Translate

Wednesday, February 8, 2017

മനോരമയും ഇന്‍ക്വിസിഷന്റെ ദുരാത്മാവുബാധിച്ച സഭാമേലദ്ധ്യക്ഷന്മാരും

ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, സത്യജ്വാല മാസിക)

2017 ജനുവരി ലക്കത്തില്‍ എഴുതിയ എഡിറ്റോറിയല്‍

                കേരളത്തിലെ ക്രൈസ്തവസഭാനേതൃത്വം, മനോരമയുടെ സാഹിത്യമാസികയായ ഭാഷാപോഷിണിയില്‍ വന്ന ഒരു ചിത്രത്തിന്റെപേരില്‍ മനോരമയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമയുമായി ബന്ധപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളും ചാനലുകളും, MRF ടയറുല്പന്നങ്ങള്‍പോലും, ബഹിഷ്‌ക്കരിക്കാന്‍ വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്തിരിക്കുകയാണവര്‍! 'യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ ഓര്‍മ്മിപ്പിക്കുംവിധം അര്‍ദ്ധനഗ്നയായ കന്യാസ്ത്രീയെവച്ചുള്ള ചിത്രം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചു' എന്ന ആരോപണമുയര്‍ത്തിയാണ് ബഹിഷ്‌ക്കരണ ആഹ്വാനം. അര്‍ദ്ധനഗ്നയായി ചിത്രീകരിച്ചിരിക്കുന്നത് മാതാവിനെയാണെന്നാണ്, വിഷയത്തിനു കൂടുതല്‍ എരിവുപകരാനാഗ്രഹിക്കുന്നവര്‍ ആരോപിക്കുന്നത്. എന്തായാലും, മലയാള മനോരമ അധികൃതര്‍ മാപ്പുപറയുകയും, ചിത്രമുള്ള ഡിസംബര്‍ ലക്കം ഭാഷാപോഷിണിയുടെ, തപാല്‍ വരിക്കാര്‍ക്ക് അയച്ചുപോയിരുന്നതൊഴികെയുള്ള, മുഴുവന്‍ കോപ്പികളും പിന്‍വലിക്കുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാത്ത കേരളത്തിലെ വിവിധ ക്രൈസ്തവസഭാമേലദ്ധ്യക്ഷന്മാര്‍  ബഹിഷ്‌കരണ ആഹ്വാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പുരോഹിതനേതൃത്വത്തില്‍ കോട്ടയത്ത് മനോരമയ്‌ക്കെതിരെ പ്രകടനവും നടന്നു. കത്തോലിക്കാ കോണ്‍ഗ്രസിനെ ഉപയോഗിച്ച് കത്തോലിക്കാസഭാധികാരം ഹൈക്കോടതിയില്‍ ചിത്രപ്രസിദ്ധീകരണത്തിനെതിരെ പരാതി കൊടുക്കാനുദ്ദേശിക്കുന്നു എന്നും കേള്‍ക്കുന്നു. ഈ വിഷയത്തില്‍ കത്തോലിക്കാമെത്രാന്മാര്‍ക്കൊപ്പം ഓര്‍ത്തഡോക്‌സ്-യാക്കോബായ മെത്രാന്മാരും മറ്റു സഭകളുടെ മേലദ്ധ്യക്ഷന്മാരും ഒന്നിച്ചുനില്‍ക്കാനിടയുണ്ടെന്നു മനസ്സിലാക്കി,             മനോരമയുടെ മുഴുവന്‍ ബോര്‍ഡുമെമ്പറന്മാരും ഒന്നിച്ചുചെന്നു മാപ്പുപറയാന്‍ ദേവലോകം അരമനയില്‍ ചെന്നെങ്കിലും അവരെ അകത്തു കടക്കാന്‍പോലും അനുവദിച്ചില്ലത്രെ. അതില്‍ നിരാശരാകാതെ, വീണ്ടും കര്‍ദ്ദിനാള്‍മാരെയും മെത്രാന്മാരെയും മറ്റു സഭാനേതാക്കളെയും നേരില്‍ക്കണ്ട് മാപ്പുപറയാന്‍ മനോരമ മാനേജ്‌മെന്റ് ഒന്നടങ്കം  പോകാനൊരുങ്ങുകയാണെന്നും കേള്‍ക്കുന്നു. എന്നാല്‍, 'സമാധാനത്തിന്റെ വക്താക്കളായ ക്രൈസ്തവരെ അപമാനിക്കുന്ന തരത്തില്‍ എന്തും പറയാമെന്നും കാണിക്കാമെന്നുമുള്ള മാധ്യമചിന്തകളെ ക്രൈസ്തവര്‍ ഒറ്റക്കെട്ടായിനിന്ന് എതിര്‍ക്കണ'മെന്ന നിലപാട് കടുപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണത്രെ, സഭാനേതൃത്വം! (ഇതുകേട്ടാല്‍ തോന്നും, മനോരമ ഹിന്ദുക്കളുടെയോ മുസ്ലീങ്ങളുടെയോ പത്രമാണെന്ന്.) മനോരമ ബഹിഷ്‌കരിക്കാനും ദീപിക വരുത്താനും ആഹ്വാനം ചെയ്തുള്ള 'വചനപ്രഘോഷണം' പള്ളികളില്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ ക്രൈസ്തവസഭാമേലദ്ധ്യക്ഷന്മാരും ചേര്‍ന്നുള്ള സംയുക്ത ഇടയലേഖനം പണിപ്പുരയിലാണത്രെ!
