Translate

Sunday, August 25, 2019

സിസ്റ്റർ ലൂസി, നിങ്ങൾ കുടുതൽ കുടുതൽ ശരിയാണെന്ന് തെളിയിക്കുകയാണ് ഫാ. പുത്തൻപുരക്കലും, ഫാ.നോമ്പിളും.

റോസി തമ്പി 



ഗതികെട്ടപ്പോൾ നീതീക്കു വേണ്ടി തെരുവിലിറങ്ങേണ്ടി വന്ന സ്വന്തം സഹോദരികളോടൊപ്പം നിന്ന ,ഇത്രയും ഒറ്റപ്പെടുത്തിയിട്ടും അവർ തന്നെയാണ് ശരി എന്ന് ഉറപ്പിച്ചു പറയുന്ന നിങ്ങളുടെ നീതീബോധത്തെ അഭിനന്ദിക്കുന്നു. മുപ്പത്തിമൂന്നു വർഷത്തെ വിശ്വാസ ജീവിതത്തിൽ നിന്ന് സ്വന്തം സമൂഹം സിസ്റ്ററെ ഇറക്കിവിടാൻ കാരണവും അതു തന്നെ.

കന്യാസ്ത്രികൾ എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇന്നും അച്ചൻമാർ തന്നെ .അതുകൊണ്ടാണ് ഒരു കന്യാസ്ത്രി മoത്തിന്റെ പിൻ വാതിലൂടെ ആണുങ്ങളെ വിളിച്ചു കേറ്റി എന്നു തെളിയിക്കാൻ മoത്തിലെ തന്നെ cc Tv ദൃശ്യങ്ങൾ ഉപയോഗിച്ച് അച്ചൻ തങ്ങളിൽ ഒരുവളെ അപമാനിക്കുമ്പോൾ തങ്ങളെ മുഴുവനുമാണ് അപമാനിക്കുന്നത് എന്ന് മറ്റു കന്യാസ്ത്രീകൾക്കു തോന്നത്തത്. മനസ്സിലാകാത്തത്.
ഒരു കന്യാസ്ത്രിയെ ഒഴിവാക്കാൻ ഇത്രയും നീചമായ മാർഗ്ഗം സ്വീകരിച്ചത് യേശുവിന്റെ പ്രതിപുരുഷൻ എന്നു പറഞ്ഞ് നീണ്ട അങ്കിയും അണിഞ്ഞ് നാടുനീളെ ഈശോമിശിഹായ്ക്കുള്ള സ്തുതിയും ഏറ്റുവാങ്ങി നടക്കുന്ന രൂപം തന്നെയല്ലേ എന്നതാണ് വിശ്വാസികളുടെ സങ്കടം.
കന്യാസ്ത്രീകൾ , കുറച്ചു കൂടെ അന്തസ്സോടെ യേശുവിനെ പിൻതുടരേണ്ടതുണ്ട്. സത്യത്തിൽ അവരാണ് ,യേശു ,കൂനിയൂടെ കൂനു നിവർത്തി അവളെ ആകാശം കാണാൻ കഴിവുള്ളവളാക്കിയതുപോലെ പുരുഷാധികാരത്തിന്റെ ഭാരം കൊണ്ട് കുനിഞ്ഞു പോയ മുഴുവൻ സ്ത്രീകളുടെയും അന്തസ്സ് ഉയർത്തേണ്ട്. എന്തെന്നാൽ അവർ പുരോഹിതരുടെ അടിമകളല്ല;യേശുവിന്റെ മണവാട്ടികളാണ്. അവനോടെപ്പം അന്തസ്സോടെ നടക്കുന്നവരാണ്.
നിർഭാഗ്യവശാൽ കേരളത്തിൽ സഭ അതിന്റെ പുരുഷാധികാരം നിലനിർത്താൻ ഉപയോഗിക്കുന്ന കുറുവടികൾ മാത്രമായി അവർ ചുരുങ്ങി പോകുന്നു.
കന്യാസ്ത്രികൾ നീതിക്കുവേണ്ടി സമരം ചെയ്യുന്ന സമയത്ത് , ഇപ്പോൾ നോർത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്ന എന്റെ ഒരു സഹപ്രവർത്തകയായിരുന്ന ഒരു കന്യാസ്ത്രി എന്നെ കാണാൻ വന്നു.അവർ വന്നതിന്റെ പ്രധാന ഉദ്ദേശം സമരം ചെയ്യുന്ന കന്യാസ്ത്രീകളെ കാണാൻ പോകരുത് എന്നു പറയനാണ്. ഞാൻ പോയിരുന്നു എന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞത് "വേഗം പ്രായശ്ചിത്തം ചെയ്തോ അല്ലെങ്കിൽ അതിന്റെ ശാപം നിനക്കും നിന്റെ മക്കൾക്കും കിട്ടും . പിതാവ് ഒരു പുണ്യവാനാണ് .അവള് ഒരു പെഴ". ഇത്രയും പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു. നാളെ മറ്റെരാൾ സിസ്റ്ററെക്കുറിച്ച് സിസ്റ്റർ ഇപ്പോൾ പറഞ്ഞ വാക്ക് പറഞ്ഞാൽ ഞാൻ എന്തു പറയണം.അവർ ഇനി നേരം കളയാനില്ല എന്ന മട്ടിൽ പെട്ടന്ന് എന്നെ വിട്ടു പോയി. പറഞ്ഞു വന്നത് എങ്ങനെയാണ് കന്യാസ്ത്രികൾക്കിടയിൽ നിന്നു ഉയർന്നു വരുന്ന അഭിമാനബോധത്തെ അവരെക്കൊണ്ടു തന്നെ പുരോഹിതർ തകർത്തു കളയുന്നത് എന്നാണ്.
""മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല
നിയമം മനുഷ്യനു വേണ്ടിയാണ് "യേശുവാണത് പറഞ്ഞത്. യേശുവിന്റെ മണവാട്ടിമാരെങ്കിലും അത് അനുസരിക്കാൻ ബാധ്യസ്ഥരാണ്. നൂറ്റാണ്ടുകൾക്കു മുമ്പു രൂപപ്പെട്ടുത്തിയ ആവൃതി നിയമങ്ങൾ പുതുക്കപ്പെടെണ്ടതുണ്ട് എന്നു തന്നെയാണ് നീതീക്കു വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകൾ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്. പറ്റാത്തവർ വിട്ടു പോകുക എന്നല്ല അതിനുള്ള മറുപടി.അവർ പറയുന്നതിൽ യേശുവിന്റെ നീതിയുണ്ടോ എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. സഭ, വിശ്വാസികളായ അവരെ ചേർത്തു പിടിക്കുകയാണ് വേണ്ടത്. 
നീതിക്കുവേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രികൾക്കൊപ്പം . 
സിസ്റ്റർ ലൂസിക്കൊപ്പം.

No comments:

Post a Comment