Translate

Wednesday, April 4, 2018

ഷംഷാബാദ് സ്വപ്നങ്ങൾ!

ഏപ്രിൽ ഒന്നാം തിയതി സീറോമലബാറുകാർക്ക് പൊതു അവധിയായോ കടമുള്ള ദിവസമായോ കൊടുത്തേക്കാമെന്നു പറഞ്ഞതാണ്; ഇത്രമേൽ ഞെരുങ്ങിയാണവർ കഴിഞ്ഞതെന്ന് മനസ്സിലായത് ദുഖ:വെള്ളിയാഴ്ച വന്നപ്പോഴാണ്. ഒരൊറ്റപ്രസംഗംകൊണ്ട് സീറോ-മലബാർ എന്താണെന്നു ലോകം മുഴുവൻ അറിഞ്ഞു, പ്രസംഗകൻ ഉദ്ദേശിച്ചതല്ല പറഞ്ഞതെന്നും ലോകമറിഞ്ഞു. ദൈവികനിയമത്തിനു വിധേയപ്പെട്ടു ജീവിക്കുകയും മുദ്രപത്രവിലയിൽപോലും മാന്യത സൂക്ഷിക്കുകയും ചെയ്യുന്ന ആലഞ്ചേരിപ്പിതാവ് കാണിച്ച ആദ്യവൈഭവം,  കർദ്ദിനാളായപ്പോഴെ ഇറ്റാലിയൻ നാവികരുടെ പ്രശ്നത്തിൽ സഭയെ കുടുക്കിലാക്കിയതാണ് - അതും അറിയാതെ സംഭവിച്ചു പോയതാണ്. റോമിലെ ക്യുരിയാഹൗസിന്റെ ഇടപാടുകൾ പുറത്തായതാണ് തൊട്ടുപിന്നാലെ സംഭവിച്ചത്. ഇപ്പോഴാകട്ടെ, പറയുന്നതും ചെയ്യുന്നതും മുഴുവൻ അബദ്ധങ്ങളാണെന്ന സ്ഥിതിയായിട്ടുണ്ടെന്നാ ജനസംസാരം. എന്നിട്ടും നീർക്കോലി വീർപ്പിക്കുന്നതുപോലെ തലയുയർത്തിനിന്ന് കാനോൻകാരനായ എന്നെയും മറ്റു സീ.മ മെത്രാന്മാരെയും തൊടാൻ രാജ്യത്തിന്റെ വകുപ്പു പോരെന്ന് (വേണമെങ്കിൽ അത്മായനെ എന്തു വേണമെങ്കിലും ആർക്കു വേണമെങ്കിലും ചെയ്യാമെന്നാണൊയെന്നു വ്യക്തമല്ല) പരസ്യമായി പറയുന്നതു കേട്ടില്ലേ? ഉദ്ദേശിച്ചത് വേറെയായിരിക്കാൻ സാദ്ധ്യതയുണ്ട്. സീറോമലബാർ മെത്രാന്മാർ മനസ്സിൽ ചിന്തിക്കുന്നതല്ലല്ലോ പറയുന്നത്. ചങ്ങനാശ്ശേരിക്കാർക്കു പോലും ഇപ്പോൾ കയ്കുന്നുവെന്നാണറിഞ്ഞത്. ഈ ബുദ്ധി മുഴുവൻ ആലഞ്ചേരിപ്പിതാവ് സ്വവർഗ്ഗത്തിൽ നിന്നും ആർജ്ജിച്ചതായിരിക്കണം; തങ്ങളുടേതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അത്മായർ പറയുന്നത്. ഇന്നു സ്‌കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞു വഴക്കുണ്ടാക്കിയ ഒരുത്തനോട് അമ്മ പറഞ്ഞുകൊടുത്ത രണ്ടു കാര്യങ്ങളുണ്ട് - ആദ്യത്തേത്, അയാൾക്ക് 52 വയസ്സുണ്ടെന്നതായിരുന്നു, രണ്ടാമത്തെത് അയാൾ ആ സ്‌കൂളിന്റെ പ്രിൻസിപ്പാളാണെന്നുള്ളതായിരുന്നു. വയസ്സെഴുപത്തിരണ്ടായെന്നും ഇയ്യാൾ സഭയുടെ മേജറാണെന്നും നമ്മുടെ കർദ്ദിനാളിനോടാരു പറഞ്ഞുകൊടുക്കും? 

