Translate

Wednesday, January 24, 2018

സങ്കല്പകഥകള്‍ 'കാതലായ വിശ്വാസസത്യങ്ങ'ളായി!


പ്രൊഫ: പി. എല്‍ ലൂക്കോസ്  ഫോണ്‍: 944-657-81742018 ജനുവരി ലക്കം ‘സത്യജ്വാല’യില്‍നിന്ന്

[മുഖ്യമായും, 'കാതലായ വിശ്വാസസത്യ'മായി കത്തോലിക്കാസഭ പഠിപ്പിക്കുന്ന 'ഉത്ഭവപാപ'ത്തെക്കുറിച്ച് വിശദമായ ഒരു വിമര്‍ശനാത്മകപഠനം. സുദീര്‍ഘമായ ഈ പഠനപ്രബന്ധം ആറു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു]
ഭഗവത്ഗീതയുമായി തുലനംചെയ്താല്‍, യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങള്‍ വ്യാഖ്യാനം ആവശ്യമില്ലാത്ത വിധം വ്യക്തവും സരളവുമായിരുന്നു. ഗുരുതരമായ രീതിയില്‍ മാറ്റിമറിക്കാതെയും വളച്ചൊടിക്കാതെയും യേശുവിന്റെ വചനങ്ങള്‍ നാലു സുവിശേഷങ്ങളില്‍ വായിക്കാം. ക്രിസ്തീയസഭകള്‍ അവരുടെ വിശ്വാസസംഹിതകളും ആചാരാനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തുന്നതും ക്രോഡീകരിക്കുന്നതും ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍മാത്രം അധിഷ്ഠിതമായിട്ടായിരിക്കണം. എന്നാല്‍, കത്തോലിക്കാസഭയുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് ബൈബിള്‍ വചനങ്ങള്‍ മാത്രമല്ല, പാരമ്പര്യവുംകൂടി ആധാരമാക്കണം എന്ന വാദഗതി അംഗീകരിക്കപ്പെട്ടതോടെ സഭാപിതാക്കന്മാ രെന്നും വേദപാരംഗതന്മാരെന്നും അറിയപ്പെടുന്ന ചിലരുടെ ഭാവനാവിലാസങ്ങള്‍ യേശുവിന്റെ അനുശാസനങ്ങളില്‍ മായംചേര്‍ത്തു.  തത്ഫലമായി യേശു പഠിപ്പിച്ച കാര്യങ്ങള്‍ പലതും തമസ്‌കരിച്ചും ചിലത് ദുര്‍വ്യാഖ്യാനിച്ചും മറ്റു ചിലത് വക്രീകരിച്ചും സുബദ്ധങ്ങള്‍ കണ്ടില്ലെന്നു നടിച്ച് അബദ്ധങ്ങള്‍ തിരുകിക്കയറ്റിയും വളരെ വികലമായ രീതിയിലാണ് അടിസ്ഥാനവിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ തട്ടിക്കൂട്ടിയിരിക്കുന്നത്! ഷെയ്ക്‌സ്പിയറുടെ നാടകങ്ങള്‍ പഠിച്ചു പരീക്ഷയെഴുതുമ്പോള്‍ നാടകത്തിലുള്ള പ്രസക്തമായ ഭാഗങ്ങള്‍ വേണ്ട വിധം ഉദ്ധരിച്ചും വ്യാഖ്യാനിച്ചും ഉത്തരമെഴുതിയതുകൊണ്ടുമാത്രം ഉയര്‍ന്ന മാര്‍ക്കു കിട്ടുകയില്ല. ഷെയ്ക്‌സ്പിയറുടെ ഓരോ വാക്കിലും വരികളിലും എന്തെല്ലാം സൂചനകളും അര്‍ത്ഥങ്ങളുമാണു