Translate

Friday, November 4, 2016

സഭാവിരുദ്ധസാത്താന്മാർ



ശ്രീ അലക്സ് കണിയാംപറമ്പിലിൻറെ 'സഭാവിരുദ്ധ സാത്താന്മാരെ, ജാഗ്രതൈ...' എന്ന ഫേസ് ബുക്ക് പോസ്റ്റാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
സഭാനവീകരണക്കാരിൽ ബഹുഭൂരിപക്ഷവും തങ്ങൾ ജനിച്ചുവളർന്ന സഭയെ നേരായ വഴിക്കുനയിക്കാനുള്ള സദ്ദുദ്ദേശത്തോടെയാണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതെന്നാണ് എൻറെ നിഗമനം. സഭാവിരുദ്ധസാത്താന്മാർ ഉണ്ടായിരിക്കാം. പക്ഷെ സഭാധികാരികളെ വിമർശിക്കുന്ന എല്ലാവരുടെയും വായടപ്പിക്കാമെന്ന് 'സഭയെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള കുഞ്ഞാടുകൾക്ക്' കഴിയുമെന്ന് തോന്നുന്നില്ല. സഭ സ്ഥാപിച്ചത് യേശുവെങ്കിൽ കുഞ്ഞാടുകൾ എന്തിനതിനെ രക്ഷിക്കണം? അതൊരു വിരോധാഭാസമല്ലേ?
സാധാരണക്കാരായ അല്മായരുടെ ചിന്താശക്തിക്ക് കടിഞ്ഞാണിടാൻ സഭാധികാരം എന്നും ശ്രമിച്ചിട്ടുണ്ട്. വിമർശനങ്ങളെ മുഖവിലയ്‌ക്കെടുത്ത് തങ്ങളുടെ നയങ്ങളിൽ പുനർവിചിന്തനം ചെയ്യാൻ മേലധികാരികൾ തയ്യാറല്ല. ഇന്ന് വ്യവസ്ഥാപിതസഭയും ജനങ്ങളും തമ്മിലുള്ള വിടവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ചായപ്പീടികമുതൽ അദ്യാപക ഉദ്യോഗസ്ഥ വൃന്ദങ്ങളിൽവരെ സഭ സംസാരവിഷയമാണ്. പണ്ട് ഒളിച്ചും പാത്തും രഹസ്യമായി പറഞ്ഞിരുന്ന കാര്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയായാകുന്ന മലമുകളിൽ കയറിനിന്ന് വിളിച്ചുപറയുന്നു എന്നുമാത്രം. ഏതു സമൂഹമോ സംഘടനയോ മതമോ ആയാൽപോലും അതിൻറെ ആരോഗ്യപരമായ വളർച്ചയ്ക്ക് വിമർശനം ആവശ്യമാണ്.
മാർട്ടിൻ ലൂഥറുടെ വായടപ്പിക്കാൻ സഭ എന്തു പാടുപെട്ടു. എന്നിട്ടെന്തുണ്ടായി? സഭ അന്നു ചെയ്ത തെറ്റിന് ഇന്ന് ലോകംമുഴുവൻ മാപ്പുപറഞ്ഞു നടക്കുകയാണ്! അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ച് സഭ മാതൃക കാണിക്കണം. സഭ ഒരുകാലത്ത് ചുട്ടുകരിച്ചു കൊന്ന ജൊആൺ ഓഫ് ആർക്കിനെ വിശുദ്ധയാക്കാമെങ്കിൽ ഒരുകാലത്ത് ലൂഥറും വിശുദ്ധനാകും.
സഭയിലും സമൂഹത്തിലും അഭികാമ്യമായ മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വതന്ത്രവിമർശനങ്ങൾ വഴിയാണ്. സഭയിൽ അനീതിയെ ചോദ്യം ചെയ്‌താൽ മാത്രം പോരാ അവകാശങ്ങൾക്കായി മുറവിളിയും കൂട്ടണം. മറ്റുള്ളവർ പറഞ്ഞെങ്കിൽ നന്നായിരുന്നു എന്ന് വായില്ലാത്തവർ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെയാണ് ഫേസ് ബുക്കിലും നാം വായിക്കുന്നത്. പഠിപ്പും വിവരവുമുള്ള അല്മായരുടെ എണ്ണം വർദ്ധിച്ചതോടെ ഔദ്ധ്യോഗികസഭയിൽ തുറന്ന ചർച്ചകൾക്കുള്ള വേദികളുടെ വാതിൽ അടച്ചുപൂട്ടി. മെത്രാന്മാരിപ്പോൾ 'പ്രബോധനാധികാരം ഞങ്ങൾക്കുള്ളതാകുന്നു' എന്നുപറഞ്ഞു ഓടിനടക്കുകയാണ്. അവരുടെ പാപ്പരത്വം നോക്കണെ!
ഒരുകാലത്ത് മെത്രാന്മാർക്ക് ശ്രീ ജോസഫ് പുലിക്കുന്നേൽ സഭാവിരുദ്ധ സാത്താനായിരുന്നു. ഇന്ന് കൂട്ടത്തോടെ അവർ അദ്ദേഹത്തെ സന്ദർശിക്കുന്നുണ്ടന്ന് കേൾക്കുന്നു. സഭാധികാരികളെ അന്ധമായി അനുസരിക്കാതെ സുവിശേഷാധിഷ്ഠിതമായിചിന്തിക്കുന്ന ജനങ്ങൾ പ്രതികരിക്കാൻ തയ്യാറാകുന്നു. തൻറെ ആത്മാവിനെ അധികാരകുത്തകകളുടെ കൈയ്യിൽ ഏല്പിച്ചുകൊടുക്കുന്നത് ആത്മഹത്യാപരമാണെന്ന് അവർക്കറിയാം.
സോഷ്യൽ മീഡിയ ഫോട്ടോ ഇടാനും ജന്മദിനം ഘോഷിക്കാനും മാത്രമുള്ളതല്ല. അത് ലോകത്തിലെ സർവ്വകാര്യങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്യുന്ന വേദിയാണ്. മതപരമായ വിമർശനം അതിൽ പാടില്ലായെന്ന് ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
വിജ്ഞാനനിഷേധവും സംവാദനിഷേധവും അധികാരം നിലനിർത്താനുള്ള അടവുകളാണെന്ന് ബുദ്ധിയുള്ളവർക്കറിയാം. അന്തർദേശീയമായി മാനസിക അടിച്ചമർത്തലിന് ഏതടവും പ്രവർത്തിയിൽ കൊണ്ടുവരുവാൻ സഭയ്ക്ക് മടിയില്ല. അതുകൊണ്ട് കാലിടറാതെ, നാവടയ്ക്കാതെ, കൈതളരാതെ ധീരതയും വ്യക്തിപ്രഭാവവും ഇച്‌ഛാശക്തിയുമുള്ളവരായി സമൂഹത്തിന് വെളിച്ചമേകാൻ ഫേസ് ബുക്ക് പരമാവധി ഉപയോഗപ്പെടുത്തുക. കുരക്കുന്നവർ കുരക്കട്ടെ.

1 comment: