Translate

Tuesday, August 27, 2019

സിസ്റ്റർ ലൂസി കളപ്പുരയും മാറ്റങ്ങൾക്കുവേണ്ടി സഭയോടുള്ള പോരാട്ടങ്ങളും



ജോസഫ് പടന്നമാക്കൽ

വയനാട്, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാന്‍ സ്വന്തം കാറുള്ള അപൂര്‍വം കത്തോലിക്കാ സന്യാസിനികളില്‍ ഒരാള്‍! കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി താന്‍ അംഗമായിരിക്കുന്ന സന്യാസിനീ സഭയില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നക്കാരിയായി സഭാ നേതൃത്വം അവരെ കാണുന്നു. ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസീസ് അസീസിയുടെ ദാരിദ്ര്യവ്രതം സ്വീകരിച്ച 'ക്ലാര' എന്ന കന്യാസ്ത്രി സ്ഥാപിച്ച മഠം ആണ് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് മഠം. തങ്ങൾക്കുള്ളതെല്ലാം ദരിദ്രർക്ക് ദാനം ചെയ്തിട്ടായിരുന്നു ഫ്രാൻസിസും ക്ലാരയും സന്യസ്ത ജീവിതം ആരംഭിച്ചത്. അവർ ധനവും സ്വത്തുക്കളും ദരിദ്രർക്ക് കൊടുത്തിട്ട് സ്വയം പരിത്യാഗികളായി ദരിദ്രരരെ സേവനം ചെയ്തിരുന്നു.

സിസ്റ്റർ ലൂസി കളപ്പുരയുടെ സന്യാസിനി മഠം ക്ലാരിസ്റ്റ് തത്ത്വചിന്തകൾ ഉൾക്കൊള്ളുന്നില്ല. മഠത്തിൽ ചേരുന്ന ഒരു കന്യാസ്ത്രീയുടെ കുടുംബവീതം മഠം അടിച്ചെടുക്കും. കന്യാസ്ത്രികൾ ജോലി ചെയ്യുന്ന പണവും തട്ടിയെടുക്കും. ദരിദ്ര വീടുകളിൽനിന്നും വരുന്ന പെണ്ണുങ്ങളെക്കൊണ്ട് മഠത്തിലെ കുശിനിപ്പണി, ടോയ്‌ലറ്റ് വൃത്തിയാക്കൽ, അലക്കുപണി, പുരോഹിതർക്ക് ഭക്ഷണം പാകം ചെയ്യൽ മുതലായ ജോലികൾ ചെയ്യിപ്പിക്കും. മഠത്തിൽ ഭക്ഷണം കഴിക്കാൻ വരുന്ന പുരോഹിതരുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ചെറു കന്യാസ്ത്രീകളുടെ നിലനിൽപ്പ് തന്നെ ചോദ്യമാകും. പലപ്പോഴും അസാന്മാർഗികളായ പുരോഹിതർമൂലം അവരുടെ ചാരിത്രത്തിന് കളങ്കം ചാർത്തികൊണ്ട് വലിയ വിലയും നൽകേണ്ടി വരുന്നു. മഠത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു വീതം പുരോഹിതരെയും ബിഷപ്പിനെയും ഏൽപ്പിക്കണം. വ്രതങ്ങള്‍ സ്ത്രീകൾക്ക് മാത്രം. പുരോഹിതൻ എന്നും സ്വതന്ത്രർ. കന്യാസ്ത്രികൾ അവരുടെ പാദസേവകരും ദേവദാസികളുമായി കഴിയണം.

സഭയുടെയും മഠം അധികാരികളുടെയും ചൂഷണങ്ങൾക്കെതിരെ ധീരമായ നിലപാടുകളെടുത്ത ഒരു കന്യസ്ത്രിയാണ് ലൂസി കളപ്പുരക്കൽ. അവർക്കെതിരെയുള്ള ആരോപണങ്ങൾ 'കാർ ഓടിക്കാൻ ലൈസെൻസെടുത്തു' ; 'കാർ മേടിച്ചു'; സമര പന്തലിൽ പോയി; ഫ്രാങ്കോയ്ക്കെതിരെ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു; ചൂരിദാർ ധരിച്ചു; പുസ്തകം പ്രസിദ്ധീകരിച്ചു എന്നെല്ലാമാണ്. സിസ്റ്റർ ലൂസി തന്നെ മഠത്തിൽനിന്നു പുറത്താക്കിയതിൽ ഭയപ്പെടുന്നില്ല. "ഇന്നുവരെ താൻ സഭയുടെ മാത്രം കന്യാസ്ത്രിയായിരുന്നുവെന്നും ഇനിമുതൽ ലോകത്തിന്റ തന്നെ കന്യാസ്ത്രീയും സർവരുടെയും സഹോദരിയായിരിക്കുമെന്നും" സിസ്റ്റർ പറയുന്നു. സഭയെന്നാൽ അധികാരം, രാഷ്ട്രീയ സ്വാധീനം, ധനം, ഭൂസ്വത്ത് എന്നെല്ലാം നിറയെ ഉള്ളതാണ്. സഭയോട്, ഒറ്റയാനയായി ഏറ്റുമുട്ടുക എളുപ്പമല്ല. യേശു ദുഃഖിതരോടൊപ്പമായിരുന്നു. സിസ്റ്റർ പറയുന്നു, "തന്നെ സംബന്ധിച്ച് ഫ്രാങ്കോയ്ക്ക് എതിരായി സമര പന്തലിൽ ഉണ്ടായിരുന്നവർ അവഗണിക്കപ്പെട്ട കന്യാസ്ത്രികളായിരുന്നു. അവർ ദരിദ്രരായിരുന്നു." അവഗണിക്കപ്പെട്ടവരോടൊപ്പം ഒരു സമര പന്തിലിൽ ഇരുന്നാൽ പാപമല്ലെന്നുള്ള നിഗമനമാണ് സിസ്റ്ററിനുള്ളത്. ക്രൈസ്തവേതര മാസികകളിൽ എഴുതി, ചാനലുടകളോട് സംസാരിച്ചു ഇതൊക്കെയാണ് ചുമത്തപ്പെട്ട മറ്റു കുറ്റങ്ങൾ. കൃസ്തുവിൽ ജാതിയോ മതമോ തിരിച്ചുവ്യത്യാസമോ ഇല്ലായിരുന്നുവെന്നു ലൂസി ചിന്തിക്കുന്നു. സിസ്റ്ററിൽ ആരോപിച്ചിരിക്കുന്ന കുറ്റകൃത്യങ്ങൾ പുരോഹിതർക്കാകാം. വണ്ടി ഓടിക്കുന്ന പുരോഹിതരുണ്ട്. ക്രൈസ്തവേതര പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നവരുണ്ട്. വാസ്തവത്തിൽ 'എഴുതുക' എന്നുള്ളത് പ്രകൃതി തന്നിരിക്കുന്ന ഒരു വരദാനമാണ്. അത് പാടില്ലാന്നു വിലക്കുന്നതും സിസ്റ്ററെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത കാര്യങ്ങളുമാണ്.

സിസ്റ്റർ ലൂസി കളപ്പുരയെ തേജോവധം ചെയ്തുകൊണ്ടുള്ള ഫാദർ നോബിൾ പാറക്കലിന്റെ ഒരു വീഡിയോ കാണാനിടയായി. ലുസിക്കെതിരെയുള്ള നോബിളിന്റെ അപവാദങ്ങൾ തികച്ചും സംസ്ക്കാരരഹിതമായിരുന്നു. നോബിൾ ഇംഗ്ളീഷ് സാഹിത്യത്തിൽ ഒരു ഗവേഷക വിദ്യാർഥികൂടിയാണ്. വിദ്യാഭ്യാസമുള്ള ഒരു പുരോഹിതനെന്ന നിലയിൽ, ഒരു സ്ത്രീയുടെ ചാരിത്രത്തെ അപമാനിക്കുമ്പോൾ സ്വന്തം പൗരാഹിത്യത്തിന്റെ വില ഇടിക്കുന്നുവെന്നും അദ്ദേഹം ചിന്തിക്കേണ്ടിയിരുന്നു. സിസ്റ്റർ ലൂസിയുടെ കോൺവെന്റിൽ രണ്ടു മാദ്ധ്യമ പ്രവർത്തകർ സന്ദർശകരായി വന്നപ്പോൾ ഫാദർ നോബിളിനു ചാനലുകളിലും സ്വന്തം വീഡിയോകളിലും അപവാദങ്ങൾ പ്രചരിപ്പിക്കാൻ വിഷയമായി. വട്ടായി ഖാൻ എന്ന ധ്യാനഗുരു നോബിളിന്റെ ബാലിശമായ അഭിപ്രായങ്ങൾ ശരിവെക്കുകയും ചെയ്തു. വാർത്താ റിപ്പോർട്ടർമാർക്കു പകരം കുപ്പായം ധരിച്ച രണ്ടു പുരോഹിതരായിരുന്നു സന്ദർശകരെങ്കിൽ അവരെ വിശുദ്ധ കൂട്ടുകെട്ടായി നോബിൾ പരിഗണിക്കുമായിരുന്നു.

