Translate

Sunday, February 19, 2017

പി.എ.മാത്യു എനിക്കാരായിരുന്നു?
“The evil that men do lives after them;
The good is oft interred with their bones.”
ഷേക്ക്‌സ്പിയറിനോട് വിയോജിപ്പു തോന്നിയിട്ടുള്ള, അദ്ദേഹത്തിന്റെ ഏക പ്രസ്താവനയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
ഈ ഉദ്ധരണിയില്‍ പറഞ്ഞിരിക്കുന്നതും സത്യവുമായി കാര്യമായ ബന്ധമില്ല. എല്ലാ സമൂഹങ്ങളും പരേതരെ ബഹുമാനിക്കാറുണ്ട്. വഷളന്മാരായ പോലീസ് ഉദ്യോഗസ്ഥര്‍പോലും മൃതദേഹം കണ്ടാല്‍ തലയിലെ തൊപ്പി എടുക്കാറുണ്ട്. ഈ സാമൂഹികശീലം നമ്മുടെയെല്ലാം ഉപബോധമനസ്സില്‍ കുടികൊള്ളുന്നു.
അതുകൊണ്ടുതന്നെ പി എ മാത്യു (ഇനിയങ്ങോട്ട് മാത്തച്ചന്‍ എന്നു വിളിക്കുന്നു) ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തോടു തോന്നിയ വികാരമാണ് ഞാനിവിടെ കുറിക്കുന്നത്.
അതിനുമുമ്പ് ഞാന്‍ എന്റെ കൌമാരകാലത്തേയ്ക്ക് ഒന്നു പോകട്ടെ.
രംഗം ഒരു വനിതാകോളേജ്. യുവജനങ്ങളുടെ സമ്മേളനം. വേദിയില്‍ എന്റെ ഗ്രാമത്തില്‍ ജനിച്ച മെത്രാനുണ്ട്, പ്രിന്‍സിപ്പള്‍, മറ്റു കന്യാസ്ത്രീകള്‍, അധ്യാപകര്‍ എന്നിവര്‍ നിരന്നിരിക്കുന്നു. ഞങ്ങള്‍, ഇരുപതുവയസു തികയാത്ത, യാഥാസ്ഥിതികകുടുംബങ്ങളില്‍ നിന്നുവന്ന, ക്ഷുഭിതയൌവനക്കാര്‍.
ചര്‍ച്ച; യുവജനത്തെ നേര്‍വഴിക്കു നടത്താനുള്ള ശ്രമം കൊണ്ടുപിടിച്ചു നടക്കുന്നു. സംശയങ്ങള്‍ ഉന്നയിക്കാനും അഭിപ്രായം തുറന്നുപറയാനുമുള്ള ഒരു അപൂര്‍വ അവസരം.
അന്നൊക്കെ (കാലം അറുപതുകളുടെ അവസാനപകുതി) സിനിമ കാണുന്നതില്‍നിന്നും പൊതുവേ ചെറുപ്പക്കാരെ വൈദികര്‍ വിലക്കിയിരുന്നു. ഇതിനെക്കുറിച്ച്‌ ഒരുത്തന്‍ ചോദിച്ചു..
“ഞങ്ങളോട് സിനിമ കാണരുത് എന്നു പറയുന്ന അച്ചന്മാരില്‍ ചിലര്‍ ആരും കാണാതെ സെക്കണ്ട് ഷോ കാണാന്‍ പോകുന്നതായി അറിയാം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?”
ഒരു കന്യാസ്ത്രീ മറുപടി പറയാന്‍ ശ്രമിച്ചു.
“ഒരു പക്ഷെ, ആ വൈദികന്‍ ആ സിനിമ കണ്ട്, അതില്‍ മോശമായ വല്ലതും ഉണ്ടോ എന്നറിയാന്‍ പോയതാകാം..”
കുസൃതി എനിക്ക് ജനിതകദോഷമാണ്. അതിന്റെ ബലത്തില്‍, കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ ചോദിച്ചു..
“അപ്പോള്‍, ഞങ്ങളോടു ‘ചെയ്യരുതേ, ചെയ്യരുതേ’ എന്നാവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളൊക്കെ ഈ അച്ചന്മാര്‍ ചെയ്തുനോക്കിയിട്ടുണ്ടോ?”
അതൊരു സ്ഫോടനമായി. ഭയങ്കര ബഹളം.
അതുകഴിഞ്ഞുള്ള എന്റെ അമ്പതുവര്‍ഷക്കാലത്തെ ജീവിതത്തില്‍ അത്തരമൊരു സ്ഫോടനം സൃഷ്ടിക്കാന്‍ എനിക്കു സാധിച്ചിട്ടില്ല.