            ഇത്ര വലിയ ഭൂകമ്പമുണ്ടാക്കിയ ചിത്രം സ്വതന്ത്രബുദ്ധിയോടെ കാണുന്ന ആരും, മഹാരഥന്മാരെന്ന് ജനം കരുതിവശായിരിക്കുന്ന കേരളത്തിലെ സഭാമേലദ്ധ്യക്ഷന്മാരുടെ അല്പത്വവും ആരോപണത്തിലെ കഴമ്പില്ലായ്മയും കണ്ട് അമ്പരന്നുപോകുകതന്നെ ചെയ്യും. ഒന്നാമതായി, ചിത്രത്തിലെ അര്‍ദ്ധനഗ്നസ്ത്രീ മാതാവോ കന്യാസ്ത്രീയോ അല്ല. അങ്ങനെ തോന്നിക്കുന്ന യാതൊന്നും ഈ ചിത്രത്തിലില്ല. മാത്രമല്ല, അത് ആരുടെ ചിത്രമാണെന്ന് ആമുഖക്കുറിപ്പില്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിക്കുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഫ്രഞ്ചുപട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച 'മാതാഹരി' എന്ന ചരിത്രവനിതയുടെ ചിത്രമാണത്. അവരെക്കുറിച്ച് പ്രശസ്തകവി വൈലോപ്പള്ളി ശ്രീധരമേനോന്‍ എഴുതിയ 'നര്‍ത്തകി' എന്ന കവിതയെ ഉപജീവിച്ച്, തിരക്കഥാകൃത്തുകൂടിയായ സി. ഗോപന്‍ എഴുതിയ 'മൃദ്വംഗിയുടെ ദുര്‍മൃത്യു' എന്ന നാടകത്തിലെ ഒരു മുഹൂര്‍ത്തത്തിന് ടോം വട്ടക്കുഴിയെന്ന ചിത്രകാരന്‍ നല്‍കിയ കലാവിഷ്‌കാരമാണ് ഈ ചിത്രം. ഈ വിവരം നല്‍കുന്ന ആമുഖക്കുറിപ്പുപോലും വായിക്കാന്‍ മിനക്കെടാതെയാണ്, സഭാമേലദ്ധ്യക്ഷന്മാരും പുരോഹിതാനുചരരും മനോരമയ്ക്കുനേരെ ചാടിക്കടിക്കാന്‍ ഒരുമ്പെട്ടതെന്നു ചുരുക്കം. എത്ര പരിഹാസ്യമാണിത്!                      
            അതിലും പരിഹാസ്യമായത്, ഇന്ത്യയിലെതന്നെ മാധ്യമഭീമനായി കണക്കാക്കപ്പെടുന്ന മനോരമയുടെ മാനേജ്‌മെന്റ് മെത്രാന്‍കോപം കണ്ടു ഭയപ്പെട്ട് അവരുടെ കാല്‍ക്കല്‍ വീണു മാപ്പിരക്കാന്‍ ഒരുമ്പെട്ട നടപടിയാണ്. 1938-ല്‍ സര്‍ സി.പി. മനോരമപത്രം നിരോധിച്ചു മുദ്രവച്ചിട്ടും കൂസാതെ തലയുയര്‍ത്തിനിന്ന് ആ സാഹചര്യത്തെ നേരിട്ട ധീരപാരമ്പര്യമുള്ള ഒരു പത്രമാണതെന്നോര്‍ക്കുക. അതിന്റെ അഭിനവമാനേജ്‌മെന്റാണ്, ആ പത്രത്തിന്റെ ന്യായമായ പത്രപ്രവര്‍ത്തനസ്വാതന്ത്ര്യത്തിന്റെ ശിരസ് സ്വയം വെട്ടിയെടുത്ത് മെത്രാന്മാരുടെ കാല്‍ക്കല്‍ താലത്തില്‍വച്ചു സമര്‍പ്പിച്ചിരിക്കുന്നത്! എന്തൊരധഃപതനം! ആരെങ്കിലും മനോരമ ബഹിഷ്‌കരിക്കുന്നുവെങ്കില്‍, അത് ഈ അധഃപതനത്തിന്റെ പേരിലാകണം; അല്ലാതെ മാതാഹരിയുടെ ചിത്രത്തിന്റെ പേരിലായിരിക്കരുത്.