നരകമില്ലെന്നു മാർപ്പാപ്പാ പറഞ്ഞത്, സീറോ മലബാറിന്റെ മുപ്പത്തിയാറര എപ്പാർക്കികളിൽ (അര എപ്പാർക്കി = കാനഡ) ഒന്നു പോലും കാണാതെയാണെന്നുറപ്പ്! എപ്പാർക്കന്മാരെ പരിചയപ്പെട്ടതുകൊണ്ടായില്ലല്ലൊ! സീ.മ അരമനകളിലൂടെ മാർപ്പാപ്പാ ഒരു സമഗ്രസന്ദർശനം നടത്തിയിരുന്നെങ്കിൽ നരകമില്ലെന്നു മാത്രമല്ല സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെത്തന്നെയാണെന്നും പറയുമായിരുന്നെന്നാണെനിക്ക് തോന്നുന്നത്. ഇതുകൊണ്ടൊന്നും, മാർത്തോമ്മാക്കാരെ വിരട്ടാൻ മാർപ്പാപ്പാക്കു സാധിക്കില്ല. ഓട്ടിസം എങ്ങിനെയുണ്ടാകുന്നുവെന്നതു മുതൽ സ്ത്രീയുടെ കാലു പിടിക്കുകയോ കഴുകുകയോ ചെയ്യേണ്ടതെപ്പോഴെന്നും എങ്ങിനെയെന്നുംവരെയുള്ള സർവ്വ പ്രപഞ്ചരഹസ്യങ്ങളും അറിയുന്നവരാണവർ. ഏറ്റവും കുറഞ്ഞത് മാന്നാനം പ്രസ്സിൽ അച്ചടിച്ച അഞ്ചും, ദീപിക ബുക്ക്ഹൗസുകാർ വിൽക്കുന്ന പത്തും, വി. തോമസ് അക്വീനാസിന്റെ ഏഴും പുസ്തകങ്ങൾ വായിച്ചിട്ടാ ഒരു സീറോമലബാർ ശെമ്മാശ്ശനു പട്ടം കിട്ടുക. 

മാർത്തോമ്മായുടെ കാലത്ത് നിരവധി ബ്രാഹ്മണ കുടുംബങ്ങൾ ഒന്നടങ്കം യേശുമാർഗ്ഗത്തിൽ  വന്നുവെന്നാണ് കഥ. ഇന്നു കരിസ്മാറ്റിക്കു കൂടി ബോധം പോയവരല്ലാതെ സുബോധമുള്ള ഒരുത്തനും ക്രിസ്തുമതത്തിലേക്കു വരാനിടയില്ല - കാണിക്കാൻ നല്ലതെന്തെങ്കിലും വേണ്ടേ? കളംവിട്ടു പോകുന്നവരോ, നിരവധി! പണ്ടൊരു വയസ്സനെയും കൊണ്ട് പോലീസ് അയാളുടെ വീട്ടിൽ വന്നു. അവിടെ ആകെയുണ്ടായിരുന്ന വൃദ്ധയോടവർ പറഞ്ഞു, പാർക്കിൽ വെച്ച് സ്ഥലകാലബോധമില്ലാതെ പോയയിയാളെ കൂട്ടിക്കൊണ്ടുവന്നിരിക്കുകയാണെന്ന്. ഇയ്യാൾ മുപ്പതു വർഷങ്ങളായി എന്നും പാർക്കിൽ പോകുന്നതാണല്ലോയെന്ന് വൃദ്ധ പറഞ്ഞു. "എന്തു പറ്റി കുട്ടാ?" സ്നേഹപൂർവ്വം വൃദ്ധ വൃദ്ധനോടു ചോദിച്ചു. 'ഇന്നു നടക്കാതെ പോരണ'മെന്നു തോന്നിയെന്നു വൃദ്ധനും പറഞ്ഞു. ഈ വൃദ്ധനെപ്പോലെയാണ് സഭക്കുള്ളിലുണ്ടെന്നു പറയുന്ന വിശ്വാസികളുടെയും ചിന്ത. നടക്കാതെ സ്വർഗ്ഗത്തിൽ പോകാൻ അവർ കണ്ട എളുപ്പ വഴിയാണ് - സീറോ മലബാർ! ഓഫറുകളുടെ കാര്യത്തിൽ ഐഡിയായെയും ഇവർ കടത്തിവെട്ടും!

