Translate

Friday, January 5, 2018

അഫ്ളുവെൻസബിഷപ്സ് (Affluenza Bishops)

(എന്റെ ഒരു പഴയലേഖനം. ഇന്നും വളരെ പ്രസക്തം)

ചാക്കോ കളരിക്കൽ

2013- അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിൽ (Texas State) 16 വയസ്സുകാരൻ മദ്യപിച്ചു വണ്ടിയോടിച്ച് അ പകടമുണ്ടാക്കി നാലു പേരെ (മൂന്ന് കുടുംബങ്ങളിലെ അംഗങ്ങൾ) കൊലപ്പെടുത്തി. ആ കേസിന്റെ  വിധിയിൽ ജഡ്ജി ചെറുപ്പക്കാരനോട്വളരെ ദയ കാണിക്കുകയുണ്ടായി. കേസിനോടനുബന്ധിച്ച് വളരെപ്പേർ കോടതിയിൽ സാക്ഷ്യപ്പെടുത്തുകയുണ്ടായെങ്കിലും ഒരു മന:ശാസ്ത്രജ്ഞന്റെ സാക്ഷ്യമാണ് ജഡ്ജി കാര്യമായി സ്വീകരിച്ചത്മാതാപിതാക്കളുടെ അതിസമ്പത്തിൽ വളരേണ്ടി വന്നതിനാൽ ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കാത്ത ഒരു സ്വാഭാവികാവസ്ഥ ചെറുപ്പക്കാരനിലേയ്ക്ക് പകർത്തപ്പെട്ടെന്നുംഅവന്റെ  അവസ്ഥയാണ്‌  മരണഹേതുകമായ വാഹനാപകടത്തിന്  കാരണമായതെന്നുംആയതിനാൽ അവൻ തെറ്റുകാരനല്ലെന്നുമാണ് മന:ശാസ്ത്രജ്ഞൻ കോടതിയെ ബോധിപ്പിച്ചത്. വൈദ്യശാസ്ത്രപരമായ രോഗനിർണ്ണയം അമേരിക്കൻ  സൈക്യാട്രിക് അസോസിയേഷൻ (American Psychiatric Association) അംഗീകരിച്ചിട്ടില്ല. എങ്കിലും ജഡ്ജി മന:ശാസ്ത്രജ്ഞന്റെ സാക്ഷ്യപ്പെടുത്തലിനെ അംഗീകരിച്ചുകൊണ്ട്  അവന് 10 വർഷത്തെ നല്ല നടത്തയ്ക്ക് വിധിക്കുകയാണ്  ചെയ്തത്. അവൻ  അറിയപ്പെടുന്നത് 'അഫ്ളുവെൻസ റ്റീൻ' (Affluenza Teen) എന്നാണ്. ഈത്തൻ കൌച് (Ethan Couch) എന്നാണ് കൊലയാളിയുടെ ശരിയായ പേര്.
സംഭവം ഞാനിവിടെ കുറിക്കാൻ ഒരു കാരണമുണ്ട്. ആ മന:ശാസ്ത്രജ്ഞൻ കോടതിയിൽ സാക്ഷ്യപ്പെടുത്തിയതു പോലെ നമ്മുടെ മെത്രാന്മാരുടെ അതിസമ്പത്തുകാരണം അവർക്കും ചെറുപ്പക്കാരന്റെ അഫ്ളുവെൻസ അസുഖം ബാധിച്ചിട്ടുണ്ടോയെന്ന് ഞാൻ  ബലമായി സംശയിക്കുന്നു. കാരണം സിംഹാസനങ്ങളിലും പണച്ചാക്കിന്റെ മുകളിലും സ്ഥാനമാനങ്ങളിലും അള്ളിപ്പിടിച്ചിരിക്കുന്ന മെത്രാന്മാർക്കും ശരിയും തെറ്റും തിരിച്ചറിയാൻ പലപ്പോഴും സാധിക്കുന്നില്ലെന്ന്  അവരുടെ പ്രവൃത്തികൾ കണ്ടാൽ അറിയാം. അവരുടെ അനീതികളും അഴിമതികളും നാൾക്കുനാൾ വർദ്ധിക്കുകയുമാണ്പക്കാ ഫരിസേയിസവും കച്ചവടങ്ങളുമാണ്  മിക്ക രൂപതകളിലും നടക്കുന്നത്. ഉദാഹരണത്തിന്  വിദ്യാഭ്യാസരംഗത്തെ കച്ചവടം, ആശുപത്രിനടത്തിപ്പിലെ കച്ചവടം. ജനത്തെ അംഗീകരിക്കാത്ത, മാനിക്കാത്ത, ശ്രദ്ധിക്കാത്ത, വളർത്താത്ത, അടിമത്തമന:സ്ഥിതിയോടെ നയിക്കുന്ന മതമേധാവികളാണെവിടെയും. മതങ്ങൾ തമ്മിലോ ആൾദൈവങ്ങൾ തമ്മിലോ ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ലസമ്പത്തിന്റെ  ധാരാളിത്വംമൂലം സഭയ്ക്ക് അർബുദ രോഗം കയറിപ്പിടിച്ചിരിക്കുകയാണ്. ബഹുഭൂരിഭാഗം സാധാരണവിശ്വാസികളും സഭാധികാരികൾക്കെതിരേയും സഭാനടപടികൾക്കെതിരേയും ചിന്തിക്കുന്നവരാണ്. എന്നാൽ അധികാരികളുടെ അനീതികളും അഴിമതികളും കണ്ടാൽ ഒരാളും തുറന്നു പ്രതികരിക്കുന്നില്ല. കുടുംബത്തകർച്ച, ധാർമികാധ:പ്പതനം, വിവാഹംപൊട്ടിത്തെറിക്കൽ, സ്വാതന്ത്ര്യത്തിന്റെ നാശം, സ്വകാര്യസഭ്യതയുടെ പോരായ്മ, ജനാധിപത്യത്തിന്റെ അധോഗതി എല്ലാം നാമിന്ന് കാണുന്നുണ്ട്. ഇതിനൊക്കെയെതിരായി വൈദികർ പോലും ശബ്ദിക്കുന്നില്ല. എല്ലാ വൈദികരും മെത്രാന്മാരുടെ കാലുകഴുകി എല്ലാ അനീതികൾക്കും 'എറാൻ ' മൂളി സ്ഥാനമാനങ്ങൾ മോഹിച്ച്  കഴിയുകയാണ്. അതുകൊണ്ട് മെത്രാന്മാർക്ക് എന്ത്  സന്തോഷമാണന്നറിയാമോ? ധാരാളം സ്തുതിപാഠകർ! മെത്രാന്മാർ പേക്കിനാവോടെ ഉണരുന്ന സമയം വിദൂരമല്ല.
ശതകോടികളുടെ സമ്പത്തിന്മേൽ കയറിയിരുന്നുകൊണ്ട് ദാരിദ്ര്യം മാറ്റാനായി പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ദൈവനിന്ദയല്ലേ? ഒരു മെത്രാന്റെ ഭരണരീതി രാഷ്ട്രിയക്കാരന്റെപോലെയും ബിസിനസ്സുകാരന്റെപോലെയും എന്നതിലുമുപരി ഒരു പട്ടാളമേധാവിയെപ്പോലെയുമാണ്. കാനോൻ നിയമം മെത്രാന്റെ   പ്രത്യേക  അധികാരത്തെ ചുറ്റിപ്പറ്റി നിർമ്മിച്ച നിയമസംഹിതയാണല്ലോ.
മുൻകാലങ്ങളുമായി തട്ടിച്ചുനോക്കിയാൽ നല്ലശതമാനം സഭാപൗരരും ഇന്ന് വിദ്യാസമ്പന്നരാണ്, ബുദ്ധിമാന്മാരാണ്, സഭയെ എല്ലാ തരത്തിലും സഹായിക്കാൻ സാധിക്കുന്നവരാണ്. അവർ ഒറ്റയ്ക്കും സംഘടിതമായും സഭയുടെ എല്ലാ തലങ്ങളിലും പങ്കാളികളാകാൻ നന്മനസ്സു കാണിച്ചിട്ടുണ്ട്, അഭ്യർത്ഥിച്ചിട്ടുമുണ്ട്. പക്ഷെ,സഭാധികാരത്തിന് അവരെകൊണ്ട് ആവശ്യമില്ല എന്ന നിലപാടാണ്  ഇന്നും നിലനില്ക്കുന്നത്മെത്രാന്റെ 'വൺ മേൻ ഷോ'യാണ് സഭയിൽ നടക്കുന്നത്. എല്ലാമറിയാവുന്ന മെത്രാന്മാർക്ക് ഏറ്റവും കുറച്ച് അറിയാവുന്നത്  സഭാപൗരരെമാത്രമാണ്.