ഇതിനേക്കാള്‍ വലിയ മൂന്നും നാലും സ്ഫോടനങ്ങള്‍ ഫേസ്ബുക്കിലൂടെ ഒരോ ദിവസവും നടത്തിക്കൊണ്ടിരുന്ന മാത്തച്ചനെ ഞാന്‍ അസൂയകലര്‍ന്ന ആരാധനയോടെയാണ് കണ്ടിരുന്നത്.
ഈയടുത്തകാലത്ത് എന്റെ യു.ക്കെയിലുള്ള ഒരു സുഹൃത്ത് എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു..
“ചേട്ടന്‍ എഴുതുന്ന കാര്യങ്ങളൊക്കെ കൃത്യമായി വായിക്കാറുണ്ട്. അതെല്ലാം സത്യവുമാണ്. പക്ഷെ ഒരു വലിയ ശക്തിയോടാണ് ഏറ്റുമുട്ടുന്നതെന്ന കാര്യം മറക്കരുത്. ചേട്ടന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഭയമുണ്ട്.”
ആ സുഹൃത്തിനോട്‌ ഞാന്‍ മാത്തച്ചന്റെ കാര്യം പറഞ്ഞു. ഈ പറഞ്ഞ വന്‍ശക്തി പേടിക്കുന്നവരെ മാത്രമേ ഉപദ്രവിക്കാറുള്ളൂ. നിര്‍ഭയരെ ഈ ശക്തിയ്ക്ക് പേടിയാണ്.
കേരളത്തിലെ ഇരിഞ്ഞാലക്കുടയില്‍ മെത്രാന്മാരുടെയും കത്തനാന്മാരുടെയും കുഞ്ഞാടുകളുടെയും നടുവിലിരുന്നാണ് മാത്തച്ചന്‍ അവരെ നിരന്തരം പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരുന്നത്. എന്നെപ്പോലുള്ളവര്‍ക്ക് പ്രവാസജീവിതം നല്‍കുന്ന ചില സൗകര്യങ്ങളും സുരക്ഷിതത്വവും ഉണ്ട്. മാത്തച്ചന് അതൊന്നും ഉണ്ടായിരുന്നില്ല.
എന്നിട്ടും എന്തൊരു ധൈര്യമായിരുന്നു!
പണ്ഡിതന്‍ ആയിരുന്നില്ല. ശ്രീ ജോസഫ് പുലിക്കുന്നന്റെയത്ര ബൈബിളിലും സഭാചരിത്രത്തിലും അവാഗാഹം മാത്തച്ചനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൈമുതല്‍ വ്യക്തമായി ചിന്തിക്കാനുള്ള കഴിവും അതിശയിപ്പിക്കുന്ന നര്‍മ്മബോധവുമായിരുന്നു.
ആക്രമിക്കപ്പെടുന്നവന്‍ പോലും ചിരിച്ചുപോകുമായിരുന്ന തരത്തിലായിരുന്നു മാത്തച്ചന്‍ വാള്‍ വീശിയിരുന്നത്.
പ്രത്യാക്രമണത്തിനു വരുന്ന കുഞ്ഞാടുകള്‍ മാത്തച്ചന്റെ മുന്നില്‍ അട്ട ചുരുളുന്നതുപോലെ ചുരണ്ടുകൂടുന്നത് രസകരമായ കാഴ്ചതന്നെയായിരുന്നു.
ചിലപ്പോള്‍ തോന്നിയിട്ടുണ്ട്, ഈ മാത്തച്ചന്‍ കമന്റിടുന്ന കാര്യത്തില്‍ ഒരു പിശുക്കനാണെന്ന്. പക്ഷെ, ചിന്തിച്ചപ്പോള്‍ കാര്യം വ്യക്തമായി. സഭാതലവന്മാര്‍ക്ക് എങ്ങനെയൊക്കെ പണികൊടുക്കാം എന്ന നിരന്തരചിന്തയിലായിരുന്നു മാത്തച്ചന്‍. അതിനിടയില്‍ മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പോയി കമന്റി, തന്റെ ചിന്തയെ മുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
