Translate

Thursday, February 2, 2017

സത്യജ്വാല എഡിറ്ററുടെ അമേരിക്കന്‍ ഡയറി

ജോര്‍ജ് മൂലേച്ചാലില്‍
ചിക്കാഗോ സന്ദര്‍ശനം

ഒക്‌ടോബര്‍ ലക്കത്തിലെ ഈ പംക്തിയില്‍ അറിയിച്ചിരുന്നതുപോലെ, KANA (Knanaya Association of North America) പ്രവര്‍ത്തകരുടെ ക്ഷണപ്രകാരം, ഒക്‌ടോബര്‍ 21 മുതല്‍ 23 വരെ ചിക്കാഗോയിലായിരുന്നു ഞാന്‍. ജോയി ഒറവണക്കളം, ജോസ് കല്ലിടുക്കില്‍, ജോസ് പുല്ലാപ്പിള്ളി, ജോസ് മുല്ലപ്പള്ളി, KCRM പ്രവര്‍ത്തകനായിരുന്ന ജോയി മുതുകാട്ടില്‍ എന്നിവരുടെ ആതിഥ്യത്തിലായിരുന്നു, ഈ സുദിനങ്ങള്‍. അതില്‍ ജോയി ഒറവണക്കളം, ജോസ് മുല്ലപ്പള്ളില്‍ എന്നിവരുടെ വീടുകളില്‍ അന്തിയുറക്കവും. ജോയി ഒറവണക്കളം, ജോസ് കല്ലിടുക്കില്‍ എന്നിവര്‍ സീറോ-മലബാര്‍ കത്തീഡ്രല്‍, ചിക്കാഗോ നഗരക്കാഴ്ചകള്‍ എന്നിവ തരപ്പെടുത്തി.
വന്ദ്യവയോധികനായ ജോസ് പുല്ലാപ്പള്ളി സാര്‍'സത്യജ്വാല'യെ ഗൗരവപൂര്‍വ്വം കാണുന്ന ഒരു വരിക്കാരനെന്ന നിലയില്‍ ഞാനുമായി മുമ്പും ബന്ധപ്പെട്ടിരുന്ന ആളാണ്. അദ്ദേഹം ഓശാനയില്‍ എഴുതിയിട്ടുള്ള ധാരാളം ലേഖനങ്ങള്‍ മുമ്പ് വായിച്ചിട്ടുള്ള ബന്ധം എനിക്കങ്ങോട്ടുമുണ്ടായിരുന്നു. പുലിക്കുന്നേല്‍ സാര്‍ കോഴിക്കോട് ദേവഗിരിയില്‍ പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തും രാഷ്ട്രീയത്തില്‍ സഹപ്രവര്‍ത്തകനുമായിരുന്നു. 3000-ലേറെ പുസ്തകങ്ങളുടെ ഒരു വന്‍ ഗ്രന്ഥശേഖരം അദ്ദേഹത്തിന്റെ വീട്ടില്‍ ഭംഗിയായി സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ മുമ്പിലുള്ള ടീപ്പോയില്‍ ധാരാളം മലയാളം വാരികകളും മാസികകളും (ഓശാനയും സത്യജ്വാലയുമുള്‍പ്പെടെ) അടുക്കിവച്ചിരിക്കുന്നു. KANA-യുടെ സ്ഥാപകനേതാക്കളില്‍ പ്രധാനിയാണ് പുല്ലാപ്പള്ളിസാര്‍. അതുകൊണ്ടുതന്നെ, കാനായുടെ ഇപ്പോഴത്തെ നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ ഗുരുസ്ഥാനീയനായിട്ടാണു കാണുന്നത്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ലീലച്ചേച്ചി നല്ല വായനക്കാരിയെന്നതിനു പുറമെ, വേദങ്ങളിലും ഉപനിഷത്ദര്‍ശനങ്ങളിലും നല്ല അവഗാഹമുള്ള ഒരു മഹതിയുമാണ്.
22-ന് നഗരക്കാഴ്ചകള്‍ക്കും ജോസ് കല്ലിടുക്കിലിന്റെ വീട്ടിലെ ഊണിനും ശേഷം അദ്ദേഹം ഉച്ചകഴിഞ്ഞ് 3.30-ഓടെ എന്നെ ജോസ് പുല്ലാപ്പള്ളിയുടെ വീട്ടിലെത്തിച്ചു. അപ്പോള്‍ കുടുംബനാഥനെയും നാഥയെയും കൂടാതെ ഞങ്ങളെകാത്ത് അവിടെ ജോയി മുതുകാട്ടില്‍, ജോയി ഒറവണക്കളം, ജോസ് മുല്ലപ്പള്ളില്‍, ടോമി പുല്ലുകാട്ട്, തോമസ് ഇറക്കത്തില്‍ എന്നിവരുമുണ്ടായിരുന്നു. കുശലപ്രശ്‌നങ്ങള്‍ക്കുശേഷം രാത്രി 10 മണി വരെ അവിടെ നടന്നത്, പ്രബുദ്ധമായ ഒരു ചര്‍ച്ചയായിരുന്നു എന്നു പറയാം - കാനാ, കെ.സി.ആര്‍.എം, സത്യജ്വാല എന്നിവയില്‍ തുടങ്ങി യേശു ചരിത്രപുരുഷനോ, ബൈബിളിന്റെ ആധികാരികത, ആദിമസഭ, കത്തോലിക്കാ മതം, വിശ്വാസപ്രമാണങ്ങള്‍, യേശുവിന്റെ ദൈവസങ്കല്പം, ഭാരതീയ ദര്‍ശനങ്ങളും യേശുവിന്റെ പ്രബോധനങ്ങളും തമ്മിലുള്ള സാമ്യം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വളരെ തുറന്ന മനസ്സോടെയുള്ള ഒരു ചര്‍ച്ച.