അഭ്യസ്തവിദ്യരായ നസ്രാണികൾ സഭയെ കാലോചിതമായി നവീകരിക്കാൻ എല്ലാ വിധേനയും പരിശ്രമിക്കുന്നുണ്ട്. സഭാപൌരരുടെ നിയമാനുസൃതവും ന്യായവുമായ പരാതികൾ ശ്രവിക്കാൻ മെത്രാന്മാർ കടപ്പെട്ടവരാണ്. സഭാധികാരികളും സഭാപൌരരും തമ്മിലുള്ള സുഗമമായ ചർച്ചകൾക്കുള്ള അവസരം ഇന്നത്തെ സഭയുടെ അവസ്ഥയിൽ അനിവാര്യമാണ്. സഭാപൌരരെ വെറും നോക്കുകുത്തികളാക്കുന്നത് ശരിയല്ല. സഭാധികാരം ഇന്നോളം അവരെ പത്ത് തീണ്ടാപ്പാടകലയെ നിർത്തിയിട്ടൊള്ളൂ. ഇക്കാര്യത്തിലുള്ള മെത്രാന്മാരുടെ മൌനം സഭാനവീകരണക്കാരുടെ ഇച്ഛാഭംഗത്തെ ക്ഷോഭിപ്പിക്കാനേ കഴിയൂ. അവരുടെ മൌനപ്രതിരോധനം ഒരുനാൾ പരാജയപ്പെടും. മൌനംകൊണ്ട് പരാജയത്തെ ദീർഘിപ്പിക്കുന്നുവെന്നേയുള്ളൂ. വെറുതെയല്ലാ സൈബർലോകം മുഴുവൻ മെത്രാന്മാരെപ്പറ്റിയുള്ള വിദ്വേഷവിമർശനംകൊണ്ട് നിറഞ്ഞുനില്ക്കുന്നത്. കാലികകാര്യങ്ങളെ സംബന്ധിച്ച് അവർക്ക് ഒന്നും അറിയില്ലെന്നുള്ളത് ലജ്ജാകരവും ഖേദകരവുമാണ്. Bishops are hopelessly out of touch with today's world reality. വിശ്വാസികൾക്ക് വിശ്വാസമൊരു കുരിശായിരിക്കുകയാണിന്ന്. പരിതാപകരമായ ഒരവസ്ഥയാണത്‌. മെത്രാന്മാരുടെ കാഴ്ചപ്പാടുകളിൽ ആത്യന്തികമായ ഒരു വ്യതിയാനം (paradigm shift) ഇന്നാവശ്യമാണ്.
യേശുവിന്റെ പഠനങ്ങളും പള്ളിയധികാരികളുടെ പ്രവൃത്തികളും കാലാകാലങ്ങളായി എത്രയോ വിരുദ്ധമാണ്‌. വിശ്വസ്തതാപൂർവം യേശുവിനെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എത്ര മെത്രാന്മാർക്ക് നെഞ്ചത്ത്കൈവച്ച് പറയാൻ സാധിക്കും? സഭസുവിശേഷഘോഷകസംഘമാണ്. ദൗത്യനിർവഹണമാണ് ഒരു മെത്രാന്റെ കടമ. പക്ഷെ അവരുടെ പ്രവൃത്തികൾ കണ്ടാൽ യേശുവിന്റെ പേരിൽ കൊള്ളയടിക്കുന്നതിൽ തെറ്റില്ലന്നു തോന്നും. 'ഞങ്ങൾക്ക് നിങ്ങളുടെ ഭരണം മൂക്കറ്റംവരെയായി. ഇനി ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല' എന്നുവരെ കാര്യങ്ങൾ വന്നു നില്ക്കുകയാണ്.