കാപട്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. മദ്യപാനം ആസ്വദിച്ചിരുന്നു. അത് തുറന്നുപറയും. വിശ്വാസത്തെയും പുരോഹിതപരിഷകളെയും പുച്ഛത്തോടെ മാത്രമാണ് കണ്ടിരുന്നത്. അതില്‍ രഹസ്യമായി വയ്ക്കേണ്ട ഒന്നും അദ്ദേഹം കണ്ടില്ല. മരണാന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്നില്ല. ഫ്രാന്‍സിസ് പാപ്പയെപ്പോലൊരാള്‍ അദ്ദേഹത്തിന്റെ ഇടവക വികാരിയായി വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചിന്താഗതിയ്ക്ക് മാറ്റം ഉണ്ടാകുമായിരുന്നു എന്നുതോന്നിയിട്ടില്ല.
എം.പി.പോള്‍ സാര്‍ കേരളം ആദരിച്ചിരുന്ന വ്യക്തിയാണ്. പക്ഷെ സഭാധികാരികള്‍ക്ക് ചില തലവേദന ഉണ്ടാക്കിക്കൊടുത്തു എന്ന കാരണത്താല്‍ വൈദികര്‍ അദ്ദേഹത്തിന്റെ മൃതദേഹം തെമ്മാടിക്കുഴിയില്‍ അടക്കി. അതിലൂടെ അവര്‍ പോള്‍സാറിനെ മാത്രമല്ല, കേരളസമൂഹത്തെയാണ് അപമാനിച്ചത്. ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കൂന്തന്‍തൊപ്പിയും അതിന്റെ പേരില്‍ ഒരു ക്ഷമാപണം നടത്തിയിട്ടില്ല. തെണ്ടികള്‍.
അങ്ങനെ അപമാനിതനാകാന്‍ മാത്തച്ചന്‍ തയ്യാറല്ലായിരുന്നു. തന്റെ മൃതദേഹം മെഡിക്കല്‍കോളേജ് അനാട്ടമി വിഭാഗത്തിനു വിട്ടുകൊടുക്കണം എന്നു നിഷ്ക്കര്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ബന്ധുക്കള്‍ പ്രവര്‍ത്തിക്കുകയില്ല എന്നു കരുതാം.
ഫോണില്‍ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം ജനുവരിയില്‍ നാട്ടില്‍ ചെന്നപ്പോഴും ഞാന്‍ വിളിച്ചിരുന്നു. എന്തോ, അദ്ദേഹത്തിന്റെ വീട് അങ്കമാലിയില്‍ ആണെന്നായിരുന്നു എന്റെ ധാരണ. പക്ഷെ ഇരിഞ്ഞാലക്കുടവരെ പോകാന്‍ സാധിച്ചില്ല. കൊച്ചിനഗരത്തില്‍ വരികയാണെങ്കില്‍ വിളിക്കാം എന്നു പറഞ്ഞിരുന്നു, പക്ഷെ നേരിട്ടു കാണാന്‍ സാധിച്ചില്ല.
കളങ്കമില്ലാത്ത, കാപട്യമില്ലാത്ത, വ്യക്തികള്‍ക്കുമാത്രം കൈവരാവുന്ന ധൈര്യത്തിന്റെ ഉടമയായിരുന്നു, മാത്തച്ചന്‍.
എന്റെ സങ്കടം ഇതാണ് – ഒരു സ്വര്‍ഗം ഇല്ലാതെപോയല്ലോ. ഉണ്ടായിരുന്നെങ്കില്‍, എന്റെ സമയം വരുമ്പോള്‍ മുകളില്‍ പോയി, മാത്തച്ചനൊരു കുപ്പി സമ്മാനമായി കൊടുത്ത്, അവിടെ വല്ല മരത്തണലിലും ഇരുന്ന് ദൈവത്തിന്റെ കുറ്റം പറയാമായിരുന്നു.
പറയാന്‍ ഒരു പാടുണ്ടായിരുന്നു.
മാത്തച്ചന്‍ അന്തരിച്ചു. അത്രതന്നെ. പക്ഷെ, അദ്ദേഹം അനേകര്‍ക്ക് വഴികാട്ടിയും മാതൃകയും ആയിരുന്നു. അദ്ദേഹം വെളിച്ചം വീശിതന്ന പാതയിലൂടെ സഞ്ചരിക്കാന്‍ അനേകര്‍ ഇനിയുമുണ്ടാവും. പക്ഷെ, മാത്തച്ചന്‍ ഒരു പയനീയര്‍ ആയിരുന്നു. സുക്കര്‍ബെര്‍ഗ് അഴിച്ചുവിട്ട കുതിരപ്പുരത്തിരുന്നു അസാമാന്യ വൈഭവത്തോടെ പടവെട്ടിയ ധീരനായ പോരാളി.
പ്രണാമം, മാത്തച്ചന്‍.