സന്യസ്ത ആശ്രമങ്ങളിൽ ചില നിയമങ്ങളുണ്ടെന്നും നിയമങ്ങൾ പാലിക്കാൻ സാധിക്കാത്തവർ സഭാവസ്ത്രം ഊരി പുറത്തുപോകണമെന്നും നോബിൾ ഉപദേശിക്കുന്നു. ഇദ്ദേഹം കന്യാസ്ത്രീകളുടെ വക്താവായത് എങ്ങനെയെന്നറിയില്ല. നിയമങ്ങൾ ഏതു പ്രസ്ഥാനങ്ങൾക്കും ബാധകമാണ്. എന്നാൽ ഒരാളിന്റെ പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിരിക്കരുത്. കന്യാസ്ത്രി മഠങ്ങളിലെ നിയമങ്ങൾ പൗരാവകാശങ്ങളെ കൈകടത്തിയുള്ള നിയമങ്ങളാണ്. അടിമത്വത്തിനു സമാനമാണ്! ഒരു കോൺ വെന്റിനുള്ളിൽ സ്ത്രീകൾക്ക് ശബ്ദിക്കാനുള്ള അവകാശം നിഷേധിക്കുന്നത് മാനവികതയ്ക്ക് ചേരുന്നതല്ല. ഇന്ത്യൻ ഭരണഘടനയേക്കാളുപരി മറ്റൊരു നിയമമില്ല. കാനോൻ നിയമങ്ങൾ കന്യാസ്ത്രികളുടെമേൽ  അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ഭരണഘടനയോടുള്ള അവഹേളനമാണ്‌.

'പട്ടാളക്കാർ, ഡോക്ടർമാർ, നഴ്‌സുമാർ, വക്കീലന്മാർ മുതൽപേർ യൂണിഫോം ധരിക്കുന്നപോലെ സഭയുടെ നിയമപ്രകാരം കന്യാസ്ത്രികളും യൂണിഫോം ധരിക്കണമെന്നു' നോബിൾ ഉപദേശിക്കുന്നു. പട്ടാളക്കാർ രാജ്യം കാക്കുന്നവരാണ്. അതിർത്തിയിൽ അവരെ നഷ്ട്ടപ്പെട്ടാൽ തിരിച്ചറിയലിന് യൂണിഫോം സഹായകമാകും. ഒരു രോഗിക്ക് ഡോക്ടറേയും നേഴ്സ്നെയും തിരിച്ചറിയലിന് യൂണിഫോം വേണം. പ്രതിക്കൂട്ടിലിരിക്കുന്നവർക്ക് വക്കീലന്മാരെ തിരിച്ചറിയാനും യൂണിഫോം സഹായകമാണ്. അവരെല്ലാം ഔദ്യോഗിക ജോലികളിൽ മാത്രമേ യൂണിഫോം ധരിക്കാറുള്ളൂ. പോലീസുകാരനും ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കുന്നു. എന്നാൽ ഒരു കന്യാസ്ത്രിയ്ക്ക് സഭാവസ്ത്രം ധരിക്കാൻ സമയപരിധിയില്ല. ഒരു കന്യാസ്ത്രി 'ചൂരിദാർ' ഇട്ടാൽ അവരുടെ ആത്മീയത ഇടിഞ്ഞു പോകുമെന്ന് നോബിൾ പാറക്കൻ വിശ്വസിക്കുന്നു. ഉഷ്‌ണമുള്ള കാലങ്ങളിലും തണുപ്പിലും വെയിലിലും രാത്രിയും പകലും വ്യത്യാസമില്ലാതെ കന്യാസ്ത്രീകൾ സഭാവസ്ത്രം ധരിച്ചുകൊണ്ട് നടക്കണം. വഴികളിൽ സഞ്ചരിക്കുമ്പോൾ കന്യാസ്ത്രികൾക്ക് ചൂരിദാറും സാരികളും ധരിക്കണമെന്ന മോഹങ്ങളുണ്ട്. എന്നാൽ മഠത്തിലെ നിയമങ്ങൾ മാന്യമായ വേഷങ്ങൾ ധരിക്കാൻ അനുവദിക്കില്ല. ലൂസി, ചൂരിദാർ ധരിച്ചെങ്കിൽ സഭയ്ക്കുള്ളിലെ അപരിഷ്കൃത നിയമങ്ങൾക്ക് മാറ്റങ്ങൾ  ആഗ്രഹിക്കുന്നുവെന്നു കരുതണം. യാഥാസ്ഥിതികരായ പുരോഹിതരുടെ അധികാര സമൂഹം മാറ്റങ്ങളെ ഉൾക്കൊള്ളുകയില്ല.