വ്യംഗ്യമായിരിക്കുന്നത് എന്നു സമര്‍ത്ഥിക്കാന്‍ എ. സി. ബ്രാഡ്‌ലിയെപ്പോലുള്ള അനേകം ഷെയ്ക്‌സ്പിയര്‍ നിരൂപകന്മാരുടെ അഭിപ്രായങ്ങള്‍ കൂടി ആവശ്യാനുസരണം ഉദ്ധരിച്ചാലേ ഉയര്‍ന്ന മാര്‍ക്കു കിട്ടുകയുള്ളു. അതുകൊണ്ട്, മഹാകവി ഇപ്പോള്‍ തിരിച്ചു വന്ന് അദ്ദേഹത്തിന്റെ നാടകങ്ങളെ അധികരിച്ചുള്ള പരീക്ഷയെഴുതിയാല്‍ തീര്‍ച്ചയായും തോറ്റു പോകുമെന്ന് സരസനായ ഒരു പ്രൊഫസര്‍ പറയുമായിരുന്നു. അതുതന്നെയായിരിക്കും യേശു ക്രിസ്തു ഇപ്പോള്‍ തിരിച്ചു വന്നാലുള്ള സ്ഥിതിയും. വിവിധ ക്രൈസ്തവസഭകള്‍ യേശുവിന്റെപേരില്‍ പഠിപ്പിക്കുന്നതും പ്രസംഗിക്കുന്നതും യേശു കേട്ടാല്‍ അന്തം വിട്ട് ഇതൊന്നും ഞാനൊരിക്കലും പറഞ്ഞിട്ടില്ല എന്നു വിളിച്ചു കൂവിക്കൊണ്ട് തിരിഞ്ഞോടും! ചങ്ങനാശ്ശേശി പ്രാദേശിക സഭയുടെ പള്ളികളിലും അള്‍ത്താരകളിലും പ്രതിഷ്ഠിച്ചിരിക്കുന്ന മാര്‍ത്തോമ്മാ കുരിശു കാണുമ്പോള്‍ യേശു തീര്‍ച്ചയായും ഞെട്ടിപ്പോകും!
വിശ്വാസം സംബന്ധിച്ചുള്ള തികച്ചും ലളിതമായ കാര്യങ്ങള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമാക്കി അവതരിപ്പിച്ച് “ഇത് ആര്‍ക്കും മനസ്സിലാക്കാനാവാത്ത പരമരഹസ്യമാണ്” എന്നവകാശപ്പെടുന്ന പ്രവണതയാണ് ആദ്യമൂന്നുനൂറ്റാണ്ടുകള്‍ക്കുശേഷം സഭാചരിത്രത്തില്‍ കാണുന്നത്. Mystify ചെയ്തിട്ട് (നിഗൂഢമാക്കിയിട്ട്) Mystery (അപൂര്‍വ്വ ജ്ഞാനികള്‍ക്കുമാത്രം ഗ്രഹിക്കാനാവുന്ന പരമരഹസ്യം) ആണെന്നു പറഞ്ഞ് വിശ്വാസികളെ സംഭ്രമിപ്പിക്കുക! ഒരുദാഹരണം: യഹൂദരെപ്പോലെ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ജിവിച്ചിരുന്ന ക്രിസ്ത്യാനികളും ഏക ദൈവത്തിലാണ് വിശ്വസിച്ചിരുന്നത്. യേശുവും തന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവും രണ്ടല്ല, ഒന്നു തന്നെയാണെന്ന് പലവട്ടം യേശു തറപ്പിച്ചു പറഞ്ഞതായി ബൈബിളില്‍ കാണാം. താനല്ലാതെ, തന്നെ മറികടന്ന്, തനിക്കപ്പുറം പിതാവിനെ കാണിച്ചുതരണമെന്നാവശ്യപ്പെടുന്ന ഫിലിപ്പോസിനുള്ള യേശുവിന്റെ മറുപടി ശാസനാരൂപത്തിലാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായം 9 മുതല്‍ 12 വരെയുള്ള വാക്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കണം.
