Translate

Monday, August 19, 2019

കെസിആർഎം നോർത് അമേരിക്കയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും



ചാക്കോ കളരിക്ക

കെസിആർഎം നോർത് അമേരിക്കയുടെ ദേശീയ സമ്മേളനം ഓഗസ്റ്റ് 10, 2019-ൽ ഷിക്കാഗോയിൽവെച്ച് നടക്കുകയുണ്ടായി. ക്രിസ്ത്യൻ സഭാ നവീകരണപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന അനേകർ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി ആ സമ്മേളനത്തിൽവന്ന് പങ്കെടുത്തു. ആളുകളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ പ്രഭാഷണങ്ങൾകൊണ്ടും ആ സമ്മേളനം വൻ വിജയമായിരുന്നു. രാവിലെ പത്തുമണിക്ക് ആരംഭിച്ച സമ്മേളനത്തിൽ ലൂക്കോസ് പറ്റിയാൽ, എബ്രാഹം നെടുങ്ങാട്ട്, ഡോ. ജയിംസ് കോട്ടൂർ, പീലിക്കുട്ടി (മാത്യു ഫിലിപ്പ്), ജോസഫ് പടന്നമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ജോസ് കല്ലിടുക്കിൽ 'കേരള ക്രൈസ്തവസഭകളുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റ് ബിൽ 2009'-നെ സംബന്ധിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സോവനീർ പ്രസിദ്ധീകരിക്കുകയും ഡോ ജയിംസ് കോട്ടൂർ, ജോർജ് മൂലേച്ചാലിൽ, ആനി ജേക്കബ്, എ സി ജോർജ് എന്നിവർക്ക് പൊന്നാടയും കീർത്തീഫലകവും നൽകി അവരെ ആദരിക്കുകയും ചെയ്തു. ലഞ്ചിനുശേഷം ട്രസ്റ്റ് ബില്ലിനെസംബന്ധിച്ച് സമഗ്രമായ ചർച്ച നടത്തുകയുണ്ടായി. സമ്മേളനത്തെ നയിച്ചത് കെസിആർഎം നോർത് അമേരിക്കയുടെ സെക്രട്ടറി ജയിംസ് കുരീക്കാട്ടിൽ ആയിരുന്നു. സമ്മേളനാദ്ധ്യക്ഷനായിരുന്ന ഞാൻ അവിടെ നടത്തിയ പ്രസംഗത്തിൻറെ പ്രസക്തഭാഗങ്ങളാണ് ചുവടെ കൊടുക്കുന്നത്:

സഭാ നവീകരണ പ്രസ്ഥാനമാകുന്ന ഉരുക്കുചങ്ങലയുടെ ഓരോ കണ്ണികളാണ് നാം ഓരോരുത്തരും. സഭയിലെ കള്ളന്മാർ എന്തുപറഞ്ഞാലും, എന്തുപ്രചരിപ്പിച്ചാലും, നമ്മളാരും സഭാവിരോധികളല്ല; സഭാവിരുദ്ധരല്ല; വിമതരല്ല; സഭയെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരല്ല; സാത്താൻ സേവകരല്ല. സത്യം തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന സഭയിലെ കുറെ നല്ല മനുഷ്യരാണ്, നമ്മൾ. സഭയിലെ കള്ളന്മാരെയും കൊള്ളക്കാരെയും വ്യഭിചാരികളെയും ബാലപീഡകരെയും കന്ന്യാസ്ത്രിപീഡകരെയും പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരുന്ന സകല
വൃത്തികെട്ടവന്മാരുടെയും ദുഷ്പ്രവർത്തികളെ സധൈര്യം മലമുകളിൽ നിന്നുകൊണ്ട് വിളിച്ചുകൂവുന്നവരാണ്, നമ്മൾ. അനീതി പ്രവർത്തിച്ച് യേശുക്രിസ്തുവിനെ വീണ്ടും വീണ്ടും ഒറ്റിക്കൊടുക്കുന്ന ഗൂഢസംഘടനകളായ ക്രിസ്തീയ സഭകളുടെ മേലധികാരത്തെ ദാക്ഷണ്യമില്ലാതെ വിമർശിക്കുന്നവരാണ്, നമ്മൾ. ഒരേ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് പൊരുതുന്നവരുടെ സ്നേഹത്തിൻറെ ഉരുക്കുചങ്ങലയാണ്, നമ്മൾ.

