Translate

Tuesday, January 30, 2018

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഭൂമി കച്ചവടവും മെത്രാന്മാരുടെ എപ്പിക്കൂരിയനിസവും

എം.എല്‍. ജോര്‍ജ് മാളിയേക്കല്‍ ഫോണ്‍: 9400953632
(ജന. സെക്രട്ടറി, Catholic  Laymen's Association)

പരേതനായ മേജര്‍ ആര്‍ച്ച്ബിഷപ്പ് വര്‍ക്കി വിതയത്തില്‍, സീറോ-മലബാര്‍ സഭയില്‍ പിശാച് ബാധിച്ചിരിക്കുന്നു എന്ന് സ്ഥിരീകരിച്ചിട്ടുള്ളത് ഇന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കയാണ്. പിശാചുബാധ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കാലത്തോളമായി. വിശുദ്ധ ഇടങ്ങളില്‍ വ്യാപരിക്കുന്ന മെത്രാന്മാരിലും അവരുടെ അനുയായികളായ ഒരു വിഭാഗം വൈദികരിലുമാണ് ഈ ബാധ പ്രവേശിച്ചിട്ടുള്ളത്. അധികാരവും ആധിപത്യവും ആര്‍ഭാടവും ധൂര്‍ത്തും കാപട്യവും ചൂഷണവും ആഭിചാരവും അസന്മാര്‍ഗ്ഗികതയും വഞ്ചനയും തട്ടിപ്പും സ്വാര്‍ത്ഥതയും സുഖലോലുപതയും കൈമുതലാക്കി കത്തോലിക്കാ മെത്രാന്മാര്‍ ദൈവനിഷേധപ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ച് ക്രിസ്തീയ ജീവിത ശൈലി കൈവിട്ടിരിക്കയാണ്.
യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരെല്ലാവരും ഒരു സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിത്തീരുകയും ചെയ്യുമ്പോഴാണ് ക്രിസ്തീയ ജീവിതശൈലി ഉടലെടുക്കുന്നത്. എ.ഡി. 52-ല്‍ യേശുവിന്റെ 12 ശിഷ്യരില്‍ ഒരാളായ വി. തോമ്മാശ്ലീഹായാല്‍ ഭാരതത്തില്‍ തുടക്കമിട്ട ക്രൈസ്തവസഭ ക്രിസ്തീയ ജീവിതശൈലിയില്‍ അടിയുറച്ചതാണ്. വിശ്വാസിസമൂഹം ഒരു ഹൃദയവും ഒരു ആത്മാവുമായി വ്യാപരിച്ചു. സഭാസ്വത്തുക്കള്‍ ആരും തങ്ങളുടെ സ്വന്തമെന്ന് അവകാശപ്പെട്ടിരുന്നില്ല. എല്ലാം പൊതുവായിരുന്നു. ദേശിയതയില്‍ അടിയുറച്ച് ജനാധിപത്യവ്യവസ്ഥിതിയിലാണ് സഭ പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. ഇതു തികച്ചും ക്രൈസ്തവമായിരുന്നു.
സഭാപ്രവര്‍ത്തനം ആത്മീയ മണ്ഡലമെന്നും ഭൗതികമണ്ഡലമെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. ആത്മീയകാര്യങ്ങളില്‍ വ്യാപരിക്കുന്ന മെത്രാന്മാരെയും വൈദികരെയും ഭൗതികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്നും യേശു വിലക്കിയിട്ടുള്ളതാണ് (മത്താ. 10:9-10, മര്‍ക്കോ. 6:7-9, ലൂക്കാ 9:3-6). ആത്മീയശുശ്രൂഷയ്ക്കായി സത്യപ്രതിജ്ഞ എടുക്കാത്തവരായ അല്‍മായസമൂഹത്തെ ഭൗതികമണ്ഡലത്തിന്റെ ശുശ്രൂഷയ്ക്കായി യേശു ചുമതലപ്പെടുത്തി (അപ്പ.പ്രവ. 6:2-4, ലൂക്കാ 10:8). സ്വകീയരും ലൗകികരായിരിക്കുന്നവരും ലോകത്തില്‍ ജീവിച്ചുകൊണ്ട് സഭയുടെ ദൗത്യത്തില്‍ പങ്കുചേരുന്നവരും, പട്ടമോ സന്ന്യാസവ്രതമോ സ്വീകരിക്കാത്തവരുമായ ക്രിസ്തീയവിശ്വാസികളെയാണ് അല്‍മായര്‍ എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. മാമ്മോദീസവഴി അല്‍മായര്‍ യേശുക്രിസ്തുവിനോടു ചേര്‍ന്ന് ഒരു ശരീരമായിത്തീരുന്നു. അവര്‍ യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിലും രാജത്വത്തിലും സ്വര്‍ഗ്ഗീയമായ രീതിയില്‍ പങ്കുകാരാണ്. ഭൗതികമായ എല്ലാ വ്യവഹാരങ്ങളിലും ജോലികളിലും ഏര്‍പ്പെട്ടുകൊണ്ട് കുടുംബസംബന്ധവും സാമൂഹികവുമായ ജീവിതത്തില്‍ തങ്ങളുടെ അസ്തിത്വവുമായി ബന്ധപ്പെട്ടുകിടക്കുന്ന ലോകത്തിലെ സാധാരണ സാഹചര്യത്തിലാണ് അല്‍മായര്‍ ജീവിക്കുന്നത്. സഭയുടെ ഭൗതിക കാര്യങ്ങളെ ദൈവേഷ്ടപ്രകാരം നിയന്ത്രിച്ചും നിര്‍വ്വഹിച്ചും ക്രമീകരിച്ചും സ്വന്തം ദൈവവിളിക്കനുസൃതമായി ദൈവരാജ്യം അന്വേഷിച്ചും ജീവിക്കുക എന്നതാണ് അല്‍മായരുടെ പ്രഥമമായ കടമ. ഇങ്ങനെ അല്‍മായര്‍ ജീവിതമാതൃകയിലും വിശ്വാസം, ശരണം, ഉപവി എന്നീ ദീപ്തിയാലും മറ്റുള്ളവര്‍ക്ക് യേശുവിനെ വെളിപ്പെടുത്തിക്കൊടുക്കുന്നു. ഇതനുസരിച്ചാണ് അല്‍മായര്‍ സഭയിലെ ഭൗതികകാര്യങ്ങളുടെ ശുശ്രൂഷാ ചുമതല നിര്‍വ്വഹിച്ചുപോന്നിട്ടുള്ളത്. അതോടൊപ്പം വിശ്വാസം, പ്രത്യാശ, ഉപവി ഇവയില്‍ തിളങ്ങിക്കൊണ്ട് സഭാസമൂഹത്തില്‍ നീതിപൂര്‍വ്വകമായ നിയമനിര്‍മ്മാണം നടത്താനും ലോകവിശുദ്ധീകരണത്തിന്റെ പുളിമാവാകാനും അല്‍മായര്‍ക്കാണ് അവകാശവും കടമയും ദൈവവിളിയുമുള്ളത്. ''ഒരു ഭൃത്യന് രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോട് ഭക്തികാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ച് സേവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല' (ലൂക്കാ 16:13).
ആത്മീയ മണ്ഡലത്തില്‍ വ്യാപരിക്കുന്ന മെത്രാന്മാര്‍ക്കും അവരുടെ അനുയായികളായ വൈദികര്‍ക്കും യേശു നല്‍കിയിട്ടുള്ള നിര്‍ദ്ദേശമാണത്. ഈ ക്രിസ്തീയ തത്ത്വങ്ങളെ അവഗണിച്ച് മെത്രാന്മാര്‍ ആത്മീയമണ്ഡലത്തിന്റെയും ഭൗതികമണ്ഡലത്തിന്റെയും കൈകാര്യസ്ഥരായതാണ് ഇന്ന് സഭ നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും അപവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും ദുഷ്‌പ്പേരിനും കാരണമായിട്ടുള്ളത്. ആത്മീയ ശുശ്രൂഷ മറികടന്ന് മെത്രാന്മാര്‍ ഭൗതികശുശ്രൂഷയുടെ കൈകാര്യസ്ഥരായതോടെ അവര്‍ ആഭിചാരകാര്‍മ്മികരായി മാറി. ആഭിചാരം എന്നാല്‍ ഇംഗ്ലീഷില്‍ 'ബ്ലാക്ക് മാജിക്ക്' എന്നാണര്‍ത്ഥം. ക്രിസ്തീയ ആത്മീയത എന്ന വ്യാജേന തങ്ങള്‍ക്ക് വിലക്കപ്പെട്ട ഭൗതികം കൈകാര്യംചെയ്യുമ്പോള്‍ ആഭിചാരം ഉടലെടുക്കുന്നു. ഇത്തരം ആഭിചാരപ്രവൃത്തികളാണ് ഇന്ന് കത്തോലിക്കാസഭയില്‍ നടമാടുന്നത്.