യേശുവിന്റെ വ്യക്തമായ ഈ വാക്കുകള്‍ തിരസ്‌കരിച്ചിട്ട്, ‘വെളിപാടു' ലഭിച്ച സഭാപിതാക്കന്മാര്‍ A.D. 325-ല്‍ ഇപ്പോള്‍ ടര്‍ക്കിയുടെ ഭാഗമായ നിഖ്യാ( ചകഇഅഋഅ) യില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വിളിച്ചുചേര്‍ത്ത സൂനഹദോസില്‍ ഏക ദൈവത്തിനു പകരം പരിശുദ്ധത്രിത്വത്തെ കണ്ടെത്തി! എന്നിട്ടോ, സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന പ്രഗത്ഭനായ സര്‍ജന്റെ കരവിരുതോടെ, അല്ലെങ്കില്‍ മഹാമാന്ത്രികനായ മുതുകാടിന്റെ മാന്ത്രിക വടി ഉപയോഗിച്ച്, ത്രിത്വത്തിലുള്ള മൂന്നാളുകളെ വേര്‍തിരിച്ച് മാലോകരെയെല്ലാം കാണിച്ചു! എന്നിട്ടു പ്രഖ്യാപിച്ചു, വിശുദ്ധ ത്രിത്വത്തിന്റെ ഈ നിഗൂഢരഹസ്യമാണ് കത്തോലിക്കാസഭയുടെ ഏറ്റവും വലിയ വിശ്വാസസത്യം എന്ന്! കൃത്യം ഒരു നൂറ്റാണ്ടു കഴിഞ്ഞ് ത്രിത്വത്തിന്റെ രഹസ്യത്തെക്കുറിച്ച് ആലോചിച്ചാലോചിച്ച് കടപ്പുറത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടന്ന സെയിന്റ് അഗസ്റ്റിന്റെ തല പുകഞ്ഞുപോയെന്നും, അവസാനം കക്കകൊണ്ട് കടലിലെ വെള്ളം മുഴുവന്‍ കോരിവറ്റിക്കാന്‍ ശ്രമിച്ച മാലാഖ പറഞ്ഞിട്ടാണ് ആലോചന നിറുത്തിയതെന്നും കഥയുണ്ടാക്കി പ്രചരിപ്പിച്ചു! ദൈവം ഏക ശക്തിയാണെന്നും പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയെന്നും പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്ന അരൂപിയും ( spirit) സര്‍വ്വശക്തനുമായ ദൈവത്തിന്റെ കൃപയും ശക്തിയും വിവിധ രൂപത്തിലും ഭാവത്തിലും അനുഭവപ്പെടുന്നതാണ് പരിശുദ്ധാത്മാവും പുത്രനുമെന്നും മനസ്സിലാക്കാനും അതു വിശ്വസിക്കാനും സാധാരണ ജനങ്ങള്‍ക്ക് എളുപ്പമായിരുന്നു. അതിനു പകരം, അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരസദസ്സിലെന്നപോലെ പുത്രനെയും പരിശുദ്ധാത്മാവിനെയും ഇരുവശത്തുമിരുത്തി നടുക്ക് സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന പിതാവായ ദൈവത്തെ ചിത്രീകരിക്കാനാണ് സഭയുടെ ശ്രമം. സദസ്സു നിറയെ സദാസമയവും “സ്‌തോത്രം” എന്ന് ആലപിക്കാന്‍ മാലാഖാമാരും, തപ്പും തകിലും കൊട്ടാന്‍ പുണ്യവാന്മാരും ഉണ്ടല്ലോ! ത്രിത്വത്തിന്റെ രഹസ്യം വെളിപാടുവഴി മനസ്സിലാക്കിയവര്‍ ‘യഹോവയായ ദൈവമേ’, അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ’ എന്നൊക്കെ പ്രാര്‍ത്ഥിക്കുന്നത് എത്ര വലിയ വിവരക്കേടാണ്! എബ്രഹാമും പിന്‍തലമുറകളും വിശ്വസിച്ചതു ത്രിത്വത്തിലല്ല; യഹോവ ത്രിത്വമല്ല.; യഹൂദന്മാര്‍ക്ക് ത്രിത്വമെന്നു പറയുന്നത് പൊറുക്കാനാവാത്ത ദൈവദൂഷണമാണ്. ‘ത്രിത്വം’ എന്ന വാക്ക് യേശു ഒരിക്കല്‍പോലും ഉച്ചരിച്ചിട്ടില്ല എന്ന സത്യം അവഗണിച്ചത് എന്തുകൊണ്ടാണ്?