            യേശുവിന്റെ അന്ത്യഅത്താഴം ചിത്രീകരിക്കുന്ന അനേകം ചിത്രങ്ങളുണ്ട്. അതൊന്നും അന്ത്യഅത്താഴത്തിന്റെ യഥാര്‍ത്ഥ ചിത്രീകരണമല്ല. യഥാര്‍ത്ഥ യേശുവിനെയുമല്ല അവരാരും ചിത്രീകരിച്ചിട്ടുള്ളത്. അതെല്ലാം ഓരോ ചിത്രകാരന്റെയും ഭാവനയില്‍ വിരചിതമായവയാണ്. ഇനിയും ഇത്തരം ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടേക്കാംതാനും. അതിന്റെയൊന്നിന്റെയുംമേല്‍ സഭയ്ക്ക് പ്രത്യേകമായി ഒരു ഉടമസ്ഥാവകാശവുമില്ലെന്നും ഓര്‍ക്കണം. അവയോരൊന്നും വരച്ച ചിത്രകാരന്റെയും ലോകത്തിലെ മുഴുവന്‍ സഹൃദയരുടെയുമാണ്. അതിനാല്‍, അതിലൊരു ചിത്രത്തെ അനുകരിച്ച് മറ്റൊരുചിത്രം വരയ്ക്കാന്‍ വേറൊരു കലാകാരനു തോന്നിയാല്‍, അതിനെ തടയാന്‍ ഏതെങ്കിലും സഭാധികാരിക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരധികാരവുമില്ല.
            യേശുവിന്റെ അന്ത്യഅത്താഴസന്ദര്‍ഭവും മാതാഹരിയുടെ അന്ത്യദിവസത്തെ അത്താഴത്തിന്റെ സന്ദര്‍ഭവും തമ്മിലുള്ള സാമ്യമായിരിക്കാം, പ്രസിദ്ധമായ ഒരു അന്ത്യഅത്താഴചിത്രത്തിന്റെ ശൈലി അനുകരിക്കാന്‍ മാതാഹരിയുടെ ചിത്രരചയിതാവിനെ പ്രേരിപ്പിച്ചത്. അതിലെന്തു തെറ്റാണുള്ളതെന്നു പറയാന്‍ അതിനെതിരെ ഹാലിളികി ബഹളംവച്ച സഭാധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഒരു കലാകാരന്റെ ഭാവനയില്‍വിരിഞ്ഞ യേശുവിന്റെ അന്ത്യഅത്താഴചിത്രത്തെ അനുകരിച്ച് മറ്റൊരു കൂട്ടരുടെ ചിത്രം വരച്ചാല്‍, അതെങ്ങനെ യേശുവിനെയോ മാതാവിനെയോ കന്യാസ്ത്രീമാരെയോ സഭയെയോ അവഹേളിക്കലാകും? മാതാഹരിയെന്ന ചരിത്രസ്ത്രീയുടെ മാറിടം നഗ്നമായി ചിത്രീകരിച്ചതിന്റെ പേരില്‍ ക്രൈസ്തവരുടെമാത്രം വികാരം വ്രണപ്പെടുന്നതെങ്ങനെ? നഗ്നത ചിത്രീകരിച്ചിട്ടുള്ള അത്തരം എത്രയോ ചിത്രങ്ങളും പെയിന്റിംഗുകളും ആരെല്ലാം വരച്ചിരിക്കുന്നു, പ്രസിദ്ധീകരിച്ചിരിക്കുന്നു, പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു! വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ചില്‍ മൈക്കലാഞ്ചലോ വരച്ചും കൊത്തിയുംവച്ചിട്ടുള്ള നഗ്നരൂപങ്ങള്‍ക്കെതിരെ ഇവരെന്തേ മിണ്ടാതിരിക്കുന്നു? ആധികാരികകത്തോലിക്കാപത്രമായ ദീപികയുടെ 'രാഷ്ട്രദീപിക'വക അന്തിപത്രത്തില്‍ യൗവനയുക്തകളായ തരുണീമണികളുടെ വികാരോദ്ദീപകമായ ചിത്രങ്ങള്‍ മുമ്പു പ്രസിദ്ധീകരിച്ചപ്പോഴും, 'രാഷ്ട്രദീപിക'യുടെ സിനിമാപ്രസിദ്ധീകരണത്തില്‍ ഇപ്പോഴും അത്തരം ചിത്രങ്ങള്‍ അച്ചടിക്കുമ്പോഴും മൗനംപാലിക്കുന്ന സഭാധ്യക്ഷന്മാര്‍ക്ക് മാതാഹരി എന്ന ചരിത്രവനിതയുടെ അര്‍ദ്ധനഗ്നചിത്രത്തിനെതിരെ കല്ലെറിയാന്‍ എന്തു ധാര്‍മ്മികാധികാരമാണുള്ളത്? അന്ത്യഅത്താഴത്തിന്റെതന്നെ അനുകരണമായി നിന്ദ്യമെന്നു പറയാവുന്ന എത്രയോ ആഭാസചിത്രങ്ങള്‍ പ്രസിദ്ധീകൃതമായിരിക്കുന്നു! അവിടെയൊന്നും വ്രണപ്പെടാത്ത കേരളസഭാമേലദ്ധ്യക്ഷന്മാരുടെ മതവികാരം, ക്രിസ്തുമതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ചരിത്രകഥാപാത്രത്തിന്റെ നഗ്നമാറിടം കണ്ടപ്പോഴേ ഉണര്‍ന്നെങ്കില്‍ അതിനുപിന്നില്‍ വേറെ കാര്യങ്ങളാകാം എന്നനുമാനിക്കേണ്ടിയിരിക്കുന്നു. അതിനു മറയായിട്ടാവും, ജനത്തിനുമുമ്പില്‍ ഈ വിഷയം കുത്തിപ്പൊക്കിയിരിക്കുന്നത്.