യേശുനാഥന്‍ ശിഷ്യരെ അടുത്തുവിളിച്ചു പറഞ്ഞു: ''വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്തം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നു എന്നും നിങ്ങള്‍ക്കറിയാമല്ലോ? എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രെ (മര്‍ക്കോ. 10: 42-45, മത്താ. 20: 25-28, ലൂക്കാ. 22:24-27). കത്തോലിക്കാമെത്രാന്മാര്‍ ക്രിസ്തീയതയ്‌ക്കെതിരായി അധികാരവും ആധിപത്യവും സ്ഥാപിച്ച് ദൈവജനത്തിനുമേല്‍ യജമാനത്തം പുലര്‍ത്തുന്നതിനുവേണ്ടി വിശ്വാസത്തിന്റെ ഭാഗമെന്ന വ്യാജേന ഏകാധിപത്യ കാനന്‍നിയമങ്ങള്‍ നിര്‍മ്മിച്ചു നടപ്പിലാക്കി ആഭിചാരകര്‍മ്മങ്ങളില്‍ അഭിരമിക്കുകയാണ്.
''ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുവകകളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു'' (കൊളോ. 3:1-4) ആത്മീയശുശ്രൂഷയ്ക്ക് സത്യപ്രതിജ്ഞ എടുത്തിട്ടുള്ള മെത്രാന്മാരും വൈദികരും ജഡികമായി മരിച്ച് ആത്മാവില്‍ പുനര്‍ജന്മം സ്വീകരിച്ചവരാണ്. അവര്‍ സ്വര്‍ഗ്ഗരാജ്യകാര്യങ്ങള്‍ അന്വേഷിക്കേണ്ടവരാണ്. ഭൂമിയിലുള്ള ഭൗതികകാര്യങ്ങള്‍ അന്വേഷിക്കേണ്ടവരല്ല. എന്നാല്‍, ആത്മീയശുശ്രൂഷകരായിരിക്കേണ്ട മെത്രാന്മാരും വൈദികരും ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യേണ്ടതിനുപകരം മാമോനില്‍ പരസ്യമായി സ്ഥിതിചെയ്തുകൊണ്ട് ബ്രഹ്മരക്ഷസ്സുകളുടെ അവതാരങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മരക്ഷസ്സ് എന്നാല്‍ ബ്രഹ്മജ്ഞാനം നേടിയശേഷം അതില്‍നിന്നു വ്യതിചലിച്ച് പാപം ചെയ്തുനശിച്ച പരേതാത്മാക്കളാണ്.
യേശു ശിഷ്യന്മാരോട് പറഞ്ഞു: സഞ്ചിയോ രണ്ടുടുപ്പോ ചെരിപ്പോ മടിശ്ശീലയോ നിങ്ങള്‍ കൊണ്ടുപോകരുത്. നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിച്ചാലും ആ വീടിന് സമാധാനം ആശംസിക്കണം. അവര്‍ നിങ്ങള്‍ക്ക് വിളമ്പുന്നത് ഭക്ഷിക്കുവിന്‍ (ലൂക്കാ 10). എന്നാല്‍ മെത്രാന്മാര്‍ യേശുവിന്റെ ഈ കല്പന ലംഘിച്ച് എളിമയിലും ലാളിത്യത്തിലും പങ്കുകാരാകാതെ ആര്‍ഭാടവും ധൂര്‍ത്തും കാപട്യവും ചൂഷണവും കൈമുതലാക്കി, യേശുവിനുപകരം ഇടതുവശത്തെ ക്രൂശിതനായ കവര്‍ച്ചക്കാരന്റെ ജീവിതശൈലി പിന്‍തുടര്‍ന്ന് സഭാസമ്പത്ത് കവര്‍ന്നു ഭക്ഷിച്ചുകൊണ്ടിരിക്കയാണ്. അല്‍മായസമൂഹം വിയര്‍പ്പുചിന്തി കഠിനാദ്ധ്വാനംചെയ്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്വരൂപിച്ച സഭാസമ്പത്തുകള്‍ തങ്ങളുടെ ആഡംബരജീവിതത്തിനും ആര്‍ഭാടത്തിനുമായി ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുകയാണ്.