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ, '24 ന്യൂസ് ജനകീയ കോടതിയിലുടെ' സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ ചാനലിൽ പ്രതികരിച്ചിരുന്നു. സരസമായി ഭാഷ കൈകാര്യം ചെയ്തു പ്രസംഗിക്കാൻ കഴിയുന്ന പുത്തൻപുരയ്ക്കൽ അച്ചനെ സോഷ്യൽ മീഡിയകൾ വളരെ ആദരവോടെയായിരുന്നു കണ്ടിരുന്നത്. എന്നാൽ അസ്ഥാനത്തുള്ള അദ്ദേഹത്തിൻറെ ലൂസിക്കെതിരായ കമന്റ് വലിയ പ്രത്യാഘാതത്തിന് കാരണമായി. സിസ്റ്റർ ലൂസിയെ വാസ്തവത്തിൽ അദ്ദേഹം വ്യക്തിഹത്യ ചെയ്യുകയായിരുന്നു. സിസ്റ്റർ ലൂസിയുടെ സ്ത്രീത്വത്തെ അപമാനിക്കലുമായിരുന്നു. ലൂസിക്കെതിരെ പലതും പറയാൻ സാധിക്കാത്ത കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്നുള്ള പുത്തൻപുരയ്ക്കൽ അച്ചന്റെ പ്രസ്താവനകളെ ലൂസി വെല്ലുവിളിച്ചിട്ടുണ്ട്.

അധികാരം കേന്ദ്രികരിച്ചിരിക്കുന്ന പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ലോകം ഇന്ന് ക്രൂരതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അഭയായെ ഒരു കന്യാസ്ത്രീയും രണ്ടു പുരോഹിതരുംകൂടി കിണറ്റിൽ തള്ളിയിട്ടു. റോബിനെന്ന പുരോഹിതൻ പതിനാലുകാരത്തിയെ ഗർഭിണിയാക്കി. അവൾ പ്രസവിച്ചപ്പോൾ ഗർഭത്തിൻറെ ഉത്തരവാദിത്വം അവളുടെ സ്വന്തം പിതാവിൽ ചാർത്തി. സീറോ മലബാർ സഭയുടെ പരമ്പരാഗതമായി നേടിയെടുത്ത ഭൂമി വിറ്റു നശിപ്പിച്ചു. കുരിശു കൃഷി, വ്യാജരേഖ വിവാദം എന്നിങ്ങനെ സഭയിലുണ്ടായപ്പോൾ സഭ നിശബ്ദത പാലിച്ചു. എന്നാൽ ലൂസിക്കെതിരെ പാതിരിവർഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ലൂസി സമരം ചെയ്തത് സ്വന്തം കന്യകാത്വം തെളിയിക്കാനുള്ള ബദ്ധപ്പാടിലല്ലായിരുന്നു. മറിച്ച്, നിഷ്കളങ്കയായ ഒരു കന്യാസ്ത്രീയുടെ കന്യകാത്വം കവർന്നുകൊണ്ടു പോയ 'ഫ്രാങ്കോ' എന്ന ബിഷപ്പിനെതിരെ സമരത്തിൽ പങ്കെടുത്തതിനാണ് അവരുടെ മേൽ സഭ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

'സ്ത്രീകൾ' കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കാൻ പുരുഷന്മാരെക്കാളും മുമ്പിലെന്ന ഒരു  സങ്കല്പമുണ്ട്. എന്നാൽ അപവാദങ്ങളും പരദൂഷണങ്ങളും വ്യക്തിഹത്യ നടത്താനും പുരോഹിതർ മറ്റെല്ലാവരേക്കാളും സമർത്ഥരാണ്. പുരോഹിതരിൽ പൊതുവെ യുക്തിയോടെ ചിന്തിക്കുന്നവർ കുറവാണ്. അടിച്ചമർത്തപ്പെട്ട സെമിനാരി ജീവിതം അവരെ ദുർബലരാക്കിയിരിക്കുന്നു. സാമൂഹിക വ്യവസ്ഥിതികളുമായി അവർ അകന്നു ജീവിക്കുന്നതിനാൽ സ്ത്രീ ജനങ്ങളെ ഇടിച്ചു താഴ്ത്തി സംസാരിക്കുകയെന്നത് അവരുടെ ഒരു വിനോദമാണ്‌. അവരുടെ അയുക്തികളെ കേൾവിക്കാർ അംഗീകരിക്കണമെന്നാണ് പ്രമാണം. പുരുഷ മേധാവിത്വം ഭൂരിഭാഗം പുരോഹിതരിലുമുണ്ട്.  കന്യാസ്ത്രികൾ മാനഹാനിയെ ഭയന്ന് പുരോഹിതരിൽനിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങൾ പുറത്തുപറയാതെ രഹസ്യമായി സൂക്ഷിക്കുന്നു. തെറ്റുകൾ ആരെങ്കിലും ചൂണ്ടി കാണിച്ചാൽ അവരെ ഇല്ലാതാക്കാൻ അധികാരം കയ്യാളുന്നവർ ശ്രമിക്കും.