മനുഷ്യരുടെ കൂട്ടക്കുരുതിയ്ക്കും സമൂല നാശത്തിനും ദൈവവും രാജ്യവും, എന്നുവെച്ചാൽ മതവും രാജാക്കന്മാരും അല്ലെങ്കിൽ ചക്രവർത്തിമാരും, തമ്മിൽ കൈകോർത്തുപിടിച്ച കാലത്തിൻറെ ചരിത്രം നാം വായിച്ചിട്ടുണ്ട്. കുരിശുയുദ്ധങ്ങൾ (Crusades) മതവിചാരണകോടതികൾ (Inquisition), മന്ത്രവാദിനിവേട്ട (Witch hunt), സ്വവർഗരതിക്കാർ യഹൂദർ സ്ത്രീകൾ ശാസ്ത്രജ്ഞർ തുടങ്ങിയവരെ പീഡിപ്പിച്ചതെല്ലാം ചരിത്രത്തിൻറെ ഏടുകളിൽ നമുക്ക് വായിക്കാൻ കഴിയും. രാജാക്കന്മാരും ചക്രവർത്തിമാരും ഇന്നില്ല. ജനാധിപത്യഭരണമാണ് ഇന്നു നടക്കുന്നത്. അപ്പോൾ സഭാധികാരികൾ അവരുടെ തന്ത്രം മാറ്റി, രാഷ്ട്രീയക്കാരെയും ധനവാന്മാരെയും കൂട്ടുപിടിക്കാൻ തുടങ്ങി. മതത്തിൻറെ രണ്ട് നെടുംതൂണുകളാണ് ദാരിദ്ര്യവും വിവരമില്ലായ്മയും. ഒരിക്കൽ ഒരു കർദിനാൾ ഒരു രാജാവിനോടു പറഞ്ഞു: "If you keep them poor I will keep them ignorant". കെട്ടുതാലി പറിച്ചുകൊടുത്തും റിട്ടയർമെൻറ് ഫണ്ടിൽനിന്നും ഡോളർ പിൻവലിച്ച് കരിസ്മാറ്റിക് തട്ടിപ്പുകാരുടെ കോട്ടയിൽ നിക്ഷേപിച്ചും തൃപ്തിയടയുന്ന ഭോഷരുടെ എണ്ണം ഇന്നും കുറവല്ല. സമൃദ്ധിയുടെ സുവിശേഷം (Prosperity Gospel) പ്രസംഗിച്ച് പാവപ്പെട്ടവരുടെ കീശ കാലിയാക്കുന്ന മില്യനെയർ പാസ്റ്റർമാരെയും അമേരിക്കയിൽ ജീവിക്കുന്ന നമുക്കറിയാം.

കേരളസഭയിലെ ആനുകാലിക സംഭവങ്ങൾ ഉറച്ച വിശ്വാസികളുടെ വിശ്വാസത്തെപ്പോലും ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നു.

കെസിആർഎം നോർത് അമേരിക്കപോലുള്ള സഭാനവീകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തിയെന്തെന്ന് മേല്പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ നാം മനസ്സിലാക്കണം. രണ്ട് വിഷയങ്ങളാണ് എൻറെ മനസ്സിൽ പൊന്തിവരുന്നത്. ഒന്നാമത്തത്, സഭയിൽ നടക്കുന്ന അനീതിക്കും ചൂഷണത്തിനും എതിരായി സമരം ചെയ്യുക.

രണ്ടാമത്തത്, സുവിശേഷ ദർശനത്തിലേയ്ക്ക് (Gospel vision) സഭയെ നവീകരിക്കുക. സഭാധികാരികളുടെയും സാധാരണ വിശ്വാസികളുടെയും ചിന്താമണ്ഡലങ്ങളിലും പെരുമാറ്റരീതികളിലും കാലോചിതമായ മാറ്റങ്ങൾ സംഭവിക്കണം. എങ്കിലേ ക്രിയാത്മകമായ സഭാനവീകരണം സാധ്യമാകൂ. സഭ പള്ളിക്കെട്ടിടങ്ങളല്ല; മെത്രാന്മാരും അച്ചന്മാരുമല്ല. സഭ ദൈവജനത്തിൻറെ കൂട്ടായ്മയാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ അകാര്യം അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. നവീകരണപ്രസ്ഥാനങ്ങൾ സഭയിലെ അനീതികൾ, ചൂഷണങ്ങൾ, അധികാരികളുടെ ദുഷ്ഭരണം, ലൈംഗിക അരാജകത്വം, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയ സഭാരോഗങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നത് തോൽവിക്കുള്ള സമവാക്യം മാത്രമാകും. അ പ്പോൾ സഭാനവീകരണ പ്രസ്ഥാനങ്ങൾ സുവിശേഷ ദർശനത്തിനാണ് ഊന്നൽ നൽകേണ്ടത്. പന്തക്കുസ്തായ്ക്കുശേഷമുള്ള ആദിമസഭയിലും മതനിന്ദ, കാപട്യം, എതിർപ്പ്, അധാർമികത എല്ലാം ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ സഭ അന്നും കലങ്ങിയതായിരുന്നു. എന്നാൽ ആദിമസഭയുടെ നാരായവേര് യേശുപഠനങ്ങളായിരുന്നു. സഭാനവീകരണ പ്രസ്ഥാനക്കാരുടെ പ്രവർത്തനത്തിൻറെ നാരായവേരും യേശുപഠനങ്ങൾ ആയിരിക്കണം. യഹൂദ പൗരോഹിത്യത്തിൻറെ കപട നേതൃത്വത്തെ വിറപ്പിച്ച, പ്രാവുകച്ചവടക്കാരെയും നാണയ മാറ്റക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ചോടിച്ച് കൊള്ളക്കാരുടെ ഗുഹയിൽനിന്നും പ്രാർത്ഥനാലയത്തെ ശുദ്ധമാക്കിയ യേശുവായിരിക്കണം നമ്മുടെ വഴികാട്ടി. യേശുവിലൂടെ ആയിരിക്കണം വിജയത്തിൻറെ കോടി പാറേണ്ടത്.

