Translate

Saturday, February 11, 2017

ദരിദ്രജനങ്ങളേ, കോടികള്‍ക്കെന്ത് വില?

പള്ളി വക ഭവനനിര്‍മ്മാണം, വയോജനകേന്ദ്രം പദ്ധതിയുടെ പേരില്‍
ഒരു കോടി രൂപയുടെ അഴിമതിയാരോപണം
പി. സി. റോക്കി 
പെരുമ്പാവൂര്‍ സെന്റ്‌മേരീസ് കത്തോലിക്കാ പള്ളിയില്‍ 22-01-2017 പള്ളി വികാരി ഫാദര്‍ ജോസഫ് നാല്‍പ്പാട്ടും രണ്ടു കൈക്കാരന്മാരും കൂടി വിളിച്ചു ചേര്‍ത്തിരുന്ന പൊതു യോഗത്തിലുണ്ടായ യഥാര്‍ത്ഥ സംഭവങ്ങള്‍ എന്ന പേരില്‍ 28-01-2017ല്‍ ഇടവക സംരക്ഷണ സമിതി പുറത്തിറക്കിയ പ്രസ്താവനയുടെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു.
            പൊതുയോഗത്തിന്റെ അജണ്ടയില്‍ ഉണ്ടെന്ന് പറഞ്ഞിരുന്ന വിഷയം ഇടവകയില്‍ പാവങ്ങള്‍ക്കുള്ള ഒരു ഭവന നിര്‍മ്മാണ പദ്ധതി എന്നതായിരുന്നത്രേ. കഴിഞ്ഞ 63 വര്‍ഷമായി കാഞ്ഞിരക്കാട് കപ്പേളയില്‍ നടത്താറുള്ള കപ്പേളപ്പെരുന്നാള്‍ ഞായറാഴ്ച എന്നത് മാറ്റി പകരം പതിവിന് വിപരീതമായി ശനിയാഴ്ച ദിവസം ലളിതമായി നടത്താമെന്ന് വികാരി പറഞ്ഞത് പൊതുയോഗത്തില്‍ പങ്കെടുത്തിരുന്ന വിശ്വാസികള്‍ ഒന്നടങ്കം എതിര്‍ത്തു.  (ലക്ഷങ്ങള്‍ വരുമാനവും സ്ഥിര നിക്ഷേപവുമുള്ള പള്ളിയുടെ ആഘോഷങ്ങള്‍ കെങ്കേമമാക്കാതെ എന്തിന് ലളിതമാക്കണം. ഒരു പള്ളിയുടെ കീഴില്‍ എട്ടും പത്തും കുരിശടികള്‍ ഉണ്ടെങ്കില്‍ ഓരോന്നിലെയും തിരുനാള്‍ ആഘോഷിക്കേണ്ടതല്ലേ?) പങ്കെടുത്തവരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ ഒന്നും എഴുതാത്ത മിനിറ്റ്‌സ് ബുക്കില്‍ ഒപ്പിട്ടിട്ട് പോകുവാന്‍ വികാരി ആവശ്യപ്പെട്ടതും അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താനോ മിനിറ്റ്‌സില്‍ രേഖപ്പെടുത്താനോ തയ്യാറാകാഞ്ഞതും വിവാദത്തിനും ബഹളത്തിനും ഇടയാക്കി.
            അതിനിടെ പാവങ്ങള്‍ക്ക് വീട് നല്‍കുന്ന ഫണ്ട് സ്വരൂപണം എന്ന പേരില്‍ സെമിത്തേരിയില്‍ കുടുംബ കല്ലറകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ടോ ഇല്ലയോ എന്നതിന് 'കല്ലറകള്‍ കുടുംബ കല്ലറകളായി ആര്‍ക്കും കൊടുക്കില്ല'എന്ന് മറുപടി. ബഹളത്തിനിടെ ഒരു കുഞ്ഞാട് മേശയിലിരുന്ന ഫയലെടുത്ത് ഒരു കല്ലറയ്ക്ക് ഒരു വീട് എന്ന പദ്ധതി പ്രകാരം 12 കല്ലറകള്‍ വിറ്റ് 96 ലക്ഷം സമാഹരിക്കുക എന്നതാണെന്ന് വായിച്ചു മനസ്സിലാക്കി. ഇതറിഞ്ഞതോടെ ആടുകള്‍ ശബ്ദമുഖരിതരായി ഒച്ച വച്ചു. കര്‍ത്താവിന്റെ ഭവനം പരിശുദ്ധമെന്നും പരിപാവനമെന്നും വിശ്വസിക്കപ്പെടുമ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുന്നു എന്ന് ഇടയഗണം വിശ്വസിക്കുന്ന പ്രതി പുരുഷനെ പറ്റി വാഗ്വാദങ്ങള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും പള്ളി വേദിയാകുന്നു എന്നത് പരിതാപകരമാണ്. മാസങ്ങളായി അരമന കയറിയിറങ്ങി അച്ചനെ മാറ്റാന്‍ ശ്രമിച്ചിട്ട് നടപടികളില്ലത്രേ. കൂടാതെ പള്ളിയുടെ വരുമാന ശ്രോതസ്സായ പള്ളി ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാരികളും എസ്.ബി.ടി. ബാങ്കുകാരും ഒഴിഞ്ഞു പോകുവാനുള്ള സാദ്ധ്യതകളും വിശ്വാസികളില്‍ ദീര്‍ഘവീക്ഷണമുള്ള ചിലരും മുന്‍കൂട്ടി കാണുന്നു.