ക്രൈസ്തവസഭ രൂപംപ്രാപിച്ചിട്ടുള്ളതുതന്നെ ട്രസ്റ്റ് ആയിട്ടാണ്. ട്രസ്റ്റിന്റേതായ എല്ലാ മാനദണ്ഡങ്ങളും അവഗണിച്ചുകൊണ്ട് സഭയ്ക്കും സമൂഹത്തിനും യാതൊരു ഗുണവും ലഭിക്കാത്തതും വന്‍സാമ്പത്തികനഷ്ടം വരുത്തിക്കൊണ്ട് വിദേശരാഷ്ട്രങ്ങളിലേക്കുള്ള വിമാനയാത്രകളും രാജകീയപര്യടനങ്ങളും കോടികള്‍ മുടക്കിയുള്ള മെത്രാസനമന്ദിരങ്ങളും അതിലെ അത്യാധുനിക സജ്ജീകരണങ്ങളും ജീവിതചര്യകളും ദശലക്ഷങ്ങള്‍ വിലയുള്ള ആഡംബരക്കാറുകളും, തിന്നുകുടിച്ച് ഉന്മത്തരാകാന്‍ ആവശ്യമായ വൈനറികളും ഭോഗാസക്തിയെ തൃപ്തിപ്പെടുത്താനുള്ള സംവിധാനങ്ങളും രൂപതകള്‍തോറും നടപ്പിലാക്കിക്കൊണ്ട് മെത്രാന്മാര്‍ എപ്പിക്യൂരിയന്‍ ജീവിതക്രമത്തിനുതകുന്നതെല്ലാം സ്വായത്തമാക്കിയിരിക്കയാണ്. എപ്പിക്കൂരിയനിസം - ഇന്ന് തിന്നുകുടിച്ച് ആനന്ദിക്കുക, നാളെ നമ്മുടേതല്ല എന്നതാണ്. പള്ളികള്‍, ആശുപത്രികള്‍, അനാഥമന്ദിരങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പാര്‍പ്പിടങ്ങള്‍ തുടങ്ങിയ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിശ്വാസികള്‍ നല്‍കിവരുന്ന കോടിക്കണക്കിനു രൂപ യഥാവിധി വിനിയോഗിക്കാതെ വകമാറ്റി ചെലവഴിച്ച് തട്ടിപ്പുനടത്തിയശേഷം ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി സഭാവിശ്വാസികളുടെപേരില്‍ വിദേശത്തു പോയി അവരറിയാതെ പണം സമാഹരിച്ച് മെത്രാന്മാര്‍ തദ്ദേശിയരും വിദേശിയരുമായ അല്‍മായരെ ഇരട്ടത്തട്ടിപ്പിന് വിധേയരാക്കുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിയും സംഘവും എറണാകുളം അതിരൂപതയില്‍ നടത്തിയിട്ടുള്ള ഭൂമിവില്പന.
ക്രിസ്തീയസഭ ഒരു ട്രസ്റ്റ് ആയതിനാല്‍ സഭയുടെ കണക്കില്‍ പൊരുത്തക്കേടും നീക്കിബാക്കിയില്‍ കുറവും കണ്ടാല്‍ നഷ്ടം വരുത്തിയ വ്യക്തി ആരാണോ, അവരില്‍നിന്ന് ആ നഷ്ടം ഈടാക്കണമെന്നാണ് സഭാനിബന്ധന. സഭാസ്വത്തുക്കളുടെ വില്പന യാതൊരു കാരണവശാലും രഹസ്യമാകാന്‍ പാടില്ല. മുന്‍കൂറുള്ള പരസ്യനോട്ടീസിന്റെ അടിസ്ഥാനത്തില്‍ ലേലമോ വില്പനയോ ആകാം. ഏതാണോ കൂടുതല്‍ അഭികാമ്യമായിട്ടുള്ളത് അതാണ് സ്വീകരിക്കേണ്ടത്. എല്ലാ ഇടപാടുകളും പണം സ്വീകരിച്ചുമാത്രം നടത്തേണ്ടതും പ്രതിഫലത്തുക അതാതു ദിവസത്തെ സഭാ കണക്കില്‍ ഉണ്ടാകേണ്ടതുമാണ്. പൂര്‍ണ്ണമായ പ്രതിഫലം പറ്റാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ കൊടുത്ത വ്യക്തി വസ്തുവിന്റെ യഥാര്‍ത്ഥ വില (Market Value) സഭയില്‍ അടയ്ക്കുവാന്‍ ബാധ്യസ്ഥനാണ്. സഭയുടെ സ്ഥലങ്ങളോ കെട്ടിടങ്ങളോ ഉരുപ്പടികളോ വില്‍ക്കുകയോ പാട്ടത്തിനു കൊടുക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യേണ്ടത് സഭയുടെ നൈയാമികമായ എല്ലാ നടപടിക്രമങ്ങള്‍ പാലിച്ചും നിയമോപദേശങ്ങള്‍ തേടിക്കൊണ്ടുമായിരിക്കണമെന്നാണ് സഭയുടെ ചട്ടം. സഭയുടെ ആരംഭംമുതല്‍ നിലനിന്നുപോരുന്നതാണ് ഈ ആചാരം. ഒരു ആചാരം 30 വര്‍ഷം തുടര്‍ച്ചയായി നിലനിന്നു പോന്നാല്‍ ആ ആചാരത്തിന് നിയമത്തിന്റെ പ്രാബല്യമുണ്ട്. അത് കാനന്‍ നിയമത്തിനെതിരാണെന്നോ കാനന്‍നിയമത്തില്‍ ഇല്ലാത്തതാണെന്നോ ഉള്ള തടസ്സവാദങ്ങള്‍ ഉന്നയിക്കാന്‍ മെത്രാന്മാര്‍ക്കോ പോപ്പിനുപോലുമോ അധികാരമില്ല. ഈ വസ്തുത പോപ്പിനും എല്ലാ മെത്രാന്മാര്‍ക്കും അറിവുള്ളതുമാണ്.
