത്തല ഒഴാൽ ഇടവകയിൽ ഒരു ഭക്തയായ അദ്ധ്യാപികക്ക് (മദർ തെരേസായെ വിശുദ്ധയായി പ്രഖ്യാപിച്ച അന്നുതന്നെ) വികാരി ശവമടക്കു നിഷേധിച്ചതിനെ തുടർന്ന് മകൻ ദഹിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ, ഈ സ്ത്രീയുടെ ഭർത്താവ് മരിച്ചെന്നറിഞ്ഞപ്പോഴെ വികാരിയച്ചനെ വിളിച്ചു വീട്ടിൽ ചെന്നൊപ്പീസ് നടത്താനും അടക്കു പള്ളിയിൽ നടത്താനും മേജർ പറഞ്ഞെന്നു കേട്ടു (നല്ല കാര്യം!). എത്ര പേരാ വല്യ ഒപ്പീസ് വേണോ പള്ളിയിൽതന്നെടക്കണോന്നും ചോദിച്ചവിടെയെത്തിയത്. കരയോഗക്കാരെപ്പോലും വെല്ലുന്ന തീഷ്ണത! പക്ഷേ, മകൻ വഴങ്ങിയില്ല; നിരാശരായി എല്ലാവരും മടങ്ങി. എന്റെ അഭിപ്രായത്തിൽ മടക്കം തുടങ്ങിയതേയുള്ളൂ. അമ്മക്കു കിട്ടാത്തത് അപ്പനു വേണ്ടെന്നാണു മകൻ പറഞ്ഞത്. മേജറോ അദ്ദേഹത്തിന്റെ ഉപസംഘങ്ങളിൽപെട്ട ഏതെങ്കിലും അംഗമോ ഇതു വായിക്കുന്നുണ്ടെങ്കിൽ അറിയുക, തെറ്റു ചെയ്ത വികാരിക്ക് അർഹിക്കുന്ന ശിക്ഷ കൊടുത്തിരുന്നെങ്കിൽ ആ മകൻ മറിച്ചു ചിന്തിച്ചേനെ. വൈദികർക്കു കുതിരകയറാനുള്ളതാണോ അത്മായർ? നടപടിയെടുക്കാൻ, മോളിലുള്ളോർക്കു വേണ്ട ഒരു സാധനമുണ്ട് - നട്ടെല്ലെന്നാണതിന്റെ പേര്. നല്ല മാതൃക കാണിക്കാനും ആരുമില്ലല്ലൊ! വൈദികരോടുള്ള അത്മായന്റെ പക കൂടുന്നതിന് വേറെ കാരണം അന്വേഷിക്കണോ? കോട്ടമല ക്വാറി വിരുദ്ധ സമരത്തിനു മുന്നിൽ നിന്ന കുറിഞ്ഞി പള്ളി വികാരിയെ കോടതി റിമാന്റ് ചെയ്തതിന്റെ പേരിൽ രാമപുരത്ത് നടത്തിയ ഹർത്താലിനു രണ്ടഭിപ്രായം ക്രിസ്ത്യാനികളുടെയുള്ളിൽ തന്നെയുണ്ടായിയെന്നറിയുക. വൈദികനാണെന്നോർത്തു നിയമം കൈയ്യിലെടുത്തത് ശരിയായെന്ന അഭിപ്രായം എനിക്കുമില്ല. 

