Translate

Wednesday, January 17, 2018

പാര പരോപകാരമാകുന്നതെങ്ങനെ?

ഇപ്പന്‍ ഫോണ്‍: 9446561252

(2017 ഡിസംബർ ലക്കം 'സത്യജ്വാല'യിൽനിന്ന് )

കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്തൃഹരി മനുഷ്യരെ ഉത്തമാധമമധ്യമന്മാരായി തിരിക്കുന്നു:
''ഏകേ സത്പുരുഷഃ പദാര്‍ത്ഥഘടകാഃ
സ്വാര്‍ത്ഥം പരിത്യജ്യ യേ
സാമാന്യസ്തു പരാര്‍ത്ഥമുദ്യമ ഭൃത
സ്വാര്‍ത്ഥാവിരോധേന യേ
തേമീ മാനുഷ രാക്ഷസാഃ പരഹിതം
സ്വാര്‍ത്ഥായനിഘ്‌നന്തി യേ
യേതുഘ്‌നന്തി നിരര്‍ത്ഥകം പരഹിതം
തേ കേ ന ജാനീമഹേ''
(മഹാന്മാര്‍ സ്വകാര്യം ത്യജിച്ച് അന്യര്‍ക്കുവേണ്ടി ജീവിക്കുന്നു. നല്ല മനുഷ്യര്‍ സ്വകാര്യം വേണ്ടെന്നു വയ്ക്കാതെ അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. നീചന്മാര്‍ സ്വകാര്യത്തിനുവേണ്ടി അന്യരെ ഉപദ്രവിക്കുന്നു. തനിക്ക് ഒരുപകാരവുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിച്ചു സുഖിക്കുന്നവരെ ഏതു വിഭാഗത്തില്‍പ്പെടുത്തണമെന്ന് എനിക്കറിയില്ല.)
കുമാരകവിയും കുറിക്കുന്നു:
''അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍''
ജീവിതം ധന്യമാകുന്നത് അന്യജീവനുതകുമ്പോഴാണ്. പരോപകാരത്തെ ഒരു പുണ്യമായി ലോകം അംഗീകരിച്ചിരിക്കുന്നു. എനിക്ക് എതിര്‍പ്പില്ല. പക്ഷേ, ഏറ്റവും ശ്രേഷ്ഠമായ പരോപകാരം പരോപദ്രവമാണെന്നു സമര്‍ത്ഥിച്ച് ഭര്‍ത്തൃഹരിയോട് വിയോജിക്കാനാണ് ഈ കുറിപ്പ്. ജനനവേളയില്‍ എല്ലാവരുടെയും തലയാണല്ലോ ആദ്യം പുറത്തുവരുന്നത്. എന്റെ മുതുകാണാദ്യം പുറത്തുവന്നത്. ഞാനിങ്ങനെ ഒരു തലതിരിഞ്ഞവനായത് അതുകൊണ്ടാവാം.