സഭാപൌരരുടെ സ്വാതന്ത്ര്യം മെത്രാന്മാരുടെ ഔദാര്യമല്ല. യേശുവാണ് നമ്മെ  സ്വതന്ത്രരാക്കിയത്. വിയോജിക്കുന്നവരെ ശ്രവിക്കുന്നതിലെന്താണു തെറ്റ്? അല്മായരുമായി ഭിന്നിച്ചു നിൽക്കുന്നതിനേക്കാൾ ശക്തമാണ് അവരുമായി പങ്കുചെരുന്നതെന്ന് മെത്രാന്മാർ മനസ്സിലാക്കുന്നില്ല. . കെ. സി. സി. പോലെയുള്ള സമുദായസംഘടനയുടെ തലപ്പത്തുപോലും മെത്രാന്മാർ! അവരിന്ന് സമുദായനേതാക്കളായി ചമഞ്ഞുനടക്കുന്നു. ഒന്നാംതരം രാഷ്ട്രീയക്കാരാണവർ. സഭയിലെ വിശുദ്ധിയും നന്മയും ആരും അവഗണിക്കുന്നില്ല. ശുദ്ധമാന പാപ്പായ്ക്കു വഴങ്ങാത്തവർക്ക് മോക്ഷം ഇല്ലഎന്ന കാലഘട്ടമല്ലിത്. കാലത്തിന്റെ അടയാളങ്ങൾ നാം മനസ്സിലാക്കണം. ഇരുട്ടിൽ തപ്പിത്തടയുന്നവരാകാൻ പാടില്ല.
സ്വാശ്രയവിദ്യാലയങ്ങളും ആശുപത്രികളും ഷോപ്പിംഗ്കോംപ്ളക്സുകളും എസ്റ്റേറ്റുകളും റ്റി. വി. ചാനലുകളുമെല്ലാം നടത്തുന്നതിൽ ശ്രദ്ധാലുക്കളായ മെത്രാന്മാരുടെ സിദ്ധാന്തമൊന്ന് പ്രവൃത്തിയും പ്രായോഗികജീവിതവും മറ്റൊന്ന്. കമ്മൂണിസ്റ്റ്പാർട്ടിയുടെ പ്രശ്നവും അതുതന്നെ. നസ്രായന്റെ പഠിപ്പിക്കലിന്റെ സ്പർശമില്ലാത്ത ആത്മീയതയെ നാം കുടിയിരുത്തിയിട്ടെന്തു കാര്യം? ജീവിക്കുമ്പോഴും ജീവിതമെന്തന്ന് അറിയാതെപോയി അർത്ഥരഹിതരായി ജീവിക്കുന്നതും അഫളുവെൻസയുടെ ലക്ഷണമാണ്.
റോമാചക്രവർത്തിയായ കോൺസ്റ്റന്റയിന്റെ  കാലംമുതൽ ആദിമസഭാകൂട്ടായ്മ നശിച്ച്  വൻപിച്ച സംഘടിതസഭയുണ്ടായിനൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ സഭ എല്ലാവിധത്തിലും വീണ്ടും ദുഷിച്ചു. സുവിശേഷാധിഷ്ടിതമായ ക്രിസ്തീയധർമം നിയമവിരുദ്ധമായി. പതിനാറാംനൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ ദുഷിച്ചസഭയെ നവീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. തത്ഫലമായി പ്രൊട്ടസ്റ്റൻറ്സഭകൾ ഉടലെടുത്തു. അന്നത്തെ സഭാധികാരികളും ഇന്നത്തെ സഭാധികാരികളും അതിൽനിന്ന് യാതൊന്നും പഠിച്ചിട്ടില്ലന്നുള്ളത് ഖേദകരംതന്നെ.