പണ്ടൊക്കെയായിരുന്നെങ്കിൽ സ്വന്തം ആത്മാവിനെയോർത്തും ഊരുവിലക്കു ഭയന്നും പള്ളിക്കൂട്ടത്തിൽ തന്നെ ക്ഷമയും പറഞ്ഞ് ഒതുങ്ങിക്കൂടുമായിരുന്ന അത്മായർ ഇപ്പോൾ ഒരു കാരണവുമില്ലാതെ കോടതികളിലേക്കു പോകുന്നു, പള്ളിയിൽ വരവു നിർത്തുന്നു, കുമ്പസ്സാരം നിർത്തുന്നു... ഒരു കൂദാശയും കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നും ചിന്തിക്കുന്നു, മഹറോനോ വല്ലോം ചൊല്ലിയാൽ, ദൈവത്തിനു സ്തോത്രമെന്നും പറയുന്നു. ചിന്തിക്കുന്ന രീതി മാത്രമല്ല മാറിയത്, പ്രാർത്ഥനക്കു തന്നെ നാം പുതിയൊരു നിർവ്വചനം കൊടുത്തില്ലെ? എന്നെ റെക്ടറച്ചൻ ഉപദ്രവിക്കുന്നു, രക്ഷിക്കണേയെന്നു മെത്രാനോടു പരാതി പറഞ്ഞ കുട്ടിയോട്, 'കുട്ടിക്കു വേണ്ടി പ്രാർത്ഥിക്കാമെന്നു' മെത്രാൻ പറഞ്ഞത് എത്ര വാൽസല്യത്തോടെയാണ്. ഇന്നസെന്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്, പ്രാർത്ഥിച്ചാൽ ക്യൻസറും മാറുമെന്ന്. പക്ഷേ, കൃത്യമായി ചികിൽസ നടക്കുന്നതിനോടൊപ്പം വേണം പ്രാർത്ഥനയെന്ന ഒരു നിബന്ധനയുണ്ടെന്നും അദ്ദേഹം പറയുന്നു. ചെയ്യാനുള്ളതു ചെയ്യാനുറച്ചുകൊണ്ടാണ് മെത്രാനിതു പറഞ്ഞിരുന്നതെങ്കിൽ! മെത്രാനാകട്ടെ, കുഴിനഖം പോലും പ്രാർത്ഥിച്ചു മാറ്റാമെന്നു വിശ്വസിക്കുന്നുണ്ടോയെന്നു സംശയം! ആരെങ്കിലും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാമെന്നു പറഞ്ഞാൽ ശ്രദ്ധിക്കുക. 

യൂറോപ്പ്പിൽ വിസിറ്റേറ്ററായി ഒരു മെത്രാൻ വന്നുവെന്നു കേട്ടപ്പോൾ നിരവധി ചോദ്യങ്ങൾ എന്റെ പിഞ്ചു മനസ്സിൽ ഉണ്ടാകുന്നു. മെത്രാഭിഷേകത്തിനു സ്വർഗ്ഗം പ്രെസ്റ്റണിൽ സന്തോഷശ്രുക്കൾ പൊഴിച്ചുവെന്നു പറഞ്ഞവർ ഓർക്കുക, ചിറപ്പണത്തിന്റെ റോമിലെ അഭിഷേകത്തിനു തൊട്ടുമുമ്പ് വത്തിക്കാനിലെ ഒരു പള്ളിതന്നെ ഭൂകമ്പത്തിൽ വിണ്ടുകീറി - സ്വർഗ്ഗം ഭയന്നു വിറച്ചു കാണും!  ഒരു രൂപത ഉണ്ടാക്കാൻ കഴിയാത്തിടത്താണല്ലോ വിസിറ്റേറ്റർ ആവശ്യമായി വരുന്നത്. അതു പോട്ടെ; യൂറോപ്പിന്റെ അധികാരമുള്ള ഒരു വിസിറ്റേറ്റർ നേരത്തെ അവിടെ ഉണ്ടായിരുന്നല്ലോ! അയാളെ മറ്റിയതാണോ അയാൾ മാറിയതാണോ? അതിനു മുമ്പുണ്ടായിരുന്നതും പിന്നീടു വന്നതുമായ അത്മായാ കമ്മീഷനുകൾ ചെയ്ത ജോലിയും ഒന്ന് തന്നെയായിരുന്നല്ലോയെന്നു ചിന്തിക്കുമ്പോൾ വീണ്ടും കൺഫ്യുഷൻ! തലപ്പത്തെത്തുന്ന മഹാന്മാർ ഓരോ സ്ഥലവും അഞ്ചും പത്തും തവണ സന്ദർശിക്കുന്നു, ഗ്രൂപ്പുണ്ടാക്കുന്നു, പിരിവെടുക്കുന്നുവെന്നുമുള്ളതല്ലാതെ എന്താണു ചെയ്യുന്നതെന്നു തീർച്ചയില്ല; ജർമ്മനിയിൽ നിന്നും പഴത്തൊലികിട്ടുമെന്നായപ്പോഴാണ് ഒരു നേതാവ് പിന്തിരിഞ്ഞതെന്നു കേട്ടിട്ടുണ്ട്. ലോകത്തിവർക്കു രൂപത വേണ്ടാത്തത് ആഫ്രിക്കയിൽ മാത്രമായിരിക്കും. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ നാട്ടുകാർ പോലും ഭയക്കുന്ന ആഫ്രിക്കാ ലത്തീൻകാർ തന്നെ എടുത്തോട്ടെയല്ലേ? 