വസ്തുതകള്‍ ഇതായിരിക്കെ, ഒരു വിഭാഗം മെത്രാന്മാരും വൈദികരും വിവാദമായ ഭൂമി വില്പനയിടപാടിലെ കാനോനിക നടപടിക്രമങ്ങളുടെ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് നടപടികള്‍ ആവശ്യപ്പെട്ട് പോപ്പിനെ സമീപിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു. അല്‍മായ സമൂഹത്തിന്റെ അധികാരാവകാശങ്ങള്‍ക്ക് പുകമറസൃഷ്ടിക്കുന്നതിനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. വത്തിക്കാന്‍ രാഷ്ട്രത്തലവനായ പോപ്പിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിയമപരമായ യാതൊരവകാശവും ഇല്ല. പോപ്പിന് ഇക്കാര്യത്തില്‍ തീര്‍പ്പെടുക്കാന്‍ അവകാശം ലഭിക്കണമെങ്കില്‍ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്കു വിധേയമായി പോപ്പ് ഇവിടെ വസ്തുവകകള്‍ സമ്പാദിച്ചിരിക്കണം. ഇന്‍ഡ്യന്‍ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം പോപ്പില്‍ നിക്ഷിപ്തമാക്കാത്ത സമ്പത്തിന്മേല്‍ പോപ്പിന് യാതൊരുവിധ അവകാശാധികരങ്ങളും ഇല്ല. പോപ്പിന്റെ പ്രതിനിധികളായ ഇന്‍ഡ്യയിലെ മെത്രാന്മാര്‍ക്കും യാതൊരുവിധ അവകാശങ്ങളും ഇല്ല. എറണാകുളം അതിരൂപതയിലെ വസ്തുവില്പന ഇന്‍ഡ്യന്‍ ട്രസ്റ്റ് ആക്ടിന്റെയും ഭൂനിയമങ്ങളുടെയും ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടീസ് ആക്ടിന്റെയും ലംഘനമാണ്. ശതകോടിയില്‍പരം രൂപ മൂല്യമുള്ള ഭൂമി തുച്ഛമായ വിലകാണിച്ച് പ്രമാണങ്ങള്‍ ചമച്ചതും, ക്രൈസ്തവസമൂഹത്തെ വഞ്ചിച്ചതും, സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തിലും പൊതുഖജനാവിലെത്തിച്ചേരേണ്ടതായ ലക്ഷക്കണക്കിന് രൂപ ഖജനാവിലടയ്ക്കാതെ സര്‍ക്കാരിനെ വെട്ടിച്ചതും ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് വത്തിക്കാനിലെ പോപ്പല്ല, ഈ വസ്തുവകകള്‍ സമ്പാദിച്ച ഇവിടത്തെ വിശ്വാസിസമൂഹവും ഇവിടെ ഭരണം നടത്തുന്ന സര്‍ക്കാരുമാണ്. അതിനാല്‍ ഭരണം കൈയാളുന്ന സര്‍ക്കാര്‍ ഈ കുറ്റകത്യങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. അതോടൊപ്പംതന്നെ, സഭാസമ്പത്തിന്റെ ഉടമകളായ വിശ്വാസി (അല്‍മായ) സമൂഹവും കുറ്റവാളിക്കെതിരെ ക്രിമിനലായും സിവില്‍ ആയും നിയമനടപികള്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരേണ്ടതാണ്. (തുടരും)


1 comment:

  1. http://www.mathrubhumi.com/news/kerala/syro-malabar-land-row-1.2615007

    ReplyDelete