ആളുകളുടെ പരോപകാരപ്രവൃത്തികളെ നിരീക്ഷിക്കുക. അജ്ഞതമൂലം ഇക്കാര്യത്തിലും അവര്‍ ചതിക്കപ്പെടുന്നില്ലേ? രാവിലെ ഒരുത്തനു ഭിക്ഷ കൊടുക്കുന്നു. വൈകുന്നേരം വിയര്‍പ്പില്‍ കുളിച്ച് പതിവുള്ള ക്വാര്‍ട്ടര്‍ ജവാനു ക്യൂ നില്‍ക്കുന്ന നിങ്ങളുടെ മുമ്പില്‍ രണ്ടാമത്തെ സീസര്‍ ഫുള്ളിനുവേണ്ടി ആടിയാടി നില്‍ക്കുന്ന അവന്‍. അര്‍ഹിക്കുന്നവര്‍ക്കു കൊടുക്കണം. അര്‍ഹിക്കുന്നവര്‍ അഭിമാനംമൂലം ദുരിതങ്ങളുടെ നിറപറകള്‍ നിത്യേന അളന്ന് കുടിലുകളില്‍ കുത്തിയിരിക്കുന്നു. വീട്ടില്‍ സഹായം ചോദിച്ചുവന്ന അപരിചിതനായ ഒരു ശുഭ്രവസ്ത്രധാരിയോട്, 'ഇവിടെ വരുന്നവര്‍ക്കൊക്കെ ഞാന്‍ അഞ്ചു രൂപയാണു കൊടുക്കുന്നതെന്നും അതു തന്നാല്‍ ചേട്ടന്‍ മേടിക്കുമോ'ന്നും ഞാന്‍ ചോദിച്ചു. അയാള്‍ ഒന്നാന്തരം കുടുംബത്തില്‍ പിറന്നവനാണെന്നും എന്റെ അമ്പതുരൂപാപോലും തെണ്ടിവാങ്ങേണ്ട ഗതികേട് അയാള്‍ക്കില്ലെന്നും ആക്രോശിച്ച് അയാള്‍ സ്ഥലം കാലിയാക്കി. ഇവന്‍ ഒരു ഐ.പി. ഭിക്ഷാടകനാണ്. മിനിമം നൂറുരൂപാ കൊടുത്താല്‍ അവന്‍ വാങ്ങാന്‍ കനിയാം.
കാമ്പസിന്റെ മുമ്പിലുള്ള വെയിറ്റിങ്ങ് ഷെഡ്ഡില്‍ ബസുകയറാന്‍ നിന്ന സതീര്‍ത്ഥ്യയോട് എന്റെ ഒരു സുഹൃത്ത് കേരളപാണിനീയത്തിലെ അംഗപ്രത്യയമോ ലിംഗപ്രത്യയമോ എന്ന വ്യാകരണപ്രശ്‌നം ചര്‍ച്ചചെയ്യുകയായിരുന്നു. കഷ്ടകാലത്തിന് അവളൊരു സുന്ദരിയായിരുന്നു. അവള്‍ പോയിക്കഴിഞ്ഞ് ആ വെയിറ്റിങ്ങ് ഷെഡ്ഡിലെ സ്ഥിരം ഭിക്ഷക്കാരന്‍ സുഹൃത്തിന്റെ ചെവിയില്‍ ചെന്നു മന്ത്രിക്കുകയാണ്, 'അപ്പോഴേ ഇത്രയും നേരം സുഖിച്ചതിന്റെ കാശിങ്ങെടുത്തേ' എന്ന്. അവര്‍ സംസാരിച്ചതിലെ 'ലിംഗം' 'ലിംഗം' എന്ന വാക്കുമാത്രമേ അവനു മനസ്സിലായിക്കാണൂ. ഇവനൊരു സദാചാരഗുണ്ടാത്തെണ്ടിയാണ്.
ഇനിയൊരു വിഭാഗമുള്ളത് വി.ഐ.പി.കളാണ്. മഹാത്മാവ് പരുത്തിനൂല്‍കൊണ്ടു നെയ്‌തെടുത്ത വെണ്‍മയുള്ള ആശയലോകംകൊണ്ടു ദുര്‍മേദസു പൊതിഞ്ഞാണ് അവന്റെ വരവ്. ഓന്തിനെപ്പോലെ ചുവപ്പും പച്ചയും കാവിയുമായി ഇക്കൂട്ടര്‍ നിറംമാറും. ഇവനെ പേടിക്കണം. നിങ്ങളെത്ര കരുത്തനായ കാട്ടുപോത്താണെങ്കിലും ഇവനെ പിണക്കിയാല്‍ ഇവന്റെ അനുയായികളായ ചെന്നായ്ക്കള്‍ നിങ്ങളെ അനങ്ങാന്‍ സമ്മതിക്കാതെ പൃഷ്ടഭാഗത്തുനിന്നു കടിച്ചുതിന്നു തുടങ്ങും.