            സത്യങ്ങള്‍ മറച്ചുവച്ചും വാര്‍ത്തകള്‍ തമസ്‌കരിച്ചുമൊക്കെ സഭാമേലദ്ധ്യക്ഷന്മാരെയും അവരുടെ താല്‍പ്പര്യങ്ങളെയും പിന്തുണച്ചുപോന്ന മനോരമപത്രം, എന്തുകൊണ്ടോ അടുത്തകാലത്ത് അവര്‍ക്ക് അനിഷ്ടകരമായ ഒരു വാര്‍ത്ത സാമാന്യം പ്രാധാന്യത്തോടെ കൊടുക്കുകയുണ്ടായി. ബാലികാലൈംഗികപീഡനക്കേസില്‍ എഡ്വിന്‍ ഫിഗറസ് എന്ന കത്തോലിക്കാപുരോഹിതന് ഇരട്ടജീവപര്യന്തം ശിക്ഷവിധിച്ച വാര്‍ത്ത പത്രത്തിന്റെ മുന്‍പേജില്‍ ഫോട്ടോസഹിതം, മനോരമ കൊടുത്തതിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ദീപികയൊഴികെ മറ്റെല്ലാ പത്രങ്ങളും ഈ വാര്‍ത്ത കൊടുത്തിരുന്നെങ്കിലും അത്ര പ്രാധാന്യത്തോടെയായിരുന്നില്ല, അതൊന്നും. വാസ്തവത്തില്‍, മനോരമ വായനക്കാരെവരെ അത്ഭുതപ്പെടുത്തിയ ഒരുകാര്യമായിരുന്നിത്. അപ്പോള്‍പ്പിന്നെ, പുരോഹിതര്‍ എത്ര കൊടുംകുറ്റവാളികളായിരുന്നാലും, അവര്‍ക്കപമാനമോ കുറച്ചിലോ ഉണ്ടാക്കുന്നതൊന്നും വെളിച്ചംകണ്ടുകൂടാ എന്ന തങ്ങളുടെ അലിഖിതമാധ്യമനയത്തോടൊപ്പം നിന്നിരുന്ന മനോരമയുടെ ഈ നയംമാറ്റം കേരളത്തിലെ സഭാധികൃതരെ ഞെട്ടിപ്പിക്കാതിരിക്കുമോ? തങ്ങളുടെ വെളുത്ത ളോഹയില്‍ ചേറുപുരണ്ടാലും അതു പൗരോഹിത്യത്തിന്റെ മുഖത്തെ ഗോരോചനക്കുറിയായി വ്യാഖ്യാനിക്കാന്‍ പത്രമാധ്യമങ്ങള്‍ ബാധ്യസ്ഥങ്ങളാണെന്നു കരുതുന്ന മഹാപുരോഹിതര്‍ അന്നുതന്നെ മനോരമയ്‌ക്കെതിരെ അങ്കം കുറിച്ചിട്ടുണ്ടാകണം. ഫാ. എഡ്വിന്‍ ഫിഗറസ്സിന്റെ ശിക്ഷാവാര്‍ത്ത നല്‍കിയതിനെതിരെ വിമര്‍ശിക്കാന്‍ പഴുതില്ലാതെ വീര്‍പ്പുമുട്ടിക്കഴിയുകയായിരുന്ന അവര്‍ക്കുമുമ്പില്‍, ഒരു സൂചിപ്പഴുതായി ഭാഷാപോഷിണിചിത്രം വീണുകിട്ടുകയായിരുന്നു എന്നുവേണം കരുതാന്‍. എത്ര ചെറിയ സൂചിപ്പഴുതും മതവികാരത്തിന്റെ ചൂടില്‍ പഴുപ്പിച്ചു വലുതാക്കിയെടുക്കാന്‍ പൗരോഹിത്യത്തിനറിയാമല്ലോ. ക്രൈസ്തവപൗരോഹിത്യത്തിന്റെ ഇംഗിതം മാനിക്കാത്ത മനോരമയുടെ നയവ്യതിയാനം മുളയിലേ നുള്ളുകയും, അതിലൂടെ മറ്റു മാധ്യമങ്ങളെയും - പ്രത്യേകിച്ച് ക്രൈസ്തവര്‍ നടത്തുന്നവയെ - ഭയപ്പെടുത്തിനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഇവിടുത്തെ ക്രൈസ്തവപുരോഹിതമേധാവികള്‍ മുഖ്യമായും ലക്ഷ്യമിട്ടതെന്ന് അനുമാനിക്കാനാവും.
