Translate

Thursday, January 18, 2018

കര്ത്താവേ ഇനി എന്തെല്ലാം കേള്ക്കാനിരിക്കുന്നു !

പി സി റോക്കി - 9961217493  

എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ദര്‍ശനോത്സവ സമാപന ദിവസത്തില്‍ മതസൗഹാര്‍ദ്ദ സന്ദേശവുമായി ക്രിസ്ത്യന്‍, മുസ്ലീം പുരോഹിതര്‍ എത്തിയത് വളരെ നന്നായി എന്ന് ജനങ്ങളില്‍ ചര്‍ച്ചയായിരിക്കും. ക്ഷേത്രത്തിനടുത്തുള്ള കാഞ്ഞൂര്‍ ഫൊറോന പള്ളി വികാരി, വെള്ളാരപ്പള്ളി പള്ളി വികാരി, വെള്ളാരപ്പള്ളി മസ്ജിദ് ഇമാം, കാഞ്ഞൂര്‍ തിരുന്നാളാഘോഷ കമ്മിററി കണ്‍വീനര്‍, കൈക്കാരന്മാര്‍ ഇവരൊക്കെയാണ് ഈ സന്തോഷം പങ്കുവയ്ക്കാന്‍ എത്തിയിരുന്നത്  അതിരൂപതാ മെത്രാനും കൂടി കൂട്ടത്തില്‍ കൂടിയിരുന്നെങ്കില്‍ അതി ഗംഭീരം ആയിരുന്നേനെയെന്ന് ഇതു വായിക്കാനിടയായ കത്തോലിക്കാ വിശ്വാസികള്‍ അഭിപ്രായപ്പെടുന്നതു കേട്ടു. ഉത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഉത്സവ ഭാരവാഹികളും അതിഥികളും ചര്‍ച്ച നടത്തിയിരുന്നത്രേ.
            കര്‍ത്താവേ ഇനി എന്തെല്ലാം ഇത്തരത്തില്‍ കേള്‍ക്കാനിരിക്കുന്നു. പുരോഹിതര്‍ക്ക് പ്രസാദം കൈമാറിയതും ഉഗ്രുഗ്രനായി. കാഞ്ഞൂര്‍ തിരുനാളിന് ഉത്സവക്കാര്‍ എത്തിച്ചേരാന്‍ ക്ഷണക്കത്തും കൈമാറിയിരുന്നു. ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രം, ശബരിമല ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, തൃശൂര്‍ ക്ഷേത്രം, കാലടി ശൃംഗേരി മഠക്ഷേത്രം, മാണിക്യമംഗലം ശ്രീ കാര്‍ത്ത്യായനി ക്ഷേത്രം, മലയാററൂര്‍ പന്തയ്ക്കല്‍ ക്ഷേത്രം ഇവിടെയൊക്കെ പരിസര പ്രദേശങ്ങളിലെ കത്തോലിക്കാ, മുസ്ലീം പുരോഹിതരെ ക്ഷേത്ര ഭാരവാഹികള്‍ ക്ഷണിക്കുന്നതും സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകുമെന്ന് അഭിപ്രായങ്ങളുയരുന്നുണ്ട്.

            തിരുവനന്തപുരത്തെ വന്‍കുന്നിന്റെ നെറുകയില്‍ കുരിശ് സ്ഥാപിക്കാന്‍ കത്തോലിക്കാ വിശ്വാസികള്‍ കുരിശും ചുമന്ന് പോയ കൂട്ടത്തില്‍ ഹിന്ദുക്കളുടെ ഓംകാരവും, മുസ്ലീങ്ങളുടെ ചന്ദ്രക്കല അടയാളവും  സ്ഥാപിക്കുവാന്‍ അവരെക്കൂടി ക്ഷണിച്ച് കുരിശ് കുഴിച്ചിട്ട് പ്രാര്‍ത്ഥിക്കാന്‍ പോയിരുന്നെങ്കില്‍ മതസൗഹാര്‍ദ്ദം കൂടുതല്‍ ദൃഢമാകാനും ഐക്യം ഭാവിയില്‍ ഭദ്രമായി നിലനില്‍ക്കാനും കൂടുതല്‍ കൂടുതല്‍ കുരിശു പള്ളികള്‍ സ്ഥാപിക്കാനും അതുവഴി വന്‍ നേട്ടങ്ങള്‍ കൊയ്യാനും സാധിക്കുമായിരുന്നെന്ന് ചിലരെല്ലാം അഭിപ്രായപ്പെടുന്നത് കേട്ടു. അല്ലാതെന്ത് സൗഹൃദം. ഭൂമി വില്പന തട്ടിപ്പ് പോലെയുള്ള പ്രശ്‌നങ്ങളില്‍ ഹിന്ദു, മുസ്ലീം സപ്പോര്‍ട്ടും ലഭിക്കുമായിരുന്നെന്നും അവിടവിടെ ചര്‍ച്ചകളുണ്ടായിരുന്നു.

No comments:

Post a Comment