23-നാണ് KANA-യുടെ പ്രത്യേക യോഗം ഒരുക്കിയിരുന്നത്. ബിസിനസ്സുകാരനായ ജോസ് മുല്ലപ്പള്ളിയുടെ സാമാന്യം വലിയ ഓഫീസ് ബില്‍ഡിംഗാണ് KANA-യുടെ ഓഫീസായും പ്രവര്‍ത്തിക്കുന്നത്. മീറ്റിംഗ് അവിടെ വച്ചായിരുന്നു. രാവിലെ 11 മണിക്ക് യോഗം ആരംഭിച്ചു. പ്രസിഡണ്ട് സാലു കാലായില്‍ ഗഅചഅ-യുടെ പ്രധാനപ്രവര്‍ത്തകരായി എത്തിച്ചേര്‍ന്നവരെയും മുഖ്യതിഥിയായി എന്നെയും സ്വാഗതം ചെയ്തു സംസാരിച്ചു. ക്‌നാനായ വിഷയത്തില്‍ KCRM നല്‍കുന്ന പിന്തുണയ്ക്കും, വിഷയം സജീവമാക്കി നിര്‍ത്തുന്നതില്‍ 'സത്യജ്വാല' കാണിക്കുന്ന ഉത്സാഹത്തിനും KANA-യ്ക്കുള്ള സന്തോഷവും നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
തുടര്‍ന്ന്, എല്ലാവരും സ്വയം പരിചയപ്പെടുത്തി. ജോസ് മുല്ലപ്പള്ളി, സാലു കാലായില്‍, ജോസഫ് പതിയില്‍, ടോമി കാലായില്‍, ഫാ. എബ്രാഹം നെടുങ്ങാട്ട്, ടോമി പുല്ലുകാട്ട്, ലൂക്കോസ് പാറേട്ട്, ജോയി ഒറവണക്കളം, ജോസ് കല്ലിടുക്കില്‍, ഷാജി നിരപ്പില്‍, ടോം തോമസ് എറക്കത്തില്‍, പീറ്റര്‍ ലൂക്കോസ് എലക്കാട്ട് എന്നിവരാണ് യോഗത്തില്‍ സന്നിഹിതരായിരുന്നത്.
തുടര്‍ന്ന്, KCRM-ന്റെ ചരിത്രം, കാഴ്ചപ്പാട്, പ്രവര്‍ത്തനങ്ങള്‍, സത്യജ്വാല തുടങ്ങാനുള്ള പശ്ചാത്തലം, ഇപ്പോഴത്തെ അവസ്ഥ മുതലായവയെക്കുറിച്ച് വിശദീകരിക്കാന്‍ എന്നെ ക്ഷണിച്ചു. 1990-ല്‍ KCRM തുടങ്ങുന്നതു മുതലുള്ള ചരിത്രവും ബാക്കി കാര്യങ്ങളും ഞാന്‍ ഹ്രസ്വമായി വിശദീകരിച്ചു. പല ഊന്നലുകളോടുകൂടി പ്രവര്‍ത്തിക്കുന്ന, ഏതുതരം സ്വതന്ത്രസഭാപ്രസ്ഥാനങ്ങളുമായും ഒന്നിച്ചുപോകാനും അത്തരം പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഒരു പൊതുവേദിയാകാനുമാണ് KCRM ആഗ്രഹിക്കുന്നതെന്നും, അതുകൊണ്ടുതന്നെ, എല്ലാ സ്വതന്ത്രസഭാപ്രസ്ഥാനങ്ങളുടെയും സ്വന്തം പ്രസിദ്ധീകരണമായാണ് സത്യജ്വാല വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതെന്നും ഞാന്‍ പറയുകയുണ്ടായി. തുടര്‍ന്ന്, ജോസ് പുല്ലാപ്പള്ളി അദ്ദേഹത്തിന്റെയും കാലായില്‍ ഫിലിപ്പിന്റെയും പ്രധാന മുന്‍കൈയില്‍ 1978-ല്‍ KANA-യ്ക്കു  രൂപംകൊടുത്തതുമുതലുള്ള ചരിത്രം വിശദീകരിച്ചു. എല്ലാ ക്‌നാനായക്കാര്‍ക്കുമായി രൂപംകൊണ്ട ഈ പ്രസ്ഥാനത്തില്‍നിന്ന്, ശുദ്ധരക്തവാദികളായ വളരെപ്പേര്‍ കൊഴിഞ്ഞു പോവുകയുണ്ടായി എന്നദ്ദേഹം പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന KCNS-ന്റെ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചത്, അതിന്റെ സ്ഥാപകപ്രസിഡണ്ടായിരുന്ന അന്തരിച്ച ഉതുപ്പ് ഒറവണക്കളത്തിന്റെ സഹോദരന്‍ ജോയി ഒറവണക്കളമായിരുന്നു.