അഹമ്മദാബാദിൽ കിരിത് മക്വാൻ എന്നൊരു വക്കീലുണ്ട്. അദ്ദേഹം അത്ര നിസ്സാരക്കാരനല്ല; അഹമ്മദാബാദിൽ ബിഷപ്പാകാനിരുന്ന ആളിന്റെ ജീവചരിത്രം വത്തിക്കാനെഴുതി നിയുക്തന് എട്ടിന്റെ പണികൊടുത്തയാളാണ് - രൂപതക്കൊരു ഒരു സ്ഥിരം തലവേദന! അദ്ദേഹം എഴുതിയത്, തെക്കെ ഇന്ത്യയിൽ നിന്നും ചാണ്ടിയും തൊമ്മനും വർക്കിയുമൊക്കെ അഹമ്മദാബാദിൽ വന്നത് ഉടുതുണിക്കു മറുതുണിയില്ലാതെയായിരുന്നെന്നും അവരെല്ലാം സെക്രട്ടേറിയേറ്റ് കൊഴ്സും ഡിഗ്രിയുമൊക്കെ എടുത്തത് അവിടുത്തെ ജെസ്യുട് അച്ചന്മാരുടെ കോളേജിലായിരുന്നെന്നും അവരുടെ കൗദാശികാവശ്യങ്ങൾ മാത്രമല്ല കിടക്കാനിടം വരെ ഒരുക്കി കൊടുത്തത് ഈ ലത്തീൻ റീത്തുകാരായിരുന്നെന്നുമാണ്. എല്ലാം രക്ഷപ്പെട്ട് ഓരോ നിലയിലായപ്പോൾ ദാ വരുന്നു പൂജ്യ മലബാർ! 'വിടടാ ഞങ്ങടെ പിള്ളേരെ', 'വെക്കടാ ഞങ്ങടെ വീതം' എന്നായിരുന്നാദ്യമെന്നും ഇപ്പറയുന്നവർക്ക് സ്വന്തമായി അഹമ്മദാബാദിൽ ഒരു കക്കൂസുപോലും ഇല്ലെന്നോർക്കണമെന്നും അദ്ദേഹം തുടർന്നെഴുതി. എന്നിട്ടും, സർവ്വ സ്ഥാവരജംഗമ സ്വത്തുക്കളോടും കൂടി രണ്ടു രൂപതകൾ ഗുജറാത്തിൽ കൊടുത്തുവെന്നും അതു ചെയ്യരുതായിരുന്നെന്നും അദ്ദേഹം പറയുന്നു. (ഗുജറാത്ത് മുഴുവൻ കിട്ടിയാലും ഇവരുടെ കൊതി തീരില്ല; കേരളത്തിനു പുറത്തെല്ലായിടത്തും സംഭവിച്ചതും ഇതുതന്നെ പ്രിയ മക്വാനെ). 