ഇനിയുള്ള ദേഹങ്ങള്‍ വിശുദ്ധ വി.വി.ഐ.പി.കളാണ്. കര്‍ത്താവിനെ തറച്ചുകൊന്ന കുരിശ് 22-കാരറ്റ് സ്വര്‍ണ്ണത്തില്‍ വാര്‍ത്ത് ഇവര്‍ കഴുത്തില്‍ തൂക്കിയിരിക്കും. കുഞ്ഞാടുകളെ വിഴുങ്ങുന്ന വിഷയത്തില്‍ ഇവരുടെ ഗുരു മുതലയാണ്. ഗുരുഭക്തിമൂലം ഇവര്‍ ഗുരുവക്ത്രത്തിന്റെ ആകൃതിയിലുള്ള ഒരു തൊപ്പിയാണു ധരിക്കുന്നത്. തങ്ങളുടെ വക്രതയുടെ പ്രതീകമാണ് അവരുടെ വളഞ്ഞ ചെങ്കോല്‍. മോതിരത്തില്‍ ഇവര്‍ കോഴിമുട്ടയുടെ വലിപ്പമുള്ള രത്‌നം പതിക്കുന്നത് ജാടകാട്ടാനല്ല, കേട്ടോ! സ്ത്രീകള്‍ മുത്തുമ്പോള്‍ അവരുടെ പവിഴാധരങ്ങള്‍ സ്പര്‍ശിക്കരുതല്ലോ. ഇവര്‍ നമ്മുടെ കുപ്പമാടത്തിലേക്ക് എഴുന്നള്ളുകയില്ല. പാമ്പിനെ വരുത്തി വിഷമിറക്കാന്‍ വിദഗ്ദ്ധരാണിവര്‍. നമ്മളിവരുടെ കൊട്ടാരത്തില്‍ ചെന്ന് ക്യൂനിന്ന് ഇവര്‍ക്കു ഭിക്ഷ കൊടുത്തുകൊള്ളും. ഇവരുടെ പണക്കൊതിയെ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത് മണ്ണെണ്ണയൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കുംപോലെ വ്യര്‍ത്ഥമാണ്. പ്രാചീന റോമന്‍പ്രമാണിമാര്‍ക്ക് വിരുന്നുശാലയോടനുബന്ധിച്ച്, വയറുനിറയുമ്പോള്‍ തൊണ്ടയില്‍ കൈയിട്ട് ഛര്‍ദ്ദിക്കാന്‍ ഇടമുണ്ടായിരുന്നു. വീണ്ടും വന്ന് വിശിഷ്ടവിഭവങ്ങള്‍ വിഴുങ്ങാനാണ്. ഖജനാവു നിറയുമ്പോള്‍ ഇവരും ഇടയലേഖനങ്ങള്‍ ഛര്‍ദ്ദിക്കും. 'രൂപതാ... രൂപതാ, ഞാനുമൊരു സൂപ്പര്‍ സ്‌പെഷ്യല്‍ കാശുപത്രി പണിയട്ടെ.' നമ്മള്‍ ഭയഭക്തിപുരസ്സരം മടിശ്ശീലയഴിക്കുന്നു. നമ്മുടെ സ്വര്‍ഗ്ഗ-നരകവാതിലുകളുടെ റിമോട്ട് കണ്‍ട്രോള്‍ ഇവരുടെ കൈയിലാണല്ലോ. ഒരു ഭിക്ഷക്കാരിമുത്തശ്ശി ദേവാലയത്തിന് രണ്ടരലക്ഷം രൂപ സംഭാവനചെയ്തത് ഇന്നത്തെ പത്രത്തില്‍ വായിച്ചതേയുള്ളൂ.