തട്ടുങ്കൽ, ഫ്രാങ്കോ, എഡ്‌വിൻ, റോബിൻ, കൊക്കൻ, സോണി, തെക്കേമുറി, പീലിയാനിക്കൽ, ജോസഫ് പാംപ്ലാനി, മാർ ആലഞ്ചേരി തുടങ്ങിയവർ ദൈവജനത്തിൻറെ വിശ്വാസത്തെ തകർത്തവരാണ്; സഭയെ നാറ്റിച്ചവരാണ്. രണ്ട് സുരക്ഷാ പോലീസ് ഓഫീസർമാരുടെ അകമ്പടിയോടെ സഭാതലവൻ ദിവ്യബലി അർപ്പിക്കാൻ ഹ്യൂസ്റ്റനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സജ്ജമാക്കിയ അൾത്താരയിലേയ്ക്ക് നടന്നുപോകുന്നതുകണ്ടപ്പോൾ എനിക്ക് ആദ്യം ആശ്ചര്യവും പിന്നീട് ലജ്ജയും തോന്നി. സീറോ മലബാർ സഭ ഇനി എന്ത് നാറാനിരിക്കുന്നു? വഞ്ചിസ്‌ക്വയറിൽ സത്യാഗ്രഹമിരുന്ന കുറവിലങ്ങാട്ടെ കന്ന്യാസ്ത്രീകൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച ലൂസി കളപ്പുര സിസ്റ്ററിന് കഴിഞ്ഞദിവസം പുറത്താക്കൽ
നോട്ടീസുലഭിച്ച വിവരം നമുക്കെല്ലാവർക്കുമറിയാം. കൊലക്കേസിൽ പ്രതിയായ സ്റ്റെഫിയെയും റോബിൻ കേസിൽ കള്ളത്തരം കാണിച്ച സിസ്റ്റർമാരെയും തേരകത്തച്ചനെയും സഭ സംരക്ഷിക്കുന്നു. സിസ്റ്റർ ലൂസിയുടെ പേരിൽ ക്രിമിനൽ കേസില്ല. പല വൈദികർക്കെതിരേയും ക്രിമിനൽ കേസുണ്ട്. മാർ ആലഞ്ചേരിയുടെ പേരിലും ക്രിമിനൽ കേസുണ്ട്. അവരെയെല്ലാം സഭ സംരക്ഷിക്കുന്നു. ഇത്തരം ചിറ്റമ്മനയം കാണുമ്പോൾ മനഃസാക്ഷിയുള്ള ഒരു ക്രിസ്ത്യാനി എങ്ങനെ പ്രതികരിക്കാതിരിക്കും? പകൽ വെളിച്ചംപോലെ വ്യക്തമായ അനീതികൾക്കെതിരായി നവീകരണപ്രസ്ഥാനക്കാർ പ്രതികരിച്ചേ മതിയാകൂ.