4 comments:

 1. എന്റെ ആത്മ പ്രണാമം .

  ReplyDelete
 2. പി.എ.മാത്യു എനിക്കാരായിരുന്നു? എന്ന ചോദ്യത്തിന് , ''എന്റെ ഗുരുവും ക്രിസ്തീയജീവിത മാർഗ്ഗദർശിയുമായിരുന്നു '' എന്നാണെന്റെയുത്തരം ! പരേതന് എന്റെ ആത്മ പ്രണാമം ...

  നമ്മുടെ പരേതനായ മാത്തച്ചന്റെ മരണക്കുറിപ്പ് 'കേ സീ ആര്‍ എം' പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും 'സത്യജ്വാല' വായനക്കാര്‍ക്കും 'അല്മായശബ്ദം ബ്ലോഗ്‌' വായനക്കാര്‍ക്കും പിന്തുടരാന്‍ ഒരു നല്ല ക്രിസ്തീയ മാതൃകയാകട്ടെ എന്ന് വെറുതെ മോഹിക്കുവാന്‍ എനിക്ക് മോഹം !

  കര്‍ത്താവിനെ കല്ലറയില്‍ അടക്കിയപ്പോള്‍ കൂദാശ ചൊല്ലാന്‍ കയ്യാപ്പ കത്തനാര് പാര്‍ട്ടിക്കാര്‍ ആരും അന്ന് വന്നിരുന്നില്ലല്ലോ ! വലതു ഭാഗത്തെ കള്ളന് പറുദീസാ പൂകാന്‍ ഒരു പാതിരിയുടെയും കപട പാഴ് ജല്പനം ''ശബ്ദ മലിനീകരണം'' ശവസംസ്കാര നേരത്തു അവിടെയും ഇല്ലായിരുന്നല്ലോ ! ആയതുപോലെ എന്റെ ഈ ശരീരത്തിന്റെ അന്ത്യയാമങ്ങൾ എങ്ങനെയായിരിക്കണം എന്നൊരു രൂപരേഖ ഞാൻ കാലേകൂട്ടി എന്റെ ഭാര്യയോടും, എന്റെ ആണ്‍ മക്കള്‍ മൂന്നിനോടും , മറ്റു ചാര്ച്ചക്കാരോടും ഈ മാത്തച്ചന്‍ തന്റെ മരണാനന്തര സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള അന്ത്യഅഭിലാഷം അറിയിച്ചത് പോലെ, ഞാനും പറഞ്ഞു സമ്മതിപ്പിച്ചു ''സത്യം ചെയ്യിച്ചു' 'വച്ചിരിക്കുകയാണ് ! ഇവരുടെയൊക്കെ ''കൂദാശാ റെക്കമെന്റേഷൻ'' ഇല്ലാതെതന്നെ എനിക്കെന്റെ അവകാശ നാട്ടിൽ / ഞാൻ ആയിരിക്കേണ്ട ഇടത്തിൽ എന്നെ എത്തിക്കാൻ എന്റെ ദൈവം മതിയായവനാണ് എന്നെനിക്കു ഉറച്ച വിശ്വാസമുണ്ട് !

  ഒരു ''പുല്ലേൽ ചാടി പുഴു'' ഒരു പുല്ലിൽ നിന്നും മറ്റൊരു പുല്ലിലേയ്ക്ക് ചാടുമ്പോൾ , ഇരിക്കുന്ന പുല്ലിൽ നിന്നും വേർപെടുന്നത് പുതിയ ഇടമായ പുല്ലിൽ മുൻഭാഗം ഉറപ്പിച്ച ത്തിനു ശേഷമാണ് എന്നതുപോലെ, ഈ ദേഹം വിട്ടുപോകുന്ന ദേഹിക്ക് [ എനിക്ക് ] പുതിയയിടം, ഇരിപ്പടം, ദേഹം കാലേകൂട്ടി കണ്ടെത്തിയിരിക്കും എന്റെ രക്ഷകനായ ഈ പ്രപഞ്ചമെന്ന ഈശ്വരൻ !! ഈ പരമ സത്യം അറിയാതെ പള്ളിയെന്ന ചതിയിടത്തിൽ പോയി ജന്മം പാഴാക്കുന്ന മനനമില്ലാത്ത ഈ ആടുകളോട് കർത്താവും തൊറ്റു ! പക്ഷെ, നമ്മുടെ മാത്തച്ചൻ ജയിച്ചു ,സംശയമില്ല ..