            കോണ്‍ഗ്രസ് കക്ഷികളോട് തുടക്കംമുതല്‍തന്നെ അനുഭാവംപുലര്‍ത്തുന്ന മനോരമയെ ഒറ്റപ്പെടുത്തി ബി.ജെ.പി.യുടെ പ്രീതി സമ്പാദിക്കുകയെന്ന രാഷ്ട്രീയലക്ഷ്യവും മെത്രാന്മാരുടെ ശക്തമായ ഈ നടപടിക്കു പിന്നിലുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ കണക്കില്‍പ്പെടാത്ത പണം ഏറ്റവും കൂടുതലുള്ളത് ക്രൈസ്തവസഭാദ്ധ്യക്ഷന്മാരുടെ കൈകളിലാണെന്നു കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ, കേന്ദ്രം ഭരിക്കുന്ന ബി.ജെപി.യുമായി അടുക്കേണ്ടത് മെത്രാന്മാരെ സംബന്ധിച്ച് ഒരു ആവശ്യമായിരുന്നു. ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. അധികാരത്തിലേറിയപ്പോള്‍മുതല്‍ മെത്രാന്മാര്‍ മോദിസ്തുതി തുടങ്ങിയത് എല്ലാവരും ശ്രദ്ധിച്ച കാര്യമാണ്. നോട്ടുനിരോധനം വന്നപ്പോള്‍ അതിനെ 'ശരിയായ നടപടി' എന്നു മെത്രാന്മാര്‍ വാഴ്ത്തിയതും, ഭാഷാപോഷിണി ചിത്രത്തിന്റെ പേരില്‍ മനോരമ ബഹിഷ്‌ക്കരിക്കാന്‍ മെത്രാന്മാര്‍ ആഹ്വാനംചെയ്തപ്പോള്‍, 'നഗ്നചിത്രം പ്രസിദ്ധീകരിച്ചതിനോടു യോജിപ്പില്ല' എന്നു പറഞ്ഞ് അതിനെ പിന്തുണച്ച് ബി.ജെ.പി. നേതൃത്വം നിലപാടു സ്വീകരിച്ചതും കൂട്ടിവായിച്ചാല്‍, ഒരു ക്രൈസ്തവ-ബി.ജെ.പി. ബാന്ധവം അണിയറയിലൊരുങ്ങുന്നുണ്ടെന്നു കാണുവാന്‍ കഴിയും. കേരളത്തിലെ ക്രൈസ്തവരെ ബി.ജെ.പി.യുടെ പാളയത്തിലെത്തിച്ചുതരാമെന്ന മോഹനവാഗ്ദാനത്തില്‍ ബി.ജെ.പി.യുടെ കണ്ണു മഞ്ഞളിപ്പിച്ച് കള്ളപ്പണവേട്ടയില്‍നിന്നു രക്ഷപ്പെടാമെന്നു മെത്രാന്മാര്‍ കരുതുന്നുണ്ടാകും. അതിന്, ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ വായിക്കുന്ന മനോരമപത്രത്തില്‍നിന്ന് അവരെ അകറ്റി തങ്ങളുടെ കഴിവും വോട്ടും ബാങ്കുശക്തിയും ബി.ജെ.പി.യെ ബോധ്യപ്പെടുത്താന്‍ ഈ ചിത്രവിവാദത്തിലൂടെ മെത്രാന്മാര്‍ ലക്ഷ്യമിട്ടിട്ടുണ്ടാകും.
            ഇതിനുപുറമേ, ദീപികപത്രത്തിനു പ്രചാരം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നതിനു സംശയമില്ല. ഒരു ഘട്ടത്തില്‍ സി.പി.ഐ(എം) പിണറായി പക്ഷത്തിന്റെ ഔദ്യോഗികപത്രംപോലെ വര്‍ത്തിച്ച ദീപികയ്ക്ക് ബി.ജെ.പി.യുടെ നാവാകാനും മടിയുണ്ടാകാനിടയില്ല.