ഭിക്ഷ കൊടുക്കുന്നവര്‍ മൂന്നു വിഭാഗമുണ്ട്. ഒന്നാമത്തെ കൂട്ടര്‍ ശുദ്ധാത്മാക്കളാണ്. അംബാനിയെക്കാള്‍ സമ്പന്നനായ മെത്രാനു കൊടുക്കുന്ന ഭിക്ഷപോലും പരോപകാരമാണെന്ന ഉത്തമബോദ്ധ്യത്തോടെയാണ്! അവര്‍ വിയര്‍പ്പിന്റെ വിലയുടെ ദശാംശത്തില്‍ കൂടുതല്‍ കൊടുക്കുന്നു. രണ്ടാമത്തെ കൂട്ടര്‍ ഒളിച്ചോട്ടക്കാരാണ്. ഇവര്‍ പണക്കാരാണ്. വരുമാനത്തിന്റെ ഒരംശം പ്രൊഫഷണല്‍ തെണ്ടിമുതല്‍ മെത്രാന്‍വരെയുള്ളവര്‍ക്കു വീതംവെച്ച് ദൈവത്തിനുള്ള കടം വീട്ടി എന്ന മനസ്സമാധാനത്തോടെ ജീവിക്കുന്നവര്‍. കൂദാശകള്‍ നിഷേധിക്കാതിരിക്കാനുള്ള റൗഡിഫീസും കൂടിയാണിത്. സ്വര്‍ഗ്ഗക്കൊതിയും നരകഭീതിയും ഇവര്‍ക്ക് കലശ്ശലായിരിക്കും. അടുത്ത കൂട്ടര്‍ ഭൂമിക്കു ബ്രഹ്മ വെച്ച കള്ളന്മാരാണ്. കട്ടുണ്ടാക്കിയ കാശില്‍ ഒരു പങ്ക് അവര്‍ ദൈവത്തിനും മെത്രാനും രാഷ്ട്രീയക്കാരനും കൈക്കൂലിയായി കൊടുക്കുന്നു. സ്വര്‍ഗ്ഗ-നരകങ്ങളില്ലെങ്കിലും അവനു നഷ്ടമില്ല. അവനെ സംബന്ധിച്ച് ഇത് നല്ലൊരു ഇന്‍വെസ്റ്റ്‌മെന്റാണ്. മെത്രാനുകൊടുക്കുന്നത്, കഴിയുമെങ്കില്‍ 45 മെത്രാന്മാരും കൂടിവന്ന് അവന്റെ അപ്പനെ കുഴിയിലിറക്കാനാണ്. അതുയര്‍ത്തുന്ന സോഷ്യല്‍സ്റ്റാറ്റസിലാണവന്റെ കണ്ണ്.
പരോപകാരത്തിന്റെ പരമപദത്തിലെത്തി ജീവിതസായൂജ്യം നേടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഭിക്ഷാടകരില്ലാത്ത ലോകം സൃഷ്ടിക്കലാണത്. നിങ്ങളുടെ മണിയും തുണിയും ജീവനും അതിനുവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കേണ്ടിവരും. വ്യവസ്ഥയുടെ കാവലാളന്മാര്‍ തുടക്കംമുതലേ നിങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കും. നിങ്ങളെ കൈകാര്യം ചെയ്യുന്നതിന് അവര്‍ക്ക് 'വണ്‍, ടൂ, ത്രീ'യുടെ മെതേഡുകളുണ്ട്. ആദ്യപടിയായി, നിങ്ങളാര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചുവോ അവരെക്കൊണ്ടു നിങ്ങളെ ഭ്രാന്തനെന്നു വിളിപ്പിക്കും. അവസാനപടി അന്ത്യകൂദാശയാണ്. ഇതുവരെയായിട്ടും നിങ്ങള്‍ കൊല്ലപ്പെട്ടില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങളുടെ പോരാട്ടത്തില്‍ എവിടെയോ മായംകലര്‍ന്നിട്ടുണ്ടെന്നതാണ്.