സിസ്റ്റർ ലൂസിയെ വിഘടന വാദിയായി കരുതാൻ തുടങ്ങിയത്, അവർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച നാളുകൾ മുതലാണ്. ഫ്രാങ്കോയ്ക്കെതിരെയുള്ള കന്യാസ്ത്രികളുടെ  സമരങ്ങൾക്ക് അവർ പൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഠത്തിൽ നടന്നുകൊണ്ടിരുന്ന അനാവശ്യ കാര്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിച്ചു. അത്, മഠം അധികാരികളിൽ കോളിളക്കമുണ്ടാക്കി. പ്രശ്നങ്ങൾ സമാധാനമായി പരിഹരിക്കുന്നതിനു പകരം പ്രതികാര നടപടികൾക്കാണ് മഠം മുൻഗണന നൽകിയത്. സഭയ്ക്കുള്ളിലെ ചട്ടക്കൂട്ടിൽ പുരുഷനിർമ്മിതമായ നിയമങ്ങളാണ് നിലവിലുള്ളത്. 'സ്ത്രീ' വെറും അടിമ. സത്യങ്ങൾ മുഴുവനും സഭയ്ക്കുള്ളിൽ മൂടി വെക്കുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ കല്ലെറിയാനാണ് പൗരാഹിത്യ ലോകം ശ്രമിച്ചത്. ലൂസി ചെയ്ത തെറ്റ് പീഡനത്തിന് വിധേയയായ കന്യാസ്ത്രീയെ  പിന്തുണച്ചുകൊണ്ട് സത്യാഗ്രഹം അനുഷ്ടിച്ചുവെന്നുള്ളതാണ്. സിസ്റ്റർ ലൂസിയെ പുറത്താക്കിക്കൊണ്ടുള്ള പ്രതികാരനടപടികൾ നടപ്പാക്കുകയും ചെയ്തു. സഭയിലെ മേല്പട്ടക്കാരെയോ, ബാലപീഡകരായ വൈദികരേയോ സഭ പുറത്താക്കുന്നതായ ഒരു കീഴ്വഴക്കമില്ല. സഭയുടെ നേതൃത്വം വഹിക്കുന്നത്! മനഃസാക്ഷിയില്ലാത്ത പൗരാഹിത്യമാണ്.  നിയമങ്ങൾ ആധുനിക കയ്യപ്പാസുമാർ കയ്യടക്കി വെച്ചിരിക്കുന്നു.  കന്യാസ്ത്രികൾ അനുസരണ വ്രതം, ദാരിദ്ര വ്രതം ബ്രഹ്മചര്യം എന്നിങ്ങനെയുള്ള അരുചികരമായ നിയമങ്ങൾ ജീവിതകാലം മുഴുവൻ അനുഷ്ഠിച്ചുകൊണ്ടിരിക്കണം. സ്ത്രീ വിരുദ്ധ ശക്തികളുടെ കൂട്ടായ്മകൾ സ്ത്രീകളുടെമേൽ അസ്വാതന്ത്ര്യമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചിരിക്കുകയാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇന്ത്യൻ നീതി ന്യായവ്യവസ്ഥ കുറ്റം ആരോപിച്ചു. എങ്കിലും സീറോ മലബാർസഭ ഫ്രാങ്കോ മുളക്കലിന്റെ കുറ്റങ്ങളെപ്പറ്റി യാതൊന്നും പ്രതികരിച്ചിട്ടില്ല. ഒരു കുഞ്ഞിന് ജന്മം കൊടുത്തിട്ട് കുഞ്ഞിന്റെ പിതൃത്വം പെൺകുട്ടിയുടെ പിതാവിലർപ്പിക്കാൻ ശ്രമിച്ച റോബിനെ പിന്താങ്ങുന്ന ഒരു സഭാനേതൃത്വമാണ് ഇപ്പോഴുള്ളത്. പാപത്തെ വെറുക്കണമെന്നും റോബിനെയും ഫ്രാങ്കോയെയും പോലുള്ളവരെ പിന്തുടരുതെന്നും പറയാനുള്ള ചങ്കുറപ്പ് സഭയ്ക്കില്ലാതെ പോയി. "തെറ്റുകൾ അംഗീകരിക്കുന്നത് അഭിമാനമാണ്. അപമാനമല്ല"; അത് എന്തുകൊണ്ട് സഭാ നേതൃത്വം തയാറാകുന്നില്ലെന്നു സിസ്റ്റർ ലൂസി ചോദിക്കുന്നു.

സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിന് സ്വതന്ത്രമായി ചിന്തിക്കുന്ന കന്യാസ്ത്രീകളെ  ബലിയാടാക്കണോ? മുസ്ലിം സമുദായത്തിലുള്ള 'മുത്തലാക്ക്' നിരോധിച്ചു. അതുപോലെ കന്യാസ്ത്രി മഠം സ്വീകരിച്ചിരിക്കുന്ന അനുസരണ വ്രതവും ദാരിദ്ര വ്രതവും നിരോധിക്കേണ്ടതായുണ്ട്. കുടുംബത്തിൽ നിന്നുള്ള സമ്പത്ത് മുഴുവൻ കൈക്കലാക്കി സ്ത്രീകളെ ദരിദ്രർ ആക്കുന്ന ഈ വ്യവസ്ഥിതി അതിക്രൂരമാണ്. സാമൂഹിക വിരുദ്ധവുമാണ്.  മഠവും അരമനകളും കൊഴുക്കുന്നു. 'പാവപ്പെട്ട കന്യാസ്ത്രികൾ അടിവസ്ത്രത്തിനുപോലും ജനറാളാമ്മയുടെ മുമ്പിൽ കൈനീട്ടണമെന്ന്' സിസ്റ്റർ ജെസ്മി പറയുന്നു.

"സൈനികരും ഡോക്ടർ-നേഴ്‌സുമാരും യൂണിഫോം ധരിക്കുന്നപോലെ കന്യാസ്ത്രികൾ യൂണിഫോം നിർബന്ധമായി ധരിക്കണമെന്നു" ഫാദർ നോബിൾ പാറക്കൽ പറയുന്നു. നേഴ്സിനും ഡോക്ടറിനും പട്ടാളക്കാർക്കും ഔദ്യോഗിക ജോലി സമയത്ത് യൂണിഫോം ധരിച്ചാൽ മതി. സാമൂഹിക കൂടിച്ചേരലുകളിലും മറ്റു മംഗള പരിപാടികളിലും വിവാഹാഘോഷങ്ങളിലും സംബന്ധിക്കുമ്പോൾ അവരാരും യൂണിഫോമിൽ വരാറില്ല. ഉഷ്ണം പിടിച്ച ഒരു രാജ്യത്ത് സന്യസ്തരെപ്പോലെ കോമാളി വേഷങ്ങൾ അണിഞ്ഞു കൊണ്ട് നടക്കാറുമില്ല. ഇന്ത്യയുടെ വായു ശ്വസിച്ച് സ്വതന്ത്രമായി ജീവിക്കാൻ കന്യാസ്ത്രികൾക്കും അവകാശമുണ്ട്. സഭാധികാരികൾ കന്യാസ്ത്രി മഠങ്ങളിലെ നിയമങ്ങൾ മിലിറ്ററി നിയമങ്ങൾപോലെ നടപ്പാക്കുന്നു. ദൈവം സ്നേഹമാണെങ്കിൽ സ്നേഹത്തിനുപരി മറ്റു മനുഷ്യ നിയമങ്ങൾ അടിച്ചേൽപ്പിക്കേണ്ട ആവശ്യമുണ്ടോ? മിലിറ്ററിയിൽ പ്രത്യേകമായ നിയമങ്ങളുണ്ട്. യുദ്ധം ചെയ്യാൻ പറഞ്ഞാൽ പോവണം. നേഴ്സ്, ഡോക്‌ടേഴ്സിനുള്ള യൂണിഫോം ഒരു രോഗിക്ക് അവരെ തിരിച്ചറിയലിനാവശ്യമാണ്. എന്നാൽ, കന്യസ്ത്രികളും പുരോഹിതരും യൂണിഫോം ധരിക്കാതെ നടന്നാൽ സമൂഹത്തിന് ഒരു ചുക്കും സംഭവിക്കാൻ പോവുന്നില്ല. രാത്രിയും പകലും വ്യത്യാസമില്ലാതെ യൂണിഫോം ധരിച്ചു നടക്കുന്ന ഒരു സമൂഹം കത്തോലിക്ക സഭയിൽ മാത്രമേയുള്ളൂ. വാസ്തവത്തിൽ, മനുഷ്യരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് തടസം വരുന്ന സഭയുടെ സന്യസ്ത നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ലംഘനവുമാണ്‌. ഒരു കന്യാസ്ത്രീയുടെ യുവത്വം കഴിയുന്ന കാലം മുതൽ മഠം അധികൃതർ പീഡനങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. വാർദ്ധക്യത്തിൽ അടിമയെപ്പോലെ കഴിഞ്ഞില്ലെങ്കിൽ കുപ്പത്തൊട്ടിയിൽ വലിച്ചെറിയുകയും ചെയ്യും.