            തങ്ങള്‍ ഇച്ഛിക്കുന്ന ദൈവികപരിവേഷം, പ്രമാണിത്തം, രാഷ്ട്രീയസ്വാധീനം, അധികാരം, സമ്പത്ത് എന്നിവയ്ക്കു തടസ്സം നില്‍ക്കുന്ന എന്തിനെയും, ഏതു വിധേനയും തച്ചുതരിപ്പണമാക്കുകയെന്നത് പൗരോഹിത്യത്തിന്റെ സഹജസ്വഭാവമാണ്. പൗരോഹിത്യത്തിന്റെ കപട മുഖംമൂടി വലിച്ചുകീറിയ യേശുവിനെ, തങ്ങളെ അടിമകളാക്കിയ റോമന്‍ സാമ്രാജ്യശക്തിയെക്കൊണ്ടുതന്നെ കുരിശിലേറ്റിക്കൊന്നത് ഇതിനേറ്റവും വലിയ ഉദാഹരണമാണ്. മനുഷ്യന്റെ സ്വതന്ത്രമായ ദൈവാന്വേഷണത്തെയും ചിന്തയെയും സര്‍ഗ്ഗാത്മകതയെയും തടയാനും തങ്ങളുടെ റെഡിമെയ്ഡ് സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിച്ച് മനുഷ്യരെ തങ്ങളുടെ 'പിമ്പേ ഗമിക്കുന്ന ഗോക്ക'ളാക്കാനും പൗരോഹിത്യം എന്തുംചെയ്യുമെന്നതിന്, ഇന്‍ക്വിസിഷനെന്ന ചരിത്രത്തിലെ ഏറ്റം വലിയ നരനായാട്ട് സാക്ഷ്യംവഹിക്കുന്നു. ഇന്‍ക്വിസിഷന്റെ കല്ലുപിളര്‍'Anyone who attempts to construe a personal view of God which conflicts with church documents must be burned without pity'ക്കുന്ന പുരോഹിതആപ്തവാക്യം ഇന്നസെന്റ് മൂന്നാമന്‍ മാര്‍പ്പാപ്പാ പ്രഖ്യാപിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ''സഭയുടെ ഔദ്യോഗികസിദ്ധാന്തങ്ങളോടു വ്യതിചലിച്ച് വ്യക്തിപരമായ ഒരു ദൈവസങ്കല്പം രൂപീകരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിയെയും യാതൊരു ദയയുംകൂടാതെ അഗ്നിക്കിരയാക്കണം'' (-ജോര്‍ജ് നെടുവേലില്‍ എഴുതിയ 'ഡാന്യൂബിന്റെ നാട്ടില്‍' എന്ന പുസ്തകത്തില്‍നിന്നുള്ള ഉദ്ധരണി; പേജ് 162). മുഖ്യഇന്‍ക്വിസിഷന്‍ നടത്തിപ്പുകാരനായി പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പാ നിയോഗിച്ച കര്‍ദ്ദിനാള്‍ ജിയോവാനി കരാഫയുടെ താക്കീത് ഇപ്രകാരമായിരുന്നു: ''പാഷണ്ഡികളോട് ഏതെങ്കിലും തരത്തില്‍ അയവുകാട്ടി ആരും സ്വയം താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കാതിരിക്കട്ടെ'' (.... no one must lower himself by showing toleration toward heretics of any kind' -മുന്‍ഗ്രന്ഥത്തിലെ മറ്റൊരു ഉദ്ധരണിയില്‍നിന്ന്). ഇത് ഇന്‍ക്വിസിഷന്‍ കാലത്തുമാത്രം നിലനിന്ന ഒരു പുരോഹിതനിലപാടല്ല; പൗരോഹിത്യത്തിന്റെ എക്കാലത്തെയും ഉള്ളിലിരുപ്പാണ്. രാഷ്ട്രീയാധികാരമില്ലാത്തതിനാല്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് ബൈബിള്‍വിലക്ക്, പുസ്തകനിരോധനം, മഹറോന്‍, ഒറ്റപ്പെടുത്തല്‍, തെമ്മാടിക്കുഴി, കൂദാശവിലക്ക്, ബഹിഷ്‌ക്കരണ ആഹ്വാനം എന്നിങ്ങനെമാത്രമേ അതു വെളിപ്പെടുത്താന്‍ സഭാപൗരോഹിത്യത്തിനു കഴിയുന്നുള്ളൂ എന്നേയുള്ളൂ.
            ഈ ഇന്‍ക്വിസിഷന്‍മനോഭാവത്തിന്റെ ദുരാത്മാവുബാധിച്ച പൗരോഹിത്യമാണ് കേരളകത്തോലിക്കാസഭയില്‍ 21-ാം നൂറ്റാണ്ടിലും അരങ്ങുവാഴുന്നത് എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഭാഷാപോഷിണി ചിത്രവുമായി ബന്ധപ്പെട്ട് അവര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്ന വിവാദം. തങ്ങളുടെ സ്വേച്ഛാധിപത്യമതഭരണവും സദാചാരഗുണ്ടായിസവും സഭയ്ക്കുള്ളില്‍മാത്രമായി ഒതുക്കിനിര്‍ത്താന്‍ അവര്‍ ഒരുക്കമല്ല എന്നും, മലയാളത്തിലെ കലാസാഹിത്യരംഗങ്ങളിലേക്കും മാധ്യമപ്രവര്‍ത്തനമേഖലയിലേക്കുംകൂടി തങ്ങളുടെ നീരാളിക്കൈകള്‍ നീട്ടി, അവര്‍ പ്രഖ്യാപിക്കുകയാണ്. ഭാഷാപോഷിണി ഒരു സഭാപ്രസിദ്ധീകരണമല്ല; കേരളത്തിലെ നാനാജാതിമതസ്ഥരായ സാഹിത്യകുതുകികള്‍ വായിക്കുന്ന ഒരു സാഹിത്യമാസികയാണ്. അതില്‍ വരുന്ന രചനകളും ചിത്രങ്ങളുമെല്ലാം ആസ്വദിക്കാനും വിലയിരുത്താനും കഴിവുള്ള സഹൃദയരും നിരൂപകരും കേരളസമൂഹത്തിലുണ്ട്. അവിടെ കയറി, ഈ സാഹിത്യം, അല്ലെങ്കില്‍ ചിത്രം ഞങ്ങള്‍ അനുവദിക്കുകയില്ലെന്നു പറയാന്‍ ക്രൈസ്തവപൗരോഹിത്യത്തിന് ആരാണ് അധികാരം കൊടുത്തിട്ടുള്ളത്? മതകാര്യങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കേണ്ട പൗരോഹിത്യത്തിന്, മതേതരജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത് ഇതരരംഗങ്ങളില്‍ കയറി ഇടപെടാന്‍ എന്തവകാശമാണുള്ളത്?
            എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെമാത്രം പ്രശ്‌നമല്ല ഇത്, വായനക്കാരുടെ ആസ്വാദനാവകാശത്തിന്റെകൂടി പ്രശ്‌നമാണ്. അതായത്, സര്‍ഗ്ഗാത്മകതയെ തടയുകയെന്നാല്‍ അത്, ആ സര്‍ഗ്ഗസൃഷ്ടികള്‍ ആസ്വദിച്ച് സാംസ്‌കാരികമായി വളരാനുള്ള മനുഷ്യന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതാനും സിനിമകള്‍ റിലീസ് ചെയ്യാനും ഇവിടുത്തെ ക്രൈസ്തവമേലധ്യക്ഷന്മാര്‍ അനുവദിക്കുകയുണ്ടായില്ല (ഉദാ: 'പിതാവിനും പുത്രനും...). 'റോമന്‍സ്' എന്ന സിനിമയ്‌ക്കെതിരെ 'യൂത്ത് ഫ്രണ്ടി'നെ സ്വാധീനിച്ച് പോസ്റ്റര്‍യുദ്ധം നടത്തിച്ചും കേസുകൊടുപ്പിച്ചും അതു പെട്ടിയിലാക്കാന്‍ ചങ്ങനാശ്ശേരി രൂപതാധികാരികള്‍ ശ്രമിച്ചിരുന്നതായി അക്കാലത്തു കേട്ടിരുന്നു. ഇതിലൂടെയെല്ലാം അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സിനിമാപ്രവര്‍ത്തകരുടെ ആവിഷ്‌കാരാവകാശത്തെ മാത്രമല്ല, ആ സിനിമകള്‍ ഇഷ്ടപ്പെടുമായിരുന്ന കേരളത്തിലെ മുഴുവന്‍പേരുടെയും ആസ്വാദനാവകാശത്തെക്കൂടി നിരോധിക്കുകയാണ് ഇവിടുത്തെ ക്രൈസ്തവപൗരോഹിത്യം ചെയ്തത്. സര്‍ഗ്ഗധനനായിരുന്ന പി.എം. ആന്റണിയുടെ 'ആറാം തിരുമുറിവ്' എന്ന നാടകത്തിനെതിരെ, യേശുവിനെ രക്ഷിക്കാനെന്ന മട്ടില്‍ ഇവര്‍ തെരുവുയുദ്ധം നടത്തി അതു നിരോധിക്കാനിടയാക്കിയ സംഭവം കേരളസമൂഹം എന്നെങ്കിലും മറക്കുമെന്നു തോന്നുന്നില്ല. യേശു ക്രൈസ്തവപൗരോഹിത്യത്തിന്റെയും ക്രൈസ്തവസഭകളുടെയും സ്വകാര്യസ്വത്താണെന്നാണ് ഇവര്‍ കരുതിവശായിരിക്കുന്നത്. യേശു മുഴുവന്‍ ലോകരുടെയും അമൂല്യസ്വത്താണെന്നും, മനുഷ്യരുടെ ജീവിതം ആനന്ദകരമാക്കുന്ന തന്റെ സ്‌നേഹസുവിശേഷം എല്ലാവരിലും എത്തിക്കുകയെന്നതിനപ്പുറം തന്റെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്വമേല്‍ക്കാന്‍ ആരെയും അദ്ദേഹം ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ അറിഞ്ഞിരിക്കട്ടെ!