അറിയാത്തവർ കേട്ടോ, നിയമങ്ങൾക്കു മൂന്ന് - ഏതാന്നു വെച്ചാൽ എടുക്കാം. ഓപ്ഷൻ: അ) രാജ്യത്തിന്റേത്, ആ) സഭയുടേത്, ഇ) ദൈവത്തിന്റേത്). രാജ്യത്തിന്റെ നിയമം നടപ്പാക്കുന്നത് എറണാകുളം-അങ്കമാലി രൂപതക്കാരും, സഭയുടെ നിയമം നടപ്പാക്കുന്നത് ചങ്ങനാശ്ശേരിക്കാരും (എം എൽ എ യുടെ സഹായത്തോടെ) ദൈവത്തിന്റെ നിയമം നടപ്പാക്കുന്നത്  ഇംഗ്ളണ്ട്, ഷംഷാബാദ് മുതലായ സ്ഥലങ്ങളിൽ നിന്നുള്ളവരുമാണെന്നെനിക്കു തോന്നുന്നു. മൂന്നു നിയമങ്ങളും ഒരുപോലെ അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നാണ് മേജർ ആർച്ച്ബിഷപ്പിന്റെ വാക്കുകളിൽ നിന്നെനിക്കു മനസ്സിലായത്. ഷംഷാബാദ് രൂപതയുണ്ടാകുന്നതിനു മുമ്പേ അവിടെ അത്മായാ പ്രതിനിധിയെ പിരിവിനായി ദൈവം നിയമിക്കുകയുണ്ടായിയത്രെ. അഹമ്മദാബാദിലെ മീഞ്ചന്തയിൽ വെച്ച് ഈ ദൈവപുത്രൻ, ഒരു വർഷത്തിനുള്ളിൽ അഹമ്മദാബാദിൽ ഒരു സ്വതന്ത്രരൂപതയുണ്ടാകുമെന്നും അവിടുത്തെ സെക്രട്ടറിയായി ആ എളിയവനെ നിജപ്പെടുത്തിയിരിക്കുന്നുവെന്നും  മറ്റൊരു കാനാൻകാരനോടു പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. സർവ്വരാജ്യ പ്രവാസികൾക്കും ഒരു തണലായി അഹമ്മദാബാദുകാർ അച്ചടക്കത്തോടെ ഉണരാൻ കാരണവും ഈ ദാസനാണെന്നാണു കേൾക്കുന്നത്. ആത്മാവു തലയ്ക്കു പിടിച്ച ഒരു കരിസ്മറ്റിക് അച്ചനെ കോയമ്പത്തൂരൊരു മീഞ്ചന്തയുടെ അടുത്തുനിന്നായിരുന്നല്ലോ പണ്ടു പിടിച്ചുകൊണ്ടു വന്നത്. മീനുമായെ സഭക്കു ബന്ധമുണ്ടായിരുന്നുള്ളു, ചന്തയുടെ കാര്യം സീറോമലബാർ കുർബ്ബാനക്രമം പ്രാബല്യത്തിൽ വന്നതിനു ശേഷമാണു വ്യാപകമായി കേട്ടു തുടങ്ങിയത്. 


സബർമതിക്കാരൻ അനിലിനെ വിളിച്ചാൽ അഹമ്മദാബാദിലെ സംഘർഷക്കഥകളെ കേൾക്കാനുള്ളു. അവിടെ ഒത്തൊരുമിച്ചു കഴിഞ്ഞവർ ഇപ്പോൾ മൂന്നുസംഘമായിരിക്കുന്നു. തട്ടിൽ സംഘത്തോടൊപ്പം ദൈവമുണ്ട് - ആ ബലത്തിലാണ് പല ദാസരും ചിന്നം വിളിക്കുന്നത്. അഹമ്മദാബാദ് സെ. മേരീസ് കത്തീദ്രൽ, ഷെവലിയർ മെമ്മോറിയൽ പാരിഷ് ഹാൾ, വി. അൽഫോൻസാ മെഡിക്കൽ കോളേജ്, വി. റാഫേൽ ഷോപ്പിങ് കോമ്പ്ളക്സ്... എന്തെല്ലാം സ്വപ്നങ്ങളാണോ പിള്ള മനസ്സുകളിൽ! തട്ടിൽ മെത്രാന്റെ അഹമ്മദാബാദിലെ 'ഹരി ഓം' പീഠത്തിന് ഒരു തുരങ്കം കൂടി ഉണ്ടായിരുന്നാൽ നല്ലതായിരുന്നേനെയെന്നേ അനിലിനോടും എനിക്കു പറയാനുള്ളൂ. ട്രസ്റ്റിന്റെ ഭാരവാഹികൾക്കും അത്യാവശ്യം വന്നാൽ ഉപയോഗിക്കാല്ലോ! പാട്ടുകാരെയും കപ്യാരെയും വാട്ടം പിടിച്ചു നിൽക്കുന്നവരെയും ഉപേക്ഷിക്കരുതെന്ന് ബന്ധപ്പെട്ടവരോടു പറയണം. 

