Translate

Monday, January 22, 2018

വിട പറയാതെ.... ഒരു പ്രണാമം!

സത്യജ്വാലയുടെ 2018 ജനുവരി ലക്കത്തിൽനിന്ന് 

KCRM-ന്റെ ആശയഗുരുവും സത്യജ്വാലയുടെ തലതൊട്ടപ്പനുമായ പുലിക്കുന്നേല്‍സാറിന്റെ ഭൗതികശരീരം പഞ്ചഭൂതങ്ങളായി അമ്മയായ ഭൂമിയില്‍ ലയിച്ചുകഴിഞ്ഞിരിക്കുന്നു....... എന്നാല്‍,
സഭയില്‍നിന്ന് യേശുവിനെ പുകച്ചുപുറത്താക്കി കോണ്‍സ്റ്റന്റൈന്‍ സിംഹാസനാരൂഢനായതിന്റെയും, പൗരോഹിത്യമില്ലാത്ത യേശുവിന്റെ സഭയില്‍ യഹൂദ-റോമന്‍പൗരോഹിത്യങ്ങളിണചേര്‍ന്നുണ്ടായ രാജകീയപൗരോഹിത്യം നുഴഞ്ഞുകയറി അധികാരമരുതാത്ത സഭയെ ശ്രേണീബദ്ധ അധികാരഘടനയാക്കിയതിന്റെയും, പാരസ്പര്യ, സ്‌നേഹ, സേവനകൂട്ടായ്മാജീവിതമെന്ന ജീവിതാനുഷ്ഠാനത്തെ കേവലം അനുഷ്ഠാനജീവിതമാക്കിയതിന്റെയും, കേരളസഭയുടെ തനിമയാര്‍ന്ന അപ്പോസ്തലിക പൈതൃക-പാരമ്പര്യങ്ങളെ കൊന്നുകുഴിച്ചുമൂടി ഇവിടെയും റോമന്‍ മതസാമ്രാജ്യപുരോഹിതക്കോട്ടകള്‍ തീര്‍ത്തതിന്റെയും,
യേശുവിന്റെ സ്‌നേഹനിയമത്തെ തള്ളിമാറ്റി യേശുവിരുദ്ധമായ കാനോന്‍നിയമം അടിച്ചേല്‍പ്പിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ മതസ്വത്തുക്കള്‍ പിടിച്ചെടുത്തുകൊണ്ട് നഷ്ടപ്പെട്ട പാപ്പാസാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള വത്തിക്കാന്‍ മതരാഷ്ട്രത്തിന്റെ നിതാന്തപരിശ്രമങ്ങളുടെയും, യേശുവിന്റെ കാലത്തെ സാന്‍ഹെദ്രീന്‍ പുരോഹിതസംഘത്തെ അനുകരിച്ച്, പാദ്രുവാദോ, പ്രൊപ്പഗാന്താ ഫീദേ, പൗരസ്ത്യതിരുസംഘം മുതലായ പുരോഹിതസംഘങ്ങളെ വത്തിക്കാന്‍ കാലാകാലങ്ങളില്‍ സൃഷ്ടിച്ച് കേരളസഭയ്ക്കുമേല്‍ വ്യവസ്ഥാപിച്ചതിന്റെയും....ഇതിന്റെയെല്ലാം പിന്നിലുള്ള പുരോഹിതരാഷ്ട്രീയത്തിന്റെയും ചരിത്രവഴി ഓതിത്തന്ന ആ മൗലികപ്രതിഭ മണ്ണിലലിയാതെ ഒരു പ്രകാശധോരണിയായി ഞങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നു... ആ വെളിച്ചം ഞങ്ങളിതാ ഏറ്റുവാങ്ങുന്നു.
മഹാധിഷണയുടെ ആസ്ഥാനമായിരുന്ന ആ മസ്തിഷ്‌കം ചാമ്പലായിക്കഴിഞ്ഞിരിക്കുന്നു....... എന്നാല്‍, കേരളസഭയുടെ തനിമ വീണ്ടെടുക്കുന്നതിനുവേണ്ടി ആ മസ്തിഷ്‌ക്കമൊഴുക്കിയ വിയര്‍പ്പിനേക്കുറിച്ചോര്‍ക്കുമ്പോള്‍,
പ്രശ്‌നത്തിരമാലകളിലും ഉലയാതെനിന്ന് ബുദ്ധികൂര്‍മ്മതയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി പ്രശ്‌നപരിഹാരങ്ങളുടെ നവംനവങ്ങളായ ആശയമുത്തുകള്‍ പൊക്കിയെടുത്തതിനേക്കുറിച്ചോര്‍ക്കുമ്പോള്‍,
രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ നൂറുകണക്കായ ഡിക്രികളില്‍നിന്ന് കേരളനസ്രാണിസഭയുടെ തനിമ വീണ്ടെടുക്കാനാവശ്യമായ ഡിക്രികള്‍ കണ്ടെത്തി പ്രബോധിപ്പിച്ചതിനേക്കുറിച്ചോര്‍ക്കുമ്പോള്‍,