സമ്പത്തിൻറെ കുത്തൊഴുക്കാണ് ഇതിനെല്ലാം കാരണം. ഉദയമ്പേരൂർ സൂനഹദോസിൽവെച്ച് മെനേസിസ് മെത്രാപ്പോലീത്ത മാർതോമാ ക്രിസ്ത്യാനികളുടെ ജനാധിപത്യ പള്ളിഭരണ സമ്പ്രദായത്തെ പിടിച്ചെടുക്കാൻ ശ്രമിച്ചു. പിന്നീട് ഫ്രാൻസിസ് റോസ് മെത്രാനും നൂറ്റാണ്ടുകൾക്കുശേഷം നാട്ടുമെത്രാനായ മാക്കീൽ മത്തായി മെത്രാനുമെല്ലാം പള്ളിഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നമ്മുടെ പൂർവീകർ അതിന് സമ്മതിച്ചില്ല. എന്നാൽ ഈ അടുത്തകാലത്ത് പൗരസ്ത്യ കാനോൻ നിയമം നടപ്പിലാക്കി പള്ളിസ്വത്തുക്കൾ മെത്രാന്മാർ പിടിച്ചെടുത്തപ്പോൾ പ്രതികരണശക്തി നഷ്ടപ്പെട്ട ജനം മൗനം പാലിക്കുകയാണ് ചെയ്തത്. ഏതാനും ചില മെത്രാന്മാരുടെ ആഗ്രഹപ്രകാരം കൽദായ ആരാധനക്രമവും, മാർതോമ കുരിശുഉം സഭയിൽ നടപ്പിലാക്കിയപ്പോഴും ദൈവജനം മൗനികളായി. ഈ സാഹചര്യത്തിൽ, കെസിആർഎം നോർത് അമേരിക്കപോലുള്ള സംഘടനകൾ സഭയിലെ തിരുത്തൽ ശക്തികളായി മാറണം. പള്ളികളുടെ സാമ്പത്തികഭരണം സുതാര്യമാക്കാൻ സർക്കാർ നിയമം ഉണ്ടാക്കണം. അത് നേടിയെടുക്കാൻ നാം കൂട്ടത്തോടെ പരിശ്രമിക്കണം.

ഇന്ന് മനുഷ്യർ വിദ്യാസമ്പന്നരാണ്. അവരിൽ ശാസ്ത്രബോധം വർദ്ധിക്കുന്നു. സ്വതന്ത്രചിന്തകരുടെ എണ്ണം അനുദിനം പെരുകുന്നു. സഭാധികാരമാകുന്ന വളരെ ചെറിയ ഒരു സംഘമാണ് വിശ്വാസികളെ മുഴുവൻ നിയന്ത്രിക്കുന്നതെന്ന തിരിച്ചറിവ് സാധാരണക്കാർപോലും മനസ്സിലാക്കിത്തുടങ്ങി. എങ്കിലും സമർത്ഥരായ ആളുകൾ എന്തുകൊണ്ട് മണ്ടത്തരങ്ങളിൽ വിശ്വസിക്കുന്നു എന്ന ചോദ്യം എന്നെ എപ്പോഴും അലട്ടാറുണ്ട്.

സഭയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ സഭാമക്കളെ ബോധവൽക്കരിക്കണം. പുണ്യവാന്മാരുടെയും പുണ്യവതികളുടെയും തിരുനാളാഘോഷങ്ങളോ വായാടിവൈദികരുടെ ധ്യാനപ്രസംഗങ്ങളോ അല്ലാ നിത്യരക്ഷയുടെ വഴി. ആ വഴി മിശിഹാനുകരണമാണെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തണം. ഒരു ക്രിസ്തീയ സംഘടനയായ കെസിആർഎം നോർത് അമേരിക്കയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരിക്കണമത്. നമുക്ക് വായുണ്ട്; പക്ഷെ നമ്മൾ ശബ്ദിക്കാറില്ല. നമുക്ക് തൂലികയുണ്ട്; പക്ഷെ നമ്മൾ എഴുതാറില്ല. എന്നാൽ നാം ശബ്‌ദിക്കണം; നാം എഴുതണം. സഭയിൽ നടക്കുന്ന അനീതികളെപ്പറ്റിയും ക്രിസ്താനുകരണത്തെപ്പറ്റിയും പാടിനടക്കുന്ന പാണന്മാരാകണം നാമിന്ന്. സുവിശേഷ ജീവിതം നയിക്കാൻ പള്ളി തടസ്സമാകാൻ പാടില്ല. അതുകൊണ്ടു അവസാനംവരെ നാം ഈ കള്ളനാണയങ്ങളോട് പൊരുതണം.

ഇന്നിവിടെ ഷിക്കാഗോയിൽ ഈ സംഗമം സംഘടിപ്പിക്കാൻ ആത്മാർത്ഥമായി സഹകരിച്ച നിങ്ങൾ എല്ലാവർക്കും സംഘടനയുടെ പ്രസിഡണ്ട് എന്ന നിലയ്ക്ക് നന്ദി രേഖപ്പെടുത്തികൊണ്ടും ഈ സംഘടന നമ്മുടെ പൊതു ആവശ്യമാണ് എന്ന ധാരണയോടെ ഭാവിയിലും നിങ്ങൾ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. നന്ദി. നമസ്കാരം.





No comments:

Post a Comment