            പിന്നീടുള്ളത് അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് എറണാകുളത്തിന് വികാരിയും കൈക്കാരന്മാരും സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി പ്രസിദ്ധീകരിച്ചിരി ക്കുന്നതാണ്.
            കാരുണ്യവര്‍ഷത്തില്‍ പള്ളി വക ഭവന നിര്‍മ്മാണ പദ്ധതിയുടെ ഒരു രൂപ രേഖയെപ്പറ്റി പറഞ്ഞിരുന്നല്ലോ. ഈ ഇടവകയില്‍ 75 വീട്ടുകാര്‍ വാടക വീടുകളില്‍ താമസിക്കുകയാണ്. പള്ളിയുടെ പേരില്‍ സ്ഥലം വാങ്ങി ഇവര്‍ക്ക് മൂന്നു നിലയില്‍ ഒരോന്നിനും നാലു മുറികളുള്ള ഫ്‌ളാറ്റാണ് വിഭാവനം ചെയ്യുന്നത്. (ഇതില്‍ താമസിച്ച് വാടക ലാഭിച്ച് ഇവര്‍ മുതലാളിമാരാകുമ്പോള്‍ ഇവര്‍ പിന്നീട് ബാക്കിയാകുന്ന പാവങ്ങള്‍ക്ക് സ്ഥലം ഒഴിവാക്കി കൊടുക്കണമത്രേ. ചാണക്യനെ വെല്ലുന്ന ബുദ്ധി വൈഭവത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.) തുടക്കത്തില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ ഒരുക്കും. (മുമ്പ് ഹാള്‍ പണി പൂര്‍ത്തിയാക്കും. ഇതിന്റെ വാടക വരുമാനം കിട്ടിത്തുടങ്ങുമ്പോള്‍ ഫ്‌ളാറ്റ് പണി ആരംഭിക്കാം എന്നതായിരിക്കണം ഇതിന്റെ പിന്നിലെ രഹസ്യം.)
            ഒരു കോടി പത്തു ലക്ഷം സ്ഥിര നിക്ഷേപവും ഒരു കല്ലറയ്ക്ക് ഒരു വീട് പദ്ധതി പ്രകാരം 98 ലക്ഷം രൂപയും കൂട്ടി സ്ഥലം വാങ്ങി പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കാമത്രേ. (ഒരു പള്ളിയുടെ പേരില്‍ സ്ഥിര നിക്ഷേപം ഒരു കോടി യില്‍പ്പരം രൂപ. പാവപ്പെട്ടവന്‍ പട്ടിണി കിടന്നും മുണ്ടു മുറുക്കിയുടുത്തും നാലോ അഞ്ചോ ലക്ഷം രൂപയുണ്ടാക്കിയാല്‍ അവന്റെ കഴുത്തില്‍ സര്‍ക്കാരിന്റെ കൊലക്കയര്‍.)
            അന്‍പതിനായിരം രൂപ പോലും സെന്റിന് വില വരാത്ത ഭൂമിയ്ക്ക് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം കൊടുത്ത് വാങ്ങാനാണത്രേ തീരുമാനം. (സ്ഥലക്കച്ചവടം നടന്നിരുന്നെങ്കില്‍ ഒരു കോടി രൂപ വേണ്ടപ്പെട്ടവര്‍ക്ക് കിട്ടുമായിരുന്നു എന്നും സംരക്ഷണ സമിതി ആരോപിക്കുന്നു.) വരുമാന വഴികളില്‍ കൊടുത്തിരിക്കുന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പള്ളിയിലെ ഇപ്പോഴത്തെ നീക്കിയിരിപ്പ് 50 ലക്ഷം, ഒരു കല്ലറ പദ്ധതി പ്രകാരം 96 ലക്ഷം, ഇടവക സംഭാവന 90 ലക്ഷം, രണ്ടു വര്‍ഷ പള്ളി വരുമാനം 1,50,00,000/-. ഭദ്രാസന ഇളവ് അതിരൂപത 58,00,000/- ഇങ്ങനെ നാലു കോടി നാല്പത്തിനാല് ലക്ഷം. ദരിദ്രജനങ്ങളേ, കോടികള്‍ക്കെന്ത് വില? ഇതിന്റെയെല്ലാം നിജസ്ഥിതി എന്തെന്ന് കാത്തിരുന്ന് കാണാം.

                   

No comments:

Post a Comment