കേരളത്തിലാണേൽ സംഗതി വളരെ രസം; സെമ്മിനാരി റക്റ്റർ 31 ഓളം വിദ്യാർത്ഥികളെ പീഡിപ്പിച്ച വാർത്ത ഒരു ദിവസം (എല്ലാവരും സെമ്മിനാരി വിട്ടു); അടൂത്ത ദിവസം സണ്ടേ സ്കൂൾ അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കഥ; ഇന്നലെ കേൾക്കുന്നു, ഒരു കന്യാസ്ത്രിയുടെ ഒറിജിനൽ അസ്ലീല ഫോട്ടോകൾ ഫെയിസ്ബുക്കിലെത്തിയെന്ന്. കുളിക്കാൻ കയറിയ കന്യാസ്ത്രി ഇതുപോലൊരു ചതിവു പ്രതീക്ഷിച്ചില്ലത്രെ. ശകാരം കേട്ടു മടുത്ത കന്യാസ്ത്രി മഠം വിടുന്നു; കേസു കൊടുക്കുമെന്നായപ്പോൾ സഭ അനുനയവും ഭീഷണിയുമായിയെത്തുന്നു. എന്തു രസം! കരുണയുടെ വർഷത്തിലിത്രയും സംഭവിച്ചെങ്കിൽ വരും വർഷങ്ങൾ എങ്ങനിരിക്കും? ഒരൊറ്റ മനുഷ്യനെപ്പോലും മാനസാന്തരപ്പെടുത്തി ക്രിസ്ത്യാനിയാക്കാൻ ഇവിടെ വകുപ്പില്ല! അത്മായനു വചനം പങ്കുവെയ്കാനും മെത്രാന്റെ അനുമതി വേണം! ചതിക്കപ്പെട്ടതു വധുവാണെന്നു ബോദ്ധ്യമുണ്ടെങ്കിലും, സ്ത്രീയുടെ പരിമിതികൾ മനസ്സിലാക്കി, വിവാഹമോചനം എത്രയും വേഗം കൊടുത്തു നല്ലപ്രായത്തിൽ അവരെ ജീവിതം കരുപ്പിടിപ്പിക്കാൻ സമ്മതിക്കില്ലാത്ത വർഗ്ഗം! എത്ര നാളിതു പിടിച്ചു നിൽക്കും? ദൈവം ഇതിനെ ചവിട്ടിക്കൂട്ടി അഗ്നിയിലെറിയുന്നതിനു മുമ്പ് രക്ഷ വേണ്ടവർ ഓടിയകലുക.

വൈദികർക്കു പറ്റുന്ന ഒരബദ്ധം പോലും അത്മായരും മറക്കുന്നില്ല, അത്മായർക്കു പറ്റിയ ഒരു തെറ്റു പോലും വൈദികരും വിടുന്നില്ല. പിടിയെടാ പിടി!

1 comment:

  1. റോഷന്‍ മോന്റെ ഈ കാര്യപ്രസക്തമായ ഒറ്റ കസര്‍ത്ത് വായിച്ചാല്‍ മതി പള്ളിയില്‍ പോയി പാതിരിയുടെ ആടാകുന്ന /''ആമ്മേന്‍'' കരയുന്ന സകലര്‍ക്കും ആത്മീകാന്ധത മാറാന്‍ ! പക്ഷെ അല്‍പബുദ്ധികള്‍ മനസിലാകും വരെ ഇത് വീണ്ടും വായിക്കണം ! മനസിലായവര്‍ ഈ സുവിശേഷഘോഷണം ഷെയര്‍ ചെയ്താട്ടെ ..പാതിരിപ്പട മൂലം മരണമേല്ക്കെണ്ടിവന്ന ക്രിസ്തുവും ഒന്നു ആശ്വസിക്കട്ടെ !

    ReplyDelete