പിന്നീട്, ചര്‍ച്ചയായിരുന്നു. കോട്ടയം രൂപതയുടെ സ്വവംശവിവാഹനിഷ്ഠയ്‌ക്കെതിരെ നടത്തിവരുന്ന കോടതിക്കേസുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍, ബിഷപ്പ് മുള്‍ഹാളിന്റെ ഈ വിഷയത്തിലെ അന്വേഷണത്തിന്റെ അവസ്ഥ എന്നിവ വിലയിരുത്തപ്പെട്ടു. ബിഷപ് മുള്‍ഹാളിന് ഗഇഞങ നല്‍കിയിട്ടുള്ള നിവേദനത്തെ എല്ലാവരും ശ്ലാഘിക്കുകയും, ബിഷപ് അടുത്ത തവണ കേരളം സന്ദര്‍ശിക്കുന്ന അവസരത്തില്‍ അദ്ദേഹത്തെ നേരില്‍ക്കണ്ട് ക്‌നാനായ വിഷയത്തിലുള്ള KCRM-ന്റെ നിലപാടറിയിക്കാന്‍, എത്രയും വേഗം സന്ദര്‍ശനാനുമതിക്കായി കത്തിട്ട് ഇപ്പോഴേ ശ്രമിച്ചുതുടങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ക്‌നാനായ ചരിത്രനിര്‍മ്മിതി, കോട്ടയം രൂപതാസ്ഥാപനം, രൂപതയില്‍ സ്വവംശവിവാഹനിഷ്ഠയുടെ തുടക്കം, ക്‌നാനായ മലബാര്‍ കുടിയേറ്റം, ചിക്കാഗോ രൂപതയില്‍ സ്വവംശവിവാഹനിഷ്ഠ വിലക്കിക്കൊണ്ടുള്ള വത്തിക്കാന്റെ 1986-ലെ 'റിസ്‌ക്രിപ്റ്റ്', ബിജു ഉതുപ്പ് കേസ് എന്നിവയുടെ ചരിത്രം ഫാ. എബ്രാഹം നെടുങ്ങാട്ട്, ജോസ് മുല്ലപ്പള്ളി, ജോസ് കല്ലിടുക്കില്‍, ജോയി ഒറവണക്കളം, സാജു കാലായില്‍, ജോസ് പുല്ലാപ്പിള്ളി മുതലായവരുടെ നേതൃത്വത്തില്‍ വിവരിക്കുകയും തുടര്‍ന്ന് സജീവമായ ചര്‍ച്ച നടക്കുകയും ചെയ്തു. അതിനുശേഷംKANA-യുടെയും KCNS-ന്റെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും അവ മെച്ചപ്പെടുത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കുകയും ചെയ്തു. KCRM പോലുള്ള കേരളത്തിലെ മറ്റു സ്വതന്ത്രസഭാപ്രസ്ഥാനങ്ങളുടെ പിന്തുണയും ക്‌നാനായ വിഷയത്തില്‍ തേടേണ്ടതുണ്ടെന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചു. ബിജു ഉതുപ്പ് കേസിലെ അനുകൂലവിധി ഇതുവരെ നടപ്പാക്കിക്കിട്ടാത്ത സാഹചര്യത്തില്‍, ആ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടായി.
സഭയിലെ എല്ലാ നവീകരണപ്രസ്ഥാനങ്ങളെയും ഉള്‍ക്കൊണ്ട് അവയുടെയെല്ലാം ഒരു പൊതുജിഹ്വയായി നിലകൊള്ളുന്ന 'സത്യജ്വാല'യെ നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്ന് യോഗത്തില്‍ എല്ലാവരും അഭിപ്രായപ്പെടുകയും അതിനായി ഒരു സ്ഥിരം ഫണ്ടുണ്ടാക്കാനാകുമോ എന്ന് ജോസ് പുല്ലാപ്പിള്ളി സാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഇതിനിടെ, വരിസംഖ്യയായും സംഭാവനയായും 1450 ഡോളര്‍ അവിടെനിന്നുതന്നെ ലഭിക്കുകയും ചെയ്തു.

രാവിലെ 11 മണിക്കാരംഭിച്ച യോഗം ഉച്ചയ്ക്കു 2.30-ന് ഉച്ചഭക്ഷണത്തോടെയാണു സമാപിച്ചത്. അവിടെനിന്ന് സാജു കാലായിലിന്റെ കാറില്‍ നേരെ ചിക്കാഗോ എയര്‍പോര്‍ട്ടിലേക്ക്...

No comments:

Post a Comment