  കഴിഞ്ഞയാഴ്ച സംപൂജ്യനായ ഗീതാചാര്യൻ സർവ്വശ്രീ ഉദിത് ചൈതന്യജി കോന്നിയിൽ തന്റെ പ്രഭാഷണത്തിൽ , കാണാതായ ടോം ഉഴവിനാൽ പാതിരിയെപ്പറ്റി പരാമർശിച്ചു ! കത്തോലിക്കാ സഭയിലെ [നൂറുമീറ്റർ കുപ്പായത്തിൽ വാണരുളുന്ന] കർദ്ദിനാളെന്ന, മെത്രാനെന്ന ഈ പ്രാർത്ഥനാ വീരന്മാർക്കും വട്ടായിക്കും പോട്ടയ്ക്കുമൊന്നും കർത്താവുമായി ഒരിടപാടുമില്ലാഞ്ഞിട്ടല്ലേ ഇവർ ഈ പാതിരിയുടെ മോചനത്തിനായി ''പിണറായി മോഡി '' ദൈവങ്ങളിലാശ്രയിക്കുന്നു' എന്ന് ! ഞാൻ സത്യത്തിൽ ചൂളിപ്പോയി! ഗാദ്സെമനയിൽ ചീറ്റിപ്പോയ ക്രിസ്തുവിന്റെ പ്രാർത്ഥനയും ഈ കൂട്ടർ മറന്നുപോയി! ഇതിൽ മഹാശ്ചര്യമൊന്നുമില്ല; കാരണം ഇവർ കൂദാശ/പ്രാർത്ഥന തൊഴിലാളികളാണ് മാളോരേ..samuelkoodal

  ReplyDelete
 3. ശ്രീ അലക്സ് കണിയാമ്പലിന്റെ ചിന്തനീയമായ സത്യങ്ങൾ ഇവിടെ എഴുതി അവതരിപ്പിച്ചിരിക്കുന്നു. നല്ലവനാകാൻ മതം ആവശ്യമില്ലെന്നുള്ള തെളിവാണ് ശ്രീ മാത്യു. മനസിലൊന്നും ഒളിച്ചുവെക്കാത്ത ഒരു തുറന്ന ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നു.

  അദ്ദേഹത്തിൻറെ ഓരോ പോസ്റ്റുകളും എന്നെ പൊട്ടി ചിരിപ്പിക്കുമായിരുന്നു. ചിന്തിക്കുമ്പോൾ അതിൽ വിപ്ലവവും താത്ത്വികതയും കാര്യഗൗരവവും ഉണ്ടെന്നു മനസിലാവുകയും ചെയ്യും. മരിച്ചവരിൽ നിന്നും ഇത്ര മാത്രം എന്നെ ചിന്തിപ്പിച്ച മറ്റൊരു വ്യക്തിയെ കണ്ടെത്താൻ കഴിയുന്നില്ല. ഒരിക്കൽ പോലും കാണാത്ത, സംസാരിക്കാത്ത ഒരു വ്യക്തിയോട് ഇത്രമാത്രം ആത്മബന്ധം ഉണ്ടായതെങ്ങനെയെന്നും അറിയില്ല.

  ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെപ്പറ്റി അല്മായ ശബ്ദത്തിൽ ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. വളരെ സന്തോഷത്തോടെ നന്ദി രേഖപ്പെടുത്തുകയും മറുപടിയായി ഇമെയിലും കിട്ടിയിരുന്നു.

  മാത്യു സാറിനെപ്പോലെ പത്തുപേരുണ്ടെങ്കിൽ കള്ളന്മാരും കൊള്ളക്കാരും നിറഞ്ഞ ഈ സഭയെ മൊത്തം ഉടച്ചു വാർക്കാൻ സാധിക്കുമായിരുന്നു. സഭയിലെ കൗരവപ്പടയോട് ഒരു ഒറ്റയാൻ യുദ്ധമാണ് അദ്ദേഹം നടത്തിയത്. ധീരനായ ആ വില്ലാളി അമ്പുകൾ എയ്തുകൊണ്ടു ശത്രുവിന് കറുത്ത പോറലുകളും കൊടുത്തിട്ടാണ് വിടപറഞ്ഞത്.