മരണഭയമുള്ളവര്‍ക്കും ചെറിയ കാര്യങ്ങള്‍ ചെയ്ത് വലിയ ഫലങ്ങള്‍ ഉളവാക്കാം. 'സഭ ജീവകാരുണ്യത്തില്‍ ശ്രദ്ധിക്കുക' എന്നെഴുതി പത്തു പോസ്റ്റര്‍ ഒട്ടിച്ചുകൂടേ? നിയമവിധേയമാണത്. നിങ്ങള്‍ക്ക് അമ്പതുരൂപയേ ചെലവാകൂ. വികാരി വികാരഭരിതനാകും. രൂപത അധികം രൂപയിറക്കും. ചെറിയ ഇരയിട്ട് വലിയ മീന്‍ പിടിക്കുന്ന ബുദ്ധിയാണിത്. അര്‍ഹിക്കുന്നവര്‍ക്ക് 50 കോടിയുടെ സഹായം ചെയ്തതിന്റെ സംതൃപ്തി നിങ്ങള്‍ക്കും ലഭിക്കും.
ഭൂരിപക്ഷ ഭൂരിസുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ക്ക് അനിവാര്യമായും ഒരു ന്യൂനപക്ഷത്തിന്റെ ശത്രുവാകേണ്ടിവരും. നീതിക്കുവേണ്ടിയുള്ള പോരാട്ടം അനീതിയുടെ ഗുണഭോക്താക്കളോടു കാട്ടുന്ന 'അനീതി'യാണ്. പുലിക്കുന്നനെയും പുലിക്കുന്നന്റെ പിള്ളേരെയും മതമാഫിയാ പാരയായി കാണുന്നതതുകൊണ്ടാണ്. പാര പരമമായ പരോപകാരമാണെന്നു പറയുന്നതും അതുകൊണ്ടാണ്. വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുന്നവനെ വിശുദ്ധനെന്നും വിശപ്പിന്റെ കാരണമായ അനീതിക്കെതിരെ പോരാടുന്നവനെ പാരയെന്നും വിളിക്കുന്നതെന്തുകൊണ്ടാണെന്നു വ്യക്തമായല്ലോ. യേശു ഈ പാരയെ ആശീര്‍വ്വദിക്കുന്നു. 'നീതിക്കുവേണ്ടി പോരാടുന്നവര്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു.' അവര്‍ക്കേ ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കാനാവൂ എന്ന് അവിടുത്തേക്കറിയാമായിരുന്നു; ഇതിനപ്പുറത്ത് വേറൊരു സ്വര്‍ഗ്ഗരാജ്യം ഇല്ലെന്നും.
കോളേജ്കുമാരനായിരുന്ന കാലത്ത് എന്റെ ഒരു ഹോസ്റ്റല്‍മേറ്റ് പറഞ്ഞതാണ്. അനന്തമായ രതിമൂര്‍ച്ഛ-അതാണു സ്വര്‍ഗ്ഗീയസുഖങ്ങളിലെ മാസ്റ്റര്‍പീസ്. അനന്തമായ വിശപ്പും വിശിഷ്ടഭോജ്യങ്ങളുമാവും ശാപ്പാട്ടുരാമന്റെ സ്വര്‍ഗ്ഗം. ഗുണ്ടര്‍ട്ടിന് ഒരു ഭാഷ പഠിച്ചുതീരുമ്പോള്‍ പുതിയൊരു ഭാഷ റെഡിയായാല്‍ മതി. നരകത്തിലാകട്ടെ ഒന്നുകില്‍ എണ്ണയിലിട്ടു പൊരിക്കുന്നു അല്ലെങ്കില്‍ തീയിലിട്ടു ചുടുന്നു. സ്വര്‍ഗ്ഗക്കൊതിയോ നരകഭീതിയോ തരിമ്പുമില്ലാതെ നീതിക്കുവേണ്ടി പോരാടി മരിക്കുന്ന അവിശ്വാസിയാണ് എന്റെ നോട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠനായ പരോപകാരി. മരിക്കാനേ അവന് അവകാശമുള്ളൂ. കൊല്ലാനില്ല.


No comments:

Post a Comment