സിസ്റ്റർ ലൂസി കളപ്പുര മരണശേഷം തന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ  ഗവേഷണങ്ങൾക്കായി വിട്ടുകൊടുക്കണമെന്ന് എഴുതിവെച്ചിട്ടുണ്ട്. അത്തരം ഒരു കന്യാസ്ത്രിയിൽനിന്നുള്ള തീരുമാനം സഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. സഭയ്‌ക്കെതിരെ വിമർശനങ്ങളുമായി നടക്കുന്ന സിസ്റ്റർ ലൂസിയെ തെമ്മാടിക്കുഴിയിൽ അടക്കുമെന്നുവരെ ഭീഷണികൾ നിലനിൽക്കുന്നു. അത്തരക്കാരോട്, തന്റെ ശരീരം തെമ്മാടിക്കുഴിയിൽ അടക്കാനുള്ളതല്ലെന്നും മരണശേഷം അവർക്ക് ഒപ്പീസുകളോ പുരോഹിതരുടെ കപട പ്രസംഗങ്ങളോ ആവശ്യമില്ലെന്നും ലൂസി പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ അവരെ പരമാവധി അപമാനിച്ചു. മരണശേഷം അവർ മാലാഖ ആയിരുന്നുവെന്ന വിളികൾ എന്തിനെന്നുമാണ് അവർ ചോദിക്കുന്നത്.

ഒരു കന്യാസ്ത്രിയെ ഫ്രാങ്കോ പീഡിപ്പിച്ച വിവരങ്ങൾ അതിനു ബലിയാടായ കന്യാസ്ത്രി കണ്ണുനീരോടെ കർദ്ദിനാൾ ആലഞ്ചേരിയോട് പരാതി പറഞ്ഞപ്പോൾ 'പീഡിപ്പിച്ച കാര്യം മറ്റാരോടും പറയണ്ട' എന്നുള്ള ഉപദേശങ്ങളാണ് കൊടുത്തത്. ആഡംബര കാറുകളിൽ സഞ്ചരിച്ചും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും അരമനകളിൽ താമസിച്ചും കഴിയുന്ന പുരോഹിതർക്ക് പാവപ്പെട്ടവന്റെ വിയർപ്പിന്റ വില അറിയേണ്ട ആവശ്യമില്ല. ഒരു സ്ത്രീയുടെ കണ്ണുനീരിന്റെ വിലയ്‌ക്കോ മാനത്തിനോ അവർ വില കല്പിക്കാറില്ല. കുറ്റകൃത്യങ്ങളിൽ മനുഷ്യത്വമുള്ളവർ ഇരക്കൊപ്പം നിൽക്കും. എന്നാൽ ഫ്രാങ്കോ കേസിൽ സഭ ഇരയ്‌ക്കൊപ്പം നിൽക്കുന്നില്ലെന്നു മാതമല്ല ഇരയെ സഹായിക്കുന്നവരെയും ഇല്ലാതാക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്രമാത്രം വേദനാജനകമായ സംഭവവികാസങ്ങൾ ഉണ്ടായിട്ടും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി കന്യാസ്ത്രീകളെ ആശ്വസിപ്പിക്കത്തക്ക ഒരു വാക്കുപോലും പറഞ്ഞില്ലെന്നുള്ളതാണ് സത്യം. ആലഞ്ചേരി, ബലിയാടായ സിസ്റ്ററെ അനുകൂലിച്ച് സംസാരിച്ചാൽ സഭയിൽ കോളിളക്കമുണ്ടാവുമെന്നും ഭയപ്പെടുന്നു. സഭയിൽ ഒളിഞ്ഞിരിക്കുന്ന നിരവധി രഹസ്യങ്ങളും പുറത്തു വരാം. 

സിസ്റ്റർ ലൂസി പറയുന്നു, "ആദ്യകാലത്ത് ക്രിസ്ത്യൻ സഭകൾ സ്‌കൂളുകൾ നടത്തിക്കൊണ്ടിരുന്നത് ഇല്ലായ്മയിൽ നിന്നായിരുന്നു; എന്നാൽ ഇന്ന് എല്ലാമുണ്ട്; അതുകൊണ്ട് ക്രിസ്ത്യൻ സ്ക്കൂളുകളുടെ വിദ്യാഭാസ നിലവാരം താണുപോയി; ലക്ഷങ്ങൾ കോഴ കൊടുത്ത് നിയമിതരായ അദ്ധ്യാപകരാണ് കത്തോലിക്കാ സ്‌കൂളുകളിൽ ഉള്ളത്." നിലവാരം താണുപോയ ഈ സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കണമെന്ന ചിന്താഗതിയാണ് സിസ്റ്ററിനുള്ളത്. നിയമനം പിഎസ്‌സി വഴി വേണമെന്നും അവർ നിർദേശിക്കുന്നു.