            ഈ സാഹചര്യത്തില്‍, ക്രൈസ്തവപൗരോഹിത്യം പ്രതിനിധാനം ചെയ്യുന്ന ഈ മതഫാസിസ്റ്റ് സമീപനത്തിനെതിരെ ക്രൈസ്തവവിശ്വാസികള്‍ മാത്രമല്ല, പൊതുസമൂഹവും കേരളത്തിലെ കലാ-സാഹിത്യ-മാധ്യമരംഗങ്ങളിലുള്ളവരും രാഷ്ട്രീയപാര്‍ട്ടികളും ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു. എന്നാല്‍, മനോരമയ്‌ക്കെതിരെ ഇവര്‍ നടത്തിയ ഫാസിസ്റ്റ് നീക്കത്തിനെതിരെ ബെന്യാമിന്‍ എന്ന സാഹിത്യകാരനൊഴികെ ഈ വിഭാഗത്തില്‍പ്പെട്ടവരെല്ലാം മൗനം പാലിക്കുകയും ഭയപ്പാടോടെ ഒഴിഞ്ഞുമാറുകയുമാണുണ്ടായത്. ഇത് കേരളത്തിന്റെ സാംസ്‌കാരിക അധഃപതനത്തിന്റെ സൂചനയാണ്. ന്യൂനപക്ഷമതഫാസിസത്തെ എല്ലാവരും ഭയക്കുന്നുവെന്നത്, ഫാസിസത്തിനെതിരെയുള്ള നിലപാടില്‍ വിവേചനമുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്. സമാനമായൊരു ബഹിഷ്‌ക്കരണ ആഹ്വാനം ഏതെങ്കിലുമൊരു ഹിന്ദുസന്ന്യാസിയോ ആര്‍.എസ്.എസ്സിന്റെ നേതാക്കന്മാരോ നടത്തിയിരുന്നെങ്കില്‍, ആ ഹിന്ദുമതഫാസിസത്തിനെതിരെ, ഇതിനകം എത്ര സെമിനാറുകളും പ്രതിഷേധയോഗങ്ങളും നാടുനീളെ നടത്തി ഈ കലാ-സാംസ്‌കാരികനായകരെല്ലാം തങ്ങളുടെ ശൗര്യം പ്രകടിപ്പിച്ചേനെ എന്നോര്‍ത്തുനോക്കുക. എല്ലാവരെയും മൗനികളും നിഷ്‌ക്രിയരുമാക്കുന്നത്ര സംഘടിതമാണ് ക്രൈസ്തവമതമേലധ്യക്ഷന്മാര്‍ നേതൃത്വം കൊടുക്കുന്ന മതഫാസിസം എന്നാണ് ഇതു തെളിയിക്കുന്നത്. ഭീഷണമായ ഈ മതഫാസിസത്തിനെതിരെ കണ്ണടച്ചുകൊണ്ടുള്ള മലയാളിസമൂഹത്തിന്റെ ഫാസിസ്റ്റ് വിരുദ്ധസമീപനം കപടവും വിവേചനാപരവും അപകടകരവുമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.
                                    

1 comment:

  1. "അച്ചായപ്പത്രം" എന്ന് വിളിപ്പേരുള്ള "മലയാളമനോരമയെ" വെറുക്കാനും അത് വായിക്കാതിരിക്കാനും, പത്രം വായിക്കുന്ന ശീലമുള്ള ഒറ്റയച്ചായനും വെള്ളെഴുത്ത് വന്നാലും സാധ്യമേയല്ല! കാരണം അതവന്റെ [പള്ളിയിൽ വെറുതെപോയി 'കുര്ബാന' കൊള്ളുന്ന] ശീലം പോലെയാണ് ! ഇത്രയും നാൾ ലോക പത്രധർമ്മം മറന്നു, പാതിരികഥകൾ പുറംലോകമറിയാതെ പൗരോഹിത്യകുറ്റക്രിത്യങ്ങൾ ഒളിപ്പിച്ചുവച്ച കുറ്റത്തിന് മലയാളമനോരമയുടെ നേർക്ക് ദൈവനീതി പ്രവർത്തിക്കുന്നതായാണ് ഈ "ഫറവോന്റെ [പുരോഹിത ] മനസിനെ കഠിനപ്പെടുത്തൽ" സ്വർഗം തുടങ്ങിയത്! ഇനിയും അഭയകേസുകളുടെ സത്യമായ ചിത്രീകരണം മലയാളമനോരമയിലൂടെയും അച്ചായന്മാർക്കു വായിച്ചു കുളിരണിയാം..ദൈവമേ നിനക്കു സ്തുതി!

    ''ആർക്കു വോട്ടു ചെയ്യണമെന്നും, ഏതു പത്രം വായിക്കണം / ഏതു അരിയുടെ ചോറ് ഉണ്ണണം / എവിടെ തൂറണമെന്നുമൊക്കെ ദൈവത്തിന്റെ നാമത്തിൽ നമ്മെ ചൂഷണം ചെയ്യുന്ന ഈ പൗരോഹിത്യമല്ല നിശ്ചയിക്കേണ്ടത്'' എന്ന മിനിമം വിവരമൊക്കെ ''ആടുകളെന്നു'' പാതിരി വിളിച്ചു അപമാനിക്കുന്ന ആദാമ്യർക്കു ഈയിടെയായി ഉണ്ടായ വീവരം പാതിരിമാർ അറിഞ്ഞുകാണില്ല കഷ്ടം! കഷ്ടാൽ കഷ്ടം ! samuelkoodal

    ReplyDelete