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനും കരിസ്മാറ്റിക് പ്രസ്ഥാനക്കാരുടെ ആഗമനത്തിനുംശേഷം ഇപ്പോള്‍ സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതു പരിശുദ്ധാത്മാവാണ്! അടുത്ത കാലത്ത് ചങ്ങനാശ്ശേരി പ്രാദേശികസഭയില്‍ പരിശുദ്ധാത്മാവ് കൂടുതല്‍ അധികാരം പിടിച്ചെടുത്തു! പരിശുദ്ധ ത്രിത്വം എന്നു കേള്‍ക്കുമ്പോഴെല്ലാം മൂവരും ചേര്‍ന്നുള്ള ഒരു സമഭുജ ത്രികോണമാവും ( Equilateral Triangle) നമ്മുടെ മനസ്സില്‍ വരുന്നത്. എട്ടാം നൂറ്റാണ്ടില്‍ സഭ തയ്യാറാക്കിയ വിശ്വാസപ്രമാണത്തില്‍ (Apostles’ Creed) പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്നാണുള്ളത്. എന്നാല്‍ ചങ്ങനാശ്ശേരിയിലെ രണ്ടു മെത്രാപ്പോലീത്താമാര്‍ക്ക് പുതിയതായി ലഭിച്ച വെളിപാട് (= സ്വര്‍ഗ്ഗത്തില്‍ നിന്നും കിട്ടുന്ന e-mail) അനുസരിച്ച് അവരുടെ മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരിയിലെ ദൈവശാസ്ത്രജ്ഞന്മാരെല്ലാം ഒത്തു ചേര്‍ന്ന് പരിശുദ്ധത്രിത്വമാകുന്ന ത്രികോണം അടിച്ചുപരത്തി പരിശുദ്ധാത്മാവിനു കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു. അടുത്ത കാലംവരെ പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെട്ടിരുന്ന പരിശുദ്ധാത്മാവ്, പുത്രനെ തള്ളി മാറ്റിയിട്ട് പിതാവില്‍നിന്നു നേരിട്ടാണ് ഇപ്പോള്‍ പുറപ്പെടുന്നത്! യോഹന്നാന്റെ സുവിശേഷം 15-ാം അദ്ധ്യായം 26-ാം വാക്യം കണ്ടില്ലെന്നു നടിക്കുന്നില്ല. “പിതാവില്‍ നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് ”എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍, “ഞാന്‍ (പുത്രന്‍) പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍” എന്ന ആദ്യഭാഗം ശ്രദ്ധിക്കാതിരിക്കരുത്. ദൈവശാസ്ത്രപണ്ഡിതനല്ലാത്തതുകൊണ്ട് ത്രിത്വത്തെക്കുറിച്ചുള്ള പരാമര്‍ശം ഇവിടെ നിറുത്തുന്നു. ഒരിക്കലും വിശ്വസിക്കാന്‍ തോന്നിയിട്ടില്ലാത്തതും അതിവിചിത്രവുമായ മറ്റൊരു വിശ്വാസസത്യം അവതരിപ്പിക്കുന്നതിനുള്ള ആമുഖമായി ത്രിത്വത്തിന്റെ കാര്യം സൂചിപ്പിച്ചുവെന്നേയുള്ളൂ.
ഉത്ഭവപാപം
കാര്യങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കുന്നതിനുള്ള പ്രായമായപ്പോള്‍മുതല്‍ ഉത്ഭവപാപത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. അബദ്ധജഡിലമെന്നും അപഹാസ്യമെന്നും കരുതുന്ന  ഈ വിശ്വാസരഹസ്യത്തിന് സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഉല്പത്തിപ്പുസ്തകത്തിലുള്ള സൃഷ്ടിയുടെ വിവരണം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമല്ലെന്ന് ആറു ദശവത്സരങ്ങള്‍ക്കുമുമ്പ് പണ്ഡിതനായ ഒരു ജസ്വീറ്റ് വൈദികന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍മുതല്‍, സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അബദ്ധവിശ്വാസം അധികം താമസിയാതെ തിരുത്തും എന്നു പ്രതീക്ഷിച്ചിരുന്നു. അനേകലക്ഷം വര്‍ഷങ്ങള്‍ നീണ്ടുപോയ പരിണാമപ്രക്രിയവഴിയല്ലേ മനുഷ്യന്‍ ഇന്നത്തെ രൂപത്തിലെത്തിയത് എന്ന ചോദ്യത്തിന് ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞന്മാര്‍ അക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു 12-ാം പിയൂസ് മാര്‍പാപ്പായുടെ മറുപടി. പരിണാമത്തിലൂടെയാണ് എന്നു തെളിഞ്ഞാല്‍ ആ പ്രക്രിയയുടെ പിന്നിലുള്ള പ്രേരകശക്തി ദൈവമാണെന്നു വിശ്വസിച്ചാല്‍മതി എന്നാണ് പരിണതപ്രജ്ഞനായ മാര്‍പാപ്പാ പറഞ്ഞത്.