ഏതായാലും വാട്സാപ്പ് ഗ്രൂപ്പുകൾ ഷെഫിൽഡിൽ മാത്രമല്ല ലോകമാസകലമുണ്ട്. ഈ സാധനമുള്ളതുകൊണ്ടാണല്ലോ ലോകം മുഴുവനുള്ള വാർത്തകൾ ചൂടായി ഈ ഗൾഫിലുമെത്തുന്നത്. ഞാൻ 24 വാട്സാപ്പ് ഗ്രൂപ്പുകളിലും  21 ഫെയിസ് ബുക്ക് കൂട്ടായ്മകളിലുണ്ട്. സർവ്വ സഭാപേജുകളുടെയും പ്രധാനജോലിയാകട്ടെ ചെളിവാരിയേറാണെന്നത് എല്ലാവർക്കും അറിയാവുന്ന രഹസ്യം. ആരെയെങ്കിലും നാറ്റിക്കാൻ പറ്റിയിട്ടുണ്ടോയെന്നു ചോദിച്ചാൽ, നാറ്റം തിരിച്ചറിയാൻ പറ്റാത്തവിധം ആയിട്ടുണ്ടെന്നു പറയാതെ വയ്യ. ഒരിടത്തും പിടികൊടുക്കാതെ ആരെങ്കിലുമുണ്ടെങ്കിൽ, അതു മാനന്തവാടിരൂപതയിലെ കാണൂ. റോബിനച്ചൻ പോയതോടെ വിശ്വാസികളുടെ പ്രശ്നങ്ങൾ മുഴുവൻ തീർന്നൂവെന്ന സങ്കൽപ്പത്തിലായിരിക്കണം, നായ്ക്കളെ വന്ധ്യങ്കരിക്കാനുള്ള പദ്ധതിയുമായി രൂപതയിറങ്ങിയിരിക്കുന്നത്. വൈദികരുടെ പ്രശ്നങ്ങളെങ്കിലും തീർന്നുവെന്നുറപ്പാക്കിയിട്ടു വേണമായിരുന്നു തെരുവിലേക്കിറങ്ങാൻ. അതോ, രണ്ടിനും കൂടി ഒരു ചികിൽസയാണോ? 

കുറച്ചുനാൾ മുമ്പ് അമേരിക്കയിൽ ഒരു സായിപ്പു മാനസാന്തരപ്പെട്ടു. ഈ കൊടും പാപിക്കു കുമ്പസ്സാരഗുരു കൊടുത്ത ശിക്ഷയെന്താണെന്നു കേൾക്കണ്ടെ? രണ്ടു ഞായറാഴ്ച്ച, ചിക്കാഗോയിലെ സീറോമലബാർ കത്തീദ്രൽ പള്ളിയിൽ പോയി മുഴുവൻകുർബ്ബാന കാണുകയെന്നുള്ളതായിരുന്നത്. ആദ്യത്തെ ഞായറാഴ്ച രണ്ടു മണിക്കൂർ പിന്നിട്ടപ്പോഴേക്കും സായിപ്പിന്റെ ബോധം മറഞ്ഞെന്നാണ് കഥ. അവസാനത്തെ പ്രസംഗം തുടങ്ങിയപ്പോൾ, ഇന്റർവെൽ ആയതേയുള്ളെന്നാണ് ആ പാവം കരുതിയത്.

2 comments:

  1. /// മീനുമായെ സഭക്കു ബന്ധമുണ്ടായിരുന്നുള്ളു, ചന്തയുടെ കാര്യം സീറോമലബാർ കുർബ്ബാനക്രമം പ്രാബല്യത്തിൽ വന്നതിനു ശേഷമാണു വ്യാപകമായി കേട്ടു തുടങ്ങിയത്/// .

    /// റോബിനച്ചൻ പോയതോടെ വിശ്വാസികളുടെ പ്രശ്നങ്ങൾ മുഴുവൻ തീർന്നൂവെന്ന സങ്കൽപ്പത്തിലായിരിക്കണം, നായ്ക്കളെ വന്ധ്യങ്കരിക്കാനുള്ള പദ്ധതിയുമായി രൂപതയിറങ്ങിയിരിക്കുന്നത്. വൈദികരുടെ പ്രശ്നങ്ങളെങ്കിലും തീർന്നുവെന്നുറപ്പാക്കിയിട്ടു വേണമായിരുന്നു തെരുവിലേക്കിറങ്ങാൻ. അതോ, രണ്ടിനും കൂടി ഒരു ചികിൽസയാണോ?///

    ശ്രീ. റോഷൻ, ഈ പ്രതിഭയ്ക്ക് പ്രണാമം!

    ReplyDelete
  2. https://www.manoramanews.com/news/breaking-news/2018/04/04/koratty-church-04.html

    ReplyDelete