നസ്രാണികളുടെ പള്ളിഭരണം നൂറ്റാണ്ടുകളായി നല്ല നിലയിൽ നടന്നുകൊണ്ടിരുന്നതാണ്. എന്നാൽ മെത്രാന്മാരുടെ അധികാരത്തെ വർദ്ധിപ്പിക്കാൻവേണ്ടി അടുത്തകാലംവരെ നിലനിന്നിരുന്ന പള്ളിഭരണസമ്പ്രദായത്തെ ഫലപ്രദമായി അവർ നശിപ്പിച്ചുകളഞ്ഞു. മാർതോമ്മക്രിസ്ത്യാനികളുടെ പൈതൃകത്തെ അവർ അലങ്കോലപ്പെടുത്തിയെന്നു മാത്രമല്ലാ അലങ്കോലപ്പെട്ടതിനെ പൊക്കിപ്പിടിച്ച് ഉലകംമുഴുവൻ ചുറ്റുകയാണവർ. യേശുവചനങ്ങളുടെ അരൂപി നഷ്ടപ്പെട്ട ഇവർ  ലോകത്തിന് അനുരൂപരായിരിക്കയാണ്. വലിയവലിയ പള്ളികൾ പണുതുകൂട്ടുന്നതിലല്ലാ കാര്യംമറിച്ച്വിശ്വാസികളുടെ ഹൃദയനവീകരണത്തിനും ഇടവകാംഗങ്ങളുടെ സ്നേഹാത്മക കൂട്ടായ്മക്കുമാണ് പ്രാധാന്യമെന്ന് ഇവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാരണം അഫ്ളുവെൻസതന്നെ. തലോർ ഇടവക കാനോൻനിയമത്തിന് കടകവിരുദ്ധമായി തൃശൂർ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് സിഎംഐ സന്യാസസഭക്കാരിൽനിന്നു പിടിച്ചെടുത്ത്സ്വന്തമാക്കിയതും എർണാകുളം-അങ്കമാലി അതിരൂപത ഞാറക്കൽ സ്കൂൾ പിടിച്ചെടുക്കാൻ ശ്രമിച്ചതും കാഞ്ഞിരപ്പള്ളി മെത്രാൻ മാർമാത്യുഅറക്കൽ മോനിക്കയുടെ വസ്തു കൈക്കലാക്കിയതും ദീപിക വിറ്റു തുലച്ചതും എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇന്നുനടക്കുന്ന ഭൂമിവില്പന കുംഭകോണവുമെല്ലാം അഫ്ളുവെൻസരോഗലക്ഷണംതന്നെ.
നമ്മുടെ മെത്രാന്മാരോ വൈദികരോ 'I am sorry'യെന്ന് ഏതെങ്കിലും കാര്യത്തിൽ എന്നെങ്കിലും എവിടെയെങ്കിലും ആരോടെങ്കിലും  പറഞ്ഞതായി നമ്മൾ കേട്ടിട്ടുണ്ടോ? ഇല്ല. കാരണം ഇവർ അത്രയ്ക്കും അഹങ്കാരികളും തൻകാര്യക്കാരും കുടിലരുമാണ്. സഭയുടെ അതിവിശാലമായ മടിത്തട്ടിൽ സുഖശീതളിമയിൽ അവർ വിശ്രമിക്കുന്നു.
സഭാധികാരികളെപ്പറ്റി ഇങ്ങനെയൊക്കെ കുറിക്കാൻ ഇടയാകുന്നത് വേദനാജനകമാണ്. പക്ഷെ, മറ്റു നിർവാഹങ്ങളൊന്നുമില്ലെങ്കിൽ എന്തുചെയ്യും? നല്ല മെത്രാന്മാരെയും നല്ല വൈദികരെയും നാം ബഹുമാനിക്കുകയും അവർക്ക് സർവ്വവിധ സഹായസഹകരണങ്ങളും ചെയ്തുകൊടുക്കുകയും വേണം. എങ്കിലും വി. ജോവാൻ ഓഫ് ആർക്ക് പറഞ്ഞതായിരിക്കണം നമ്മുടെ ലക്ഷ്യം: "God served first".
ഇതെല്ലാം വെറും മായാദർശനമായിരുന്നെങ്കിൽ ഞാൻ റോഡിലിറങ്ങി നൃത്തംചെയ്യുമായിരുന്നു. പക്ഷെ യാഥാർഥ്യം അതല്ലല്ലോ.
പൌരാണികമായ നസ്രാണിസാംസ്കാരികതയുടെ രശ്മികൾ ഇരുട്ടിൽ തപ്പിത്തടയുന്ന മെത്രാന്മാരെ  മായാലോകത്തുനിന്നു വർത്തമാനകാലത്തിലേയ്ക്ക് നയിക്കാൻ ഇടയാകട്ടെ. " ലോകത്തിന്ന് അനുരൂപരാകാതെ, നിങ്ങളുടെ മനസ്സിനെ നവീകരിച്ചു രൂപാന്തരപ്പെട്ട്, ദൈവഹിതം എന്തെന്ന്, നന്മയായതും സ്വീകാര്യമായതും പൂർണമായതും എന്തെന്ന്, തിരിച്ചറിയുക" (റോമ. 12:2). 'ദൈവം തീർച്ചയായും നമ്മുടെ ജനത്തെ കൈവെടിയുകയില്ല' എന്ന പറേമ്മാക്കൽ ഗോവർണദോരുടെ ആത്മവിശ്വാസം എനിക്കുമുണ്ട്.



No comments:

Post a Comment