  എം.പി.പോളിന്റെ ശവത്തെ ഈ കാപാലികന്മാർ കഴുകന്മാരെപ്പോലെ വലിച്ചുകീറി. വീണ്ടും വീണ്ടും മാന്തിതിന്നാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതേ ശവം തീനികൾക്ക് ശ്രീ മാത്യുവിനെ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ല.

  പ്രപഞ്ചത്തിന്റെ ഒരു അംശമായി മാത്യു ഇല്ലാതായി. ശ്രീ മാത്യുവിന്റെ സ്വർഗം ഇന്ന് ആയിരങ്ങളുടെ മനസിനുള്ളിലാണ്. ഒരു സ്മാരക സ്തൂപം പോലെ എന്റെ മനസിലും അദ്ദേഹം പ്രകാശിക്കുന്നു.

  ReplyDelete
 4. മരണമെത്തുന്ന നേരത്ത് ...എന്ന ശീർഷകത്തിൽ മരിക്കും മുൻപേ പരേതൻ മാത്തച്ചൻ എഴുതിയ നിർദ്ദേശം വളരെ ഏറെ ചിന്തനീയമാണ് ! ഇതിലെ മെഡിക്കൽ കോളേജ് ഭാഗം ഒഴികെ ബാക്കിയെല്ലാം എന്റെ മരണക്കുറിപ്പിലും ഉണ്ടെന്ന സത്യം kcrm ലെ ഓരോ അച്ചായന്മാരോടും വീണ്ടും ഞാൻ ത്വെര്യപെടുത്തുന്നു !
  അവനവന്റെ വീടിന്റെ ''തെക്കു കിഴക്കേ'' മൂലയാണ് അഗ്നിക്കുള്ള കോൺ ! അവിടെ ഒരു ശവദാഹം നടത്താൻ ഇപ്പോൾ കുടലിൽ മാക്സിമം മൂവായിരം രൂപയെ ചെലവ് വരികയുള്ളൂ ! ഈ നാട്ടിലെ അച്ചായന്മാരുടെ പത്തിരട്ടി വരുന്ന ഹിന്ദുമൈത്രി ഇത് ചെയ്യാറ്‌മുണ്ട് ! അതിനായി ഓരോ താലൂക്കിലും ഗ്രാമത്തിലും ഓരോ ഏജൻസികളും ഉണ്ടുതാനും ! ഞാൻ താമസിക്കുന്ന കലഞ്ഞൂർ ഗ്രാമത്തിൽ ഭൂരിപക്ഷം ഹിന്ദുക്കളും ഇതാണ് തലമുറകളായി ചെയ്യുന്ന ശവസംസ്‌കാര രീതി !
  പാതിരി പുറകെ നമ്മുടെ വല്യപ്പച്ചൻ [എന്നോ ഒരു തിരു മണ്ടൻ] പോകും മുൻപേ നമ്മുടെയും പാരമ്പര്യവും ഇതായിരുന്നു എന്ന വലിയ സത്യം മതിലിൽകുരുത്ത ചുമ്മാക്രിസ്ത്യാനികൾ മറക്കാതിരുന്നാൽ നന്ന് !

  പണ്ടുകാലത്തെ സവർണ്ണ മേധാവിത്വത്തേക്കാൾ ക്രൂരമാണ് ഇന്നത്തെ പാതിരിയുടെ പകൽക്കൊള്ളയും പീഡനവും അടിമത്തവും ! "ക്രിസ്തീയ നവീകരണം" എന്ന ആശയം ഇന്നൊരു പ്രസ്ഥാനമായതും ഇതുമൂലമാണ്‌ ! നവീകരണം / മാറ്റം കത്തനാരുടെ കൂദാശയിൽ അല്ല വരേണ്ടത് , പിന്നെയോ ഇത് കള്ളകൂദാശയാണെന്ന തിരിച്ചറിവിൽ അതിനെ പാടെ ഉപേക്ഷിക്കുകയാണ് വേണ്ടത്! ക്രിമിനലുകളായ പുരോഹിതരുടെ അടിമകളായി ആടുകളായി അവന്റെ മുന്നിൽ പാപമോചനം മോഹിച്ചു മുട്ടുകുത്തുകയല്ല പാഴുകുമ്പസാരക്കാരാ വേണ്ടത് , പകരം "പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതെന്ന" ക്രിസ്തുവിന്റെ തിരുവചനം ചെവികൊള്ളുകയാണ് വേണ്ടത്! samuelkoodal

  ReplyDelete