രണ്ടാം വത്തിക്കാന്‍ സുനഹദോസു നടക്കുന്ന കാലത്ത് കത്തോലിക്കാ മതവിശ്വാസിയും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്ന ജോണ്‍ ഹ്യൂര്‍സെലര്‍  സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്ന് റോമിലേക്ക് ഒരു ചോദ്യം അയച്ചുകൊടുത്തു. നരവംശത്തിന്റെ ഉത്ഭവം പണ്ടു വിശ്വസിച്ചിരുന്നതുപോലെ ഒരു ജോഡി മാതാപിതാക്കളില്‍ നിന്നല്ല , ഒട്ടനവധി മാതാപിതാക്കളില്‍ നിന്നാണ് എന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലിനെപ്പറ്റി സഭയുടെ അഭിപ്രായം എന്താണെന്നായിരുന്നു ചോദ്യം. കാര്‍ഡിനല്‍ ടിസ്സറാങിന്റെ മറുപടി, ശാസ്ത്രജ്ഞന്മാര്‍ സ്വതന്ത്രമായി ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യം വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ സഭ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു. ഉത്ഭവപാപത്തെപ്പറ്റി 1966 ജൂലെ 11-ാം തീയതി നടന്ന സിമ്പോസിയത്തില്‍ പങ്കെടുത്ത ദൈവശാസ്ത്രജ്ഞന്മാരോട്, വത്തിക്കാന്‍ കൗണ്‍സില്‍ തുടര്‍ന്നു നടത്താനുള്ള കൃത്യമായ ദിശാബോധം നല്കിയ പണ്ഡിതപ്രവരനായ പോള്‍ ആറാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടതു്, ഉത്ഭവപാപത്തിന് ആധുനികകാലത്തെ മനുഷ്യര്‍ക്കു ബോദ്ധ്യമാവുന്ന രീതിയില്‍ പ്രസക്തമായ ഒരു വിശദീകരണം നല്കാനായിരുന്നു എന്ന് റവ. ഡോ. സിപ്രിയന്‍ ഇല്ലിക്കമൂറിയുടെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇങ്ങനെ, ഉത്ഭവപാപത്തിന്റെ വിഴുപ്പുഭാണ്ഡം താഴെയിറക്കാനുള്ള സാദ്ധ്യത തെളിയുന്നു എന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, പൂര്‍വ്വാധികം ഭീകരതയോടെ ഈ പാപത്തെ അരക്കിട്ടുറപ്പിക്കാന്‍ സഭ നടത്തുന്ന ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. ഇരുട്ടുള്ള മുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ പൊട്ടക്കണ്ണന്‍ തപ്പിപ്പിടിക്കാന്‍ ശ്രമിക്കുന്നതുപോലെ, ലോകാരംഭത്തില്‍ ജീവിച്ചിരുന്നു എന്നു സങ്കല്പിക്കുന്ന ആദവും ഹവ്വയും ചെയ്‌തെന്നു പറയുന്ന ഏതോ തെറ്റില്‍ നിന്നുണ്ടായ ഉത്ഭവപാപത്തെ 'കാതലായ ഒരു വിശ്വാസസത്യ'മായി പുനഃപ്രതിഷ്ഠിച്ച് ഈ തീരാക്കളങ്കം അംഗീകരിച്ചില്ലെങ്കില്‍ യേശുക്രിസ്തുവിലുള്ള വിശ്വാസംതന്നെ അപകടത്തിലാകുമെന്നുള്ള ഭീഷണി വായിച്ചതിന്റെ പ്രതികരണമാണ് ഈ ദീര്‍ഘലേഖനം. കത്തോലിക്കാ വിശ്വാസസംഹിതകളെല്ലാം ക്രോഡീകരിച്ച് ‘Catechism of the Catholic Church’ എന്ന പേരില്‍ ഒരു ഔദ്യോഗിക ഗ്രന്ഥം അടുത്ത കാലത്ത് റോമില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിലാണ് ഈ ഭീഷണി അടിച്ചുറപ്പിച്ചിരിക്കുന്നത്. (തുടരും) 

No comments:

Post a Comment