ചെറിയ കുട്ടികൾ പുരോഹിതരെ അഭിമുഖീകരിക്കരുതെന്ന കേരളബിഷപ്പ് സംഘടനയുടെ തീരുമാനം സഭയിലെ പുരോഹിതർ എത്രമാത്രം അധപതിച്ചുവെന്നുള്ള തെളിവാണെന്നും സിസ്റ്റർ ലൂസി ചാനലുകാരോട് പറയുന്നുണ്ട്. ഒരിക്കൽ ലൂസി 'ഇരുപത്തിനാല് വയസുള്ള ഒരു ചെറുപ്പക്കാരൻ പള്ളിയിൽ പോകാത്ത കാര്യം അന്വേഷിച്ചപ്പോൾ' അയാളെ ഒമ്പതാം ക്‌ളാസിൽ വെച്ച് ഒരു പുരോഹിതൻ സ്വവർഗരതി ചെയ്ത കാര്യം അറിയിച്ചു. അങ്ങനെയുള്ളവരെ എങ്ങനെ പള്ളിയിൽ പോകാൻ നിർബന്ധിക്കുമെന്നാണ് ലൂസി ചോദിക്കുന്നത്. അവന്റെ വേദനകൾ ഉണങ്ങണം. അങ്ങനെ പോസിറ്റിവ് ആയ കാഴ്ചപ്പാടുകളിൽ സഭ മുന്നേറേണ്ടതായുണ്ട്.

നാൽപ്പതു വർഷങ്ങളോളം സഭയ്ക്കുവേണ്ടി ജീവിച്ച, കഠിനാദ്ധ്വാനത്തിൽക്കൂടി ജീവിതം പണയം വെച്ച ഒരു കന്യാസ്ത്രിക്കെതിരെയാണ് അസഭ്യ ശകാരങ്ങൾ പുരോഹിതവർഗം വർഷിച്ചതെന്നും   ചിന്തിക്കണം. അള മുട്ടിയാൽ ചേരയും കടിക്കുമെന്ന സ്ഥിതിവിശേഷത്തിലേക്ക് ലൂസിയെ എത്തിച്ചിരിക്കുകയാണ്. തെറ്റുകൾ ചൂണ്ടി കാണിച്ചാൽ തെറ്റുകൾ തിരുത്താനല്ല സഭ ശ്രമിക്കുന്നത്. അവരെ ഇല്ലാതാക്കണമെന്നുള്ള വിചാരമാണ് സഭയ്ക്കുള്ളത്. പുരുഷമേധാവിത്വമാണ് സഭയെ നയിക്കുന്നത്. മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും പൊതു സമൂഹവുമായുള്ള ബന്ധം അറുത്തു മാറ്റുകയും ചെയ്യുന്ന നടപടികൾവരെ ലൂസിക്കെതിരെ സഭാധികൃതർ നടത്തിയിരുന്നു. ഒരിക്കൽ അവരെ മഠത്തിനുള്ളിൽ പൂട്ടിയിട്ടു. അവരുടെ ജീവനു തന്നെ ഭീഷണിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സഭയുടെ വെച്ചുപൊറുപ്പിക്കാൻ പാടില്ലാത്ത തരത്തിലുള്ള ക്രൂരമായ സമീപനത്തിനെതിരെ ധീരയായ ലൂസി കളപ്പുരക്കൽ എന്ന കന്യാസ്ത്രീക്ക് ശക്തമായ പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യ കേരളത്തിന്റെ സാമൂഹികമായ ഒരു ബാധ്യത കൂടിയാണ്.

'പിതാവേ ഇവർ ചെയ്യുന്നത് എന്തെന്നറിയുന്നില്ല' എന്ന യേശുവിന്റെ കല്പനകൾ  ലംഘിച്ചുകൊണ്ടാണ് മഠവും ചില അധാർമ്മിക പുരോഹിതരും 'ലുസി'ക്കെതിരെ യുദ്ധ പ്രഖ്യാപനങ്ങളുമായി അങ്കം വെട്ടാൻ വന്നിരിക്കുന്നത്. മാന്യയായ ഒരു സ്ത്രീയെ പുരോഹിതരും  ചില ധ്യാനഗുരുക്കന്മാരും അപമാനിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഗ്രന്ഥം സാക്ഷി നിർത്തി നൽകിയ സിസ്റ്ററെന്ന പദവിയെ 'കുമാരി' എന്ന് വിളിച്ചു അധിക്ഷേപിക്കുന്ന നോബിളിനെപ്പോലുള്ള പുരോഹിതരുടെ സഭ്യതയും സംസ്ക്കാരവും എവിടെ? ഇതാണോ, സ്നേഹം പഠിപ്പിച്ച യേശു ദേവന്റെ പ്രമാണം?










https://www.emalayalee.com/varthaFull.php?newsId=193712

No comments:

Post a Comment