അതിനെ പ്രതിരോധിക്കാനും, ഭാരതസഭയ്ക്കു ബാധകമല്ലാത്ത പൗരസ്ത്യകാനോന്‍നിയമം അടിച്ചേല്‍പ്പിക്കാനുംവേണ്ടി, സ്വപൈതൃകത്തെത്തന്നെ തള്ളിപ്പറഞ്ഞ് കല്‍ദായപൈതൃകവാദവുമായെത്തിയ അധികാരക്കൊതിയന്മാരായ മെത്രാന്മാര്‍ക്കെതിരെ മുഴക്കിയ ഗര്‍ജ്ജനപരമ്പരകളേക്കുറിച്ചോര്‍ക്കുമ്പോള്‍, എല്ലാ അന്യപൈതൃകവാദങ്ങളെയും കാനോന്‍നിയമവകുപ്പുകളെയും അസ്തമിപ്പിക്കാന്‍പോരുന്ന 'ചര്‍ച്ച് ആക്ട്' എന്ന ആശയം കണ്ടെത്തി അവതരിപ്പിച്ചതിനേക്കുറിച്ചോര്‍ക്കുമ്പോള്‍....അപ്പോഴൊക്കെയും, ആ മസ്തിഷ്‌കത്തിലുയര്‍ന്ന കമ്പനങ്ങളുടെ അതേ താളത്തില്‍ ഞങ്ങളുടെ ആയിരക്കണക്കിനു മസ്തിഷ്‌കങ്ങളും പ്രകമ്പിതമാകുന്നു.... ആ കമ്പനങ്ങളെ ഞങ്ങളുടെ ഹൃദയസ്പന്ദനങ്ങളായി ഞങ്ങളിതാ ഏറ്റുവാങ്ങുന്നു... അത്മായരിലാരെയെങ്കിലും നിയമക്കുരുക്കുകളില്‍പ്പെടുത്തിയൊതുക്കാന്‍, കൂദാശാവിലക്കികളും കല്യാണം മുടക്കികളും മരിച്ചടക്കുവിലപേശികളുമായ ദുഷ്ടപൗരോഹിത്യം തുനിയുന്നു എന്നറിയുന്ന നിമിഷത്തില്‍, എല്ലാം മറന്ന് ഒരു കൊടുങ്കാറ്റായെത്തി ഏതു സഭാകാര്യവും ഒറ്റയ്ക്ക് നിയമാനുസൃതം നടത്തിക്കൊടുത്ത ആ മഹാചങ്കൂറ്റത്തിന്റെ ശക്തിയും,
വിതണ്ഡവാദങ്ങളുയര്‍ത്തുന്ന പുരോഹിതരെയും പുരോഹിതഭക്തരെയും അവരുടെ നിലവാരമനുസ്സരിച്ച്, ചിരിച്ചുതള്ളിയും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളെയ്തും ദാര്‍ശനികമായും ദൈവശാസ്ത്രപരമായും അങ്കംവെട്ടിയും നിലംപരിശാക്കുന്ന ആ പേനായുടെ മൂര്‍ച്ചയും ഞങ്ങളെ വിട്ടുപോകാതെ തൊട്ടുനില്‍ക്കുന്നു. ആ ശക്തിയും മൂര്‍ച്ചയും ഞങ്ങളിതാ ഞങ്ങളിലേക്ക് ആവാഹിക്കുന്നു....
ദൈവത്തിന്റെ വന്‍സൈന്യനിരയെന്ന ഭാവത്തില്‍ വ്യാജദൈവികതയുടെ മാര്‍ച്ചട്ടയണിഞ്ഞണിനിരന്ന് വാള്‍ചുഴറ്റി അട്ടഹസിച്ചു നില്‍ക്കുന്ന പുരോഹിതഗോലിയാത്തുകളുടെ പടമുഖത്തേക്ക്, സത്യത്തിലൂന്നിയ ചങ്കൂറ്റത്തിന്റെ മാര്‍ച്ചട്ട ധരിച്ച് യേശുവചസ്സുകളെന്ന കവണയുമായി ഒറ്റയ്ക്കു കയറിച്ചെന്നു ഗര്‍ജ്ജിച്ച ആ 'കേരളക്രൈസ്തവകേസരി'യുടെ ഗര്‍ജ്ജനാരവങ്ങള്‍ അത്മായസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധകാഹളമായി ഈ ആശയശിഷ്യരില്‍ അലയടിക്കുന്നു, അത് കേരളമാകെ വ്യാപിക്കുന്നു...
പുലിക്കുന്നേല്‍ സാര്‍ ഈ ആശയശിഷ്യരില്‍ ഉയിര്‍ത്തെണീറ്റിരിക്കുന്നു! ചര്‍ച്ച് ആക്ടിന്റെ ദീപശിഖാപ്രയാണം പുതുശക്തിയോടെ, ഇതാ ഞങ്ങള്‍ പുനരാരംഭിക്കുന്നു.
അതുകൊണ്ട്, വിട പറയാതെ ഒരു പ്രണാമം! ഗുരോ, പ്രണാമം!

No comments:

Post a Comment